സി.പി.​െഎ (എം.എൽ) ദേശീയ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യയും പോളിറ്റ്​ ബ്യൂറോ അംഗം കവിത കൃഷ്​ണനും തെരഞ്ഞെടുപ്പ്​ പ്രകടനപത്രിക പുറത്തിറക്കുന്നു

ഇടതിന് കരകയറണം, നിലനിൽക്കണം




ബിഹാറിൽ കഴിഞ്ഞ മൂന്നുനാലു തെരഞ്ഞെടുപ്പുകളിൽ ഇടതുപാർട്ടികൾ ആരുടെയും ഉന്നമായിരുന്നില്ല. ഇതര പാർട്ടികളുടെ കാര്യമായ വിമർശനമേറ്റുവാങ്ങാൻ മാത്രം പ്രാധാന്യം ഇടതുപാർട്ടികൾക്ക് സംസ്ഥാന രാഷ്​ട്രീയത്തിൽ ഇല്ലാതെപോയതുതന്നെയാണ് കാരണം. എന്നാൽ, ഇൗ നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥിതി വ്യത്യസ്തമാണ്. ബി.ജെ.പി, ജെ.ഡി.യു നേതാക്കന്മാർ ഇടതുപാർട്ടികളെ, വിശേഷിച്ചും സി.പി.െഎ (എം.എൽ) ലിബറേഷനെ നേർക്കുനേരെ ടാർഗറ്റ്​ ചെയ്യുന്നു. രാഷ്​​ട്രീയ ജനതാദൾ (ആർ.ജെ.ഡി) അക്രമരാഷ്​​ട്രീയം ആരോപിക്കപ്പെടുന്ന സി.പി.െഎ-എം.എല്ലുമായി കൈകോർക്കുന്നുവെന്നാണ് ഇരുപാർട്ടികളുടെയും ആരോപണം. ഇടതു-ആർ.ജെ.ഡി മുന്നണി ഭരണകക്ഷികളെ അമ്പരപ്പിച്ചിരിക്കുന്നു എന്നുതന്നെയാണ് ഇൗ ഉന്നംവെക്കൽ തെളിയിക്കുന്നത്. വിശാലസഖ്യത്തിെൻറ കൂടെ ചേർന്ന് ഇടതുപാർട്ടികൾ തങ്ങൾ കണക്കുകൂട്ടുന്ന വോട്ടുകൾ മൊത്തമായി മറിച്ചുകളയുമോ എന്നാണ് അവരുടെ ആശങ്ക. കേഡർപാർട്ടികളായ ഇടതിന് ദലിതുകൾക്കും പിന്നാക്കക്കാർക്കുമിടയിൽ നല്ല വേരോട്ടമുണ്ട്. ആർ.ജെ.ഡിയുടെ സാമൂഹികസമവാക്യങ്ങളോട് കിടപിടിക്കാവുന്നതാണ് അവരുടെ വോട്ടുമണ്ഡലം.

എന്നാൽ ദലിത്, പിന്നാക്ക, തൊഴിലാളി വിഭാഗങ്ങളിൽ ഏറെ ജനപ്രീതിയുണ്ടെങ്കിലും ബിഹാർ രാഷ്​​ട്രീയത്തിൽ ഇതുവരെയും ഇടതുപാർട്ടികൾ നിർണായകമായിത്തീർന്നിട്ടില്ല. ബിഹാറിെൻറ ചില ഭാഗങ്ങളിൽ സി.പി.െഎ, സി.പി.എം, സി.പി.െഎ (എം.എൽ) എന്നീ കക്ഷികൾക്ക് സ്വാധീനമുണ്ട്. അതുകൊണ്ടാണ് ഇത്തവണ വിശാലസഖ്യത്തിൽ അവർക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കപ്പെട്ടത്. സി.പി.െഎ-എം.എല്ലിന് 19, സി.പി.െഎക്ക് ഒമ്പത്, സി.പി.എമ്മിന് നാല് എന്നിങ്ങനെയാണ് സീറ്റുകൾ അനുവദിച്ചിരിക്കുന്നത്.

നക്സൽബാരിപ്രസ്ഥാനത്തിെൻറ അന്ത്യത്തിനു തൊട്ടുടനെയാണ് ബിഹാറിൽ ഇടതുപാർട്ടികൾ ശക്തമായ സാന്നിധ്യമറിയിക്കുന്നത്. തെക്കൻ ബിഹാറിലെ ഭോജ്പുരിൽനിന്നാണ് അവരുടെ യാത്ര ആരംഭിക്കുന്നത്. ഇൗ പ്രദേശം ബിഹാറിലെ നക്സൽബാരി എന്ന് അറിയപ്പെട്ടിരുന്നു. സി.പി.െഎ ഏറെക്കാലമായി ബിഹാർ രാഷ്​​ട്രീയത്തിലുണ്ട്. 1957ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അവർ 60 സ്ഥാനാർഥികളെ നിർത്തി ഏഴു പേരെ വിജയിപ്പിച്ചു. 1962ൽ 84 പേരെ മത്സരിപ്പിച്ചപ്പോൾ ജനം തുണച്ചത് 12 പേരെ. 1969ൽ 161 സീറ്റിൽ മത്സരിച്ച്​ 25 സീറ്റുകൾ നേടി. ആ വർഷം 30 പേരെ ഇറക്കി കന്നിപരീക്ഷണം നടത്തിയ സി.പി.എമ്മിന് ജയിപ്പിക്കാനായത് മൂന്നുപേരെ. ഭൂരഹിതരും ദരിദ്രരും പിന്നാക്കക്കാരുമായ പാവങ്ങളാണ് ബിഹാറിൽ ഭൂരിഭാഗം എന്നത് ഇടതുപാർട്ടികൾക്ക് അനുകൂലമായ ഘടകമാണ്. എഴുപതുകളും എൺപതുകളും ഇടതുപാർട്ടികളുടെ സുവർണദശയായിരുന്നു. 1972, 1977, 1980 തെരഞ്ഞെടുപ്പുകളിൽ ഇരു ഇടതുകക്ഷികളും യഥാക്രമം 35, 25, 29 സീറ്റുകൾ നേടി. 1990ലെ തെരഞ്ഞെടുപ്പിൽ സി.പി.െഎ 23ഉം സി.പി.എം ആറും സീറ്റുകൾ നേടി. ഇൗ തെരഞ്ഞെടുപ്പിൽ സി.പി.െഎ (എം.എൽ) നിരോധിക്കപ്പെട്ടിരുന്നതിനാൽ അവരുടെ പിന്തുണയോടെ രംഗത്തുവന്ന ഇന്ത്യൻ പീപ്​ൾസ് ഫ്രണ്ട് (െഎ.പി.എഫ്) 82 സീറ്റിൽ മത്സരിച്ച്​ ഏഴെണ്ണത്തിൽ വിജയിച്ചു. എന്നാൽ, വോട്ടുവിഹിതത്തിൽ അവർ 10.56 ശതമാനം നേടി സി.പി.െഎ (6.59 ശതമാനം), സി.പി.എം (1.33) കക്ഷികളുടെ മുന്നിലെത്തി. 1969ൽ സി.പി.എം പ്രവർത്തനത്തിൽ സംതൃപ്തരാകാതിരുന്ന തീവ്രവാദികൾ പുറത്തുപോയി രൂപം നൽകിയതാണ് സി.പി.െഎ (എം.എൽ). പിന്നീട് ചൈനീസ് നേതാവായിരുന്ന ലിൻ ബയാവോ ലൈൻ അംഗീകരിക്കുന്നവരും എതിർക്കുന്നവരുമായി അവർ രണ്ടായി പിരിഞ്ഞു. അതിലെ ലിൻ ബയാവോ അനുകൂലികളുടെ ഗ്രൂപ്പാണ് സി.പി.െഎ (എം.എൽ) ലിബറേഷൻ. സായുധപോരാട്ടത്തിൽ മാത്രം വിശ്വസിച്ച ഇൗ ഗ്രൂപ്​ തെരഞ്ഞെടുപ്പിന് അയിത്തം കൽപിച്ചതായിരുന്നു. എന്നാൽ, എൺപതുകളുടെ തുടക്കത്തിൽ അവർ ജനാധിപത്യവഴിയിൽ നീങ്ങാൻ തീരുമാനിച്ചു. 1982ൽ ഡൽഹിയിൽ ചേർന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് രാഷ്​​ട്രീയത്തിൽ പങ്കുകൊള്ളാനായി െഎ.പി.എഫിന് രൂപം നൽകി. 1985ൽ അവർ കന്നിയങ്കത്തിനിറങ്ങിയപ്പോൾ സമ്പൂർണ പരാജയമായിരുന്നു ഫലം. 1989ൽ അവർ ആറ്​ ലോക്സഭ സീറ്റിൽ വിജയിച്ചു. ആ ആത്മവിശ്വാസത്തിലാണ് അടുത്ത വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അവർ 80 സീറ്റിൽ മത്സരിച്ച്​ ഏഴു സീറ്റ് നേടിയത്.

1992ൽ ലിബറേഷ​െൻറ അഞ്ചാമത്​ സെഷൻ കൊൽക്കത്തയിൽ നടന്നപ്പോൾ െഎ.പി.എഫ് പിരിച്ചുവിടാനും ലിബറേഷൻതന്നെ തെരഞ്ഞെടുപ്പിൽ പങ്കുകൊള്ളാനും തീരുമാനിച്ചു. എന്നാൽ, 1995നുശേഷം ഇടതുപാർട്ടികൾക്ക് ഒരു തെരഞ്ഞെടുപ്പിലും മെച്ചമുണ്ടാക്കാനായിട്ടില്ല. സി.പി.െഎക്കും സി.പി.എമ്മിനും ബിഹാർ സഭയിൽ അക്കൗണ്ട് തുറക്കാൻപോലുമായില്ല. ലിബറേഷൻ ആക​െട്ട, മൂന്നു സീറ്റുകളിൽ മാത്രമാണ്​ വിജയിച്ചത്​.

ബിഹാർ രാഷ്​ട്രീയത്തിൽ നിർണായകശക്തിയല്ലെങ്കിലും ഇടതുപാർട്ടികൾക്ക് സംസ്ഥാനത്ത് നല്ല ബഹുജനാടിത്തറയുണ്ട്. 1990ൽ ലാലുപ്രസാദ് യാദവ് ദലിത്, പിന്നാക്കവിഭാഗങ്ങളിൽ ഗണ്യമായ സ്വാധീനം നേടി ശക്തമായി രംഗത്തെത്തിയതോടെ ഇടതുപാർട്ടികൾ കൂടുതൽ ദുർബലമായി. ലാലുവിെൻറ മണ്ഡൽ രാഷ്​​ട്രീയം ബിഹാറിനെ ഇളക്കിമറിച്ചെങ്കിലും സി.പി.എം ലിബറേഷ​െൻറ പിന്തുണക്ക് അധികം ഇളക്കമൊന്നും തട്ടിയില്ല.

1990ലെ വിജയത്തിനുശേഷം കുറെ മുതിർന്ന നേതാക്കൾ ആർ.ജെ.ഡിയിൽ ചേർന്നതോടെ ഇടതുപാർട്ടികൾക്ക് നേതൃദാരിദ്ര്യവുമുണ്ടായി. തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ മുൻ അനുഭവങ്ങളിൽനിന്നു കരകയറാൻ മാത്രമല്ല, നിലനിൽപിനുവേണ്ടിതന്നെയുള്ള ഇടതുപാർട്ടികളുടെ അന്തിമപോരാട്ടമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് എന്നു പറയണം. അതുകൊണ്ടാണ് സി.പി.െഎ (എം.എൽ) ലിബറേഷൻ ഇത്തവണ ആർ.ജെ.ഡിയെ കൂട്ടുപിടിച്ചിരിക്കുന്നത്. ഇടതുപാർട്ടികൾ നല്ല നിലയിൽ സീറ്റുകൾ പിടിക്കുകയും വിശാലസഖ്യം ഗവൺമെൻറ് രൂപവത്കരിക്കുകയും ചെയ്താൽ ബിഹാറിെൻറ ചരിത്രത്തിൽ ആദ്യമായി ഇടതുപാർട്ടികൾകൂടി പങ്കുചേരുന്ന ഗവൺമെൻറായിരിക്കും ഇത്തവണത്തേത്. ഇത്തവണയും വീണാൽ ഇനിയും ദശകങ്ങൾ കഴിയേണ്ടിവരും അവർക്ക് ഉണർന്നുയരാൻ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.