ജാതി സെൻസസ് വിവരങ്ങൾ പുറത്തുവിടാൻ സന്നദ്ധത പുലർത്തുന്നില്ലെങ്കിലും സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ ജാതിസെൻസസ് നടത്താമെന്ന നിലപാട് സ്വീകരിക്കാൻ നിർബന്ധിതമായി കേന്ദ്ര സർക്കാർ. മഹാരാഷ്ട്രയിൽനിന്നും കേരളത്തിൽനിന്നുമെത്തിയ രണ്ട് കേസുകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന് ഇതു പറയേണ്ടിവന്നത്
നെടുങ്കൻ പാതകളുടെ നീളവും വിമാനത്താവളങ്ങളുടെ എണ്ണക്കൂടുതലും കൊണ്ടല്ല, അടിസ്ഥാന ജന വിഭാഗങ്ങളെയും ദുർബല സമൂഹങ്ങളെയും എത്ര നന്നായി പരിഗണിക്കുന്നു എന്നുനോക്കിയാണ് ഒരു രാജ്യത്തിന്റെ വികസനവും പുരോഗതിയും വിലയിരുത്താനാവുക.
പലവിധ അട്ടിമറികൾക്ക് വിധേയമാകുന്നുവെങ്കിലും മണ്ഡൽ കമീഷൻ റിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് പിന്നാക്ക സമുദായ അംഗങ്ങൾക്ക് സർക്കാർ ജോലികളിലും കോളജ് അഡ്മിഷനുകളിലും സംവരണം ലഭിക്കുന്നുണ്ട്. ആദിവാസികളുടെയും പട്ടികജാതി-വർഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമത്തിന് കുറെ പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
എന്നാൽ, പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും വരുന്ന പിഴവുമൂലം ആ ജനതയുടെ ജീവിതത്തിൽ വേണ്ടത്ര മാറ്റങ്ങളും പുരോഗതിയും സൃഷ്ടിക്കാൻ ഇനിയും സാധിച്ചിട്ടില്ല. ഏതൊരു ആസൂത്രണത്തിന്റെയും അടിസ്ഥാനം ആധികാരിക കണക്കുകളും വിവരങ്ങളുമാണ്. പിന്നാക്ക സമുദായങ്ങളെക്കുറിച്ച് ആധികാരികവും വിശ്വസനീയവുമായ രേഖകൾ ഇല്ലെന്നത് ഒരു യാഥാർഥ്യമാണ്.
ഇന്ത്യൻ സമൂഹത്തിലെ വിവിധ ജാതികളുടെ സമൂഹിക-സാമ്പത്തിക-തൊഴിൽ-വിദ്യാഭ്യാസ അവസ്ഥകൾ എന്തൊക്കെയാണ്, ഭരണകൂടത്തിന്റെ പിന്തുണ എത്താത്തത് എവിടെ, വിഭവങ്ങളുടെ വിതരണം ഏതുനിലക്കാണ് നടക്കുന്നത്...ഇങ്ങനെ ഒട്ടനവധി ചോദ്യങ്ങൾക്ക് സൂക്ഷ്മമായ ഉത്തരം വേണ്ടതുണ്ട്. ഒരു സമ്പൂർണ ജാതി സെൻസസ് വഴി അതിനു സാധിക്കും.
1891ൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ സെൻസസ് ആരംഭിച്ചപ്പോൾത്തന്നെ അതിൽ ജാതികോളം ഉണ്ടായിരുന്നു. 1931വരെ അതു തുടരുകയും ചെയ്തു. രാജ്യത്ത് ആദ്യമായി പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിച്ച 1953ലെ കാകാ കലേൽക്കർ കമീഷന്റെ പ്രധാന നിർദേശങ്ങളിലൊന്ന് 1961ലെ സെൻസസിൽ ജാതിക്കണക്കെടുക്കണമെന്നായിരുന്നു. പക്ഷേ, അന്നത്തെ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ താൽപര്യമെടുത്തില്ല.
ജാതിസെൻസസ് നടത്തുമെന്ന് വാജ്പേയി സർക്കാർ 2001ൽ പാർലമെന്റിൽ ഉറപ്പുനൽകിയെങ്കിലും ഫലപ്രാപ്തിയിൽ എത്തിയില്ല. 10 വർഷത്തിനുശേഷം 2011ൽ മൻമോഹൻ സിങ് സർക്കാർ സാമൂഹിക, സാമ്പത്തിക, ജാതിസെൻസസ് നടത്തി. പക്ഷേ, അതിലെ വിവരങ്ങൾ 2023ലും പരസ്യമല്ല.
2011ലെ സാമൂഹിക - സാമ്പത്തിക-ജാതിസെൻസസിൽ തെറ്റുള്ളതിനാൽ ജോലി, വിദ്യാഭ്യാസം തിരഞ്ഞെടുപ്പ്, സംവരണം എന്നിവക്ക് ആധാരമാക്കാനാവില്ലെന്നാണ് നിലവിലെ കേന്ദ്ര സർക്കാർ പറയുന്നത്. പിന്നാക്കക്കാരുടെ കണക്കും ജീവിതയാഥാർഥ്യങ്ങളും പുറത്തു വരുന്നതിനെ ബി.ജെ.പി സർക്കാർ എത്രമാത്രം ഭയക്കുന്നുവെന്നാണ് ഈ മറച്ചുവെപ്പ് വെളിപ്പെടുത്തുന്നത്. പിന്നാക്കക്ഷേമം പറയുന്ന മറ്റു പല പാർട്ടികളുടെ സ്ഥിതിയും ഇക്കാര്യത്തിൽ ഒരുപാടൊന്നും വ്യത്യസ്തമല്ല.
കേന്ദ്ര സാമൂഹികക്ഷേമ മന്ത്രാലയത്തിന്റെ പക്കലുള്ള ജാതി സെൻസസ് വിവരങ്ങൾ പുറത്തുവിടാൻ സന്നദ്ധത പുലർത്തുന്നില്ലെങ്കിലും ഒടുവിൽ സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ ജാതിസെൻസസ് നടത്താമെന്ന നിലപാട് സ്വീകരിക്കാൻ നിർബന്ധിതമായി കേന്ദ്ര സർക്കാർ. മഹാരാഷ്ട്രയിൽനിന്നും കേരളത്തിൽനിന്നും സുപ്രീംകോടതിയിലും ഹൈകോടതിയിലുമെത്തിയ രണ്ട് കേസുകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന് ഇതു പറയേണ്ടിവന്നത്.
2011ലെ ജാതിസെൻസസ് വിവരങ്ങൾ ആവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹരജിക്ക് നൽകിയ മറുപടിയിൽ, ജനസംഖ്യ കണക്കെടുപ്പിനോടൊപ്പം പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ ഒഴികെയുള്ളവരുടെ വിവരങ്ങൾ നയപരമായ കാരണങ്ങളാൽ ശേഖരിക്കാൻ ഉദ്ദേശ്യമില്ലെന്നാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്.
സെൻസസിനോടൊപ്പം പിന്നാക്ക വിഭാഗങ്ങളിലടക്കം എല്ലാ ജാതികളുടെയും കണക്കെടുക്കുന്നത് അതിസങ്കീർണമായ നടപടിയാണെന്നാണ് കേന്ദ്രത്തിന്റെ വാദം. ഒ.ബി.സി വിഭാഗങ്ങളുടെ കണക്കെടുപ്പിന് സുപ്രീംകോടതി ആവശ്യപ്പെട്ടാൽ വലിയ ആശയക്കുഴപ്പം ഉണ്ടാകുമെന്നും കേന്ദ്രം വിശദീകരിക്കുന്നു. എന്നാൽ, ജാതി സെൻസസ് സംസ്ഥാനങ്ങൾക്കുതന്നെ നടത്താമെന്നുകാണിച്ച് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
സംവരണ പട്ടികയുമായി ബന്ധപ്പെട്ട് കേരളത്തിൽ ജാതിസെൻസസ് നടത്തേണ്ടത് സംസ്ഥാന സർക്കാറിന്റെ ബാധ്യതയാണെന്ന് മറ്റൊരു കേസിൽ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന പിന്നാക്ക വിഭാഗ കമീഷന്റെ നിയമം അനുസരിച്ച് ഇതര പിന്നാക്ക വിഭാഗം (ഒ.ബി.സി) പട്ടിക പരിഷ്കരിക്കേണ്ടത് സംസ്ഥാന സർക്കാറിന്റെ ഉത്തരവാദിത്തമാണ്.
2011ലെ എസ്.ഇ.സി.സി സെൻസസിന്റെ വിവരങ്ങൾ കേന്ദ്രത്തിൽ നിന്ന് ലഭിക്കാത്തതിനാൽ ഇതിന് സാധിക്കുന്നില്ലെന്നും മുസ്ലിം സംവരണ ശതമാന വ്യവസ്ഥ പരിഷ്കരണം സംബന്ധിച്ച കേസിൽ സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
2011ലെ ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ കേന്ദ്രവും സംസ്ഥാനവും റിപ്പോർട്ടുണ്ടാക്കി കമീഷന് നൽകണമെന്നാണ് ഹൈകോടതി നിർദേശിച്ചത്. ഈ നടപടികൾ ആറുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഉത്തരവിലുണ്ട്. ഇതിനെതിരെ കേന്ദ്രം നൽകിയ അപ്പീലും പുന:പരിശോധന ഹരജിയും സുപ്രീം കോടതി തള്ളി. 2020ലെ വിധി നടപ്പാക്കാത്തതിനെതിരെ ഹൈകോടതിയിൽ കോടതിയലക്ഷ്യ ഹരജിയും നിലവിലുണ്ട്.
ഹൈകോടതി വിധി പാലിക്കുന്നുവെന്ന് വ്യക്തമാക്കി 2011ലെ എസ്.ഇ.സി.സി സെൻസസ് സംബന്ധിച്ച കത്തും റിപ്പോർട്ടും കഴിഞ്ഞ മാസം 25ന് കേന്ദ്രം സംസ്ഥാന കമീഷന് നൽകിയിട്ടുണ്ട്. അതിൽ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് പറയുന്നത്.
1. 2011ലെ എസ്.ഇ.സി.സി സെൻസസ് വിവരങ്ങളിൽ ഒട്ടേറെ തെറ്റുകളുണ്ട്. അത് ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകില്ല.
2. സെൻസസിന്റെ ക്രോഡീകരിക്കാത്ത സ്ഥിതിയിലുള്ള വിവരങ്ങൾ ആർക്കും കൈമാറേണ്ടതില്ലെന്നാണ് മഹാരാഷ്ട്ര ഒ.ബി.സി കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള കേന്ദ്ര നിലപാട്.
3. 2021ലെ 105ാം ഭരണഘടന ഭേദഗതിയോടെ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കമുള്ളവരുടെ പട്ടികയുണ്ടാക്കാനും അതിനായി സെൻസസ് നടത്താനും സംസ്ഥാന സർക്കാറിന് സ്വാതന്ത്ര്യമുണ്ട്. അതിന് 2011ലെ സെൻസസിലെ വിവരങ്ങൾ ആവശ്യമില്ല.
കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കി സാമൂഹിക-നീതി-ശാക്തീകരണ മന്ത്രാലയമാണ് സംസ്ഥാന പിന്നാക്ക വിഭാഗ കമീഷന് കത്തയച്ചത്. ജസ്റ്റിസ് ജി. ശശിധരൻ അധ്യക്ഷനായ കമീഷൻ ഇത് പരിഗണിച്ചപ്പോൾ കേന്ദ്രം നടത്തിയ സാമൂഹിക, സാമ്പത്തിക, ജാതി സെൻസസിന്റെ കണക്കുകൾ ലഭിക്കാൻ സംസ്ഥാന സർക്കാർ കാത്തിരിക്കുകയാണെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പിലെ അണ്ടർ സെക്രട്ടറി വ്യക്തമാക്കി.
സർവേ നടത്താൻ സംസ്ഥാന സർക്കാറിന് സാധിക്കുമെന്ന് അതേ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. കർണാടക സർക്കാർ ഇത്തരത്തിലൊരു സർവേ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൽനിന്ന് ലഭിച്ച കത്തിന്റെ പകർപ്പ് തുടർ നടപടികൾക്കായി ഈ ഉദ്യോഗസ്ഥന്മാർക്ക് കൈമാറാൻ കമീഷൻ തീരുമാനിച്ചതായി കഴിഞ്ഞ മാസം 14ലെ സിറ്റിങ്ങിന്റെ മിനുട്സ് വ്യക്തമാക്കുന്നു.
നമ്മുടെ രാജ്യത്തെ ജാതി സംവരണത്തിന് അർഹരായ ജനകോടികളുടെ ജീവിത നിലവാരവും സാമൂഹിക-വിദ്യാഭ്യാസ-സാസ്കാരിക അവസ്ഥയുമൊന്നും സ്വാതന്ത്ര്യലബ്ധിയുടെ മുക്കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും കാര്യമായി ഉയർന്നിട്ടില്ല. അതുകൊണ്ടുതന്നെ ജാതി സംവരണം തുടരേണ്ടതായിട്ടുണ്ട്.
അത് ഫലപ്രദമാക്കണമെങ്കിൽ ജാതി സെൻസസ് അനിവാര്യവുമാണ്. ബിഹാർ സർക്കാർ അതിനുള്ള നടപടികൾ ആരംഭിച്ചിട്ടുമുണ്ട്. പിന്നാക്ക ജനവിഭാഗങ്ങൾ കൂടുതലുള്ള കേരളം പോലുള്ള സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഇനി അമാന്തിച്ചുകൂടാ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.