ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും വെ​ല്ലു​വി​ളി നേ​രി​ട്ട നാ​ളു​ക​ൾ

2022 ഫെബ്രുവരി, മാർച്ച് മാസങ്ങൾ എന്റെ ജീവിതത്തിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നു. യുക്രെയ്നിന്റെ ആകാശത്ത് യുദ്ധമേഘങ്ങൾ ഉരുണ്ടുകൂടിയപ്പോൾ തന്നെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് സർക്കാർ തുടക്കം കുറിച്ചിരുന്നു. 2022 ഫെബ്രുവരി 24ന് പുലർച്ച റഷ്യ യുക്രെയ്നിലേക്ക് ആക്രമണം നടത്തിയതോടെ യുക്രെയ്നിലുണ്ടായിരുന്ന മലയാളികൾ അടക്കം ഇന്ത്യക്കാരും അവരുടെ നാട്ടിലെ ബന്ധുക്കളും അടക്കം പരിഭ്രാന്തരായി.

നിരന്തരമായ ഇടപെടലുകളുടെ സമയമായിരുന്നു പിന്നീട്. 24 മണിക്കൂറും മലയാളികൾ അടക്കമുള്ളവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളായിരുന്നു. കാർക്കിവ് പോലെ സംഘർഷഭരിതമായ മേഖലകളിൽനിന്ന് മെഡിക്കൽ വിദ്യാർഥികളെ തിരിച്ചുകൊണ്ടുവരാൻ വിദേശകാര്യ മന്ത്രാലയവും യുക്രെയ്നിലെയും പോളണ്ടിലെയും അടക്കം അധികൃതരുമായും ബന്ധപ്പെട്ടുകൊണ്ടിരുന്നു.

യുക്രെയ്നിൽനിന്ന് വിദ്യാർഥികളും നാട്ടിൽനിന്ന് ബന്ധുക്കളും മാധ്യമ പ്രവർത്തകരും അടക്കം ഫോൺ വിളിച്ചുകൊണ്ടിരുന്നു. വിദ്യാർഥികൾക്ക് സുരക്ഷിതമായി വരുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. ആഴ്ചകൾ നിറഞ്ഞ കൂട്ടായ പരിശ്രമത്തിനുശേഷമാണ് എല്ലാവരെയും സുരക്ഷിതമായി തിരിച്ചെത്തിക്കാനായത്. നിരവധി കുട്ടികൾക്ക് കടുത്ത മാനസിക സമ്മർദവും അനുഭവിക്കേണ്ടിവന്നു. അവരെല്ലാം അതിനെ അതിജീവിച്ചുവെന്നതാണ് പ്രതീക്ഷ. ഒരാളുടെ ജീവൻ പോലും നഷ്ടപ്പെടുത്താതെ തിരിച്ചെത്തിക്കാൻ സാധിച്ചത് ഏറെ ചാരിതാർഥ്യം പകരുന്നതാണ്.

യുദ്ധം എളുപ്പം തീരാനിടയില്ല; ദുരിതവും നീളും

യുക്രെയ്ൻ യുദ്ധം ആരംഭിക്കുമ്പോൾ അധികം വൈകാതെ സംഘർഷം ഒഴിവാകുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷയും കണക്കുകൂട്ടലും. റഷ്യയുടെ ആക്രമണവും യുക്രെയ്നിന്റെ പ്രതിരോധവും നാറ്റോയുടെ സഹായവും യുദ്ധം നീളുന്ന സാഹചര്യത്തിലേക്കാണ് എത്തിക്കുന്നത്.

റഷ്യയുടെ അധിനിവേശം ഒരു വർഷം തികയുന്നതിന് ദിവസങ്ങൾ മുമ്പ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ട്രെയിനിൽ യാത്രചെയ്ത് കിയവിൽ നടത്തിയ സാഹസിക സന്ദർശനവും യു.എസുമായുള്ള ആണവകരാറിൽനിന്ന് പിന്മാറുന്നതായ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പ്രഖ്യാപനവും എല്ലാം സംഘർഷം നീണ്ടുനിൽക്കുമെന്ന സൂചനയാണ് നൽകുന്നത്. യുദ്ധം എളുപ്പത്തിൽ അവസാനിച്ച് പ്രശ്നം പരിഹരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെങ്കിലും നിലവിലെ സാഹചര്യത്തിൽ സാധ്യത കുറവാണ്.

യുദ്ധം തുടരുന്നത് യൂറോപ്പിനു മാത്രമല്ല, ലോകത്തിനാകെ ദുരിതം സൃഷ്ടിക്കുന്നുണ്ട്. റഷ്യയിൽ നിന്നുള്ള എണ്ണയും വാതകവും മാത്രമല്ല, യുക്രെയ്നിൽനിന്നുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ, വളം, സ്റ്റീൽ എന്നിവയുടെയും കയറ്റുമതി കുറയുന്നത് ലോക സമ്പദ്‍വ്യവസ്ഥയെ സാരമായി ബാധിക്കുന്നുണ്ട്. തങ്ങളുടെ ലക്ഷ്യംനേടാതെ പിന്മാറില്ലെന്നാണ് പുടിന്റെ നിലപാട്. പുടിനെ പിന്തിരിപ്പിക്കാൻ ആർക്കും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. നാറ്റോയുടെ ആയുധ സഹായത്തോടെ യുക്രെയ്ൻ നടത്തുന്ന തിരിച്ചടികൂടി തുടരുന്നതോടെ ഈ വർഷവും മേഖല സംഘർഷ ഭരിതമാകുമെന്നാണ് കണക്കുകൂട്ടൽ.

ഇന്ത്യയുടെ കാഴ്ചപ്പാടും ആഗോള സാഹചര്യവും

എല്ലാ അധിനിവേശങ്ങളെയും എതിർക്കുമ്പോൾതന്നെ റഷ്യയുമായുള്ള ദീർഘകാല സൗഹൃദത്തെ ബാധിക്കാത്ത രീതിയിലാണ് ഇന്ത്യയുടെ നിലപാട്. രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് നാ പ്രധാന്യം നൽകുന്നത്. ഈ കാരണത്താലാണ് അമേരിക്കയും യൂറോപ്പിലെ ബഹുഭൂരിഭാഗം രാജ്യങ്ങളും റഷ്യക്കെതിരെ സാമ്പത്തിക- എണ്ണ ഉപരോധത്തിന് ശ്രമിക്കുമ്പോഴും ഇന്ത്യ ഒപ്പം നിൽക്കാതിരിക്കുന്നത്.

കുറഞ്ഞ വിലക്ക് റഷ്യൻ എണ്ണ ലഭിക്കുന്നത് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്. ഇതോടൊപ്പം പതിറ്റാണ്ടുകളായി റഷ്യയുമായുള്ള സൗഹൃദബന്ധം നിലനിർത്താനും സാധിക്കുന്നു. യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോഴും റഷ്യയിൽനിന്ന് എണ്ണയും വാതകവും വാങ്ങുന്നുണ്ട്. അതേസമയംതന്നെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ വാങ്ങരുതെന്ന് ആവശ്യപ്പെടുന്നതും.യുക്രെയ്നും യൂറോപ്യൻ രാജ്യങ്ങൾക്കും ഇന്ത്യയുടെ നിലപാടിൽ അസംതൃപ്തി ഉണ്ടെങ്കിലും പരസ്യമായി നിലപാട് എടുക്കാൻ സാധിക്കില്ല.

ഇന്ദിര ഗാന്ധിയുടെ കാലം മുതൽ പതിറ്റാണ്ടുകളായി ഇന്ത്യ നേടിയെടുത്ത കരുത്തും ആഗോള സാമ്പത്തിക ശക്തിയായുള്ള വളർച്ചയുമാണ് ഇന്ത്യക്കെതിരായ നിലപാട് സ്വീകരിക്കുന്നതിൽനിന്ന് യൂറോപ്പിനെ തടയുന്നത്. പുതിയ ലോകക്രമത്തിൽ ഇന്ത്യയടക്കം രാജ്യങ്ങൾക്ക് വർധിച്ചുവരുന്ന സ്വാധീനവും യൂറോപ്യൻ രാജ്യങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിച്ച് ചൈനക്കു പുറമെ, ഇന്ത്യ പോലെ മറ്റൊരു വൻ രാഷ്ട്രത്തെ കൂടി റഷ്യക്കൊപ്പം അണിനിരത്തരുതെന്ന നയതന്ത്ര ബുദ്ധിയും യൂറോപ് കാഴ്ചവെക്കുന്നുണ്ട്. റഷ്യൻ ഉപരോധം വിജയത്തിലെത്തിക്കാനും നാറ്റോക്ക് സാധിച്ചിട്ടില്ല.

യുദ്ധ മധ്യസ്ഥതയും ഇന്ത്യയും

യുക്രെയ്ൻ യുദ്ധത്തിന് പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് അന്താരാഷ്ട്ര നയതന്ത്ര തലത്തിൽതന്നെ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി തന്നെ നേരത്തേ ഇത്തരത്തിൽ അഭിപ്രായം പറഞ്ഞിരുന്നു. നിലവിൽ യുക്രെയ്ൻ- റഷ്യ യുദ്ധത്തിൽ ഒരു പക്ഷവും ചേരാത്ത പ്രമുഖ രാജ്യങ്ങൾ ഇന്ത്യയും ബ്രസീലുമാണ്.

ഇരു രാജ്യങ്ങളും കാര്യമായി മധ്യസ്ഥശ്രമത്തിന് മുൻകൈയെടുത്തിട്ടില്ല. പരസ്യമായ നയതന്ത്ര നീക്കങ്ങളും നടത്തുന്നില്ല. വിജയിക്കാൻ സാധ്യതയില്ലാത്ത മധ്യസ്ഥ നീക്കങ്ങൾ പരസ്യമായി നടത്തേണ്ടതില്ലെന്ന നയതന്ത്ര തീരുമാനത്തിന്റെ ഭാഗമായാണ് ഇതെന്നാണ് സൂചന. ക്രെംലിനും കിയവും തമ്മിൽ സന്ധിയിലെത്താനുള്ള സാധ്യത അതിവിദൂരമാണ്. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിക്ക് ഇത് നിലനിൽപിന്റെ പ്രശ്നമാണ്. യുക്രെയ്ൻ ഒരു രാജ്യമായി തുടരണമെങ്കിൽ വിജയിച്ചാലേ മതിയാകുകയുള്ളൂ.

അവരും എവിടെയാണ് വിട്ടുവീഴ്ചക്ക് തയാറാകാൻ സാധ്യതയുള്ളത് എന്നത് വ്യക്തമല്ല. അതുകൊണ്ട് മധ്യസ്ഥത ഇന്നത്തെ സാഹചര്യത്തിൽ വിജയിക്കാൻ വലിയ സാധ്യതകളില്ല. ഐക്യരാഷ്ട്രസഭ, വലിയ രാജ്യങ്ങൾ, ചൈന ഉൾപ്പെടെ പലരും മധ്യസ്ഥതക്ക് ശ്രമിക്കുന്നുണ്ട്. മധ്യസ്ഥതയിൽ പങ്കുവഹിച്ച് വിജയിക്കാമെന്ന് ഉറപ്പുവരുന്നത് വരെ ഇന്ത്യ മുന്നോട്ടുവരാൻ സാധ്യതയില്ല. റഷ്യയടക്കം ലോകത്തിലെ മുൻനിര രാജ്യങ്ങളുൾപ്പെടുന്ന ജി- 20 ഉച്ചകോടി ഇന്ത്യയിൽ നടക്കാനിരിക്കുകയാണ്. ഈ ഉച്ചകോടിയിൽ സമവായ നീക്കങ്ങൾക്ക് ശ്രമമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ഏഷ്യയുടെ തിരിച്ചുവരവ്

രണ്ട് നൂറ്റാണ്ടിലേറെയായി ആഗോള ലോകക്രമത്തിൽ യൂറോപ്പിനായിരുന്നു മുൻതൂക്കം. ഒന്നും രണ്ടും ലോക യുദ്ധങ്ങൾ അടക്കം ഇതിന് തെളിവാണ്. എന്നാൽ, ലോകത്തിന്റെ കേന്ദ്രം യൂറോപ്പിൽനിന്ന് മാറുകയാണ്. ഏഷ്യാ വൻകരയുടെ തിരിച്ചുവരവിനും സാക്ഷ്യം വഹിക്കുന്നു. യൂറോപ്പിന്റെ പ്രശ്നങ്ങൾ ലോകത്തിന്റെ പ്രശ്നങ്ങളായി കാണേണ്ടതില്ലെന്നും വികസ്വര രാജ്യങ്ങളുടെ പ്രയാസങ്ങൾ അടക്കം പരിഗണിക്കണമെന്നുമുള്ള ആവശ്യങ്ങൾക്കും പിന്തുണ വർധിക്കുകയാണ്.

അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും റഷ്യക്കെതിരായും യുക്രെയ്ന് അനുകൂലമായും നിലകൊണ്ടപ്പോൾ ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും ബഹുഭൂരിഭാഗം രാജ്യങ്ങളും ഒരു രാജ്യത്തിനൊപ്പവും ചേരാതെ മധ്യസ്ഥ നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. വികസ്വര രാജ്യങ്ങളുടെ പ്രശ്നങ്ങൾക്ക് ലോകക്രമത്തിൽ നിർണായക പങ്ക് വേണമെന്ന ശക്തമായ ആവശ്യമാണ് ഉയരുന്നത്.

ഭക്ഷ്യക്ഷാമം, വാക്സിൻ ക്ഷാമം, കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്നീ വിഷയങ്ങളിലെല്ലാം വികസ്വര രാജ്യങ്ങളെയും കണക്കിലെടുക്കണമെന്ന ആവശ്യവും ഉയർന്നു. കോവിഡ് പ്രതിസന്ധിയിലും യുക്രെയ്ൻ യുദ്ധത്തിലും ഉയർന്നുവന്ന ഈ ചർച്ചകളുടെ തുടർച്ചയായാണ് ‘യൂറോപ്യൻ ചിന്താഗതി’ ഉപേക്ഷിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ആവശ്യപ്പെട്ടത്. ജർമൻ ചാൻസലറുടെ അടക്കം പിന്തുണ ഇതിന് ലഭിച്ചിട്ടുണ്ട്.

വിദ്യാർഥികളുടെ തുടർപഠന പ്രതിസന്ധി

യുക്രെയ്നിൽനിന്ന് മടങ്ങേണ്ടിവന്ന ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളുടെ തുടർപഠന പ്രതിസന്ധി തുടരുകയാണ്. പലർക്കും തുടർപഠന അവസരം ഉറപ്പായിട്ടില്ല. കുറച്ചുപേർ അസർബൈജാൻ, ഉസ്ബകിസ്താൻ, ജോർജിയ തുടങ്ങിയ യുക്രെയ്നിന്റെ സമീപ രാജ്യങ്ങളിലേക്ക് പോയിട്ടുണ്ട്. കുറച്ചുപേർക്ക് റഷ്യയിലും തുടർപഠന അവസരം ലഭിച്ചിട്ടുണ്ട്. അവസാന വർഷ വിദ്യാർഥികളിൽ ചിലർ ജീവൻ പണയംവെച്ചും യുക്രെയ്നിലേക്ക് തിരിച്ചുപോയി കോഴ്സ് പൂർത്തിയാക്കാനുള്ള ശ്രമത്തിലുമാണ്.

യുക്രെയ്നിൽനിന്ന് വന്ന കുട്ടികൾക്ക് ഇന്ത്യയിൽ പഠനം തുടരണമെങ്കിൽ നാഷനൽ മെഡിക്കൽ കമീഷന്റെ (എൻ.എം.സി) അനുമതി വേണം. ഇത് ലഭിക്കാനുള്ള സാധ്യത തുലോം വിരളമാണെന്നാണ് സൂചനകൾ. സുപ്രീംകോടതി ഈ വിഷയം പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. യുക്രെയ്നിൽ പോയവർ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് പരമാവധി സുരക്ഷിതത്വം ഉറപ്പാക്കണം.

രാഷ്ട്രപതിയുടെ മുൻ പ്രസ് സെക്രട്ടറിയും നെതർലൻഡ്സിലെ ഇന്ത്യൻ അംബാസഡറുമായിരുന്ന ലേഖകൻ നിലവിൽ കേരള സർക്കാറിന്റെ ഡൽഹിയി​ലെ ഓഫിസർ ഓൺ ഡ്യൂട്ടി ചുമതല വഹിക്കുന്നു

Tags:    
News Summary - The hardest days of life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT