കേരളത്തിലെ സ്ത്രീകള്‍ക്കുവേണ്ടി ഒരു തുറന്ന കത്ത്

കേരളത്തിലെ പൊതുസമൂഹത്തിനും   സര്‍ക്കാറിനും പ്രതിപക്ഷത്തിനും മറ്റെല്ലാ കക്ഷി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊലീസ് വകുപ്പിനും മതസംഘടനകള്‍ക്കും  ഒപ്പം,      മുഴുവന്‍ സ്ത്രീകള്‍ക്കുമുള്ളതാണ്  ഈ തുറന്ന കത്ത്.

എത്ര വലിയ ദാരുണ സംഭവങ്ങളെയും വളരെ പെട്ടെന്ന് മറന്നുകളയുന്ന സ്വഭാവം     കേരളത്തിനുണ്ടോ? വിശേഷിച്ചും സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ആണ്‍കോയ്മയുടെ ആസൂത്രിതമായ ലൈംഗികാതിക്രമങ്ങള്‍, കൊലപാതകങ്ങള്‍. ‘സംഘടിതമായ മറവി’യും നിശ്ശബ്ദതയും അത്രതന്നെ വലിയ കുറ്റകൃത്യമാണെന്ന് ആദ്യമേ പറയട്ടെ. സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ക്രൂരതകളെ  എളുപ്പം മറന്നുകളയാന്‍ പൊതുസമൂഹത്തെ, ഭരണകൂടത്തെ സമ്മതിക്കാതിരിക്കുക എന്ന പ്രവര്‍ത്തനം സ്ത്രീകള്‍ ഏറ്റെടുക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം ‘ഐ വില്‍ ഗോ ഒൗട്ട്’  (ഞാന്‍ പുറത്തിറങ്ങും) എന്ന പ്രചാരണ പ്രവര്‍ത്തനത്തിലൂടെ കണ്ടത്. 

ഡല്‍ഹിയില്‍ വധിക്കപ്പെട്ട ‘നിര്‍ഭയ’യുടെ അനുഭവത്തെ ഓര്‍ത്തുകൊണ്ടും, ഈ പുതുവര്‍ഷത്തില്‍ ബംഗളൂരുവില്‍ സ്ത്രീകള്‍ക്കു നേരെ നടന്ന അക്രമത്തിനു നേരെ പ്രതിഷേധിച്ചുകൊണ്ടും ഇന്ത്യയിലെ മുപ്പതോളം നഗരങ്ങളില്‍ സ്ത്രീകള്‍ തെരുവിലിറങ്ങി. കേരളത്തില്‍ തിരുവനന്തപുരത്തും തൃശൂരിലും  അന്നേ ദിവസം കുറച്ച് സ്ത്രീകള്‍ കൂട്ടത്തോടെ പുറത്തിറങ്ങി. പക്ഷേ, അത് മുഖ്യധാരാ മാധ്യമങ്ങളില്‍  വലിയ വാര്‍ത്തയാവുകയോ ‘പൊതു’ജനങ്ങളുടെ ശ്രദ്ധയിലത്തെുകയോ ഉണ്ടായില്ല. പൊതുസ്ഥലം സ്ത്രീകള്‍ക്കുള്ളതല്ല എന്ന് കഠിനമായ നിശ്ശബ്ദത്തിലും ‘പൊതു’സ്ഥലത്തിന്‍െറ ഉടമകള്‍ അലറുന്നതുപോലെയാണ് തോന്നുന്നത്. ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് അന്ന്  വീടുകളില്‍നിന്ന് പുറത്തേക്കിറങ്ങാമായിരുന്നു. പക്ഷേ, വീടുകള്‍ക്കുള്ളില്‍ നിന്നും, സ്വയമേവയും തന്നെ വിലക്കുന്ന  നിയന്ത്രണങ്ങള്‍ക്ക്  ഇഷ്ടമില്ളെങ്കില്‍പ്പോലും നിന്നുകൊടുക്കുന്ന പഴകിയ ശീലത്തെ ഇത്തവണയും സ്ത്രീകള്‍ ഉപേക്ഷിക്കാന്‍ ധൈര്യം കാണിച്ചില്ല. എന്നെങ്കിലും സ്ത്രീകള്‍ക്ക് കൂട്ടത്തോടെ അതിനുള്ള ധൈര്യമുണ്ടാകുമെന്ന് ഞാന്‍ പ്രത്യാശിക്കട്ടെ.

സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള പൊലീസ് അന്വേഷണങ്ങളും മാധ്യമ ചര്‍ച്ചകളും അതിന്മേലുള്ള തുടര്‍ക്കഥകളും കോടതി കേസുകളും വിടുതലുകളും തുടരുകയാണ്. ജിഷ എന്ന പേരുണ്ടായിരുന്ന ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടു. ദരിദ്രയും ദലിത് വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയുമായിരുന്നു ജിഷ. അവള്‍ നിയമം പഠിച്ച് ജയിച്ച് വക്കീലായി തൊഴിലെടുത്ത് സ്വയം വരുമാനമുണ്ടാക്കുന്നതിന്‍െറ ആത്മാഭിമാനത്തോടെ ജീവിക്കുമായിരുന്നു. പക്ഷേ, ആ  മകളുടെ വരുമാനത്തിന് ബദലായി അമ്മക്ക് സര്‍ക്കാര്‍ സാമ്പത്തിക നഷ്ടപരിഹാരവും, സഹോദരിക്ക് ജോലിയും കൊടുത്തു. കേസന്വേഷണ നടപടികള്‍ ഇപ്പോഴും നടക്കുന്നുമുണ്ട്.

ഇതിനിടയില്‍ അശ്വതി എന്നു പേരുള്ള മറ്റൊരു ദലിത് മലയാളി പെണ്‍കുട്ടി സ്വന്തം നാട്ടിലെ ഉയര്‍ന്ന ജാതിയില്‍പെട്ട മറ്റു പെണ്‍കുട്ടികളാല്‍ ഹീനമായ വിധത്തില്‍ റാഗിങ് ചെയ്യപ്പെട്ട് ആശുപത്രിയിലാവുകയും ചെയ്തു. സ്ത്രീക്കു നേരെയുള്ള അതിക്രമത്തിന്‍െറ ജാതീയമായ അധികാരത്തിന്‍െറയും മര്‍ദകസ്വഭാവത്തിന്‍െറയും  ചില നിര്‍ണായക ചോദ്യങ്ങള്‍ ഇതുയര്‍ത്തിയിട്ടുണ്ട്. കേരളത്തിന്‍െറ ചരിത്രത്തില്‍ മുമ്പും സ്ത്രീകളെ ആക്രമിക്കാന്‍   സ്ത്രീകളത്തെന്നെ പരുവപ്പെടുത്തിവെച്ചിട്ടുള്ള  ജാതി മതാധികാര മനോഭാവങ്ങളുടെ നീചമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിശേഷിച്ചും ഏതാണ്ട് ഒരു നൂറ്റാണ്ടുകാലം നീണ്ടുനിന്ന മാറുമറയ്ക്കല്‍/മേല്‍മുണ്ടു സമരത്തിന്‍െറ ചരിത്രത്തില്‍. ഈ സമീപകാല അനുഭവങ്ങള്‍ വലിയ നടുക്കത്തോടെയും വേദനയോടെയും  അറിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ്  പെരിന്തല്‍മണ്ണയില്‍ ഒരു സ്ത്രീയുടെ വീട്ടിലേക്ക് രാത്രിയില്‍ കയറിച്ചെന്ന് അവരുടെ സുഹൃത്തോ കാമുകനോ ആയ ഒരാളെ ബന്ധുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ വിവരം കേള്‍ക്കുന്നത്.

തുടര്‍ന്ന്, കോഴിക്കോട് ജില്ലയിലെ കക്കാടംപൊയിലില്‍ സഹോദരനോടും സഹോദരന്‍െറ സ്ത്രീസഹൃത്തിനോടും ഒപ്പം  യാത്രചെയ്തിരുന്ന  ഒരു മാധ്യമപ്രവര്‍ത്തക സദാചാര പൊലീസുകാരുടെ കൈയേറ്റങ്ങള്‍ നേരിട്ടത് മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു.  അതറിഞ്ഞ് സഹോദരിമാരുള്ള മുഴുവന്‍ സഹോദരന്മാരും പെണ്‍മക്കളുള്ള അച്ഛന്മാരുമൊക്കെ നടുങ്ങുകയും വിഷമിക്കുകയും ചെയ്യുന്ന കാഴ്ച ഞാന്‍ മനസ്സില്‍ കണ്ടുനോക്കി. പക്ഷേ, അവരുടെ ആ നടുക്കവും താല്‍ക്കാലികമാണല്ളോ എന്നറിഞ്ഞ് വിഷാദിച്ചു. കാരണം, അവരെല്ലാവരും  ചേര്‍ന്ന്, സ്ത്രീകളെ  ഉപദ്രവിക്കുന്നവരെ എതിര്‍ത്താല്‍ ഈ നാട് സ്ത്രീകള്‍ക്ക് ജീവിക്കാന്‍ എത്രമാത്രം സ്വതന്ത്രവും സമാധാനപരവുമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ലല്ളോ! സഹോദരിമാരും പെണ്‍മക്കളുമുള്ള പുരുഷന്മാരുടെ എണ്ണം കേരളത്തിലെത്രയുണ്ട്? അതൊരു ചെറിയ ശക്തിയാണോ?

കൈയേറ്റം ചെയ്യപ്പെട്ടതിനെക്കുറിച്ച് നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ട മാധ്യമപ്രവര്‍ത്തകയോടുള്ള പൊലീസുകാരുടെ പെരുമാറ്റമാണ് പിന്നീട് കണ്ടത്.  സ്ത്രീകള്‍ പുറത്തിറങ്ങി നടക്കുന്നത് തടയുന്ന നാട്ടിലെ സദാചാര പൊലീസുകാരെക്കാള്‍ വലിയ  കൈയേറ്റം നടത്താന്‍ ആഗ്രഹിക്കുന്ന സാക്ഷാല്‍ പൊലീസുകാരുടെ അക്രമാസക്തിയെക്കുറിച്ച് മുന്‍കാലങ്ങളില്‍നിന്ന് കേട്ടിട്ടുള്ള കുറെ കാര്യങ്ങള്‍ സ്ത്രീകള്‍ ഓര്‍ത്തുവെക്കുന്നുണ്ട്. അതുകൊണ്ടാണ് സ്ത്രീകള്‍ പരാതിയുമായി ഒറ്റക്ക്  പൊലീസ് സ്റ്റേഷനുകളിലേക്ക് പോകാന്‍ ഇപ്പോഴും ഭയക്കുന്നത്.  പൊലീസ് ജനങ്ങളെ സേവിക്കേണ്ടവരാണ്. സ്ത്രീകളും ജനങ്ങളാണ്. പക്ഷേ, സ്ത്രീകളെക്കൂടി ഉള്‍ക്കൊള്ളുന്ന ജനാധിപത്യവും നീതിയും  സംസ്കാരവും പൊലീസ് സംവിധാനത്തിനെ ആരാണ് പഠിപ്പിക്കുക?

ഈ ഓരോ സംഭവവും യഥാര്‍ഥത്തില്‍ ഒറ്റപ്പെട്ടതുമല്ല.  എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും ഏതു സ്ത്രീക്കു നേരെയും സംഭവിക്കാവുന്ന ആക്രമണങ്ങളുടെ അടിയൊഴുക്കുകളും മേലൊഴുക്കുകളും അത്ര ശക്തവും സജീവവുമായി നിലനില്‍ക്കുകയാണെന്ന സദാ ഭീഷണിപ്പെടുത്തലാണിത്. സ്ത്രീകള്‍ പുറത്തിറങ്ങാതിരിക്കാന്‍, ഇറങ്ങിയാല്‍ത്തന്നെ എത്രയുംവേഗം അകത്തു കയറാന്‍ സമ്മര്‍ദപ്പെടുത്തുന്ന  ഏറ്റവും തന്ത്രപരമായ ഭയപ്പെടുത്തല്‍.

പെണ്‍കുട്ടികള്‍ സ്കൂളില്‍ പോയി പഠിക്കുന്ന നാടാണ് കേരളം. പക്ഷേ, പെണ്‍കുട്ടികള്‍ സ്കൂളിലേക്ക് പോയാല്‍ തിരിച്ചു വീട്ടിലത്തെുന്നതുവരെയും ആധി പിടിച്ചിരിക്കുന്നത്രയും അരക്ഷിതമാക്കിയിരിക്കുന്നു ഇപ്പോള്‍ കേരളത്തില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതം. സ്ത്രീകള്‍ സാക്ഷരത/വിദ്യാഭ്യാസം നേടിയെടുത്തതിനാല്‍, കേരളം സാമൂഹിക വികസനത്തിന്‍െറ സൂചികയില്‍ ഇന്ത്യയിലും ലോകത്തുമൊക്കെ വളരെ മുന്നിലാണെന്ന്  നമ്മള്‍ ഇപ്പോഴും മേനിപറയുന്നുമുണ്ട്.
കുട്ടികളെ ഉപയോഗിച്ചുണ്ടാക്കുന്ന അശ്ളീല വിഡിയോകള്‍ ഇന്‍ര്‍നെറ്റില്‍ തിരയുന്നതില്‍ കേരളത്തിലെ നഗരങ്ങള്‍ മുന്നിലാണത്രെ. തീരെ അദ്ഭുതപ്പെടേണ്ടതില്ളെന്നറിയാം. ഇക്കാര്യത്തില്‍  ആലപ്പുഴ നഗരം രാജ്യത്ത് നാലാം സ്ഥാനത്താണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വേണ്ടി പൊരുതിയ ജനതയുടെ, ആലപ്പുഴയിലെ വിപ്ളവകാരികളുടെ  സ്മരണകളെപ്പോലും കുഴിച്ചുമൂടുംവിധം ലൈംഗിക വൈകൃതത്തിന്‍െറയും അക്രമാസക്തിയുടെയും വഴികളില്‍ ഇരപിടിക്കാനായി തക്കം പാര്‍ത്തിരിക്കുന്നവര്‍. 

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം നടത്തുന്നതില്‍ അധികാരാസക്തികളുടെ തലസ്ഥാന ജില്ലയായ തിരുവനന്തപുരംതന്നെയാണ് മുന്നില്‍. 2015 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള പത്തു മാസങ്ങള്‍ക്കുള്ളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങള്‍ 11,608. ഇതില്‍ മാനഭംഗപ്പെടുത്തലിന്‍െറ കണക്ക് 3,351 (മാതൃഭൂമി, 2017 ജനുവരി 24). ഇത്രയും റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍. പരാതിപ്പെടാന്‍ ഭയപ്പെട്ട്, റിപ്പോര്‍ട്ട് ചെയ്യപ്പെടാതെപോകുന്ന ബാക്കിവരുന്ന കണക്കുകളെത്ര!

സുരക്ഷ നടപ്പാക്കാന്‍ വേണ്ടി, സ്ത്രീകള്‍ പുറത്തിറങ്ങാതിരിക്കലാണ് നല്ലത് എന്ന്  ഭരണകൂടംതന്നെ സ്ത്രീകളോടു പറയുന്ന കാഴ്ചയും അരങ്ങേറുകയാണ്.   അഗസ്ത്യാര്‍മലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കില്ല എന്നു പറഞ്ഞതിന്‍െറ കാരണം സ്ത്രീകളെ ‘സുരക്ഷിത’മാക്കാനായിരുന്നു. അത്തരം സുരക്ഷിതത്വമല്ല സ്ത്രീകള്‍ക്ക് വേണ്ടതെന്നു പറഞ്ഞ് കുറച്ചു സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായപ്പോള്‍ അക്കാര്യത്തില്‍ പുനരാലോചനക്ക്, ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തയാറായത് നല്ല കാര്യം. ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്ത്രീപുരുഷ സമത്വം സുരക്ഷയുടെ കാരണംപറഞ്ഞ്  സ്ത്രീകള്‍ക്ക് നിഷേധിക്കുന്നത് വിവേചനങ്ങളുടെ അക്രമാസക്തമായ രൂപംതന്നെയാണ്. ഇതേ വാദത്തിന്‍െറ മറ്റു ഭാവപ്രകടനങ്ങളാണ്  സ്ത്രീകള്‍ റോഡിലും മറ്റു പൊതുസ്ഥലങ്ങളിലേക്കും ഇറങ്ങുമ്പോള്‍   സദാചാര പൊലീസുകാരും കാണിക്കുന്നത്.

സ്ത്രീകള്‍ വീട്ടിലിരിക്കുന്നതാണ് എല്ലാവര്‍ക്കും സൗകര്യവും താല്‍പര്യവും. വീട്ടുപണികളും കുട്ടികളെ നോക്കലും വീട്ടിലെ പുരുഷന്മാരെ ശുശ്രൂഷിക്കലും മറ്റാരു ചെയ്യും? പക്ഷേ, ഇതോടൊപ്പം ജീവിതത്തിന്‍െറ ഭാരങ്ങളും  സാമ്പത്തിക ഉത്തരവാദിത്തങ്ങളുംകൂടി ഏറ്റെടുക്കാന്‍ സ്ത്രീകള്‍ക്കുമേല്‍ വലിയ സമ്മര്‍ദം നല്‍കുകയും ചെയ്യുന്നു. ഒരേസമയം, ഈ രണ്ടു മേഖലകളും ഒന്നിച്ച് നടത്താന്‍ പാടുപെട്ട് സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍  മര്‍ദക സ്വഭാവമുള്ള സാമൂഹിക അന്തരീക്ഷം സ്ത്രീകള്‍ക്കു നേരെ അതിരൂക്ഷമായി കേരളത്തില്‍ വളര്‍ന്നു നില്‍ക്കുന്നു.

മത ഫാഷിസത്തിന്‍െറ  ശക്തി പൂര്‍വാധികം  വളര്‍ന്ന് ഈ അന്തരീക്ഷത്തിന് കുറെക്കൂടി ഭീകരത വര്‍ധിപ്പിച്ചിട്ടുണ്ട്. ശബരിമലയിലെ ‘സ്ത്രീസ്പര്‍ശ’ത്തെ ചൊല്ലിയുള്ള അതിഭയങ്കരമായ പൊട്ടിത്തെറി 2007ല്‍ തുടങ്ങിയതാണ്. ജയമാല എന്ന സ്ത്രീ ശബരിമലയില്‍ കയറി ‘അശുദ്ധ’മാക്കിയ ഇടമെല്ലാം ‘ശുദ്ധ’മാക്കിവെച്ചിരിക്കുകയാണ്. പത്തു വര്‍ഷത്തിനുള്ളില്‍ ഈ പ്രശ്നം കൂടുതല്‍ രൂക്ഷമായവിധം അക്രമാസക്തമായിത്തീര്‍ന്നിരിക്കുന്നു. എന്തായാലും, ഭരണഘടനപരമായ  സ്വാതന്ത്ര്യം നിഷേധിക്കുന്നതിലെ വിവേചനത്തിനെതിരെ കുറെ സ്ത്രീകള്‍ ശബരിമല കയറാന്‍ തയാറെടുത്തുവരുകയാണ്. അവര്‍ക്ക് സര്‍ക്കാര്‍ ഏതു വിധത്തിലായിരിക്കും ‘സുരക്ഷ’ നല്‍കുക?

കഴിഞ്ഞ തവണ കേരളത്തിന്‍െറ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ സ്ത്രീവകുപ്പ് തുടങ്ങുമെന്ന പ്രഖ്യാപനം ഉണ്ടായിട്ടുള്ളത് സ്ത്രീകള്‍ക്കു നേരെ  അതീവകലുഷമായി ആക്രമണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഇത്തരമൊരു സാമൂഹിക സാഹചര്യത്തിലാണ്. സ്ത്രീകളുടെ ക്ഷേമം എന്ന പഴകിയ കുപ്പായം  പുതിയ ചായത്തില്‍ മുക്കി സ്ത്രീകള്‍ക്ക്  ധരിക്കാന്‍ നല്‍കില്ളെന്ന് പ്രത്യാശിക്കട്ടെ. സ്ത്രീകള്‍ക്ക് ആദ്യം വേണ്ടത്, സമാധാനമായി  പുറത്തിറങ്ങി നടക്കാനും ജീവിക്കാനുമുള്ള അന്തരീക്ഷമാണ്. വരാന്‍ പോകുന്ന പുതിയ ബജറ്റിനെയും കേരളത്തിലെ സ്ത്രീകള്‍ ആകാംക്ഷയോടെ നോക്കിയിരിക്കുന്നു.

സ്ത്രീകളെ  ഒരു പൊതു സംവര്‍ഗം എന്ന നിലയില്‍ മാത്രം കാണാനോ  സാമൂഹിക അരക്ഷിതത്വത്തിന് ആ പൊതു സമീപനത്തില്‍നിന്നുകൊണ്ടു മാത്രം പരിഹാരം ആരായാനോ കഴിയുകയില്ല. സ്ത്രീകളെന്നാല്‍ ഒരൊറ്റ സംവര്‍ഗമല്ല എന്ന ജനാധിപത്യ, രാഷ്ട്രീയ തിരിച്ചറിവില്‍നിന്ന് ഈ ശ്രദ്ധ തുടങ്ങണം. സ്ത്രീകളുടെ  സവിശേഷ, വ്യത്യസ്ത സാമൂഹികാവസ്ഥകള്‍ കണക്കിലെടുക്കാത്ത സമീപനങ്ങളില്‍നിന്നുണ്ടാകുന്ന വികസന പദ്ധതികള്‍ പരാജയപ്പെട്ടുകൊണ്ടേയിരിക്കും. ദലിത് സ്ത്രീ ജീവിതത്തിന്‍െറ അധികമായ അരക്ഷിതമേഖലകളിലേക്ക് ശ്രദ്ധ തിരിക്കാന്‍ ആവശ്യപ്പെടുന്ന ദുരന്തമായി ജിഷയുടെ കൊലപാതകത്തെ കാണാനാവണം. ആദിവാസി സ്ത്രീകളുടെ അധികമായ പോഷകാഹാരക്കുറവിനെയും പട്ടിണിമരണത്തെയും അവര്‍ നേരിടുന്ന ആക്രമണങ്ങളുടെ രീതികളെയും സ്വഭാവങ്ങളെയും സവിശേഷമായ കാഴ്ചകൊണ്ട് മനസ്സിലാക്കാന്‍             കഴിയണം. 

സ്ത്രീകള്‍ക്കിടയിലെ ‘വ്യത്യസ്തത’കളെക്കുറിച്ച് ഉന്നയിക്കുമ്പോള്‍ അതിനെ സ്വത്വവാദമെന്ന് പറഞ്ഞ് തള്ളിക്കളയരുത്. മുമ്പ്  സ്ത്രീകളുടെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി സവിശേഷമായി ശബ്ദമുയര്‍ത്തുകയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്ത സ്ത്രീകളെ സ്വത്വവാദികള്‍ എന്നാക്ഷേപിച്ച് മാറ്റിനിര്‍ത്തുകയാണ് മുഖ്യധാര ഇടതുപക്ഷം ചെയ്തിട്ടുള്ളത്. ആ പാതകം ഇനിയുമുണ്ടാവില്ളെന്ന് പറയാന്‍ ഇടതുപക്ഷ സര്‍ക്കാറിന് രാഷ്ട്രീയ ആര്‍ജവം ഉണ്ടായിരിക്കട്ടെ.

 

Tags:    
News Summary - a open letter for kerala women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.