ഈ യജ്ഞമെങ്കിലും സഫലമായെങ്കിൽ

വില്ലേജ് ഓഫിസ് തലം വരെയുള്ള സർക്കാർ ഓഫിസുകളിൽ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ 'ഓൺലൈൻ പ്രസംഗം' നമ്മുടെ ബ്യൂറോക്രസിയിൽ നടമാടുന്ന അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയ പക്ഷപാതിത്വവുമെല്ലാം തുറന്നുകാണിക്കുന്നുണ്ട്. സെക്രട്ടേറിയറ്റിൽ മാത്രം മൂന്നു ലക്ഷത്തിലധികം ഫയലുകൾ കെട്ടിക്കിടക്കുന്ന സാഹചര്യമാണ് മൂന്നര മാസത്തെ അടിയന്തര 'യജ്ഞ'ത്തിന് സർക്കാറിനെ നിർബന്ധിതരാക്കിയത്. മാസത്തിൽ ഒരു അവധി ദിവസം ഫയൽ തീർപ്പാക്കലിനുവേണ്ടി മാറ്റിവെക്കുന്നതുപോലും സർക്കാറിന്റെ പരിഗണനാവിഷയമായി മാറിയിരിക്കുന്നത്രയും ഗുരുതരമാണ് കാര്യങ്ങൾ. ചുവപ്പുനാടക്കുള്ളിൽ അത്രയധികം ഫയലുകൾ കുമിഞ്ഞുകൂടി കിടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കേവല യജ്ഞത്തിനപ്പുറം, അത്തരമൊരു ദൗത്യത്തിന് ഉദ്യോഗസ്ഥരെ സജ്ജരാക്കുക എന്ന ലക്ഷ്യംകൂടി മുൻനിർത്തിയായിരുന്നു മുഖ്യമന്ത്രിയുടെ സംസാരമെന്ന് വ്യക്തം. യജ്ഞത്തിൽ വീഴ്ചവരുത്തുന്നതും ഫയലുകൾ താ മസിപ്പിക്കുന്നതുമെല്ലാം അഴിമതിയുടെ ഗണത്തിൽപെടുമെന്ന് അദ്ദേഹം ഓർമപ്പെടുത്തി. സർക്കാർ സേവനങ്ങൾക്ക് വില നിശ്ചയിക്കുന്ന ബ്യൂറോക്രസിയുടെ കെട്ട ഏർപ്പാടിനെയും നിശിതമായി വിമർശിച്ചു. ഫയലുകൾ തീർപ്പാക്കുന്നതിൽ വീഴ്ചവരുത്തുന്നത് അഴിമതിയായി വിശേഷിപ്പിക്കപ്പെട്ട സാഹചര്യത്തിൽ, ഈ വിമർശനത്തെ ജീവനക്കാർക്കുള്ള കൃത്യമായൊരു മുന്നറിയിപ്പായിത്തന്നെ കാണണം.

സർക്കാർ നയപരിപാടികൾ ജനങ്ങളിലേക്കെത്തിക്കുന്നതിൽ ജീവനക്കാരുടെ പങ്ക് വലുതാണെന്നിരിക്കെ, പൊതുസേവനത്തിൽ അഴിമതി തുടച്ചുനീക്കാൻകൂടിയുള്ള യജ്ഞമായി ഇപ്പോഴത്തെ ഫയൽ തീർപ്പാക്കൽ പരിപാടിയെ വിലയിരുത്താവുന്നതാണ്. ആ അർഥത്തിൽ സർക്കാറിന്റെ ഈ ഉദ്യമം സർവാത്മനാ സ്വാഗതം ചെയ്യപ്പെടേണ്ടതുമാണ്. സാങ്കേതിക കാരണങ്ങൾ നിരത്തി ഫയലുകൾ താഴേക്കും മുകളിലേക്കും തട്ടിക്കളിക്കരുത് എന്നു മാത്രമല്ല മുഖ്യമന്ത്രിയുടെ നിർദേശം; മൂന്നു മാസത്തിനപ്പുറം ഇനിയൊരു യജ്ഞം ആവശ്യമായി വരരുത് എന്നുകൂടിയാണ്. മുൻ അനുഭവംകൂടിയായിരിക്കാം ഇങ്ങനെ പറയാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. ആറു വർഷം മുമ്പ്, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ 14ാം നാൾ അദ്ദേഹം സെക്രട്ടേറിയറ്റ് ജീവനക്കാരെ ആദ്യമായി അഭിസംബോധന ചെയ്തപ്പോഴും മേൽസൂചിപ്പിച്ച കാര്യങ്ങളൊക്കെത്തന്നെയായിരുന്നു മുഖ്യമായും ഉന്നയിച്ചത്. ''നിങ്ങളുടെ മുന്നിൽ വരുന്ന ഓരോ ഫയലിലും ഓരോ ജീവിതമുണ്ട്; നിങ്ങൾ അതിലെഴുതുന്ന കുറിപ്പുകളാണ് ഒരുപക്ഷേ, അവരിൽ ചിലരെങ്കിലും തുടർന്ന് ജീവിക്കണോ മരിക്കണോ എന്നുപോലും നിശ്ചയിക്കപ്പെടുന്നത്'' -ഹൃദയഹാരിയായ ആ വാചകം ഇടതുസർക്കാറിന്റെ ഭരണനിർവഹണത്തോടുള്ള സമീപനമായിത്തന്നെ വിലയിരുത്തപ്പെട്ടു. സർക്കാറിന്റെ മുന്നിലെത്തുന്ന എല്ലാ പരാതികളും 30 ദിവസത്തിനകം പരിഹരിക്കുമെന്നും മുഖ്യമന്ത്രി അന്നവിടെ പ്രഖ്യാപിച്ചു. നിർഭാഗ്യവശാൽ, പ്രഖ്യാപനങ്ങളത്രയും കടലാസിലൊതുങ്ങി; യാതൊരു കുലുക്കവുമില്ലാതെ 'സർക്കാർ മുറ'യിൽതന്നെ ഭരണസിരാകേന്ദ്രം മുതൽ വില്ലേജ് ഓഫിസ് വരെയുള്ള സർക്കാർ കാര്യാലയങ്ങൾ മുന്നോട്ടുപോയി.

ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത്, 2019 ആഗസ്റ്റ് മുതൽ ഒക്ടോബർ വരെ സമാനമായ രീതിയിൽ ഫയൽ തീർപ്പാക്കൽ യജ്ഞം നടന്നിരുന്നു. പ്രസ്തുത പരിപാടിക്കുശേഷം മുഖ്യമന്ത്രിതന്നെ നിയമസഭയിൽ അവതരിപ്പിച്ച കണക്കനുസരിച്ച്, ആ യജ്ഞം പരാജയപ്പെട്ടുവെന്ന് പറയേണ്ടിവരും. ഏതാണ്ട് 44 വകുപ്പുകളിലായി രണ്ടു ലക്ഷത്തിൽപരം ഫയലുകളാണ് തീർപ്പാക്കാനുണ്ടായിരുന്നത്. അതിനുപുറമെ, ഓരോ മാസവും ശരാശരി കാൽലക്ഷത്തോളം പുതിയ ഫയലുകളും വരും. അതിൽ യജ്ഞകാലത്ത് തീർപ്പാക്കിയത് 91,047 ഫയലുകളാണ് -44.8 ശതമാനം! തദ്ദേശ സ്വയംഭരണ വകുപ്പിൽ കെട്ടിക്കിടന്ന കാൽലക്ഷത്തോളം ഫയലുകളിൽ അഞ്ചിലൊന്നുപോലും തീർപ്പാക്കാൻ ഈ കാലത്ത് സാധിച്ചില്ല. ഒരു വകുപ്പിനുപോലും പകുതി ലക്ഷ്യമെങ്കിലും പൂർത്തിയാക്കാനായതുമില്ല. പാളിപ്പോയ ആ യജ്ഞത്തിന് തുടർച്ചയുണ്ടാകുമെന്ന് കരുതിയിരുന്നപ്പോഴാണ് കോവിഡും ലോക്ഡൗണുമെല്ലാം വിഷയം പിന്നെയും സങ്കീർണമാക്കിയത്. ഈ ഘട്ടത്തിൽ, മുൻ മാതൃകയിലൊരു യജ്ഞം മതിയാകില്ലെന്ന് ഭരണനേതൃത്വത്തിന് കൃത്യമായറിയാം. അതുകൊണ്ടായിരിക്കാം അൽപം കണിശമായ ഭാഷയിൽതന്നെ മുഖ്യമന്ത്രി കാര്യങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞത്. ഒരർഥത്തിൽ, ജനങ്ങളുടെ പൊതുവികാരമാണ് മുഖ്യമന്ത്രി അവിടെ പങ്കുവെച്ചതെന്നും പറയാം. പൊതുഖജനാവിൽനിന്ന് ശമ്പളം പറ്റുന്ന 'ജനസേവകന്മാരി'ൽ വലിയൊരു പങ്കും സ്വന്തം ഉത്തരവാദിത്തം നിർവഹിക്കുന്നില്ലെന്നത് പൊതുജനങ്ങളുടെ അനുഭവംതന്നെയാണ്; ചെയ്യുന്ന പണിക്ക് കൈക്കൂലി വാങ്ങുന്നതും സർക്കാർ കാര്യാലയങ്ങളിൽ നിത്യസംഭവമാണ്. എല്ലാവരും അങ്ങനെയാണെന്നല്ല. അവഗണിക്കാനാവാത്തവിധം ഭൂരിപക്ഷവും ബ്യൂറോക്രസിയിലെ പുഴുക്കുത്തുകൾതന്നെയാണ്. ഒരു ഫയലിന്മേൽ എങ്ങനെ തീർപ്പാക്കാമെന്നല്ല; മറിച്ച്, അത് എങ്ങനെയെല്ലാം അട്ടിമറിക്കാമെന്നാണ് ഇക്കൂട്ടരുടെ ആലോചന. ഈ സമീപനമാണ് വാസ്തവത്തിൽ മാറേണ്ടത്. അപ്പോഴേ, ഫയലുകൾ ചുവപ്പുനാടയിൽനിന്ന് മോചിപ്പിക്കപ്പെടൂ. ഒപ്പം, ഇ-ഗവേണൻസിന്റെയും മറ്റും സാധ്യതകൾ ഉപയോഗപ്പെടുത്തി ഫയൽ തീർപ്പാക്കൽ കൂടുതൽ എളുപ്പത്തിലാക്കാൻ കഴിയുമോ എന്നും ആലോചിക്കേണ്ടതുണ്ട്. സർക്കാറിന്റെ മുന്നിലുള്ള ലക്ഷ്യം ഭാരിച്ചതാണ്; എന്നാൽ, അസാധ്യമല്ലതാനും. മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ പ്രകടമായ ആവേശവും ഇച്ഛാശക്തിയും സർക്കാറിന്റെ പ്രവർത്തനത്തിലും ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിലും വേണമെന്നു മാത്രം. മുൻ യജ്ഞത്തിൽനിന്ന് വിഭിന്നമായി ഇക്കുറി ഫയൽ തീർപ്പാക്കൽ ലക്ഷ്യത്തിലെത്തിയാൽ ഈ സർക്കാറിനെ പ്രിയങ്കരമാക്കാൻ അതുതന്നെ ധാരാളം.

Tags:    
News Summary - Madhyamam Editorial 2022 june 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.