യെച്ചൂരി നേരിടുന്ന വെല്ലുവിളി

പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ തിരിച്ചടി സംസ്ഥാനത്തെ മൂന്നര പതിറ്റാണ്ടുകാലം അടക്കിഭരിച്ച സി.പി.എമ്മിനെ പുറത്തുകടക്കാന്‍ നന്നെ പ്രയാസപ്പെടുത്തുന്ന കടുത്ത പ്രതിസന്ധിയിലാണത്തെിച്ചിരിക്കുന്നതെന്ന് വിളിച്ചോതുന്നതാണ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലെ കഴിഞ്ഞ ദിവസത്തെ സംഭവവികാസങ്ങള്‍. ചരിത്രത്തില്‍ ഇദംപ്രഥമമെന്ന് പറയാവുന്നവിധം പ്രമുഖ മഹിളാ നേതാവുകൂടിയായ ഒരു സി.സി അംഗം പാര്‍ട്ടി അംഗത്വംതന്നെ രാജിവെക്കുന്നതായി പ്രഖ്യാപിച്ച് ഇറങ്ങിപ്പോരുകയും മാധ്യമങ്ങളുടെ മുമ്പാകെ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിക്കുകയും ചെയ്തു. ജഗ്മതി സാങ്വാനെ അനുനയിപ്പിക്കാന്‍ കേന്ദ്ര കമ്മിറ്റി യോഗത്തിനകത്തും പുറത്തും ശ്രമം നടന്നുവെങ്കിലും നിലപാടില്‍ ഉറച്ചുനിന്നതിനെ തുടര്‍ന്ന് സി.പി.എം പ്രാഥമികാംഗത്വത്തില്‍നിന്ന് അവരെ പുറത്താക്കേണ്ടിവന്നു.

പരമോന്നത വേദിയായ പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലുമൊക്കെ ചൂടേറിയ വാഗ്വാദങ്ങള്‍ക്കും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍െറയും അദ്ദേഹത്തിന്‍െറ പിന്‍ഗാമി സീതാറാം യെച്ചൂരിയുടെയും ഭിന്ന രേഖകള്‍ക്കും ജഗ്മതിയുടെ രാജിക്കുമൊക്കെ വഴിവെച്ചത് പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്-ഐയുമായി സി.പി.എം കൂട്ടുകെട്ടിലേര്‍പ്പെട്ട് മത്സരിച്ചത് പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമായില്ളേ എന്ന പ്രശ്നമാണ്. നേരത്തേ അംഗീകരിക്കപ്പെട്ട പാര്‍ട്ടി നയം കോണ്‍ഗ്രസുമായി ഒരുവിധ സഖ്യമോ ആ പാര്‍ട്ടിയുമായി ചേര്‍ന്നുള്ള മുന്നണിയോ സി.പി.എമ്മിന്‍െറ അജണ്ടയിലില്ല എന്നതാണെന്ന കാര്യത്തില്‍ കാര്യമായ ഭിന്നാഭിപ്രായമില്ല. എന്നാല്‍, മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരന്തരം വേട്ടയാടപ്പെടുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ തുല്യ ദു$ഖിതരായ കോണ്‍ഗ്രസും സി.പി.എമ്മും നീക്കുപോക്കുകളുടെ അടിസ്ഥാനത്തില്‍ മത്സരിക്കാന്‍ പാര്‍ട്ടി പശ്ചിമ ബംഗാള്‍ ഘടകത്തിന് നേതൃത്വം അനുവാദം നല്‍കിയിരുന്നു.

അതു പക്ഷേ, പരസ്പരം വേദി പങ്കിടുന്നതിലേക്കും കൊടികള്‍ കൂട്ടിക്കെട്ടുന്നതിലേക്കും സമ്പൂര്‍ണ സഖ്യം എന്ന പൊതുധാരണ സൃഷ്ടിക്കുന്നതിലേക്കും വളരാന്‍ താമസമുണ്ടായില്ല. ഇലക്ഷനില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ കൂട്ടുമന്ത്രിസഭ രൂപവത്കരിക്കാന്‍ കോണ്‍ഗ്രസും സി.പി.എമ്മും തയാറാവും എന്നുവരെ കണക്കുകൂട്ടലുകളുണ്ടായി. പക്ഷേ, ഫലങ്ങള്‍ പ്രഖ്യാപിക്കപ്പെടുമ്പോള്‍ നേട്ടമുണ്ടാക്കിയത് കോണ്‍ഗ്രസാണ്. സി.പി.എമ്മിന് കനത്ത നഷ്ടമാണ് സംഭവിച്ചത്. ഇതാണുതാനും ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഗുരുതരമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നതും. കോണ്‍ഗ്രസുമായുള്ള സഖ്യം പാര്‍ട്ടിക്ക് വോട്ടും സീറ്റുകളും ഗണ്യമായി വര്‍ധിപ്പിക്കാനും പരമ്പരാഗത പ്രതിയോഗിയെക്കാള്‍ നേട്ടമുണ്ടാക്കാനും വഴിയൊരുക്കിയിരുന്നെങ്കില്‍ ബംഗാള്‍ ഘടകത്തിന്‍െറ ‘അച്ചടക്ക ലംഘനം’ വലിയ പ്രശ്നമായി ഉയര്‍ത്തപ്പെടുമായിരുന്നില്ളെന്ന് വ്യക്തം. സഖ്യം നഷ്ടക്കച്ചവടമായി, ബൂര്‍ഷ്വാ പാര്‍ട്ടിയുമായി കൂട്ടുകൂടി എന്ന അപഖ്യാതി സമ്പാദിക്കുകയും ചെയ്തു എന്നതാണ് നേതൃത്വത്തിനെതിരെ കേരളഘടകം ഉള്‍പ്പെടെ പ്രബലമായ ഒരു വിഭാഗം രംഗത്തിറങ്ങാന്‍ കാരണം. ഇനിയും പക്ഷേ, കോണ്‍ഗ്രസ് ബാന്ധവം തുടരുകയല്ലാതെ നിര്‍വാഹമില്ളെന്ന നിലപാടിലാണ് ബംഗാള്‍ ഘടകം. അത് തെറ്റായിരുന്നു, തിരുത്തണം എന്ന് കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരിക്കെ ഇനിയെന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണണം.

ത്വരിതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ സുചിന്തിതവും പ്രായോഗികവുമായ നയനിലപാടുകള്‍ രൂപപ്പെടുത്തുന്നതില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് പൊതുവിലും മുന്നണി നേതൃത്വം നല്‍കുന്ന സി.പി.എമ്മിന് വിശേഷിച്ചും സംഭവിക്കുന്ന അപചയമാണ് പ്രതിസന്ധിയുടെ മര്‍മം. ഒരുവശത്ത് രാജ്യമാകെ പിടിയിലൊതുക്കാന്‍ വെമ്പുന്ന ഫാഷിസത്തിന്‍െറ ഭീകര മുന്നേറ്റം, മറുവശത്ത് മതേതര ജനാധിപത്യ പാര്‍ട്ടികളെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍തന്നെയാണ് ബി.ജെ.പിയും പൂര്‍വാധികം ശക്തിയോടെ തുടരുന്നതെന്ന നഗ്ന യാഥാര്‍ഥ്യം. അമേരിക്കന്‍ സാമ്രാജ്യത്വവുമായി ആണവ കരാറില്‍ ഒപ്പിട്ടതിന്‍െറ പേരില്‍ യു.പി.എ സര്‍ക്കാറിന് നല്‍കിവന്ന പിന്തുണ പിന്‍വലിച്ച സി.പി.എമ്മിന് പ്രസ്തുത നയത്തില്‍ ഒരു മാറ്റവും വരുത്താന്‍ തയാറില്ലാത്ത കോണ്‍ഗ്രസുമായി എങ്ങനെ സഖ്യമുണ്ടാക്കാന്‍ സാധിക്കുമെന്നത് കുരുക്കഴിക്കാന്‍ പ്രയാസമുള്ള സമസ്യയാണ്.

അല്ളെങ്കില്‍ പിന്നെ ഹിന്ദുത്വ ഫാഷിസത്തിനെതിരെ വിശാലമായ മതേതര ജനാധിപത്യ മുന്നണി എന്ന സങ്കല്‍പത്തിന്‍െറ ഭൂമികയില്‍നിന്നുകൊണ്ടെങ്കിലും കോണ്‍ഗ്രസുമായുള്ള ധാരണയെ ന്യായീകരിക്കാന്‍ കഴിയണം. ആ ദിശയിലൊരു നയം സി.പി.എം ഇതുവരെ സ്വീകരിച്ചിട്ടില്ളെന്നതിരിക്കട്ടെ, പശ്ചിമ ബംഗാളില്‍ അതുപോലുമല്ല മുഖ്യ വിഷയം. മതേതര ജനാധിപത്യ പാര്‍ട്ടി തന്നെയെന്നവകാശപ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയാണ് നിലനില്‍പിനുവേണ്ടി സി.പി.എമ്മിന് കോണ്‍ഗ്രസിനെ കൂട്ടുപിടിക്കേണ്ടിവരുന്നത്. മുങ്ങിച്ചാവുന്നവന്‍ തുരുമ്പിലും പിടികൂടാന്‍ ശ്രമിക്കും എന്ന ലളിത ന്യായമേ ഏറിവന്നാല്‍ ഈ സഖ്യത്തിനുള്ളൂ. ലെനിനിസ്റ്റ് തത്ത്വങ്ങളുടെ പേരില്‍ നിലകൊള്ളുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ എല്ലാവര്‍ക്കും, അവസരവാദപരമെന്ന് ആരോപിക്കപ്പെടാന്‍ നല്ലപോലെ വകയുള്ള ഈ നിലപാട് ദഹിച്ചുകൊള്ളണമെന്നില്ല. അതിന്‍െറ ഫലമാണ് ഇപ്പോഴത്തെ പൊട്ടിത്തെറി. വലിയ പരിക്കുകളില്ലാതെ ഈ പ്രതിസന്ധിയെ അതിജീവിക്കാനുള്ള തന്ത്രം മെനയാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കാവുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു അദ്ദേഹത്തിന്‍െറ നേതൃത്വ കാലാവധിപോലും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.