ശംഖധ്വനി

ബംഗാളില്‍നിന്ന് ഒരു വാര്‍ത്തയുമില്ളെന്ന് കെ.ജി. ശങ്കരപ്പിള്ള ‘ബംഗാള്‍’ എന്ന കവിതയില്‍ എഴുതിയിട്ടുണ്ട്. നിസ്സാരമായ കാറ്റൂതിയാല്‍ ആര്‍ത്തുണരുന്ന കരിയിലകള്‍ സംഘടിച്ച് ഭയങ്കരമായ ചുഴലിയുണ്ടാവുമെന്ന് കവി മുന്നറിയിപ്പു നല്‍കി. വിപ്ളവത്തിന്‍െറ തീപ്പൊരിയുമായി വരാനിരിക്കുന്ന കൊടുങ്കാറ്റുകളുടെ മുന്നേ പറന്നുയരുന്ന കരിയിലകളെക്കുറിച്ച് ബംഗാളില്‍നിന്നുതന്നെ ഒരു കവി പാടിയിട്ടുണ്ട്. ‘ഇതുമാത്രം’ എന്ന കവിതയില്‍ ഒരു വന്യസമുദ്രത്തിന്‍െറ തിരയടി മുഴങ്ങുന്ന ശംഖനാദം കേള്‍പ്പിച്ച വംഗദേശത്തിന്‍െറ ആധുനികകവി ശംഖഘോഷ്.

‘ബാക്കിയുള്ളതെല്ലാം മരണത്തിന്‍െറ കവിതകളാണ്. ഇതു മാത്രമാണ് ജീവിതത്തിന്‍െറ കവിത. ബാക്കിയുള്ളതെല്ലാം എന്‍െറ കവിതകളാണ്. ഇതു മാത്രമാണ് നിന്‍േറത്. ബാക്കിയുള്ളതെല്ലാം വിരാമമിട്ട കവിതകളാണ്. ചുണ്ടുകളില്‍ മരവിച്ച അഭിലാഷങ്ങളുടെ അവശിഷ്ടങ്ങള്‍. ഇത് വന്യസമുദ്രത്തെക്കുറിച്ചുള്ള കവിതയാണ്. ഇനിയും പങ്കിടാത്ത വേദനകളെക്കുറിച്ചുള്ളത്. ഒരു കാരണവുമില്ലാതെ ഒരു വസന്തകാലത്തില്‍ തിരമാലകളിലേക്ക് നടന്നു പോയവനെക്കുറിച്ചുള്ളത്. വരാനിരിക്കുന്ന കൊടുങ്കാറ്റുകളുടെ സൂചന നല്‍കി പറന്നകലുന്ന ആയിരക്കണക്കിന് കരിയിലകളെക്കുറിച്ചുള്ളത്. ബാക്കിയുള്ളതെല്ലാം നഗരങ്ങളെക്കുറിച്ചുള്ള കവിതകള്‍. ഇത് രാജ്യത്തെക്കുറിച്ചുള്ളത്. ബാക്കിയുള്ളതെല്ലാം ഗംഗയെക്കുറിച്ചുള്ള കവിതകള്‍. ഇത് യമുനയെക്കുറിച്ചുള്ളത്.’ എന്നാണ് ‘ഇതുമാത്ര’ത്തില്‍ അദ്ദേഹം കുറിച്ചത്.

ബംഗാളില്‍നിന്ന് വാര്‍ത്തയുണ്ട്. രണ്ടു പതിറ്റാണ്ടിനുശേഷം വംഗദേശത്തിന്‍െറ മണ്ണിലേക്ക് രാജ്യത്തെ സമുന്നത സാഹിത്യപുരസ്കാരം എത്തിച്ചിരിക്കുകയാണ് ശംഖഘോഷ്. 1996ലാണ് മഹാശ്വേതാദേവിക്ക് ഈ അംഗീകാരം കിട്ടുന്നത്. ജ്ഞാനപീഠം കയറുന്ന ആറാമത്തെ ബംഗാളിയാണ്. ആശാപൂര്‍ണാദേവി, താരാശങ്കര്‍ ബന്ദോപാധ്യായ, സുഭാഷ് മുഖോപാധ്യായ, ബിഷ്ണു ദേ, മഹാശ്വേതാദേവി എന്നിവര്‍ക്കൊപ്പം കസേരയിട്ട് ഇരിക്കുകയാണ് ഇപ്പോള്‍ ഈ 84കാരന്‍.
അവസാന നിമിഷം വരെ അക്കിത്തത്തിന് കിട്ടുമെന്നായിരുന്നു മലയാളത്തിന്‍െറ പ്രതീക്ഷ. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍െറ ഇതിഹാസം’ എന്ന് അച്ചുനിരത്തിയേനെ മലയാള പത്രങ്ങള്‍. അക്കിത്തത്തിന്  കിട്ടിയിരുന്നെങ്കില്‍ മതേതര തീവ്രവാദികള്‍ രാഷ്ട്രീയമായ ചില ഗൂഢാലോചനാസിദ്ധാന്തങ്ങള്‍ അവതരിപ്പിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. അക്കിത്തം സംഘ്പരിവാര്‍ സഹയാത്രികനാണ് എന്നതുതന്നെ കാരണം. പക്ഷേ, ജ്ഞാനപീഠം ഭരണകൂടത്തിന്‍െറ സാഹിത്യപുരസ്കാരമല്ലല്ളോ. അത് ഒരു വ്യവസായ കുടുംബത്തിന്‍െറ സാംസ്കാരിക സംഭാവനയാണ്.

ജെയിന്‍ കുടുംബത്തിന് ഇന്ത്യന്‍ ഭാഷകളിലെ മികച്ച രചനയെ അംഗീകരിക്കണമെന്ന് തോന്നിയപ്പോള്‍ ഏര്‍പ്പെടുത്തിയ സമ്മാനം. ഏതായാലും ശംഖഘോഷിന്‍െറ രാഷ്ട്രീയനിലപാടുകള്‍ അറിയാവുന്നവര്‍ ഈ അംഗീകാരത്തിന് പ്രകമ്പനം കൊള്ളിക്കുന്ന ഹസ്താരവം തന്നെ നല്‍കുമെന്നുറപ്പ്. രാജ്യത്തെ നെടുകെ പിളര്‍ത്തുന്ന വിഭാഗീയ രാഷ്ട്രീയത്തിന് എതിരെ ശക്തമായി സംസാരിക്കുന്ന പതിവുണ്ട് ശംഖഘോഷിന്. എഴുത്തുകാരന്‍ ഭാവനാപ്രപഞ്ചത്തില്‍ വിഹരിക്കുന്ന ഒരാള്‍ മാത്രമല്ളെന്നും ഇടപെടേണ്ടിടത്ത് കൃത്യമായി ഇടപെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയാണെന്നും തന്‍െറ ജീവിതം കൊണ്ട് തെളിയിച്ചിട്ടുണ്ട് ശംഖഘോഷ്.
രാജ്യത്ത് വളര്‍ന്നുവരുന്ന ഫാഷിസ്റ്റ് പ്രവണതകള്‍ക്കെതിരെ പൊതുവേദികളില്‍  അദ്ദേഹം ആഞ്ഞടിച്ചു.

‘ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍,  പലതും സഹിക്കേണ്ടിവരുമല്ളോ എന്ന ഭീതിയിലായിരുന്നു നമ്മളില്‍ പലരും. ഇതുവരെയുള്ള കാലയളവില്‍ അത്തരം സംഭവങ്ങളുടെ നിരക്കില്‍ വന്ന വര്‍ധന സങ്കല്‍പ്പിക്കാന്‍ കൂടി കഴിയാത്തതാണ്. ഫാഷിസ്റ്റ് അധികാരം വെറുമൊരു പ്രവണത മാത്രമല്ളെന്നും സമകാലിക കേന്ദ്രഭരണകൂടത്തിന്‍െറ ശക്തി അതാണെന്നും ജെ.എന്‍.യു വിദ്യാര്‍ഥി കനയ്യകുമാറിന്‍െറ അറസ്റ്റ് അതിന് ഉദാഹരണമാണെന്നും അദ്ദേഹം തുറന്നടിച്ചു. നിലവിലുള്ള അവസ്ഥക്കെതിരെ എല്ലാവരും ഒരുമിച്ചുനില്‍ക്കണം. ഐക്യമാണ് ഫാഷിസത്തെ പ്രതിരോധിക്കാനുള്ള ഏകവഴി. ഏകാധിപത്യത്തിന്‍െറ പീഡനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

നമ്മള്‍ നിശ്ശബ്ദരായിരുന്നാല്‍ ഭാവയില്‍ സ്ഥിതിഗതികള്‍ ഇതിനെക്കാള്‍ വഷളാവും. നാശോന്മുഖമായ ഭാവിയില്‍നിന്ന് നമുക്ക് നമ്മുടെ കുട്ടികളെയെങ്കിലും രക്ഷിക്കാം.’-കഴിഞ്ഞ ഫെബ്രുവരിയില്‍ അദ്ദേഹം ഒരു പൊതുവേദിയില്‍ പറഞ്ഞു. കവി മാത്രമല്ല; നിരൂപകനുമാണ്. ടാഗോറിന്‍െറ ഭാവനാലോകത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ കഴിവുള്ള സാഹിത്യപണ്ഡിതന്‍. കവിതയുടെ പാരമ്പര്യവഴികള്‍ വിടാതെയാണ് ക്ളാസിക് ശൈലിയിലുള്ള രചന തുടര്‍ന്നത്. വൃത്തവും താളവും പ്രാസവും നിലനിര്‍ത്തി ആധുനികമായ ജീവിതസമസ്യകളെ ആവിഷ്കരിച്ചു. വിവിധ കാവ്യരൂപങ്ങള്‍ പരീക്ഷിച്ചു. അങ്ങനെ ആധുനിക ബംഗാളി സാഹിത്യത്തിന്‍െറ ഭാവുകത്വത്തെ നവീകരിച്ചു.

അംഗീകാരങ്ങളില്‍ അഭിരമിക്കുന്ന പതിവില്ല. നിശ്ശബ്ദമായ പ്രാര്‍ഥന പോലെയാണ് സാഹിത്യസപര്യ. സാഹിത്യത്തിനുള്ള നൊബേല്‍ കിട്ടിയപ്പോള്‍ ബോബ് ഡിലന്‍ പ്രതികരിച്ചില്ല.  അതുപോലെയാണ് ജ്ഞാനപീഠം കിട്ടിയപ്പോഴുള്ള ശംഖഘോഷിന്‍െറ മൗനം. ടൈംസ് ഓഫ് ഇന്ത്യ ചോദിച്ചപ്പോള്‍ ഇതേക്കുറിച്ച് പ്രതികരിക്കാനില്ളെന്ന് പറഞ്ഞ് ഒഴിഞ്ഞു. അതാണ് പ്രകൃതം. വെളുത്ത വസ്ത്രം മാത്രമേ ധരിക്കുകയുള്ളൂ. ഇന്നത്തെ ബംഗ്ളാദേശിലെ ചാന്ദ്പൂരില്‍ 1932 ഫെബ്രുവരി ആറിന് ജനനം. 1951ല്‍ കൊല്‍ക്കത്ത പ്രസിഡന്‍സി കോളജില്‍നിന്ന് ബംഗാളി ഭാഷയില്‍ ബിരുദം. കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും. ബംഗാബാസി കോളജ്, സിറ്റി കോളജ്, ഡല്‍ഹി സര്‍വകലാശാല, ഷിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, വിശ്വഭാരതി സര്‍വകലാശാല എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. 1992ല്‍ ജാദവ്പൂര്‍ സര്‍വകലാശാലയില്‍നിന്ന് വിരമിച്ചു. അറുപതുകളില്‍ അമേരിക്കയിലെ അയോവ സംസ്ഥാനത്തിലെ എഴുത്തുകാരുടെ ശില്‍പശാലയില്‍ പങ്കെടുത്തിരുന്നു.

പത്മഭൂഷണ്‍, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, സരസ്വതി സമ്മാന്‍, ആശാന്‍ പ്രൈസ്, രബീന്ദ്ര പുരസ്കാര്‍ എന്നിവ ഉള്‍പ്പെടെ തേടിയത്തെിയത് നിരവധി അംഗീകാരങ്ങള്‍. അമേരിക്കന്‍ ഭരണകൂടത്തിന്‍െറ നിയന്ത്രണത്തിലുള്ള ലൈബ്രറി ഓഫ് കോണ്‍ഗ്രസില്‍ അദ്ദേഹത്തിന്‍െറ 38 കൃതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളം, ഇംഗ്ളീഷ്, ഹിന്ദി, മറാത്തി, ആസാമീസ്, പഞ്ചാബി ഭാഷകളില്‍ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. വിദ്യാസാഗര്‍ സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കി 2010ല്‍  ആദരിച്ചു. അദിംലതാ ഗുല്‍മോമയ്, മുര്‍ഖാ ബാരോ; സമാജിക് നേ, കബീര്‍ അഭിപ്രായ്, മുഖ് ദേഖേ ജയ് ബിഗായാപാനെ, ബബരേര്‍ പ്രാര്‍ഥന തുടങ്ങിയവ  പ്രമുഖ കൃതികള്‍.  ‘ദിന്‍ഗുലി രാത്ഗുലി’, ‘നിഹിത പടാല്‍ചായ’ എന്നിവ ബംഗാളിലെ ആധുനിക കവികളെ ഏറെ സ്വാധീനിച്ച രചനകള്‍.

Tags:    
News Summary - sankha-ghosh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.