ഭൂവാസം അസാധ്യമാക്കുന്ന ദുരവസ്ഥകള്‍

സുഗതകുമാരി ടീച്ചറെപ്പോലെയുള്ള പ്രകൃതിസ്നേഹികളും പരിസ്ഥിതിപ്രവര്‍ത്തകരും കാല്‍ നൂറ്റാണ്ടിലധികമായി ‘അലര്‍ട്ട് അലാറം’ മുഴക്കി നമ്മെ പ്രകൃതിസംരക്ഷണത്തെക്കുറിച്ച് ഓര്‍മപ്പെടുത്തി. ദിവസം രണ്ടുനേരമെങ്കിലും ജാഗ്രതക്കുവേണ്ടിയുള്ള മണിമുഴക്കങ്ങള്‍ നാം കേട്ടു. മാറിവന്ന ഭരണാധികാരികളും ഈ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും അതു കേള്‍വിയിലൊതുക്കി. വരാന്‍പോകുന്ന വരള്‍ച്ച, കുടിവെള്ളക്ഷാമം ഇതിനൊക്കെയായി എല്ലാ ഭരണാധികാരികളോടും താഴ്മയായി അവര്‍ അപേക്ഷിച്ചു. പൊതുസമൂഹത്തിനും വരും തലമുറക്കുംവേണ്ടിയുള്ള അപേക്ഷകള്‍, ആരും അത് ചെവിക്കൊണ്ടില്ല. ഇപ്പോഴിതാ പ്രകൃതിതന്നെ മരണമണി മുഴക്കുന്നു, ‘ഒരു തുള്ളി വെള്ളത്തിനുവേണ്ടി കേഴുന്ന അവസ്ഥയിലേക്ക് നാം എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നു’.

വയലുകളും കാടുകളും കാവുകളും നെല്‍പാടങ്ങളും നശിപ്പിച്ച് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍  പണിതും മണ്ണുകാണാതെ ഗൃഹാങ്കണത്തിലും നടപ്പാതകളിലും ടൈലുകള്‍ നിരത്താനും  നമ്മള്‍ മത്സരിച്ചു. മുറ്റത്തെ മണ്ണില്‍പോലും മക്കളെ നമ്മള്‍ ചവിട്ടിപ്പിക്കാന്‍ മടിച്ചു. പച്ചപ്പിനെയും മണ്ണിനെയും മഴയെയുംകുറിച്ച് കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ ബോധപൂര്‍വമായ ഒരു നടപടിയുമെടുക്കാതെ പ്രകൃതിയുടെ കടുത്ത കോപം നാം ക്ഷണിച്ചുവരുത്തി. 44 നദികളും 40 ലക്ഷത്തോളം കിണറുകളും വേണ്ടത്ര ജലാശയങ്ങളുമുള്ള ദൈവത്തിന്‍െറ ഈ സ്വന്തം നാടിനെ നന്ദിയോടെ മനസ്സിലേറ്റാന്‍ നമുക്കായില്ല.

ഭാരതപ്പുഴയില്‍ കളിക്കുന്ന കുട്ടികള്‍ക്ക് പന്തുകളിക്കാന്‍ വേറെ കളിസ്ഥലം ഉണ്ടാക്കിക്കൊടുത്ത് അവരെ പ്രോത്സാഹിപ്പിക്കാന്‍ നാം ശ്രമിച്ചില്ല. മണല്‍, വനം, ക്വാറി മാഫിയകള്‍ പ്രകൃതിയെ ക്രൂരമായി ആക്രമിച്ചപ്പോള്‍ ദു$ഖത്തോടെ പ്രതികരിച്ചവരോടൊപ്പം അണിചേരാന്‍ നമുക്കായില്ല. രാഷ്ട്രീയ കാരണങ്ങള്‍ മാത്രമല്ല, ‘ഞാനും എന്‍െറ ചുറ്റുപാടും’ എന്ന സങ്കുചിതമായ ചിന്ത വെടിഞ്ഞ് സമൂഹത്തിന്‍െറ നാളേക്കുവേണ്ടി കൈകോര്‍ക്കാന്‍ നമുക്കു കഴിയാതെ പോയി.

കേരളത്തിലെ പച്ചപ്പും മലകളും നദികളും കടല്‍ത്തീരവും കാണാന്‍ വന്ന എണ്ണമറ്റ വിദേശ വിനോദസഞ്ചാരികള്‍ ഭൂപടത്തിലെ മറ്റു മനോഹാരിതയുള്ള സ്ഥലങ്ങള്‍ തിരഞ്ഞുതുടങ്ങി. അങ്ങനെ വരള്‍ച്ചയുടെ കാണാക്കയത്തിലേക്കു തലമുറയെ തള്ളിവിട്ടതിന്‍െറ വിചാരണ നേരിടേണ്ടിവരുന്ന കൊടുംകുറ്റവാളികളായി നാം മാറി.

ഈ നൂറ്റാണ്ടിലെതന്നെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ തയാറെടുക്കുമ്പോള്‍ വിനയപൂര്‍വം പ്രകൃതിയോടുതന്നെ നമുക്കു ചോദിക്കാം, ഇനിയെന്ത്? നമുക്ക് മുന്നില്‍ മാതൃകയായി മാഗ്സസെ അവാര്‍ഡ് ജേതാവ് ‘വാട്ടര്‍മാന്‍ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്ന രാജേന്ദര്‍ സിങ്, രാജസ്ഥാനിലെ താര്‍ മരുഭൂമിയില്‍ വരണ്ടുപോയ അഞ്ചു നദികളെ അദ്ദേഹം പുനരുജ്ജീവിപ്പിച്ചു. പ്രകൃതിവിഭവങ്ങളെ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കണമെന്നതിനെക്കുറിച്ച് നാലു വയസ്സുമുതല്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന രാജ്യങ്ങളുണ്ട്.  Reduce, Reuse, Recycle (ഉപയോഗം ചുരുക്കല്‍, പുനരുപയോഗം, പുന$ചക്രമണം) എന്ന മുദ്രാവാക്യം നെഞ്ചോട് ചേര്‍ത്തുപിടിച്ച് ഒരു തുള്ളി ജലംപോലും പാഴാക്കാതെ പരമാവധി കുറഞ്ഞ അളവില്‍ ഉപയോഗിച്ച്, വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന ജലം അങ്ങനെയും ശീലിച്ച് പ്രതിബദ്ധതയുടെ ഒരു പുത്തന്‍ സംസ്കാരം നാം തുടങ്ങേണ്ടിയിരിക്കുന്നു. ഇനി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ യുദ്ധം കുടിവെള്ളത്തിന്‍െറ പേരിലെന്ന് ശാസ്ത്രഗവേഷകര്‍ പ്രവചിക്കുന്നു. 5000 വര്‍ഷത്തെ ശാസ്ത്രഗവേഷണം പ്ളൂട്ടോക്കപ്പുറംവരെ നമ്മെ എത്തിച്ചപ്പോള്‍, ജലസ്രോതസ്സുകള്‍ തേടി ഓടിനടക്കാതെ കണ്‍മുന്നില്‍ വിരല്‍ത്തുമ്പില്‍ ജലസ്രോതസ്സുകള്‍ പ്രകൃതി നമുക്ക് നല്‍കി. ജലസ്രോതസ്സ് കണ്ടുപിടിക്കാനായി ഒരന്വേഷണവും വേണ്ടിവന്നിട്ടില്ല.

വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ചും കുന്നുകളും ചെങ്കല്‍പ്പാറകളും സംരക്ഷിച്ചും പറമ്പുകള്‍ വെട്ടിക്കിളച്ചും കൃത്യമായി കിണറുകള്‍ റീചാര്‍ജ്ചെയ്തും കിണറുകള്‍ക്ക് ചുറ്റും സസ്യാവരണങ്ങള്‍ വെച്ചുപിടിപ്പിച്ചും നമുക്ക് മുന്നോട്ടുപോകാം. മഹാരാഷ്ട്രയിലെ പുണെയില്‍നിന്ന് ഏകദേശം 300 കിലോമീറ്റര്‍ അകലെ ഗുരുതരമായ വരള്‍ച്ച ബാധിച്ച മേഖലയില്‍ ഒരു സംഘടന മാസം നീണ്ടുനിന്ന പദയാത്ര സംഘടിപ്പിച്ചിരുന്നു. അതില്‍ ഒരു ദിവസം അവരോടൊപ്പം എനിക്കും അവസരം ലഭിച്ചു. കന്നുകാലികളെ വളര്‍ത്തി ഉപജീവനം നടത്തുന്ന ആ ഗ്രാമവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കി.

ആഴ്ചകളോളമായി കുളിക്കാതെ മാനസികമായും ശാരീരികമായും തളര്‍ന്ന നിരവധി പെണ്‍കുട്ടികള്‍, രാവിലെതന്നെ ഗ്രാമത്തോട് ചേര്‍ന്നുകിടക്കുന്ന വറ്റിവരണ്ട നദിയില്‍ ആരോ കുഴിച്ചിട്ട ഒരു കുഴിയില്‍ സ്വന്തമായി ഒരല്‍പം നനവു കണ്ടത്തൊന്‍ പിക്കാസ് പോലുള്ള ആയുധങ്ങളുമായി കഷ്ടപ്പെടുന്ന ഡസന്‍കണക്കിന് സ്ത്രീകള്‍, ലഭിക്കുന്നത് മലിനജലമായാലും മതിയെന്നു പറയുന്നവര്‍, സര്‍ക്കാര്‍ എത്തിക്കുമെന്നുപറഞ്ഞ ടാങ്കര്‍ വെള്ളം പ്രതീക്ഷിച്ച് കഠിനമായ ചൂടില്‍ കന്നാസും കുടവുമായി കുത്തിയിരിക്കുന്ന ഗൃഹനാഥന്മാര്‍, ജന്മത്തെ ശപിച്ച് പാല്‍ചുരത്താനാകാതെ എല്ലും തോലുമായ കാലികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, വറ്റിവരണ്ട നാവുമായി ദാഹജലത്തിന് കേഴുന്ന കാഴ്ച ഇന്നും നടുക്കത്തോടെ ഓര്‍മിക്കുന്നു.

കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ എഴുതിയ വരികള്‍ ഉദ്ധരിക്കട്ടെ-
ഇനി വരുന്നൊരു തലമുറക്ക്
ഇവിടെ വാസം സാധ്യമോ
മലിനമായ ജലാശയം
അതിമലിനമായൊരു ഭൂമിയും.
ഈ ഭൂമിഗീതം വലിയ സന്ദേശമാണ്.

Tags:    
News Summary - the situation can't aloowto continue the life in earth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.