ക്യാപ്​റ്റ​െൻറ കസേര തെറിച്ചതെങ്ങനെ...? ഇവയാണ്​ അഞ്ച്​ കാരണങ്ങൾ

ചണ്ഡിഗഡ്​: മാസങ്ങളായി പാർട്ടിക്കകത്ത്​ പുകയുന്ന ആഭ്യന്തര കലഹങ്ങൾക്ക്​ പിന്നാലെ പഞ്ചാബ്​ മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്ങിന്‍റെ സ്​ഥാനം തെറിച്ചിരിക്കുകയാണ്​.​ ശനിയാഴ്ച വൈകീട്ടാണ്​​ അമരീന്ദർ ഗവർണറെ കണ്ട്​ രാജി സമർപ്പിച്ചത്​​. 40 എം.എൽ.എമാർ അമരീന്ദറിനെ മുഖ്യമന്ത്രി സ്​ഥാനത്ത്​ നിന്ന്​ നീക്കണമെന്ന ആവശ്യവുമായി ഹൈക്കമാൻഡിനെ സമീപിച്ചതോടെ അദ്ദേഹത്തിന്​ വഴി അടയുകയായിരുന്നു. അടുത്തിടെ കർഷക സമരത്തിനെതിരെ അമരീന്ദർ നടത്തിയ വിവാദ പരാമർശങ്ങൾ ഹൈക്കമാൻഡി​െൻറ അതൃപ്​തി സമ്പാദിച്ചിരുന്നു.


എന്തായാലും നവ്​ജോത്​ സിങ്​ സിധുവിന്‍റെ ക്യാമ്പിൽ നിന്നുള്ളയാളാകും അടുത്ത മുഖ്യമന്ത്രിയെന്ന്​ ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്​. പാർട്ടി വൃത്തങ്ങളുടെ സൂചന പ്രകാരം മുഖ്യമന്ത്രി സ്​ഥനത്തേക്ക്​ പ്രഥമ പരിഗണന ലഭിച്ചിരിക്കുന്നത്​ പഞ്ചാബ്​ പി.സി.സി മുൻ അധ്യക്ഷൻ സുനിൽ ഝാക്കറിനാണ്​. വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഹിന്ദു സിഖുകാരൻ മുഖ്യമന്ത്രിയും ജാട്ട്​ സിഖുകാരൻ പാർട്ടി അധ്യക്ഷനുമാകുന്നത്​ പാർട്ടിയെ തുണക്കുമെന്നാണ്​ കണക്കുകൂട്ടൽ.

കോൺഗ്രസ്​ പാർട്ടിക്ക്​ അതീവ നിർണായകമായ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്​ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ​ ക്യാപ്​റ്റനോട് ഹൈക്കമാൻഡ്​​ രാജിവെക്കാൻ ആവശ്യപ്പെട്ടതിനുള്ള ചില സുപ്രധാന കാരണങ്ങൾ ഇവയാണ്​...

പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ

അധികാരത്തിലേറു​േമ്പാൾ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല എന്നതുതന്നെയാണ്​​ ഏറ്റവും പ്രധാന കാരണം. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയ ഭീഷണി തുടച്ചുനീക്കുമെന്നായിരുന്നു അമരീന്ദർ സർക്കാരി​െൻറ ആദ്യ വാഗ്ദാനം. സിഖ്​ വിഭാഗത്തി​െൻറ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ്​ സാഹിബിനെ അപമാനിച്ച സംഭവത്തിൽ കോട്​കപുരയിൽ സിഖ്​ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിന്​ നേരെ നടന്ന വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. എൻ.ഡി.എ സഖ്യ സർക്കാർ ഭരിക്കുന്ന കാലത്തായിരുന്നു സംഭവം. ഈ കേസിൽ നടപടിയെടുക്കുമെന്നും പ്രതികളെ നിയമത്തിന്​ മുന്നിൽ കൊണ്ടുവരുമെന്നും കോൺഗ്രസ്​ സർക്കാർ അവകാശപ്പെട്ടിരുന്നു. അധികാരത്തിലേറി ഒരു മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന്​ പറഞ്ഞ ഈ വാഗ്ദാനം നാല്​ വർഷം പിന്നിട്ടിട്ടും പാലിക്കപ്പെട്ടില്ല.

എന്നാൽ, മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന് കോട്കപുര പോലീസ് വെടിവെപ്പ് കേസിൽ ഹൈക്കോടതി ക്ലീൻ ചിറ്റ് നൽകിയ സംഭവമാണ്​ സമീപകാലത്തായി ഏറ്റവും വലിയ രാഷ്ട്രീയ തർക്കത്തിന്​ ഇടയാക്കിയത്​​. 2019ൽ മന്ത്രിസഭയിൽ നിന്ന്​ രാജിവെച്ചതിന്​ ശേഷം ഒന്നിലും തലയിടാതെ ഒതുങ്ങിക്കൂടുകയായിരുന്ന പി.സി.സി മേധാവി നവജ്യോത് സിധു അന്വേഷണത്തെ തെറ്റായി കൈകാര്യം ചെയ്തതിന് അമരീന്ദറിനെ വിമർശിച്ച്​ രംഗത്തെത്തിയിരുന്നു.

പ്രകാശ്​ സിങ്​ ബാദൽ

മതഗ്രന്ഥത്തെ അപമാനിച്ച സംഭവത്തെ കുറിച്ച്​ അന്വേഷിക്കാനായി 2017 ൽ അമരീന്ദർ സ്ഥാപിച്ച ജസ്റ്റിസ് രഞ്ജിത് സിംഗ് കമ്മീഷൻ, വിവാദമായ ദേര സച്ച സൗദക്ക്​ സംരക്ഷണമൊരുക്കിയതിന്​ ബാദൽ സർക്കാരിനെ കുറ്റപ്പെടുത്തിയിരുന്നെങ്കിലും ആ വിഷയത്തിൽ സർക്കാർ യാതൊരു നടപടിയും എടുത്തിരുന്നില്ല. ബാദലിനോടുള്ള മൃദുസമീപനവും അമരീന്ദറി​െൻറ സ്ഥാന നഷ്ടത്തിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്​.

എം.എൽ.എമാർക്ക് പോലും അപ്രാപ്യനായ മുഖ്യമന്ത്രി

മുഖ്യമന്ത്രിയെന്ന നിലയിൽ അമരീന്ദർ സിങ്ങിനെ കാണാനും കാര്യങ്ങൾ ചർച്ച ചെയ്യാനും എം.എൽ.എമാർക്ക്​ തീർത്തും കഴിയാത്ത സാഹചര്യമായിരുന്നു മറ്റൊരു കാരണം. സദാസമയവും മിത്രഗണങ്ങളാൽ ചുറ്റപ്പെട്ട നിലയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഭരണകാലത്തും അമരീന്ദർ സിങ്ങിനെതിരെയുള്ള ആരോപണങ്ങളിൽ ഒന്നായിരുന്നു അദ്ദേഹത്തി​െൻറ അപ്രാപ്യത. എന്നാൽ, ഇത്തവണ അദ്ദേഹം ചണ്ഡീഗഡിലെ പഞ്ചാബ് സിവിൽ സെക്രട്ടേറിയറ്റിലേക്ക് പോകുന്നത് അവസാനിപ്പിക്കുകയും നഗരത്തിൽ നിന്ന് പ്രാന്തപ്രദേശത്തുള്ള ഒരു ഫാംഹൗസിലേക്ക് താമസം മാറ്റുകയും ചെയ്തപ്പോൾ അത് കൂടുതൽ വഷളായി മാറുകയും ചെയ്​തു.

ഇക്കാരണത്താൽ അകാലിദളി​െൻറ പ്രകാശ്​ സിങ്​ ബാദലിനെയും കോൺഗ്രസി​െൻറ ബിയന്ദ്​ സിങ്ങിനെയും പോലുള്ള മുഖ്യമന്ത്രിമാരെ പോലെ​ അമരീന്ദർ സിങ്ങ്​ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യനായിരുന്നില്ല.

ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന ഭരണം

സർക്കാർ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും ഉദ്യോഗസ്ഥരാണെന്നതാണ്​ സംസ്ഥാനത്തൊട്ടാകെയുള്ള കോൺഗ്രസ് എം.എൽ.എമാരുടെ മറ്റൊരു പരാതി. 2017 മാർച്ചിൽ ചുമതലയേറ്റ ഉടൻ അമരീന്ദർ 1983 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ സുരേഷ് കുമാറിനെ ത​െൻറ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത്​ വലിയ വിവാദമായി മാറിയിരുന്നു. കേന്ദ്ര സർക്കാരി​െൻറ കാബിനറ്റ് സെക്രട്ടറിയുടെ തത്തുല്യമായ ഒരു തസ്തികയാണത്​.

സുരേഷ്​ കുമാർ

നിയമനം പിന്നീട് ഹൈക്കോടതി റദ്ദാക്കുകയും കുമാർ രാജിവെക്കുകയും ചെയ്തിരുന്നു. എന്നാൽ, മുഖ്യമന്ത്രി രാജി സ്വീകരിക്കാൻ വിസമ്മതിക്കുകയും ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുകയും ചെയ്തു. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ അഭാവത്തിൽ, പലരും കുമാറിനെ ഒരു ശക്തി കേന്ദ്രമായി കാണുകയും അദ്ദേഹത്തി​െൻറ സാന്നിധ്യത്തെ വെറുക്കുകയും ചെയ്തിരുന്നു. ജില്ല തലത്തിലും സ്ഥിതി മറിച്ചായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ടുള്ള തങ്ങളുടെ ആശങ്കകൾ ഭരണകൂടം പരിഹരിച്ചില്ലെന്നും കോൺഗ്രസ് എംഎൽഎമാർ ആരോപിച്ചു.

സർവേകളിലെ ജനപ്രീതിക്കുറവ്

ബാഹ്യ ഏജൻസികളുടെ സഹായത്തോടെ കോൺഗ്രസ് പാർട്ടി പഞ്ചാബിൽ സർവേകൾ നടത്തിയിരുന്നു. അതിൽ മുഖ്യമന്ത്രിയുടെ ജനപ്രീതി കുറഞ്ഞുവെന്ന് കണ്ടെത്തുകയും ചെയ്​തു. അതോടെ​ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലേക്ക് നയിക്കാൻ അമരീന്ദർ സിങ്ങിന്​ കഴിയില്ലെന്നും കോൺഗ്രസ്​ വിധിയെഴുതി.

നമ്പറുകളുടെ ഗെയിം

പി.പി.സി.സി തലവൻ നവജ്യോത് സിദ്ധുവി​െൻറ നേതൃത്വത്തിലുള്ള വിമതരും മൂന്ന് മന്ത്രിമാരുടെ മാജാ ബ്രിഗേഡും (ത്രിപ്ത്​ രാജ്‌ന്ദർ സിംഗ് ബജ്‌വ, സുഖ്ബീന്ദർ സർക്കാർ, സുഖ്ജീന്ദർ രാന്ദ്​വ) ചേർന്ന്​ ഭൂരിപക്ഷം നിയമസഭാംഗങ്ങളെ കൂടെക്കൂട്ടി മുഖ്യമന്ത്രിക്കെതിരെ അണിനിരത്തിയതായിരുന്നു മറ്റൊരു തിരിച്ചടി. പല അവസരങ്ങളിലും അവർ ഹൈക്കമാൻറിന് കത്തയക്കുകയും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ചയ്​ക്ക്​ ശ്രമിക്കുകയും ചെയ്​തിരുന്നു.

മൂന്നംഗ ഖാർഗെ പാനൽ ജൂണിൽ എല്ലാ നിയമനിർമാതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ജൂലൈയിൽ സിധുവിനെ ഹൈക്കമാൻഡ് പി.പി.സി.സി തലവനായി നിയമിച്ചെങ്കിലും രണ്ട് ക്യാമ്പുകൾക്കും ഒരുമിച്ച് പ്രവർത്തിക്കാനായില്ല. എന്നാൽ, സി‌.എൽ‌.പി യോഗം ആവശ്യപ്പെട്ട് ബുധനാഴ്ച സോണിയയ്ക്ക് 40ൽ അധികം എം.എൽ.എമാരും നാല് മന്ത്രിമാരും ഒപ്പിട്ട കത്തയച്ചതായിരുന്നു​​ അവസാനത്തെ തിരിച്ചടിയായി മാറിയത്​.


Tags:    
News Summary - why Captain Amarinder Singh had to step down as Punjab CM here are the reasons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.