എന്തുകൊണ്ട് ഇസ്രായേലിനെതിരെ ഉപരോധമില്ല?

കൈയൂക്കിന്‍േറതായ ആഗോള രാഷ്ട്രീയത്തില്‍ ഐക്യ രാഷ്ട്രസഭ എത്രത്തോളം നിസ്സഹായവും നിഷ്ക്രിയവുമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് ഡിസംബറില്‍ രക്ഷാസമിതി അംഗീകരിച്ച 2334ാം നമ്പര്‍ പ്രമേയം. ഫലസ്തീന്‍ ഭൂമി കൈയേറി ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം എതിര്‍പ്പില്ലാതെയാണ് പാസായത്. ഇസ്രായേലിന്‍െറ കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന്‍െറ കടുത്ത ലംഘനമാണെന്നും നിയമസാധുത അവര്‍ക്കില്ളെന്നും പ്രമേയം എടുത്തുപറഞ്ഞു. ലോക മനസ്സാക്ഷി ഇസ്രായേലിന്‍െറ അതിക്രമത്തെ തിരിച്ചറിയുന്നത് ഇതാദ്യമല്ല. എന്നാല്‍, ഫലപ്രദമായ പ്രതിരോധമൊന്നും യു.എന്നിന്‍െറ അജണ്ടയിലില്ല എന്നതിനാല്‍തന്നെ ഈ പ്രമേയവും വെറും വാക്കുകള്‍ മാത്രമാകുന്നു. ഇത്ര തുറന്നും കണിശമായും ഇതിന് മുമ്പ് യു.എന്‍ പ്രമേയം പാസാക്കിയത് 1980ലായിരുന്നു. അന്ന് വെസ്റ്റ് ബാങ്കില്‍ 23,000 ഇസ്രായേലി കുടിയേറ്റക്കാരാണ് ഉണ്ടായിരുന്നത്. ഇന്ന് അത് നാലു ലക്ഷമായി ഉയര്‍ന്നത് ആ പ്രമേയം നിലനില്‍ക്കെയാണ്. ഇസ്രായേലാകട്ടെ പുതിയ പ്രമേയത്തോടും ധിക്കാരപൂര്‍വമാണ് പ്രതികരിക്കുന്നത്. സമാധാന ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ അതൊരു ഒഴികഴിവാക്കി. പുതുവര്‍ഷത്തിലെ ആദ്യ ആഴ്ചതന്നെ 151 ഫലസ്തീന്‍ വീടുകള്‍ ഇസ്രായേല്‍ തകര്‍ത്തു. കഴിഞ്ഞ വര്‍ഷത്തെ ശരാശരിയുടെ നാലിരട്ടി. അപ്പോള്‍ ലോകം സ്വയം ചോദിക്കേണ്ട ചോദ്യം, എന്തിനിങ്ങനെ പരിഹാസ്യരാകുന്നു എന്നാണ്-കടലാസു പ്രമേയങ്ങളിങ്ങനെ ഇറക്കിയതുകൊണ്ട് എന്തു പ്രയോജനം?

വംശവിവേചനം പുലര്‍ത്തുന്ന മതാധിഷ്ഠിത രാഷ്ട്രമായ ഇസ്രായേല്‍ സ്വന്തമായി ധാര്‍മിക ന്യായങ്ങളൊന്നുമില്ലാത്ത കൃത്രിമ സൃഷ്ടിയാണെന്ന് സ്വയം തെളിയിച്ചിട്ടുള്ളതാണ്. ഇപ്പോഴാകട്ടെ അന്താരാഷ്ട്ര ചട്ടങ്ങളെ പരിഹസിക്കുന്ന ഒരു ഭരണകൂടമാണ് അവിടെയുള്ളത്. സംഘര്‍ഷത്തില്‍ ജനിക്കുകയും സംഘര്‍ഷംകൊണ്ട് നിലനില്‍ക്കുകയും ചെയ്യുന്ന സയണിസ്റ്റ് രാഷ്ട്രം ഇപ്പോള്‍ സിറിയന്‍ യുദ്ധത്തിലും സാന്നിധ്യമറിയിച്ചിരിക്കുന്നു. അധിനിവിഷ്ട പ്രദേശത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ ബാധ്യതയുള്ളപ്പോഴാണ് വീടുകള്‍ തകര്‍ത്ത് അവിടെ ജൂതരെ കുടിയിരുത്തുന്നതും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ അവിരാമം തുടരുന്നതും. കുട്ടികളാണ് അവരുടെ പ്രധാന ഇരകള്‍. ഇസ്രായേല്‍ സൈന്യം പുതിയ പുതിയ ആയുധങ്ങള്‍ പരീക്ഷിക്കുന്ന ഇടം കൂടിയാണ് ഫലസ്തീന്‍. അവരുടെ നാല് ആയുധനിര്‍മാണ കമ്പനികള്‍ വന്‍ വ്യവസായമാണ്. യുദ്ധ ഡ്രോണുകള്‍ വികസിപ്പിച്ചത് പരീക്ഷിക്കുകകൂടിയായിരുന്നു 2014ലെ ഗസ്സ ആക്രമണത്തിന്‍െറ ലക്ഷ്യം. മറ്റു രാജ്യങ്ങളില്‍ ചാരപ്പണി നടത്തുകയാണ് അവരുടെ വിദേശനയങ്ങളുടെ കാതല്‍. ഫലസ്തീന്‍ ജനത ഇരുട്ടിലും പട്ടിണിയിലും കഴിയവെ അമേരിക്കയും മറ്റും ഇസ്രായേലി ലോബികളുടെ ദുസ്വാധീനത്തിന് വഴങ്ങുന്നു. 2016ല്‍ ഇസ്രായേലിന് യു.എസ് സൈനിക സഹായമായി നല്‍കിയത് ദിനംപ്രതി ഒരുകോടി രണ്ടുലക്ഷം ഡോളര്‍ എന്ന തോതിലായിരുന്നു. അനധികൃത കുടിയേറ്റത്തിന്‍െറ പേരില്‍ ഇസ്രായേലിനെ വിമര്‍ശിക്കുന്ന മന്ത്രി അലന്‍ ഡങ്കന്‍ അടക്കം ബ്രിട്ടീഷ് നേതാക്കളെ കരിവാരിത്തേക്കാന്‍ ഇസ്രായേലി ഏജന്‍റ് നടത്തിയശ്രമം ‘അല്‍ജസീറ’ തുറന്നുകാട്ടിയത് ഈയാഴ്ചയാണ്. ഇസ്രായേല്‍ അംബാസഡര്‍ മാപ്പുപറയേണ്ടിവന്നു.

സ്കോട്ടിഷ് നാഷനല്‍ പാര്‍ട്ടിക്കെതിരെ ഇസ്രായേലി എംബസി ചാരപ്പണി ചെയ്ത വിവരവും പുറത്തുവന്നിരിക്കുന്നു. തട്ടിപ്പും കൈക്കൂലിയുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം നേരിടുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു തീവ്രവംശീയതയാണ് അതിജീവനത്തിനുള്ള ആയുധമായി കാണുന്നത്. യു.എന്നിന്‍െറ നേതൃത്വത്തില്‍ ലോകസമൂഹം തള്ളിപ്പറഞ്ഞതും കുറ്റകരമാക്കിയതുമായ വിവേചനമാണല്ളോ ‘അപാര്‍ത്തൈറ്റ്’. 1973ല്‍ യു.എന്‍ പൊതുസഭ ദക്ഷിണാഫ്രിക്കയെ ചൂണ്ടിയാണ് വര്‍ണവിവേചനത്തെ കുറ്റമെന്ന് വിശേഷിപ്പിച്ചത്. അതിന്‍െറ നിര്‍വചനത്തിന് കൃത്യമായി ചേരുന്നതാണ് ഇസ്രായേലിന്‍െറ വംശവിവേചനമെന്ന് 2007ല്‍ യു.എന്‍ പ്രത്യേകപ്രതിനിധി ജോണ്‍ ദു ഗാര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതുമാണ്. അന്താരാഷ്ട്ര കോടതിയില്‍ വിചാരണ ചെയ്യേണ്ട കുറ്റമാണിതെന്നും അദ്ദേഹം സമര്‍ഥിച്ചു. 2010ലും 2011ലും മറ്റൊരു യു.എന്‍ പ്രതിനിധി (റിച്ചഡ്ഫാക്ക്) ആ വാദം രണ്ടുതവണ സ്ഥിരീകരിച്ചത് ഇസ്രായേലിന്‍െറ അധിനിവേശക്കുറ്റങ്ങളും വംശഹത്യയും എടുത്തുപറഞ്ഞാണ്. അതുകൊണ്ട്, മുമ്പ് ദക്ഷിണാഫ്രിക്കയെ അനുസരിപ്പിക്കാന്‍ യു.എന്‍ എന്തെല്ലാം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയോ അതെല്ലാം ഇസ്രായേലിലെ സയണിസ്റ്റ് ഭരണകൂടത്തിനെതിരെയും സ്വീകരിക്കുകയാണ് ശരിയായ നടപടി. ബഹിഷ്കരണം, മൂലധനനിഷേധം, ഉപരോധം (ബി.ഡി.എസ്) എന്ന പ്രസ്ഥാനത്തിന് ലോകരാഷ്ട്രങ്ങള്‍ക്കും സമൂഹങ്ങള്‍ക്കുമിടയില്‍ സ്വീകാര്യത വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, കുടിയേറ്റക്കുറ്റങ്ങളുടെ പേരിലോ ‘ഹഫ്റദ’ എന്ന വംശവിവേചനത്തിന്‍െറ പേരിലോ ഇസ്രായേലിനെ ഒറ്റപ്പെടുത്താന്‍ യു.എന്‍ തയാറാകുന്നില്ല. ഇത് യുക്തിക്കോ നിയമവാഴ്ചക്കോ സാര്‍വലൗകിക ചട്ടങ്ങള്‍ക്കോ നിരക്കുന്നതല്ല. ഇസ്രായേലിനെ വിമര്‍ശിക്കുന്ന പ്രമേയത്തിന്‍െറ തുടര്‍ച്ചയെന്ന നിലക്ക് ആ രാഷ്ട്രത്തിനെതിരെ ഉപരോധമടക്കമുള്ള നടപടികളും യു.എന്‍ സ്വീകരിക്കുകയാണ് വേണ്ടത്. ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചന വ്യവസ്ഥിതിയെ തൂത്തെറിഞ്ഞ യു.എന്നിന് ഇക്കാര്യത്തിലും ബാധ്യതയുണ്ട്്.

Tags:    
News Summary - israel palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.