സൗരോര്‍ജരംഗത്തെ മുന്നേറ്റവും പഴഞ്ചന്‍ വ്യാപാരച്ചട്ടവും

ഏറെ പ്രതീക്ഷയോടെ ഇന്ത്യ 2010ല്‍ തുടങ്ങിയ ദേശീയ സൗരോര്‍ജ മിഷന്‍ ലോക വ്യാപാര സംഘടന (ഡബ്ള്യു.ടി.ഒ) ഉയര്‍ത്തിയ തടസ്സവാദത്തില്‍പെട്ടിരിക്കുന്നു. 2022ഓടെ 20,000 മെഗാവാട്ട് സൗരവൈദ്യുതി ശൃംഖലയിലൂടെ ലഭ്യമാക്കാനും സൗരോര്‍ജ ഉല്‍പാദനത്തിന്‍െറ ചെലവ് ഗണ്യമായി കുറക്കാനും ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജശക്തിയാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ജവഹര്‍ലാല്‍ നെഹ്റു ദേശീയ സൗരോര്‍ജ മിഷന്‍. 2013ല്‍ അമേരിക്ക അതിനെതിരെ ഡബ്ള്യു.ടി.ഒയില്‍ പരാതി കൊടുത്തു. ഇന്ത്യയുടെ സൗരോര്‍ജദൗത്യം അമേരിക്കന്‍ കമ്പനികള്‍ക്കെതിരെ വിവേചനം പുലര്‍ത്തുന്നു എന്നും ഈ വിവേചനം ഡബ്ള്യു.ടി.ഒ കരാറിലെ വ്യവസ്ഥകളുടെ ലംഘനമാണെന്നുമായിരുന്നു പരാതി. അത് പരിശോധിച്ച ഡബ്ള്യു.ടി.ഒ സമിതി ഇന്ത്യക്കെതിരെ തീര്‍പ്പ് നല്‍കി. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നു.

സൗരോര്‍ജത്തിന്‍െറ ഉപയോഗം രാജ്യമെങ്ങും വ്യാപിക്കാന്‍വേണ്ടി സോളാര്‍ മിഷന്‍ നിര്‍ദേശിച്ച കാര്യങ്ങളില്‍ ഒന്ന്, സൗരോര്‍ജ ഉല്‍പാദകരുമായി ദീര്‍ഘകാല കരാറുകള്‍ ഒപ്പുവെക്കുകയാണ്. ഉല്‍പാദിപ്പിക്കപ്പെടുന്ന വൈദ്യുതി നിര്‍ണിതവിലക്ക് സര്‍ക്കാര്‍ വാങ്ങിക്കൊള്ളാമെന്ന് കരാറില്‍ വ്യവസ്ഥ ചെയ്യും. ഈ വൈദ്യുതി സര്‍ക്കാര്‍ പിന്നീട് വൈദ്യുതി ശൃംഖലയിലൂടെ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യും. ഇപ്രകാരം ഉല്‍പാദകരില്‍നിന്ന് വൈദ്യുതി മൊത്തമായി സര്‍ക്കാര്‍ വാങ്ങുന്നതിന് ഒരു നിബന്ധനയുണ്ട്. ഉല്‍പാദനത്തിനായി ഉപയോഗിക്കുന്ന സോളാര്‍ സെല്ലുകളും മോഡ്യൂളുകളും ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ചവയായിരിക്കണം. തദ്ദേശീയമായ ചേരുവകളില്ലാത്ത വൈദ്യുതി വാങ്ങുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നില്ല. ഈ വ്യവസ്ഥയെയാണ് അമേരിക്കയും ഡബ്ള്യു.ടി.ഒയും എതിര്‍ക്കുന്നത്. ആഗോള വ്യാപാരച്ചട്ടങ്ങളുടെ ലംഘനമാണത് എന്ന് അവര്‍ വാദിക്കുന്നു. ഇറക്കുമതി ചെയ്ത സെല്ലുകള്‍ക്കും മോഡ്യൂളുകള്‍ക്കും എതിരായ വിവേചനമാണത്രെ ഇത്. വാസ്തവത്തില്‍ വിദേശനിര്‍മിത ഘടകങ്ങള്‍ക്ക് വിലക്കൊന്നുമില്ല- അവ ഉപയോഗിച്ചുണ്ടാക്കുന്ന വൈദ്യുതി വാങ്ങുമെന്ന ഗാരന്‍റി സര്‍ക്കാര്‍ നല്‍കുന്നില്ളെന്നുമാത്രം. ഒരര്‍ഥത്തില്‍ സബ്സിഡികള്‍ക്കെതിരായ വാദംതന്നെയാണ് ഡബ്ള്യു.ടി.ഒ ഇവിടെയും ഉയര്‍ത്തുന്നത്.

അതായത്, കമ്പോളം എല്ലാവര്‍ക്കുമായി തുറന്നുവെക്കണം. നാട്ടുകാരായ ഉല്‍പാദകര്‍ക്കനുകൂലമായി സര്‍ക്കാര്‍ സ്വന്തം ചെലവില്‍ വ്യവസ്ഥ ചെയ്യുന്നതുപോലും അനുവദിക്കില്ല. അതേസമയം, ഇത്തരം ആനുകൂല്യങ്ങള്‍ മറ്റു പേരുകളില്‍ അമേരിക്കന്‍ വ്യാപാരികള്‍ക്കും ഉല്‍പാദകര്‍ക്കും അനുകൂലമായി നിലവിലുണ്ടുതാനും. ‘തദ്ദേശീയച്ചേരുവ’ (ലോക്കല്‍ കണ്ടന്‍റ്) എന്ന ഇന്ത്യയുടെ നിബന്ധനക്കെതിരെയാണല്ളോ അവര്‍ മുറവിളി കൂട്ടുന്നത്. അമേരിക്കയില്‍തന്നെ അനേകം സംസ്ഥാനങ്ങളില്‍ (മിഷിഗന്‍, ടെക്സസ്, കാലിഫോര്‍ണിയ തുടങ്ങി പകുതിയോളം സംസ്ഥാനങ്ങളില്‍) ഇതേതരം ‘തദ്ദേശീയച്ചേരുവ’ നിബന്ധന ഉണ്ടെന്നിരിക്കെയാണ് ഇന്ത്യയെ ഉന്നമിട്ടു വരുന്നത്.

ഇത്തരം ഇരട്ടത്താപ്പിനോട് നാം പൊരുത്തപ്പെട്ടുവെന്നും ഡബ്ള്യു.ടി.ഒയുടെ പ്രയോജനം ലഭിക്കാന്‍ ഇതെല്ലാം കണ്ടില്ളെന്ന് വെക്കണമെന്നുമാണെങ്കില്‍, സൗരോര്‍ജ വിഷയത്തില്‍ പ്രശ്നം അവിടെയും തീരില്ല. ഏതാനും ചിലരുടെ വ്യാപാരതാല്‍പര്യമോ അതോ ഭൂമിയുടെ നിലനില്‍പോ ഏതാണ് മുന്‍ഗണനയര്‍ഹിക്കുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ലോകരാഷ്ട്രങ്ങള്‍ പങ്കെടുത്ത കാലാവസ്ഥാ ഉച്ചകോടി, ഭൂമിയെ രക്ഷിക്കുന്നതിനുള്ള അടിയന്തര ശ്രമമെന്നനിലയില്‍ ചില തീരുമാനങ്ങളെടുത്തു. സൗരോര്‍ജമടക്കമുള്ള ബദല്‍ ഊര്‍ജരീതികള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണത്. ഇന്ത്യയുടെ സൗരോര്‍ജ മിഷന്‍ കാലാവസ്ഥാ മാറ്റത്തിനുള്ള പ്രതിവിധിയായിട്ടല്ല തുടങ്ങിയതെങ്കിലും പാരിസ് ഉച്ചകോടിയുടെ ലക്ഷ്യങ്ങളുമായി പൂര്‍ണമായും ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്. ഡബ്ള്യു.ടി.ഒ കരാറുകള്‍ നിലവില്‍ വരുമ്പോള്‍ കാലാവസ്ഥാ മാറ്റമെന്ന വിഷയം പരിഗണനയിലേ ഇല്ലായിരുന്നു. എന്നാല്‍, വ്യാപാരസ്വാതന്ത്ര്യത്തെക്കാളും ആഗോളീകരണത്തെക്കാളുമൊക്കെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നതാണ് കാലാവസ്ഥാ പ്രതിസന്ധിയെന്ന് ലോകം പിന്നീട് തിരിച്ചറിഞ്ഞു. സൗരോര്‍ജ മിഷനെപ്പോലുള്ളവക്ക് തടസ്സംവരുത്തുന്ന എന്തും ആ പ്രതിസന്ധിയെക്കൂടി സങ്കീര്‍ണമാക്കും.

നിലവിലുള്ള ഡബ്ള്യു.ടി.ഒ വ്യവസ്ഥകള്‍ക്കുവേണ്ടി കാലാവസ്ഥയെ കുരുതി കൊടുക്കണോ അതോ ഡബ്ള്യു.ടി.ഒയിലെ പഴഞ്ചന്‍ വ്യവസ്ഥകള്‍ പുതിയ വെല്ലുവിളികളുടെ വെളിച്ചത്തില്‍ മാറ്റിയെഴുതണോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ഇന്ത്യയില്‍ ഇന്ന് 30 കോടി ജനങ്ങള്‍ക്ക് വൈദ്യുതി ലഭ്യമല്ല. വര്‍ധിച്ചുവരുന്ന ഗാര്‍ഹികാവശ്യങ്ങള്‍ക്കു പുറമെ വ്യവസായ ആവശ്യങ്ങള്‍ക്കും വൈദ്യുതി വളരെയേറെ വേണ്ടിവരും. ഇന്നത്തെപ്പോലെ പെട്രോളിയത്തെയും കല്‍ക്കരിയെയും ആശ്രയിക്കുന്നത് തുടര്‍ന്നാല്‍ പരിസ്ഥിതിയെയും ഭൂമിയെയും തകര്‍ക്കുക എന്നാണര്‍ഥം. സൗരോര്‍ജ മിഷന്‍ വിജയകരമായി മുന്നോട്ടുകൊണ്ടുപോവുകയാവണം നമ്മുടെ ഊര്‍ജമേഖലാ മുന്‍ഗണനകളില്‍ മുഖ്യം. അതിന് ഡബ്ള്യു.ടി.ഒ തടസ്സമാകുമെങ്കില്‍ അതിനെയാണ് മാറ്റേണ്ടത്. പാരിസ് ഉച്ചകോടിയില്‍ നാം സൗരോര്‍ജ മിഷനെ ചൂണ്ടി അഭിമാനംകൊണ്ടത് വെറുതെയാകരുത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.