മാവോയെ വിചാരണ ചെയ്യുന്ന ചൈന 

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആറാമത് പ്ളീനം (ഒക്ടോബര്‍ 24-27) സാധാരണയില്‍നിന്ന് വ്യത്യസ്തമായി പൊതുശ്രദ്ധയില്‍നിന്ന് വിട്ടുമാറിയാണ് സംഘടിപ്പിക്കപ്പെട്ടത്. 8.8 കോടി അംഗങ്ങളുള്ള പാര്‍ട്ടി കാതലായ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിയിരുന്നു പ്ളീനം ചേര്‍ന്നത്. മാവോക്കുശേഷം ഏറ്റവും കൂടുതല്‍ അധികാരം കൈയാളുന്ന നേതാവാണ് ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി ഷി ജിന്‍പിങ്. ഈ സാഹചര്യത്തില്‍ ലോകരാഷ്ട്രീയം ഉറ്റുനോക്കുന്ന ചൈനയുടെ നയവ്യതിയാനങ്ങളും ഭാവിയും ചര്‍ച്ചാവിഷയമാക്കുകയാണിവിടെ. 

ജീവിതവും സമരവും
മനുഷ്യരാശിയുടെ മഹാന്മാരായ പുത്രന്മാരെല്ലാം കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെയാണ് കടന്നുവന്നിട്ടുള്ളത്. അതതുകാലത്തെ മേധാവിത്വശക്തികളുടെ നിഷ്ഠുര പീഡനങ്ങള്‍ക്കും ഇവര്‍ ഇരയായിട്ടുണ്ട്. സോക്രട്ടീസിന് വിഷച്ചെടിയാണ് സമ്മാനിച്ചതെങ്കില്‍ ബ്രൂണോയെ ജീവനോടെ കത്തിച്ചു. ഗലീലിയോ മതദ്രോഹവിചാരണയെ നേരിട്ടു. ഏംഗല്‍സ് ഒരിക്കല്‍ പറഞ്ഞു, മാര്‍ക്സിന്‍െറ കാലത്ത് അദ്ദേഹം ഏറ്റവും വെറുക്കപ്പെട്ടവനായിരുന്നുവെന്ന്. പരിഷ്കരണവാദം എന്നു പേരിട്ടു വിളിക്കാവുന്ന കൃമികീടമാണ് എക്കാലത്തും മാര്‍ക്സിസത്തിന്‍െറ സത്തയെ ഊറ്റിക്കുടിച്ചിട്ടുള്ളത്. ക്രൂഷ്ച്ചേവ് മുതല്‍ ഗോര്‍ബച്ചേവ് വരെയുള്ളവരുടെ നീണ്ട പട്ടിക ഈ ഗണത്തിലുണ്ട്. ചൈനയിലാകട്ടെ ഡെങ് സിയാവോ പിങ് മുതലാണ് ഈ തണ്ടുതുരപ്പന്മാരുടെ ഉയിര്‍ത്തെഴുന്നേല്‍പ്. മാവോയില്‍ ഇടതുപക്ഷ വ്യതിയാനം ആരോപിച്ചുകൊണ്ടാണ് ഇവര്‍ തലപൊക്കിയത്. മാര്‍ക്സിസ്റ്റ് ലേബല്‍ ഉപയോഗിച്ചുകൊണ്ട് നടത്തുന്ന ഇത്തരം കുപ്രചാരണ കോലാഹലങ്ങള്‍ പൊതുജനങ്ങളില്‍ മാര്‍ക്സിസത്തിന്‍െറ അന്ത$സത്തയെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കും - ഇതിനെതിരായി കഠിനപ്രയത്നത്തിലൂടെ പ്രത്യയശാസ്ത്രബോധനം നടത്തി സത്യം തുറന്നുകാട്ടുകയും പ്രതിച്ഛായ വീണ്ടെടുക്കുകയും വേണം. അപ്പോള്‍ മാത്രമേ ജനങ്ങള്‍ക്ക് ശരിയെ നിര്‍ണയിക്കാന്‍ കഴിയൂ. 

മൂര്‍ത്തമായ സാഹചര്യങ്ങളില്‍ മാര്‍ക്സിയന്‍ ദര്‍ശനത്തിന്‍െറ മൂര്‍ത്തമായ പ്രയോക്താവായിരുന്നു മാവോ. ചൈനീസ് പഴഞ്ചൊല്ലുകളിലൂടെ കടുപ്പമേറിയ മാര്‍ക്സിയന്‍ സംജ്ഞകള്‍പോലും സാധാരണക്കാര്‍ക്കും പ്രാപ്യമാക്കിയ മാര്‍ക്സിസ്റ്റ് ആചാര്യനായിരുന്നു അദ്ദേഹം. ചൈനീസ് മണ്ണിന് ചേരുന്ന വളമിട്ടാണ് മാര്‍ക്സിസത്തിന്‍െറ വിത്തുകള്‍ പാകി സുരഭിലമായ വിപ്ളവത്തിന്‍െറ വസന്തം അദ്ദേഹം വിരിയിച്ചത്.സി.പി.സി (ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി) യുടെ ചെയര്‍മാനായി മാവോ തെരഞ്ഞെടുക്കപ്പെട്ടതിന്‍െറ പിറ്റേ വര്‍ഷം അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ എഡിഗര്‍സ്നോ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിനുശേഷം ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു:‘സമകാലിക ലോക രാഷ്ട്രീയത്തെക്കുറിച്ച് മാവോക്കുള്ള അറിവ് കണ്ടറിഞ്ഞ എനിക്ക് അദ്ഭുതം തോന്നി. ലോക ചരിത്രത്തെക്കുറിച്ച് അനിതരസാധാരണമായ അറിവുള്ള അദ്ദേഹം സ്പിനോസ, കാന്‍റ്, ഗോയ്ഥെ, ഹെഗല്‍, റൂസോ എന്നിവരെയും നല്ലവണ്ണം പഠിച്ചിരിക്കുന്നു. പീഡാനുഭവങ്ങളുടെ നൈരന്തര്യം മാവോയെ ഉരുക്കുപോലെ ഉറപ്പിച്ചു. പരിപക്വമായ ആ മനസ്സിലേക്ക് ദേശീയ വികാരത്തിന്‍െറ തള്ളിക്കയറ്റമുണ്ടായതിനെതുടര്‍ന്ന് 13 വയസ്സ് മാത്രം പ്രായമായപ്പോള്‍ ഡോ. സണ്‍യാത് സെന്നിന്‍െറ ദേശീയ വിപ്ളവസേനയില്‍ ചേര്‍ന്നു. ഈ വിപ്ളവത്തിന്‍െറ പരാജയം മൂലം മാവോ പഠനത്തിലേക്ക് തിരിച്ചത്തെി. 1920 മുതല്‍ മാര്‍ക്സിയന്‍ ദര്‍ശനത്തിന്‍െറ വെളിച്ചത്തില്‍ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ തുടങ്ങി. ‘ഒഴുക്കിനെതിരെ നീന്തുന്നതാണ് വിപ്ളവ സ്വഭാവത്തിന്‍െറ സാരാംശങ്ങളിലൊന്ന്’ -ഈ വാചകം അദ്ദേഹത്തിന്‍െറ പൊതു പ്രകൃതത്തിന്‍െറ ആപ്തവാക്യമായി വിലയിരുത്താം. മനുഷ്യന്‍െറ വ്യക്തിബോധമല്ല, സാമൂഹികബോധമാണ് അവന്‍െറ ഭാഗധേയം നിര്‍ണയിക്കുന്നത്. 1929കളില്‍പോലും ജന്മിത്തപ്രഭുക്കളുടെ ഹൃദയശൂന്യമായ പീഡനങ്ങളിലും ചൂഷണത്തിലും ഞെരിഞ്ഞമര്‍ന്നിരുന്ന കര്‍ഷക ജനസാമാന്യം നെടുവീര്‍പ്പുകളിലൊതുങ്ങുന്ന നിസ്സഹായതയിലായിരുന്നു. അര്‍ധപട്ടിണിക്കാരനായ കര്‍ഷകര്‍ ഉപജീവനാര്‍ഥം തൊട്ടടുത്ത പട്ടണങ്ങളിലേക്ക് യാചകരായി കുടിയേറിയപ്പോള്‍ ചിയാങ് കൈഷക്കിന്‍െറ പൊലീസ് അവരെ തുരത്തിയോടിച്ചിട്ട് അവരുടെ ഭാര്യമാരെയും മക്കളെയും സഹോദരിമാരെയും ബലാത്സംഗം ചെയ്യുകയായിരുന്നു പതിവ്. 

സാമ്രാജ്യത്വശക്തികളുടെ പിന്‍ബലത്തോടെയാണ് ഭൂപ്രഭുക്കളും യുദ്ധപ്രഭുക്കളും ചേര്‍ന്ന് ഈ നരമേധം നടത്തിയത്. ഈ അവസരം മുതലെടുത്തുകൊണ്ട് ആംഗ്ളോ -ഫ്രഞ്ച്, അമേരിക്കന്‍ സാമ്രാജ്യത്വങ്ങള്‍ ഒരു നൂറ്റാണ്ട് കാലം (1840-1945) ചൈനയെ കീഴടക്കിവെച്ചു. 1919, 1927 വര്‍ഷങ്ങളിലായി ഷാങ്ഹായ്, നാങ്കിങ്, ചാങ്ഷ എന്നിവിടങ്ങളില്‍ കമ്യൂണിസ്റ്റുകാരെ കൂട്ടക്കൊല ചെയ്തു. ബ്രിട്ടീഷ് സാമ്രാജ്യത്വം  1840ല്‍ കറുപ്പ് യുദ്ധവുമായി ചൈനയില്‍ കാലുകുത്തി. 1860ല്‍ റഷ്യയിലെ സാര്‍ ചക്രവര്‍ത്തിമാര്‍ തുടര്‍ന്നത്തെി. 1862ല്‍ ഫ്രഞ്ചുകാരും 1894ല്‍ ജപ്പാനുമത്തെി. 1899 ല്‍ പടിഞ്ഞാറന്‍ ശക്തികള്‍ക്ക്   ചൈനയെ വികസിപ്പിക്കുന്നതില്‍ തുല്യ അവകാശം സ്ഥാപിക്കാനുള്ള തന്ത്രപരമായ ന്യായം പറഞ്ഞ് ഓപണ്‍ ഡോര്‍ പോളിസിയുമായി അമേരിക്കയും ചൈനയില്‍ കടന്നത്തെി. ഇവരെല്ലാം ചേര്‍ന്ന് വ്യവസായിക മുതലാളിത്തത്തെ ചൈനീസ് നാടുവാഴിസമൂഹത്തിന്‍െറ ഗര്‍ഭപാത്രത്തില്‍ വളര്‍ത്തിയെടുത്തു. ഈ പശ്ചാത്തലത്തിലാണ് ചൈനയിലെ ബൂര്‍ഷ്വാസിയെ ഇടത്തരം ബൂര്‍ഷ്വായെന്ന് മാവോ പേരുചൊല്ലി വിളിച്ചത്. സാമ്രാജ്യത്വ മൂലധനത്തില്‍ പറ്റിപ്പിടിച്ചുനിന്നവരെ വന്‍കിട ബൂര്‍ഷ്വാസിയെന്നും ദല്ലാള്‍ ബൂര്‍ഷ്വാസിയെന്നും അദ്ദേഹം സ്വത$സിദ്ധമായി വിശേഷിപ്പിച്ചു. വ്യവസായിക കുത്തകകളെ ആയിരുന്നില്ല മാവോ വന്‍കിട ബൂര്‍ഷ്വായെന്ന സംജ്ഞയില്‍പെടുത്തിയത്. ചൈനയിലെ ദല്ലാള്‍ ബൂര്‍ഷ്വാ വര്‍ഗം സാമ്രാജ്യത്വത്തിന് ദാസ്യവേലചെയ്യുന്ന നാണംകെട്ട ഏജന്‍റുമാരായാണ് മാവോ കണ്ടത്. ഇതേസമയം, മുതലാളിത്ത ഉല്‍പാദനബന്ധങ്ങള്‍ ഉയര്‍ന്നുവന്നതോടെ നാടുവാഴിത്തത്തിന്‍െറ ആണിക്കല്ലുകളും ഇളക്കാന്‍ തുടങ്ങി. ദേശീയ ബൂര്‍ഷ്വാസിയുമായി കൈകോര്‍ത്തുകൊണ്ടാണ് കൊളോണിയല്‍ വാഴ്ച നടമാടിയത്. ഇക്കാരണത്താല്‍ ചൈന സമ്പൂര്‍ണാര്‍ഥത്തില്‍ ഒരു കോളനി രാജ്യമായിരുന്നില്ളെന്ന് മാവോ വിലയിരുത്തി.

മാവോയുടെ നിലപാടുകള്‍
‘ദരിദ്രകര്‍ഷകരുടെ നേതൃത്വം വിപ്ളവവിജയത്തിന് ആവശ്യമാണ്. അവരില്ലാതെ വിപ്ളവമുണ്ടാകില്ല. അവരുടെ നേതൃപരമായ പങ്കിനെ നിഷേധിക്കുകയെന്നാല്‍ വിപ്ളവത്തെതന്നെ നിഷേധിക്കുന്നതിന് തുല്യമാണ്. അവരോടുള്ള അതിക്രമം വിപ്ളവത്തെ ദുര്‍ബലമാക്കുകയെന്നുതന്നെയാണ്.’ ഈ അടിസ്ഥാന നയപരമായ പ്രശ്നത്തില്‍ മാവോ ചെന്‍ തുസിയു-ലിലിസാന്‍ നേതൃത്വങ്ങളും തമ്മില്‍ നീണ്ടകാലത്തെ ഉള്‍പ്പാര്‍ട്ടി സമരം നടന്നു. നഗരവാസികളായ വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, ബുദ്ധിജീവികള്‍ എന്നിവരെ ലക്ഷ്യമാക്കിയുള്ള ഒരു നഗര കേന്ദ്രീകൃത പ്രവര്‍ത്തനമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്നതെന്ന് മാവോ കടുത്ത ഭാഷയില്‍തന്നെ വിമര്‍ശിച്ചു. കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിക്കുന്നതില്‍ മാവോ കൂടുതല്‍ ശ്രദ്ധപതിപ്പിച്ചിരുന്നു. ഹൂനാന്‍ പ്രവിശ്യയില്‍ 1922 മേയ് ഒന്നിന് തൊഴിലാളികളെ സംഘടിപ്പിച്ച് പ്രകടനം നടത്തി. കര്‍ഷകര്‍ക്കായി അവരുടെ സ്വന്തം സംഘടനകള്‍ രൂപവത്കരിച്ചു. വളരെ ചുരുങ്ങിയ കാലംകൊണ്ട് കാര്‍ഷികസമരത്തിന്‍െറയും അവരുടെ സംഘടനകളുടെയും ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനാനുഭവങ്ങളും മാവോ നേടി. ഇതിന്‍െറ വെളിച്ചത്തിലാണ് അനാലിസിസ് ഓഫ് ദി ക്ളാസസ് ഇന്‍ ചൈനീസ് സൊസൈറ്റി’ എന്ന പ്രശസ്തമായ ലേഖനം എഴുതുന്നത്. ഈ ലേഖനം പുറത്തുവന്നതോടെ, മാവോയും ചെന്‍ തുസിയു നേതൃത്വവും തമ്മില്‍ നിലവിലുണ്ടായിരുന്ന എല്ലാ ഭിന്നതകളും അപ്രത്യക്ഷമായി. എങ്കിലും സമ്മേളനം വരെ ഈ സ്വരച്ചേര്‍ച്ച നീണ്ടു നിന്നില്ല. ഗ്രാമീണ സെമി-പ്രോലിറ്ററിയേറ്റ് കര്‍ഷകത്തൊഴിലാളികള്‍, ദരിദ്ര കൃഷിക്കാര്‍ എന്നിവരുടെ വിപ്ളവപരമായ പങ്ക് മാവോ ചൂണ്ടിക്കാട്ടുമ്പോള്‍ ഇതംഗീകരിക്കാന്‍ ചെന്‍ തുസിയു തയാറായില്ല. ഇടത്തരം കര്‍ഷര്‍ക്കുള്ള ആപേക്ഷികബന്ധവും അദ്ദേഹം പരിഗണിച്ചില്ല. 

ചെന്‍ തുസിയു 1927ല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോള്‍ ആ സ്ഥാനത്തത്തെിയത് ഇടതുപക്ഷ സാഹസിക ലൈന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ലിലിസാന്‍ ആയിരുന്നു. സ്വാഭാവികമായി നേതൃത്വം ഇടുങ്ങിയ മാനസികാവസ്ഥയില്‍നിന്ന് മോചിതമായില്ല. തൊഴിലാളിവര്‍ഗ നേതൃത്വത്തിന്‍കീഴില്‍ വിശാലമായ കര്‍ഷകമുന്നണി കെട്ടിപ്പടുക്കണമെന്ന മാവോയുടെ വാദത്തിന് വലിയ പ്രാധാന്യമൊന്നും ലിലി നല്‍കിയില്ല. 1928-30 കാലമായപ്പോഴേക്കും തെക്കന്‍ ചൈനയിലെ വിശാലമായ വിമോചിത മേഖലയില്‍ കര്‍ഷകരുടെ സായുധസേനകള്‍ മാവോയുടെ നേതൃത്വത്തില്‍ ഒരു സമാന്തര സര്‍ക്കാറായി പ്രവര്‍ത്തിച്ചുതുടങ്ങി. ആദ്യം റെഡ് ആര്‍മിയെന്നും പിന്നീട് പീപ്ള്‍സ് ലിബറേഷന്‍ ആര്‍മിയെന്നും ഇന്ന് അറിയപ്പെടാന്‍ തുടങ്ങി. ലിലിസാന്‍ നേതൃത്വത്തിന് റഷ്യന്‍ വിപ്ളവമാതൃക അന്ധമായി അനുസരിക്കുന്നതിലായിരുന്നു ഭ്രമം. 1928ല്‍ ആറാം പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം മാവോക്ക് ലിലിസാന്‍ ഒരു താക്കീത് നല്‍കി. ‘തൊഴിലാളിവര്‍ഗാടിത്തറയില്‍നിന്ന് പാര്‍ട്ടിയുടെ ശ്രദ്ധ കര്‍ഷകരിലേക്ക് വഴിമാറുന്നത് പാര്‍ട്ടി കോണ്‍ഗ്രസ് തിരിച്ചറിയുന്നു. അതുകൊണ്ട് പാര്‍ട്ടി തൊഴിലാളിവര്‍ഗ അടിത്തറ വീണ്ടെടുത്ത് ഉറപ്പിക്കുന്നതിന് എല്ലാ ശ്രമങ്ങളും നാം നടത്തണം’ -ഇതായിരുന്നു താക്കീതിന്‍െറ ഉള്ളടക്കം. ലോക വിപ്ളവപ്രസ്ഥാനത്തിന്‍െറ കേന്ദ്രമായി ചൈന മാറിമറിഞ്ഞുവെന്നും ലിലി വീരസ്യം മുഴക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രാഷ്ട്രീയവും സംഘടനാപരവുമായ കാര്യങ്ങളെ സംബന്ധിച്ച് ഉള്‍പ്പാര്‍ട്ടി സമരം നടത്തുന്നതോടൊപ്പം ഇത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും അവരുടെ വിശ്വാസം ആര്‍ജിക്കാനും കഴിയണമെന്ന് മാവോ ആഹ്വാനംചെയ്തു. വളരെ സമര്‍ഥവും ചടുലവുമായ ധൈര്യമാണ് മഹത്തായ സാംസ്കാരിക വിപ്ളവത്തിന് നേതൃത്വം കൊടുത്തതിലൂടെ മാവോ കാണിച്ചത്.  ഇതേസമയം റഷ്യയിലും ആശയസമരം സംഘടിപ്പിച്ചിരുന്നുവെങ്കിലും അത് പാര്‍ട്ടിക്കുള്ളില്‍ മാത്രം ഒതുങ്ങിയിരുന്നു. ഈ രീതി അവലംബിച്ചതുകാരണം ജനങ്ങള്‍ക്കിടയിലുള്ള ആശങ്കയും ആശയക്കുഴപ്പങ്ങളും മാറിയിരുന്നില്ല. അതുകൊണ്ടുതന്നെ ഒരൊറ്റ ശരീരമായി പാര്‍ട്ടിക്കൊന്നാകെ ഉറച്ചുനില്‍ക്കാന്‍ കഴിയാതെയും വന്നു. 
എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന കാര്യങ്ങളെപ്പറ്റി എന്തെങ്കിലും സംശയങ്ങളോ ഉത്കണ്ഠകളോ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുമ്പോള്‍, പ്രതിസന്ധിയുടെ ഘട്ടത്തില്‍ പ്രതിവിപ്ളവശക്തികളും പാര്‍ട്ടി വിരുദ്ധ ശക്തികളും അവിടെ ചാടിവീഴും. ഇതൊരു ആയുധമാക്കി പാര്‍ട്ടിയെയും വിപ്ളവത്തെയും അപകടപ്പെടുത്തുന്നു. സ്വാഭാവികമായും ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ ജനങ്ങളുടെയും പാര്‍ട്ടിയുടെയും താത്ത്വികവും രാഷ്ട്രീയവുമായ യോജിപ്പാണ് അതിജീവനമാര്‍ഗം. ഇതിനായി സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുന്നതിനുള്ള അവസരം ജനങ്ങള്‍ക്കുണ്ടാകണം. മൊത്തം ജനങ്ങള്‍ക്കും നേതാക്കന്മാരെയും പാര്‍ട്ടി-ഭരണ നേതൃത്വങ്ങളെയും തുറന്ന് വിമര്‍ശിക്കാനുള്ള അവസരമുണ്ടായി. ഇത്തരമൊരു അവകാശം ജനങ്ങള്‍ക്ക് അനുവദിച്ചുകൊടുക്കുകയും ഇത്രയും കഠിനമായ ദൗത്യങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു പാര്‍ട്ടിക്ക് അസാധാരണത്വം അവകാശപ്പെടുകയും ചെയ്യാം. തുറന്ന ചര്‍ച്ചക്ക് അവസരം നേടിയ ജനങ്ങള്‍ ഒരുപക്ഷേ അതിനവകാശം നല്‍കിയ നേതാക്കന്മാരത്തെന്നെ നിശിതമായി വിമര്‍ശിച്ചേക്കാം. ഇതിനെ നേരിടാനുള്ള എല്ലാ മുന്‍കരുതലുകളും പാര്‍ട്ടി നേതൃത്വം സ്വീകരിക്കണം. സി.പി.സി കേന്ദ്ര കമ്മിറ്റി വ്യക്തമായ സൂചനകളും മാര്‍ഗരേഖകളും പ്രഖ്യാപിച്ചു. അതിരുകടന്നതും അടിസ്ഥാനരഹിതവുമായ വിമര്‍ശങ്ങളും ഭവനഭേദനം, കൊള്ള, കൊല തുടങ്ങിയ കുറ്റകൃത്യങ്ങളും നിയമാനുസൃത ശിക്ഷാവിധികള്‍ക്ക് വിധേയമായിരിക്കും. എന്നാല്‍, സാംസ്കാരിക വിപ്ളവത്തിന്‍െറ പ്രധാന പരിപാടിക്ക് ഇതൊരു തടസ്സമാകാനും പാടില്ല.

മാവോക്കുശേഷം
മാവോയുടെ മരണത്തോടെ നിരവധി സംഭവങ്ങളുടെ പിന്തുടര്‍ച്ചയാണുണ്ടായത്. 1976ല്‍ മാവോ, ഡെങ് സിയാവോ പിങ്, ഹൂവ ഗുഫെങ് തുടങ്ങിയ നേതാക്കളെ പാര്‍ട്ടി-ഗവണ്‍മെന്‍റ് പദവികളില്‍നിന്ന് ഒഴിച്ചുനിര്‍ത്തിയെങ്കിലും മാവോക്കുശേഷം അവര്‍ പാര്‍ട്ടിയില്‍ പിടിമുറുക്കി അധികാരസ്ഥാനങ്ങളില്‍ തിരിച്ചത്തെി. ഡെങ് സിയാവോ പിങ്ങിന്‍െറ നേതൃത്വത്തില്‍ പാര്‍ട്ടിയും ഭരണസംവിധാനങ്ങളും കൈക്കൊണ്ട നിലപാടുകള്‍ ലോകത്താകമാനമുള്ള കമ്യൂണിസ്റ്റുകളില്‍ ആശങ്കയും ആശയക്കുഴപ്പവുമുണ്ടാക്കി. 

സി.പി.എസ്.യുവിനുണ്ടായ അനുഭവത്തെ മുന്‍നിര്‍ത്തി ഈ ഉത്കണ്ഠകളും ആശങ്കകളും അസ്ഥാനത്തല്ളെന്ന് പറയാം. സി.പി.എസ്.യു നേതൃത്വം വലതുപക്ഷ-പരിഷ്കരണവാദികളായി കഴിഞ്ഞിരുന്നുവെങ്കിലും സി.പി.സി മാവോയുടെ നേതൃത്വത്തില്‍ വിപ്ളവപാതയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. തൊഴിലാളിവര്‍ഗ സാംസ്കാരിക വിപ്ളവത്തിലൂടെ പരിഷ്കരണവാദത്തിന്‍െറയും വലതുപക്ഷ വ്യതിയാനത്തിന്‍െറയും ദു$സ്വാധീനങ്ങളെ ചെറുക്കുകയും ചെയ്തു.
11ാം കേന്ദ്ര കമ്മിറ്റിയുടെ മൂന്നു മുതല്‍ അഞ്ചുവരെയുള്ള പ്ളീന കാലഘട്ടങ്ങളില്‍ പരിഷ്കരണവാദത്തിന്‍െറ പ്രധാന വക്താവായിരുന്നത് ലൂ ഷാവ്ക്കിയായിരുന്നു. 11ാം സി.സിയുടെ ആറാം പ്ളീനത്തില്‍ അവതരിപ്പിച്ച രേഖയാണ് ഒരു വഴിത്തിരിവ് എന്ന നിലയില്‍ പരിശോധിക്കപ്പെടേണ്ടത്. പാര്‍ട്ടിയുടെ ചരിത്രം അവലോകനം ചെയ്തുകൊണ്ട് സി.പി.സി നേതൃത്വം സാംസ്കാരികവിപ്ളവത്തെ തമസ്കരിക്കുക മാത്രമല്ല, സമ്പൂര്‍ണ അപരാധമായി ചിത്രീകരിക്കുകയും ചെയ്തു. മാവോയുടെ പങ്കിനെക്കുറിച്ചും പുനര്‍മൂല്യനിര്‍ണയം നടത്തി. വര്‍ഗസമരത്തില്‍നിന്ന് വ്യതിചലിച്ച് സമ്പദ്ഘടനയെ വാര്‍ത്തെടുക്കുന്നതിലും ആധുനീകരിക്കുന്നതിലുമാണ് നേതൃത്വം ഊന്നല്‍കൊടുത്തത്. മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിലും അനുബന്ധമായ ചില താത്ത്വികപ്രശ്നങ്ങളിലുമാണ് ഈ സംഭവങ്ങള്‍ ചെന്നത്തെിയത്. ലോകമാകെയുള്ള കമ്യൂണിസ്റ്റുകാര്‍ ഈ വ്യതിയാനത്തെ ആശങ്കയോടെ നോക്കിക്കാണുകയും സോദരത്വേനയുള്ള വിമര്‍ശത്തിലൂടെ ശരിയായ നിലപാടുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഈ അവസരം മുതലെടുത്ത് ആധുനിക ബൂര്‍ഷ്വാസി, മാര്‍ക്സിസം കാലഹരണപ്പെട്ടുവെന്ന് പ്രചരിപ്പിക്കാന്‍ തുടങ്ങി. 

സാംസ്കാരിക വിപ്ളവത്തിന്‍െറ അനന്തര ഫലമെന്നോണം പത്താം കോണ്‍ഗ്രസ് തുറന്നു വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഒരു ഭരണഘടനാവകാശമായി കൊണ്ടുവന്നിരുന്നു. എന്നാല്‍, ഈ അവകാശം 11ാം കേന്ദ്ര കമ്മിറ്റിയുടെ ആറാം പ്ളീനം ഗളച്ഛേദം ചെയ്തു. സാംസ്കാരിക വിപ്ളവത്തിനിടയില്‍ ചില അതിക്രമങ്ങള്‍ നടന്നുവെന്നാണ് പുതിയ നേതൃത്വത്തിന്‍െറ കുറ്റാരോപണം. എന്നാല്‍, റഷ്യയിലെ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ളവത്തിലുണ്ടായ അതിക്രമങ്ങളെക്കുറിച്ച് ഇക്കൂട്ടര്‍ മൗനം ദീക്ഷിക്കുകയാണുണ്ടായത്. ഏതൊരു വിപ്ളവത്തെയും അതിന്‍െറ പ്രക്രിയാമണ്ഡലത്തിലുണ്ടാകുന്ന അസ്വാരസ്യങ്ങളുടെ പേരില്‍ അപലപിക്കാനാവില്ല, അസ്വാരസ്യങ്ങളുടെ എത്രയോ മടങ്ങ് നേട്ടങ്ങളായിരിക്കും അത് വ്യവസ്ഥിതിയിലുണ്ടാക്കിയിരിക്കുക.മാവോയെയും അദ്ദേഹത്തിന്‍െറ ചിന്തകളെയും മൂല്യനിര്‍ണയം ചെയ്യുന്നതിന്‍െറ മറവില്‍ ഡെങ് സിയാവോ പിങ്ങിന്‍െറ നേതൃത്വം വ്യക്തിപരമായിത്തന്നെ മാവോയെ ആക്രമിക്കുകയാണുണ്ടായത്. ‘ആരും പിഴവുകള്‍ക്കതീതരല്ല; മാവോയും’ -ഇതാണ് മാവോയെ വിലയിരുത്തിക്കൊണ്ട് നേതൃത്വം പ്രസ്താവിച്ചത്. ചുരുക്കത്തില്‍, പ്രായോഗികവാദത്തെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ നേതൃത്വം മാര്‍ക്സിസം-ലെനിനിസത്തെ നവീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
 

Tags:    
News Summary - mao tse tung

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.