ഇല്ല, ഇന്ത്യ ഹിന്ദുത്വരാഷ്​ട്രം ആവില്ല

ഇന്ത്യൻ നാഷനൽ കോൺഗ്രസിലെ കലർപ്പില്ലാത്ത മതേതരത്വത്തി​െൻറയും വിശാല കാഴ്​ചപ്പാടുകളുടേയും പ്രതീകമാണ്​ മണിശങ്കർ അയ്യർ. കോൺഗ്രസ് വർക്കിങ്​ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായ അദ്ദേഹം പാർട്ടിയും രാഷ​്ട്രവും എത്തിപ്പെട്ടുനിൽക്കുന്ന വർത്തമാനകാല അവസ്​ഥയെക്കുറിച്ച്​ സംസാരിക്കുന്നു.

കോൺഗ്രസ് പാർട്ടിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച്​ എന്ത് തോന്നുന്നു, എന്താണ്​ പരിഹാരം?

തീർച്ചയായും ദുഃഖം ഉണ്ട്. എന്നാൽ, അതി​െൻറ പൂർണ ഉത്തരവാദിത്തം ഗാന്ധി കുടുംബത്തിനുമേൽ കെട്ടിവെക്കുന്നതിനോട് യോജിക്കാനാവില്ല. പുതിയ കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച 23 പേരിൽ ഞാൻ ഉണ്ടായിരുന്നില്ല. എന്നോട് അവർ ആരും ആവശ്യപ്പെട്ടിരുന്നുമില്ല. ഞാനും ആ 23 പേരോടൊപ്പമാണ് എന്നറിയിച്ച്​ വേറെ കത്തെഴുതുകയാണ് ചെയ്തത്. യഥാർഥത്തിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കണം എന്നതിലുപരി വിപ്ലവ തുല്യമായി അടിമുടി പരിഷ്കരണം നടത്തുകയാണ് വേണ്ടത്​. ചരിത്രപരമായി നോക്കിയാൽ നെഹ്​റുവി​െൻറ കാലത്തു തന്നെ, ഇന്ത്യ-ചൈന യുദ്ധത്തിന് ശേഷം കോൺഗ്രസിൽ ശൈഥില്യം തുടങ്ങിയിരുന്നു. സാമ്പത്തികവും, സാമൂഹികവും, ഭാഷാപരവും ഒക്കെയായ നിരവധി കാരണങ്ങൾ ഇതിനുണ്ട്.

രാമചന്ദ്ര ഗുഹയെ പോലുള്ള പ്രതിഭാ ശാലികൾ രാഹുൽ ഗാന്ധിയെ പഴിചാരുന്ന വാദങ്ങൾ ഉയർത്തുന്നത്​ ബി. ജെ. പി യെ സഹായിക്കുക മാത്രമേ ചെയ്യുകയുള്ളൂ. ബി.ജെ.പി യെ നേരിടാൻ ആരാണ് ദേശീയ നേതാവെന്ന സ്ഥാനത്തേക്ക് വരാൻ ഇരിക്കുന്നത്. ശരദ്​ പവാറോ? അദ്ദേഹം മഹാരാഷ്​​ട്രയിലെ പ്രാദേശിക രാഷ്​​ട്രീയ നേതാവ് മാത്രമാണ്. ഇതുതന്നെയാണ് മമതയുടെയും, നവീൻ പട്നായിക്കിെൻറയും ഒക്കെ സ്ഥിതി.

ഇന്ത്യയിൽ ഗാന്ധി കുടുംബത്തെപ്പോലെ ദേശീയ സ്വീകാര്യതയുള്ളത് ആർക്കാണ്? കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ 44 സീറ്റ് ലഭിച്ചു ഗാന്ധി കുടുംബം ഇല്ലായിരുന്നെങ്കിൽ അത്​ ഒരു പക്ഷേ നാലിൽ ഒതുങ്ങിയേനെ.

അടുത്ത പൊതുതെരഞ്ഞെടുപ്പിനെ മതേതര പാർട്ടികൾക്ക്​ എങ്ങനെയാണ്​ അഭിമുഖീകരിക്കാൻ കഴിയുക?

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 63 ശതമാനംവരുന്ന ഇന്ത്യൻ ജനത ബി.ജെ.പി ക്കു വോട്ട് ചെയ്തിരുന്നില്ല. എന്നിട്ടും അവർ ഭൂരിപക്ഷം സീറ്റുകൾ നേടി അധികാരത്തിൽ എത്തി. നമ്മുടെ ഇപ്പോഴത്തെ സാഹചര്യങ്ങൾ കണക്കിലെടുത്ത്​ വേണം പുതിയ തെരഞ്ഞെടുപ്പിനെ നേരിടാൻ. ഓരോ പ്രാദേശിക പാർട്ടിയുടെയും 'ഐഡൻറിറ്റി' നില നിർത്തിക്കൊണ്ട് കോൺഗ്രസ് നേതൃത്വത്തിൽ ബി.ജെ.പി ഇതര പ്രതിപക്ഷത്തി​െൻറ ഐക്യരൂപം അടുത്ത ലോക്സഭ ഇലക്ഷന് മുമ്പായി രൂപപ്പെട്ടു വരേണ്ടതുണ്ട്. ഒരു 'കോൺഫെഡറേറ്റഡ് പൊളിറ്റിക്കൽ അലയൻസ്' ആണ് ഉണ്ടാവേണ്ടത്.

2024ൽ ആർ.എസ്.എസും, ബി.ജെ.പിയും ഇന്ത്യയെ ഹിന്ദു രാഷ്​​ട്രമായി പ്രഖ്യാപിക്കുമോ?

2024ൽ അല്ല 2534 ആയാൽപോലും ഇന്ത്യ ഒരു 'ഹിന്ദു രാഷ്​​ട്രം' ആയി മാറില്ല . വൈവിധ്യം നിറഞ്ഞ ഈ നാടിനെ 'ഹിന്ദു രാഷ്​​ട്രം' എന്ന് പറയുന്നതിനേക്കാൾ വലിയ ദേശ വിരുദ്ധത ഇല്ല. പ്രധാനമന്ത്രി പറയുന്നത് 'ഭാരത് മാതാ കി ജയ്' എന്ന് വിളിക്കാത്തവർ ദേശ വിരുദ്ധർ ആണെന്നാണ്. അങ്ങനെയെങ്കിൽ സുഭാഷ് ചന്ദ്രബോസ് ദേശവിരുദ്ധൻ ആയിരുന്നുവോ ? അ​േദ്ദഹം 'ആസാദ് ഹിന്ദ് സിന്ദാബാദ്​' എന്നാണല്ലോ പറഞ്ഞിരുന്നത് .

'ഹിന്ദുത്വ' എന്ന ആശയം വി.ഡി സവർക്കർ വികസിപ്പിച്ചത് 'ഹിന്ദുഡം' എന്ന പദത്തിൽ നിന്നാണ്. 'ക്രിസണ്ഡം' എന്ന റോമൻ പദത്തിൽനിന്നാണ് ഹിന്ദുഡം ഉത്ഭവിച്ചത്. ക്രിസ്ത്യൻ ഭരണം മറ്റുള്ളവരുടെമേൽ സ്ഥാപിക്കുന്ന പ്രക്രിയയെ വിശേഷിപ്പിക്കാൻ ആണ്​ ആ പദം ഉപയോഗിച്ചിരുന്നത്.

വി.ഡി. സവർക്കർ അക്രമ രാഹിത്യം ഇഷ്​ടപ്പെട്ടിരുന്നില്ല. സവർക്കർ പറയുന്നത് അക്രമരാഹിത്യത്തെ കുറിച്ച അതിശയോക്തിയാണ് നമ്മളെ വൈദേശിക മേധാവിത്തത്തിൽ തളച്ചത് എന്നാണ്. ശ്രീബുദ്ധനേയോ, ജൈനനെയോ, അശോകനെയോ സവർക്കർ ഇഷ്​ടപ്പെട്ടിരുന്നില്ല. കാരണം അവർ എല്ലാം അക്രമരാഹിത്യത്തിൽ വിശ്വസിച്ചവർ ആയിരുന്നു. സവർക്കറുടെ ഈ അക്രമോത്സുക പ്രത്യയ ശാസ്ത്രം അനുയായികളെക്കൊണ്ട് മഹത്മ ഗാന്ധിയെ വധിക്കുന്നതിൽ കൊണ്ടെത്തിച്ചു.

കോവിഡ് സാഹചര്യം മാറിയാൽ സി.എ.എ-എൻ.ആർ.സി തിരികെ വരുമോ ? അതിനായി ഒരുക്കങ്ങൾ നടത്തുന്നതായി പ്രഖ്യാപനങ്ങളുണ്ട്​..

സി.എ.എ-എൻ.ആർ.സി എന്നിവക്കെതിരെ ഇന്ത്യയിൽ നടന്നത് ലോകത്തിലെ ഏറ്റവും വലിയ പ്രതിഷേധ സമരങ്ങളിലൊന്നാണ്​.അവ വീണ്ടും കൊണ്ടുവന്നാൽ പ്രതിഷേധവും അതി ശക്തമായി തിരികെ വരും. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾക്ക് ഈ പ്രതിഷേധ സമരത്തിന്​ നേതൃത്വം നൽകാൻ സാധിച്ചിട്ടില്ല എന്നത് ദൗർഭാഗ്യകരമാണ്.

മതേതരത്വവും ബഹുസ്വരതയും ആണല്ലോ ഇന്ത്യയുടെ ആത്മാവ്. അതി​െൻറ ഭാവി എന്താണ് ?

ഇന്ത്യയെപ്പോലെ വൈവിധ്യം നിറഞ്ഞ ഒരു രാജ്യം ലോകത്തു വേറെ കാണാനാവില്ല.നാനാത്വത്തിൽ ഏകത്വം തന്നെയാണ് ഇന്ത്യയുടെ ആത്മാവ്. വൈവിധ്യത്തെ എത്രകണ്ട് പ്രോത്സാഹിപ്പിക്കുന്നുവോ അത്​ അത്രയേറെ രാജ്യത്തിന്റെ ഭാവിയെ പരിപോഷിപ്പിക്കും.

മതങ്ങളിലെ വൈവിധ്യം എടുത്തു പരിശോധിച്ചാൽ ഓരോ മതങ്ങൾക്കിടയിൽ ഒ​ട്ടേറെ ഉപ-വൈവിധ്യങ്ങൾ ഉണ്ട്. മതേതരത്വം മുറുകെ പിടിക്കാത്ത ഇന്ത്യക്കു നിലനിൽപില്ല തന്നെ.

ഇന്ത്യ ഭരിച്ച മുഗളർ ഇത് നേരത്തെ മനസ്സിലാക്കിയിരുന്നു. മുഗൾ വംശസ്​ഥാപകൻ ബാബർ ഇന്ത്യയിൽ വന്നത് 1526ൽ ആയിരുന്നു. 1529 അദ്ദേഹം മകൻ ഹുമയൂണിന് നൽകിയ കത്തിൽ പറയുന്നത് നിനക്ക് ഈ നാട് ഭരിക്കണമെങ്കിൽ ഇവിടുത്തെ ജനങ്ങളുടെ മതപരമായ കാര്യത്തിൽ ഒരിക്കലും ഇടപെടരുത് എന്നായിരുന്നു. ഈ ബോധ്യമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നവർക്ക് ഇല്ലാത്തത്.

ശേഷം വന്ന ബ്രിട്ടീഷുകാർ 1872 എടുത്ത ആദ്യ സെൻസസിൽ ഇന്ത്യയിലെ മുസ്​ലിം ജനസംഖ്യ 24 ശതമാനം ആയിരുന്നു. 666 വർഷം ഇന്ത്യ മുസ​്​ലിം ഭരണാധികാരികളുടെ കൈയിൽ ആയിരുന്നിട്ടു കൂടി 24 ശതമാനം മാത്രമാണ് അവരുടെ ജനസംഖ്യ എന്നതിൽനിന്ന് വ്യക്തമായത് അവർ മതപരിവർത്തനത്തിനു ശ്രമിച്ചിരുന്നില്ല എന്നാണ്. വിഭജനത്തോടെ ഇന്ത്യയിലെ വലിയ ശതമാനം മുസ്​ലിംകൾ പാകിസ്താനിലേക്ക് പോയി. ശേഷിച്ചവരുടെ അവസ്ഥ ഇന്ന് ദലിതനെക്കാളും, ആദിവാസികളെക്കാളും താഴെ നിലയിൽ ആണെന്ന് ജസ്​റ്റിസ് രജീന്ദർ സച്ചാറി​െൻറ നേതൃത്വത്തിലെ കമ്മിറ്റി കണ്ടെത്തി. ആയതിനാൽതന്നെ ആ വിഭാഗത്തിന് പ്രത്യേക പരിഗണന നൽകണം എന്ന് സർക്കാറിനോട് ശിപാർശ ചെയ്തു.അതിനെ 'ന്യൂനപക്ഷ പ്രീണനം' എന്നാണ് ബി.ജെ.പി വിളിക്കുന്നത്. അവർ പറയുന്നത് 'മതേതരത്വം' എന്ന വാക്കുതന്നെ ന്യൂന പക്ഷ പ്രീണനം ആണെന്നാണ്.

ഒട്ടേറെ മികച്ച സ്ഥാപനങ്ങൾ ഇന്ത്യക്ക് സംഭാവന ചെയ്തത് ക്രിസ്ത്യൻ മിഷനറിമാർ ആണ്. ആ അർഥത്തിൽ അവരുടെ സംഭാവന വളരെ വലുതാണ്. പക്ഷേ, ഇന്നിപ്പോൾ ഡിസംബർ 25 'അടൽ ബിഹാരി ഡേ' ആയിരിക്കുന്നു.

വജാഹത് ഹബീബുല്ലയുടെ പുതിയ പുസ്തകത്തിൽ പറയുന്നുണ്ട് 16 നൂറ്റാണ്ട് മുതൽ ഇന്ത്യയിലെ റൂളിങ്​ എസ്​റ്റാബ്ലിഷ്മെൻറ്​ ഹിന്ദുക്കളായിരുന്നു എന്ന്. ഞാൻ അദ്ദേഹത്തെ വിളിച്ചു ചോദിച്ചു 'ഈ കാലഘട്ടം മുസ്​ലിം ഭരണാധികാരികൾ ആയിരുന്നല്ലോ ഇന്ത്യ ഭരിച്ചിരുന്നത്'. അദ്ദേഹം മറുപടി പറഞ്ഞത് ''ഭരണാധികാരി മുസ്​ലിം ആയ ഘട്ടത്തിലും യഥാർഥത്തിൽ ഭരണം നടത്തിയിരുന്നത് പ്രാദേശിക ഹിന്ദുക്കൾ ആയിരുന്നു എന്നാണ്.

ഇന്ത്യയിലെ ഇസ്​ലാം വ്യാപനത്തിന് ഒട്ടേറെ സാമൂഹിക കാരണങ്ങൾ ഉണ്ട്. അതിൽ പ്രധാനം സാമൂഹിക നീതി സങ്കൽപം ആയിരുന്നു. രാജാവും നാട്ടിലെ ചെരിപ്പു കുത്തിയും ഒരേ സമയം ഒരേ സ്ഥലത്തുനിന്ന് പ്രാർഥനക്കായി അംഗ ശുദ്ധിവരുത്തുകയും, ഒരുമിച്ചു പ്രാർഥിക്കുകയും ചെയ്യുന്നത് കണ്ട, ഉച്ച നീചത്വം അനുഭവിച്ചിരുന്ന അന്നത്തെ ജനവിഭാഗം ഇസ്​ലാമിലേക്ക് സ്വാഭാവികമായും ആകർഷിക്കപ്പെടുകയായിരുന്നു.

നരേന്ദ്ര മോദിയും അമിത് ഷായും നമ്മുടെ വടക്കൻ അതിർത്തിയിൽ ഒരു ഫലസ്തീൻ സൃഷ്​ടിച്ചു എന്ന താങ്കളുടെ പ്രസ്താവന വിവാദമായിരുന്നു, അതൊന്ന്​ വിശദമാക്കാമോ?

നിലവിലെ സാഹചര്യം വെച്ച് കശ്മീരിൽ മറ്റൊരു 'ഇൻതിഫാദ' (ഉയിർത്തെഴുന്നേൽപ്​) ഉണ്ടാവും എന്ന് പ്രവചിക്കുകയാണ് ഞാൻ ചെയ്തത്. കശ്മീരിൽ ഇപ്പോഴതില്ല. എന്നാൽ, ഒരു കാര്യം വിസ്മരിക്കരുത്, ഫലസ്​തീനിൽ 'ഇൻതിഫാദ' (ഉയിർത്തെഴുന്നേൽപ്​) ആരംഭിച്ചത് 40 വർഷത്തെ സഹനത്തിനും ചെറുത്തുനിൽപിനും ശേഷം ആണ്. തെരുവിൽ തുടങ്ങിയ പ്രതിഷേധ സമരം പിന്നീട് അക്രമ മാർഗത്തിലേക്ക് വഴുതി വീഴുകയായിരുന്നു.അന്തരിച്ച സയ്യിദ് ശിഹാബുദ്ധീൻ ഒരിക്കൽ പറഞ്ഞത് ഫലസ്തീൻ ജനത ഗാന്ധിയൻ മാർഗം സ്വീകരിച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ സ്വതന്ത്ര ഫലസ്തീൻ ഇപ്പോൾ സാധ്യമായേനെ എന്നാണ്.

വൈവിധ്യം നിറഞ്ഞ ഒരു രാജ്യത്തിൽ അഖണ്ഡത നിലനിൽക്കണമെങ്കിൽ ചില പ്രദേശങ്ങൾക്ക് പ്രത്യേക പരിഗണന (Special Privilege) നൽകിയേ മതിയാവു. കശ്മീർ മാത്രമല്ല ഇന്ത്യയിലെ 11 സംസ്ഥാനങ്ങൾ (മഹാരാഷ്​ട്രയും ഗുജറാത്തും അടക്കം) ആർട്ടിക്കിൾ 371 പ്രകാരം ഇങ്ങനെ പ്രത്യേക പരിഗണനകൾ അനുഭവിക്കുന്നുണ്ട്​. വർധിച്ചുവരുന്ന ജനരോഷം മനഃപൂർവം അവഗണിക്കുന്നവർ 'ഇൻതിഫാദ'യെ പരിപോഷിപ്പിക്കുകയാണ്. 

Tags:    
News Summary - mani shankar aiyar speak in Hindutva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.