തെലങ്കാന കേരളത്തോട് പറയുന്നത്

തെലങ്കാനയുടെ സാഹചര്യത്തോട് പല അര്‍ഥത്തിലും സാദൃശ്യം പുലര്‍ത്തുന്ന മേഖലയാണ് പൊതുവെ മലബാര്‍ എന്ന് വ്യവഹരിക്കപ്പെടുന്ന കേരളത്തി​െൻറ വടക്കന്‍ ഭാഗം. ഐക്യകേരള രൂപവത്​കരണ സമയത്ത് മദ്രാസില്‍നിന്ന് കൂട്ടിച്ചേര്‍ക്കപ്പെട്ടപ്പോള്‍ പ്രത്യേകമായ സംസ്ഥാനം എന്ന ആവശ്യം മലബാറിലെ ജനത ആവശ്യപ്പെട്ടിട്ടില്ലെന്ന തൊഴിച്ചാല്‍ മറ്റെല്ലാ രംഗത്തും ഈ സാമ്യം ദൃശ്യമാണ്

ജൂണ്‍ രണ്ട് - ഉസ്മാനിയ സര്‍വകലാശാലയിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ തുടക്കമിട്ട, ആറു പതിറ്റാണ്ട് നീണ്ട പോരാട്ടത്തി​െൻറ ലക്ഷ്യസാക്ഷാൽക്കാരമായി തെലങ്കാന സംസ്ഥാനം പിറവികൊണ്ട്​ ഇന്നേക്ക്​ ഒമ്പതു വര്‍ഷം പൂര്‍ത്തിയാകുന്നു. തമിഴ്‌നാടിനോട് അതിര്‍ത്തി പങ്കിടുന്ന രായലസീമയും തെലങ്കാനയും സീമാന്ധ്രയും ചേര്‍ത്ത് ഭാഷാടിസ്ഥാനത്തില്‍ രാജ്യത്തെ ആദ്യ സംസ്ഥാനം രൂപവത്കരിച്ച നാൾ മുതല്‍ കടുത്ത വിവേചനം നേരിട്ടവരാണ്​ തെലങ്കാനയിലെ ജനത.

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവത്​കരിക്കുന്നതിലെ അസാംഗത്യവും അതുണ്ടാക്കിയേക്കാവുന്ന പ്രശ്‌നങ്ങളും നേരത്തേ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്കരണമാകാമോ എന്നു​ പഠിച്ച 1948 ലെ എസ്.കെ. ധര്‍ കമീഷന്‍ അത്തരമൊരു സാധ്യതയെ തള്ളിക്കളയുകയാണ് ചെയ്തത്.

ഭൂമിശാസ്ത്രം, സാമ്പത്തിക സ്വയം പര്യാപ്തത, ഭരണപരമായ സൗകര്യം, വികസന സാധ്യത എന്നിവയാണ് സംസ്ഥാന വര്‍ഗീകരണത്തിന്റെ മാനദണ്ഡമാകേണ്ടത് എന്നായിരുന്നു കമീഷന്‍ ശിപാര്‍ശ. തുടര്‍ന്ന് നിയോഗിക്കപ്പെട്ട ജെ.വി.പി കമ്മിറ്റി പ്രസ്തുത നിഗമനങ്ങളോട് യോജിച്ചുവെങ്കിലും ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവത്​കരിക്കണമെന്ന രാജ്യമൊട്ടുക്കുമുള്ള ജനകീയ ആവശ്യം കണക്കിലെടുത്തേ തീരൂ എന്നു ശിപാര്‍ശ ചെയ്തു. അതിനിടയിൽ, മദ്രാസ് പ്രൊവിന്‍സ് വിഭജിച്ച് തെലുങ്ക് സംസാരിക്കുന്നവര്‍ക്കായി വിശാല ആന്ധ്ര സംസ്ഥാനം രൂപവത്കരിക്കണമെന്ന് ആവശ്യമുന്നയിച്ച് സത്യഗ്രഹമിരുന്ന പോറ്റി ശ്രീരാമലു നിരാഹാരത്തില്‍ മരിച്ചു. ഭരണപരമായ സൗകര്യവും ഭാഷാ ഏകതയും മുന്‍നിര്‍ത്തി തെലങ്കാനയെ വിശാല ആന്ധ്രയോട് കൂട്ടിച്ചേര്‍ക്കാനുള്ള ഫസല്‍ അലി കമീഷന്‍ ശിപാര്‍ശ നടപ്പാക്കപ്പെട്ടെങ്കിലും അതിനെതിരായ വാദങ്ങളും പല ഭാഗങ്ങളില്‍നിന്നും ഉയര്‍ന്നിരുന്നു.

ചരിത്രപരവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ കാരണങ്ങള്‍ ഈ വാദങ്ങള്‍ക്ക് പിന്നിലുണ്ട്. നൈസാം ഭരണകാലത്ത് അവഗണന നേരിട്ട പ്രദേശമാണ് തെലങ്കാന. ആന്ധ്രയോട് ചേരുന്നതോടെ അത്തരം വിവേചനങ്ങള്‍ ആവര്‍ത്തിക്കാൻ സാധ്യതയേറെയാണെന്നും രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ മുന്‍പന്തിയിലുള്ള സീമാന്ധ്രയുടെ മേധാവിത്വം തങ്ങളുടെ അസ്തിത്വം തന്നെ അപ്രസക്തമാക്കിയേക്കുമെന്നുമുള്ള ഉത്കണ്ഠകൾ അതില്‍ പ്രധാനമായിരുന്നു.

കൂടാതെ, വ്യവസായ- വ്യാപാര വികസനത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള സീമാന്ധ്രയോട് കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുള്ള തെലങ്കാന ചേരുമ്പോള്‍ വിഭവ വിതരണത്തിലും വിനിയോഗത്തിലും വികസന മുന്‍ഗണനകളിലും അസന്തുലിതത്വത്തിനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെട്ടു. ആശങ്കകളെയെല്ലാം ശരിയെന്ന്​ തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള ആന്ധ്രപ്രദേശി​െൻറ ചരിത്രവും കത്തിപ്പടർന്ന തെലങ്കാന പ്രക്ഷോഭവും. 2014 ല്‍ സംസ്ഥാനം രൂപവത്കരിക്കപ്പെടുന്നതുവരെ ആന്ധ്രപ്രദേശിന്റെ മേധാവിത്വത്തിനു കീഴില്‍ എല്ലാ തലങ്ങളിലും വിവേചനവും അവഗണനയും അനുഭവിക്കുകയായിരുന്നു തെലങ്കാന. കോസ്റ്റല്‍ ആന്ധ്ര വ്യാപാര-വ്യവസായ മേഖലകളില്‍ അതിവേഗം മുന്നോട്ട് കുതിച്ചു.

വ്യവസായവത്കരണവും നഗരവത്കരണവും ആ മേഖലയില്‍ മികച്ച സാമ്പത്തിക വികസനം സാധ്യമാക്കി. വന്‍തോതില്‍ അടിസ്ഥാന സൗകര്യ വികസനവുമുണ്ടായി. തെലങ്കാനയാവട്ടെ, കാര്‍ഷിക മേഖലയായി തുടര്‍ന്നു. ജന്മിത്വം, കര്‍ഷകര്‍ക്ക് ഭൂവുടമസ്ഥത ഇല്ലാതിരിക്കല്‍, കൃഷിയെ ത്വരിതപ്പെടുത്തുന്നതിലെ സര്‍ക്കാര്‍ പദ്ധതികളുടെ അപര്യാപ്തത എന്നിവ അവിടത്തുകാരെ ഞെരുക്കി. രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ വൃന്ദവും വന്‍തോതില്‍ ആന്ധ്രയില്‍നിന്നുള്ളവരായിരുന്നു. രാഷ്ട്രീയ, ഉദ്യോഗസ്ഥതലങ്ങളില്‍ തെലങ്കാന വേണ്ടവിധം പ്രതിനിധാനംചെയ്യപ്പെട്ടില്ല.

വിദ്യാഭ്യാസ രംഗത്തായിരുന്നു ഭീകരമായ വിവേചനം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവുറ്റ സര്‍വകലാശാലകളും കോളജുകളും സീമാന്ധ്രയില്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ തെലങ്കാന ഉന്നത വിദ്യാഭ്യാസ രംഗത്ത് കിതച്ചു. അറിയപ്പെടുന്ന എൻജിനീയറിങ് കോളജുകളും മെഡിക്കല്‍ കോളജുകളും തെലങ്കാനക്ക് പുറത്തായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചപ്പോഴും ആവശ്യമോ ജനസംഖ്യയോ പരിഗണിച്ചില്ല.

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ ലഭ്യത തെലങ്കാനക്ക് അന്യമായപ്പോള്‍ കോസ്റ്റല്‍ ഏരിയയില്‍ അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങള്‍ മുതല്‍ തലയെടുപ്പുള്ള സര്‍വകലാശാലകള്‍ വരെ സ്ഥാപിക്കപ്പെട്ടു. തെലങ്കാനയില്‍ വിശേഷിച്ചും ഗ്രാമീണ മേഖലയില്‍ പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം കുറവായിരുന്നു. ഉള്ളവയില്‍തന്നെ അടിസ്ഥാന സൗകര്യങ്ങൾ തന്നെ ആവശ്യത്തിനുണ്ടായിരുന്നില്ല. വിദ്യാഭ്യാസ ബജറ്റിന്റെ നല്ലൊരു ശതമാനവും നീക്കിവെക്കപ്പെട്ടത് കോസ്റ്റല്‍ ആന്ധ്രയിലേക്കാണ്. സര്‍ക്കാര്‍ മേഖലയിലെ തൊഴിലവസരങ്ങളും അവിഭക്ത ആന്ധ്രപ്രദേശില്‍ ആനുപാതികമായല്ല ലഭ്യമായത്.

ഈ വിവേചന ഭീകരതക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളാണ് ആന്ധ്രയില്‍ നടന്നത്. തെലങ്കാന പ്രജാ സമിതി, കെ. ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതി എന്നിവ തെലങ്കാന സംസ്ഥാനം എന്ന ലക്ഷ്യംവെച്ചുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളായിരുന്നു. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സംയുക്ത വേദിയായി സംയുക്ത തെലങ്കാന ആക്ഷന്‍ കമ്മിറ്റിയും നിലവില്‍വന്നു. 2002ലെ ടി.ആര്‍.എസിന്റെ മില്യന്‍ മാര്‍ച്ച് വലിയ ശ്രദ്ധ പിടിച്ചുപറ്റി. ഈ എല്ലാ സമരങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ആകെത്തുകയാണ് തെലങ്കാന സംസ്ഥാന രൂപവത്​കരണം.

ഇതിപ്പോള്‍ ഓര്‍മിപ്പിക്കാന്‍ കാരണം തെലങ്കാനയുടെ സാഹചര്യത്തോട് പല അര്‍ഥത്തിലും സാദൃശ്യം പുലര്‍ത്തുന്ന മേഖലയാണ് പൊതുവെ മലബാര്‍ എന്ന് വ്യവഹരിക്കപ്പെടുന്ന കേരളത്തി​െൻറ വടക്കന്‍ ഭാഗം. ഐക്യകേരള രൂപവത്​കരണ സമയത്ത് മദ്രാസില്‍നിന്ന് കൂട്ടിച്ചേര്‍ക്കപ്പെട്ടപ്പോള്‍ പ്രത്യേകമായ സംസ്ഥാനം എന്ന ആവശ്യം മലബാറിലെ ജനത ആവശ്യപ്പെട്ടിട്ടില്ലെന്നതൊഴിച്ചാല്‍ മറ്റെല്ലാ രംഗത്തും ഈ സാമ്യം ദൃശ്യമാണ്.

ബ്രിട്ടീഷ് വാഴ്ചക്ക് മുമ്പും ശേഷവും അധിനിവേശ ശക്തികളുടെ കടുത്ത വിവേചനത്തിന് ഇവിടത്തുകാർ ഇരയായി. ഇതെല്ലാം പരിഹരിക്കപ്പെടേണ്ടത് സ്വാതന്ത്ര്യാനന്തരമായിരുന്നു. പക്ഷേ, കേരള സംസ്ഥാന രൂപവത്​കരണ ശേഷവും സ്ഥിതിയിൽ മാറ്റമുണ്ടായില്ല. പൊതു, റവന്യൂഭരണം, തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, റോഡ് ഗതാഗതം, വ്യോമയാനം, ജലവിതരണം, പൊതു വിതരണം, സാമൂഹികക്ഷേമം, തൊഴില്‍, സര്‍ക്കാര്‍ ഉദ്യോഗത്തിലെ പ്രാതിനിധ്യം, ബാങ്കിങ് തുടങ്ങി വികസനത്തിന്റെ എല്ലാ അടരുകളിലും അടിസ്ഥാനങ്ങളിലും മലബാറിനോടുള്ള അവഗണനയും തദ്മൂലമുള്ള പിന്നാക്കാവസ്ഥയും പ്രകടമാണ്.

ഇവയെല്ലാം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍, പരിഹാരത്തിന് ഭരണകൂടത്തെ സമ്മർദപ്പെടുത്തുന്ന വലിയ തോതിലുള്ള ജനകീയ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ നടത്താറുള്ള സമരപരിപാടികളും ഏതാനും പൊതുഫോറങ്ങളും മാത്രമാണ് അപവാദം. ഭരണകൂട ഭാഗത്തുനിന്നുള്ള പരിഹാരങ്ങള്‍ ഇരകളെ കബളിപ്പിക്കുന്നതോ താല്‍ക്കാലിക ആശ്വാസം നല്‍കുന്നതോ മാത്രമാണ്.

സംസ്ഥാന രൂപവത്​കരണശേഷം അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം തുടങ്ങിയ മേഖലയിൽ തെലങ്കാന സർക്കാർ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. മുമ്പത്തെ അവസ്ഥയേക്കാൾ വലിയ സാമ്പത്തിക വികസനം നേടാൻ കഴിഞ്ഞ ഒമ്പതു വർഷത്തിനകം ആ ജനതക്കായിട്ടുണ്ട്. തെലങ്കാനക്കകത്ത് പാർശ്വവത്കൃത ജനതയോ ഭൂപ്രദേശമോ ഇല്ലെന്നല്ല ഇതിനർഥം. എന്നാലും തെലങ്കാന കേരളത്തോടുപറയുന്ന ഒന്നുണ്ട്. സുദീർഘവും പിൻ മടക്കമില്ലാത്തതുമായ ജനകീയ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ അവഗണന നേരിടുന്ന ഭൂപ്രദേശങ്ങളിലെ ജനതക്ക്​ അതിജീവനം സാധ്യമാവൂ എന്നതാണത്​. 

Tags:    
News Summary - Telling Telangana to Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT