ഉന്നത വിദ്യാഭ്യാസ സർവേ പുറത്തുവിട്ട തിക്ത സത്യം

പതിനേഴ് സംവത്സരങ്ങൾക്കു മുമ്പാണ് മൻമോഹൻ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലിരിക്കെ പിന്നിട്ട അര നൂറ്റാണ്ടുകാലത്തെ മുസ്‍ലിം സ്ഥിതി പഠിച്ച് സമ്പൂർണ റിപ്പോർട്ട് സമർപ്പിക്കാൻ മുൻ ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് രജീന്ദർ സച്ചാർ അധ്യക്ഷനായി ഏഴംഗ സമിതിയെ ചുമതലപ്പെടുത്തിയത്. ശ്രമകരമായ ആ ദൗത്യം പരമാവധി സമഗ്രമായും സൂക്ഷ്മമായും പഠിച്ച് സച്ചാർ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് രണ്ടു വർഷത്തെ കാത്തിരിപ്പിനുശേഷം പാർലമെന്റിന്റെ മുമ്പാകെ വരുകയും ചെയ്തു. അതിലേറ്റവും ഗുരുതരമായ പ്രശ്നമായി വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയത് വിദ്യാഭ്യാസരംഗത്ത് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥയാണ്.

മൊത്തം ജനസംഖ്യയിൽ 14 ശതമാനത്തിലധികം വരുന്ന 20 കോടിയുള്ള ഒരു സമുദായം ദേശീയ ജീവിതത്തിന്റെ മുഖ്യധാരയിൽനിന്ന് പുറന്തള്ളപ്പെടാനുള്ള കാരണങ്ങളിൽ മുഖ്യമായത് സാക്ഷരതയിലും പ്രാഥമിക വിദ്യാഭ്യാസത്തിലും അതിലുപരി ഉന്നത വിദ്യാഭ്യാസത്തിലും നിലനിന്ന അധഃസ്ഥിതിയാണെന്ന് സച്ചാർ സമിതി സ്ഥിതിവിവരക്കണക്കുകൾ ഉദ്ധരിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് വെറും നാലു ശതമാനമായിരുന്നു മുസ്‍ലിം പ്രാതിനിധ്യം! സാങ്കേതികവിദ്യയിലാകട്ടെ, ഒരു ശതമാനത്തിൽ താഴെയും. യു.പി ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും പട്ടികജാതി-പട്ടികവർഗങ്ങളേക്കാൾ താഴെയാണ് മുസ്‍ലിംകളുടെ സ്ഥാനമെന്നും റിപ്പോർട്ട് വെളിപ്പെടുത്തി. വിദ്യാഭ്യാസം ഉൾപ്പെടെയുള്ള രംഗങ്ങളിൽ ഈ ദൈന്യാവസ്ഥ ക്രമേണയെങ്കിലും മാറ്റിയെടുക്കാനുള്ള ശിപാർശകളും നിർദേശങ്ങളും സച്ചാർ റിപ്പോർട്ട് മുന്നോട്ടുവെക്കുകയുണ്ടായി. അതിൽ മിക്കതും കേന്ദ്ര സർക്കാറോ സംസ്ഥാന സർക്കാറുകളോ നടപ്പാക്കിയില്ലെങ്കിലും മൗലാന ആസാദ് ഫെലോഷിപ് പോലുള്ള ചില പരിപാടികൾ മൻമോഹൻ സിങ് സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ, സച്ചാർ കമ്മിറ്റി റിപ്പോർട്ട് പാടെ തള്ളിക്കളഞ്ഞ ബി.ജെ.പി അധികാരത്തിലേറിയതിൽപിന്നെ മുസ്‍ലിംകൾ വിദ്യാഭ്യാസപരമായി എവിടെ എത്തിനിൽക്കുന്നു എന്നാണ് ഇപ്പോൾ അഖിലേന്ത്യ ഉന്നത വിദ്യാഭ്യാസ സർവേ വിവരങ്ങൾ അനാവരണം ചെയ്തിരിക്കുന്നത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം 2020-21 വർഷത്തിൽ നടത്തപ്പെട്ട സർവേ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവേശിക്കുന്ന മുസ്‍ലിം വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരിക്കുന്നു എന്നാണ് റിപ്പോർട്ട് കണ്ടെത്തിയിരിക്കുന്നത്. 2019-20 വർഷത്തെ അപേക്ഷിച്ച് 20-21ൽ പട്ടികജാതി 4.2, പട്ടികവർഗം 11.9 ശതമാനം എന്ന തോതിൽ വർധന കാണിച്ചപ്പോൾ മുസ്‍ലിം വിദ്യാർഥികളുടെ എണ്ണം എട്ടു ശതമാനം കുറവാണ്. 21 ലക്ഷത്തിൽനിന്ന് 19.2 ലക്ഷമായി കുറഞ്ഞു മുസ്‍ലിം വിദ്യാർഥികൾ. ഉന്നത വിദ്യാഭ്യാസ രംഗത്തെ ആകെ മുസ്‍ലിം പ്രാതിനിധ്യം 4.6 ശതമാനം മാത്രമാണെന്നും ഔദ്യോഗികമായിത്തന്നെ സ്ഥിരീകരിച്ചിരിക്കുന്നു. എന്നുവെച്ചാൽ 17 വർഷങ്ങൾക്കുമുമ്പ് സച്ചാർ സമിതി കണ്ടെത്തിയ നാലു ശതമാനത്തേക്കാൾ വെറും 0.6 ശതമാനത്തിന്റെ വർധന. 20-21 വർഷത്തെ കുറവിന്റെ കാരണങ്ങളിൽ കോവിഡ് വ്യാപനത്തെയും സർവേ സംഘം എണ്ണിയിട്ടുണ്ടെങ്കിലും കോവിഡ് മുസ്‍ലിം വിദ്യാർഥികളുടെ പഠനത്തെ മാത്രം എങ്ങനെ ബാധിച്ചു എന്ന ചോദ്യം പ്രസക്തമാണ്.

എന്നാൽ, സമുദായത്തിന്റെ സാമ്പത്തിക ദുരവസ്ഥ തന്നെയാണ് യഥാർഥ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടാതിരുന്നിട്ടില്ല. അതാണ് പ്രസക്തമായ പ്രശ്നവും. ന്യൂനപക്ഷ സമുദായത്തെ മൊത്തം രാജ്യക്കൂറില്ലാത്തവരും തീവ്രവാദികളും പൗരത്വത്തിന് അനർഹരുമായി പ്രഖ്യാപിച്ചുകൊണ്ട് തീവ്രഹിന്ദുത്വ ശക്തികളും അവർ നയിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളും തദനുസൃതമായ പ്രതികാരനടപടികൾ ജീവിതത്തിന്റെ സകല തുറകളിലും ആസൂത്രിതമായി നടപ്പാക്കിക്കൊണ്ടിരിക്കെ റിപ്പോർട്ടിൽ വെളിപ്പെടുത്തിയപോലെ യു.പി, ബിഹാർ, ഹരിയാന, മഹാരാഷ്ട്ര, ഡൽഹി മുതലായ സംസ്ഥാനങ്ങളിൽ മുഖ്യ ജീവിതധാരയിൽനിന്ന് മുസ്‍ലിംകൾ പുറന്തള്ളപ്പെടുക സ്വാഭാവികമല്ലേ? യോഗി ആദിത്യനാഥിന്റെ യു.പിയിൽ 36 ശതമാനമാണ് ഡിഗ്രി വിദ്യാഭ്യാസത്തിലേക്ക് കാലുകുത്താൻ കഴിയാതെപോയ മുസ്‍ലിം വിദ്യാർഥികൾ. കേന്ദ്രം സംസ്ഥാന പദവിപോലും റദ്ദാക്കി നേരിട്ടെടുത്ത മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ ജമ്മു-കശ്മീരിൽ 26 ശതമാനം കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസമേഖല നിഷേധിക്കപ്പെട്ടിരിക്കുന്നു എന്ന ഞെട്ടിക്കുന്ന സത്യവുമുണ്ട് ഔദ്യോഗിക സർവേയിൽ. കർണാടകയിലെ ഒടുവിലത്തെ തെരഞ്ഞെടുപ്പിൽ നാലു ശതമാനം മുസ്‍ലിം സംവരണം എടുത്തുകളഞ്ഞതിന്റെ ബലത്തിലായിരുന്നല്ലോ ബി.ജെ.പി വിജയപ്രതീക്ഷ വെച്ചുപുലർത്തിയത്! അതേസമയം, സംസ്ഥാന പിറവി മുതൽ ഇന്നുവരെ മതേതരമുന്നണികൾ മാത്രം ഭരിച്ച കേരളത്തിൽ 43 ശതമാനം മുസ്‍ലിം വിദ്യാർഥികളും ഉന്നത വിദ്യാഭ്യാസ രംഗത്തെത്തുന്നു എന്ന വസ്തുതയുമുണ്ട് സർവേ റിപ്പോർട്ടിൽ. നേരത്തേ സച്ചാർ സമിതിയും വെളിപ്പെടുത്തിയ കാര്യംതന്നെയാണിത്. ആൺകുട്ടികളെക്കാൾ പെൺകുട്ടികളാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് മുൻപന്തിയിൽ എന്നും സർവേയിലുണ്ട്.

ഇരുട്ടിനെ പഴിച്ചു നേരംകളയാതെ വെളിച്ചത്തിന്റെ തിരിയെങ്കിലും കൊളുത്തി നാളെയിലേക്ക് നടക്കാൻ വിധിക്കപ്പെട്ട ന്യൂനപക്ഷ സമുദായത്തിന്റെ മുന്നിൽ ഒരേയൊരു മാർഗമേ അവശേഷിക്കുന്നുള്ളൂ. രാജ്യത്ത് മതനിരപേക്ഷ ജനാധിപത്യ ഭരണക്രമം പുനഃസ്ഥാപിക്കാനുള്ള യത്നത്തിൽ പങ്കാളികളാവുന്നതോടൊപ്പം സ്വന്തം കാലിൽനിന്ന് അതിജീവനശേഷി കൈവരിക്കാനുള്ള പോരാട്ടവീര്യം സ്വായത്തമാക്കുക. ഒരു സമൂഹത്തിന്റെയും ഭാഗധേയം ദൈവം മാറ്റാൻ പോവുന്നില്ല, അവർ സ്വയം മാറ്റത്തിന് സന്നദ്ധരാകാത്തിടത്തോളം കാലം എന്ന പരമസത്യം മറക്കാതിരിക്കുക.

Tags:    
News Summary - Madhyamam editorial on minority education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.