ഇംറാൻ ഖാൻ പ്രതീക്ഷ തെറ്റിച്ചില്ല. പാക് രാഷ്ട്രീയത്തിന്റെ കൂടപ്പിറപ്പായ അനിശ്ചിതത്വത്തിനു മുന്നിൽ അങ്ങേർക്കും കീഴടങ്ങേണ്ടിവന്നു. അത്ഭുതമില്ല ഈ വീഴ്ചയിൽ. അധികാരത്തിന്റെ പരകോടിയിലെത്തിയാൽ പിന്നെ ഈ വീഴ്ച ആ ദേശത്ത് പതിവാണ്. ജനിച്ച നാൾതൊട്ട് ഒരു പ്രധാനമന്ത്രിയും കാലം തികച്ചിട്ടില്ല. ആ അനിശ്ചിതത്വത്തിന്റെ പടുകുഴിയിലേക്ക് അവസാന ഓവറുകളിലാണെങ്കിലും മെല്ലെ ഊർന്നിറങ്ങാതെ ഇംറാനും മറ്റു വഴിയില്ലായിരുന്നു. ആദ്യം സ്വന്തക്കാർ മറുകണ്ടം ചാടി; പിന്നാലെ പ്രതിപക്ഷം ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. അവിടെയൊക്കെ പിടിച്ചുനിന്നെങ്കിലും സുപ്രീംകോടതി ഇടപെടലിനു വഴങ്ങുകയേ മാർഗമുണ്ടായിരുന്നുള്ളൂ. തോൽക്കുമെന്നുറപ്പായതിനാലാകാം, ടിയാൻ മെല്ലെ സഭയിൽനിന്ന് സ്കൂട്ടായി; തൊട്ടുപിന്നാലെ അവശേഷിച്ച അനുയായികളും സഭ വിട്ടു. അതോടെ, പ്രതിപക്ഷത്തിന് കാര്യങ്ങൾ എളുപ്പമായി; പി.എം.എൽ -എൻ അധ്യക്ഷന് നറുക്കുവീണു. ഇനി ശഹ്ബാസ് ശരീഫിന്റെ ഊഴമാണ്. പാകിസ്താന്റെ 23ാമത്തെ പ്രധാനമന്ത്രിയായി ശഹ്ബാസ് അവരോധിക്കപ്പെടുമ്പോൾ ചരിത്രം ആവർത്തിക്കുന്നുവെന്നേ പറയാനാകൂ.

ആരാണ് ശഹ്ബാസ് എന്ന ചോദ്യത്തിന് ഉത്തരങ്ങൾ പലത്. പഞ്ചാബ് പ്രവിശ്യയിൽ ഏറ്റവും കുടുതൽ കാലം മുഖ്യമന്ത്രിയായിരുന്നയാൾ, പാകിസ്താനിലെ ഏറ്റവും വലിയ ബിസിനസ് മാഗ്നറ്റുകളിലൊരാൾ എന്നിങ്ങനെ പല വിശേഷണങ്ങൾ ശഹ്ബാസിന് ചാർത്തി നൽകാം. പക്ഷേ, മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനോട് ചേർത്തുപറയുന്നതിനോളം വരില്ല മറ്റൊരു വിശേഷണവും. നവാസും ശഹ്ബാസും സഹോദരന്മാരാണ്. ശഹ്ബാസിന്റെ രാഷ്ട്രീയ ഗുരുനാഥൻ കൂടിയാണ് നവാസ്. പൂർവാശ്രമത്തിൽ ഇരുവരും നല്ല ബിസിനസുകാരായിരുന്നു. നഷ്ടപ്പെട്ട ബിസിനസ് സംരംഭങ്ങൾ തിരിച്ചുപിടിക്കാൻ രാഷ്ട്രീയത്തിലിറങ്ങിയവർ. പൂർവികരുടെ നഷ്ടപ്പെട്ട സ്വത്ത് തിരിച്ചുപിടിക്കാൻ ഇറങ്ങിപ്പുറപ്പെട്ട് വിജയശ്രീലാളിതനായി തിരിച്ചുവരുന്ന ഇളംതലമുറക്കാരെൻറ കഥപറയുന്ന ചില സിനിമകൾ കണ്ടിട്ടിേല്ല. അങ്ങനെയൊരു ബ്ലോക് ബസ്റ്ററിലെ നായക സഹോദരന്മാരായിരുന്നു നവാസും ശഹ്ബാസും.

'70കളിലെ കഥയാണ്. കഥ നടക്കുമ്പോൾ ശഹ്ബാസിന് പ്രായം 20. സുൽഫിക്കർ അലി ഭുേട്ടാ രാജ്യം അടക്കിഭരിക്കുന്ന കാലം. പൂർവ പിതാക്കൾ കെട്ടിപ്പൊക്കിയ ശരീഫ് ഗ്രൂപ്പിെൻറ കീഴിലുള്ള വ്യവസായശാലകളും മറ്റും ഭുട്ടോയും സംഘവും 'ദേശസാത്കരിച്ചു' കീഴ്പ്പെടുത്തി. സ്വത്തുക്കൾ തിരിച്ചുപിടിച്ച് കുടുംബത്തിെൻറ അഭിമാനം രക്ഷിക്കാനുള്ള ബാധ്യത നവാസിനായിരുന്നു, കൂടെ ശഹ്ബാസും ചേർന്നു. നവാസ് നേരിട്ട് രാഷ്ട്രീയത്തിലിറങ്ങിക്കളിച്ചപ്പോൾ ശഹ്ബാസ് ഒരു മുഴമപ്പുറം ബിസിനസ് മറവിൽ നിലകൊണ്ടു. രാഷ്ട്രീയനേതാക്കളെ സ്വാധീനിച്ച് കാര്യം സാധിക്കുമോ എന്ന് തിരക്കിയാണ് 1976ൽ ആദ്യമായി പാകിസ്താൻ മുസ്ലിം ലീഗ് ഓഫിസിന്റെ മുന്നിലെത്തിയത്. നിരന്തരമായ സന്ദർശനത്തിനൊടുവിൽ, ആ പാർട്ടി കാര്യാലയത്തിൽ നവാസിന് സ്ഥിരമായൊരു ഇരിപ്പിടം കിട്ടി. പഞ്ചാബ് ഗവർണറായിരുന്ന ഗുലാം ജീലാനി ഖാനുമായുള്ള ബന്ധം വഴി കുറഞ്ഞകാലംകൊണ്ട് പാർട്ടിയുടെ തലപ്പത്ത്. അഞ്ചു വർഷത്തിനുള്ളിൽ പ്രവിശ്യയുടെ ധനമന്ത്രി; നാലു വർഷം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രിയുമായി. അതോടെ, ശഹ്ബാസിനും രാഷ്ട്രീയ വഴി തെളിഞ്ഞു. 1988ൽ ആദ്യമായി പഞ്ചാബ് പ്രവിശ്യ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആ സമയം ലാഹോർ ചേംബർ ഓഫ് കോമേഴ്സിന്റെ പ്രസിഡന്റൂകൂടിയായിരുന്നു. രണ്ടു വർഷം കഴിഞ്ഞപ്പോൾ, സഭ പിരിച്ചുവിട്ടു. '90ലെ പൊതുതെരഞ്ഞെടുപ്പിൽ നവാസും പാർട്ടിയും ഗംഭീര വിജയം സ്വന്തമാക്കി. നവാസ് ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തി. ശഹ്ബാസ് പഞ്ചാബ് പ്രവിശ്യ അസംബ്ലിയിലേക്കും ദേശീയ അസംബ്ലിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സഹോദരനൊപ്പം പാർലമെന്റിലിരിക്കാനുള്ള ആഗ്രഹത്തിനൊടുവിൽ, പ്രവിശ്യ അസംബ്ലി അംഗത്വം രാജിവെച്ചു.

സർക്കാർ കാലാവധി തികയ്ക്കാത്ത പാകിസ്താനിൽ കൃത്യം മൂന്നു വർഷം കഴിഞ്ഞപ്പോൾ വീണ്ടും തെരഞ്ഞെടുപ്പ്. കാര്യങ്ങളൊക്കെ നേരെ തിരിഞ്ഞു. ബേനസീർ അധികാരത്തിലെത്തി. ശഹബാസ് പതിവുപോലെ ഇരു സഭകളിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദേശീയ അസംബ്ലിയിൽ പ്രതിപക്ഷത്ത് ചൊറിയുംകുത്തിയിരിക്കാൻ താൽപര്യമില്ലാത്തതിനാൽ എം.പി സ്ഥാനം രാജിവെച്ചു. പകരം പഞ്ചാബ് അസംബ്ലിയിൽ പ്രതിപക്ഷ നേതാവായി. മൂന്നു വർഷം കഴിഞ്ഞപ്പോൾ വീണ്ടും തെരഞ്ഞെടുപ്പ്. ഇക്കുറി നറുക്ക് വീണത് നവാസ് ശരീഫിനാണ്. പക്ഷേ, അധികാരമുണ്ടായിട്ടും ഇപ്രാവശ്യം ശഹ്ബാസ് പതിവിനു വിരുദ്ധമായി പഞ്ചാബ് അസംബ്ലി തെരഞ്ഞെടുത്തു. അവിടെ കാത്തിരുന്നത് മുഖ്യമന്ത്രി സ്ഥാനമായിരുന്നു. അങ്ങനെ ജ്യേഷ്ഠൻ പ്രധാനമന്ത്രിയും അനിയൻ മുഖ്യമന്ത്രിയുമായി. ആ പ്രയാണത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. സർവംതകർത്തുകളഞ്ഞു പർവേസ് മുശർറഫ് എന്ന പട്ടാള മേധാവി. അട്ടിമറിക്കൊടുവിൽ, ഇരുവരും സൗദിയിൽ അഭയം തേടി. കൊലപാതകമടക്കം ഒട്ടേറെ കേസുകൾ ചാർത്തിയാണ് ശഹ്ബാസിനെ പർവേസ് യാത്രയാക്കിയത്.

നീണ്ട ഒമ്പതുവർഷക്കാലത്തെ പ്രവാസത്തിനുശേഷം തിരിച്ചെത്തിയത് തെരഞ്ഞെടുപ്പ് ഗോദയിലേക്കാണ്. പർവേസ് വിരുദ്ധ തരംഗം ആഞ്ഞടിച്ച ദേശീയ തെരഞ്ഞെടുപ്പിൽ വിജയം ആസിഫ് അലി സർദാരിയുടെ പി.പി.പിക്കായിരുന്നു. പക്ഷേ, പഞ്ചാബ് പ്രവിശ്യയിൽ പി.എം.എൽ-എൻ മികച്ച മാർജിനിൽ ജയിച്ചുകയറി. ആ വകയിൽ വീണ്ടും ശഹ്ബാസ് മുഖ്യമന്ത്രിയായി. തൊട്ടടുത്ത വർഷം, ചില ഭരണഘടന വകുപ്പുകൾ ചൂണ്ടിക്കാട്ടി ശഹ്ബാസിനെ സുപ്രീംകോടതി അയോഗ്യനാക്കി. ദേശീയ അസംബ്ലിയിൽ അംഗമായിരിക്കെ, പ്രവിശ്യ അസംബ്ലിയിലേക്ക് മത്സരിച്ചതാണ് വിനയായത്. പക്ഷേ, നിയമപോരാട്ടത്തിനൊടുവിൽ ശഹ്ബാസ് തന്നെ വിജയിച്ചു. മുഖ്യമന്ത്രിപദത്തിൽ കാലാവധി തികക്കുകയും ചെയ്തു. 2013ലെ തെരഞ്ഞെടുപ്പ് നവാസ് ശരീഫിന്റേതായിരുന്നുവല്ലോ. പാകിസ്താനിൽ '96 ആവർത്തിച്ചു. നവാസ് പ്രധാനമന്ത്രിയും ശഹ്ബാസ് മുഖ്യമന്ത്രിയുമായി. നാലു വർഷം കാര്യമായ കുഴപ്പങ്ങളില്ലാതെപോയ ഭരണമായിരുന്നു. അതിനിടയിലാണ് പാനമ പേപ്പറിൽ കുരുങ്ങി നവാസ് സ്ഥാന ഭ്രഷ്ടനായത്. സുപ്രീംകോടതി അദ്ദേഹത്തിന് ആജീവനാന്ത വിലക്ക് കൽപിച്ചു; സർവ സ്വത്തുക്കളും കണ്ടുകെട്ടി. നഷ്ടപ്പെട്ട സ്വത്തുക്കൾ തിരിച്ചുപിടിക്കുമെന്ന് പൂർവികർക്ക് നൽകിയ വാക്കുപാലിക്കാനാകാതെ നവാസ് പ്രവാസലോകത്തേക്ക് മടങ്ങി.

പാക് രാഷ്ട്രീയത്തിൽ നവാസ് യുഗം അവസാനിച്ചപ്പോൾ പാർട്ടിയിലും പാർലമെന്റിലും ശഹ്ബാസിന്റെ നിയോഗം മറ്റൊന്നായി. ഇംറാൻ ഭരണകാലത്ത് പ്രതിപക്ഷ നേതാവായി മുന്നോട്ടുപോകുന്നതിനിടെയാണ് അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിച്ച് പ്രധാനമന്ത്രി പദത്തിലെത്തിയിരിക്കുന്നത്. പൊതുതെരഞ്ഞെടുപ്പിന് വർഷം ഒന്നേ ഇനി ബാക്കിയുള്ളൂ. അത്രയും കാലം ആ പദവിയിലിരിക്കാം. തിന്മക്കെതിരായ നന്മയുടെ വിജയമാണെന്നാണ് അധികാരമാറ്റത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ചൈനയോടാണ് പ്രിയം. മുഖ്യമന്ത്രിയായിരിക്കെ, ടി രാജ്യവുമായി ചേർന്ന് ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പുതിയ നിയോഗത്തിലും ആദ്യ നന്ദിവാക്ക് ചൈനക്കാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്ന പ്രഖ്യാപനം ആർക്കൊക്കെയുള്ള മറുപടിയാണെന്ന് കാത്തിരുന്നു കാണാം.

പ്രായം 70. നവാസിനെപ്പോലെ രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ ബിസിനസ് മറ്റാരെയും ഏൽപിച്ചില്ല. രണ്ട് ഉത്തരവാദിത്തങ്ങളും ഒരുപോലെ മുന്നോട്ടുകൊണ്ടുപോയി. പിതാവ് മുഹമ്മദ് ശരീഫ് തുടക്കമിട്ട ഇത്തിഫാഖ് ബിസിനസ് ഗ്രൂപ്പിന്റെ തലപ്പത്ത് ഇപ്പോൾ ശഹ്ബാസാണ്. രാഷ്ട്രീയത്തിൽ നവാസ് സമ്പാദിച്ചതെല്ലാം സർക്കാർ കൊണ്ടുപോയപ്പോൾ ശഹ്ബാസ് തന്റെ രാഷ്ട്രീയ സമ്പാദ്യമെല്ലാം ടി സ്റ്റീൽ കമ്പനിയിലേക്ക് മുതൽകൂട്ടി. നവാസിനെപ്പോലെ കള്ളപ്പണം, ഹവാല കേസുകളിൽ കുടുങ്ങിയിട്ടുണ്ട്. അതിലൊന്നിൽ കഴിഞ്ഞ വർഷം അറസ്റ്റിലായിരുന്നു. ആളിപ്പോൾ ജാമ്യത്തിലാണ്. അതിനിടെയാണ്, ജനങ്ങൾ പുതിയ ദൗത്യം ഏൽപിച്ചിരിക്കുന്നത്. 

Tags:    
News Summary - Pakistan’s new prime minister Shehbaz Sharif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.