നന്മകളുടെ അരനൂറ്റാണ്ട്​

അരനൂറ്റാണ്ട്​ തുടർച്ചയായി ഒരു രാജ്യം ഭരിച്ച ആധുനികകാലത്തെ ഏക ഭരണാധികാരിയാണ് അന്തരിച്ച ഒമാൻ സുൽത്താൻ ഖാബൂസ്. അറബ് ഭരണാധികാരികളിൽ എല്ലാം കൊണ്ടും ഏറ്റവും പ്രഗല്​ഭൻ എന്ന് അദ്ദേഹത്തെ വിളിക്കുന്നതിൽ തെറ്റില്ല. രാഷ്​ട്രം, ജ നത എന്നീ നിലകളിൽ മറ്റു പല സമകാലിക സമൂഹങ്ങളിൽനിന്നും രാഷ്​​ട്രങ്ങളിൽനിന്നും ഒമാൻ വ്യതിരിക്തത പുലർത്തുന്നു. അത ിൽ എടുത്തുപറയാവുന്ന വലിയ ഗുണം സഹിഷ്ണുതയാണ്. ഇതര സമൂഹങ്ങളോടും ദേശക്കാരോടും മതങ്ങളോടും ഒമാൻ പുലർത്തുന്ന സഹിഷ്ണ ുതക്ക് അറബ് നാടുകളിൽ സമാനതകൾ കണ്ടെത്താൻ സാധിക്കില്ല.

ഇന്ത്യക്കാരോട് ഒമാനികൾ പുലർത്തുന്ന സ്നേഹവും ആദരവും പ്രത്യേകം എടുത്തു പറയേണ്ടതാണ്. തങ്ങൾക്ക് അരി ആഹാരം നൽകിയത് ഇന്ത്യക്കാരാണ് എന്നാണ് അവർ വിശ്വസിക്കുന്നത്. അരി അ ന്യവും ദുർലഭവുമായിരുന്ന കാലത്ത് ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തുനിന്ന് ഒമാനിലേക്ക് കടന്നുവന്ന സിന്ധി കച്ചവടക്ക ാർ ആണ് യഥേഷ്​ടം അരി ആ രാജ്യത്ത് എത്തിച്ചത് എന്നത് ഈ സ്‌നേഹാദരവി​​െൻറ കാരണങ്ങളിൽ പ്രമുഖമാണ്.
ഇന്ത്യയുടെ മുൻ രാഷ്​ട്രപതി ശങ്കർദയാൽ ശർമ ഒമാൻ സുൽത്താൻ ഖാബൂസ് രാജാവി​​െൻറ അധ്യാപകൻ ആയിരുന്നു എന്നത് മറ്റൊരു കാരണമാണ്. വർഷങ് ങൾക്ക് മുമ്പ് രാഷ്​ട്രപതി ആയിരിക്കെ ഒമാൻ സന്ദർശിച്ച ശങ്കർദയാൽ ശർമയെ രണ്ടു സൈനികവിമാനങ്ങൾ ആകാശത്തു പോയി എതിരേറ്റു കൊണ്ടുവന്നതും എല്ലാ പ്രോട്ടോകോളും ലംഘിച്ച് സുൽത്താൻ ഖാബൂസ്​ വിമാനത്താവളത്തിൽ നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചതും ഇന്ത്യയോടുള്ള ഒമാ​​െൻറ സ്‌നേഹത്തി​​െൻറയും ആദരവി​​െൻറയും മറ്റൊരു തെളിവാണ്.

മലയാളിയായ ഡോ. പി. മുഹമ്മദലിയുടെ നേതൃത്വത്തിൽ ഗൾഫാർ കമ്പനിയാണ് ഒമാ​െൻറ നല്ലൊരു ശതമാനം പശ്ചാത്തലസൗകര്യങ്ങളും നിർമിച്ചത് എന്നതും തദ്ദേശീയർ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന സ്വകാര്യസ്ഥാപനം എന്ന ഖ്യാതിയുള്ള ഗൾഫാർ കോൺട്രാക്​ടിങ്​ കമ്പനിയും ഈ സ്നേഹ ബഹുമാനങ്ങൾക്ക് കാരണമാണ്. ഒമാ​െൻറ വിദ്യാഭ്യാസമേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ അധ്യാപകർ ആണ് ആധുനിക ഒമാനി​​െൻറ വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക പുരോഗതിയുടെ നിർമാണത്തിൽ സുപ്രധാന പങ്കുവഹിച്ചവർ എന്ന് തികഞ്ഞ കൃതജ്ഞതയോടെ അനുസ്മരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ് ഒമാനികൾ. ഇന്ത്യയെക്കുറിച്ച ഈ നിലപാട് സുൽത്താ​​െൻറ നിലപാടി​​െൻറ ഭാഗമായി രാജ്യത്ത് വളർന്നുവന്ന വികാരമാണ്.

ഖാബൂസ് രാജാവി​​െൻറ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് സമാധാനപൂർണമായ അന്താരാഷ്​ട്ര സഹവർത്തിത്വമാണ്. ഒരു രാഷ്​ട്രത്തോടും പ്രത്യേകിച്ച് അകൽച്ചയോ ശത്രുതയോ ഇല്ല. എല്ലാവരോടും തികച്ചും സമാധാനപൂർണമായ സഹവർത്തിത്വം. തങ്ങളുടെ രാഷ്​ട്രീയ നിലപാടുകളിൽ ഇതരരാജ്യങ്ങൾ ഇടപെടുന്നത് ഒമാനിന് താൽപര്യവുമില്ല. ഇതരരാജ്യങ്ങളുടെ താൽപര്യങ്ങൾക്കോ സമ്മർദങ്ങൾക്കോ വഴങ്ങി വിദേശനയങ്ങൾ പരുവപ്പെടുത്തുന്ന രീതി സുൽത്താന് അന്യമായിരുന്നു. ഒമാനി​​െൻറ ഇതഃപര്യന്തമായ ഫലസ്‌തീൻ നയവും ഖത്തർ ഉപരോധത്തോട്​ ജി.സി.സി അംഗ രാജ്യമായിരിക്കെ തന്നെ ഒമാൻ സ്വീകരിച്ച നിലപാടും ഈ അർഥത്തിൽ ശ്രദ്ധേയമാണ്.

വിദ്യാഭ്യാസം, ആരോഗ്യം, പശ്ചാത്തല സൗകര്യങ്ങൾ, മറ്റ് അടിസ്ഥാനസേവനങ്ങൾ എന്നിവ രാജ്യത്തി​​െൻറ എല്ലാ ഭാഗത്തും എല്ലാ പൗരന്മാർക്കും ഉറപ്പുവരുത്താൻ ഖാബൂസ് രാജാവ് ഭരണകാലത്ത് മുഴുവനും ശ്രദ്ധിച്ചു. വികസന പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി നശീകരണം ഒരിക്കലും കാരണമാകരുത് എന്നത് ഖാബൂസ് രാജാവി​​െൻറ സുദൃഢ നയമായിരുന്നു. ഇതര ഗൾഫ്​ രാജ്യങ്ങളിൽ കാണുന്ന അംബരചുംബികളായ കെട്ടിടങ്ങൾ ഇന്നും ഒമാന് അന്യമാണ്. 10 നിലയിലധികമുള്ള കെട്ടിടങ്ങൾക്ക് നിർമാണാനുമതി തലസ്ഥാന നഗരമായ മസ്കത്തിൽ വരെ നൽകാൻ തുടങ്ങിയത് ഈ അടുത്ത് മാത്രമാണ്. പരന്നു വികസിക്കാം, ഉയർന്നു വികസിക്കുന്നതിനു മുമ്പ് എന്നായിരുന്നു അദ്ദേഹത്തി​​െൻറ നയം. എന്നാൽ, ലോകത്തുതന്നെ ഏറ്റവും വികസിതമായ റോഡുകളുള്ള രാജ്യം എന്ന ബഹുമതി ഒമാനും ഏറ്റവും സുന്ദര പട്ടണം എന്ന ബഹുമതി മസ്‌കത്ത്​ നഗരവും വർഷങ്ങളായി നിലനിർത്തുന്നു.

ഇസ്‍ലാം ഔദ്യോഗിക മതമായിരിക്കെ തന്നെ ഇതര മതവിഭാഗങ്ങൾക്ക് അവരുടെ ആരാധനായലങ്ങൾ നിർമിക്കാനും വിശ്വാസം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഒമാനിൽ കാലങ്ങളായി നിലനിൽക്കുന്നു. ക്ഷേത്രങ്ങളും അമ്പലങ്ങളും ഇതര അറബ് രാജ്യങ്ങളിൽ വരുന്നതിനു മുമ്പ് തന്നെ ഒമാനിൽ നിർമിച്ചിട്ടുണ്ട്.ധാർമിക മൂല്യങ്ങളും സാംസ്കാരിക നിലവാരവും രാജ്യനിവാസികളും വിദേശികളും പാലിക്കണം എന്നും അധാർമിക അസാന്മാർഗിക പ്രവണതകൾ നിരുത്സാഹപ്പെടുത്ത​ുകയും അതിരുകവിഞ്ഞ ആഭാസങ്ങൾ പൊതുസ്ഥലങ്ങളിലോ അല്ലാതെയോ പോലും അനുവദിക്കപ്പെടില്ല എന്നതും ഒമാ​െൻറ മൂല്യ സങ്കൽപങ്ങളുടെ നിദർശനമായി കാണാം.
ഈ കാഴ്ചപ്പാടുകൾ അത്രയും ഒരു രാജ്യം എന്ന നിലയിൽ മുഴുവൻ ദേശവാസികൾക്കിടയിലും രൂഢമൂലമാക്കുന്നതിൽ സുൽത്താ​​െൻറ പങ്ക് വലിയതാണ്. വ്യത്യസ്ത ഗോത്രങ്ങളായി ചിന്നിച്ചിതറി നിന്നിരുന്ന രാജ്യത്തെ ഒരൊറ്റ ദേശം എന്ന സങ്കൽപത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചു എന്നതാണ് ആഭ്യന്തര രംഗത്ത് ഖാബൂസ് രാജാവി​​െൻറ ഏറ്റവും വലിയ സംഭാവന. സാധ്യമാകുന്ന അളവിൽ ജനാധിപത്യ സംവിധാനങ്ങൾ കൊണ്ടുവരാനും മുതിർന്ന മുഴുവൻ

പൗരന്മാർക്കും വോട്ടവകാശം നൽകാനും മജ്​ലിസ് ശൂറ, നഗരസഭാ കൗൺസിലുകൾ പോലുള്ള നിശ്ചിത കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഭരണസംവിധാനങ്ങളിലൂടെ അദ്ദേഹത്തിന് സാധിച്ചു.
ഏതാനും വർഷങ്ങൾ മുമ്പ് എട്ടു മാസത്തോളം ജർമനിയിൽ ചികിത്സക്ക് പോയി സുൽത്താൻ തിരിച്ചുവന്നു എന്നറിഞ്ഞപ്പോൾ കവലകളിൽ ഒട്ടകത്തെയും ആടുമാടുകളെയും അറുത്ത് മാംസം വീടുവീടാന്തരം വിതരണം ചെയ്ത് തങ്ങളുടെ ഭരണാധികാരിയോടുള്ള സ്നേഹവായ്‌പും അനുകമ്പയും പ്രകടിപ്പിച്ച ഒരു ദേശത്തി​​െൻറ പേരാണ് ഒമാൻ. ഒമാൻ പല കാര്യങ്ങളിലും വ്യത്യസ്തമാണ്. ലോകത്ത് സുൽത്താനേറ്റ്‌ എന്ന് വിളിക്കുന്ന രാജ്യംതന്നെ ഒന്നേയുള്ളൂ. സർവഗുണങ്ങളോടും കൂടി അരനൂറ്റാണ്ട് ഒരു രാജ്യം ഭരിച്ച സുൽത്താനും ഒന്നേയുള്ളൂ. സുൽത്താനു വേണ്ടി നേർച്ചകൾ നേരുന്ന നാട്ടുകാരും അപൂർവം. ഈ അപൂർവതകളാണ് ഖാബൂസ് രാജാവി​​െൻറ വിയോഗത്തിൽ ഒമാന്​ നഷ്​ടമാകുന്നത്​.

Tags:    
News Summary - Oman king article-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.