വെറുതെ ഒരു പാർലമെൻറ്​ സമ്മേളനം



പാർലമെൻറി​​െൻറ വർഷകാല സമ്മേളനം നിശ്ചയിച്ചതിനേക്കാൾ രണ്ടുദിവസം മു​േമ്പ അവസാനിപ്പിച്ചിരിക്കുകയാണ്. രാജ്യനിവാസികളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനും രാജ്യത്തെ കൂടുതൽ പുരോഗനാത്മകമായി മുന്നോട്ടു നയിക്കാനാവശ്യമായ നിയമനിർമാണങ്ങൾ നടത്താനുമാണ് പാർലമെൻറ്​ സമ്മേളിക്കുന്നതെന്നാണ് വെപ്പ്. ജനാധിപത്യത്തി​​െൻറ ശ്രീകോവിൽ എന്ന വിളിപ്പേര് പാർലമെൻറിനുണ്ട്. ജനകീയ വികാരങ്ങൾ അവിടെ പ്രതിഫലിപ്പിക്കപ്പെടണം. എന്നാൽ, കക്ഷിരാഷ്​ട്രീയത്തി​​െൻറ എണ്ണക്കണക്കുകൾ ഒപ്പിച്ചെടുക്കാനുള്ള നിലം എന്നതിനെക്കാൾ വലിയൊരു ദൗത്യം പാർലമെൻറിനില്ല എന്നതാണ് നമ്മുടെ അനുഭവങ്ങൾ കാണിക്കുന്നത്. അഭിജാതമായ പാർലമെൻററി സംസ്​കാരം നമുക്ക് നഷ്​ടപ്പെട്ടിട്ട് ദശാബ്​ദങ്ങളായി. ചില പാർലമെൻറ്​ അംഗങ്ങളുടെ വ്യക്തിപരമായ പ്രകടനങ്ങളും ഇടപെടലുകളുമാണ് പലപ്പോഴും ഇതിന് അപവാദമായിട്ടുള്ളത്. അപ്പോഴും പാർലമെൻറ്​ എന്ന സ്​ഥാപനത്തി​െൻറ മൊത്തത്തിലുള്ള പ്രകടനം ഉന്നതമായ ജനാധിപത്യ സംസ്​കാരത്തെ പ്രതിഫലിപ്പിക്കുന്നതിൽ മിക്കപ്പോഴും പരാജയപ്പെടുകയാണ്. ഇപ്പോൾ വെട്ടിച്ചുരുക്കി പിരിഞ്ഞ വർഷകാല സമ്മേളനമാകട്ടെ പാർലമെൻറ്​ എങ്ങനെ ആവരുത് എന്നതിെൻറ മികച്ച ദൃഷ്​ടാന്തമാണ്.

പെഗസസ്​ ചാരവൃത്തിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വർഷകാല സമ്മേളനം നടക്കുന്നത്. രാജ്യത്തെ പ്രഗല്​ഭ മാധ്യമപ്രവർത്തകർ, അഭിഭാഷകർ, ന്യായാധിപർ, രാഷ്​​ട്രീയ പ്രവർത്തകർ തുടങ്ങിയവരുടെ മൊബൈൽ ഫോൺ പെഗസസ്​ എന്ന ഇസ്രായേലി ചാര സോഫ്​റ്റ്​വേർ ഉപയോഗിച്ച് ഹാക്​ ചെയ്തുവെന്നതാണ് സംഭവം. സർക്കാർ വിചാരിച്ചാലല്ലാതെ അങ്ങനെയൊരു സംഗതി നടക്കില്ലെന്നാണ് അതേക്കുറിച്ച് അറിയാവുന്നവരും പ്രതിപക്ഷവും ആണയിടുന്നത്. പരമാധികാര രാജ്യങ്ങൾക്കല്ലാതെ തങ്ങളുടെ സോഫ്​റ്റ്​വേർ വിൽക്കാറില്ലെന്ന് പെഗസസിെൻറ നിർമാതാക്കളും പറയുന്നു. അപ്പോൾ പിന്നെ വിഷയത്തിൽ മറുപടി പറയേണ്ടത് സർക്കാറിെൻറ ബാധ്യതയാണ്. എന്നാൽ, ആ വിഷയം സഭയിൽ ചർച്ചചെയ്യാനോ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാനോ സർക്കാർ സന്നദ്ധമായില്ലെന്നതാണ് വർഷകാല സമ്മേളനം ഇത്രയും പ്രക്ഷുബ്​ധമാകാൻ കാരണം.

കോവിഡ് തരംഗം, കർഷക സമരം പോലുള്ള മറ്റു പ്രശ്നങ്ങളും പ്രതിപക്ഷം കാര്യമായി ഉന്നയിച്ചിരുന്നു. സർക്കാറിനെ സംബന്ധിച്ചിടത്തോളം എല്ലാം തൊട്ടാൽ പൊള്ളുന്ന വിഷയങ്ങൾ. അപ്പോൾ പിന്നെ ബഹളമുണ്ടാക്കി അവരങ്ങ് പോകട്ടെ എന്ന മട്ടിലാണ് ഭരണപക്ഷം കാര്യങ്ങളെ എടുത്തത്. ബഹളങ്ങൾക്കിടെ ചർച്ചപോലും ചെയ്യാതെ 20 ബില്ലുകൾ പാസാക്കിയെടുക്കാൻ പറ്റിയെന്ന ആശ്വാസത്തിലായിരിക്കും അവർ. സമ്മേളനം അലങ്കോലമാകുന്നു എന്ന ന്യായത്തിൽ വെട്ടിച്ചുരുക്കാനും പറ്റി. പി.ആർ.എസ്​ ലെജിസ്ലേറ്റിവ് റിസർച്ച് എന്ന സന്നദ്ധ സംഘടനയുടെ പഠനപ്രകാരം കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനത്തിെൻറ കാര്യത്തിൽ മൂന്നാം സ്​ഥാനമാണ് ലോക്സഭയുടെ ഇപ്പോൾ വെട്ടിച്ചുരുക്കിയ സമ്മേളനത്തിനുള്ളത്. മോശം പ്രകടനത്തിെൻറ കാര്യത്തിൽ രാജ്യസഭ സമ്മേളനം എട്ടാം സ്​ഥാനത്തും വരും. സമ്മേളനം ഈ വിധം മോശമാകുന്നതിൽ ഭരണപക്ഷത്തെ പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. രാജ്യസഭ അധ്യക്ഷനും ഉപരാഷ്​ട്രപതിയുമായ വെങ്കയ്യ നായിഡു രാജ്യസഭാ സ്​തംഭനത്തെക്കുറിച്ച് വികാരാധീനനായാണ് ചൊവ്വാഴ്ച സംസാരിച്ചത്. ജനാധിപത്യത്തിെൻറ കശാപ്പ് എന്നാണ് സമ്മേളനം പൊടുന്നനെ വെട്ടിച്ചുരുക്കിയതിനെ കുറിച്ച് രാഹുൽ ഗാന്ധി പ്രതികരിച്ചത്. പാർലമെൻറിന് പുറത്ത് പ്രതിപക്ഷ കക്ഷികൾ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.

പാർലമെൻറി​​െൻറ മഹത്ത്വത്തെക്കുറിച്ച് ഇപ്പോൾ വല്ലാതെ സംസാരിക്കുന്ന ഭരണപക്ഷം, തങ്ങൾ പ്രതിപക്ഷത്തായിരിക്കുമ്പോൾ അതേക്കുറിച്ചൊന്നും ഓർക്കാറില്ലായിരുന്നു എന്നതാണ് വാസ്​തവം. പി.ആർ.എസിെൻറ പഠന പ്രകാരം, ഏറ്റവും മോശപ്പെട്ട പാർലമെൻറ്​ സെഷൻ 2010ലെ ശൈത്യകാല സമ്മേളനമായിരുന്നു. അന്ന് രാജ്യസഭയുടെ ഉൽപാദനക്ഷമത രണ്ടു ശതമാനവും ലോക്സഭയുടേത് ആറു ശതമാനവുമായിരുന്നു. അന്ന് പ്രതിപക്ഷത്ത് ബി.ജെ.പിയായിരുന്നു. പാർലമെൻറിനെ അലങ്കോലമാക്കുന്നതിലും അതിെൻറ മഹത്ത്വം തകർക്കുന്നതിലും കക്ഷി, മുന്നണി ഭേദമെന്യേ എല്ലാവർക്കും പങ്കുണ്ട്. പാർലമെൻറ്​ ജനാധിപത്യത്തെയും സുതാര്യതയെയുമാണ് പ്രതിനിധാനംചെയ്യുന്നത്. അധികാര രാഷ്​ട്രീയം ഏറ്റവും ഭയക്കുന്നത് അതു രണ്ടിനെയുമാണ്.

പ്രതിപക്ഷം പാർല​െമൻറിൽ പ്രക്ഷുബ്​ധ രംഗങ്ങൾ സൃഷ്​ടിക്കുന്നത് സ്വാഭാവികമാണ്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ അവർക്ക് തെരുവിൽ അധികം സംസാരിക്കാൻ അവസരം കിട്ടിയിട്ടില്ല എന്നിരിക്കെ പാർലമെൻറിലെ ബഹളം കൂടുതൽ ശക്തമാവും. എന്നാൽ, ഏതു ബഹളങ്ങൾക്കിടയിലും പാർലമെൻറ്​ ശരിയാംവിധം പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം സർക്കാറിനാണ്. എന്നാൽ, പാർലമെൻറ്​ അലങ്കോലമായാൽ അത്രയും നല്ലത് എന്ന് വിചാരിക്കുന്ന സർക്കാർ അധികാരത്തിലിരിക്കുമ്പോൾ അത് പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. അപ്പോൾ പിന്നെ, ബില്ലുകൾ ചുട്ടെടുക്കപ്പെടും. ആ ബില്ലുകളിൽ യഥാർഥത്തിൽ എന്താണ് പറഞ്ഞിരിക്കുന്നത്, അത് എങ്ങനെയാണ് 130 കോടി മനുഷ്യരുടെ ജീവിതങ്ങളിൽ പ്രതിഫലനം ഉണ്ടാക്കാൻ പോകുന്നത് എന്നതൊക്കെ നമ്മളറിയുക വളരെ വൈകി അത് നടപ്പാക്കപ്പെടുമ്പോഴായിരിക്കും. നമ്മുടെ ജനാധിപത്യം ദിനംദിനേ ദുർബലമാകുകയാണ് എന്നതാണ് ഈ സംഭവവികാസങ്ങളെല്ലാം നൽകുന്ന സന്ദേശം. രാഷ്​ട്രീയത്തിനപ്പുറത്ത് ജനാധിപത്യ വാദികളുടെ ജാഗ്രതകളാണ് ബാക്കിയുള്ള പ്രതിരോധത്തിെൻറ തുരുത്ത്.

Tags:    
News Summary - How not to be a parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.