പൊലീസില്‍ ബാഹ്യ ഇടപെടലുകളോ? 


പൊലീസ്ഭരണം എല്ലാ സര്‍ക്കാറുകള്‍ക്കും വിവാദവിഷയമോ തലവേദനയോ ആയി മാറാറുണ്ട്. കൃത്യമായ നിയന്ത്രണവും ഇടപെടലും ശക്തമായ നയവും ഇല്ളെങ്കില്‍ പൊലീസ് സര്‍ക്കാറിന്‍െറ പ്രതിച്ഛായ തകര്‍ക്കും. ഇതൊക്കെ കാര്യമായി ശ്രദ്ധിക്കുന്ന സര്‍ക്കാറുകള്‍പോലും പൊലീസിനാല്‍ കുടുങ്ങിയിട്ടുണ്ട്. കേരളത്തിന്‍െറ ആദ്യ മന്ത്രിസഭാകാലത്ത് വിമോചന സമരത്തിനു ചൂടും ചൂരും പകര്‍ന്ന ഗര്‍ഭിണിയായ ഫ്ളോറിയുടെ മരണംമുതല്‍ ഇങ്ങോട്ട് എല്ലാ മന്ത്രിസഭകള്‍ക്കും അങ്ങനെ ഏതെങ്കിലും ഒരു ഘട്ടത്തെ അഭിമുഖീകരിക്കേണ്ടിവന്നു. രാജന്‍കേസും പാലക്കാട്ട് സിറാജുന്നീസ എന്ന ബാലികയുടെ മരണവും കൂത്തുപറമ്പ് വെടിവെപ്പും തുടങ്ങി പറയാന്‍ ഉദാഹരണങ്ങള്‍ ഏറെ. ഈവക സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ പ്രതിപക്ഷപാര്‍ട്ടികള്‍ എതിര്‍ക്കുകയും പൊലീസിനെ ഭരിക്കുന്നവര്‍ ന്യായീകരിക്കുകയും ചെയ്യുന്നു. നിയന്ത്രിച്ചാല്‍ പൊലീസിന്‍െറ മനോവീര്യം തകരുമെന്നാണ് എക്കാലവും ഭരിക്കുന്നവര്‍ പറയുക. മനോവീര്യം കൂട്ടാന്‍ ഇടക്കിടെ അവരെ കയറൂരിവിടേണ്ടിവരുമെന്ന തോന്നലാണ് ഇതു കേള്‍ക്കുമ്പോള്‍ ഉണ്ടാകുക. 

മാര്‍ക്സിസ്റ്റ് പാര്‍ട്ടി അടക്കമുള്ള ഇടതുപക്ഷ രാഷ്ട്രീയസംവിധാനങ്ങള്‍ക്ക് പൊലീസ് നയം സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. എക്കാലവും അവര്‍ അത് പറയാറുമുണ്ട്. പൊലീസ് ഒരിക്കലും സാധാരണക്കാരെ മര്‍ദിക്കാനുള്ള ഉപകരണമാകരുതെന്നാണ് അവരുടെ പ്രഖ്യാപിത നയം. കരിനിയമങ്ങള്‍ക്ക് അവര്‍ എതിരാണ്. യു.എ.പി.എ (അണ്‍ ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന പാര്‍ട്ടിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി. ഇന്ത്യന്‍ പീനല്‍കോഡിലെ 124 എ, 151 എന്നീ വകുപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷ്മത വേണമെന്ന് നിഷ്കര്‍ഷിച്ചിരുന്നവരാണ് അവര്‍. കരിനിയമങ്ങള്‍ ചുമത്തപ്പെട്ട് പലപ്പോഴും ജയില്‍ശിക്ഷ അനുഭവിച്ച നിരവധി നേതാക്കള്‍ സി.പി.എമ്മിനുണ്ട്. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കരിനിയമങ്ങള്‍ ചുമത്തപ്പെട്ടിട്ടുണ്ട്. ഇത്തരമൊരാള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അത്തരം നിയമങ്ങളെ കരുവാക്കി സാധാരണ പ്രശ്നങ്ങളെ  സമീപിക്കുന്നിടത്താണ്, സമീപകാലവിവാദങ്ങള്‍ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്നത്. 

പൊലീസിന്‍െറ തേര്‍വാഴ്ചയുടെ കാര്യത്തില്‍ റെക്കോഡിട്ടത്, അടിയന്തരാവസ്ഥക്കാലത്തെ ഭരണമായിരുന്നു. അതിനുശേഷം വന്ന സര്‍ക്കാറുകള്‍  പൊലീസ് നടപടിക്രമങ്ങളില്‍ നിരവധി മാറ്റങ്ങള്‍ വരുത്തി. നിയമവാഴ്ച ഭദ്രമാക്കാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും സേനയെ സജ്ജമാക്കുന്നതിന് വിവിധ സര്‍ക്കാറുകള്‍ ശ്രദ്ധിച്ചു. കെ. കരുണാകരനെ പൊലീസ് അതിക്രമങ്ങളുടെ തോഴനായാണ് രാഷ്ട്രീയ എതിരാളികള്‍ വിശേഷിപ്പിച്ചിരുന്നത്. അദ്ദേഹം സേനക്ക് വഴിവിട്ട സ്വാതന്ത്ര്യം നല്‍കിയിരുന്നതായി എക്കാലവും പരാതി ഉയര്‍ന്നിരുന്നു. എ.കെ. ആന്‍റണിയുടെ ഭരണകാലത്ത് പൊലീസിന് സ്വാതന്ത്ര്യം കൊടുക്കുന്നതായ പരാതി സ്വന്തം പാര്‍ട്ടിയില്‍നിന്നുയര്‍ന്നിരുന്നു. എന്നാല്‍, അന്നത്തെ പൊലീസ് മേധാവിയില്‍ പൂര്‍ണവിശ്വാസം അര്‍പ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. തല്‍ഫലമായി മുത്തങ്ങയിലെ ആദിവാസി സമരത്തെ നേരിട്ട രീതിയില്‍ അദ്ദേഹത്തിന് ഏറെ പഴികേള്‍ക്കേണ്ടിയും വന്നു. ഇങ്ങനെ അധികസ്വാതന്ത്ര്യം

എപ്പോഴൊക്കെ സേനക്കു നല്‍കിയോ അപ്പോഴൊക്കെ ഭരണനേതൃത്വം അതിന്‍െറ തിക്തഫലം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 
യു.എ.പി.എ പോലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് കേസ് ചാര്‍ജ് ചെയ്യുന്നതിനുമുമ്പ് അതു പരിശോധിക്കാന്‍ ഒരു സ്ക്രീനിങ് കമ്മിറ്റിയുണ്ട്. ആഭ്യന്തരവകുപ്പിലെ അഡീഷനല്‍ സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, പൊലീസ് ഇന്‍റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ എന്നിവരാണ് സമിതിയിലുള്ളത്. മാസത്തില്‍ രണ്ടോ മൂന്നോ യോഗങ്ങള്‍ ഈ സമിതി കൂടാറുണ്ട്. കഴിഞ്ഞദിവസം തിരുവനന്തപുരത്തു ചേര്‍ന്ന ഈ ഉദ്യോഗസ്ഥസമിതിയിലും ഒരു യു.എ.പി.എ കേസ് പരിഗണനക്കു വന്നിരുന്നു. പാലക്കാട് മലമ്പുഴയില്‍ 57 വയസ്സുള്ള ഒരു പരമേശ്വരന്‍ രാത്രിയില്‍ പോസ്റ്റര്‍ ഒട്ടിച്ചതിന്‍െറ പേരിലാണ് കേസ്. യു.എ.പി.എ പ്രകാരം കേസ് എടുക്കാനാണ് പൊലീസ് നിര്‍ദേശം. നിരോധിക്കപ്പെട്ട ഏതെങ്കിലും സംഘടനയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചതായി പരാമര്‍ശമില്ല. വെറും പോസ്റ്റര്‍ ഒട്ടിച്ചത് യു.എ.പി.എ എടുക്കാന്‍ പര്യാപ്തമായകേസല്ളെന്നു കണ്ട് സമിതി അത് തള്ളി. അതേസമയം, രണ്ടു മാസം മുമ്പ് ചേര്‍ന്ന സമിതി ഒട്ടേറെ കേസുകള്‍ ശരിവെച്ചുനല്‍കിയിരുന്നു. യാഥാര്‍ഥ്യബോധമില്ലാതെ ഉണ്ടാകുന്ന കേസുകള്‍ നിരവധി വരാറുണ്ട്. പലപ്പോഴും പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരുടെ പലതരം താല്‍പര്യങ്ങള്‍ ഇതിലുണ്ടാകാറുമുണ്ട്. അതിനാലാണ്, ഇത് പരിശോധിക്കാന്‍ ഒരു മേല്‍സമിതി ഉള്ളത്. ഈ മേല്‍സമിതിക്കു മുന്നിലേക്ക് കേസ് എത്തുമ്പോഴേക്കും നാളുകള്‍ ഏറെ കഴിഞ്ഞിരിക്കും. അതിനിടയില്‍ പ്രതിസ്ഥാനത്തുള്ളവര്‍ മാനസികവും ശാരീരികവുമായ ഒട്ടേറെ  പീഡനങ്ങള്‍ അനുഭവിച്ചുകഴിഞ്ഞിരിക്കും. 
കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ഏതെങ്കിലും സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതിനോ അത്തരം സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നതിനോ മറ്റേതെങ്കിലും ദേശവിരുദ്ധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനോ തെളിവുണ്ടെങ്കില്‍ മാത്രമേ യു.എ.പി.എ ചുമത്താവൂ എന്നതാണ് സങ്കല്‍പം. എന്നാല്‍, ഇതിന്‍െറ വകുപ്പുകള്‍ ചേര്‍ത്ത് ആദ്യഘട്ടത്തില്‍ ഭീതിപരത്തി അതില്‍നിന്നു മുതലെടുക്കുന്നതില്‍ ചില ഉദ്യോഗസ്ഥര്‍ മിടുക്കുകാട്ടുന്നതായി നേരത്തേതന്നെ പരാതികള്‍ ഉയര്‍ന്നിരുന്നതാണ്.

പൊലീസില്‍ 30 ശതമാനത്തോളം പേര്‍ കുറ്റവാസനയുള്ളവരായി ആരോപണമുള്ള സാഹചര്യത്തില്‍ ഈ കാര്യം പരിശോധിക്കേണ്ടതുമാണ്. 
ഇപ്പോഴത്തെ സാഹചര്യം സംസ്ഥാന സര്‍ക്കാറിന്‍െറ സൃഷ്ടിയാണോ എന്ന കാര്യത്തില്‍ വിവാദമുണ്ട്. പൊലീസ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാറിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കേണ്ട സംവിധാനമാണ്. എന്നാല്‍, ഈയിടെയായി വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്‍െറ ഇടപെടല്‍ ഉണ്ടാകുന്നു എന്ന് പരാതി ഉയരുന്നു. ബംഗാളില്‍ ടോള്‍ബൂത്തില്‍ കേന്ദ്രസേനയെ വിന്യസിച്ചതും തുടര്‍ന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അതിനെതിരെ ഓഫിസില്‍ കുത്തിയിരിപ്പും സത്യഗ്രഹവും നടത്തിയതും വലിയ വാര്‍ത്തയായതാണ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ ചീഫ് സെക്രട്ടറിയുടെ വസതിയില്‍ ഇന്‍കംടാക്സ് റെയ്ഡ് നടക്കുമ്പോഴും കേന്ദ്രസേനയെയാണ് വിന്യസിച്ചിരുന്നത്. ഇത് അസ്വാഭാവികതയുള്ള സംഭവങ്ങളായി പലരും കാണുന്നുണ്ട്. ഇന്‍കംടാക്സ് റെയ്ഡിനും മറ്റും സംസ്ഥാന പൊലീസ് സേനയുടെ സഹായം തേടാവുന്നതേയുള്ളൂ എന്നിരിക്കെ കേന്ദ്രസേന എന്തിനു വന്നു എന്ന ചോദ്യം ഉയരുന്നുണ്ട്. മാവോവാദി സംഘടനകള്‍ക്ക് രാജ്യത്ത് നിരോധനമുണ്ട്. അവരുടെ സാന്നിധ്യമുണ്ടെന്നു കണ്ടാല്‍ പൊലീസിനു പിടികൂടാം. എന്നാല്‍, നിലമ്പൂരില്‍ നടന്ന ഏറ്റുമുട്ടല്‍ വ്യാജമാണോ അല്ളേ എന്നതു സംബന്ധിച്ച വിവാദം ശക്തമാണ്. പണ്ട് നക്സല്‍ വര്‍ഗീസിനെ വധിച്ചതു സംബന്ധിച്ച് പിന്നീടുണ്ടായ വെളിപ്പെടുത്തലിന്‍െറ പശ്ചാത്തലത്തിലാണ് ഇത് പരിശോധിക്കേണ്ടിവരുക. ഇക്കാര്യത്തില്‍ ഭരണപങ്കാളിയായ സി.പി.ഐ ശക്തമായി രംഗത്തുവരുകയുണ്ടായി. പൊലീസ് നയത്തെതന്നെ വിമര്‍ശിച്ചു, അതിന്‍െറ സംസ്ഥാന സെക്രട്ടറിയും മുതിര്‍ന്ന മറ്റു നേതാക്കളും. 

ഇപ്പോഴത്തെ അവസ്ഥ അതല്ല. സംസ്ഥാനത്തെ ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടിനേതാക്കളെവരെ പൊലീസ് കൈവെക്കുന്നു എന്നിടത്തത്തെിയിരിക്കുന്നു കാര്യങ്ങള്‍. കുടുംബസമേതം പുറത്തിറങ്ങിയ പ്രാദേശിക നേതാക്കളെയാണ് എറണാകുളത്ത് പൊലീസ് കൈവെച്ചത്. ഇതേതുടര്‍ന്ന് വി.എസ്. അച്യുതാനന്ദനും പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബിക്കും എസ്്്. രാമചന്ദ്രന്‍ പിള്ളക്കും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും ശക്തമായി പ്രതികരിക്കേണ്ടിവന്നു. ഘടകകക്ഷികളും ശക്തമായി പ്രതികരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ പൊലീസിലും കേന്ദ്ര ഇടപെടല്‍ ഉണ്ടോ എന്ന സംശയം ചില രാഷ്ട്രീയ നേതാക്കള്‍ പങ്കുവെക്കുന്നത്. സംസ്ഥാനത്തെ നിയമസമാധാനപാലനം ആഭ്യന്തര കാര്യമാണ്. അതു കൈകാര്യം ചെയ്യുന്നതില്‍ കനത്ത വീഴ്ച ഉണ്ടായാല്‍ ആവശ്യമായ അന്വേഷണങ്ങള്‍ക്കുശേഷം മാത്രം കേന്ദ്രത്തിന് ഇടപെടാം. അതിന് നടപടിക്രമങ്ങളുണ്ട്. അതല്ലാതെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥരില്‍ ഇടപെടല്‍ ഉണ്ടാകുന്നുവെങ്കില്‍ അത് പ്രത്യേകം പരിശോധിക്കേണ്ട കാര്യമാണ്. രാജ്യത്തിന്‍െറ ഫെഡറല്‍ സംവിധാനത്തെ ബാധിക്കുന്നവിധത്തില്‍ ഇടപെടലുകള്‍ കേന്ദ്രത്തില്‍നിന്നുണ്ടാകില്ളെന്നു പ്രതീക്ഷിക്കാം. അഥവാ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ സംസ്ഥാന ഭരണനേതൃത്വം ബാധ്യസ്ഥമാണ്. 

Tags:    
News Summary - police current attitude

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.