യു.പി തെരഞ്ഞെടുപ്പു വേദി രാജ്യശ്രദ്ധ പിടിച്ചുപറ്റുമ്പോള്‍

അഞ്ച് സംസ്്ഥാന നിയമസഭകളിലേക്ക് ഈ മാസാദ്യം  തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന്മേലുള്ള  ഇടക്കാല ഹിതപരിശോധനയായി രാഷ്ട്രീയ നിരീക്ഷകര്‍ ഇലക്ഷനെ കണ്ടിരുന്നെങ്കിലും സമാജ്വാദി പാര്‍ട്ടിയിലെ അന്തശ്ഛിദ്രവും തുടര്‍ന്നുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളും ചിത്രം ആകെ മാറ്റിവരക്കുന്ന പ്രതീതി സൃഷ്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അഖിലേഷ് യാദവും പിതാവ് മുലായം സിങ് യാദവും പാര്‍ട്ടിയില്‍ മേധാവിത്വം സ്ഥാപിക്കാന്‍ നടത്തിയ പോരാട്ടത്തില്‍ നിയമപരമായി പുത്രന്‍ വിജയം നേടിയതോടെ, സമാജ്വാദി പാര്‍ട്ടി കൂടുതല്‍ ഊര്‍ജസ്വലതയോടെ മത്സരരംഗത്തിറങ്ങിയത് സംസ്ഥാനത്തിന്‍െറ രാഷ്ട്രീയദിശതന്നെ മാറ്റിയെഴുതുന്ന കാഴ്ചയിലേക്കാണ് നമ്മെ കൊണ്ടത്തെിക്കുന്നത്. 

ബിഹാറില്‍ ലാലുപ്രസാദ് യാദവും നിതീഷ് കുമാറും കോണ്‍ഗ്രസുമായി കൈകോര്‍ത്ത് ബി.ജെ.പിയുടെ അധികാരാരോഹണത്തെ തടഞ്ഞുനിര്‍ത്തിയ പരീക്ഷണത്തിന്‍െറ ഒരു യു.പി മോഡല്‍ ആവര്‍ത്തിക്കപ്പെടാനുള്ള സാഹചര്യങ്ങളാണ് ഉരുത്തിരിഞ്ഞുവരുന്നത്. പാര്‍ട്ടിയിലും ഭരണത്തിലുമുള്ള തന്‍െറ സ്വാധീനം ഇലക്ഷന്‍ കമീഷന്‍െറ മുന്നില്‍ സമര്‍ഥിക്കാന്‍ സാധിച്ചതിലൂടെ  പേരും ചിഹ്നവും കൈക്കലാക്കിയ അഖിലേഷ് പെരുന്തച്ചന്‍െറ മകനാണെന്ന് തെളിയിച്ചതിലപ്പുറം, ബി.ജെ.പിയുടെ അധികാരത്തിലേക്കുള്ള തിരിച്ചുവരവിന് തടയിടാന്‍ വിശാലമായ രാഷ്ട്രീയസഖ്യത്തിനു മുന്നോട്ടുവന്നത് രാജ്യത്തെ മതേതരശക്തികളെ ആഹ്ളാദിപ്പിക്കുന്നുണ്ട്.

എസ്.പി, ബി.എസ്്.പി,  കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി, മതേതര വോട്ട് ഛിന്നഭിന്നമാകുന്നതിനിടയിലൂടെ ഹിന്ദുത്വ രാഷ്ട്രീയം മേല്‍ക്കോയ്മ ഉറപ്പിക്കുന്ന മുന്‍കാല അനുഭവത്തിനു വിപരീതമായി ഈ നീക്കം സെക്കുലര്‍ ചേരിയെ പരമാവധി ഏകോപിപ്പിക്കാനുള്ള അവസരമൊരുക്കുന്നു എന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്‍െറ കരാളമുഖം കണ്ട് അന്താളിച്ചുനില്‍ക്കുന്ന പൗരസമൂഹത്തിന് ആശ്വാസം പകരാതിരിക്കില്ല.

ഏഴു ഘട്ടങ്ങളിലായി നടക്കുന്ന യു.പി തെരഞ്ഞെടുപ്പില്‍ യഥാര്‍ഥ പോരാട്ടം നരേന്ദ്ര മോദിയുടെ ബി.ജെ.പിയും മായാവതിയുടെ ബി.എസ്.പിയും തമ്മിലായിരിക്കുമെന്ന ആദ്യ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന വിധമാണ് പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിന് വഴിതെളിഞ്ഞിരിക്കുന്നത്. സമാജ്വാദി പാര്‍ട്ടിയുമായി യോജിച്ചുപോരാടാന്‍ കോണ്‍ഗ്രസ് പരസ്യമായി മുന്നോട്ടുവന്നതും അഖിലേഷ് യാദവ് അതിനെ സ്വാഗതം ചെയ്തതും നല്ല മാറ്റത്തിന്‍െറ തുടക്കമായി വേണം കാണാന്‍. മാത്രമല്ല, രാഷ്ട്രീയ ലോക്ദള്‍ തുടങ്ങിയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ഒരു മഹാസഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ് അണിയറയില്‍ പുരോഗമിക്കുന്നത്.

ഈ നീക്കത്തെ ബി.ജെ.പിയും ബി.എസ്.പിയും ഉത്കണ്ഠയോടെയാവാം നിരീക്ഷിക്കുന്നത്. ഇതിനെല്ലാം പുറമെ, പുത്രന്‍െറ മുന്നില്‍ കീഴടങ്ങേണ്ടിവന്ന മുലായം സിങ് യാദവ് സ്വന്തമായി മത്സരിച്ച് രാഷ്ട്രീയ ആഹുതിക്ക് തുനിയില്ളെന്നു തന്നെയാണ് അദ്ദേഹത്തെക്കുറിച്ച് അറിയുന്നവര്‍ തറപ്പിച്ചുപറയുന്നത്. അഖിലേഷിന്‍െറ നേതൃത്വത്തില്‍ വിശാലമായൊരു സെക്കുലര്‍ സഖ്യം രൂപപ്പെടുമ്പോള്‍ അതിന്‍െറ മുന്നില്‍ വൈതരണി തീര്‍ക്കുന്നതിലൂടെ വ്യക്തിപരമായ നഷ്ടമേ ഉണ്ടാവൂ എന്ന കണക്കുകൂട്ടലില്‍ പുത്രനുമായി ഒത്തുപോകാന്‍ ‘നേതാജി’ ചില പോംവഴികള്‍ കാണാതിരിക്കില്ളെന്നും അതിനായുള്ള രഹസ്യചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ കൗതുകത്തോടെയാണ് ജനം വായിക്കുന്നത്.

അതേസമയം, സീറ്റ് ചര്‍ച്ചയില്‍ ഉടക്കി സഖ്യശ്രമം അവതാളത്തിലാക്കില്ളെന്ന് ഉറപ്പുനല്‍കേണ്ട ബാധ്യത കോണ്‍ഗ്രസ് നേതൃത്വത്തിനും അഖിലേഷിനുമുണ്ട്. പരമാവധി കക്ഷികളെ സഖ്യത്തിന്‍െറ ഭാഗമാക്കി മാറ്റി മതേതര വോട്ടിന്‍െറ ശിഥിലീകരണം തടയുന്ന വിഷയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പാടവമായിരിക്കും അഖിലേഷിന്‍െറ രാഷ്ട്രീയഭാവി നിര്‍ണയിക്കാന്‍ പോകുന്നത്. സ്വാഭാവികമായും എതിരാകാന്‍ പോകുന്ന ഭരണകൂട വിരുദ്ധ വികാരത്തിനു തടയിടാന്‍ മാത്രം ശക്തിയുള്ള ഒരു മുന്നേറ്റം കാഴ്ചവെക്കണമെങ്കില്‍ വ്യക്തമായ ചേരിതിരിവിനുള്ള പ്രചാരണതന്ത്രങ്ങള്‍ മെനയേണ്ടിവരും.

കഴിഞ്ഞ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പിന്‍െറ  ഫലങ്ങള്‍ മാത്രം മുന്നില്‍വെച്ച് യു.പിയുടെ രാഷ്ട്രീയ ഭാവി ആര്‍ക്കും പ്രവചിക്കാന്‍ സാധ്യമല്ല. 2012ല്‍ 403ല്‍ 224 സീറ്റ് നേടിയ സമാജ്വാദി പാര്‍ട്ടി 29.51 ശതമാനം വോട്ടാണ് കരസ്ഥമാക്കിയത്. 25.91 ശതമാനം നേടിയിട്ടും മായാവതിയുടെ പാര്‍ട്ടിക്ക് 80 സീറ്റേ നേടിയെടുക്കാനായുള്ളൂ. അതേസമയം, 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ 80ല്‍ 71 സീറ്റ് കൈക്കലാക്കിയ ബി.ജെ.പിക്ക് 42.63 ശതമാനം വോട്ട് താമരയില്‍ പതിപ്പിക്കാന്‍ കഴിഞ്ഞു.

ജാതി, ഉപജാതി വേര്‍തിരിവുകള്‍ മറികടന്ന് ഹിന്ദുവോട്ടിന്‍െറ ഏകീകരണം സാധ്യമാക്കിയതിലൂടെ അടിച്ചെടുത്ത ഈ വോട്ടുനേട്ടം നിയമസഭ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനാവില്ളെന്ന് സംഘ്പരിവാര്‍ നേതൃത്വത്തിനുതന്നെ ബോധ്യമുണ്ടാവും. 1984ല്‍ ഇന്ദിര വധത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സൂനാമിയായി ആഞ്ഞടിച്ചപ്പോള്‍ 85ല്‍ 83 ലോക്സഭ സീറ്റുകള്‍ നേടി അദ്ഭുതം സൃഷ്ടിച്ച ചരിത്രം യു.പിക്കുണ്ടെങ്കിലും അതിനുശേഷം നടന്ന ഒരു തെരഞ്ഞെടുപ്പിലും ആ പാര്‍ട്ടി നിവര്‍ന്നുനിന്നിട്ടില്ളെന്ന യാഥാര്‍ഥ്യമായിരിക്കാം സഖ്യനീക്കത്തിനു പ്രേരിപ്പിക്കുന്നത്.

ബി.ജെ.പിക്ക് ഉയര്‍ത്തിക്കാട്ടാന്‍ പറ്റിയ ഒരുമുഖം സംസ്ഥാനത്തില്ല എന്നതാണ് പാര്‍ട്ടിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം. അതേസമയം, മോദിപ്രഭാവത്തെ നിര്‍വീര്യമാക്കാന്‍ ശക്തിയുള്ള ഏത് സെക്കുലര്‍ ചേരിക്കു പിന്നിലും അണിനിരക്കാന്‍ യു.പിയിലെ 20 ശതമാനത്തോളം വരുന്ന ന്യൂനപക്ഷങ്ങള്‍ തയാറാവാതിരിക്കില്ളെന്ന് വിലയിരുത്തുമ്പോള്‍, അഖിലേഷിന്‍െറ മുഖത്തുതന്നെയായിരിക്കും വീണ്ടും ചിരി പടരുക.

Tags:    
News Summary - up election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.