മുസ്ലിം ലീഗിന്‍െറ  ദേശീയ ദൗര്‍ബല്യങ്ങള്‍ 

‘ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്’ ഇപ്പോള്‍ ഇന്ത്യന്‍ യൂനിയനിലെ മുസ്ലിം ലീഗായി നിലനില്‍ക്കുന്നത് അതിന്‍െറ പേരില്‍ മാത്രമാണ്. മുസ്ലിം ലീഗ് അഖിലേന്ത്യാ പാര്‍ട്ടിയാണെന്ന് ആത്മാര്‍ഥമായി വിശ്വസിക്കാന്‍ ആ പാര്‍ട്ടിക്കോ അതിന്‍െറ ഭാരവാഹികള്‍ക്കോ കഴിയുമെന്ന് തോന്നുന്നില്ല. പാര്‍ട്ടിയുടെ ഒൗദ്യോഗിക വെബ്സൈറ്റ് പോലും കേരള സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ്. അതേസമയം, പാര്‍ട്ടിയും പോഷക സംഘടനകളും അഖിലേന്ത്യാ തലത്തിലേക്ക് വളര്‍ന്നിട്ടുണ്ടെന്ന് പാര്‍ട്ടിക്കും നേതൃത്വത്തിനും ആശ്വസിക്കാന്‍ നിലവില്‍ വകുപ്പുകളുണ്ടുതാനും. അവക്ക് ദേശീയതലത്തിലും ചില സംസ്ഥാനങ്ങളിലും കമ്മിറ്റികളും ഭാരവാഹികളുമുണ്ട്. പാര്‍ട്ടിയുടെ പഴയ പ്രതാപം വീണ്ടെടുത്ത് അതിനെ അഖിലേന്ത്യാതലത്തില്‍ വളര്‍ത്തിക്കൊണ്ടുവരണമെന്ന് ഉറക്കെ ചിന്തിക്കാന്‍ കിട്ടാവുന്ന അവസരങ്ങളൊക്കെ പാര്‍ട്ടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍കൂടി അതിനുള്ള അവസരം ഒരുങ്ങുകയാണ്. മുസ്ലിം ലീഗിന്‍െറ ദേശീയ എക്സിക്യൂട്ടീവ് ഇന്ന് അതിന്‍െറ ഈറ്റില്ലമായ ചെന്നൈയില്‍ ചേരും. അഖിലേന്ത്യാ അധ്യക്ഷനായിരുന്ന ഇ. അഹമ്മദ് അന്തരിച്ച ഒഴിവ് നികത്തുക പ്രധാന അജണ്ടയാണ്. അതോടൊപ്പം പാര്‍ട്ടിയുടെ നെടുന്തൂണായ പി.കെ. കുഞ്ഞാലിക്കുട്ടിയെ ദേശീയതലത്തിലേക്ക് ഉയര്‍ത്തുക എന്ന ദൗത്യവും ദേശീയ പ്രവര്‍ത്തക സമിതി ഏറ്റെടുത്തേക്കും. 

ഇപ്പോള്‍ പാര്‍ട്ടി ദേശീയ സെക്രട്ടിയായ തമിഴ്നാട്ടില്‍നിന്നുള്ള പ്രഫ. കെ.എം. ഖാദര്‍ മൊയ്തീനെ ദേശീയ അധ്യക്ഷനായും ട്രഷററായ പി.കെ. കുഞ്ഞാലിക്കുട്ടിയെ സെക്രട്ടറിയായും അഖിലേന്ത്യ പ്രവര്‍ത്തക സമിതി നിയോഗിക്കും. തന്‍െറ പ്രവര്‍ത്തന മണ്ഡലം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ആഗ്രഹം കുഞ്ഞാലിക്കുട്ടി പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു. ‘പാര്‍ട്ടി ആവശ്യപ്പെട്ടാല്‍’ ഇ. അഹമ്മദിന്‍െറ മരണത്തിലൂടെ ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍നിന്ന് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ ആഗ്രഹം നടപ്പാകാതിരിക്കാനുള്ള സാഹചര്യമൊന്നും ഇപ്പോള്‍ ലീഗിലില്ളെന്നാണ് അനുമാനിക്കേണ്ടത്. അതോടെ ഒഴിവു വരുന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍നിന്ന് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദിനെ മത്സരിപ്പിക്കാനും അദ്ദേഹത്തിന് താല്‍പര്യമുണ്ട്. സംസ്ഥാന രാഷ്ട്രീയം ഏതാണ്ട് മടുത്ത സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് കൂടുമാറാന്‍ ആഗ്രഹിക്കുന്നതത്രെ. അതോടൊപ്പം ഇ. അഹമ്മദിലൂടെ ശക്തിപ്പെടുത്തിയ കോണ്‍ഗ്രസ് ഹൈകമാന്‍ഡുമായുള്ള പാര്‍ട്ടി ബന്ധം മുന്നോട്ടു കൊണ്ടുപോവുകയും ലക്ഷ്യമാണ്.  

രൂപവത്കരണഘട്ടം
രൂപവത്കരണ കാലഘട്ടം മുതല്‍ ’70കള്‍ വരെ ദേശീയതലത്തില്‍ മുസ്ലിം ലീഗിന് നിര്‍ണായക സ്വാധീനമുണ്ടായിരുന്നു. എന്നാല്‍, പിന്നീട് പാര്‍ട്ടി സംസ്ഥാനതലത്തിലേക്ക് ചുരുങ്ങുകയായിരുന്നു. അഖിലേന്ത്യ തലത്തില്‍ മുസ്ലിംകള്‍ക്കൊരു രാഷ്ട്രീയ പാര്‍ട്ടി വേണമെന്ന ആവശ്യം മുന്‍നിര്‍ത്തി 1906 ഡിസംബര്‍ 30ന് ധാക്കയില്‍ അലീഗഢ് മുഹമ്മദന്‍ ആംഗ്ളോ ഓറിയന്‍റല്‍ കോളജ് മാനേജര്‍ നവാബ് മുഹ്സിനുല്‍ മുല്‍ക്കിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് മുസ്ലിം ലീഗിന്‍െറ പൂര്‍വരൂപമായ ‘സര്‍വേന്ത്യ മുസ്ലിം ലീഗി’ന് രൂപം നല്‍കിയത്. പാര്‍ട്ടിയുടെ പ്രഥമ അധ്യക്ഷന്‍ ആഗാ ഖാനും സെക്രട്ടറി നവാബ് വഖാറുല്‍ മുല്‍ക്കുമായിരുന്നു. 1948 മാര്‍ച്ച് 10ന് മദ്രാസിലെ രാജാജി ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിന്‍െറ പിറവി. മുഹമ്മമദ് ഇസ്മായില്‍ സാഹിബ്, മഹബൂബ് അലി ബേഗ്, ഹസന്‍ അലി ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍ ജമാലി, കെ.എം. സീതി സാഹിബ്, ബി. പോക്കര്‍ സാഹിബ് തുടങ്ങിയവരായിരുന്നു പാര്‍ട്ടിയുടെ മുന്‍നിര നേതാക്കള്‍. അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ പ്രസിഡന്‍റും കെ.എം. സീതി സാഹിബ് ജനറല്‍ സെക്രട്ടറിയുമായി 1956ലാണ് കേരള ഘടകം ശക്തിപ്പെടുന്നത്. 

1952ലെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ മദ്രാസ് അസംബ്ളിയില്‍ മുസ്ലിം ലീഗിന് അഞ്ച് പ്രതിനിധികളുണ്ടായിരുന്നു. ’71ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ആറ് സംസ്ഥാനങ്ങളിലായി 27 പാര്‍ലമെന്‍റ് മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. നാലു സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു. കേരളത്തില്‍ മഞ്ചേരിയില്‍നിന്ന് ഇസ്മായില്‍ സാഹിബും കോഴിക്കോടുനിന്ന് സി.എച്ച്. മുഹമ്മദ് കോയയും തമിഴ്നാട് പെരിയാര്‍കുളത്തുനിന്ന് എസ്.എം. മുഹമ്മദ് ശരീഫും പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍നിന്ന് അബുതാലിബ് ചൗധരിയുമാണ് പാര്‍ലമെന്‍റില്‍ മുസ്ലിം ലീഗിനെ പ്രതിനിധാനംചെയ്തത്. കേരളത്തില്‍നിന്ന് മുസ്ലിം ലീഗിന് രണ്ടു പ്രതിനിധികളും തമിഴ്നാട്ടില്‍നിന്ന് ഒരാളും രാജ്യസഭയിലുമുണ്ടായിരുന്നു. കേരളത്തിനൊപ്പം ബംഗാളില്‍ മുസ്ലിം ലീഗിന് ഭരണപങ്കാളിത്തം നേടാനുമായി. അജോയ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള ബംഗ്ളാ കോണ്‍ഗ്രസ് മുന്നണി മന്ത്രിസഭയില്‍ മുസ്ലിം ലീഗിലെ അഡ്വ. ഹസനുസ്സമാനായിരുന്നു വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം മഹാരാഷ്ട്ര, യു.പി, അസം നിയമസഭകളിലും ഡല്‍ഹി മെട്രോപൊളിറ്റന്‍ കൗണ്‍സിലിലും മുസ്ലിം ലീഗിന് പ്രാതിനിധ്യമുണ്ടായിരുന്നു. ഇതിനു പുറമെ കേരളത്തിനു പുറത്തെ സംസ്ഥാനങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലീഗിന്‍െറ പ്രതിനിധികളുണ്ടായിട്ടുണ്ട്. ഇപ്പോള്‍, ഏഴു പതിറ്റാണ്ട് പൂര്‍ത്തിയാക്കാനിരിക്കുന്ന ദേശീയ പാര്‍ട്ടിക്ക് സംസ്ഥാന നിയമസഭകളില്‍ കേരളത്തിനു പുറമെ തമിഴ്നാട്ടില്‍ മാത്രമാണ് പ്രതിനിധിയുള്ളത്. 

സംസ്ഥാന നേതൃത്വം അഖിലേന്ത്യാ നേതൃത്വത്തെ നിയന്ത്രിക്കുന്ന പാര്‍ട്ടിയെന്ന ആക്ഷേപം ഏറെക്കാലമായി മുസ്ലിം ലീഗ് നേരിടുന്നുണ്ട്. ദേശീയ, അന്തര്‍ദേശീയ വിഷയങ്ങളില്‍ കേന്ദ്ര നേതൃത്വത്തിന്‍െറ നിലപാടുകളില്‍നിന്ന് വ്യത്യസ്തമായിരുന്നു പലപ്പോഴും സംസ്ഥാന നേതൃത്വത്തിന്‍െറ നിലപാടുകള്‍. അതിന്‍െറ പേരില്‍ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ തമ്മില്‍ പല സന്ദര്‍ഭങ്ങളിലും ആശയസമരങ്ങള്‍ തന്നെ നടന്നിട്ടുണ്ട്. 1972ല്‍ ഇസ്മായില്‍ സാഹിബിന്‍െറയും ’73ല്‍ ബാഫഖി തങ്ങളുടെയും മരണശേഷം മുസ്ലിം ലീഗ് രണ്ടു പിളര്‍പ്പുകളെ നേരിട്ടു. ഇസ്മായില്‍ സാഹിബിന്‍െറ മരണശേഷം ഇബ്രാഹിം സുലൈമാന്‍ സേട്ടാണ് ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. 1986ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ബാബരി മസ്ജിദ് ഹിന്ദു ആരാധനക്കായി തുറന്നുകൊടുത്തതു മുതല്‍ ആ വിഷയത്തില്‍ സുലൈമാന്‍ സേട്ടിന്‍െറയും സംസ്ഥാന ലീഗ് നേതൃത്വത്തിന്‍െറയും നിലപാടുകളില്‍ വൈരുധ്യങ്ങള്‍ പ്രകടമായി. ബാബരി മസ്ജിദിന്‍െറ തകര്‍ച്ചയോടെ അത് രൂക്ഷമാവുകയും 1994ല്‍ ഇന്ത്യന്‍ നാഷനല്‍ ലീഗിന്‍െറ രൂപവത്കരണത്തില്‍ കലാശിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പുകളിലൂടെ കേരളം, തമിഴ്നാട്, കര്‍ണാടക നിയമസഭകളില്‍ ഐ.എന്‍.എല്ലിന് പ്രതിനിധികളുമുണ്ടായി. 

കേരള ഭരണത്തിലെ അമിത താല്‍പര്യം കാരണം കോണ്‍ഗ്രസ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ വിമുഖത കാണിച്ചതാണ് ദേശീയ രാഷ്ട്രീയ വിഷയങ്ങളില്‍ മുസ്ലിം ലീഗിന് ശക്തമായ നിലപാടെടുക്കാന്‍ കഴിയാതെപോയത്. ദേശീയതലത്തില്‍ മുസ്ലിം സമൂഹം കോണ്‍ഗ്രസിനെ കൈവിട്ടപ്പോഴും കേരളത്തിലെ ‘പ്രത്യേക സാഹചര്യം’ ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് കോണ്‍ഗ്രസ് ബന്ധം തുടരുകയായിരുന്നു. ബാബരി മസ്ജിദ്, മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട്, ഇന്ത്യ-ഇസ്രായേല്‍ ബന്ധം തുടങ്ങിയ ദേശീയ വിഷയങ്ങളിലൊന്നും കോണ്‍ഗ്രസ് നിലപാടുകള്‍ക്കെതിരെ ശക്തമായി നിലകൊള്ളാന്‍ ലീഗിനായില്ല. സംസ്ഥാനത്ത് ഭരണം നഷ്ടപ്പെടുന്നത് ലീഗിന് അചിന്ത്യമായപ്പോള്‍ കേരളത്തിനപ്പുറം പാര്‍ട്ടി വേണ്ടെന്ന നിലപാടില്‍ സ്വയം ചെന്നത്തെുകയായിരുന്നു മുസ്ലിം ലീഗ്. 

മുസ്ലിം വോട്ടുകളുടെ ധ്രുവീകരണം

മുസ്ലിം ലീഗിന്‍െറ ദേശീയ അധ്യക്ഷ സ്ഥാനം അലങ്കരിച്ച ഖാഇദെ മില്ലത്ത് ഇസ്മായില്‍ സാഹിബ്, ഇബ്രാഹിം സുലൈമാന്‍ സേട്ട്, ജി.എം. ബനാത്ത്വാല എന്നിവരെല്ലാം സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരായിരുന്നു. ഉര്‍ദു ഭാഷയിലെ പ്രാവീണ്യവും ആത്മീയ പരിവേഷവുമുള്ള ഇവരുടെ നിരയിലേക്ക് ഉയര്‍ത്താവുന്ന നേതാക്കളുടെ അഭാവം ദേശീയ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിലെ മുസ്ലിം ലീഗിന്‍െറ വലിയ പരിമിതിയായി തുടരുകയാണ്. 
മുസ്ലിം ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമുള്ള ഇന്ത്യയില്‍ ദേശീയതലത്തില്‍ ആ വിഭാഗത്തെ സംഘടിപ്പിക്കാന്‍ ശേഷിയുള്ള പ്രസ്ഥാനത്തിന്‍െറ അഭാവത്തിലാണ് ഹൈദരാബാദില്‍ രൂപംകൊണ്ട അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള ‘മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനും’ (എം.ഐ.എം) അസമില്‍ രൂപമെടുത്ത ബദറുദ്ദീന്‍ അജ്മലിന്‍െറ ‘ഓള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക്് ഫ്രണ്ടും’ (എ.ഐ.യു.ഡി.എഫ്) ശക്തി പ്രാപിച്ചുവരുന്നത്. പക്ഷേ, തെരഞ്ഞെടുപ്പുകളില്‍ ഈ പാര്‍ട്ടികള്‍ എടുക്കുന്ന നിലപാടുകള്‍ മുസ്ലിം വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയാക്കുകയും പരോക്ഷമായി അത് ബി.ജെ.പിക്ക് സഹായകരമാവുകയുമാണ് ചെയ്യുന്നത്.

രാജ്യത്ത് കടുത്ത വംശീയതയുടെയും വര്‍ഗീയതയുടെയും വിഭാഗീയതയുടെയും അന്തരീക്ഷം വളര്‍ന്നുവരുന്നത് ആശങ്കയോടെ മാത്രമേ കാണാന്‍ കഴിയൂ. അതിനെ ചെറുക്കാന്‍ യോജിച്ചൊരു വേദി കണ്ടത്തൊന്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്കാവേണ്ടതുണ്ട്. അതോടൊപ്പം രാജ്യത്തെ പിന്നാക്ക, ദലിത് വിഭാഗങ്ങളെ സഹകരിപ്പിക്കാനും ഇന്ത്യയിലെ മതേതര കക്ഷികളുമായി യോജിച്ചു പ്രവര്‍ത്തിക്കാനുമായാല്‍ പുതിയ ഭീഷണികളെ ചെറുക്കാനാവും. ഇന്ന് ചെന്നൈയില്‍ ചേരുന്ന മുസ്ലിം ലീഗ് ദേശീയ പ്രവര്‍ത്തക സമിതി ഒരിക്കല്‍ കൂടി, പാര്‍ട്ടിയെയും അതിന്‍െറ യുവജന വിഭാഗത്തെയും അഖിലേന്ത്യ തലത്തില്‍ ശക്തിപ്പെടുത്താനുള്ള തീരുമാനമെടുക്കുമെങ്കിലും കേരളമല്ല ഇന്ത്യ എന്ന് മനസ്സിലാക്കി നിലപാടുകളില്‍ മാറ്റം വരുത്താന്‍ തയാറാവാത്തിടത്തോളം വിജയസാധ്യത കണ്ടറിയണം.  

Tags:    
News Summary - muslim league national problems

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.