രോഗാതുര ഇന്ത്യയും കർഷകസമരവും

കർഷകസമരം എങ്ങനെയാണ് അട്ടിമറിക്കപ്പെടാൻ പോകുന്നത്? കൊടുംതണുപ്പിനെയും അട്ടിമറിശ്രമങ്ങളെയും ഒരുപോലെ ചെറുത്ത്​ ഡൽഹിയുടെ അതിർത്തികളിൽ ഇരമ്പുന്ന പ്രതിഷേധത്തിെൻറ വേലിയേറ്റം ആറാമത്തെ ആഴ്ചയിൽ എത്തിനിൽക്കെ, സമരവിജയത്തെക്കുറിച്ച ആ സംശയം ശക്തമാണ്. തിങ്കളാഴ്ച മറ്റൊരുവട്ടം ചർച്ച നടക്കുന്നുണ്ടെങ്കിലും, സമരാവശ്യങ്ങളോട് ജനാധിപത്യപരമായൊരു നിലപാട് സർക്കാറിെൻറ ഭാഗത്തുനിന്ന് എത്രകണ്ട് ഉണ്ടാകുമെന്ന് കണ്ടറിയണം. ആറു വർഷത്തിലേറെയായി കാണുന്ന കേന്ദ്രസർക്കാറിെൻറ ജനിതകസ്വഭാവമാണ് ആ സംശയത്തിന് ആക്കം പകരുന്നത്. ജനാധിപത്യപരമായ ആവശ്യങ്ങളെയോ പ്രതിഷേധങ്ങളെയോ അത് വകവെക്കുന്നില്ല. സ്വേച്ഛാധിപത്യമാണ് േമാദിസർക്കാറിെൻറ പൊതുപ്രവണത. കാർഷിക നിയമങ്ങൾ പാർലമെൻറിൽ പാസാക്കിയ രീതിയും അതുതന്നെ എടുത്തുകാട്ടുന്നു.

ഭരണഘടനയുടെ സമാവർത്തി പട്ടികയിൽപെടുന്ന വിഷയമാണ് കൃഷിയെങ്കിലും കേന്ദ്രത്തേക്കാൾ സംസ്ഥാനങ്ങൾക്കാണ് നടത്തിപ്പിൽ കൂടുതൽ പങ്ക്. അത്​ കാര്യമാക്കാതെയും സംസ്ഥാനങ്ങളുടെയോ കർഷകരുടെയോ അഭിപ്രായം തേടാതെയും പാർലമെൻറിെൻറ പ്രതിേഷധം വകവെക്കാതെയുമാണ് മൂന്നു വിവാദ കാർഷികനിയമങ്ങൾ പാർലമെൻറിൽ പാസാക്കി പ്രാബല്യത്തിൽ കൊണ്ടുവന്നത്. കോർപറേറ്റ് സൗഹൃദ ഉടച്ചുവാർക്കൽ തീരുമാനിച്ചുറപ്പിച്ച് മുന്നോട്ടുനീക്കുകയായിരുന്നു. അതിനെതിരായ പ്രതിഷേധമോ ഭരണമുന്നണിയിൽനിന്നുള്ള പ്രധാന സഖ്യകക്ഷിയുടെ ഇറങ്ങിപ്പോക്കോ ഭരണത്തെ നിയന്ത്രിക്കുന്നവരുടെ മനസ്സിളക്കിയില്ല. അതിനൊടുവിലാണ് അണയാത്ത പ്രതിഷേധം പഞ്ചാബിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും ഡൽഹിയുടെ അതിർത്തികളിേലക്ക് തള്ളിക്കയറി വന്നത്.

ആറുവർഷത്തിനിടയിൽ മോദിസർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി കർഷകസമരം മാറി എന്നത് യാഥാർഥ്യം. എന്നാൽ ആ സമരത്തിനു മുന്നിൽ മുട്ടുമടക്കുന്നത് ഭരണത്തെ നിയന്ത്രിക്കുന്നവരുെട ദുരഭിമാനത്തിനോ ജനിതകസ്വഭാവത്തിനോ അജണ്ടകൾക്കോ നിരക്കുന്നതല്ല. ഈ സമരത്തിന് കീഴടങ്ങിയാൽ പലവിധ പ്രതിഷേധങ്ങളും പ്രതിപക്ഷവും ശക്തിപ്പെടുമെന്നും സർക്കാറിന് വരുംകാലത്ത് വലിയ വെല്ലുവിളികൾ ഉയർത്തുമെന്നും അവർ വിലയിരുത്തുന്നു. സമരാവശ്യം കണക്കിലെടുക്കുന്നതിനേക്കാൾ, സമരം പൊളിക്കാൻ വ്യഗ്രതപ്പെടുന്നതിെൻറ പൊരുൾ മറ്റൊന്നല്ല. സമരം ചെയ്യുന്ന കർഷകരെ മാവോവാദി നക്സലൈറ്റുകളും ഖാലിസ്ഥാനികളുമൊക്കെയായി വിശേഷിപ്പിച്ച് 'ദേശബോധമുള്ള കർഷകർ' അക്കൂട്ടത്തിലില്ലെന്ന് വരുത്തുന്നതടക്കമുള്ള തന്ത്രങ്ങളാണ് സർക്കാർ പയറ്റുന്നത്. ആവശ്യങ്ങൾ പരിഗണിക്കാൻ സമയം നീട്ടിനീട്ടിയെടുത്താൽ വീര്യം തണുത്തുറയുകയും സമരം പൊളിക്കൽ എളുപ്പമാവുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. സമരവീര്യ ചരിത്രമുള്ള സിഖ്കർഷകർ മുൻനിരയിലുള്ള ഒരു സമരത്തെ അത്രയെളുപ്പത്തിൽ ചുരുട്ടിക്കെട്ടാൻ കഴിയുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

യഥാർഥത്തിൽ വെല്ലുവിളികളിൽനിന്നും പ്രതിഷേധങ്ങളിൽ നിന്നും ഉൗർജം ആവാഹിക്കുന്നതാണ് ഭരണം നിയന്ത്രിക്കുന്ന മോദി, അമിത്​ ഷാമാരുടെ രീതി. നിലവിലുള്ളതിനെ പൊളിച്ചടുക്കി സ്വന്തം അജണ്ടയും ഇംപ്രിൻറുമുള്ള ചരിത്രവും ഭരണക്രമവും സൃഷ്​ടിക്കാനാണ് വ്യഗ്രത. പുതിയ പാർലമെൻറ് കെട്ടിടം നിർമിക്കുേമ്പാഴും ജമ്മു-കശ്മീർ രണ്ടു തുണ്ടമാക്കിയപ്പോഴുമെല്ലാം സംഭവിക്കുന്നത് അതാണ്. ആസൂത്രണകമീഷനെ മാറ്റി നിതി ആയോഗ്​, റോഡുകളുടെ പേരു പുതുക്കൽ, നോട്ട് അസാധുവാക്കൽ, ജി.എസ്.ടി, ബാബരി മസ്ജിദ് ഉടച്ച് രാമക്ഷേത്രം, നെഹ്​റുവിെൻറ വലുപ്പം ഉരുക്കിക്കളയാൻ പട്ടേലിെൻറ ഊക്കൻ പ്രതിമ എന്നിവയിലെല്ലാം തെളിയുന്നത് ഈ ഉടച്ചുവാർക്കൽ തന്നെ.ഭരണഘടനയുടെ മതേതര, ബഹുസ്വരത സ്വഭാവം പൊളിച്ചടുക്കി സ്വേച്ഛാധിപത്യഭാവത്തിലേക്ക് ഭരണഘടനയെ മാറ്റിയെടുക്കുന്നതിലാണ് ഊന്നൽ. ഗ്രാമവും കർഷകനും സ്വദേശിയുമെന്നാണ് വായ്ത്താരിയെങ്കിലും നഗര, മധ്യവർഗ, കോർപറേറ്റ് താൽപര്യങ്ങളെയാണ് താലോലിക്കുന്നത്. ഇതിനെല്ലാം എതിരായ പ്രതിഷേധങ്ങൾ അലട്ടുകയല്ല, അത് ഉയർത്തുന്ന വെല്ലുവിളി ആസ്വദിക്കുകയും അവസരമാക്കി മാറ്റുകയുമാണ് ഭരണാധികാരികൾ ചെയ്യുന്നത് എന്നതാണ് സമീപ വർഷങ്ങളിലെ നേരനുഭവം. പൗരത്വഭേദഗതി നിയമത്തിനെതിരെയോ കാർഷിക നിയമത്തിനെതിരെയോ സമരം നടന്നാലും ഭരണസിരാ കേന്ദ്രത്തിൽ കലാപം നടന്നാലും ഈ ഡി.എൻ.എ പൂർണരൂപത്തിൽ പുറത്തുവരുന്നു. ഇതെല്ലാം വെച്ച്​ പരിശോധിക്കുേമ്പാഴാണ്, കാർഷിക സമരം ഉച്ചസ്ഥായിയിൽ നിൽക്കുന്ന സന്ദർഭത്തിൽ ജനവികാരം മാനിക്കുന്ന കീഴ്വഴക്കത്തേക്കാൾ, അട്ടിമറിസാധ്യത ഉയർന്നുനിൽക്കുന്നത്.

കോവിഡ് മറയാക്കി ശീതകാല പാർല​െമൻറ് സമ്മേളനംതന്നെ ഉപേക്ഷിച്ചാണ് സർക്കാറിെൻറ നിൽപ്. കാർഷികസമരത്തിനിടയിൽ പാർലമെൻറ് സമ്മേളനം നടന്നാൽ പ്രതിഷേധത്തിന് വീര്യംകൂടുമെന്നും കൂടുതൽ പ്രതിസന്ധി നേരിടേണ്ടിവന്നേക്കാമെന്നും സർക്കാർ മുൻകൂട്ടിക്കണ്ടു എന്നുവേണം പറയാൻ. ജനവികാരം ഉയർന്നു കേൾക്കേണ്ട വേദി എന്നതിനേക്കാൾ, സ്വന്തം അജണ്ടകളുടെ നടത്തിപ്പ്​ മുന്നോട്ടു നീക്കുന്നതിനുള്ള ഇടം മാത്രമാണ് ഇന്നത്തെ ഭരണകർത്താക്കൾക്ക് പാർലമെൻറ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്രമോദി നിയമസഭക്കും മന്ത്രിസഭക്കുതന്നെയും എത്രത്തോളം വിലകൽപിച്ചിരുന്നു, അതു തന്നെയാണിപ്പോൾ പാർലമെൻറി​െൻറയും നില. മോദി മുഖ്യമന്ത്രിയായിരിക്കെ, ഗുജറാത്ത് നിയമസഭയുടെ നടത്തിപ്പൊന്നും ഒരു വിഷയംതന്നെയായിരുന്നില്ല. മന്ത്രിസഭയിൽ കാര്യമായ കൂടിയാലോചനകളുണ്ടായിരുന്നില്ല. ഇങ്ങനെ കൂട്ടുത്തരവാദിത്തവും നിയമനിർമാണസഭയുടെ അന്തസ്സും മൂല്യവും തുടർച്ചയായി അവമതിക്കപ്പെടുകയും ഭരണം ഒന്നു രണ്ടു പേരിലേക്ക് കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോൾ കേന്ദ്രത്തിലുമുള്ളത്.

പ്രതിപക്ഷവുമായി മാത്രമല്ല, ഭരണപക്ഷത്തുള്ളവരുമായിത്തന്നെ കൂടിയാലോചനകൾ നടക്കുന്നില്ല. പാർലമെൻറിൽ ചർച്ചക്കുപോലും അവസരമില്ലാതെ അജണ്ടകൾ മുന്നോട്ടുനീക്കുന്നു. സഭാധ്യക്ഷന്മാർ അതിനുതക്ക പക്ഷപാതം കാട്ടുന്നു. സംസ്ഥാനങ്ങളുമായുള്ള ബന്ധത്തിൽ ഫെഡറൽ ഭരണഘടനയെക്കുറിച്ച വായ്ത്താരി മുഴങ്ങുകയും പ്രതിപക്ഷസംസ്ഥാനങ്ങളുമായി നിരന്തര ഏറ്റുമുട്ടൽ നടക്കുകയും ചെയ്യുന്നു. എതിരാളികളെ ഒതുക്കാൻ കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം മറ്റൊരു വശത്ത്. രാഷ്​ട്രീയ പ്രതിയോഗികൾക്കൊപ്പം സാമൂഹികപ്രവർത്തകരും സന്നദ്ധ സംഘടനകളും മാധ്യമപ്രവർത്തകരും വേട്ടയാടൽ നേരിടുന്നു. ബഹുസ്വര ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ തുല്യാവകാശമുള്ള പൗരന്മാരിൽനിന്ന് ഇരകളായി മാറിപ്പോയിരിക്കുന്നു. ജനാധിപത്യ ഇന്ത്യ അത്രമേൽ രോഗാതുരമാണ്.

കോവിഡും ലോക്ഡൗണും ഭരണയന്ത്രം നിയന്ത്രിക്കുന്നവരുടെ സ്വന്തം അജണ്ടക്കും വേട്ടയാടലിനുമുള്ള മറയായി മാറുകയാണുണ്ടായത്. അതുവഴി 2020 എന്ന കോവിഡ് കാലത്ത് ആരോഗ്യമേഖല​െക്കാപ്പം ഇന്ത്യൻ ജനാധിപത്യവും കൂടുതൽ രോഗഗ്രസ്​തമായി. ജീവിതതാളം ഉലച്ചുകളഞ്ഞ കോവിഡിന് പരിഹാരമായി വൈകാതെ ഫലവത്തായ വാക്സിൻ ലോകത്തിനു കിട്ടിയേക്കും. അതോടെ, 2021ൽ സാധാരണജീവിതം തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ, ഇന്ത്യൻ ജനാധിപത്യത്തി​െൻറ രോഗാവസ്ഥ തുടരുകയാണ്. അതിെൻറ ആരോഗ്യം തിരിച്ചുപിടിക്കാൻ സമരങ്ങൾക്കുള്ള ശക്തികൂടിയാണ് കാർഷികസമരത്തിൽ പരീക്ഷിക്കപ്പെടുന്നത്. ഓരോ പ്രതിസന്ധിയും മുതലാക്കിയിട്ടുള്ള മോദി-അമിത്​ ഷാമാർ അവസാന റൗണ്ടിൽ അതിനെ എങ്ങനെ സമീപിക്കുന്നുവെന്നുകൂടിയാണ് അടുത്ത ദിവസങ്ങളിൽ കണ്ടറിയേണ്ടത്.

Tags:    
News Summary - Sick India and the Peasant Struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.