മുസ്ലിംവിരുദ്ധ മനോനിലയുടെ പുതിയ ചിത്രങ്ങള്‍

ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍റായി ചുമതലയേറ്റ ശേഷമുള്ള അമേരിക്കന്‍ വന്‍കരയിലെ ആദ്യ വംശവിദ്വേഷ പ്രേരിത ആക്രമണം ക്യൂബെക്കില്‍ അരങ്ങേറിയിരിക്കുന്നു. ബഹുസ്വരത,  സഹിഷ്ണുത എന്നിവയുടെ പേരില്‍ യശസ്സാര്‍ജിച്ച ഭൂഭാഗമാണ് ക്യൂബെക്. ഇസ്ലാമോഫോബിയക്ക് ഇത്തരമൊരു പ്രഖ്യാത പ്രദേശത്തുപോലും അതിന്‍െറ ഹിംസാത്മക ഫണം വിടര്‍ത്താന്‍ സാധിച്ചു എന്നുസാരം. കാനഡയിലെ ക്യൂബെക് സിറ്റിയിലെ മുസ്ലിം പള്ളിയില്‍ നടന്ന ഭീകരാക്രമണത്തില്‍ ആറു മനുഷ്യ ജീവനുകളാണ് ഹോമിക്കപ്പെട്ടത്. എട്ടുപേര്‍ക്ക് പരിക്കേറ്റു. ഏഴ് പ്രമുഖ മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കും അഭയാന്വേഷകര്‍ക്കും ട്രംപ് പ്രഖ്യാപിച്ച വിലക്ക് ഇസ്ലാം ഭീതിയുടെ മറ്റൊരു ആവിഷ്കാരമായിരുന്നു.
ഇരകളെതന്നെ പഴിച്ച് അവരെ കൂടുതല്‍ ദുര്‍ബലരാക്കുന്ന പ്രസ്താവനാ ആക്രമണങ്ങളായിരുന്നു പള്ളിയിലെ വെടിവെപ്പിനെ തുടര്‍ന്ന് അരങ്ങേറിയത്. മൊറോക്കോ വംശജനായ കുടിയേറ്റക്കാരനാണ് ക്യൂബെക്  പള്ളിയിലെ കൊലയാളികളില്‍ ഒരാളെന്നും അയാള്‍ ‘അല്ലാഹു അക്ബര്‍’ എന്ന് ഉച്ചരിച്ചുകൊണ്ടാണ് വെടിയുതിര്‍ത്തതെന്നും പ്രചരിപ്പിക്കപ്പെട്ടു. വലതുപക്ഷ ദേശീയവാദികളുടെ ഈ പ്രചാരണം ഏറ്റുപിടിക്കാന്‍ ആദരണീയ ഗണങ്ങളെന്ന് കരുതപ്പെട്ടിരുന്ന ചില മാധ്യമങ്ങള്‍വരെ തയാറാവുകയുണ്ടായി. എന്നാല്‍, യാഥാര്‍ഥ്യം മറിച്ചായിരുന്നു. ഫ്രഞ്ച് കനേഡിയന്‍ വംശജനായ അലക്സാണ്ടര്‍ ബിസൂനറ്റ് എന്ന വെള്ള വംശീയവാദിയായിരുന്നു ആക്രമണം നടത്തിയതെന്ന് നിയമപാലകര്‍ വെളിപ്പെടുത്തി. എന്നാല്‍, ഇയാളില്‍ തീവ്രവാദ ചിന്തയും ഉന്മൂലന വികാരവും ഉദ്ദീപിപ്പിക്കപ്പെട്ടതെങ്ങനെ എന്ന ചോദ്യം ഉന്നയിക്കാന്‍ അധികമാരെയും കണ്ടില്ല. ഒൗദ്യോഗിക കൃത്യനിര്‍വഹണങ്ങള്‍ക്കായി കാനഡയിലും യു.എസിലും മാറിമാറി സഞ്ചരിക്കുന്ന എനിക്ക് ഇരുദേശക്കാരുടെയും മനോനിലകള്‍ അനായാസം തിട്ടപ്പെടുത്താന്‍ സാധിക്കാറുണ്ട്. ഇത്തരം സംഭവങ്ങളോട് ‘നമ്മള്‍ എത്ര ഭേദം’ എന്ന രീതിയിലുള്ള കനേഡിയന്‍ വംശക്കാരുടെ പ്രതികരണം കേള്‍ക്കാറുള്ളതും ഞാന്‍ ഓര്‍മിക്കുന്നു. പക്ഷേ, അവര്‍ അത്ര ഭേദമൊന്നുമല്ല എന്നതാണ് യഥാര്‍ഥ വസ്തുത.
കഴിഞ്ഞ മൂന്നു വര്‍ഷക്കാലയളവില്‍ മുസ്ലിംകള്‍ക്കെതിരായ വിദ്വേഷപ്രേരിത ആക്രമണങ്ങള്‍ കനഡയില്‍ ഇരട്ടിച്ചതായി പൊലീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അമേരിക്കയില്‍ 2000ത്തിന് ശേഷം ഇത്തരം സംഭവങ്ങള്‍ എട്ടുമടങ്ങായി ഉയര്‍ന്നതായി എഫ്.ബി.ഐ അടക്കമുള്ള ഏജന്‍സികള്‍ നല്‍കുന്ന കണക്കുകള്‍ സ്ഥിരീകരിക്കുന്നു. പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സംഭവങ്ങളുടെ കണക്കുകള്‍കൂടി പരിഗണിച്ചാല്‍ മുസ്ലിം വിരോധവും ഇസ്ലാം ഭീതിയും ഇരുദേശങ്ങളിലും ഗുരുതരമായ അടിയൊഴുക്കുകളായി വര്‍ത്തിക്കുന്നതായി കരുതേണ്ടിവരും.
വാസ്തവത്തില്‍ വിദ്വേഷപ്രേരിത ആക്രമണ സംഭവങ്ങളുടെ കൃത്യമായ റിപ്പോര്‍ട്ടുകള്‍ ഒരിക്കലും നമുക്ക് ലഭിച്ചെന്നും വരില്ല. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് പരാതി നല്‍കുന്നതും റിപ്പോര്‍ട്ട് നല്‍കുന്നതും പ്രയോജനരഹിതമാണെന്ന് ഇരകള്‍ വിശ്വസിക്കുന്നു. പല റിപ്പോര്‍ട്ടുകളും നിയമപാലകര്‍ പൊതുജനങ്ങളില്‍നിന്ന് മറച്ചുപിടിക്കുന്നു. വിദ്വേഷപ്രേരിത വിഭാഗത്തില്‍നിന്ന് മാറ്റിനിര്‍ത്തിയാണ് ചില കേസുകള്‍ കൈകാര്യം  ചെയ്യപ്പെടാറ്.
ആക്രമണം അരങ്ങേറിയ പള്ളിയുടെ അങ്കണത്തില്‍ ജൂണില്‍ ആരോ പന്നിയുടെ തല വലിച്ചെറിഞ്ഞ സംഭവം അരങ്ങേറുകയുണ്ടായി. റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ പള്ളിയിലെ സേവിക സുബൈദയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒറ്റപ്പെട്ട സംഭവമായി കരുതി അതിനെ അന്ന് പള്ളി ഭാരവാഹികള്‍ അവഗണിക്കുകയായിരുന്നു. ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങള്‍ അവഗണിക്കപ്പെടുക പതിവാണ്. എന്നാല്‍, ഈ സംഭവങ്ങള്‍ നല്‍കുന്ന സൂചനകള്‍ അവഗണിക്കാനാകില്ല. അവ വ്യക്തികളെ ശാരീരികമായി പരിക്കേല്‍പിക്കുന്നുണ്ടാകില്ല. എന്നാല്‍, മുഖ്യധാര നിലനിര്‍ത്തിപ്പോരുന്ന ഇസ്ലാം വിരുദ്ധ മനോനിലയുടെ ആവിഷ്കാര രൂപമാണിത് എന്ന യാഥാര്‍ഥ്യം തിരിച്ചറിയേണ്ടതാണ്. മുസ്ലിം വിരുദ്ധ ആഖ്യാനങ്ങളാലും വായ്ത്താരികളാലും ശാക്തീകൃതരായ ആശയഭ്രാന്തരുടെ ലോകത്തെയാണ് അത് പ്രത്യക്ഷമാക്കുന്നത്.
മുസ്ലിംകളെ ഒന്നടങ്കം ഭീകരവാദികളായി മുദ്രകുത്തുന്ന രീതി പാശ്ചാത്യ രാഷ്ട്രീയത്തിന്‍െറ മാത്രമല്ല, സാംസ്കാരികാവിഷ്കാരങ്ങളുടെയും ഭാഗമാണ് എന്നതാണ് ചരിത്ര യാഥാര്‍ഥ്യം. ആ വിദ്വേഷ പ്രചാരണ പദ്ധതി ഇപ്പോള്‍ സര്‍വ സീമകളെയും ലംഘിച്ചിരിക്കുന്നു. ആദ്യകാലത്ത് ഏതാനും ചെറുഗ്രൂപ്പുകള്‍ മാത്രമായിരുന്നു വെറുപ്പിന്‍െറ വ്യാപാരികള്‍. അമേരിക്കയിലെ റിപ്പബ്ളിക്കന്‍ കക്ഷിയിലെ ഒരു വിഭാഗത്തിലേക്കും കാനഡയിലെ ഹാര്‍പറൈറ്റ്സുകളില്‍ ഒരു വിഭാഗത്തിലേക്കുമാണത് ആദ്യം സംക്രമിച്ചത്. ഇപ്പോഴാകട്ടെ തിട്ടപ്പെടുത്താനാകാത്ത വ്യാപ്തിയിലും ഉയരത്തിലും വിദ്വേഷ വികാരം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നു.
മുസ്ലിംകള്‍ക്കെതിരായ പ്രവേശന വിലക്കും അഭയനിഷേധവും ശൂന്യതയില്‍നിന്ന് ഉദയംകൊണ്ട പ്രതിഭാസമല്ല. സിംഹാസനത്തില്‍ വാണരുളിയവര്‍ വളര്‍ത്തിയെടുത്ത ആശങ്കകളിലും ഭീതികളിലുമാണ് നാം അതിന്‍െറ വേരുകള്‍ ചികയേണ്ടത്.
സെപ്റ്റംബര്‍ 11 ആക്രമണ സംഭവത്തോടെയും തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ഭീകര വിരുദ്ധ യുദ്ധങ്ങളോടെയും മുസ്ലിംകള്‍ക്കെതിരായ അപരവത്കരണം കൂടുതല്‍ ഊര്‍ജിതമാവുകയും ചെയ്തു. വംശവിദ്വേഷത്തിന്‍െറ ഈ ഭീതിനിര്‍ഭരാന്തരീക്ഷം പരമാവധി ചൂഷണം ചെയ്തുകൊണ്ടായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റായ ട്രംപിന്‍െറ ജൈത്രയാത്ര.
ഇക്കാര്യത്തില്‍ ഒട്ടും മോശക്കാരല്ല കനേഡിയന്‍ രാഷ്ട്രീയ നേതാക്കളും അവരെ കണ്ണടച്ച് പിന്തുണക്കുന്ന മാധ്യമകേന്ദ്രങ്ങളും. ഇസ്ലാമോഫോബുകളുടെ ഒരു ചേരി കാനഡയിലേക്ക് കുടിയേറി ജനങ്ങളില്‍ ദുഃസ്വാധീനമുളവാക്കുകയാണുണ്ടായത്. സ്റ്റീഫന്‍ ഹാര്‍പര്‍ പ്രധാനമന്ത്രി ആയിരിക്കെ  ഇസ്ലാംഭീതി കൂടുതല്‍ കരുത്താര്‍ജിച്ചു. നിഖാബ് നിരോധനവാദം, സിറിയന്‍ അഭയാര്‍ഥികളെ തുരത്തണമെന്ന ആഹ്വാനം മുസ്ലിം ആചാരങ്ങള്‍ വിലക്കാനുള്ള ആഹ്വാനം എന്നിവ ഉച്ചത്തില്‍ മുഴങ്ങിയ ചരിത്രഘട്ടമായിരുന്നു അത്.
സമീപകാലത്തായി ക്യൂബെക്കും മുസ്ലിംവിരുദ്ധ ഘോഷണങ്ങളുടെ രംഗവേദിയാകുന്നത് നാം കണ്ടു. മുസ്ലിംകളെ ലക്ഷ്യമിട്ട് ‘ചാര്‍ട്ടര്‍ ഓഫ് വാല്യൂസ്’ ആവിഷ്കരിക്കണമെന്ന ക്യൂബക്കോയിസ് പാര്‍ട്ടിയുടെ ആഹ്വാനം ഒരു ഉദാഹരണം. പര്‍ദ നിരോധന ആഹ്വാനവുമായി മുസ്ലിംകള്‍ക്ക് പ്രാകൃത മുദ്ര നല്‍കിയ യാഥാസ്ഥിതിക കക്ഷിനേതാവ് ഫ്രാങ് സ്വാലെഗാള്‍ട്ടിന്‍െറ വിദ്വേഷപ്രചാരണം മറ്റൊരു ഉദാഹരണം.
ക്യൂബെക്കില്‍ ജനതയില്‍ മുസ്ലിം വിരുദ്ധ വികാരം പുലര്‍ത്തുന്നവര്‍ 69 ശതമാനം വരുമത്രെ. അതേസമയം, അമേരിക്കയിലെ മുസ്ലിം വിരുദ്ധ ചിന്താഗതിക്കാരുടെ നിരക്ക് അമ്പതിലും ഏറെ താഴെയാണെന്ന് സര്‍വേകള്‍ വെളിപ്പെടുത്തുന്നു.
ആശയ ഭ്രാന്തിന്‍െറ സ്വീകാര്യരൂപമായി ഇസ്ലാമോഫോബിയ പരിണമിച്ചുകൊണ്ടിരിക്കെ സംഘര്‍ഷങ്ങളും വിവേചന നടപടികളും വര്‍ധിക്കുന്നതില്‍ അദ്ഭുതപ്പെടേണ്ടതില്ല. ക്യൂബെക്കിലെ വെടിവെപ്പ് ഒറ്റപ്പെട്ട സംഭവമായി വിലയിരുത്തപ്പെട്ടേക്കാം. എന്നാല്‍, ഇത്തരമൊരു ആക്രമണം മുസ്ലിംകളുടെ ഭാവിക്ക് മീതെ വീഴ്ത്തുന്ന ദുര്‍പ്രഭാവത്തെ അവഗണിച്ചു തള്ളാനാകില്ല. ഇസ്ലാമോഫോബിയയുടെ കലുഷമായ അന്തരീക്ഷത്തെ അതിഗൗരവത്തോടെ അഭിസംബോധന ചെയ്യേണ്ട ചരിത്ര സന്ദര്‍ഭമാണിത്.
നിയമവിദഗ്ധനും കോളമിസ്റ്റുമായ ലേഖകന്‍ ഇന്ത്യാനയിലെ വാള്‍പറൈയ്സോ കലാശാലയിലെ ലോ സ്കൂള്‍ അധ്യാപകനാണ്

Tags:    
News Summary - quebec shooting -new images of islamophobia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.