ഫർഹാനയുടെ വീട്

നാലു വർഷങ്ങൾക്കപ്പുറം, പ്രവാസകാലച്ചിറകേറി ദുബായിലേക്ക് ഞാൻ പറന്നിറങ്ങിയത്​ ഫർഹാനയുടെ വീടിന്റെ ഔട്ട് ഹൗസിലേക്കായിരുന്നു. മാനത്തുനിന്നും ഞാത്തിയിട്ട മഴവിൽകൂടാരം കണക്കൊരു വീട്​. നിറങ്ങളുടേയും, സന്തോഷങ്ങളുടേയും, കുഞ്ഞുങ്ങളുടേയും പൂക്കളുടേയും വീട്. രുചികരമായ ഭക്ഷണത്തി​​​​െൻറയും ഊദിന്റേയും സുഗന്ധമായിരുന്നു ആ വീടിനുള്ളിൽ.. കുഞ്ഞുങ്ങളുടെ കളി ചിരികളും കലമ്പലുകളും നാവിലിട്ടാലലിയുന്ന പഞ്ഞി മിഠായി പോലെ  അവിടെ പറന്നു നടന്നിരുന്നു. തക്കാളിയും, വെണ്ടയും ചീരയും പച്ചമുളകുമൊക്കെ നിറയെ നട്ടുവളർത്തിയ മട്ടുപ്പാവ്​. ബാൽക്കണിയിൽ പടർത്തിയ നക്ഷത്ര മുല്ലകൾ ആകാശത്തേക്ക് തിരിനീട്ടിയിരുന്നു. കാറ്റു വീശുമ്പോൾ നന്ത്യാർവട്ടത്തി​​​​െൻറയും, രാമ തുളസിയുടേയും, സമ്മിശ്ര ഗന്ധം വീടിനപ്പുറത്ത് തിളയ്ക്കുന്ന മണൽ മൈതാനത്ത് നിരനിരയായി നിൽക്കുന്ന ഗാഫ്മരങ്ങളുടെ പച്ചിലക്കാടുകളിൽ പോയി ഉമ്മ വെച്ചു. വിദൂര ഭൂഖണ്ഡങ്ങൾക്കപ്പുറത്തു നിന്നു വരുന്നു എന്ന് തോന്നിപ്പിച്ച, മുഖം കണ്ടെടുക്കാൻ സാധിക്കാത്ത ചില മനുഷ്യർ കുർത്തയും പൈജാമയും ധരിച്ച് അലസമായി അതിലെ വെയിൽ നിഴൽ പോലെ നടന്നു പോയി. ബഹുനില കെട്ടിടങ്ങൾ ചുംബിക്കാനാഞ്ഞു നിൽക്കുന്ന ആകാശത്തുകൂടി, കൈ നീട്ടിയാൽ തൊടാൻ പാകത്തിന് എന്ന മട്ടിൽ ഓരോ നിമിഷവും വിമാനങ്ങൾ തൊട്ടടുത്ത ടെർമിനലിലേയ്ക്ക് ഇരമ്പിയാർത്ത് വരികയും പോവുകയും ചെയ്തുകൊണ്ടിരുന്നു. കുട്ടിക്കാലം മുതൽക്കേ, വിമാനങ്ങൾ മാനത്ത് കണ്ടാൽ അത്ഭുതം കൂറി നോക്കി നിൽക്കുന്ന എനിക്ക് ഇവിടെ വന്നിട്ടും അവ എത്ര കണ്ടിട്ടും മതിയായിരുന്നില്ല.! മുറിയുടെ വാതിൽ തിരശ്ശീല നീക്കിയാൽ എപ്പോഴും കാണാം ആകാശത്തൊഴുകിപ്പോകുന്ന ഒരു വിമാനത്തി​​​​െൻറ നേർത്ത മത്സ്യ മുഖം...!

ഫർഹാനയ​ും (ചുവന്ന ടീ ഷർട്ട്​) തൂബയ​ും (പിങ്ക്​ കുപ്പായം)
 

എന്തോ നിർമ്മാണ കമ്പനി നടത്തിയിരുന്ന ഫർഹാനയുടെ ഉപ്പ നല്ലൊരു കലാകാരനായിരുന്നു. അദ്ദേഹം ആൽബങ്ങളും സിനിമകളും നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്തിരുന്നു. അതികാലത്തുണർന്ന്​ കുഞ്ഞുങ്ങളേയും കുടുംബത്തേയും ബന്ധുവും സഹായിയുമായ ആരിഫാത്തയെ ഏൽപ്പിച്ച്, കാറോടിച്ച് ജോലിക്ക് പോയിരുന്ന ഏറെ തിരക്കുള്ള ഉദ്യോഗസ്ഥയായിരുന്നു ഫർഹാനയുടെ ഉമ്മ. ഉച്ചയ്ക്ക് 12 മണിക്ക് സ്ക്കൂൾ വിട്ടു വരുന്ന ഫർഹാനയെയും ഫാരിസിനെയും നോക്കുക, ഭക്ഷണം പാകം ചെയ്യുക, വീട് വൃത്തിയാക്കുക, ഇതിനിടയിൽ സമയാസമയങ്ങളിൽ നിസ്ക്കരിക്കുക തുടങ്ങി ആരിഫത്തയും തിരക്കിൽ തന്നെ. ഭക്ഷണമുണ്ടാക്കൽ അവർ ഒരു സപര്യയായി കണ്ടു. പരിപ്പുകറി, ഒറോട്ടി, വെണ്ടയ്ക്കാ മെഴുക്കുപുരട്ടി, ബട്ടർ ചിക്കൻ, നെയ്പ്പത്തിരി, മുട്ട മസാല റോസ്റ്റ്, മട്ടൺ കറി, ആപ്രിക്കോട്ട് ഷേയ്ക്ക്... ഒരന​ുഷ്​ഠാനം കണക്കെ അവർ അടുക്കളയിൽ നിന്ന് ഭക്ഷണമുണ്ടാക്കിപ്പോന്നു.. ഉണ്ടാക്കുന്നതിൽ ഓരോഹരി എനിക്കും ഗിരീഷിനും സ്നേഹപൂർവം തരാനും മറക്കാറില്ല.. ഈന്തപ്പഴം അച്ചാറിട്ടത് ഞാനാദ്യമായി കഴിച്ചത് ഇത്ത ഉണ്ടാക്കി തന്നിട്ടാണ്.

 
സുഹൈറി​​​​െൻറ മൂത്ത മകൾ തൂബയ​ും (വയലറ്റ്​ കുപ്പായം ധരിച്ച്​ തല ചെരിച്ചുപിടിച്ച കുട്ടി) ഫാരിസും (പച്ച ഒാവർക്കോട്ട്​ ധരിച്ച്​ വലത്തേയറ്റം)
 

ആരിഫാത്തയുടെ കണ്ണുവെട്ടിച്ച് പടു വികൃതിയായ ഫാരിസ് എന്തെങ്കിലുമൊക്കെ ഒപ്പിക്കും. സ്ക്കൂളിൽ നിന്നും ഉച്ചയ്ക്ക് വന്നാൽ കാർട്ടൂണുകൾ കാണാനും സൂപ്പർമാനെയും മറ്റും അനുകരിച്ച് ഡൈവ് ചെയ്യാനും, ചാടിമറിഞ്ഞോടാനും, എപ്പോഴും ഓവർക്കോട്ടും തൊപ്പിയും ധരിച്ചു കളിപ്പാട്ടമായി തോക്കും പിടിച്ച് നടക്കാനായിരുന്നു ഫാരിസിന് താൽപര്യം. കൗമാരത്തിലേക്ക് കാലൂന്നാൻ തുടങ്ങിയ ഫർഹാന നല്ല ചുറുചുറുക്കുള്ള മിടുക്കിക്കുട്ടി ആയിരുന്നു. അവിടുത്തെ അറബി, പാക്കിസ്ഥാനി, നോർത്തിന്ത്യൻ, മലയാളി കുട്ടിക്കൂട്ടങ്ങളുടെ ഗ്യാങ്ങ് ലീഡർ കൂടിയായിരുന്നു അവൾ. ത​​​​െൻറ സ്കൂളിൽ ഒരിക്കൽ ഒരു പാമ്പ് കയറിയതും, ആ സന്ദർഭത്തെ സമചിത്തതയോടെ നേരിട്ട് ടീച്ചേഴ്സിനെ അറിയിച്ചതും, ഹാലോവിൻ പാർട്ടിക്ക് അറബിക്കുട്ടി തൂബ കത്തി ഉയർത്തി കീ രിക്കാടൻജോസിനെപ്പോലെ അവിടെ വില്ലത്തിയായപ്പോൾ താൻ സാഹസികമായി അവളെ കീഴടക്കിയതും, പീരിയഡ്സിനെപ്പറ്റി ക്ലാസ്സിൽ ടീച്ചേഴ്സ് പറഞ്ഞു കൊടുത്തതുമെല്ലാം ഫർഹാന എന്നോട് പറഞ്ഞിരുന്നു. എല്ലാ കഥകളിലും ഫർഹാനയുടെ ഹീറോയിസത്തിന്റെ ഒരംശം ഉണ്ടാവും..!

നാട്ടിലെ ജോലിയുടേയും, പരീക്ഷയുടേയും ഏകാന്തതയുടേയും മെയ് മാസവേനൽച്ചൂടിൽ നിന്നു ദുബായിലെ ശീതികരിച്ച മുറികളിലേക്കും, കുഞ്ഞുങ്ങളുടെ സ്വർഗ്ഗത്തിലേക്കും വന്നിറങ്ങിയ ഞാൻ നന്നേ സന്തോഷവതിയായിരുന്നു. ഫർഹാനയുടെ വീട്ടിൽ വെച്ചാണ് ഞാനാദ്യമായി അവളെ, ലുലു എന്ന ലോട്ടസിനെ കാണുന്നത് ! അടുത്ത വീട്ടിലെ രണ്ടര വയസുള്ള അറബിക്കുട്ടിയായിരുന്നു അവൾ...! ലോട്ടസി​​​​െൻറ ബാബയ്ക്ക് സുഗന്ധ നിർമാണ ബിസിനസായിരുന്നു. അവളുടെ ഉമ്മ സുഹേർ അടുത്ത പ്രസവത്തിനായി അമേരിക്കയിലുള്ള കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. കുറച്ചു നേരം വന്നു പോകുന്ന ജോലിക്കാരിയെയും, ഹോട്ടൽ ഭക്ഷണത്തെയും കുഞ്ഞുങ്ങളെ ഏൽപ്പിച്ച് ലോട്ടസി​​​​െൻറ ബാബ ജോലിക്ക് പോയി. നേർത്ത കഷണ്ടിയും, ബ്രൗൺ നിറത്തിൽ താടിയുമുള്ള വെളുത്ത കന്തൂറ ധരിച്ച ശാന്ത സ്വഭാവിയായ ഒരു മുപ്പത്തഞ്ചുകാരനായിരുന്നു അയാൾ. വീട്ടിലാരുമില്ലാത്ത കുഞ്ഞുങ്ങൾ കൂടുതൽ സമയവും ഫർഹാനയുടെ വീട്ടിലായിരുന്നു. ആരിഫാത്തയുടെ അടുക്കളയിൽ വന്ന്​ അവർ നാവിലിട്ടാലലിയുന്ന നെയ്പ്പത്തിരിയും, ചോറും പരിപ്പുകറിയും തൈരുമൊക്കെ കഴിച്ചു പോയിരുന്നു.

ലോട്ടസ​ും ഫാരിസും സ്​മിതയ്​ക്കൊപ്പം
 

സ്വർഗ്ഗത്തിൽ നിന്നും ഈശ്വരൻ മുന്നിലേക്ക് എറിഞ്ഞു തന്ന പാവക്കുഞ്ഞിനെപ്പോലാണ് ലോട്ടസിനെ ആദ്യം കണ്ടപ്പോൾ എനിക്ക് തോന്നിയത്. റോസ് നിറമുള്ള ഒരു കുഞ്ഞ്, തുടുതുടുത്ത മുഖം, സ്വർണ്ണ മുടി, നീലക്കണ്ണുകൾ.. വാരിയെടുത്തു മുറിയിലേക്ക് കൊണ്ടുവന്നു ഞാൻ. അമ്മ അരികിലില്ലാത്ത ആ പിഞ്ചോമനയെ ഊട്ടിയൊരുക്കിയുറക്കി കൊണ്ടു നടക്കുന്നതിൽ സായൂജ്യം കണ്ടെത്തിയ എനിക്ക് അവളെക്കണ്ടപ്പോൾ അമ്മമോഹം പൂവിട്ടു.  ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ എൻറെയുള്ളിലും ഒരു കുഞ്ഞ് വളർന്നു വരുന്നു.അമ്മ അരികിലില്ലാത്തൊരു കുഞ്ഞിനെ നോക്കിയതിന് ഈശ്വരൻ തന്നൊരു സമ്മാനവുമാവാം..!

ഗർഭകാലം ഛർദിയുടേയും ക്ഷീണത്തി​​​​െൻറതുമായിരുന്നു.  രാവിലെ ഗിരീഷ് ജോലിക്ക് പോകും. ഒരു ഗ്ലാസ് പാലും റൊട്ടിയും മാത്രം കഴിച്ചു ഛർദിച്ച് ഛർദിച്ച് റൂമിൽ ഒരേയൊരു കിടപ്പാണ്. ഫർഹാനയും ഫാരിസും കൂട്ടുകാരുമൊക്കെ ഇടയ്ക്ക് വരും. ആരിഫത്ത കഞ്ഞിയോ, ചോറോ ഉപ്പിലിട്ടതോ, കൊണ്ടു തരും. എനിക്ക് ഒരു ഗന്ധവും പറ്റിയിരുന്നില്ല. എപ്പോഴും കിടക്കാനും ഉറങ്ങാനും തോന്നി. ഫർഹാനയുടെ വീട്ടിൽ ഇടയക്ക് റോഷനാര വരും. ഫർഹാനയുടെ മാമി. നിലാവു പോലുള്ള ആ പെൺകുട്ടി എനിക്ക് സുലൈമാനി ഉണ്ടാക്കിത്തരും. സിഡ്നി ഷെൽഡ​​​​െൻറയൊക്കെ പുസ്തകങ്ങൾ കൊണ്ടു തരും. ഇടയ്ക്കിടെ കുടുംബ സുഹൃത്തുക്കൾ ആയിഷയും അൻവറും വരും. അവരും പുസ്തകങ്ങൾ കൊണ്ടു തരും. ഖാലിദ് ഹൊസൈനിയും, തസ്ലിമ നസ്രീനും, പ്രൊതിമാ ബേദിയും, ഓഷോയും, എം.കെ രാമചന്ദ്രനുമൊക്കെ അൻവറിന്റെ പുസ്തക ശേഖരത്തിൽ നിന്നും വായിച്ചവയാണ്. അയിഷ മോരു കൂട്ടാനും ഇഞ്ചമ്പുളിയും കൊണ്ടുവരും. മായ, സലിമി​​​​െൻറ കൈയിൽ, ഇഢലിയും ചട്നിയുമുണ്ടാക്കി കൊടുത്തു വിടും. ഗർഭകാലത്ത്​ തിന്നാൻ കൊതിച്ച സീതപ്പഴം എവിടെയോ പോയി വാങ്ങി അശോകേട്ടൻ വരും.. ബബിത ചോറും ചീര ഉപ്പേരിയും ചമ്മന്തിയുമുണ്ടാക്കി ലീവെടുത്ത് വന്ന് കൂട്ടിരിക്കും... ചിന്നച്ചേച്ചി ഓടി വന്ന് ചോറും സാമ്പാറും ചേന ഉപ്പേരിയുമുണ്ടാക്കിത്തരും. ദൈവത്തി​​​​െൻറ പ്രതിരൂപം പോലെയുള്ള കൂട്ടുകാർ, എ​​​​െൻറ വൈകി വന്ന ഗർഭകാലത്തെ കുറവുകളില്ലാതെ നോക്കാൻ ബദ്ധശ്രദ്ധരായിരുന്നു. എങ്കിലും എ​​​​െൻറ മനസ്സ്​ നാട്ടിലേക്ക് പോവാനും മമ്മിയോടൊപ്പം നിൽക്കാനും കൊതിച്ചു കൊണ്ടിരുന്നു. ഉറക്കത്തിലെ നേർത്ത സ്വപ്നങ്ങളിൽ വന്ന് മമ്മി ഉണ്ടാക്കുന്ന ഇരുമ്പൻ പുളി അച്ചാറിന്റെ രുചി കൊതിപ്പിച്ചു കൊണ്ടിരുന്നു. ഒരിക്കലും എനിക്കിഷ്ടമില്ലാതിരുന്ന ഒന്നാണ് ആ അച്ചാർ...! 

വൈകുന്നേരങ്ങളിൽ, ഉഷ്ണ നഗരത്തിന് മീതെ വിരിച്ചിട്ട മാനത്തു കൂടി നീന്തിപ്പോകുന്ന വിമാനങ്ങളെയും, മൈതാനത്തു കൂടി ഓടി വരുന്ന കാറുകളേയും നോക്കിയിരുന്ന് ഞാൻ പിറക്കാൻ പോവുന്ന കുഞ്ഞിനോട്  ഛർദ്ദിച്ചുകൊണ്ട് സംസാരിച്ചിരുന്നു. ദുബായിലെത്തിയിട്ട് അധികം പുറത്തു പോവാൻ ഛർദിയും ക്ഷീണവും അനുവദിച്ചിരുന്നില്ല.

ലോട്ടസ്​
 

അങ്ങനെയിരിക്കുമ്പോൾ ആരിഫത്ത പറഞ്ഞു അറിഞ്ഞു, പ്രസവിക്കാൻ പോയ ലോട്ടസിന്റെ മമ്മാ, ലുത്തീഷ്യ എന്ന കുഞ്ഞുമായി തിരികെ വന്നിട്ടുണ്ടെന്നും എന്നെക്കാണാൻ അവർക്കാഗ്രഹമുണ്ടെന്നും! ഞാനാദ്യമായാണ് ഒരു അറബി സ്ത്രീയെ നേരിൽ കാണാൻ പോവുന്നത്.! അവരുടെ സൗന്ദര്യത്തെപ്പറ്റി ഒരുപാട് കാൽപ്പനിക കഥകൾ കേട്ടിട്ടുണ്ട്. ഛർദ്ദി ഒഴിഞ്ഞൊരു നേരം നോക്കി മുടി ചീകിക്കെട്ടി, ആരിഫത്തയുമൊത്ത് ഞാൻ ലോട്ടസിന്റെ വീട്ടിലെത്തി. പതുപതുത്ത ഇരിപ്പിടങ്ങൾ, നിലത്തുവിരിച്ച പരവതാനികൾ, ജാലകങ്ങളിലെ പട്ടി​​​​െൻറ അലകൾ പോലെയിളകുന്ന മൂടുവരികൾ, ... ആ വീട് സുഗന്ധത്തി​​​െൻറ ഒരു കടൽ ആയിരുന്നു. അവിടെ മത്സ്യങ്ങളെപ്പോലെ ഒഴുകി നടക്കുന്ന കുഞ്ഞുങ്ങൾ... കാപ്രിയും ടീഷർട്ടും ധരിച്ചാണ് സുഹൈർ കടന്നു വന്നത്.. ദൈവമേ... ! എന്തൊരു മുഖശ്രീ... വെണ്ണക്കൽ പ്രതിമ തന്നെ ! അവർ നന്നായി അണിഞ്ഞൊരുങ്ങിയിരുന്നു. കൈയിൽ ടാറ്റു, മൈലാഞ്ചി, നെയിൽ പോളീഷ്...! ചുണ്ടി​​​െൻറ തുടുപ്പിൽ ചുവന്ന ലിപ്​സ്​റ്റിക്ക്... നക്ഷത്രക്കണ്ണിൽ, ഐ ലൈനർ, മസ്ക്കാര....! കണ്ടാലും കണ്ടാലും മതിവരാത്ത ആ അഴകി​​​െൻറ വി ഗ്രഹം എന്നെ ചേർത്തണച്ചു. ഏതപൂർവ്വ സുഗന്ധമാണവളുടെ ദേഹം പ്രസരിക്കുന്നത്.... ? പച്ചത്തക്കാളിയുടെ മണമുള്ളഎന്നോട് എനിക്ക് അപകർഷതയും അവജ്ഞയും തോന്നി. 

സ്​മിതയുടെ വീട്ടിലെ കർട്ടനു പിന്നിൽ ഒളിച്ചുകളിക്കുന്ന ലോട്ടസ്​
 

സു​ഹൈറിന് ഇംഗ്ലീഷ് അറിയില്ല. എനിക്ക് അറബിയും. താനില്ലാത്തപ്പോൾ ത​​​​െൻറ  കുഞ്ഞിനെ നോക്കിയ നന്ദി അവർ വാക്കുകളിലൂടെ അറിയിച്ചു. എനിക്ക് കൈനിറയെ മധുര പലഹാരങ്ങൾ തന്നു. കുശലാന്വേഷണങ്ങൾക്കൊടുവിലാകും എ​​​​െൻറ നെറ്റിയിലെ ചെറിയ ചുവന്ന പൊട്ട് സുഹൈർ കാണുന്നത്. ആരിഫത്തയോട് ഞാൻ മുസ്ലീമാണോ എന്നോ മറ്റോ അവർ ചോദിച്ചു. അല്ല എന്നറിഞ്ഞപ്പോൾ അവരുടെ ഭാവം മാറി.. ‘നീ മുസ്ലീമല്ല, മുസ്ലീം ആവണം’ എന്ന് പറഞ്ഞു. ആദ്യത്തെ സ്നേഹപ്രകടനം കുറഞ്ഞു. സുഹൈർ എന്നെ അവഗണിക്കുന്നു എന്നെനിക്ക് തോന്നി. ജാതിയുടെ കാര്യത്തിൽ ഒരു സ്ത്രീ എന്നെ അപഹസിച്ചിരിക്കുന്നു. എനിക്ക് അപമാനവും, അമർഷവും കരച്ചിലും തോന്നി. സുഹൈറി​​​െൻറ കാഴ്ചപ്പാടുകളോ, അവർ വളർന്ന സാഹചര്യങ്ങളോ, വ്യവസ്ഥകളോ ഒക്കെ കണക്കിലെടുത്ത് അവരുടെ ഭാഗത്ത് നിന്നും ചിന്തിക്കാനുള്ള വിശാല മനസ്കത ഞാൻ മനപൂർവ്വം കുട്ടിക്കുറുമ്പോടെ എ​​​െൻറ മനസിൽ നിന്നും മറച്ചു പിടിച്ചു. ഇനിയൊരിക്കലും ഞാനവരെ കാണില്ല എന്നുറച്ചു.

ഛർദിയും ഉറക്കവും രൂപമില്ലാത്ത സ്വപ്നങ്ങളും തളർച്ചകളും പൂമ്പാറ്റകൾ പോലെ ഇടയ്ക്ക് പാറി വന്നു പോകുന്ന കുഞ്ഞുങ്ങളും.... ഗർഭ ദിനങ്ങൾ പിന്നെയും കടന്നു പോയിക്കൊണ്ടിരുന്നു. ക്വിസൈസിലെ മലയാളി ഡോക്ടറെ കാണിച്ചിരുന്നു. ആറാം മാസം നാട്ടിൽ പോകാം. നാട്, അവിടുത്തെ കാറ്റ്, അമ്മത്തണൽ അതൊക്കെയാണ് ആകെയുള്ള പ്രതീക്ഷകൾ. ഗർഭകാലത്ത് വയറ്റിൽ മുളച്ച കുഞ്ഞു കൂടാതെ ഓരോ പെണ്ണിനുള്ളിലും, ഒരു അമ്മയും, കുഞ്ഞും കൂടി പിറക്കും. അമ്മത്തം അവൾ തന്നെയെങ്കിൽ, സ്വന്തം അമ്മയുടെ പൊക്കിൾക്കൊടിച്ചരടിൽ തൊട്ടിൽ കെട്ടി സുരക്ഷിതയായി മയങ്ങാനും, അതേ അവൾ തന്നെയായ കുഞ്ഞ് കൊതിച്ചു കൊണ്ടിരിക്കും.!

അങ്ങനെയിരിക്കെ, ഒരു ദിവസം ഫർഹാന വന്നു, ലോട്ടസി​​​െൻറ ഉമ്മ സുഹൈറിന് എന്നെ കാണണമെന്ന് പറയുന്നു! സുഹൈർ കാണിച്ച അവഗണന മനഃപൂർവ്വം ഞാൻ മറക്കാൻ ശ്രമിച്ചിരുന്നെങ്കിലും അറിയാതെ ഇടയെക്കാക്കെ അതൊക്കെ ഓർത്തിരുന്നു.. സൂര്യകാന്തികൾ പൂത്തു നിന്നിരുന്ന ആ കണ്ണുകളിലെ ഭാവം എ​​​െൻറയുള്ളിലുമുള്ള ഏതോ മരത്തി​​​െൻറ പൂവേരിൽ ഉടക്കി നിന്നിരുന്ന ഒന്നായിരുന്നു. എനിക്ക് പോവാതിരിക്കാൻ കഴിഞ്ഞില്ല. ഇപ്രാവശ്യം എന്നെക്കണ്ടതേ സുഹൈർ ഓടി വന്ന് കെട്ടിപ്പിടിച്ചു. ഇരു കവിളിലും ഉമ്മ തന്നു. എ​​​​െൻറ വീർത്ത ഉദരത്തിൽ സ്നേഹത്തോടെ തൊട്ട്  ‘മാഷാ. അല്ലാഹ്​.....’  എന്നോ മറ്റോ പറഞ്ഞു. മൂത്ത മകൾ തൂബയ്ക്ക് കുറച്ച് ഇംഗ്ലീഷറിയാം. തൂബയും ഫർഹാനയും ഞങ്ങളുടെ ദ്വിഭാഷികളായി.... 

‘നീ എത്ര സുന്ദരിയാണ്...’ ഞാൻ അവരോട് പറഞ്ഞു.. 
‘നീയും..., നിന്റെ കറുത്ത മുടിയുടെ നീളം എത്രയാണ്...’  എന്ന് സുഹൈർ എന്നോടും പറഞ്ഞു. ഞാൻ അന്തം വിട്ടു പോയി.
ചന്ദ്രബിംബം പോലുള്ള അവരുടെ മുന്നിൽ ഗർഭാലസ്യത്തിൽ, വാരിക്കെട്ടിയ മുടിയും, കരുവാളിച്ച ചുണ്ടും, പാകമല്ലാത്ത വലിയ ഒരുടുപ്പുമിട്ട് നിൽക്കുന്ന എന്നെപ്പറ്റി ഒരു ധാരണ എനിക്കുണ്ടായിരുന്നു. 

സുഹൈർ അടുപ്പിൽ വെള്ളം തിളപ്പിച്ചു. ഫ്രിഡ്ജിൽ നിന്നും എന്തോ എടുത്ത് അതിലേക്ക് കുടഞ്ഞിട്ടു. വലിയൊരു ആട്ടിൻ തല. ആട്ടിൻ നെയ്യും, തൊലിയും.. തിളക്കുന്ന വെള്ളത്തി​​​െൻറ സുഖമല്ലാത്ത ഗന്ധം. എനിക്ക് ഓക്കാനം വന്നു.... പക്ഷേ ഞാൻ സഹിച്ചു നിന്നു. ചില മസാലക്കൂട്ടുകളും ചേർത്ത്, എന്തൊക്കെയോ ഇലകളും സവാളയും അരിഞ്ഞിട്ട്  പാത്രമടച്ച് വെച്ച് അവർ എന്നെ തീൻമേശയിലേക്ക് കൊണ്ടുപോയി. അവിടെ സ്ട്രോബറി പഴങ്ങളുടെ ജ്യൂസ് തയ്യാറാക്കി വെച്ചിരുന്നു.. ഇൗത്തപ്പഴവും ബദാമും ഫിഗ്സും.. എന്തൊക്കെയോ മധുര പലഹാരങ്ങളും...: അവർ തന്ന സ്ട്രോബെറി ജ്യൂസ് സ്വാദിഷ്ഠമായിരുന്നു. കുട്ടികൾ അവരുടെ ലോകത്ത്​ കളിച്ചുനടന്നു. പുതിയ കുട്ടി ലുത്തീഷ്യയും മുറിയുടെ കോണിലൊരുക്കിയ തൊട്ടിലിൽ ശാന്തയായി കൺമിഴിച്ചു കിടന്നു. 

തനിക്ക് ഇന്ത്യ വലിയ ഇഷ്​ടമാണെന്നും, ത​​​​െൻറ മുതുമുത്തച്ഛന് ഇന്ത്യക്കാരിയായ ഒരു ഭാര്യ ഉണ്ടായിരുന്നെന്നും സുഹൈർ പറഞ്ഞു. താൻ ഹിന്ദി സിനിമകൾ കാണാറുണ്ടെന്നും ഐശ്വര്യ റായിയെയും ഷാരൂഖ് ഖാനേയും ഭയങ്കര ഇഷ്​ടമാണെന്നും പറയു​േമ്പാൾ അവരി​ൽ നാണത്തി​​​​െൻറ പൂക്കൾ വിരിഞ്ഞു.  സുഹൈർ സംസാരിക്കുമ്പോഴൊക്കെ കൗതുകത്തോടെ ഞാനവരുടെ വെണ്ണ പോലെ മിനുത്ത കളങ്കമില്ലാത്ത ചർമ്മ കാന്തി ആസ്വദിച്ചിരിക്കുകയായിരുന്നു. എന്താണ് ഈ മുഖകാന്തിയുടെ രഹസ്യം എന്ന്അറിയാതെ ചോദിച്ചും പോയി!. ചാടിയെണീറ്റവർ അകത്തേക്ക് പോകുന്നത് കണ്ട് ഞാൻ പേടിച്ചു പോയി. എനിക്കെന്തോ,അറബികളെ വല്ലാത്ത പേടിയാണ്. ‘അറബിനോട്ടങ്ങൾ’ എന്ന പിൽക്കാല കവിതയിൽ ഈ പേടി വരച്ചു വെച്ചിട്ടുണ്ട്. ദൈവമേ! ഇവൾ വരുന്നത് വല്ല ചാട്ടവാറുമായാണോ? സ്നേഹമാണെങ്കിലും ഇവരുടെ ഒക്കെ സ്വഭാവം എപ്പോഴാണ് മാറുക എന്ന് പറയാൻ പറ്റില്ലല്ലോ...

കൈയ്യിലൊരു ചെറിയ കുപ്പിയും, ചില ചിമിഴുകളുമായി അവർ തിരികെ വന്നു. ഞാനിരിക്കുന്ന കസേരയ്ക്ക് പിന്നിൽ വന്നുനിന്ന​ു. കുപ്പിയിലെ പച്ച നിറത്തിൽ ജെല്ല് പോലുള്ള ഒരു ദ്രാവകം സുഹൈർ എൻറെ മുഖത്ത് പുരട്ടിത്തന്നു. മീതേ, ഒലിവെണ്ണയും പഞ്ചസാരയും... പരിചിതയായ ഒരു ബ്യൂട്ടീഷനെപ്പോലെ അവർ ആ ലേപനം വെച്ച് എന്റെ മുഖം മസ്സാജ് ചെയ്തു തുടങ്ങി. ഈ ലേപനം പതിവായി തേച്ചിട്ടാണ് അവരുടെ ത്വക്ക് ഇത്ര സുന്ദരമായിരിക്കുന്നതത്രെ.  പുറത്തുനിന്നും ആർക്കും അതിന്റെ കൂട്ട് പറഞ്ഞു കൊടുക്കാറില്ലെന്നും പതിവായി വന്നാൽ ഈ ലേപനം എനിക്ക് പുരട്ടിത്തരാമെന്നും അവർ പറഞ്ഞു.. ഇതിനിടയിൽ ഒരു ചീപ്പെടുത്തവർ എ​​​​െൻറ മുടി ചീകിത്തുടങ്ങി. ഏതോ ചി മിഴിൽ നിന്നും ഒരു സുഗന്ധ ദ്രൗവ്യമെടുത്ത് മുടിയിഴകളിൽ പുരട്ടിത്തന്നു. അതി​​​​െൻറ മാദക ഗന്ധം അതുല്യമായിരുന്നു. എന്നെ യാത്രയയയ്ക്കുമ്പോൾ ഒരു പാത്രം നിറയെ ആ സുഗന്ധ ദ്രൗവ്യം എനിക്ക് തന്നിട്ട് സുഹൈർ കുസൃതിയോടെ പറഞ്ഞു ‘ഇത് മുടിയിൽ തേച്ചിരിക്കൂ... നിന്റെ ഭർത്താവ് നിന്നെ പ്രേമിച്ച് വശംകെടുത്തും...’! 

നോമ്പുകാലം വന്നു. ഫർഹാനയും കുടുംബവും നാട്ടിൽ പോയി.. കുഞ്ഞുങ്ങളും കൂട്ടുമൊഴിഞ്ഞ വീട് എന്നെ പേടിപ്പിച്ചു. സുഹൈർ മക്കളെപ്പറഞ്ഞു വിട്ട് ഇടയ്‌ക്കൊക്കെ എന്നെ വിളിപ്പിക്കും. ഗിരീഷിന്  മട്ടൺ ബിരിയാണി കൊടുത്തു വിടും. അറബി സ്ത്രീകൾ പരപുരുഷന്മാരുടെ മുന്നിൽ വെളിപ്പെടാറില്ലല്ലോ.... അബായയും മറ്റും ധരിച്ച് തങ്ങളെ മറച്ചു പിടിച്ചാണ് പുറത്തിറങ്ങാറ്. എന്നാൽ, വീട്ടിലവർ അൽപ്പ വസ്ത്രമണിയുന്നവരും ഫാഷൻ ബോംബുകളുമാണ്.

സുഹൈറുമായി സംസാരിച്ചിരിക്കാൻ എനിക്കിഷ്ടമായിരുന്നു. ചെറുപ്രായത്തിൽ കഴിഞ്ഞ വിവാഹവും, തുടരെയുള്ള പ്രസവങ്ങളും താൻ വെറുക്കുന്നുവെന്ന് അവർ പറഞ്ഞു. കുട്ടിക്കാലത്തെ യമനിലെ ത​​​​െൻറ വീടും, സഹോദരിമാരേയുമൊക്കെ ആൽബങ്ങളിൽ കാണിച്ചു തന്നു. അമേരിക്കയിൽ പ്രസവത്തിന് പോയപ്പോൾ ഭർത്താവ് അയച്ചു തന്ന പണം കൊണ്ട് താൻ വാങ്ങിയ സ്വർണവളകളും കൈച്ചെയിനും എങ്ങനെയുണ്ടെന്ന് ചോദിച്ചു. പെണ്ണുങ്ങൾ ഏതു ഭൂഖണ്ഡത്തിലും ഒരേ പോലെയാണല്ലോ എന്ന് അത്ഭുതത്തോടെ ഞാനോർത്തു. ഏതു പ്രായത്തിലും അവരിൽ പട്ടും പൊന്നും പ്രണയവും കുട്ടിത്തവും കൂട്ടും തുളുമ്പുന്നൊരു മനസുണ്ടായിരിക്കും..!

സുഹൈറിന് ഞാൻ ഓറഞ്ച് അരി മുത്തുകൾ കൊരുത്ത് എ​​​​െൻറ മമ്മി ഉണ്ടാക്കിത്തന്ന അതി മനോഹരമായ ഒരു മാല കൊടുത്തു...ഖാദിയുടെ ഓറഞ്ച് വരകളുള്ള ഒരു മെറൂൺ സാരിയും..... ഫർഹാനയ്ക്ക് എ​​​​െൻറ നിറപ്പൊട്ട് ശേഖരം വലിയ ഇഷ്​ടമായിരുന്നു.  എല്ലാ പൊട്ടുകളും നെറ്റിയിൽ വെച്ചവൾ ആസ്വദിച്ചു. എ​​​​െൻറ കുങ്കുമപ്പൊട്ട് മൂകാംബിക ദേവിയുടെ പ്രസാദം വെച്ച് തൊടുന്നതായിരുന്നു. അതി​​​​െൻറ ജ്വലിക്കുന്ന ചുവപ്പ് സുഹൈറിനിഷ്ടമായി. ഒരിക്കൽ എ​​​​െൻറ കുങ്കുമം വെച്ച്​ അവർ നെറ്റിപ്പൊട്ടിട്ടു. അവരുടെ സീമന്തരേഖയിൽ നിറയെ ഹിന്ദി നടിമാർ ഇടുന്ന രീതിയിൽ എന്നെക്കൊണ്ട് ഇടുവിപ്പിച്ചു. ആ സാരി, ധരിച്ചിരുന്ന പാൻറിന്​ മുകളിലുടുത്തു.. 

ദൈവമേ...! ആ സൗന്ദര്യം കാണാൻ എനിക്ക് കണ്ണുകൾ പോരായിരുന്നു. ആ വേഷത്തിൽ ഫോണിൽ ചാഞ്ഞും ചെരിഞ്ഞും നിന്ന്കുറേ സെൽഫികൾ എടുത്ത അവർ അടുത്ത മുറിയിലേക്കോടി അവിടെ നിസ്ക്കാരം കഴിഞ്ഞ് വിശ്രമിക്കുന്ന ഭർത്താവിനെ കാണിച്ചു കൊടുത്തു.. ഞാൻ പേടിച്ചു വിറച്ചു പോയി.. അറബികളാണ്.. ത​​​​െൻറ ഭാര്യയെ മതം മാറ്റാൻ വന്ന ഇന്ത്യക്കാരിയെന്നോ മറ്റോ തെറ്റിദ്ധരിച്ചാലോ....? ഒന്നു മുണ്ടായില്ല.. സുഹൈറി​​​​െൻറ തമാശകളെ, കുട്ടിത്തത്തെ, മനസിലാക്കാനുള്ള വാൽസല്യം നിറഞ്ഞ സഹിഷ്ണുത ആ വലിയ മനുഷ്യനുണ്ടാവണം...

സുഹൈർ ഇടയ്ക്കൊക്കെ ഭർത്താവിനോട് ഉറക്കെ ശബ്ദമുയർത്തി കയർത്ത് സം‌സാരിച്ചിരുന്നു. ചിലപ്പോൾ എന്തൊക്കെയോ എടുത്തെറിയും. ഒരു പാട് സമയം കിടന്നുറങ്ങും. ഭക്ഷണം പുറത്ത് നിന്നും വാങ്ങിപ്പിക്കും. പക്ഷേ, അവർ നന്മയുള്ള ഒരു സ്ത്രീയാണെന്ന് എനിക്കറിയാമായിരുന്നു.. അവരുടെ വീട്ടിൽ പ്രശാന്തതയും സന്തോഷവും നിറഞ്ഞ ഒരു വെളിച്ചമുണ്ടയിരുന്നു. കെട്ടുപാടുകളെ പൊട്ടിച്ചെറിയാൻ വെമ്പുന്നൊരു തളിര് ആ പെൺശരീരത്തിൽ നിന്നും അദൃശ്യമായി പൊടിച്ച് ആകാശത്തോളം ഇലകൾ പടർത്തി വളരാൻ ആരുമറിയാതെ കുതറുന്നുണ്ടായിരുന്നു. അവളുടെ ഭ്രാന്തും കുട്ടിത്തവും സ്നേഹവും ചിരികളും ഒക്കെ മനസിലാകുമായിര​ുന്നു.  ചെറുപ്രായത്തിലെ വിവാഹം, തുടരെയുള്ള പ്രസവങ്ങൾ, മൂടുപടത്തിൽ തുടിക്കുന്ന അതുല്യ സൗന്ദര്യം... അവകാശങ്ങൾ ചോദിക്കാനധികാരമില്ലാത്തവളുടെ നാലു ചുവരുകൾക്കുള്ളിലെ ആത്മാവിഷ്കാരം....... 

അങ്ങനെ ഒക്ടോബർ മാസം വന്നു. എനിക്ക് നാട്ടിൽ പോകാനുള്ള സമയമായി. ഇതിനിടയിൽ ഫർഹാനയും വീട്ടുകാരും തിരികെ വന്നിരുന്നു. പോകുന്നതിന് മുൻപ് എ​​​​െൻറ ക്യാമറയ്ക്ക് മുന്നിൽ ഒരുമിച്ച് സുഹൈർ ഫോട്ടോകൾക്ക് പോസ് ചെയ്തു. എ​​​​െൻറ  ഭർത്താവിനേയോ മറ്റു പുരുഷന്മാരെയോ കാണിക്കില്ലെന്ന ഉറപ്പിൽ.! മുടിയിൽ പുരട്ടാനുള്ള സുഗന്ധലേപനവും, ഊദും അത്തറും മറ്റെന്തൊക്കെയോ സമ്മാനങ്ങളും എനിക്ക് പൊതിഞ്ഞു തന്നു. ഞാൻ പോകുന്നതിൽ അവർക്ക്​ നന്നേ വിഷമമുണ്ടായിരുന്നു. തുറന്നുപറയുകയും ചെയ്​തു. ഞാൻ മുസ്​ലീമായില്ലെങ്കിൽ വേണ്ട, ജനിക്കുന്ന കുഞ്ഞ് അവരുടെയും മകനാണെന്നും അവന് ‘മുഹമ്മദ്’ എന്നു പേരിടണമെന്നും പറഞ്ഞു. എന്നെ യാത്രയയ്ക്കാൻ ആയിഷയും അൻവറും സീമത്തയും സക്കറിയക്കയും അഫ്സൽക്കയും അശോ കേട്ടനുമൊക്കെ വന്നിരുന്നു.

കുഞ്ഞുങ്ങളുടേയും പൂക്കളുടേയും പ്രകാശത്തി​​​​െൻറയും ഗന്ധമുള്ള ഫർഹാനയുടെ വീട്ടിൽ നിന്നും ഞാൻ തിരികെ പോവുകയാണ്. ആ വീട്ടിലെ കുഞ്ഞുങ്ങളും നന്മയും തന്ന അനുഗ്രഹം ഒരു കുഞ്ഞായി എ​​​​െൻറ വയറ്റിൽ ചുരുണ്ട് കിടക്കുന്നുണ്ട്. ഫർഹാനയുടെ ഉമ്മ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഒരുപാട് ഗർഭ ദിനങ്ങളിൽ എനിക്ക് ചോറു വെച്ചു തന്നിരുന്ന ചിന്ന ച്ചേച്ചി കണ്ണീർ തുടച്ച് കോറിഡോറിലൂടെ നടന്നുപോയി. പ്രകാശത്തി​​​​െൻറ നഗരാകാശം മുഴക്കമുള്ള വിമാന ശബ്ദങ്ങളുടെ കുരവയിട്ട് എനിക്ക് ശുഭയാത്ര ആശംസിച്ച് നിശ്ചലമായി നിന്നു. 

ഇഷാൻ പിറന്നപ്പോൾ, ഭൂഖണ്ഡങ്ങൾക്കപ്പുറത്തുള്ള അവ​​​​െൻറ അമ്മയെ ഞാനോർത്തു. ‘മുഹമ്മദ്..’ എന്ന് മൂന്നുവട്ടം ആരും കാണാതെ ഞാനവ​​​​െൻറ കാതിൽ വിളിച്ചു
   
രണ്ടു വർഷങ്ങൾ കഴിഞ്ഞ് വീണ്ടും ദുബായിൽ എത്തിയപ്പോൾ ഫർഹാനയുടെ വീട്ടിൽ ഇഷാനെ കൊണ്ട​ുപോയി. ഫർഹാനയ്ക്ക് ഒരു അനിയത്തി കൂടി ഉണ്ടായി. ആരിഫാത്ത അപ്പങ്ങൾ എമ്പാടും ചുട്ട് ഊട്ടി കുഞ്ഞുങ്ങളുടേയും പൂക്കളുടേയും വീട് വസന്തോത്സവമാക്കി.   സുഹൈറിന് രണ്ടു കുട്ടികൾ കൂടി വീണ്ടുമുണ്ടായി.. ലോട്ടസ് വലുതായിരുന്നു. ഒന്നും സംസാരിച്ചു കണ്ടില്ല.. എന്നെ അമ്മയാക്കിയ കുഞ്ഞ് !
പിന്നെയും കാലം കടന്നു പോയി.. ഫർഹാനയും കുടുംബവും വീട് മാറിപ്പോയി എന്നറിഞ്ഞു. പൂക്കളുടേയും കുഞ്ഞുങ്ങളുടേയും വീട് ഇപ്പോൾ എങ്ങനെയായിരിക്കുമെന്ന് ഓർക്കാറുണ്ട്. 

സുഹൈറിനെ ഓർക്കുമ്പോഴൊക്കെ അവർ തന്ന സുഗന്ധലേപനം എടുത്ത് ഞാൻ മുടിയിൽ പുരട്ടും. ഇഷാനെ ചേർത്തുമ്മ വെച്ച് ‘മുഹമ്മദ്’ എന്നവനെ വിളിച്ച് ഭൂഖണ്ഡങ്ങൾക്കപ്പുറമുള്ളൊരു അമ്മ മനസി​​​​െൻറ അപര ഹൃദയത്തെ ആത്​മാവിലേക്ക്​ വിളിച്ചടുപ്പിക്കാറുണ്ട്​. ഇപ്പോഴും ഞാനവനെ ഇടയ്​ക്ക്​ ‘മുഹമ്മദ്​...’ എന്നു വിളിക്കാറുണ്ട്​...

Tags:    
News Summary - smitha story of farhana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.