ഈ ചർച്ച ഭരണകൂടത്തിന് ഒരു മറ മാത്രമാണ്

ഹിജാബ് വിഷയത്തെക്കുറിച്ചും അതിന്റെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ അർഥങ്ങളെക്കുറിച്ചും ധാരാളം എഴുതപ്പെട്ടുകഴിഞ്ഞിരിക്കുന്നു. മാന്യതയുടെ ഒരു തുള്ളിയെങ്കിലുമുള്ളവർക്ക് ചില വ്യക്തമായ സത്യങ്ങൾ ബോധ്യമാവും. ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ട് വിദ്യാർഥികളെയും അധ്യാപികമാരെയും അപമാനിക്കുന്ന കാഴ്ച ധാർമികവൈരൂപ്യത്തിന്റെ പുതിയ തലമാണ്. ആ കാഴ്ച നിങ്ങളെ നടുക്കുന്നില്ലെങ്കിൽ, ഒരു ധാർമിക പരിഗണനക്കും നിങ്ങളെ ചലിപ്പിക്കാൻ കഴിഞ്ഞേക്കില്ല.

ഹിജാബ് അഴിപ്പിക്കാനുള്ള ആഹ്വാനത്തിനു പിന്നിലെ പ്രേരക തത്ത്വം ഏവർക്കും തുല്യാവകാശം എന്ന പുരോഗമന ചിന്തയൊന്നുമല്ലെന്ന് സുവ്യക്തമാണ്. ആ ആഹ്വാനം വഴി നാലു കാര്യങ്ങളാണ് ഉദ്ദേശിച്ചത്: ന്യൂനപക്ഷങ്ങളെ കീഴ്പ്പെടുത്തി പൊതുമണ്ഡലത്തിലെ മുസ്‍ലിം സാംസ്കാരിക സാന്നിധ്യം ഇല്ലാതാക്കാൻ; ഭയം സൃഷ്ടിച്ച് അത് വളർത്താൻ; സ്വയംപ്രഖ്യാപിത പുരോഗമനവാദികളെ 'എങ്കിലും പക്ഷേ' എന്ന രാഷ്ട്രീയത്തിലേക്ക് കുടുക്കാൻ; കൂടുതൽ അക്രമങ്ങൾ അഴിച്ചുവിടാനും വളർത്താനും. നാലു കാര്യങ്ങളും ഉദ്ദേശിച്ച മട്ടിൽതന്നെ സാധ്യമായി.

ഹിജാബുകൊണ്ട് അതു ധരിക്കുന്ന ആളുകൾ എന്താണ് അർഥമാക്കുന്നത് എന്നത് എന്റെ വിഷയമല്ല; അതിൽ വിധികൽപിക്കാനുമില്ല. മറ്റു പല ചിഹ്നങ്ങളെയുംപോലെ, അത് മാന്യമായ വിശ്വാസം, സ്വത്വപ്രഖ്യാപനം, ശാക്തീകരണം, അടിച്ചമർത്തൽ എന്നിങ്ങനെ എന്തുമാവാം. എന്നാൽ, പൊതു വീക്ഷണകോണിൽ നോക്കുമ്പോൾ വ്യക്തമാവുന്ന സുപ്രധാന കാര്യം, പൗരശാക്തീകരണത്തിന്റെ ഒരു വിഷയത്തെയും അത് തടസ്സപ്പെടുത്തുന്നില്ല എന്നതാണ്: വിദ്യാഭ്യാസം, ജോലി, വോട്ട്, പൊതുജീവിതത്തിലെ പങ്കാളിത്തം, അല്ലെങ്കിൽ ഏതെങ്കിലുമൊരു ജീവിതനേട്ടം സാധ്യമാക്കൽ അങ്ങനെ ഒന്നിനും അത് മുടക്കം വരുത്തുന്നില്ല. എന്നിരിക്കെ, പഠിക്കാൻ പോകുന്നതിനോ പഠിപ്പിക്കുന്നതിനോ അയോഗ്യമാക്കുന്ന ഒരു കാരണമായി ഇതിനെ ഉപയോഗിക്കുന്നത് തീർത്തും അപഹാസ്യമാണ്.

യൂനിഫോം, ഡ്രസ് കോഡ് എന്നിവ സംബന്ധിച്ച സങ്കുചിതമായ ഔപചാരികവാദം മുൻനിർത്തി ഉന്നയിക്കുന്ന വാദങ്ങളും ബോധ്യം പകരുന്നവയല്ല. ഏതൊരു മാന്യമായ സമൂഹവും ഒരുപാട് ചെറിയ ചെറിയ കാര്യങ്ങളെ ഉൾക്കൊള്ളുകതന്നെ വേണം. മന്ത്രദീക്ഷ, തിലകക്കുറി, കുടുമ, തലപ്പാവ്, ഒരുപക്ഷേ അമാന്യമെന്ന് കരുതപ്പെട്ടേക്കാവുന്ന സന്യാസിമാരുടെ അൽപവസ്ത്രം എന്നിങ്ങനെ പലതുമുണ്ടാവും. അത്തരം ഉൾക്കൊള്ളലുകൾ ഇന്ത്യൻ സമൂഹത്തിന് ഒരു ഘടനയും ആഴവും ജീവിതവൈവിധ്യവും പ്രദാനംചെയ്തു. ഇത്തരം സമ്പ്രദായങ്ങൾ അത് ധരിക്കുന്ന വ്യക്തിയുടെ സാമൂഹിക ജീവിതത്തിന് എന്തെങ്കിലും തടസ്സം സൃഷ്ടിക്കുന്നുണ്ടോ എന്നു മാത്രമേ നോക്കേണ്ടതുള്ളൂ.

അത്തരത്തിൽ ഹിജാബ് എന്തെങ്കിലും രീതിയിലെ സമത്വങ്ങൾക്ക് തടസ്സമാവുന്നുണ്ടോ എന്ന് നോക്കിയാൽ ഇല്ല എന്നുതന്നെയാണുത്തരം. ആകയാൽ, ഹിജാബിന്റെ അർഥം തിരക്കുകവഴി പുരോഗമനവാദികൾ ഒരു കെണിയിലാണ് വീഴുന്നത്. അത് ആൺകോയ്മയോ മറ്റെന്തെങ്കിലുമോ ആവാം. എന്തായാലും ആ ചർച്ച നടക്കേണ്ടത് സാംസ്കാരിക മണ്ഡലത്തിലാണ്, അല്ലാതെ നിയമത്തിന്റെ അടിച്ചേൽപിക്കൽ വഴിയല്ല. പെൺകുട്ടികളെ വിദ്യാഭ്യാസത്തിനയക്കാത്ത, ചെറുപ്രായത്തിൽ കെട്ടിച്ചയക്കുന്ന, ജോലി ചെയ്യുന്നതിന് പ്രതിബന്ധം തീർക്കുന്ന, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളോട് മൗനം ഭജിക്കുന്ന ഒരു സംസ്കാരം നിലനിൽക്കുന്നുവെങ്കിൽ അതാണ് ആശങ്കപ്പെടുത്തേണ്ടത്.

എന്നാൽ, ഒരു വസ്ത്രരീതി തിരഞ്ഞെടുത്തതിന്റെ അർഥം ആർക്കെങ്കിലും അദ്വിതീയമായി നിർണയിക്കാനും സാമൂഹിക വിമോചനത്തിന്റെ സകല ഭാരവും അതിന്മേൽ ചാർത്താനും കഴിയുമെന്ന് വാദിക്കുന്നത് അസംബന്ധമാണ്. ആരെങ്കിലുമൊരാൾ സാരി മാത്രമാണ് അണിയുന്നതെങ്കിൽ അതിൽനിന്ന് എന്താണ് വ്യക്തമാവുന്നത്? സൗന്ദര്യ മുൻഗണനയോ ആൺകോയ്മയോ ദേശീയ വിധേയത്വമോ- എന്താണ്? അതുകൊണ്ട് ഇത്തരം ചോദ്യങ്ങൾ വിഷയത്തിന്റെ പരിധിക്കു പുറത്താണ്. ഇന്ത്യയുടെ സവിശേഷ സാഹചര്യത്തിൽ പുരോഗമനവാദികൾ ഹിജാബിനെ എതിർക്കുന്നവരോ പ്രതിരോധിക്കുന്നവരോ ആയി പെട്ടുപോയിരിക്കുന്നു. രണ്ടിന്റെയും ആവശ്യമില്ലായിരുന്നു. അവർ മറ്റൊരു അഭ്യൂഹത്തിന്റെ കെണിയിൽക്കൂടി വീണിരിക്കുന്നു.

സ്വാതന്ത്ര്യമോ സമത്വമോ പരീക്ഷിക്കപ്പെടുന്ന വേളയിലല്ല ഹിജാബ് ചർച്ചയാവുന്നത്. ഇന്ത്യയുടെ പൊതുസംസ്കാരത്തിൽനിന്ന് മുസ്‍ലിംകളെ ദൃശ്യപരമായി മായ്ച്ചുകളയാനുള്ള ശ്രമം നടക്കുന്ന ഘട്ടത്തിലാണിത്. കോൺഗ്രസിന് മുന്നോട്ടുകൊണ്ടുപോകാൻ ധൈര്യമില്ലാത്ത ഒരു ഉദാരവാദ പദ്ധതി പൂർത്തിയാക്കിയെടുക്കുമെങ്കിൽ ബി.ജെ.പിയോട് സമരസപ്പെടാൻ പുരോഗമനക്കാർക്ക് സൗകര്യമൊരുക്കും എന്ന സൗകര്യംകൂടിയുണ്ട്. ''ഞാൻ മുസ്‌ലിം വിരോധിയല്ല, പക്ഷേ ഹിജാബിന് എതിരാണ്'' എന്ന സമവാക്യം ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന ക്രൂരതയിൽ നടപ്പാക്കിയെടുക്കാനാകുമെന്ന സുഖചിന്ത കടന്നുവരുന്നുണ്ട്. ''അവർ (ന്യൂനപക്ഷങ്ങൾ) പ്രശ്നക്കാരാണ്'' എന്നു പറയുന്നതിനുള്ള കോഡാണിത്. എല്ലാ സമുദായങ്ങൾക്കും അവരുടേതായ ആന്തരിക പ്രശ്നങ്ങളുണ്ട്.

എന്നാൽ, ഇപ്പോൾ ബി.ജെ.പിയും പുരോഗമനവാദികളും ഒരേപോലെ പങ്കിടുന്ന മുസ്‍ലിം വാർപ്പുമാതൃക സൃഷ്ടിക്കാൻ ഹിജാബ് മറയാക്കപ്പെടുന്നു. ഇതൊരു ഷാബാനു വിഷയമായി മാറരുതെന്ന് ന്യായമായും കരുതുന്ന ലിബറൽ മുസ്‍ലിംകളും ഹിജാബിനെക്കുറിച്ചുള്ള ചർച്ചയിലേക്ക് ആകർഷിക്കപ്പെടുന്നു. അത് മൂല്യവത്തായേക്കാവുന്ന ഒരു സാംസ്കാരിക സംവാദമാണ്. എന്നാൽപോലും സ്‌കൂളുകൾ വിദ്യാർഥികളോടും അധ്യാപികമാരോടും ചെയ്യുന്നത് അപ്രസക്തമായ കാര്യമാണ്. ഹിജാബിന്റെ അർഥം അത് ധരിക്കുന്നവരുടെ ആത്മനിഷ്ഠയെ പരാമർശിക്കാതെ നിർമിച്ചതാണ് ഈ നിലപാടിലെ തെറ്റ്. നിയമപരമായ തട്ടിപ്പിന്റെ പതുങ്ങിയിരിക്കുന്ന കഷണം എന്ന് നമ്മളിൽ ഭൂരിഭാഗവും പറഞ്ഞുകൊണ്ടിരുന്ന, ഒഴിച്ചുകൂടാനാവാത്ത ആചാരങ്ങളുടെ കീഴിലുള്ള വിഷയത്തിൽ വിധി പറയുമ്പോൾ കോടതിയും അതാവർത്തിക്കും. ആർട്ടിക്കിൾ 14 അല്ലെങ്കിൽ 21 പ്രകാരം നിർബന്ധിത ഭരണകൂടതാൽപര്യം എന്താണെന്ന് കോടതിക്ക് തീരുമാനിക്കാം.

എന്നാൽ, അതിൽ മതത്തിന്റെ വ്യാഖ്യാനം മാത്രം വിടണം. കോടതി അതിന്റെ വ്യാഖ്യാനപരമായ വിഡ്ഢിത്തം എപ്പോഴും നിലനിർത്താൻ ശ്രമിച്ചതിനാൽ വിഷയത്തിന്റെ 'വസ്തുനിഷ്ഠമായ' നിർണയം ഉണ്ടാവില്ല. ഒരു മതേതര കോടതി ഒരു മതേതര ലക്ഷ്യത്തെ ഭരണഘടനയുടെ കാതലായ വ്യവസ്ഥ അനുസരിച്ച് നിർവചിക്കുകയും ഒഴിവാക്കുകയും വേണം. ഇസ്‌ലാമോ ഹിന്ദുമതമോ അതിനോട് യോജിക്കുന്നുണ്ടോ എന്നത് അതിന്റെ പ്രശ്‌നമല്ല. സ്‌കൂളിൽ ഹിജാബ് ധരിക്കുന്നതോ അല്ലെങ്കിൽ മറ്റേതെങ്കിലും മതചിഹ്നമണിയുന്നതോ സ്വാതന്ത്ര്യത്തിനും സമത്വത്തിനും ഭരണകൂടത്തിന്റെ മുഖ്യതാൽപര്യങ്ങൾക്കും എന്തു ലംഘനമാണുണ്ടാക്കുന്നത് എന്ന് വ്യക്തമല്ല.

ഈ വാദങ്ങളെല്ലാം സന്ദർഭത്തിനപ്പുറമാണ് എന്നതാണ് ഏറ്റവും മോശമായ കാര്യം. ആരോഗ്യകരമായ ജനാധിപത്യം പതിവുപോലെ പ്രവർത്തിക്കുന്നുവെന്ന മട്ടിൽ, എതിരഭിപ്രായങ്ങൾ ചർച്ചചെയ്യാൻ അവസരമുണ്ടെന്ന മട്ടിൽ, ഭരിക്കുന്ന ഭരണകൂടത്തിന് അക്രമത്തിൽ പങ്കില്ലെന്ന മട്ടിൽ, ഭരണഘടനാപരമായ നീതി നടപ്പാക്കാനാണ് കോടതികൾ ഇവിടെയുള്ളത് എന്ന ചിന്തയിൽ ആളുകൾ ഉത്തമ വിശ്വാസത്തോടെ ധാർമിക വാദങ്ങൾ ഉന്നയിക്കുന്നു. മുസ്‍ലിമിനെ ഭീഷണിയുടെ പ്രതീകമായി കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തിൽ ബി.ജെ.പി വിജയിച്ചുകഴിഞ്ഞു. ഇനി 'ഹിന്ദുക്കൾ ഇരകളാണ്' എന്ന തുറുപ്പുശീട്ടിറക്കി കളി തുടങ്ങും. ഈ സംവാദം മതേതരത്വത്തിന്റെ മത്സരദർശനങ്ങളെക്കുറിച്ചല്ല. ഭരണകൂടം പോറ്റിവളർത്തുന്ന ക്രൂരതയെ സ്ഥാപനവത്കരിക്കാനുള്ള സാധ്യമായ കാരണങ്ങളാണ് കണ്ടെത്തുന്നത്. അത് ഏറ്റവും ലിബറൽ ആശയങ്ങളെപ്പോലും ആ ദിശയിൽ വളച്ചൊടിക്കും.

(പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞനും അധ്യാപകനും ഇന്ത്യൻ എക്സ്പ്രസ് കോൺട്രിബ്യൂട്ടിങ് എഡിറ്ററുമാണ് ലേഖകൻ)

Tags:    
News Summary - This discussion is only a matter of veil for the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT