ചുവപ്പുനാട നീക്കി ചുവപ്പ് പരവതാനി

നിയന്ത്രണനിയമങ്ങളുടെ ചുവപ്പുനാടക്കുപകരം നിരവധി ഇളവുകളുടെ ചുവപ്പ് പരവതാനി വിരിച്ച് നവ, യുവസംരംഭകരെ വ്യവസായവികസനത്തിനായി കുടിയിരുത്തുന്ന സ്റ്റാര്‍ട്ട്അപ് പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് ഒരായിരം പ്രതീക്ഷകള്‍ക്കുകൂടി ചിറകുമുളപ്പിച്ചാണ്. ലോകത്തെ സംരംഭക ഭീമന്മാരെയും രാജ്യത്ത് സാമ്പത്തികവികസനരംഗത്ത് കുതിച്ചുചാട്ടം കണക്കുകൂട്ടി കാലെടുത്തുവെച്ച നവാഗത യുവസംരംഭകരെയും സാക്ഷിനിര്‍ത്തി നടത്തിയ പദ്ധതി പ്രഖ്യാപനം പേര് സൂചിപ്പിക്കുന്നതുപോലെ പുതിയ ഇന്ത്യയിലേക്കുള്ള തുടക്കമാകട്ടെ എന്ന് ആശംസിക്കുക.

കഴിഞ്ഞ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പുതുസംരംഭങ്ങളെ ‘കെട്ടഴിച്ചുവിടു’ന്ന ‘സ്റ്റാര്‍ട്ട്അപ് ഇന്ത്യ, സ്റ്റാന്‍ഡ്അപ് ഇന്ത്യ’ പ്രഖ്യാപനം പ്രധാനമന്ത്രി മോദി നടത്തിയത്. അഞ്ചുവര്‍ഷത്തില്‍ കുറഞ്ഞ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത, ഏതെങ്കിലുമൊരു സാമ്പത്തികവര്‍ഷത്തില്‍ 25 കോടി വരെ വാര്‍ഷിക അറ്റാദായം രേഖപ്പെടുത്തിയ സംരംഭങ്ങളെയാണ് ഗവണ്‍മെന്‍റ് പ്രോത്സാഹിപ്പിക്കുക. പുതിയ ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍, നടത്തിപ്പുകള്‍ എന്നിവ കണ്ടത്തെുകയോ വികസിപ്പിക്കുകയോ വാണിജ്യവത്കരിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് വന്‍ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ പുതുസംരംഭങ്ങള്‍ മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തുതുടങ്ങാം. ഉടക്കിടാന്‍ സാധ്യതയുള്ള ആറ് തൊഴില്‍നിയമങ്ങളും മൂന്ന് പരിസ്ഥിതിനിയമങ്ങളും ഇവക്ക് ബാധകമല്ല.

മൂന്ന് വര്‍ഷത്തേക്ക് തൊഴില്‍പരിശോധനയില്ല. ആദ്യ മൂന്നുവര്‍ഷം ലാഭത്തിന് ആദായനികുതിയില്ല. കേന്ദ്രവുമായും വിവിധ ഏജന്‍സികളുമായും ബന്ധപ്പെടാന്‍ മൊബൈല്‍ ആപ്പും പ്രത്യേക പോര്‍ട്ടലും. പേറ്റന്‍റ് നടപടികള്‍ ഉദാരമാക്കും. സംരംഭങ്ങള്‍ തുടങ്ങി പരാജയപ്പെട്ടാല്‍ ബാധ്യതകളുടെ കെട്ടുപാടുകളില്ലാതെ എളുപ്പം പിന്മാറാം. നൂതനാശയങ്ങളെ സഹായിക്കാന്‍ 10,000 കോടി രൂപ. പുതിയ ആശയങ്ങള്‍ക്കും ഗവേഷണത്തിനുമായി കേരളത്തില്‍ മൂന്നെണ്ണമടക്കം രാജ്യത്ത് 18 ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്ററുകള്‍, അഞ്ചു ലക്ഷം സ്കൂളുകളില്‍നിന്ന് 10 ലക്ഷം നൂതനാശയങ്ങള്‍ സ്വന്തമാക്കാന്‍ സാമ്പത്തികസഹായം   ഇങ്ങനെ നൂതനവും കാലോചിതവുമായ കര്‍മപരിപാടിയാണ് സ്റ്റാര്‍ട്ട്അപ് ഇന്ത്യയുടെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്നത്. സാങ്കേതികതടസ്സക്കാരന്‍െറയല്ല, സൗകര്യമൊരുക്കക്കാരന്‍െറ നിലയിലായിരിക്കും ഇനി സര്‍ക്കാറുണ്ടാവുക എന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കുന്നു.  

ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വരുന്ന പദ്ധതിയുടെ ഗതിവിഗതികള്‍ നോക്കി ഗവണ്‍മെന്‍റിന്‍െറ വാക്കുകള്‍ മുഖവിലക്കെടുക്കാം. വികസനരംഗത്തെ മുരടിപ്പിനുള്ള ഒൗദ്യോഗികനിമിത്തങ്ങളും കെട്ടുപാടുകളും കേന്ദ്രത്തിന് നന്നായറിയാമെന്ന് സ്റ്റാര്‍ട്ട്അപ് പദ്ധതിയില്‍ പ്രഖ്യാപിച്ച വമ്പന്‍ ഇളവുകളും പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും പ്രസ്താവനകളും തെളിയിക്കുന്നുണ്ട്. ലോകത്തിന് മുമ്പാകെ നടത്തിയ പ്രഖ്യാപനം പ്രയോഗത്തില്‍ കൊണ്ടുവരാനുള്ള ഇച്ഛാശക്തി മോദി ഗവണ്‍മെന്‍റ് പ്രകടിപ്പിക്കുകയാണെങ്കില്‍ സാമ്പത്തികമാന്ദ്യവും അതിനുപിറകെ രൂക്ഷമായ വരള്‍ച്ചയും ഭക്ഷ്യകമ്മിയുമൊക്കെ തുറിച്ചുനോക്കുന്ന ഇന്ത്യക്ക് ഭാവിയെക്കുറിച്ച പ്രത്യാശനല്‍കാന്‍ അതുതകും.

ചുവപ്പുനാടക്കുപകരം ചുവപ്പ് പരവതാനി വിരിക്കുന്ന മോദി ഗവണ്‍മെന്‍റ് തുടര്‍ന്നും പദ്ധതിയുടെ നടത്തിപ്പുഫലം അവലോകനംചെയ്തും പരിഷ്കരണങ്ങളിലൂന്നിയും ശ്രദ്ധാപൂര്‍വം മുന്നോട്ടുപോകേണ്ടിവരും. ഇല്ളെങ്കില്‍ ലൈസന്‍സ് രാജില്‍നിന്ന് 1991ല്‍ അന്നത്തെ കോണ്‍ഗ്രസ് ഗവണ്‍മെന്‍റ് പ്രഖ്യാപനം നടത്തി തലയൂരിയതുപോലുള്ള ചെപ്പടിവിദ്യയായി ഇതും മാറും. പണ്ട് നരസിംഹറാവു-മന്‍മോഹന്‍ കൂട്ടുകെട്ട് സാമ്പത്തികമാന്ദ്യത്തെ നേരിടാന്‍ ലൈസന്‍സ് രാജ് ഇല്ലാതാക്കുന്ന നയം പ്രഖ്യാപിച്ച് പാഴാക്കിയ പിഴവുതന്നെ മോദി-ജെയ്റ്റ്ലി സഖ്യം ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ഫലപ്രാപ്തിക്കുവേണ്ടി ജാഗ്രതയോടെ മുന്നോട്ടുപോകേണ്ടിവരും.

ലൈസന്‍സ് രാജില്‍നിന്ന് വിടുതല്‍ പ്രഖ്യാപിച്ച് കാല്‍ നൂറ്റാണ്ടിനിപ്പുറവും പ്രധാനമന്ത്രിക്ക് ഇന്‍സ്പെക്ടര്‍ രാജിന്‍െറ ഭീഷണി ഒഴിവാക്കുന്നതിനെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നത് ദുര്യോഗംതന്നെ. നിക്ഷിപ്തതാല്‍പര്യങ്ങള്‍ക്കുവേണ്ടി സ്വന്തക്കാരില്‍ ചിലരെ ഊട്ടാനും ഉയര്‍ത്താനുമുള്ള മോദി സര്‍ക്കാര്‍ യജ്ഞങ്ങളുടെ ഭാഗമാണിതുമെങ്കില്‍ സംഗതിപാളുമെന്നതില്‍ സംശയംവേണ്ട. അതല്ല, ബലക്ഷയം ബാധിച്ച സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള സുചിന്തിത പ്രവര്‍ത്തനത്തിനാണ് ഗവണ്‍മെന്‍റ് ഇറങ്ങിത്തിരിക്കുന്നതെങ്കില്‍ അത് ജയംകാണുമെന്നുറപ്പ്. പുതുതലമുറക്ക് ആവോളം പ്രതീക്ഷകള്‍ പകര്‍ന്നുനല്‍കുന്ന കര്‍മപരിപാടിയുമായി ചൊവ്വായദിശയില്‍തന്നെ കേന്ദ്രം മുന്നോട്ടുപോകട്ടെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.