ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തേ​ണ്ട സ​മ​യ​മാ​യി

കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഉപരിപഠനത്തില്‍ നിര്‍ണായക പങ്കുവഹിക്കേണ്ട എസ്.എസ്.എൽ.സി പരീക്ഷയുടെ ചോദ്യപേപ്പറില്‍ വന്ന പിഴവ് നമ്മുടെ വിദ്യാഭ്യാസമേഖലയുടെ ഭരണനിര്‍വഹണം സംബന്ധിച്ച വിലയിരുത്തലിനും പരിഹാരനടപടികള്‍ക്കും സമയം അതിക്രമിച്ചു എന്നാണ് ബോധ്യപ്പെടുത്തുന്നത്. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന, പിഴവറ്റത് എന്ന് കേളികേട്ട സുപ്രധാന പരീക്ഷയുടെ പകുതി മാര്‍ക്കിനുള്ള ചോദ്യങ്ങളും ഒരു സ്വകാര്യസ്ഥാപനത്തിെൻറ ചോദ്യക്കടലാസില്‍നിന്ന് അപ്പാടെ പകര്‍ത്തിയതാണെന്ന് വന്നാല്‍ എത്രമാത്രം പിടിപ്പുകെട്ട സംവിധാനമാണത്. വിദ്യാഭ്യാസമേഖലയുടെ വിശ്വാസ്യതയെതന്നെ സംശയനിഴലിലാക്കുന്ന ചോദ്യചോര്‍ച്ച മുമ്പുമുണ്ടായിട്ടുണ്ട്. ഒരു കുറി പരീക്ഷ വീണ്ടും നടത്തിയിട്ടുണ്ട്. പരീക്ഷാ വിജയശതമാനത്തില്‍ അവിശ്വസനീയ വ്യതിയാനവും പ്രകടമായിട്ടുണ്ട്. അന്നെല്ലാം മന്ത്രിയുടെയും പാര്‍ട്ടിയുടെയും വിദ്യാഭ്യാസയോഗ്യതയെക്കുറിച്ച് ട്രോളുകളും ആരോപണങ്ങളും പടച്ചുവിട്ട കേന്ദ്രങ്ങള്‍ക്ക് ഇപ്പോള്‍ മൗനമാണ്. വിദ്യാഭ്യാസമേഖലയുടെയും അധ്യാപക -വിദ്യാര്‍ഥി സമൂഹത്തിെൻറയും ഉന്നതിയല്ല തികഞ്ഞ സങ്കുചിത താല്‍പര്യങ്ങളായിരുന്നു അന്നുയര്‍ത്തിയ വിമര്‍ശനങ്ങളുടെ പ്രേരകം എന്ന് വിളിച്ചുപറയുന്ന മൗനം.

വീഴ്ചപറ്റി ദിവസങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ പരിഹാരക്രിയകള്‍ തുടങ്ങിയെന്നത് നേര്. എന്നാല്‍, ചോദ്യപേപ്പര്‍ തയാറാക്കിയ ആളെ സസ്പെൻഡ് ചെയ്താല്‍ തീരുന്ന വീഴ്ചയല്ലിത്. പരീക്ഷക്കിരുന്ന വിദ്യാര്‍ഥികളാരെങ്കിലും പുസ്തകമോ തുണ്ടുകടലാസോ നോക്കി ഉത്തരം പകര്‍ത്തി പിടിക്കപ്പെട്ടാല്‍ എത്രയോ കഠിനമായ നടപടികളാണ് നേരിടേണ്ടിവരുക. ഏറെ സമ്മര്‍ദമുള്ള പരീക്ഷ വീണ്ടുമെഴുതേണ്ടിവരുന്ന കുട്ടികളുടെ മനഃസംഘര്‍ഷത്തെക്കുറിച്ചും ആലോചന വേണ്ടതാണ്. പഴുതടച്ചുള്ള ക്രമീകരണത്തോടെ ചോദ്യപേപ്പര്‍ സെറ്റുകള്‍ തയാറാക്കിയാവും പുനഃപരീക്ഷ നടത്തുക എന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. പിഴവു വന്നാല്‍ മാത്രമേ പഴുതടപ്പ് നടത്തൂ എന്ന് ആര്‍ക്കാണ് വാശി? പൊതുവിദ്യാഭ്യാസമേഖല നിലവാരമില്ലാത്തതാണെന്ന പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നതിനിടയിലാണ് ഈ ലഘുതരമല്ലാത്ത പാളിച്ചകളെന്ന് ഒാര്‍ക്കുക. നയങ്ങളും നിയമങ്ങളും മറയാക്കി ഒരു ഭാഗത്ത് സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  ഒന്നൊന്നായി താഴിടാന്‍ പദ്ധതി ഒരുങ്ങുന്നു, സംസ്ഥാനങ്ങളുടെ അവകാശമായ വിദ്യാഭ്യാസമേഖലയില്‍ കൈകടത്തി തന്നിഷ്ടം നടപ്പാക്കാന്‍ മുെമ്പങ്ങുമില്ലാത്തവിധം കേന്ദ്ര സര്‍ക്കാര്‍ കരുനീക്കുന്നു, അതിനെല്ലാമിടയില്‍ ഒൗദ്യോഗിക സംവിധാനത്തിെൻറ ദൗര്‍ബല്യം വെളിപ്പെട്ടാല്‍ ഈ മേഖലയുടെ നാശം വേഗത്തിലാവും.

പത്താം ക്ലാസിലെ കണക്ക് പുനഃപരീക്ഷയും ചെറിയ ക്ലാസിലെ അവശേഷിക്കുന്ന പരീക്ഷകളും കഴിയുന്നതോടെ ഒരാഴ്ചക്കകം ഈ അധ്യയനവര്‍ഷം അവസാനിക്കും. വരും വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷക്കെന്നല്ല പാഠപുസ്തക വിതരണം മുതല്‍ വിദ്യാര്‍ഥികളെയും വിദ്യാഭ്യാസമേഖലയെയും ബന്ധപ്പെട്ടുള്ള ഓരോ കാര്യവും ചിട്ടയോടെ നടത്തി പരാതിക്ക് പഴുതുകളില്ലാതെ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഇടപെട്ട് ഉറപ്പാക്കണം. ഉപതെരഞ്ഞെടുപ്പിലെ ജയപരാജയമല്ല മനുഷ്യരുടെ ജീവല്‍ പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ പുലര്‍ത്തുന്ന ശുഷ്കാന്തിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാറും ജനപ്രതിനിധികളും വിലയിരുത്തപ്പെടേണ്ടത്.

കുടിവെള്ളവും ആരോഗ്യ പരിരക്ഷയുമെന്നപോലെ മൗലികാവകാശമായ വിദ്യാഭ്യാസവും കൈപ്പിടിയിലൊതുക്കാന്‍ കച്ചവടസംഘങ്ങള്‍ ഏറെക്കാലമായി ശ്രമം നടത്തുന്നുണ്ട്. ഇപ്പോള്‍ സ്വദേശി വിദ്യാഭ്യാസ വാണിഭ സംഘങ്ങളാണ് ഇവിടത്തെ വിദ്യാലയ പച്ചപ്പില്‍ മേയാന്‍ ശ്രമിക്കുന്നതെങ്കില്‍ ഏറെ വൈകാതെ വിദേശ കുത്തക വ്യാപാരികള്‍ ഇവിടേക്ക് കടന്നുവരും. തുറക്കുന്നതും കാത്ത് അവരാ വാതില്‍പ്പടിയില്‍ കാത്തുനിൽപുണ്ട്. ലോക വ്യാപാരസംഘടന ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ ഇതിനായി കനത്ത സമ്മര്‍ദവും ചെലുത്തുന്നുണ്ട്. അവര്‍ക്ക് ലാഭമുണ്ടാക്കാനുള്ള നിരവധി ചരക്കുകളിലൊന്നു മാത്രമാണ് അറിവ്. നമ്മുടെ കുട്ടികളുടെ ഭാവിയാണ് പന്താടപ്പെടുന്നത്. കുടില തന്ത്രക്കാര്‍ക്ക് താലത്തില്‍ വെച്ചുനല്‍കരുത് നമ്മുടെ മക്കളെയും വിദ്യാഭ്യാസമേഖലയെയും.

 

Tags:    
News Summary - its the time for rethinking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.