മാറുന്നകാലത്തെ അധ്യാപകർ

വൈജ്ഞാനിക സമൂഹനിർമിതിയിലേക്കുള്ള യാത്രയിലാണ് ലോകരാജ്യങ്ങൾ . ഈ യാത്രയിൽ അതിപ്രധാനമായ മാറ്റത്തിന് വിധേയമാകുന്ന മേഖല വിദ്യാഭ്യാസമാണ്. വികസിച്ചുകൊണ്ടിരിക്കുന്ന ആധുനിക വിദ്യാഭ്യാസപ്രക്രിയയിൽ നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നുകൂടിയാണ് അധ്യാപനം. നല്ല അധ്യാപകരിലൂടെ നല്ല സമൂഹവും, നല്ല രാജ്യവും സൃഷ്ടിക്കപ്പെടും എന്ന് നമ്മൾ കേട്ടുപഠിച്ചതിന് ഇന്നും പ്രസക്തിയുണ്ട്. പക്ഷേ, ഉരുവിട്ട് പഠിച്ച പാഠങ്ങൾ വരിതെറ്റാതെ ക്ലാസ്മുറിയിൽ അവതരിപ്പിക്കുന്ന ടീച്ചറും, കാണാപ്പാഠം പഠിച്ച് ഉയർന്ന മാർക്ക് വാങ്ങുന്ന കുട്ടിയും ഇന്ന് ആധുനിക വിദ്യാഭ്യാസപ്രക്രിയക്ക് വെളിയിലാണ്.

മറിച്ച് തന്റെ ചുറ്റുപാടും വികസിച്ചുവരുന്ന അറിവിനെ തിരിച്ചറിയാനും അവയെ വിശകലനം ചെയ്ത് സന്ദർഭത്തിനനുസരിച്ച് ഉപയോഗിക്കാനും പുതിയ അറിവുകളാക്കി മാറ്റാനും ശേഷിയുള്ള കുട്ടികൾക്ക് മാത്രമേ വിജ്ഞാനസമൂഹത്തിൽ അതിജീവിക്കാൻ കഴിയൂ. നിരന്തരമായി ചലിക്കുന്ന സാമൂഹികക്രമത്തിൽ അത് സൃഷ്ടിക്കുന്ന തൊഴിലിടങ്ങളിലും ജ്ഞാനോൽപാദനാധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയിലും ക്രിയേറ്റിവ് ക്ലാസ്മുറികളും അത് നയിക്കാൻ പ്രാപ്തിയുള്ള സ്വയം വികസിക്കാനും നവീകരിക്കാനും കഴിയുന്ന അധ്യാപകരും അനിവാര്യമാണ്.

ലോകത്താകമാനം ഇന്ന് ചർച്ച ചെയ്യുന്ന ഒന്നാണ് ടീച്ചർ പ്രഫഷനലിസം. മാറിയ സാഹചര്യങ്ങൾ ടീച്ചറുടെ റോളിനെ പുനർനിർവചിച്ചിരിക്കുന്നു. അധ്യാപനം കൂടുതൽ ആസ്വാദ്യകരമാക്കുന്നതോടൊപ്പം ഗവേഷണവും വിദ്യാർഥിക്ഷേമവും അന്വേഷണാത്മകതയും അധ്യാപനത്തിന്റെ അവിഭാജ്യഘടകങ്ങളായി മാറുന്നു. എല്ലാകാലത്തും അധ്യാപകരുടെ റോളുകൾ നിർവചിക്കുന്നതിൽ അതിന്റെ സാമൂഹിക -സാംസ്കാരിക പരിസരങ്ങൾ വലിയ പങ്കുവഹിക്കുന്നു എന്നതിനാൽ വിവിധ പശ്ചാത്തലങ്ങളിൽ നിന്ന് വ്യത്യസ്ത സ്വഭാവങ്ങളിൽ രൂപപ്പെടുന്ന കുട്ടികളെ പഠിപ്പിക്കുക എന്ന ഏറ്റവും ഉയർന്ന സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതും അധ്യാപകരാണ്.

ശാസ്ത്ര സാങ്കേതികവിദ്യയുടെ വളർച്ചയുടെ സ്വാധീനം വിദ്യാഭ്യാസ മേഖലയിലും പ്രകടമാണ്. കോവിഡിന്റെ വരവുകൂടി ആയപ്പോൾ അത് പഠനപ്രക്രിയയെ മുഴുവനായും മാറ്റിമറിച്ചു. സാങ്കേതികവിദ്യയാൽ നയിക്കപ്പെടുന്നവരായി അധ്യാപകർ മാറുന്നു. ഡിജിറ്റൽ ഉപകരണങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവ് ടീച്ചർ പ്രഫഷനലിസത്തിലെ മുഖ്യ ഘടകമായി വളർന്നുവന്നു. പക്ഷേ, കേവലമായ പാഠഭാഗകൈമാറ്റത്തിനപ്പുറം ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സർഗാത്മകത വളർത്താനും യുക്തിചിന്ത വികസിപ്പിക്കാനും ഉതകുന്ന തരത്തിൽ പ്രക്രിയാബന്ധിതമായ പഠനപ്രവർത്തനങ്ങളെ വികസിപ്പിക്കുന്നതിൽ നാം പരാജയപ്പെടുകയും ചെയ്തു. മൂക്ക് (Mooc ) കോഴ്സുകൾ, സാങ്കേതികവിദ്യ പാഠഭാഗങ്ങൾ

(e content ), ഓൺലൈൻ കോഴ്സുകൾ എന്നിവ ബഹുദൂരം മുന്നേറിയപ്പോൾ ഭൂരിഭാഗം അധ്യാപകരിലും പുതിയ സങ്കേതങ്ങളുമായി യോജിച്ചുപോകാൻ കഴിയാത്തവിധം പ്രയാസങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അധ്യാപകർ പോരാളികളാണെന്ന് നിർവചിക്കപ്പെട്ട ഒരിടത്തുനിന്ന് നാം പ്രതീക്ഷിച്ചുകൊണ്ടിരുന്നത് ജനാധിപത്യമൂല്യങ്ങളിൽ, സാമൂഹിക വിദ്യാഭ്യാസത്തിൽ, പരിസ്ഥിതി ചിന്തകളിൽ, സമാധാനപാഠങ്ങളിൽ, വിശ്വപൗരനായി വികസിക്കുന്ന ഒരു കുട്ടിയെ ആണ്. എന്നാൽ വിദ്യാഭ്യാസ മേഖലയിൽ വർധിച്ചുവരുന്ന 'കമ്പോള' സ്വാധീനം അധ്യാപനത്തെ കൂടുതൽ ബ്യൂറോക്രാറ്റൈസേഷനിലേക്ക് മാറ്റുന്നു.

ഇതിനെ നമ്മൾ മനോഹരമായി പെർഫോമിറ്റിവിറ്റി അജണ്ടയായി സെറ്റ് ചെയ്യുകയും സ്കൂൾ അത് നിലനിൽക്കുന്ന സാമൂഹികക്രമത്തിന്റെ സൂക്ഷ്മ രൂപമാണെന്ന തിരിച്ചറിവിനെ തമസ്കരിക്കുകയും ചെയ്യുന്നു. നവലിബറൽ ആശയങ്ങൾ സ്ഥാനം ഉറപ്പിച്ചതിന്റെ ഭാഗമായി പുതിയ മാനേജ്മെന്റ് തന്ത്രങ്ങൾ അധ്യാപനത്തിലേക്കും, അധ്യാപക വിദ്യാഭ്യാസത്തിലേക്കും കടന്നുകയറി. തൽഫലമായി അധ്യാപന നിലവാരം എന്നത് കേവലം ഡാഷ്ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന അക്കങ്ങളായും അതാണ് കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയെ വരച്ച് കാണിക്കുന്ന മാപിനി എന്നും നമ്മൾ വിശ്വസിക്കാൻ തുടങ്ങി.

ദേശീയ വിദ്യാഭ്യാസനയം 2020 മുന്നോട്ടുവെക്കുന്ന നാഷനൽ പ്രഫഷനൽ സ്റ്റാൻഡേഡ് ഫോർ ടീച്ചേഴ്സ് (NPST) ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടതാണ്. ദേശീയതലത്തിൽ വികസിപ്പിക്കുന്ന ഈ മാർഗരേഖ പ്രാദേശികമായി ഏറെ പ്രത്യേകതകൾ ഉള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപിക്കുമ്പോൾ ക്ലാസ്മുറികൾ കൂടുതൽ അസ്വസ്ഥപ്പെടുകയാണ് ചെയ്യുക. ശമ്പള വർധന, പ്രമോഷനുകൾ, മറ്റ് അംഗീകാരങ്ങൾ എല്ലാം നിർണയിക്കപ്പെടുന്നത് ഈ അളവുകോൽവെച്ചായിരിക്കും. സ്ഥാനക്കയറ്റവും ശമ്പള വർധനവും കാലാവധിയുടേയോ സീനിയോറിറ്റിയുടേയോ അടിസ്ഥാനത്തിൽ സംഭവിക്കുകയില്ല, മറിച്ച് വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മാത്രം ലഭിക്കുന്ന ഒന്നായിത്തീരും.

ഇത്തരം അളവുകോൽ നടപ്പാക്കുമ്പോൾ അധ്യാപനം എന്നത് തികച്ചും യാന്ത്രികമായി സംഭവിക്കുന്ന ഒന്നായി മാറാനും സാധ്യതയുണ്ട്. ഇതിലും അപകടകരമായി മാറാൻ സാധ്യതയുള്ള വേറൊരു നിർദേശം കൂടി ദേശീയ വിദ്യാഭ്യാസനയം മുന്നോട്ട് വെച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിലും ബോധനത്തിലുമുള്ള പുതിയ മുന്നേറ്റങ്ങളെക്കുറിച്ച് നന്നായി അറിയുന്നതിനോടൊപ്പം തന്നെ, അധ്യാപകർ ഇന്ത്യൻ മൂല്യങ്ങൾ, ധാർമികത, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയിൽ അധിഷ്ഠിതരായി പ്രവർത്തിക്കണം എന്നതുകൂടിയാണത്. ചുരുക്കിപ്പറഞ്ഞാൽ ആധുനിക മാനേജ്മെന്റ് തന്ത്രങ്ങളെന്ന പേരിൽ റിവൈവലിസത്തിന്റെ അംശങ്ങളെ അധ്യാപക വിദ്യാഭ്യാസത്തിന്റെ മുന്നിൽ നിർത്തുന്നു എന്ന് സാരം.

അധ്യാപക വിദ്യാഭ്യാസവും, അധ്യാപകരും കാലാനുസൃതമായി പരിഷ്കരിക്കപ്പെടണം എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. പുതിയ കാലത്തിനനുസരിച്ച് സ്വയം നവീകരിക്കപ്പെടണം എന്നത് അധ്യാപകരും തിരിച്ചറിഞ്ഞില്ലെങ്കിൽ അവർ സ്വാഭാവികമായ കാലഹരണപ്പെടലിലൂടെ പുറത്താകുന്ന ആൾക്കാരായി പരിണമിക്കപ്പെടും. കേരളം പാഠ്യപദ്ധതി പരിഷ്കരണ നടപടികളിലേക്ക് പ്രവേശിച്ച സാഹചര്യത്തിൽ ഈ വിഷയങ്ങളെല്ലാം ഗൗരവമേറിയ സംവാദങ്ങൾക്ക് വിഷയമാകുമെന്ന് ഉറപ്പാണ്. കാലഘട്ടത്തിന്റെ മാറ്റങ്ങളെ ഉൾക്കൊള്ളാൻ പാകത്തിൽ അധ്യാപക വിദ്യാഭ്യാസവും അതുവഴി അധ്യാപകരും മാറും എന്നതിൽ സംശയമില്ല.

(സ്റ്റേറ്റ് കൗൺസിൽ ഓഫ് എജുക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ് -എസ്.സി.ഇ.ആർ.ടി കേരള ഡയറക്ടറാണ് ലേഖകൻ)

Tags:    
News Summary - Teachers in a changing age

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT