മഞ്ഞുമലയിലെ മനുഷ്യക്കുരുതിക്ക് അന്ത്യം കണ്ടുകൂടേ?

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ യുദ്ധഭൂമിയായി വിശേഷിപ്പിക്കപ്പെടാറുള്ള സിയാചിന്‍ മഞ്ഞുമലയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ മഞ്ഞുവീഴ്ചയില്‍ ഒരു ജൂനിയര്‍ കമീഷന്‍റ് ഓഫിസറും മദ്രാസ് റെജിമെന്‍റിന്‍െറ ഒമ്പതു സൈനികരുമടക്കം 10 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മരിച്ചവരില്‍ കൊല്ലം കുണ്ടറ സ്വദേശി സുധീഷുമുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 20,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സിയാചിനില്‍ ഇതാദ്യമല്ല ഇങ്ങനെയൊരു ദുരന്തം. ഇന്ത്യ, പാകിസ്താന്‍ സൈനികരില്‍നിന്ന് ഇതിനകം ചുരുങ്ങിയത് 4000 പേര്‍ക്കെങ്കിലും ജീവഹാനി നേരിട്ടിട്ടുണ്ട് എന്നാണ് കണക്കുകള്‍ ഓര്‍മപ്പെടുത്തുന്നത്. ഹിമാലയത്തില്‍, കിഴക്കന്‍ കാരക്കോണം മേഖലയില്‍ കിടക്കുന്ന 78 കി.മീറ്റര്‍ ദൈര്‍ഘ്യംവരുന്ന ഈ മഞ്ഞുമലയില്‍ അതിശൈത്യംമൂലം ജനവാസം അസാധ്യമാണ്. റോസ് വിരിയുന്ന ഇടം എന്നാണ് സിയാചിന്‍െറ അര്‍ഥമെങ്കിലും തീര്‍ത്തും പ്രതികൂല കാലാവസ്ഥയില്‍ മുള്‍ച്ചെടികള്‍പോലും വിരളാമായേ വളരാറുള്ളൂ. ഇന്ത്യയും പാകിസ്താനും ചൈനയും മധ്യേഷ്യയുമൊക്കെ അതിര്‍പിരിയുന്ന ഈ മേഖലയുടെമേല്‍ ഒരുവേള ഒരുരാജ്യവും അവകാശവാദം ഉന്നയിക്കാതിരിക്കാന്‍ കാരണം നിയന്ത്രണം ഏറ്റെടുക്കുക അസാധ്യമാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാവണം. 1949ലെ കറാച്ചി ഉടമ്പടിയിലൊ 1972ലെ ഷിംല കരാറിലൊ സിയാചിന്‍ പരാമര്‍ശിക്കപ്പെടുന്നില്ല. 1970കളിലും 80കളിലും ഹിമാലയന്‍ കൊടുമുടികളിലത്തൊന്‍ പാകിസ്താനില്‍നിന്ന് സിയാചിന്‍വഴി ചില സാഹസികര്‍ യാത്ര തുടങ്ങിയതില്‍പിന്നെയാണ് മേഖലയുടെമേല്‍ നിയന്ത്രണം അനിവാര്യമാണെന്ന് ഇന്ത്യന്‍ അധികൃതര്‍ മനസ്സിലാക്കിത്തുടങ്ങിയതത്രെ. അതോടെ മഞ്ഞുമല ഇരുരാജ്യങ്ങള്‍ക്കുമിടയിലെ തര്‍ക്കവിഷയമായി. 1984 തൊട്ട് എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് ഇന്ത്യയും പാകിസ്താനും സൈന്യത്തെ വിന്യസിക്കാന്‍തുടങ്ങി എന്നു മാത്രമല്ല, ഇടക്കിടെ ഏറ്റുമുട്ടലുമുണ്ടായി. ഇപ്പോള്‍ സിയാങ്ലാ, ബില്‍ഫോണ്ട് ലാ എന്നീ മലയിടുക്കുകള്‍ ഇന്ത്യയുടെയും ഗ്യോങ്ലാ പാകിസ്താന്‍െറയും അധീനതയിലാണ്. 150ഓളം ഒൗട്ട്പോസ്റ്റുകള്‍ ഇരുരാജ്യവും സ്ഥാപിച്ചിട്ടുണ്ടത്രെ. ചുരുങ്ങിയത് 4000 വീതം സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. ഹെലികോപ്ടര്‍ മുഖേനയാണ് ഭക്ഷണവും മറ്റ് അത്യാവശ്യ സാധനസാമഗ്രികളും എത്തിച്ചുകൊണ്ടിരിക്കുന്നത്.
അത്യുന്നതങ്ങളിലെ സിയാചിന്‍ പോരാട്ടഭൂമിയെ കുറിച്ചും നിലക്കാത്ത മനുഷ്യദുരന്തത്തെക്കുറിച്ചും ഇടക്കിടെ കേള്‍ക്കുന്നുവെന്നല്ലാതെ മഞ്ഞുമൂടിയ ഈ പ്രദേശം കേവലം ചുടലക്കളമായി മാറുന്നത് എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് ചര്‍ച്ചപോലും നടക്കുന്നില്ല എന്നതാണ് ഖേദകരം.  ഇരുരാജ്യങ്ങളുടെയും ഖജനാവില്‍നിന്ന് ഭീമമായ തുക ചെലവഴിച്ച് എന്താണ് നേടുന്നത് എന്ന് നിഷ്പക്ഷമായി വിലയിരുത്തപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യത്തിന്‍െറ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നതിനാല്‍ സിയാചിനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുന്ന പ്രശ്നമില്ളെന്നാണ് പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ അസന്ദിഗ്ധമായി അറിയിച്ചിരിക്കുന്നത്. സമീപകാലത്ത് ദുരന്തങ്ങള്‍ കുറഞ്ഞുവന്നിട്ടുണ്ടെന്നും കഴിഞ്ഞദിവസമുണ്ടായതുപോലുള്ള ആപത്തുകള്‍ മുന്‍കൂട്ടി കാണാന്‍ പറ്റാത്തതാണെന്നുമാണ് അദ്ദേഹത്തിന്‍െറ ഭാഷ്യം. എന്നാല്‍, മേഖലയെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കുകയും ഇന്ത്യ-പാക് തര്‍ക്കത്തിന്‍െറ മര്‍മങ്ങള്‍ മന$പാഠമാക്കുകയും ചെയ്ത സൈനിക, പ്രതിരോധവിദഗ്ധര്‍തന്നെ പറയുന്നത് സിയാചിനില്‍ ഇരുരാജ്യങ്ങളും കോടികള്‍ പാഴാക്കുകയാണെന്നും ജവാന്മാരുടെ വിലപ്പെട്ട ജീവന്‍ കുരുതികൊടുക്കുകയുമാണെന്നാണ്. ഒന്നുമില്ളെങ്കില്‍ അതിശൈത്യം ഹിമാലയന്‍ സാനുക്കളെ മനുഷ്യസാന്നിധ്യംപോലും അസാധ്യമാക്കുന്ന കാലയളവിലെങ്കിലും സൈന്യത്തെ സുരക്ഷിതമേഖലകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന് എന്തുചെയ്യാന്‍പറ്റും എന്നതിനെക്കുറിച്ച് ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടിയിരിക്കുന്നു. ഹിമപാതത്തെക്കുറിച്ച് പഠിക്കാന്‍ പ്രതിരോധ ഗവേഷണ വകുപ്പിനുകീഴില്‍ ലേഹ് ആസ്ഥാനമായി ശാസ്ത്ര-സാങ്കേതിക സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും തക്കസമയത്ത് മുന്‍കരുതല്‍ നല്‍കാനൊ മഞ്ഞുവീഴ്ചയുടെ ആഘാതങ്ങള്‍ കുറക്കാനൊ കാര്യമായ സംഭാവന നല്‍കാനായില്ളെന്ന് ബന്ധപ്പെട്ടവര്‍ സമ്മതിക്കുന്നു. അതേസമയം, ആഗോളതാപനത്തിന്‍െറ ഫലമെന്നോണം സിയാചിന്‍ ഗ്ളേസിയറിന്‍െറ ഘടനയില്‍തന്നെ മാറ്റംവരുകയും മഞ്ഞുരുക്കം അപകടനിലയിലേക്ക് പരിണമിച്ചിട്ടുണ്ടെന്നുമാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.
സിയാചിനില്‍നിന്നുള്ള സൈനികപിന്മാറ്റംകൊണ്ട് ഒന്നും നഷ്ടപ്പെടാന്‍ പോകുന്നില്ല എന്ന അഭിപ്രായത്തെ പ്രതിരോധരംഗം കൈകാര്യംചെയ്യുന്നവര്‍ പ്രതിരോധിക്കുന്നത്  ആ മേഖലയുടെ തന്ത്രപരമായ സ്ഥാനം എടുത്തുകാട്ടിയാണ്.  പാകിസ്താനില്‍നിന്നുള്ള കടന്നുകയറ്റം മാത്രമല്ല, ചൈനയില്‍നിന്ന് വെല്ലുവിളി ഉയരുന്നുണ്ട് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാരക്കോണം മലയിടുക്കിനും അക്സായി ചൈനക്കും സമീപം ഇന്ത്യയുടെ സൈനികനീക്കം ചൈനയെ അലോസരപ്പെടുത്തുക സ്വാഭാവികമാണ്. അതേസമയം, സിയാചിന്‍, സര്‍ ക്രീക്ക്  തര്‍ക്കങ്ങള്‍ എപ്പോഴെല്ലാം ഇന്ത്യ-പാക് ചര്‍ച്ചകളില്‍ കടന്നുവന്നിട്ടുണ്ടോ അപ്പോഴെല്ലാം ഇസ്ലാമാബാദ് ഭരണകൂടം കടുംപിടിത്തവുമായാണ് വിഷയത്തെ സമീപിച്ചിട്ടുള്ളതത്രെ. 10 സൈനികരുടെ ജീവനെടുത്ത ദുരന്തത്തിന്‍െറ പശ്ചാത്തലത്തിലെങ്കിലും മഞ്ഞുമലകളിലെ സൈനികതമ്പുകളുടെ എണ്ണം കുറച്ചുകൊണ്ടുവരാനും നിശ്ചിത സമയപരിധിക്കകം ‘ഡീമിലിട്ടറൈസ്’ ചെയ്യാനും എന്തുണ്ട് പോംവഴി എന്നതിനെക്കുറിച്ച് വരാനിരിക്കുന്ന ചര്‍ച്ചകളിലെങ്കിലും കൂലങ്കഷമായി ആലോചിക്കുന്നത് ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായ ചുവടുവെപ്പായിരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.