പ്രധാനമന്ത്രിയും പ്രതിപക്ഷവുമില്ലാത്ത പാർലമെന്റ്

നമുക്കെന്തിനാണ് പാർലമെന്‍റ് എന്ന ചോദ്യം കുറച്ചുവർഷങ്ങളായി ധാരാളമായി ഉയർന്നുകേൾക്കാറുണ്ട്. പാർലമെന്‍റിനെക്കുറിച്ച് പറയാറുള്ള ജനാധിപത്യത്തിന്‍റെ ശ്രീകോവിൽ, ഇഴകീറിപ്പരിശോധിച്ചും പൂർണാർഥത്തിൽ സംവദിച്ചും നിയമനിർമാണം നിർവഹിക്കപ്പെടുന്ന പരിശുദ്ധ ഗേഹം തുടങ്ങിയ വിശേഷണങ്ങൾ അപഹാസ്യകരമായി മാറിയിരിക്കുന്നു. ബില്ലുകൾ തയാറാക്കുമ്പോൾ അവയുടെ ഭരണഘടനാ സാധുത പരിശോധിക്കാൻ സഭകൾ തയാറായാൽ സുപ്രീംകോടതിക്ക് നല്ല ആശ്വാസം ലഭിക്കുമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ അഭിപ്രായപ്രകടനത്തിലുണ്ട് നിലവിലെ സഭകളുടെ മൂല്യച്യുതിയുടെ ആഴം. അവ പരിഹരിക്കാനുള്ള ആത്മാർഥവും ബോധപൂർവവുമായ പരിശ്രമത്തിന് നേതൃത്വം നൽകേണ്ട പ്രധാനമന്ത്രിയും സഭാധ്യക്ഷരും രണ്ടു സഭകളിലും നിർവഹിക്കുന്നത് അവയെ കൂടുതൽ വഷളാക്കാനുള്ള നീക്കങ്ങളാണ്. വിയോജിപ്പിന്‍റെയും പ്രതിഷേധത്തിന്‍റെയും ഒരു സ്വരവും ഉയരേണ്ടതില്ലെന്ന ഭരണകൂട തീരുമാനമാണ് വർഷകാല പാർലമെന്‍റിന്‍റെ തുടക്കം മുതൽ കാണാനാവുന്നത്. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനും പ്ലക്കാർഡ് ഉയർത്തിയതിനും ലോക്സഭയിൽനിന്നും രാജ്യസഭയിൽനിന്നുമായി 25 എം.പിമാരെയാണ് സഭാധ്യക്ഷന്മാർ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ആ നടപടി ഇനിയും തുടരാനാണ് സാധ്യത.

സഭകളുടെ സുഗമമായ പ്രവർത്തനവും കീഴ്വഴക്കങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള ചുമതലയും നിക്ഷിപ്തമായിരിക്കുന്നത് ലോക്സഭ സ്പീക്കറിലും രാജ്യസഭ ചെയർമാനിലുമാണ്. സമ്മേളനങ്ങളുടെ തുടക്കത്തിൽ രാജ്യത്ത് നിലനിൽക്കുന്ന സമകാലിക പ്രശ്നങ്ങൾ മുൻനിർത്തി ചട്ടപ്രകാരമുള്ള നടപടികൾ നിർത്തിവെച്ച് നടത്തുന്ന അടിയന്തര പ്രമേയാവതരണം സ്ഥിരമായി അരങ്ങേറുന്നതാണ്. ഇത്തരം ഇടപെടലുകളാണ് പ്രധാനപ്പെട്ട പല വിഷ‍യങ്ങളും അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും ചിലപ്പോൾ ഭരണകൂടങ്ങളെ അധികാരത്തിൽനിന്ന് നിഷ്കാസിതരാകാനും ഇടവരുത്തിയിട്ടുള്ളത്. രാജ്യത്തെ പൊറുതിമുട്ടിക്കുന്ന വിലക്കയറ്റം അടിയന്തരമായി ചർച്ചചെയ്യണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞദിവസം പ്രതിപക്ഷം സഭക്കകത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനേക്കാൾ കടുത്ത പ്രക്ഷുബ്ധരംഗങ്ങൾ അരങ്ങേറിയ ഘട്ടത്തിലും അംഗങ്ങളെ സഭയിൽനിന്ന് പുറത്താക്കുന്ന പ്രവണത അപൂർവമായിരുന്നു. എന്നാൽ, ഇപ്പോഴത് സർവസാധാരണമായിരിക്കുന്നു. 2019നുശേഷം ചുരുങ്ങിയത് ആറു സമ്മേളനങ്ങളിൽ പ്രതിപക്ഷ എം.പിമാർ സസ്പെൻഷന് വിധേയമായിട്ടുണ്ട്. സഭയിൽ പ്രതിപക്ഷം ആവശ്യമില്ലെന്നും നിയമനിർമാണങ്ങളിൽ ചർച്ച അനാവശ്യമാണെന്നും വിശ്വസിക്കുന്ന അധികാരവൃത്തത്തിന്‍റെ ഭരണക്രമത്തിലാണ് രാജ്യമുള്ളത് എന്ന് ഈ പുറത്താക്കലുകൾ അടിവരയിടുന്നു. അതുകൊണ്ടാണ് സഭകളെ ഇതുവരെ വിശേഷിപ്പിച്ച വിശുദ്ധ പദങ്ങൾ അർഥരഹിതമായി എന്ന് പറയേണ്ടിവരുന്നത്.

അംഗങ്ങളെയും പ്രതിപക്ഷ പാർട്ടികളെയും സമഭാവനയോടെ പരിഗണിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന എല്ലാ കീഴ്വഴക്കങ്ങളോടും പുച്ഛത്തോടെ സമീപിക്കുന്ന പ്രവണത സഭയിൽ നാൾക്കുനാൾ അധികരിച്ചുവരുകയാണ്. സഭ ആരംഭിക്കുന്നതിനു മുമ്പുള്ള സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രിമാർ മുൻകാലങ്ങളിൽ നിഷ്കർഷയോടെ പങ്കെടുക്കുമായിരുന്നു. പ്രതിപക്ഷത്തിന്‍റെ ആവശ്യങ്ങൾ കേൾക്കുകയും സഭാനടപടികൾ ക്രിയാത്മകമാക്കാൻ പ്രധാനമന്ത്രിതന്നെ നേരിട്ട് ഇടപെടുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തവണത്തെ സർവകക്ഷിയോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി സന്നദ്ധനായില്ല. കഴിഞ്ഞ തവണ പേരിന് പങ്കെടുക്കുകയും പറയാനുള്ളത് പറഞ്ഞ് പ്രതിപക്ഷത്തെ കേൾക്കാതെ സ്ഥലംവിടുകയും ചെയ്തു. ഇരുസഭകളിലും പ്രധാനമന്ത്രിയുടെ സാന്നിധ്യം അങ്ങേയറ്റം ശുഷ്കം. ദിനംപ്രതി 18 മണിക്കൂർ രാജ്യത്തിനുവേണ്ടി പ്രയത്നിക്കുന്നുവെന്ന് വാദിക്കുന്ന പ്രധാനമന്ത്രി പാർലമെന്‍റിൽ ചെലവഴിക്കുന്നത് ഏതാനും മണിക്കൂറുകൾ മാത്രമാണ്. 2019നുശേഷം സമ്മേളനകാലത്ത് ഇരു സഭകളിലുമായി 24 മണിക്കൂറുപോലും അദ്ദേഹം ചെലവഴിച്ചിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ അസാന്നിധ്യം വിയോജിപ്പിന്‍റെ ശബ്ദങ്ങൾ കേൾക്കാനുള്ള വൈമനസ്യത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇത് പ്രധാനമന്ത്രിയുടെ മാത്രമല്ല, സഭയുടെതന്നെ സ്വഭാവമായി മാറുകയാണ്. സഭകളിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ സൂക്ഷ്മപരിശോധനക്ക് പാർലമെന്ററി സമിതികൾക്കു വിടുന്ന മുൻകാല പതിവുകളും കുറ്റിയറ്റുപോകുകയാണ്. മോദിക്കാലത്തിനു മുമ്പ് പാർലമെന്‍റ് അംഗീകരിച്ച ബില്ലുകളിൽ 65-70 ശതമാനവും സമിതികൾ വിശദമായ പഠനം നടത്തിയതായിരുന്നുവെങ്കിൽ ഇപ്പോൾ അവയുടെ എണ്ണം 20 ശതമാനത്തിൽ കുറവാണ്. സഭയിൽ ബില്ലുകളിൽ ഭൂരിപക്ഷവും യാതൊരു ചർച്ചയുമില്ലാതെ അംഗീകരിക്കുന്ന രീതി സർവ സാധാരണമാകുകയും ചെയ്തിരിക്കുന്നു. ചുരുക്കത്തിൽ, വർഷത്തിൽ മൂന്നു തവണ സഭ സമ്മേളിക്കണമെന്ന ഭരണഘടനാ ബാധ്യത നടപ്പാക്കാൻ മാത്രമായി ശോഷിച്ചിരിക്കുന്നു സഭാസമ്മേളനങ്ങൾ. സാങ്കേതികമായ ഈ കൂടിച്ചേരലുകളിൽ എന്തിനാണ് പ്രധാനമന്ത്രി സമയം മെനക്കെടുത്തുന്നതും പ്രതിപക്ഷം ഒച്ചവെക്കുന്നതെന്നുമെന്നാണ് ഭരണകൂടം ആലോചിക്കുന്നതെന്ന് നടപ്പുസമ്മേളനകാലത്തെ നടപടിക്രമങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു.

Tags:    
News Summary - Madhyamam Editorial 2022 July 28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.