അ​ഞ്ചുല​ക്ഷ​ത്തി പ​തി​ന​യ്യാ​യി​രം വ​ർ​ഗീ​യ​വാ​ദി​ക​ളും ഒ​രു പാ​വം മ​തേ​ത​ര പാ​ർ​ട്ടി​യും

1982ൽ അൽബേനിയൻ കമ്യൂണിസ്റ്റ് പാർട്ടി ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. പേര്: The Dictionary of People's Names. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗീകരിച്ച, കുട്ടികൾക്കിടാവുന്ന 3000 പേരുകളുടെ ലിസ്റ്റാണത്. അതല്ലാത്ത മറ്റൊരു പേരും കുട്ടികൾക്കിട്ടുപോകരുത്. ഇട്ടാൽ, ഇപ്പോൾ പിണറായി സർക്കാർ യു.എ.പി.എയുമായി വരുന്നതുപോലെ അൽബേനിയൻ പൊലീസ് നിങ്ങളെ തേടിവരും. അൽബേനിയ ഇന്ന് കമ്യൂണിസ്റ്റ് രാജ്യമേ അല്ല. പക്ഷേ, സുന്ദര സമ്പൂർണ കമ്യൂണിസ്റ്റ് സ്വർഗമായി വിരാജിക്കുന്ന ഒരു രാജ്യം ഇന്ന് ലോകത്തുണ്ട്-- ഉത്തര കൊറിയ. അവിടെ നിങ്ങൾക്ക് ബാർബർഷോപ്പിൽ പോയി ഇഷ്ടപ്പെട്ട രീതിയിൽ മുടിവെട്ടാൻ പറ്റില്ല. പാർട്ടി അംഗീകരിച്ച 15 ഹെയർ സ്െറ്റെലുകളുണ്ട്. അതിലേതെങ്കിലുമൊന്നേ തെരഞ്ഞെടുക്കാൻ പറ്റൂ. അല്ലാ എന്നാണെങ്കിൽ കളി മാറും. ഈ ഉത്തര കൊറിയയുടെ ദേശീയ സ്വാതന്ത്ര്യദിനാചരണത്തിെൻറ ഭാഗമായി 2015 സെപ്റ്റംബറിൽ ഡൽഹിയിലെ ഉത്തര കൊറിയൻ എംബസിയിൽ സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ അതിഥികളായി പങ്കെടുത്തവരിൽ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവിനോടൊപ്പം സീതാറാം യെച്ചൂരിയുമുണ്ടായിരുന്നു. ഇങ്ങനെയൊക്കെ ഇക്കാലത്തും നാടുകളുണ്ടോ എന്ന് അദ്ഭുതപ്പെടരുത്. കാരണം, പുരോഗമന സോഷ്യലിസ്റ്റ് സമൂഹങ്ങളിൽ അങ്ങനെയൊക്കെയുണ്ടാവും. ഐ.എസ് എന്നൊക്കെ പറയുന്ന ഏർപ്പാടുകൾ വെറും ചീള് ആയിപ്പോകുന്ന മട്ടിലാണ് അവിടെ കാര്യങ്ങൾ. എന്നാലും, അതിനെ പുരോഗമന ജനാധിപത്യ സമൂഹമായി അംഗീകരിച്ചുകൊള്ളണം. കമ്യൂണിസ്റ്റുകൾക്കു മാത്രം സാധിക്കുന്ന സൈദ്ധാന്തികശേഷിയാണത്. ആ മട്ടിലുള്ള ശേഷിയുടെ മറ്റു ചില വശങ്ങളാണ് മലപ്പുറം തെരഞ്ഞെടുപ്പ് വിശകലനങ്ങൾ നമുക്ക് കാണിച്ചുതരുന്നത്.

5,15,330 വോട്ട് നേടി പി.കെ. കുഞ്ഞാലിക്കുട്ടി വിജയിച്ച മലപ്പുറം ഫലം വന്നയുടൻ വന്ന സി.പി.എം പ്രതികരണങ്ങളിൽ ഏറ്റവും മികച്ചുനിന്നത് അവരുടെ സ്ഥാനാർഥി എം.ബി. ഫൈസലിേൻറതുതന്നെ. കടുത്ത വർഗീയവാദികളുടെ വിജയമാണ് മലപ്പുറത്തുണ്ടായിരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. സി.പി.എം നേതാവും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ ഇക്കാര്യം കൂടുതൽ വ്യക്തതയോടെ പറഞ്ഞു: ‘‘മലപ്പുറത്തിെൻറ ഉള്ളടക്കംതന്നെ വർഗീയമാണ്. ന്യൂനപക്ഷ വർഗീയതയുടെ കേന്ദ്രീകരണം നടക്കുന്ന മേഖലയാണത്.’’ മലപ്പുറത്തെ ഭൂരിപക്ഷം വരുന്ന മുസ്ലിം വോട്ടർമാർ മുസ്ലിം ലീഗിെൻറ സ്ഥാനാർഥിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചതുകൊണ്ടാണല്ലോ അത് വർഗീയതയുടെ വിജയമാണെന്ന് പറയുന്നത്. അങ്ങനെയെങ്കിൽ ഹിന്ദു ഭൂരിപക്ഷമായ ധർമടത്ത് ഹിന്ദുവായ പിണറായി വിജയൻ വിജയിച്ചതിനെയും വർഗീയതയുടെ വിജയമായി കാണേണ്ടിവരില്ലേ? കോട്ടയത്തെയും തിരുവനന്തപുരത്തെയും മറ്റനേകം മണ്ഡലങ്ങളിലെയും വിജയങ്ങളെയും അതേ രീതിയിൽ കാണേണ്ടതല്ലേ? പക്ഷേ, അതുണ്ടാവില്ല. മുസ്ലിംകളുടെ കാര്യം വരുമ്പോൾ മാത്രമുണ്ടാവുന്ന മതേതര ആകുലതകളാണിത്. മലപ്പുറത്തെ വർഗീയതയെക്കുറിച്ച് ഇത്രയും കലശലായ ആകുലത സി.പി.എമ്മിനുണ്ടായിരുന്നെങ്കിൽ അവർ അവിടെ മുസ്ലിം സ്ഥാനാർഥിയെ നിർത്താൻ പാടില്ലായിരുന്നു. മതം നോക്കി സ്ഥാനാർഥിയെ നിർത്തുന്നത് വർഗീയതയുടെ ഗണത്തിൽപെടില്ലേ?

മോദിക്ക് വോട്ട് ചെയ്യാത്തവർ പാകിസ്താനിലേക്ക് പോകണമെന്ന് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് ആഹ്വാനംചെയ്തത് ബിഹാറിലെ ബി.ജെ.പി നേതാവായ ഗിരിരാജ് സിങ്ങാണ്. ഞങ്ങൾക്ക് വോട്ട് ചെയ്യാത്തവർ രാജ്യേദ്രാഹികൾ എന്നതാണ് അവരുടെ നിലപാട്. ഞങ്ങൾക്ക് വോട്ട് ചെയ്യാത്തവർ വർഗീയവാദികൾ എന്നതാണ് സി.പി.എം ഇപ്പോൾ സ്വീകരിക്കുന്ന നിലപാട്. വോട്ട് ചെയ്യാത്തവർ മാത്രമല്ല, വോട്ടെടുപ്പിൽ പങ്കെടുക്കേണ്ടതില്ല എന്ന് തീരുമാനിച്ചവരും മനസ്സാക്ഷി വോട്ടിന് ആഹ്വാനംചെയ്തവരുമെല്ലാം തീവ്ര വർഗീയവാദികൾതന്നെ. അതായത്, സി.പി.എമ്മിെൻറ കാഴ്ചയിൽ മുസ്ലിംകൾക്ക് രണ്ടു സാധ്യതകളേ ഉള്ളൂ. ഒന്നുകിൽ ഞങ്ങൾക്ക് വോട്ട് ചെയ്യുക. അല്ലെങ്കിൽ വർഗീയവാദിയാവുക. ഞങ്ങളോടൊപ്പം നിൽക്കുക, അല്ലെങ്കിൽ രാജ്യേദ്രാഹിയാവുക എന്ന ആർ.എസ്.എസ് നിലപാടുമായി ഇതിന് ഉള്ളടക്കത്തിൽ വ്യത്യാസമൊന്നുമില്ല.

ഇനി, തെരഞ്ഞെടുപ്പ് വേളയിൽ വർഗീയ പ്രചാരണങ്ങൾ നടത്തിയതിെൻറ പേരിലാണ് ഈ മതേതര ആകുലതകളെങ്കിൽ, മലപ്പുറത്ത് അത് ഏറ്റവും നല്ല നിലയിൽ നടത്തിയത് സി.പി.എം തന്നെയാണ്. മുസ്ലിം സംഘടനകളുടെ ഐക്യം നടക്കുന്നുവെന്ന പ്രചാരണമാണ് അവർ ആദ്യം ഉയർത്തിയത്. പാണക്കാട് തങ്ങളെയും യോഗി ആദിത്യനാഥിനെയും താരതമ്യം ചെയ്തുകൊണ്ട് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ രംഗത്തുവന്നു. മലപ്പുറത്തെ ഹിന്ദു വോട്ടുകൾ ഏകീകരിക്കാൻ ഇതുവഴി കഴിയുമോ എന്നായിരുന്നു അവർ ആലോചിച്ചത്. മലപ്പുറം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്രയും ഹീനമായ പ്രചാരണങ്ങളുമായി ഇറങ്ങിത്തിരിക്കാൻ സി.പി.എമ്മിനെ പ്രചോദിപ്പിക്കുന്നത് എന്തായിരിക്കും? മൃദു ഹിന്ദുത്വ ലൈൻ സ്വീകരിച്ചാൽ കാര്യം നടന്നുകിട്ടും എന്ന് വിചാരിക്കുന്നവർ അതിെൻറ നേതൃത്വത്തിൽ ഇപ്പോഴുമുണ്ട് എന്നതാണ് ഒരു കാരണം. എൺപതുകളിൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് പരീക്ഷിച്ച് വിജയിപ്പിച്ച പരിപാടിയാണത്. പക്ഷേ, അത് പണ്ടേപോലെ ഇനി വിജയിക്കില്ല. കാരണം, അന്നത്തേതിൽനിന്ന് വ്യത്യസ്തമായി നിങ്ങളുണ്ടാക്കുന്ന ഹിന്ദുത്വ വികാരത്തെ അപ്പാടെ വാരിയെടുത്ത് കൊണ്ടുപോകാൻ പാകത്തിൽ സംഘ്പരിവാർ ഇവിടെ സർവസജ്ജരായി നിൽപുണ്ട്.

ബി.ജെ.പിയെ പ്രതിരോധിക്കാൻ മൃദുഹിന്ദുത്വമാണ് നല്ല വഴിയെങ്കിൽ ഗുജറാത്തിൽ കോൺഗ്രസ് മഹാശക്തിയായി മാറിയേനെ. ഗുജറാത്തിലെ കോൺഗ്രസിനെ കാർന്നുതിന്നത് നിസ്സഹായമായ അവരുടെ മൃദുഹിന്ദുത്വമാണ്. പക്ഷേ, മലപ്പുറത്തിെൻറ കാര്യത്തിൽ അത് മാത്രമല്ല കാരണം. ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമെന്ന നിലക്ക് മലപ്പുറത്തോട് സവിശേഷമായൊരു സമീപനം കേരളത്തിലെ വരേണ്യ ഇടതു -സെക്കുലർ മേൽപാളി വർഗം എന്നും നിലനിർത്തിയിട്ടുണ്ട്. ഇസ്ലാമോഫോബിയയുടെ ഒരു വകഭേദം. കേരളത്തിൽ ഏറ്റവും കൂടുതൽ പോളിങ് ബൂത്തുകളുള്ള ജില്ലയാണ് മലപ്പുറം. അതേസമയം, സംസ്ഥാനത്ത് പ്രശ്നബാധിത ബൂത്തുകൾ ഏറ്റവും കുറവുള്ള ജില്ലയും അതുതന്നെ. ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകളുള്ളത് കമ്യൂണിസ്റ്റ് കോട്ടയായ കണ്ണൂരും. പക്ഷേ, ഇടതു പദാവലിയിൽ കണ്ണൂർ പുരോഗന കോട്ടയും മലപ്പുറം പിന്തിരിപ്പൻ കൊത്തളവുമാണ്. അതുകൊണ്ടാണ്, മലപ്പുറത്തെ കുട്ടികൾ പരീക്ഷയിൽ മികച്ച വിജയം നേടിയപ്പോൾ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന വി.എസ്. അച്യുതാനന്ദൻ അതെല്ലാം കോപ്പിയടിച്ച് നേടിയ വിജയമാണെന്ന് പ്രഖ്യാപിച്ചത്. സാധാരണ ഗതിയിൽ ഒരു പൊതുപ്രവർത്തകനിൽനിന്ന് പ്രതീക്ഷിക്കുന്ന പ്രസ്താവന അല്ലായിരുന്നു അത്. പക്ഷേ, മലപ്പുറത്തിെൻറ കാര്യമാകുമ്പോൾ അങ്ങനെയൊരു പ്രസ്താവന നടത്തുന്നതിൽ മുതിർന്ന നേതാക്കൾക്കുപോലും വൈക്ലബ്യം തോന്നുന്നില്ല. ആ പ്രസ്താവനയുടെ പേരിൽ സി.പി.എമ്മോ അച്യുതാനന്ദനോ ഇതുവരെ മാപ്പുപറഞ്ഞിട്ടില്ല എന്നുകൂടി ഓർക്കുക. അച്യുതാനന്ദൻ പറഞ്ഞത് അൽപംകൂടി നല്ല ഭാഷയിൽ പറയുക മാത്രമാണ് കടകംപള്ളി ചെയ്തിരിക്കുന്നത്. അതും പാർട്ടി തിരുത്തുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല.

കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് വരേണ്യ മാധ്യമങ്ങളുടെ പിന്തുണയോടെ ഇടതുപക്ഷം അഴിച്ചുവിട്ട പ്രചാരണങ്ങളെയും ഇതേ നോട്ടപ്പാടിൽ കാണാവുന്നതാണ്. പച്ചക്കോട്ട്, പച്ച ബ്ലൗസ്, പച്ച ബോർഡ് എന്നിങ്ങനെ, ഒരു നിറത്തെ മുൻനിർത്തി സമുദായത്തെ ടാർഗറ്റ് ചെയ്യുന്ന രീതിയിലുള്ള പ്രചാരണങ്ങളായിരുന്നു അവർ നടത്തിയത്. ൈകയിൽ നിലവിളക്കുമേന്തിയാണ് കോഴിക്കോട്ട് നഗരത്തിൽ ഡി.വൈ.എഫ്.ഐക്കാർ അന്ന് മന്ത്രി അബ്ദുറബ്ബിനെതിരെ പ്രതിഷേധ മാർച്ച് നയിച്ചത്! കാര്യങ്ങൾ അങ്ങനെയൊക്കെയാണെങ്കിൽ ഇക്കൂട്ടരെ നാം ഇടതു പുരോഗമന വാദികൾ എന്നുതന്നെ വിളിക്കണം. അവർക്കുതന്നെ വോട്ടു ചെയ്യണം. അല്ലെങ്കിൽ സൂക്ഷിക്കുക, നിങ്ങൾ വർഗീയവാദിയാവും. മലപ്പുറം തെരഞ്ഞെടുപ്പ് നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശം അതാണ്.
മലപ്പുറത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർന്നുവന്ന ചില വിഷയങ്ങളെ മുൻനിർത്തിയാണ് വർഗീയതയുടെ വിജയം എന്ന നിലപാട് തങ്ങൾ സ്വീകരിച്ചതെന്ന് ചില ഓൺലൈൻ ഇടതുപോരാളികൾ പറയുന്നുണ്ട്. അതായത്, കാസർകോട്ടെ റിയാസ് മൗലവിയുടെ വധം, കൊടിഞ്ഞിയിലെ ഫൈസലിെൻറ വധം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് സ്വീകരിച്ച നിലപാടുകൾ മലപ്പുറത്ത് ചർച്ചയായിരുന്നു. ഒരു തെരഞ്ഞെടുപ്പ് സന്ദർഭത്തിൽ അത് സ്വാഭാവികമാണ്. ഫൈസലിെൻറ കൊലയാളികളെ പിടികൂടുന്നത് വൈകിയപ്പോൾ അവെൻറ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കുകയും സമരം നടത്തുകയും ചെയ്തിരുന്നു.

അന്ന്, അത്തരം സമരങ്ങൾ നാട്ടിൽ കലാപമുണ്ടാക്കുമെന്നാണ് സി.പി.എമ്മിെൻറ താനൂർ ഏരിയ സെക്രട്ടറി പറഞ്ഞത്. അതായത്, ആർ.എസ്.എസുകാർ ഒരു ചെറുപ്പക്കാരനെ നടുറോഡിൽ വെട്ടിനുറുക്കിയിട്ടാൽ അത് കലാപമോ കുഴപ്പമോ ഒന്നും ഉണ്ടാക്കാൻ പോകുന്നില്ല. പ്രതികളെ പിടിക്കണമെന്നാവശ്യപ്പെട്ടാൽ അത് കലാപാഹ്വാനമാണ്. ചുരുക്കത്തിൽ, നിങ്ങൾക്ക് വോട്ട് ചെയ്യാനും പാടില്ല, വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാനും പാടില്ല, സമരം ചെയ്യാനും പാടില്ല, കൊലയാളികളെ പിടിക്കണമെന്ന് പറയാനും പാടില്ല. എന്തു ചെയ്താലും അത് മതേതരത്വത്തിന് ഭംഗം വരുത്തിക്കളയും.

‘‘രാഷ്ട്രീയമായി സംഘടിക്കുന്നതും ജനാധിപത്യത്തോട് ചേർന്നുനിൽക്കുന്നതും പാർലമെൻറിലേക്കും നിയമസഭയിലേക്കുമൊക്കെ ആളെ അയക്കുന്നതും അവകാശങ്ങൾക്കുവേണ്ടി ശബ്ദിക്കുന്നതുമൊക്കെയാണ് വർഗീയതയെങ്കിൽ മതേതരരാവാൻ ഞങ്ങളെന്താണ് ചെയ്യേണ്ടത്? മതേതരമാപിനിയുമായി ഇറങ്ങിയവർ ഒന്നു പറഞ്ഞുതന്നാലും’’- -യൂത്ത് ലീഗിെൻറ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് തെൻറ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നതാണിത്. ഈ മതേതരമാപിനി ഇടതുവരേണ്യതയുടെ വലിയൊരു ഹിംസായുധമാണ്. മുമ്പ്, വലിയ ആചാര്യനായ കാൾ മാർക്സ്, അൽജീരിയയിൽ ആസ്ത്മ ചികിത്സക്ക് പോയ സന്ദർഭത്തിൽ ഫെഡറിക് ഏംഗൽസിന് അയച്ച കത്തുകളിൽ അന്നാട്ടുകാരെക്കുറിച്ച് ‘കാടന്മാർ’ എന്നാണ് വിശേഷിപ്പിച്ചത്. വരേണ്യതാബോധം സൈദ്ധാന്തിക ആചാര്യനെപ്പോലും എത്ര അളവിൽ സ്വാധീനിച്ചിരുന്നുവെന്നതിെൻറ സൂചകമാണത്.

ഇതേ വരേണ്യതയുടെ ആനുകൂല്യവും തണലും നല്ലപോലെ അനുഭവിച്ചവരാണ് മുസ്ലിം ലീഗുകാർ. പക്ഷേ, അവരെയും ഇപ്പോൾ വെയിലത്തുനിർത്തി വിശദമായ മതേതര പരിശോധനക്ക് വിധേയമാക്കുകയാണ്.  നിങ്ങൾ എത്ര ഭൂരിപക്ഷത്തിൽ ജയിച്ചാലും ആ പൊള്ളുന്ന വെയിലിൽ നിൽക്കാതെ നിർവാഹമില്ല എന്ന സന്ദേശമാണ് മലപ്പുറം ഫലം പിന്നാക്ക, കീഴാള രാഷ്ട്രീയത്തിന് നൽകുന്നത്.

Tags:    
News Summary - a secular party and more than 5 lack raciest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.