ഗോർബി രക്ഷകനോ ഒറ്റുകാരനോ?

1931 മാർച്ച് രണ്ടിന് സ്വന്തം മണ്ണിൽ കൃഷിചെയ്ത് ജീവിച്ചുവന്ന സെർബി ആ​ന്ദ്രെവിച്ച്-മറിയാ വാന്‍റെലെയേവ്ന ദമ്പതികളുടെ മകനായി റഷ്യയിലെ സ്റ്റാവ്റോപോളിൽ പിറന്ന മിഖായേൽ ഗോർബച്ചേവ് എന്ന ഗോർബി 2022 ആഗസ്റ്റ് 30ന് ലോകത്തോട് വിടചൊല്ലിയപ്പോൾ പരാജിതനായ ഒരു ജനാധിപത്യവാദിയും സമാധാനപ്രേമിയുമായോ സോവിയറ്റ് യൂനിയന്റെയും തദ്വാര ലോക കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെയും അന്തകനായോ ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തുക?

1917 ഒക്ടോബർ 17ലെ പ്രഥമ കമ്യൂണിസ്റ്റ് വിപ്ലവത്തെ വഞ്ചിക്കുകയും മുതലാളിത്ത ശക്തികൾക്ക് യു.എസ്.എസ്.ആറിനെ അടിയറവെക്കുകയും ചെയ്ത ഒറ്റുകാരനായാണ് സ്വാഭാവികമായും കമ്യൂണിസ്റ്റുകാർ അദ്ദേഹത്തെ വിലയിരുത്തിയതും ഇന്നും വിലയിരുത്തുന്നതും. പാശ്ചാത്യലോകമാകട്ടെ, സമഗ്രാധിപത്യ സ്റ്റാലിനിസ്റ്റായ സോവിയറ്റ് യൂനിയനെ ജനാധിപത്യപരമായി പൊളിച്ചെഴുതാനുള്ള യത്നത്തിൽ വിജയിക്കാനായില്ലെങ്കിലും ശീതസമരം അവസാനിപ്പിച്ച് ആഗോളസമാധാനം കൈവരുത്തുവാൻ സഫലശ്രമം നടത്തി സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയെടുത്ത മഹാനായും ഗോർബിയെ കാണുന്നു. സത്യം രണ്ടിനും മധ്യേ നിൽക്കുന്നുവെന്നാണ് നിഷ്പക്ഷ വിമർശകർക്ക് പറയാനാവുക.

1950കളിൽ മോസ്കോ യൂനിവേഴ്സിറ്റിയിലെ നിയമവകുപ്പിൽ പ്രവേശനം നേടിയത് മുതൽ യുവ കമ്യൂണിസ്റ്റ് ലീഗിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായ ഗോർബി കമ്യൂണിസ്റ്റ് പാർട്ടിയുടെ അനിഷേധ്യ ആക്ടിവിസ്റ്റ് ആയിരുന്നു. തന്മൂലം സി.പി.എസ്‍.യുവിന്റെ പദവികളിലൂടെ കയറിക്കയറി ഒടുവിൽ ഒന്നാം സെക്രട്ടറിയും ഒപ്പം യു.എസ്.എസ്.ആറിന്റെ ഭരണാധികാരിയുമാവാൻ ഗോർബിക്ക് കഴിഞ്ഞു.

ഈ കാലയളവിലൊന്നും അദ്ദേഹത്തിൽ ഒരു വർഗവഞ്ചകൻ ഒളിഞ്ഞിരിപ്പുണ്ടെന്ന് കണ്ടെത്താൻ കെ.ജി.ബിയെപ്പോലുള്ള അതിശക്ത ശൃംഖലക്ക് കഴിഞ്ഞില്ലെന്ന് മനസ്സിലാക്കുമ്പോൾ രാഷ്ട്രത്തലവനാവുന്നതിന് മുമ്പും ശേഷവും സ്വരാജ്യത്തെ സൂക്ഷ്മമായി പഠിച്ചതിൽനിന്നാണ് 'പെരിസ്ട്രോയിക്ക'ക്കും 'ഗ്ലാസ്നോസ്തി'നും അദ്ദേഹം പാർട്ടിയെ സമ്മതിപ്പിച്ചതെന്ന് പറയേണ്ടിവരും. ഒരുഘട്ടത്തിൽ -ഇത് പ്രത്യേകിച്ചും വ്യക്തമായത് എഴുപതുകളുടെ രണ്ടാം പകുതിയിലാണ്- ഒറ്റനോട്ടത്തിൽ വിശദീകരിക്കാനാവാത്ത ചിലത് സംഭവിച്ചു. രാജ്യത്തിന്റെ പുരോഗതിയുടെ വേഗം നഷ്ടപ്പെടാൻ തുടങ്ങി. സാമ്പത്തിക പരാജയങ്ങൾ തുടർച്ചയായുണ്ടായി. വൈഷമ്യങ്ങൾ കുന്നുകൂടാനും വഷളാവാനും തുടങ്ങി.

പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ വർധിച്ചു. സ്തംഭനമെന്ന് നാം വിളിക്കുന്നതും സോഷ്യലിസത്തിന് അന്യവുമായ മറ്റു പ്രതിഭാസങ്ങളും സാമൂഹികജീവിതത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി (പെരസ്​ത്രോയ്ക്ക, പ്രഭാത് ബുക്ഹൗസ് പുറം 11). നിർഭാഗ്യവശാൽ ഇതുകൊണ്ടെല്ലാമായില്ല. ഞങ്ങളുടെ ജനതയുടെ ആശയപരവും ധാർമികവുമായ മൂല്യങ്ങളിലും ക്രമേണ ചോർച്ചയുണ്ടാവാൻ തുടങ്ങി (ibid).

ആശയതലത്തിലും പിറകോട്ടുപിടിക്കുന്ന മെക്കാനിസം കടന്നുവന്നു. ഉയർന്നുവരുന്ന പ്രശ്നങ്ങൾ സൃഷ്ടിപരമായി പരിശോധിക്കുന്നതിനുള്ള ശ്രമങ്ങളോടും പുതിയ ആശയങ്ങളോടും എതിർപ്പ് കൂടിക്കൂടിവന്നു. യഥാർഥമോ, സാങ്കൽപികമോ ആയ നേട്ടങ്ങളെപ്പറ്റിയുള്ള പ്രചാരണം ശക്തിപ്പെടാൻ തുടങ്ങി. മുഖസ്തുതി പറയലും ദാസ്യമനോഭാവവും പ്രോത്സാഹിപ്പിക്കപ്പെട്ടു. പണിയെടുക്കുന്ന സാധാരണക്കാരുടെ, പൊതുജനങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും അവഗണിക്കപ്പെട്ടു (ibid).

പൊതു ധാർമികമൂല്യങ്ങൾ ക്ഷയിക്കാൻ തുടങ്ങി. മദ്യപാനാസക്തിയും മയക്കുമരുന്നിനോടുള്ള വിധേയത്വവും കുറ്റകൃത്യങ്ങളും വർധിക്കാൻ തുടങ്ങി. ഞങ്ങൾക്കന്യമായ ജനക്കൂട്ട സംസ്കാരത്തിന്റെ നുഴഞ്ഞുകയറ്റം ആഭാസത്തരവും അധമമായ അഭിരുചികളും വളർത്തി. പ്രത്യയശാസ്ത്രപരമായ വന്ധ്യത വർധിച്ചു (ibid 14, 15, 16)

ഭരണതലങ്ങളിൽ ചിലതിൽ നിയമത്തോടുള്ള അവമതിപ്പ് ഉരുത്തിരിയുകയും കണ്ണിൽ പൊടിയിടലും കൈക്കൂലിയും വിധേയത്വവും പാടിപ്പുകഴ്ത്തലും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തു. വിശ്വാസവും ഉത്തരവാദിത്തവും നേടിയിരുന്ന ആളുകൾ അധികാര ദുർവിനിയോഗം നടത്തി. അവിഹിതമായി വലിയ സ്വത്ത് സമ്പാദിച്ചു (പുറം 17).

ഞങ്ങളുടെ പല പ്രശ്നങ്ങൾക്കും -കുട്ടികളുടെയും യുവജനങ്ങളുടെയും പെരുമാറ്റത്തിലും ഞങ്ങളുടെ ധാർമികമൂല്യങ്ങളിലും സംസ്കാരത്തിലും ഉൽപാദനത്തിലുമുള്ള പ്രശ്നങ്ങൾക്ക്- ഭാഗികമായ കാരണം ദുർബലമാകുന്ന കുടുംബബന്ധങ്ങളും കുടുംബപരമായ ഉത്തരവാദിത്തങ്ങളോടുള്ള തണുത്ത സമീപനങ്ങളുമാണെന്ന് ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. എല്ലാ കാര്യത്തിലും സ്ത്രീയും പുരുഷനും തുല്യമാകണമെന്ന ഞങ്ങളുടെ ആത്മാർഥവും രാഷ്ട്രീയവുമായ നീതീകരിക്കത്തക്കതുമായ ആഗ്രഹത്തിന്റെ ഫലമാണ് ഈ വിരോധാഭാസം (പുറം 139).

പെരിസ്ട്രോയിക്കയെ അടിസ്ഥാനമാക്കിയുള്ള തുറന്ന ചർച്ചകൾക്കുശേഷം നടന്ന ജനാധിപത്യപരമായ ഹിതപരിശോധനയിൽ ജനം ഗോർബിയെ പിന്തുണച്ചതിൽനിന്ന് ദീർഘകാലം ഇരുമ്പുമറക്ക് പിന്നിൽ മറച്ചുപിടിക്കപ്പെട്ട വസ്തുതകളാണ് അദ്ദേഹം അനാവരണം ചെയ്തതെന്നും മാറ്റം അദ്ദേഹത്തെ​പ്പോലെ ജനങ്ങളും ആഗ്രഹിച്ചിരുന്നുവെന്നും വ്യക്തമാണ്. പക്ഷേ, ആഴത്തിലുള്ള അഴിച്ചുപണി യാഥാർഥ്യമാവുന്നതിന് മുമ്പേ യു.എസ്.എസ്.ആറിൽ ചേർക്കപ്പെട്ട റിപ്പബ്ലിക്കുകൾ ഓരോന്നായി സ്വാതന്ത്ര്യം പ്രാപിച്ച് വേർപ്പെട്ടുപോയി. വിഘടനവാദത്തെ സൈനികമായി അടിച്ചമർത്തുന്നതിനോട് ഗോർബച്ചേവ് യോജിച്ചില്ല. ആഭ്യന്തര യുദ്ധമാണ് അദ്ദേഹം ഭയപ്പെട്ടതെന്ന് പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. ഒടുവിൽ ഏറ്റവും വലിയ സ്റ്റേറ്റായ റഷ്യ മാത്രം അവശേഷിച്ചപ്പോൾ ഗോർബിക്ക് പുറത്തുപോവേണ്ടിവന്നു. ബോറിസ് യെൽത്സിൻ അധികാരം കൈയടക്കുകയായിരുന്നു. അതിനിടെ, നടന്ന സൈന്യത്തിന്റെ സ്റ്റാലിനിസ്റ്റ് അട്ടിമറിശ്രമം വിഫലമാക്കി ഗോർബച്ചേവിനെ രക്ഷിച്ചത് യെൽത്സിനായിരുന്നു.

അധികാരത്തിലേറിയപ്പോൾ മുതൽ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ ഉൾപ്പെടെയുള്ളവരുമായി ഗോർബി നടത്തിയ സന്ദർശനങ്ങളും ചർച്ചകളും ശീതസമരത്തിന് അറുതിവരുത്താനുള്ള ശ്രമങ്ങളായിരുന്നു എന്നാണ് വ്യാഖ്യാനിക്കപ്പെടുന്നതെങ്കിലും ആഗോള കിടമത്സരത്തിൽ തങ്ങളുടെ മുഖ്യ പ്രതിയോഗിയായ സോവിയറ്റ് യൂനിയനെ തകർക്കാനുള്ള ഗൂഢാലോചനയിൽ ഗോർബി പങ്കാളിയാവുകയോ ഇരയാവുകയോ ചെയ്തു എന്ന നിരീക്ഷണം പ്രബലമാണ്. സ്ഥാനഭ്രഷ്ടനായ ശേഷവും അമേരിക്കയായിരുന്നു ഗോർബിയുടെ ആ​ശ്രയം എന്നത് യാദൃച്ഛികമാണെന്ന് കരുതിക്കൂടാ.

Tags:    
News Summary - was gorbachev a cheat or saviour?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.