ഇനിയുമൊരു 'സ്​ത്രീധന ദുരന്തം' ഉണ്ടാവരുത്​ നാട്ടിൽ

സ്​ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ ഒരു നാടി​െൻറ വികസനത്തി​െൻറ മുഖചിത്രമാണ്​. സ്​ത്രീധനവും അതി​െൻറ പേരിൽ നടക്കുന്ന ഗാർഹികപീഡനങ്ങളുമാണ്​ പലപ്പോഴും വീടകങ്ങളെ കണ്ണീരിലും തകർച്ചയിലുമെത്തിക്കുന്നത്​. ഗാർഹികപീഡനങ്ങളോടും സ്​ത്രീവിരുദ്ധതയോടും വിട്ടു​വീഴ്​ച വേണ്ട എന്ന പ്രഖ്യാപനത്തോടെ സ്ത്രീധന നിരോധന നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിന് നമ്മുടെ പുതിയ ചട്ടം ആവിഷ്​കരിച്ചിരിക്കുകയാണ്​ കേരളം. 2004ലെ കേരള സ്ത്രീധന നിരോധന ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്​താണ് പുതിയത്​ പ്രാബല്യത്തിൽ വന്നത്​. ഈ മാസം 14 തീയതി ഗസറ്റ് വിജ്ഞാപനപ്രകാരം നിലവിൽവന്ന പുതിയ കേരള സ്ത്രീധന നിരോധന (ഭേദഗതി) ചട്ടങ്ങൾ-2021 പ്രകാരം ഇനി എല്ലാ ജില്ലകളിലും സ്ത്രീധന നിരോധന ഓഫിസർമാർ ഉണ്ടാകും. വനിത-ശിശു വികസന വകുപ്പിലെ ജില്ല വനിത-ശിശു വികസന ഓഫിസർമാർക്കാണ്​ ഈ ചുമതല. ഇതുവരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകൾ ആസ്ഥാനമായി മൂന്നു മേഖലാ സ്ത്രീധന ഓഫിസർമാർ മാത്രമാണ് ഉണ്ടായിരുന്നത്.

1961ലെ സ്ത്രീധന നിരോധന നിയമപ്രകാരം വിവാഹവുമായി ബന്ധപ്പെട്ട് കൈമാറുന്ന ഏതു തരം സ്വത്തും സ്വർണവും പണവും ധനവും സമ്പാദ്യവും സ്ത്രീധന പരിധിയിൽ വരും (മുസ്​ലിം വിവാഹത്തിൽ വരൻ ത​െൻറ ഇണക്ക്​ നിർബന്ധമായും നൽകേണ്ട സമ്പത്തായ 'മഹർ' സ്ത്രീധനമല്ല). സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും അതിന് പ്രേരിപ്പിക്കുന്നതും അഞ്ചു വർഷം വരെ ജയിൽശിക്ഷയും 15,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. പ്രത്യക്ഷമായോ പരോക്ഷമായോ സ്ത്രീധനം ആവശ്യപ്പെടുന്നതുപോലും ആറു മാസം മുതൽ രണ്ടു വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. സ്ത്രീധനം കൊടുക്കുന്നതോ വാങ്ങുന്നതോ പ്രോത്സാഹിപ്പിക്കുന്നവിധം മാധ്യമങ്ങളിൽ പരസ്യമോ വാഗ്ദാനമോ നൽകുന്നവർക്ക്, ആറു​ മാസം മുതൽ അഞ്ചു​ വർഷം വരെ തടവോ 15,000 രൂപ വരെ പിഴയോ ശിക്ഷ ലഭിക്കും. വിവാഹവുമായി ബന്ധപ്പെട്ട് ലഭിച്ച സമ്പത്ത് വധുവി​െൻറ പേരിലേക്ക് നിർദേശിക്കപ്പെട്ട സമയപരിധിക്കുള്ളിൽ മാറ്റുന്നില്ലെങ്കിൽ, ആറു മാസം മുതൽ രണ്ടു​ വർഷം വരെ തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിച്ചേക്കാം.

എവിടെ, ആരോട്​ പരാതിപ്പെടണം?

സ്​ത്രീധനപീഡനങ്ങൾക്ക്​ ഇരയാവുന്ന പലർക്കും അതിനെതിരെ എവിടെയാണ്​ പരാതിപ്പെടേണ്ടത്​ എന്നറിയാത്ത സാഹചര്യമുണ്ടായിരുന്നു. വധു നേരി​ട്ടോ രക്ഷിതാവോ ബന്ധുക്കളോ അതുമല്ലെങ്കിൽ അംഗീകൃത ക്ഷേമസ്​ഥാപന-സംഘടന പ്രതിനിധികളോ പരാതി നൽകിയാൽ മതിയാവും. നേരിട്ടോ സന്ദേശവാഹകർ വഴിയോ തപാൽ മുഖേനയോ സ്ത്രീധന നിരോധന ഓഫിസർക്ക് പരാതി നൽകാം. പരാതി ലഭിച്ചാലുടൻ തെളിവ്​ ശേഖരിക്കുന്നതിനും പരാതിയുടെ സത്യസന്ധത ഉറപ്പുവരുത്തുന്നതിനും സ്ത്രീധന നിരോധന ഓഫിസർ അന്വേഷണം നടത്തും. പരാതി ലഭിച്ച് ഒരു മാസത്തിനകം അന്വേഷണം നടത്തേണ്ടതും ബന്ധപ്പെട്ടവരുടെ മൊഴിയെടു ത്ത് തീരുമാനം രേഖപ്പെടുത്തേണ്ടതുമാണ്.

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളിൽ വിവരങ്ങൾ ശേഖരിക്കുന്നതിനും അന്വേഷണം നടത്തുന്നതിനും ഗാർഹികപീഡനങ്ങളിൽനിന്ന്​ സ്ത്രീകളെ സംരക്ഷിക്കുന്ന നിയമത്തി​െൻറ നിർവഹണ ഉദ്യോഗസ്ഥയായ വുമൺ പ്രൊട്ടക്​ഷൻ ഓഫിസറുടെ സേവനം സ്ത്രീധന നിരോധന ഓഫിസർക്ക് ലഭിക്കും.

വിവാഹവുമായി ബന്ധപ്പെട്ട് കിട്ടിയ ഏതെങ്കിലും സമ്പത്തോ ധനമോ വധുവിന് ലഭിച്ചില്ല എന്ന പരാതി ഉയരുകയാണെങ്കിൽ അത് തിരികെ നൽകുന്നതിനുള്ള നിർദേശവും സമയപരിധിയും സ്ത്രീധന നിരോധന ഓഫിസർ എതിർകക്ഷിക്ക് നൽകേണ്ടതാണ്. നടന്നതോ നടക്കാനിടയുള്ളതോ ആയ വിവാഹങ്ങളിൽ സ്ത്രീധന നിരോധന നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടെന്ന പരാതികൾ ലഭിച്ചാൽ ജില്ല സ്ത്രീധന നിരോധന ഓഫിസർ അന്വേഷണം നടത്തണമെന്നും ചട്ടം നിർദേശിക്കുന്നു.

കേസ് അന്വേഷണത്തിലും കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുന്ന കാര്യത്തിലും സ്ത്രീധന നിരോധന ഓഫിസർക്ക് പൊലീസ് ഓഫിസറുടെ അധികാരമുണ്ടായിരിക്കും. കേസ് അന്വേഷണ ഭാഗമായി ഏതെങ്കിലും സ്ഥലം പരിശോധിക്കേണ്ടത് അത്യാവശ്യമായിവരുന്ന സന്ദർഭങ്ങളിൽ, കാലതാമസം ഒഴിവാക്കാൻ ​െസർച്ച് വാറൻറ്​ ഇല്ലാതെതന്നെ ഓഫിസർക്ക് പ്രസ്തുത സ്ഥലം പരിശോധിക്കാം. ഇങ്ങനെ വാറൻറില്ലാതെ സ്ഥലം പരിശോധിക്കേണ്ടിവരുന്നപക്ഷം പ്രസ്തുത സ്ഥലത്തെ രണ്ടിൽ കുറയാത്ത താമസക്കാർ സാക്ഷികളായി എത്തണമെന്ന് ഓഫിസർക്ക് ഉത്തരവ് നൽകാവുന്നതുമാണ്. സ്​ത്രീധനപീഡന പരാതികളിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഡൗറി പ്രോഹിബിഷൻ ഓഫിസർക്കു മുന്നിൽ ഹാജരാകുന്നതിന് രേഖാമൂലമുള്ള അറിയിപ്പ് ലഭിക്കുന്ന വ്യക്തികൾ ഹാജരാകാതിരുന്നാൽ അവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം നടപടികൾ സ്വീകരിക്കും.

സംസ്ഥാനത്ത് സ്ത്രീധന നിരോധനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വനിത-ശിശു വികസന വകുപ്പ് ഡയറക്ടർ മുഖ്യ സ്ത്രീധന നിരോധന ഓഫിസറായി പ്രവർത്തിക്കും. സ്ത്രീധനം വാങ്ങിയിട്ടില്ല എന്ന സത്യപ്രസ്താവന സർക്കാർ ജീവനക്കാർ വിവാഹശേഷം വകുപ്പ് മേധാവിക്ക് സമർപ്പിക്കണം. ഭാര്യ, പിതാവ്, ഭാര്യാപിതാവ് എന്നിവർ ഈ സത്യപ്രസ്താവനയിൽ ഒപ്പിടുകയും വേണം. സംസ്ഥാനത്ത് വർഷത്തിൽ ഒരു ദിവസം സ്ത്രീധന നിരോധന ദിനമായി ആചരിക്കണം. സ്കൂളുകളിലും കോളജുകളിലും വിദ്യാർഥികൾ സ്ത്രീധനം കൊടുക്കില്ലെന്നും വാങ്ങില്ലെന്നുമുള്ള പ്രതിജ്ഞ എടുക്കണം.

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളില്‍ സ്ത്രീകളെ സഹായിക്കുന്നതിനായി സന്നദ്ധസംഘടനകളെയോ ക്ഷേമസ്ഥാപനങ്ങളെയോ ​തിരഞ്ഞെടുക്കുന്നതിന് ചട്ടത്തിൽ വ്യവസ്ഥയുണ്ട്. സ്ത്രീകളുടെ ക്ഷേമം, പരിചരണം, പരിശീലനം, സംരക്ഷണം തുടങ്ങിയ മേഖലകളിൽ കുറഞ്ഞത് മൂന്നു വർഷമെങ്കിലും മികച്ച പ്രവർത്തനം കാഴ്​ചവെച്ച സംഘടനകൾക്കും സ്ഥാപനങ്ങൾക്കും അന്വേഷണ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ അഞ്ചു വർഷത്തേക്ക് അംഗീകാരം നൽകും. സ്ത്രീധനസംബന്ധമായ പരാതികൾ സമയബന്ധിതമായി തീർപ്പുകൽപിക്കുന്നതിനും സ്ത്രീധന നിരോധന നിയമം ഫലപ്രദമായി നിർവഹിക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ നൽകുന്നതിന്ന് ജില്ല സ്ത്രീധന നിരോധന ഓഫിസർ കൺവീനറായി ജില്ലതല അഡ്വൈസറി ബോർഡുകൾ നിലവിൽവരും. സ്ത്രീധനത്തിനെതിരെ ബോധവത്​കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും സ്ത്രീധനവിരുദ്ധ പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനും ചട്ടത്തിൽ നിർദേശമുണ്ട്.

ചട്ടങ്ങൾ നിലവിൽ വന്നാലും ജനങ്ങളും പൊതുസമൂഹവും പൗരാവകാശ കൂട്ടായ്​മകളും ആത്മാർഥമായി സഹകരിച്ചാൽ മാത്രമേ ഉദ്ദേശ്യലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കുകയുള്ളൂ.

സ്​ത്രീധനം നിയമവിരുദ്ധമായ അനീതിയും അധാർമികതയുമാണെന്ന ബോധ്യം നാം ഓരോരുത്തർക്കും വേണം. കുട്ടികളെ അത്​ പറഞ്ഞ്​ ബോധ്യപ്പെടുത്തണം. നിശ്ശബ്​ദം സഹിച്ചും ക്ഷമിച്ചും സ​്ത്രീധന-ഗാർഹിക പീഡനങ്ങളെ ഒരിക്കലും അവസാനിപ്പിക്കാനാവില്ല എന്ന്​ ഓരോ വധുവും തിരിച്ചറിയണം. താൻ അനുഭവിച്ച വേദനകളെക്കുറിച്ച്​ വധുക്കൾ പറയുന്നത്​ മുഖവിലക്കെടുക്കാനും അക്രമികളെ നിയമത്തിനു മുന്നിലെത്തിക്കാനും ബന്ധുക്കൾ മുന്നോട്ടുവരണം. സ്​ത്രീധനത്തി​െൻറ പേരിൽ ഇനിയുമൊരു ജീവൻപോലും പൊലിയരുത്​, സ്​ത്രീകളും രക്ഷിതാക്കളും കണ്ണീർ കുടിക്കേണ്ടിവരരുത്​.

(കോഴിക്കോട്​ ജില്ല സാമൂഹ്യനീതി ഓഫിസറാണ്​ ലേഖകൻ)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.