''ഞങ്ങൾ വീട്ടിലേക്ക്​ മടങ്ങിച്ചെല്ലാൻ ഇറങ്ങിയവരല്ല-
ഭൂമിയിൽ ഇനി ഞങ്ങളുടെ ബാക്കിയുള്ളവർക്കെങ്കിലും
നീതി ലഭിക്കാൻ ഏറ്റവും വലിയ കോടതിയിൽ
ഹരജി കൊടുക്കാൻ പോവുകയാണ്​ ഞങ്ങൾ''

അധിനിവേശ-ജന്മിത്വ തേർവാഴ്​ച്ചക്കെതിരെ അന്തിമയുദ്ധത്തിനിറങ്ങിയ ഒരു പോരാളിയുടെ, മരിക്കും മുമ്പുള്ള അവസാന വാക്കുകളാണിത്​. കൂരിമണ്ണിൽ പാറപ്പുറത്ത്​ വലിയ ചേക്കുഹാജി. മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത പെരിമ്പലം സ്വദേശി. പ്രാദേശികമായി രൂപപ്പെട്ട ചെറുതും വലതുമായ ചെറുത്തുനിൽപ്പുകളാണ്​ 1800 കളിൽ തുടങ്ങി 1921 ൽ മൂർധന്യത്തിലെത്തിയ മലബാർ വിപ്ലവ സമരത്തെ ജ്വലിപ്പിച്ചുനിർത്തിയത്​. ബ്രിട്ടീഷുകാർക്ക്​ ഒരു ഘട്ടത്തിൽ മലബാറിൽനിന്ന്​ പിൻവാങ്ങേണ്ടി വന്നതും താഴെതട്ടിൽ രൂപപ്പെട്ട ഇത്തരം പ്രതിരോധ സംരംഭങ്ങളുടെ പോരാട്ടവീര്യം​ അറിഞ്ഞതുകൊണ്ടായിരുന്നു.

പെരിമ്പലം റോഡ്​

ഏറനാട്ടിലെയും വള്ളുവനാട്ടിലെയും പൊന്നാനിയിലെയും കോഴിക്കോ​െട്ടയും ഏതാണ്ടെല്ലാ ​ഗ്രാമങ്ങളിലും ബ്രിട്ടീഷ്​ വിരുദ്ധ പോരാട്ടത്തിന്​ തുനിഞ്ഞിറങ്ങിയ ഒരു കൂട്ടമുണ്ടായിരുന്നു. അവരിൽ യുവാക്കളും കൗമാരക്കാരും മുതിർന്നവരും മതപണ്ഡിതരുമെല്ലാം ഉണ്ടായിരുന്നു. അവർക്ക്​ പൂർണ പിന്തുണയുമായി പെണ്ണുങ്ങളും. ചമ്മലുകളിലും പൊന്തക്കാടുകളിലും ഒാടകളിലും ഒളിച്ചിരുന്ന്​ ​പട്ടാളത്തിന്‍റെ നീക്കങ്ങൾ കണ്ടെത്തി യഥാസമയം പോരാളികളെ അറിയിച്ചിരുന്നത്​ മാപ്പിളപ്പെണ്ണുങ്ങളായിരുന്നു.

അ​ന്വേഷിച്ചിറങ്ങിയാൽ മലബാറിലെ ഏത്​ ​ഗ്രാമത്തിലും കൂരിമണ്ണിൽ പാറപ്പുറത്ത്​ വലിയ ചേക്കുഹാജിയെ പോലെയുള്ള, നിലനിൽപ്പിനായി അവസാന ശ്വാസം വരെ പൊരുതിയ, രാജ്യത്തി​ന്‍റെ മോചനത്തിനായി ജീവൻ കൊടുത്ത, കൊടുംയാതനകൾ അനുഭവിച്ച അസംഖ്യംപോരാളികളെ കണ്ടെത്താനാകും. മലബാർ വിപ്ലവത്തി​ന്‍റെ നൂറാം വാർഷികാചരണം നടക്കു​േമ്പാൾ പ്രാദേശികമായ ഇത്തരം അന്വേഷണങ്ങൾക്ക്​ വലിയ പ്രസക്​തിയുണ്ട്​.

പോരിനിറങ്ങിയ പെരിമ്പലം

മലബാർ വിപ്ലവത്തിന്‍റെ ഹൃദയഭൂമികളോട്​ ചേർന്നാണ്​ പെരിമ്പലം എന്ന ഗ്രാമം സ്​ഥിതി ചെയ്യുന്നത്​. 1849 ​ൽ അത്തൻ കുരിക്കളുടെ നേതൃത്വത്തിൽ ബ്രിട്ടീഷ്​^ജന്മിത്വ ദുഷ്​പ്രഭുത്വത്തെ വിറപ്പിച്ച മഞ്ചേരി വിപ്ലവം, അന്തിമ പോരാട്ടത്തി​െൻറ പ്രഖ്യാപനമായ 1920 ഏപ്രിലിലെ മഞ്ചേരി കോൺഗ്രസ്​ സമ്മേളനം എന്നിങ്ങനെ വിപ്ലവത്തിലെ ഇതിഹാസ മുഹൂർത്തങ്ങളിൽ പലതും ഇൗ ഭാഗത്താണ്​ നടന്നത്​. സമീപ പ്രദേശങ്ങളായ ആനക്കയവും പന്തല്ലൂരുമെല്ലാം വിപ്ലവത്തിലെ പ്രധാന സംഭവങ്ങൾക്ക്​ സാക്ഷ്യം വഹിച്ച പ്രദേശങ്ങളാണ്​. 1921 ലെ മലബാർ വിപ്ലവസമരവുമായി ബന്ധപ്പെട്ട ചരിത്രരചനകളിൽ ഇൗ സ്​ഥലനാമങ്ങൾ ധാരാളമായി കടന്നുവന്നിട്ടുമുണ്ട്​.

എന്നാൽ, പെരിമ്പലത്തെ പോരാട്ട ചരിത്രം സംബന്ധിച്ച്​ കാര്യമായ വിവരങ്ങളൊന്നും എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. പെരിമ്പലത്തെ പരാമർശിക്കുന്ന ഏക​ ചരിത്രം മലബാർ വിപ്ലവവുമായി ബന്ധപ്പെട്ട അത്യപൂർവ വിവരങ്ങൾ അടങ്ങിയ എ.കെ. കോടൂരി​െൻറ 'ആ​േഗ്ലാ^മാപ്പിള യുദ്ധം' എന്ന പുസ്തകത്തിലാണുള്ളത്​. മലബാർ വിപ്ലവത്തെ കുറിച്ച്​ പുറത്തുവന്ന അക്കാദമിക പഠനങ്ങളിലൊന്നും കാണാത്ത വിവരങ്ങളാണ്​ എ.കെ. കോടൂരി​െൻറ പുസ്​തകത്തിലുള്ളത്​. വിപ്ലവം തുടിച്ചുനിന്ന ഗ്രാമങ്ങളിൽ യാത്ര ചെയ്​ത്​ പോരാട്ടത്തിന്​​ സക്ഷികാളായ തലമുറയിൽനിന്ന്​ നേരിട്ട്​ സമാഹരിച്ച വിവരങ്ങളാണ്​ പുസ്​തകത്തിലെ സിംഹ ഭാഗവും.

കടലുണ്ടിപ്പുഴ

മൂന്ന്​ ഭാഗവും കടലുണ്ടിപ്പുഴയുള്ള ഏറനാട്​ താലൂക്കിലെ ചെറുഗ്രാമമാണ്​ പെരിമ്പലം. നിലവിൽ ആനക്കയം ​ഗ്രാമപഞ്ചായത്തിലെ 15, 16 വാർഡുകൾ ഉൾക്കൊള്ളുന്ന പ്രദേശം. ജലസമൃദ്ധമായ കടലുണ്ടിപ്പുഴ വരിഞ്ഞുചുറ്റി ഒഴുകുന്നതുകൊണ്ട്​ തന്നെ കാർഷിക വൃത്തിയായിരുന്നു പെരിമ്പലത്തുകാരുടെ പ്രധാന തൊഴിൽ. മോടപ്പിലാപ്പള്ളി മന, കടക്കോട്ട്​ മന, കരിക്കാട്​ ഏറാടി, നിലമ്പൂർ കോവിലകം എന്നീ ജന്മി കുടുംബങ്ങളുടെ കീഴിലായിരുന്നു ഇൗ ദേശത്തെ ജന്മാവകാശം. അവരിൽനിന്ന്​ കർഷകരും കഠിനാധ്വാനികളുമായിരുന്ന ​ഇന്നാട്ട​ുകാർ പാട്ടം, കാണം വ്യവസ്​ഥയിൽ കൃഷി ചെയ്​തുപോന്നു. പൊതുവെ നെൽപാടങ്ങൾ പാട്ട ഭൂമിയും പറമ്പുകൾ കാണഭൂമിയുമായിരുന്നു. (1)

അടക്ക, തേങ്ങ, വെറ്റില, പച്ചക്കറി കൃഷികളും നെൽകൃഷിയും ഇവിടെ വ്യാപകമായി ഉണ്ടായിരുന്നു. നാട്ടുമൂപ്പൻമാരായിരുന്നു പ്രദേശത്തിലെ അപ്രഖ്യാപിത ഭരണാധികാരികൾ. മലപ്പുറം വലിയങ്ങാടിയിൽ പാറനമ്പിയും മാപ്പിളമാരും തമ്മിൽ 1700 കളിൽ നടന്ന യുദ്ധത്തെ ആസ്​പദിച്ച്​ മഹാകവി മോയിൻകുട്ടി വൈദ്യർ എഴുതിയ മലപ്പുറം പടപ്പാട്ടിൽ പരാമർശിക്കുന്ന ജമാൽ മൂപ്പൻ പെരിമ്പലത്തുകാരൻ ആയിരിക്കണമെന്ന്​ പ്രാദേശിക ചരിത്രാന്വേഷകനായ ഒ.വി. സകരിയ അഭിപ്രായപ്പെടുന്നു. റഹ്​മാൻ കിടങ്ങയത്തി​െൻറ ദേശചരിത്രവും വർത്തമാനവും എന്ന കൃതിയിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്​. പെരിമ്പലത്തെ മൂപ്പൻമാരിൽ അവസാനത്തെ മൂപ്പനായിരുന്നു തുടക്കത്തിൽ സൂചിപ്പിച്ച കൂരിമണ്ണിൽ പാറപ്പുറത്ത്​ വലിയ ചേക്കുഹാജി. 1919 ലാണ്​ വലിയ ചേക്കുഹാജി നേതൃത്വം നൽകിയ നെന്മിനി പോരാട്ടം നടക്കുന്നത്​. ഇവരുടെ രക്​തസാക്ഷിത്വത്തിന്​ ശേഷം ബ്രിട്ടീഷ്​ വിരുദ്ധ^ജന്മിത്വ വിരുദ്ധ വികാരം പെരിമ്പലത്തുകാർക്കിടയിൽ ശക്​തിപ്പെട്ടു.

1921 ലാകു​േമ്പാൾ അത്​ പാരമ്യത്തിലെത്തുകയും ബ്രിട്ടീഷ്​ വിരുദ്ധ പോരാട്ടങ്ങളിൽ പങ്കുകൊള്ളാൻ തുനിഞ്ഞിറങ്ങുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്​തു. നെല്ലിക്കുത്തിൽനിന്ന്​ തിരൂരങ്ങാടിയിലേക്കുള്ള തോണിയാത്ര ഇൗ വഴിയായതിനാൽ, വിപ്ലവനായകരായ വാരിയൻകുന്ന​ത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയുടെയും ആലി മുസ്​ലിയാരുടെയുമെല്ലാം ഇടപെടലുകൾ നിശ്ചയമായും പെരിമ്പലത്തുണ്ടായിരുന്നിരിക്കണം. ലഭ്യമായ കണക്കു പ്രകാരം 1921 ലെ സമരത്തിൽ മാത്രം പെരിമ്പലത്തുകാരായ 16 പേർ രക്​തസാക്ഷികളായി. രണ്ട്​ വർഷം മുമ്പ്​ നടന്ന സമരത്തിൽ രക്​തസാക്ഷികളായ ചേക്കുഹാജിയുൾപ്പെടുന്ന 11 പേർ കൂടിയാകു​േമ്പാൾ ശുഹദാക്കളുടെ എണ്ണം 27 ആകും. സമരത്തിൽ പ​ങ്കടുക്കുകയും ജയിൽ വാസം അനുഷ്​ഠിക്കുകയും ചെയ്​ത ഏഴ്​​ പേരെ കുറിച്ചും നാടുകടത്തപ്പെട്ട രണ്ടുപേരെ കുറിച്ചുമുള്ള വിവരങ്ങൾ ലഭ്യമാണ്​. ഇതിൽ എല്ലാവരുടെയും പിൻതലമുറ ഇന്ന്​ പെരിമ്പലത്ത്​ ജീവിച്ചിരിപ്പുണ്ട്​. ഇൗ പോരാളികളെ കുറിച്ചും അവരുടെ തലമുറയെ കുറിച്ചുമുള്ള വിശദാംശങ്ങൾ തുടർന്നുവായിക്കാം. വലിയ ചേക്കുഹാജിയുടെ പിൻതലമുറയെയും കണ്ടെത്താൻ ഇൗ അന്വേഷണത്തിൽ​ സാധിക്കുകയുണ്ടായി.

ചൂഷകവർഗത്തെ വിറപ്പിച്ച ചാവേർ പോരാളികൾ

ബ്രിട്ടീഷ്​-ജന്മി അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും അവരുടെ കർഷകദ്രോഹ നടപടികൾക്കെതിരെയും 1800 കൾ മുതൽ മാപ്പിളമാരുടെ നേതൃത്വത്തിൽ നടന്ന ചാവേർ പോരാട്ടങ്ങളിലെ ഒടുവിലെ അധ്യായമായിരുന്നു 1919 ലെ നെൻമിനി പോരാട്ടം. പ്രസ്​തുത പോരാട്ടത്തിന്​ നേതൃത്വം നൽകിയ പെരിമ്പലം സ്വദേശി കൂരിമണ്ണിൽ പാറപ്പുറത്ത്​ വലിയ ചേക്കുഹാജിയുടെ നേതൃത്വത്തിലുള്ള 11 പോരാളികളെ സംബന്ധിച്ച വിവരം​ ആം​േഗ്ലാ-മാപ്പിള യുദ്ധം എന്ന പുസ്​തകത്തി​ൽ വായിക്കാം.

മരണമുറപ്പിച്ചുള്ള പോരാട്ടങ്ങളായിരുന്നു അവയെല്ലാം. എതിരാളികൾ ഒരു നിലക്കും തോൽപ്പിക്കാൻ കഴിയാത്തവിധം ശക്​തരാവുക, അവരാൽ നിരന്തരം ​ദ്രോഹിക്ക​പ്പെടുകയും അപമാനിപ്പിക്കപ്പെടുകയും ചെയ്യുക, എന്തുചെയ്​താലും അവരുടെ ദ്രോഹത്തിനും പീഡനത്തിനും അറുതിവരുത്താൻ കഴിയാത്ത സാഹചര്യമുണ്ടാവുക, തങ്ങളുടെ ഭാഗത്താണ്​ നീതിയും ന്യായവും എന്ന ഉറച്ചബോധ്യമുണ്ടാകുക... ഇത്തരം സാഹചര്യത്തിൽ പൊരുതി മരിക്കുക എന്ന അന്തിമവഴി അക്കാലത്ത്​ മാപ്പിളമാർക്കിടയിൽ പൊതുവായുണ്ടായിരുന്നു. മമ്പുറം തങ്ങൻമാർ ഉൾപ്പെടുന്ന അക്കാലത്തെ ആത്​മീയ നേതൃത്വം അവർക്ക്​ ഇത്തരം ചാവേർ ആക്രമണങ്ങൾക്ക്​ അനുമതി നൽകുകയുമുണ്ടായി.

ജന്മിയായിരുന്ന കടക്കോട്ടിൽ ഭവദാസൻ നമ്പൂതിരി, വലിയ ചേക്കുഹാജി പരമ്പരാഗതമായി താമസിച്ചിരുന്ന പാറപ്പുറത്ത്​ കുടിയിരുപ്പ്​ പറമ്പ്​ ഒഴിപ്പിക്കാനുള്ള കേസിൽ വിജയിച്ചതാണ്​ പോരാട്ടത്തി​െൻറ പെട്ടന്നുണ്ടായ കാരണം. വലിയ ചേക്കുഹാജിയുടെ ബന്ധു തന്നെയായ കൂരിമണ്ണിൽ പട്ടിയിൽ ചേക്കുഹാജിയുടെ ഒത്താശയോടെയാണ്​ ജന്മി അന്ന്​ കേസിൽ വിജയിച്ചത്​. കടക്കോട്ടിൽ ഇല്ലത്തെ കാര്യസ്​ഥനും പെരിമ്പലം പ്രദേ​ശത്തെ അക്കാലത്തെ ധനികനും പ്രമാണിയുമായിരുന്നു കൂരിമണ്ണിൽ പട്ടിയിൽ ചേക്കുഹാജി.

ഭൂമി ഒഴിപ്പിക്കൽ തിയതി പ്രഖ്യാപിച്ചതോടെ ജന്മിയെ വധിക്കാൻ തീരുമാനിക്കുന്നു വലിയ ചേക്കുഹാജി. അനുയായികൾക്കൊപ്പം കടക്കോട്ടിൽ ഇല്ലത്തെത്തിയ ചേക്കു ഹാജിയെ ഭയന്ന്​ കാവൽക്കാരൻ കുഞ്ഞിമുഹമ്മദ്​ ജന്മിയെ ഒളിപ്പിച്ചു. പുലരും വരെ അവിടെ നിന്ന ചേക്കുഹാജി അനുയായികൾക്കൊപ്പം പന്തലൂർ വഴി നെന്മിനിയിലെത്തി. ഇതിനിടയിൽ അക്രമികളായ പല ജന്മിമാരെയും കൂട്ടാളികളെയും സംഘം വധിച്ചു. പിന്നെ നെന്മിനിയി​െല പ​േട്ടരിത്തൊടി ഇല്ലം കൈയേറി അവിടെയിരിപ്പായി. ഇൗ സമയത്താണ്​ ബ്രിട്ടീഷ്​ പാദസേവകനായ ആനക്കയം ചേക്കഅധികാരി, വലിയ ചേക്കുഹാജിയെ പിന്തിരിപ്പിക്കാനായി ഇല്ലത്തെത്തുന്നത്​. ചേക്കുഹാജിയുടെ ബന്ധു കൂടിയായിരുന്നു ചേക്കഅധികാരി.

''നീ എന്ത്​ കുറ്റം ചെയ്​താലും ഞാൻ രക്ഷിക്കാം, എ​െൻറ കൂടെ ഇറങ്ങിവരണം'' എന്നായിരുന്നു അധികാരിയുടെ ഒാഫർ.

''അംശം അധികാരി അയാളുടെ പണിയെടുത്താൽ മതി'' എന്നായിരുന്നു ഇതിനുള്ള വലിയ ചേക്കു ഹാജിയുടെ മറുപടി. ഇതെ തുടർന്ന്​ അധികാരി സ്​റ്റേഷനിൽ വിളിച്ച്​ പട്ടാളത്തോട്​ വരാൻ പറഞ്ഞു. പട്ടാളമെന്നാൽ ബ്രിട്ടീഷ്​ പട്ടാളം.

പോരാളികൾ ഉച്ചത്തിൽ തക്​ബീർ മുഴക്കി. ചേക്കുഹാജി അവസാനമായി വിളിച്ചുപറഞ്ഞു.

''ഞങ്ങൾ വീട്ടിലേക്ക്​ മടങ്ങിച്ചെല്ലാൻ ഇറങ്ങിയവരല്ല-
ഭൂമിയിൽ ഇനി ഞങ്ങളുടെ ബാക്കിയുള്ളവർക്കെങ്കിലും
നീതി ലഭിക്കാൻ ഏറ്റവും വലിയ കോടതിയിൽ
ഹരജി കൊടുക്കാൻ പോവുകയാണ്​ ഞങ്ങൾ''

പട്ടാളവുമായുള്ള ഉഗ്രയുദ്ധത്തിൽ ചേക്കുഹാജിയുൾപ്പെടെ 11 പോരാളികളും വീരമൃത്യു വരിച്ചു. (2)

കൂരിമണ്ണിൽ പാറപ്പുറത്ത്​ കുടുംബം പെരിമ്പലം പൊറ്റമ്മൽ^ആനപ്പാറ റോഡിൽ താമസിക്കുന്നു. വലിയ ചേക്കുഹാജിയുടെ നേർ പിൻമുറക്കാരും ഇവിടെ തന്നെ താമസിക്കുന്നു. ഇതേ കുടുംബത്തിലെ കാരണവരായ 87 കാരനായ കൂരിമണ്ണിൽ പാറപ്പുറത്ത്​ മോയിൻ ഹാജി, ചേക്കുഹാജിയെ സംബന്ധിച്ച്​ ചില സുപ്രധാന വിവരങ്ങൾ പങ്ക​ുവെച്ചു.

''കുട്ടിക്കാലം മുതലേ വലിയ ചേക്കു ഹാജി എന്ന പോരാളിയെ കുറിച്ച്​ കേട്ടിരുന്നു. ഇവിടെ വളപ്പിലായിരുന്നു അവർ താമസിച്ചിരുന്നത്​. കൂരിമണ്ണിൽ പാറപ്പുറത്ത്​ മാനുവി​െൻറ (ഇപ്പോൾ ആനപ്പാറ റോഡിൽ താമസിക്കുന്നു) പിതാവ്​ ഒരു ചേക്കുഹാജി ആയിരുന്നു. അദ്ദേഹത്തി​െൻറ പിതാവ്​ മൊയ്​തീൻകുട്ടി മേസ്​തിരി. അദ്ദേഹത്തി​െൻറ പിതാവാണ്​ ​നെന്മിനി പോരാട്ടത്തിന്​ നേതൃത്വം നൽകിയ വലിയ ചേക്കുഹാജി.​ ഞങ്ങളുടെ കുടുംബത്തിൽ പെട്ട ആൾ തന്നെയായിരുന്നു അദ്ദേഹം. അന്ന്​ ഇൗ പ്രദേശമൊക്കെ കടക്കോട്ടിൽ ഇല്ലക്കാരുടെ അധീനതയിലായിരുന്നു.

പുഴയുടെ നേരെ അക്കരെയായിരുന്നു കടക്കോട്ടിൽ ഇല്ലം. ഇല്ലത്തെ പിൻമുറക്കാർ ഇപ്പോഴും അവിടെ തന്നെയുണ്ട്​. ജന്മി 12 വർഷത്തേക്ക്​ കുടിയാന് ഭൂമി​​ ചാർത്തിക്കൊടുക്കും. പിന്നെ മറ്റൊരാൾക്ക്​ കൊടുക്കും. കർഷ​കരോടും കുടിയാൻമാരോടും ചില്ലറ ദ്രോഹമൊന്നുമല്ല അന്ന്​ ജന്മിയും കൂട്ടരും ചെയ്​തത്​. ആ കാലത്ത്​ കുറേ നായർ കുടുംബങ്ങൾ ഇൗ ഭാഗത്തെല്ലാം താമസിച്ചിരുന്നു. പിന്നീട്​ അവരെല്ലാം ഇവിടെനിന്ന്​ പോയി. കടക്കോട്ടിൽ ജന്മിയുടെ ഉപദ്രവം സഹിക്കവെയ്യാതെയാണ്​ വലിയ ചേക്കുഹാജി ആക്രമണത്തിന്​ മുതിർന്നത്​. ജന്മിയെ പിരടിക്ക്​ വെട്ടിയെങ്കിലും വെട്ട്​ തൂണിനാണ്​ കൊണ്ടത്​. നല്ല ആഴത്തിലുള്ള ആ അടയാളം കുറേകാലം ഇല്ലത്തി​െൻറ തൂണിൽ കാണാമായിരുന്നു.'' മോയിൻ ഹാജി പറഞ്ഞു.

വലിയ ചേക്കുഹാജിയെ പിൻതലമുറയെ കുറിച്ച്​ മോയിൻഹാജി പറഞ്ഞ വിവരങ്ങൾ സ്​ഥിരീകരിക്കുന്നുണ്ട്​ പെരിമ്പലം പൊറ്റമ്മൽ സ്വദേശിയും നാട്ടിലെ ആദ്യകാല വിദ്യാഭ്യാസ പ്രവർത്തകനുമായ 75 കാരനായ തണ്ടായത്ത്​ മണ്ണംപറമ്പത്ത്​അബ്​ദുറഹ്​മാൻ എന്ന കുഞ്ഞിപ്പ. കുഞ്ഞിപ്പ കാക്കയുടെ ഉമ്മ കദിയുമ്മ ഹജ്ജുമ്മ കൂരിമണ്ണിൽ പാറപ്പുറത്ത്​ കുടുംബക്കാരിയാണ്​. പിതാവ്​ മൊയ്​തീൻകുട്ടി മേസ്​തിരി. അദ്ദേഹത്തി​െൻറ പിതാവ്​ വലിയ ചേക്കുഹാജിയും. പൊറ്റമ്മൽ ആനപ്പാറ റോഡിൽ വട്ടാണ്​ എന്ന പറമ്പിലായിരുന്നു വലിയ ചേക്കുഹാജി താമസിച്ചിരുന്നതെന്നും കുഞ്ഞിപ്പ കൂട്ടിച്ചേർക്കുന്നു.

എന്തുകൊണ്ട്​ ജന്മിക്കെതിരെ?

നിയമവും നിയമസംവിധാനങ്ങളും നികുതിവ്യവസ്​ഥയുമെല്ലാം ജന്മിമാരെ സഹായിക്കാൻ പാകത്തിലുള്ളതായിരുന്നു അന്ന്​. നിയമത്തി​െൻറ മറപിടിച്ചും അല്ലാതെയും മാപ്പിള^കീഴാള​ കർഷകരെ ചൂഷണം ചെയ്യലും പീഡിപ്പിക്കലും ജന്മിമാർക്ക്​ ഹരമായിരുന്നു അന്ന്​. മലബാർ ടിപ്പുവി​െൻറ അധീനതയിലായിരുന്ന കുറഞ്ഞ കാലം മാത്രമായിരുന്നു ഇൗ സ്​ഥിതിയിൽ മാറ്റമുണ്ടായിരുന്നത്​. ടിപ്പു നടപ്പാക്കിയ ഭൂപരിഷ്​കരണ നടപടികൾ മാപ്പിള-ദലിത്​ കർഷകർക്ക്​ വലിയ ആശ്വാസമായിരുന്നു. 1792 ൽ മൂന്നാം ആം​േഗ്ലാ-മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷുകാരോട്​ പരാജയപ്പെട്ട ടിപ്പുസുൽത്താൻ ശ്രീരംഗപട്ടണം ഉടമ്പടിക്ക്​ നിർബന്ധിതനായി. ഇതോടെ മലബാറിന്​ മേലുള്ള നിയന്ത്രണം ടിപ്പുവിന്​ നഷ്​ടപ്പെട്ടു. തുടർന്ന്​ ബ്രിട്ടീഷുകാർ മലബാറി​െൻറ നിയന്ത്രണം ഏറ്റെടുക്കുകയും ജന്മിമാരെ കയറൂരി വിടുകയും ചെയ്​തു.

ഇതിനെതിരായ രോഷാഗ്​നിയായിരുന്നു 1800 മുതൽ 1921 വരെ നീണ്ടുനിന്ന മാപ്പിള കർഷകരുടെ ​പോരാട്ടങ്ങൾ. ജന്മിമാരിൽ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു എന്നതുകൊണ്ട്​ ഇവയെ ഹിന്ദുവിരുദ്ധ കലാപമായി ചിത്രീകരിക്കാൻ ശ്രമങ്ങളുണ്ടായിട്ടുണ്ട്​. അതിൽ ഒട്ടും വാസ്​തവമില്ല. ജന്മിയുടെ മതമായിരുന്നില്ല, ചൂഷണവും പീഡനവും ആയിരുന്നു പോരാളികളുടെ വിഷയം. ജന്മിമാർക്ക്​ ഒത്താശ ചെയ്​തിരുന്നവരിൽ പലരും മാപ്പിളമാരായിരുന്നു.

ഇവരെയും വെറുതെവിട്ടിട്ടില്ല പോരാളികൾ. ജന്മിമാർക്കെതിരെ മാത്രമുള്ള പോരാട്ടവുമായിരുന്നില്ല അത്​. ജന്മിമാർ കുടിയാൻമാരിൽനിന്ന്​ അന്യായമായി പിരിക്കുന്ന നികുതിപ്പണത്തിലെ പങ്കുപറ്റിയാണ്​ വെള്ളപ്പട്ടാളം തടിച്ചുകൊഴുത്തത്​. കണക്കില്ലാത്ത നികുതിപ്പണം കിട്ടുന്നത്​ കൊണ്ടുതന്നെ ജന്മിമാർക്ക്​ അനുകൂലമായി നിയമങ്ങൾ ചു​െട്ടടുക്കാനും നടപ്പാക്കാനും ബ്രിട്ടീഷുകാർ ശ്രമിച്ചു. വഴങ്ങാത്തവരെയും എതിർക്കുന്നവരെയും കുടിയിറക്കാനും പീഡിപ്പിക്കാനും കൊല്ലാനും ബ്രിട്ടീഷ്​ പട്ടാളത്തെ ജന്മിമാർക്ക്​ സഹായത്തിനായി വിട്ടുകൊടുക്കുകയും ചെയ്​തു. ചേക്കു ഹാജി വധിക്കപ്പെടുന്നത്​ ബ്രിട്ടീഷ്​ പട്ടാളവുമായുള്ള ഏറ്റുമുട്ടലിലാണ്​ എന്ന്​ ഒാർക്കണം. ആത്യന്തികമായി അധിനിവേശ വിരുദ്ധ പോരാട്ടത്തി​െൻറ ഭാഗമായിരുന്നു വലിയ ചേക്കുഹാജിയുടെതുൾപ്പെടെയുള്ള പോരാട്ടങ്ങൾ.

പോരുകാട്ടിയ ഒരു ബാപ്പയും മക്കളും

പെരിമ്പലത്തുകാരായ ധാരാളം പേർ 1921 ലെ മലബാർ സമരത്തി​െൻറ ഭാഗമായിരുന്നതായി പഴയതലമുറ പറഞ്ഞുകേട്ടിരുന്നെങ്കിലും അവരുടെ കൃത്യമായ പേരുവിവരം ലഭിക്കുന്നത്​ ഇൗയിടെയാണ്​. പെരിമ്പലത്തുകാരനായ പി.ടി. ഇസ്​മായിൽ മാസ്​റ്ററാണ്​ അദ്ദേഹത്തി​െൻറ പിതാമഹൻ, സ്വാതന്ത്ര്യ സമരത്തിൽ രക്​തസാക്ഷിത്വം വരിച്ച പിലാത്തോട്ടത്തിൽ കമ്മദുമൊല്ലയെ കുറിച്ച വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്​. കേന്ദ്ര സാംസ്​കാരിക മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഒാഫ്​ ഹിസ്​റ്റോറിക്കൽ റിസർച്ച്​ (​െഎ.സി.എച്ച്​.ആർ) 2019 ൽ പുറത്തിറക്കിയ ഡിക്​ഷനറി ഒാഫ്​ മാർടേഴ്​സ്​ -ഇന്ത്യാസ്​ ഫ്രീഡം സ്​​ട്രഗ്​ൾ 1857-1947 എന്ന സമാഹാരം ഉദ്ദരിച്ചായിരുന്നു അത്​. (3)

1921 ആഗസ്​റ്റ്​ 26 ന്​ ബ്രിട്ടീഷുകാർക്കെതിരെ നടന്ന പൂക്കോട്ടൂർ യുദ്ധത്തിൽ വീരമൃത്യു വരിച്ചവരിൽ ഒരാളായിരുന്നു കമ്മദ്​ മൊല്ല. അദ്ദേഹത്തി​െൻറ പിതാവ്​ മൊയ്​തീൻ മൊല്ല, ജ്യേഷ്​ഠൻ കുഞ്ഞഹമ്മദ് മൊല്ല ​എന്നിവരും ഇതേപോരാട്ടത്തിൽ രക്​തസാക്ഷികൾ ആയവരാണ്​.​ കമ്മദ്​ മൊല്ലയുടെ മകൻ പിലാത്തോട്ടത്തിൽ മുഹമ്മദ്​ മാസ്​റ്ററുടെ മകനാണ്​​ പി.ടി. ഇസ്​മായിൽ മാസ്​റ്റർ. കമ്മദ് മൊല്ലയുടെ മൂത്തമകൻ മൊയ്തീൻ മൊല്ലയുടെ മകനാണ് പരേതനായ ഗഫൂർ മൊല്ലാക്ക. ഗഫൂർ മൊല്ലാക്കയുടെ കുടുംബവും സഹോദരങ്ങളുമൊല്ലം വെറ്റിലപ്പാറയിലെ പിലാത്തോട്ടത്തിൽ തറവാടിന്‍റെ പരിസരത്ത് തന്നെയാണ് താമസിക്കുന്നത്. മതാധ്യാപനത്തിൽ ഏർപ്പെട്ടിരുന്ന മൊല്ലമാരുടെ കുടുംബമാണ് പിലാത്തോട്ടത്തിൽ. പൂർവ പിതാമഹനും രക്തസാക്ഷിയുമായ മൊയ്തീൻ മൊല്ല മുതൽ ഇപ്പോൾ ജീവിക്കുന്ന തലമുറ വരെ നീളുന്നു ഇൗ ഇസ്ലാമിക പണ്ഡിത ശ്രേണി.

''എ​െൻറ വല്ലിപ്പ ഉൾപ്പെടുന്ന രണ്ട്​ മക്കളും അവരുടെ ബാപ്പയും ഒരുമിച്ചാണ്​ യുദ്ധത്തിന്​ പോയത്​. പെരിമ്പലത്തുകാരായ ഒരു ബാപ്പയും മക്കളും പൂക്കോട്ടൂരിൽ വെള്ളക്കാർക്കെതിരെ യുദ്ധത്തിന്​പോയി ശഹീദായി എന്നാണ്​ കുട്ടിക്കാലത്ത്​ വാപ്പയും മൂത്താപ്പയുമെല്ലാം പറഞ്ഞുകേട്ടിരുന്നത്​. വല്ലിപ്പ മരിക്കു​േമ്പാൾ എ​െൻറ ഉപ്പ മുഹമ്മദ്​ മാസ്​റ്റർ നന്നെ ചെറിയ കുട്ടിയാണ്​. അതുകൊണ്ട്​ തന്നെ വല്ലിപ്പയെ കുറിച്ച വിവരങ്ങൾ പരിമിതമാണ്​.

പോത്തുവെട്ടിപ്പാറ യുദ്ധത്തിൽ രക്​തസാക്ഷിയായ കമ്മദു മൊല്ലയുടെ പേരമകൻ പി.ടി. ഇസ്​മായിൽ മാസ്​റ്റർ

കുഞ്ഞുനാളിൽ പൂക്കോട്ടൂരിനടുത്ത്​ പോത്തുവെട്ടിപ്പാറയിലുള്ള ഇവരുടെ ഖബറുകൾ പിതാവി​െൻറ ജ്യേഷ്​ഠൻ മൊയ്​തീൻ മൊല്ലയുടെ കൂടെ സന്ദർശിച്ചിരുന്നു. അന്നുപോയ സ്​ഥലം കൃത്യമായി എവിടെയാണെന്ന്​ ഒാർത്തെടുക്കാൻ കഴിയുന്നില്ല. 1921 വിപ്ലവത്തിൽ പ​െങ്കടുത്തതിന്​ ബ്രിട്ടീഷുകാർ പിടികൂടിയ പെരിമ്പലം സ്വദേശി തെക്കേടത്ത്​ ചൂണ്ടാമ്പാലി മൊയ്​തീൻ ബെല്ലാരി ജയിലിൽ കുറേകാലം കിടന്നിരുന്നു. ഇതി​െൻറ പേരിൽ മൊയ്​തീൻ കാക്കയുടെ ഭാര്യക്ക്​​ സ്വാതന്ത്ര്യസമര പെൻഷൻ ലഭിച്ചിരുന്നു. ഇൗ കുടുംബം ഇപ്പോഴും പെരിമ്പലത്തുണ്ട്​. ഇളയോടത്ത്​ ബീരാൻ ഹാജി, നെച്ചികണ്ടൻ മായിൻകാക്ക എന്നിവരും ബെല്ലാരി ജയിലിൽ കിടന്നു. മായിൻകാക്കയുടെ ഒരു ജ്യേഷ്​ഠനെ അന്തമാനിലേക്ക്​ നാടുകടത്തുകയുണ്ടായി.'' ഇസ്​മായിൽ മാസ്​റ്റർ പറയുന്നു. മൊയ്​തീൻ മൊല്ലയുടെ മറ്റൊരു മകനായ പോക്കർ മുസ്​ലിയാരും 1921 ൽ അറസ്​റ്റ്​ ചെയ്യപ്പെട്ട്​ ജയിലിൽ കിടന്നിട്ടുണ്ട്​. അതെ കുറിച്ച്​ പ്രത്യേകമായി തന്നെ വിവരിക്കുന്നുണ്ട്​.

അതേസമയം, ആഗസ്​റ്റ്​ 26 ൽ നടന്ന പൂക്കോട്ടൂർ യുദ്ധത്തിൽ തന്നെയാകണമെന്നില്ല ഇവർ രക്​തസാക്ഷികളായതെന്ന്​ ഗവേഷകനും മാധ്യമപ്രവർത്തകനുമായ ​സമീൽ ഇല്ലിക്കൽ പറയുന്നു. പൂക്കോട്ടൂർ യുദ്ധത്തിന്​ ശേഷവും ഇതേ ഭാഗത്ത്​ ചെറുത്തുനിൽപ്പുകൾ ഉണ്ടായിട്ടുണ്ട്​. 1921 ഒക്​ടോബർ 20നാണ്​ മൊറയൂരിനടുത്ത പോത്തുവെട്ടിപ്പാറയിലെ കുന്നി​െൻറ മുകളിൽ കയറി ഒരു കൂട്ടം മാപ്പിളമാർ തമ്പടിച്ചു. അവർ വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയുടെ അനുയായികൾ ആയിരുന്നു. ബ്രിട്ടീഷ്​ പട്ടാളം ഇതുവഴി കടന്നുവരു​േമ്പാൾ ഗറില ആക്രമണം നടത്താനായിരുന്നു പോരാളികളുടെ പദ്ധതി. 250 ഒാളം മാപ്പിളമാർ ഇവിടെ തമ്പടിച്ചിരുന്നതായി ബ്രിട്ടീഷ്​ രേഖകൾ പറയുന്നു. ഇൗ ഏറ്റുമുട്ടലിൽ 35 നും 40 നും ഇടയിൽ ആളുകൾ മരിച്ചതായി പറയപ്പെടുന്നു. പോത്തുവെട്ടിപ്പാറയുടെയും സ്​കൂളിന്‍റെയും പിൻഭാഗത്തായാണ്​ രക്​തസാക്ഷികളുടെ ഖബറുകൾ ഉള്ളത്​. പെരിമ്പലത്തുകാരായ നെച്ചിക്കണ്ടൻ മമ്മദു, പിലാത്തോട്ടത്തിൽ മൊയ്​തീൻമൊല്ല, അദ്ദേഹത്തി​െൻറ മക്കളായ കമ്മദു മൊല്ല, കുഞ്ഞഹമ്മദ്​ എന്നിവർ ഇൗ പോരാട്ടത്തിൽ രക്​തസാക്ഷികളായി. നെച്ചിക്കണ്ടൻ മമ്മദുവി​െൻറ സഹോദരങ്ങളായ ​പെരിമ്പലത്തുകാരൻ തന്നെയായ നെച്ചിക്കണ്ടൻ മായിൻകാക്കയെയും ഇത്തേലുവിനെയും ഇൗ സമരവുമായി ബന്ധപ്പെട്ട്​ ബ്രിട്ടീഷ്​ പട്ടാളം പിടികൂടുകയും ചെയ്​തു. പിന്നീട്​ ഒൗദ്യോഗിക രേഖകൾ തയാറാക്കു​േമ്പാൾ പോത്തുവെട്ടിപ്പാറയിലെ രക്​തസാക്ഷികളെയും ആഗസ്​റ്റ്​ 26 ​െല യുദ്ധത്തി​െൻറ കണക്കിൽ പെടുത്തിയതാകാനാണ്​ സാധ്യത. ''​ സമീൽ ഇല്ലിക്കൽ പറയുന്നു.

പോത്തുവെട്ടിപ്പാറ യുദ്ധത്തിൽ 16 പേരാണ്​ രക്​തസാക്ഷികളായതെന്ന്​ പൂക്കോട്ടൂർ സ്വദേശിയായ കാരാടൻ മുഹമ്മദ്​ രേഖപ്പെടുത്തുന്നുണ്ട്​. സമരക്കാർ തമ്പടിച്ച വിവരം ബ്രിട്ടീഷുകാർക്ക്​ നാട്ടുകാരനായ ഒരാൾ ഒറ്റിയെന്നും അത്​ ഉപയോഗപ്പെടുത്തി പിൻവശത്തൂടെ വന്ന്​ ബ്രിട്ടുഷുകാർ സമരക്കാരെ നേരി​െട്ടന്നും അദ്ദേഹം പറയുന്നു.

''മോ​ങ്ങം കൊണ്ടോട്ടി റോഡിൽ സഞ്ചരിച്ചിരുന്ന പട്ടാളക്കാരുമായി പോത്തുവെട്ടിപ്പാറയിൽ വെച്ച്​ ഏറ്റുമുട്ടിയ മാപ്പിളസേനാനികളിൽ 16 പേർ മരണപ്പെട്ടു. ഇവിടെ പാട്ടാളക്കാർ കൊടിത്തൊടി അഹമ്മദ്​ കുട്ടിഹാജിയുടെ നിർദേശാനുസരണം പിൻഭാഗത്തുകൂടി വന്നാണ്​ മുസ്​ലിംകളെ വെടിവെച്ചത്​. ഇൗ സംഭവത്തിന്​ ശേഷം പാപ്പിനിപ്പുറത്ത്​ പട്ടാളക്കാർ നരനായാട്ടു നടത്തിയതി​െൻറ ഫലമായി 13 പേർ മരിക്കുകയും ഒ​േട്ടറെ വീടുകൾ അഗ്​നിക്കിരയാക്കുകയും ചെയ്​തു.'' (4)

''കമ്മദ്​ മൊല്ലയുടെ ഭാര്യ, അഥവാ എ​െൻറ വല്ലിമ്മ കുഞ്ഞീതുമ്മ അക്കാലത്ത്​ പെരിമ്പലത്ത്​ ഒാത്തുപള്ളി നടത്തിയിരുന്നു. അടുത്ത പ്രദേശങ്ങളിൽനിന്നെല്ലാം കുട്ടികൾ ഇവിടെ വന്ന്​ പഠിച്ചിരുന്നു.'' ഇസ്​മായിൽ മാസ്​റ്റർ പറഞ്ഞു. പെൺകുട്ടികൾക്ക്​ വിദ്യാഭ്യാസം ഏറെക്കുറെ അസാധ്യമായിരുന്നു കാലത്ത്​ ഒരു മാപ്പിളപ്പെണ്ണ്​ ഒാത്തുപള്ളി നടത്തിയിരുന്നു എന്ന വിവരം കൗതുകകരമാണ്​. കാക്കമൂലക്കൽ കുഞ്ഞായിഷ (2007 ൽ മരണം) കുഞ്ഞീതുമ്മയുടെ ഒാത്തുപള്ളിയെ കുറിച്ചും അവിടെ പഠിച്ചിരുന്ന കുടുംബത്തിലെ കുട്ടികളെ കുറിച്ചും അവർ ജീവിച്ചിരുന്ന കാലത്ത്​ തന്നോട്​ പറഞ്ഞിരുന്നതായും ഇസ്​മായിൽ മാസ്​റ്റർ ഒാർക്കുന്നു. ഇൗ ലേഖക​െൻറ മുത്ത്യല്ലിമ്മ ( ഉമ്മയുടെ ഉപ്പയുടെ ഉമ്മ ) ആണ്​ കാക്കമൂലക്കൽ കുഞ്ഞായിഷ. കാക്കമൂലക്കൽ ഇണ്ണ്യാറുട്ടി ഹാജിയുടെ സഹോദരി. വീട്​ പെരിമ്പലത്തി​െൻറ നേരെ അക്കരെയായിരുന്നു (പടിഞ്ഞാറ്റുമ്മുറി). കുട്ടിക്കാലത്ത്​ പുഴയിൽ കുളിക്കാൻ പോകു​േമ്പാൾ വെള്ള യൂനിഫോമിട്ട ബ്രിട്ടീഷ്​ പട്ടാളക്കാർ പാറപ്പുറത്ത്​ പുകവലിച്ചിരിക്കുന്നത്​ കാണാറു​ണ്ടെന്ന്​ മുത്ത്യല്ലിമ്മ ഇൗ ലേഖകനോട്​ പറഞ്ഞതോർക്കുന്നു.

നെച്ചിക്കണ്ടൻ കുടുംബത്തിന്‍റെ പങ്ക്​

പെരിമ്പലത്തെ പ്രബല കുടുംബമാണ്​ നെച്ചിക്കണ്ടൻ. പെരിമ്പലം പള്ളിപ്പടിയിലെ അടക്കാക്കളം ഒക്കെ ഇവരുടെ ഉടമസ്​ഥതയിൽ പെട്ടതാണ്​. കൂട്ടിലങ്ങാടി മുഞ്ഞക്കുളത്ത്​ നിന്ന്​ സി.ഇ 1800 കളുടെ അവസാനമാണ്​ നെച്ചിക്കണ്ടൻ കുടുംബം പെരിമ്പല​ത്തേക്ക്​ വരുന്നത്​. നെച്ചിക്കണ്ടൻ അഹമ്മദ്​ ആയിരുന്നു ആദ്യമായി പെരിമ്പലത്ത്​ വന്നുതാമസിച്ച നെച്ചിക്കണ്ടൻ കുടുംബാംഗം. അദ്ദേഹത്തി​െൻറ ഭാര്യ ബിരിയക്കുട്ടി ഇന്നാട്ടുകാരിയായിരുന്നു. ഇൗ ദമ്പതിമാർക്ക്​ ആറ്​ മക്കളായിരുന്നു. മൂത്തയാൾ നെച്ചിക്കണ്ടൻ കുഞ്ഞാലി.

നെച്ചിക്കണ്ടൻ കുടുംബം. നടുവിൽ അൻഡമാനിലേക്ക്​ നാടുകടത്തപ്പെട്ട മായിൻ കാക്കയും ഭാര്യയും. പിൻ നിരയിൽ വലത്തുനിന്ന്​ നാലാമതുള്ള വ്യക്​തിയൊഴികെയുള്ളവർ മായിൻ കാക്കയുടെ മക്കളാണ്​. 

1921 ലെ പോത്തുവെട്ടിപ്പാറ യുദ്ധത്തിൽ പ​​െങ്കടുത്തുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇദ്ദേഹത്തി​െൻറ ഖബർ പെരിമ്പലം മഹല്ല്​ ജുമാമസ്​ജിദ്​ ഖബർസ്​ഥാനിലാണ്​ മറവ്​ ചെയ്​തത്​. ഇൗ ഖബർസ്​ഥാനിൽ മറവു ചെയ്യുന്ന ആദ്യ മയ്യിത്ത്​ ആയിരുന്നു കുഞ്ഞാലിയുടെത്​. ഇദ്ദേഹത്തി​െൻറ മക്കളെ സംബന്ധിച്ച്​ വിവരം ലഭ്യമല്ല. രണ്ടാമത്തെ മകൻ മമ്മദു പോത്തുവെട്ടിപ്പാറ യുദ്ധത്തിൽ രക്​തസാക്ഷിയായി. പോത്തുവെട്ടിപ്പാറയിൽ തന്നെയുള്ള ഏഴ്​ ഖബറുകളിൽ ഒന്ന്​ ഇദ്ദേഹത്തി​െൻറതാണെന്നും അവിടെ സിയാറത്ത്​ ചെയ്യാറുണ്ടെന്നും മമ്മദുവി​െൻറ സഹോദര പുത്രൻ നെച്ചിക്കണ്ടൻ ഉമർ പറയുന്നു.

അന്തമാനിലെ പെരിമ്പലത്തുകാരൻ

1921 ലെ വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷുകാർ 1400 മാപ്പിളമാരെ അന്തമാനിലേക്ക്​ നാടുകടത്തിയതായി ബ്രിട്ടീഷ്​ രേഖകൾ പറയുന്നു (5)

ജയിൽ മോചിതരായ ശേഷം മിക്കവരും അവിടെ തന്നെ തങ്ങി. പുതിയ ഗ്രാമവ്യവസ്​ഥയും ചുറ്റുപാടും അവിടെ സൃഷ്​ടിച്ച അവർ സ്​ഥലങ്ങൾക്ക്​ മലബാറിലെ സ്​ഥലനാമങ്ങൾ തന്നെ നൽകി. മഞ്ചേരി, തിരൂർ തുടങ്ങിയ പ്രദേശങ്ങൾ ഇപ്പോഴും അൻഡമാൻ ദ്വീപുകളിൽ ഉണ്ട്​.

പെരിമ്പലത്തുകാരായ രണ്ട്​ പേരും ഇങ്ങനെ നാടുകടത്തപ്പെട്ടവരിൽ ഉണ്ടായിരുന്നു. നെച്ചിക്കണ്ടൻ അഹമ്മദി​െൻറ മുന്നാമത്തെ മകൻ ഇത്തേലുവും നാലാമത്തെ മകൻ മായിനും. പോത്തുവെട്ടിപ്പാറ യുദ്ധത്തെ തുടർന്ന്​ അറസ്​റ്റിലായ ഇരുവരെയും ബ്രിട്ടീഷുകാർ അന്തമാനിലേക്ക്​ നാടുകടത്തി. കുറച്ചുകാലം ജയിലിൽ കിടന്ന ഇത്തേലു അവിടെനിന്ന്​ തന്നെ വിവാഹം കഴിച്ചു. അന്തമാനിൽ തന്നെയാണ്​ മരണപ്പെട്ടത്​. അതിലുണ്ടായ മക്കൾ പെരിമ്പലത്തെ നെച്ചിക്കണ്ടൻ കുടുംബവുമായി ബന്ധം പുലർത്തിയിരുന്നു. ഇത്തേലുവി​െൻറ മകൻ ആറ്​ വർഷം മുമ്പ്​ മരിച്ചു. ഇൗ മക​െൻറ മകൻ കേരളത്തിൽനിന്നാണ്​ വിവാഹം കഴിച്ചത്​. പെരിമ്പലത്തെ ബന്ധുക്കളുമായി ബന്ധം പുലർത്തുന്നുണ്ട്​.

നാലാമ​െൻറ മകൻ നെച്ചിക്കണ്ടൻ മായി​െൻറ കുടുംബമാണ്​ ഇപ്പോൾ പെരിമ്പലത്തുള്ള നെച്ചിക്കണ്ടൻ കുടുംബം. ഇൗ നാലു മക്കളെ കൂടാതെ ആച്ചുട്ടി, കുഞ്ഞിക്കദിയുമ്മ എന്നീ പെൺമക്കളും അഹമ്മദിനുണ്ടായിരുന്നു. ഇതിൽ ആച്ചുട്ടിയെ പെരിമ്പലത്തും കുഞ്ഞിക്കദിയുമ്മയെ കടൂപ്പുറം പള്ളി ഖബർസ്​ഥാനിലുമാണ്​ മറമാടിയത്​.

ഇന്ദിരഗാന്ധിയിൽനിന്ന്​ താമ്രപത്രം വാങ്ങിയ മായിൻ കാക്ക

സ്വാതന്ത്ര്യ സമരത്തിൽ പ​െങ്കടുത്തതിന്​ കേന്ദ്ര സർക്കാറി​െൻറ താമ്രപത്രം വാങ്ങിയ വ്യക്​തിയാണ്​ പെരിമ്പലം പള്ളിപ്പടിയിലെ നെച്ചിക്കണ്ടൻ മായിൻ കാക്ക. ചെമ്പിൽ തീർത്ത ഇൗ അനുമോദന പത്രം അദ്ദേഹത്തി​െൻറ മകനായ ഉമറി​െൻറ വീട്ടിൽ ഉണ്ട്​.

ഇന്ദിരഗാന്ധി തിരുവനന്തപുരത്ത്​ വന്നപ്പോഴാണ്​ ഇതി​െൻറ വിതരണം നടന്നത്​. 1972 ആഗസ്​റ്റ്​ 15 എന്ന്​ താമ്രപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്​. ഇത്പക്ഷേ, വിതരണം ചെയ്​ത തിയതി തന്നെയാകണം എന്നില്ല. താമ്രപത്രം ഇഷ്യൂ ചെയ്​ത തിയതിയായിരിക്കണം.

''തിരുവന്തപുരത്ത്​നിന്ന്​ വാപ്പാക്ക്​ വിളി വന്നു. പ്രധാനമന്ത്രി വരുന്നുണ്ട്​, തിരുവനന്തപുരത്തേക്ക്​ വരണമെന്നായിരുന്നു അവർ പറഞ്ഞത്​. അതുപ്രകാരം വാപ്പ തിരുവനന്തപുരം പോയി. കേന്ദ്രത്തി​െൻറയും സംസ്​ഥാനത്തി​െൻറയും സ്വാതന്ത്ര്യ സമര പെൻഷനുകൾ വാപ്പാക്ക്​ ലഭിച്ചിരുന്നു. സംസ്​ഥാന പെൻഷൻ 18 രൂപയും കേന്ദ്ര പെൻഷൻ 21 രൂപയും ആയിരുന്നു. ആ കാലത്ത്​ അത്​ വലിയ സംഖ്യയാണ്​. ഇതിന്​ പുറമെ ചികിത്സ പൂർണമായും സൗജന്യമായിരുന്നു. മറ്റൊരുപാട്​ ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. വാപ്പാ​െൻറ മരണ ശേഷം ഉമ്മ മറിയുമ്മക്ക്​ പെൻഷൻ ലഭിച്ചു. ​

 സ്വാതന്ത്ര്യസമരത്തിൽ പ​െങ്കടുത്തതിന്​ മായിൻകാക്ക പ്രധാനമന്ത്രി ഇന്ദിരഗാന്ധിയിൽനിന്ന്​ ഏറ്റുവാങ്ങിയ താമ്രപത്രം

15ാം വയസ്സിലാണ്​ സഹോദരൻ കുഞ്ഞാലിക്കും മമ്മദിനുമൊപ്പം ​മായിൻ പോത്തുവെട്ടിപ്പാറ യുദ്ധത്തിന്​ പോകുന്നത്​. പട്ടാളം പിടികൂടി അന്തമാനിലേക്ക്​ നാടുകടത്തിയെങ്കിലും മൈനർ എന്ന പരിഗണന അദ്ദേഹത്തിന്​ ജയിലിൽ ലഭിച്ചിരുന്നു. ജയിൽ മോചനത്തിന്​ ശേഷം ഏതാനും വർഷം ആൻഡമാനിൽ താമസിച്ച അദ്ദേഹം അവിടെനിന്ന്​ തന്നെ വിവാഹവും കഴിച്ചു. അതിൽ ഒരു മകനുണ്ടായിരുന്നു. കുറച്ചു വർഷങ്ങൾക്ക്​ ശേഷം കുടുംബസമേതം നാട്ടിലേക്ക്​ മടങ്ങാൻ അദ്ദേഹം തീരുമാനിച്ചെങ്കിലും ഭാര്യ കൂടെ പോരാൻ തയാറായില്ല.

അവരുടെ കുടുംബത്തി​െൻറ എതിർപ്പായിരുന്നു കാരണം. ഒറ്റക്ക്​ നാട്ടിലേക്ക്​ പോന്ന മായിൻ കാക്ക പിന്നീട്​ സഹോദരി ആച്ചുട്ടിക്കൊപ്പം അന്തമാനിലേക്ക്​ പോയി. ഭാര്യയെയും മകനെയും കൂട്ടിക്കൊണ്ടുവരലായിരുന്നു ലക്ഷ്യമെങ്കിലും ഭാര്യ പോരാൻ കൂട്ടാക്കിയില്ല. എന്നാൽ, മകനെ ഇവരോടൊപ്പം വിട്ടു. ഇൗ കുട്ടി പെരിമ്പലത്ത്​ കുറച്ചുകാലം ജീവിച്ചെങ്കിലും വൈകാതെ മരണപ്പെട്ടു. ശേഷം മുള്ളൂർക്കരയിൽനിന്ന്​ ഒരു വിവാഹം കഴിച്ചു. അതിൽ അലിയാർ എന്ന മകൻ ഉണ്ടായിരുന്നു. അദ്ദേഹം മരിച്ചു. പെരിമ്പലത്ത്​ തന്നെയാണ്​ മറവുചെയ്​തത്​. പിന്നീട്​ കടൂപ്പുറത്ത്​നിന്ന്​ വിവാഹം കഴിച്ചു. അതിൽ ഒരു പെൺകുട്ടിയുണ്ടായി. പേര്​ ഫാത്തിമ. അവർ മരണപ്പെട്ടു.

അതിന്​ ശേഷമാണ്​ പടിഞ്ഞാറ്റുമ്മുറി സ്വദേശിനി പെരച്ചീരി മറിയുമ്മയെ വിവാഹം ചെയ്യുന്നത്​. ഇതിൽ 12 മക്കളുണ്ടായി. ഒമ്പതുപേർ ഇന്ന്​ ജീവിച്ചിരിപ്പുണ്ട്​. ആൺമക്കളെല്ലൊം പെരിമ്പലത്ത്​ തന്നെയാണ്​ താമസം. നെച്ചിക്കണ്ടൻ കുഞ്ഞിമുഹമ്മദ്​ ഹാജി, ഹംസ, ഹാജറുമ്മ ഹജ്ജുമ്മ, അബു, കുഞ്ഞാലി, മൈമൂന (പരേത), മൈമൂന, അലവി, ഉസ്​മാൻ, അബ്ബാസ്​ (പരേതൻ), ഉമർ, നഫീസ (പരേത) എന്നിവരാണ്​ മായിൻ ഹാജിയുടെ മക്കൾ.

നെച്ചിക്കണ്ടൻ മായിൻ 1992 ജൂലൈ രണ്ടിനും ഭാര്യ മറിയുമ്മ 1997 ഒക്​ടോബർ അഞ്ചിനും മരിച്ചു.

ബെല്ലാരി നിറച്ച പെരിമ്പലത്തുകാർ

മലബാർ വിപ്ലവകാരികളെ കൂടുതലും പാർപ്പിച്ചത്​ കർണാടകയിലെ കുപ്രസിദ്ധമായ ബെല്ലാരി ജയിലിൽ ആയിരുന്നു. സമരനായകരായിരുന്ന ഇ.മൊയ്​തു മൗലവിയും മുഹമ്മദ്​ അബ്​ദുറഹ്​മാൻ സാഹിബും മോഴിക്കുന്നത്ത്​ ബ്രഹ്​മദത്തൻ നമ്പൂതരിപ്പാടുമെല്ലാം ഇവിടെ ജയിൽവാസം അനുഭവിച്ചവരാണ്​. 17,000 ഒാളം മാപ്പിളമാർ 1921 കാലയളവിൽ ബെല്ലാരി ക്യാമ്പ്​ ജയിലിൽ ഉണ്ടായിരുന്നതായി ഇ. മൊയ്​തുമൗലവി പറയുന്നുണ്ട്​. (6)

ലഭ്യമായ വിവരമനുസരിച്ച്​ പെരിമ്പലത്തുകാരായ എഴ്​ പേർ 1921 മലബാർ വിപ്ലവത്തിലെ തടവുകാരായി ബെല്ലാരി ജയിലിൽ കിടന്നിട്ടുണ്ട്​.

അവരുടെ പേരുവിവരം ഇങ്ങനെ:

പിലാതോട്ടത്തിൽ പോക്കർ മുസ്​ലിയാർ, കൂരിമണ്ണിൽ പാറപ്പുറത്ത്​ കുഞ്ഞിമൊയ്​തീൻകുട്ടി, വെള്ളേ​ങ്ങൽ അവറാൻകുട്ടി, വട്ടക്കണ്ടത്തിൽ കുഞ്ഞാലൻ, ഇ​ളയോടത്ത്​ ബീരാൻ, തെക്കേടത്ത്​ ചൂണ്ടാമ്പാലി മൊയ്​തീൻ, കൂരിമണ്ണിൽ വടക്കേ മേലേമണ്ണിൽ കുഞ്ഞാലി.

1. പിലാത്തോട്ടത്തിൽ പോക്കർ മുസ്​ലിയാർ

പോത്തുവെട്ടിപ്പാറ യുദ്ധത്തിൽ രക്​തസാക്ഷിയായ മൊയ്​തീൻ മൊല്ലയുടെ ഇളയ മകനായിരുന്നു പോക്കർ മുസ്​ലിയാർ. ഇദ്ദേഹത്തി​െൻറ രണ്ട്​ ജ്യേഷ്​ഠ സഹോദരങ്ങളും പ്രസ്​തുത യുദ്ധത്തിൽ വീരമൃത്യു വരിച്ചതായി നേരത്തെ സൂചിപ്പിച്ചതാണ്​. പോത്തുവെട്ടിപ്പാറ യുദ്ധത്തിൽ പോക്കർ മുസ്​ലിയാർ പ​െങ്കടുത്തിരുന്നില്ല. മതപരമായി ഉന്നത വിദ്യാഭ്യാസം ലഭിച്ച പോക്കർ മുസ്​ലിയാർ വള്ളിക്കാപ്പറ്റ മഹല്ലി​െൻറ ഖാദിയായി 22 വർഷം പ്രവർത്തിച്ചു.

അവിടം മതിയാക്കി പെരിമ്പലത്തെത്തിയ അദ്ദേഹം പെരിമ്പലം ഖാദിയായി ചുമതലയേറ്റെങ്കിലും അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന്​ സ്വമേധയാ സ്​ഥാനം ഉപേക്ഷിക്കുകയുണ്ടായി. 1921 ൽ വിപ്ലവം മലബാറിൽ പടർന്നുപിടിക്കാനുണ്ടായ കാരണങ്ങളിലൊന്ന്​ തിരൂരങ്ങാടി പള്ളി ബ്രിട്ടീഷുകാർ കൈയേറി നശിപ്പിച്ചു, മമ്പുറം മഖാം നശിപ്പിച്ചു എന്നിത്യാദി കിംവദന്തികളായിരുന്നു. മാപ്പിളമാരെ അപകടത്തിൽ ചാടിക്കാൻ ബ്രിട്ടീഷ്​ ഏജൻറുമാർ ബോധപൂർവം പടച്ചുവിട്ട നുണയായിരുന്നു ഇത്​. ഇന്നത്തെ പോലെ വാർത്ത മാധ്യമങ്ങൾ ഇല്ലാതിരുന്ന കാലത്തും പക്ഷേ, കിംവദന്തികൾ പരക്കാൻ അധികസമയം വേണ്ടിവരില്ല. എന്നാൽ, സത്യവസ്​ഥ പ്രചരിപ്പിക്കാൻ ഏറെ പ്രയാസകരമാണ്​ താനും. സ്വാതന്ത്ര്യ സമരസേനാനികളായ ഇ. മൊയ്​തു മൗലവി ഉൾപ്പെടെയുള്ളവരുമായി വ്യക്​തി ബന്ധം ഉണ്ടായിരുന്ന പോക്കർ മുസ്​ലിയാർ ഏറ്റെടുത്ത ദൗത്യം മലബാറി​െൻറ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച്​ വാസ്​തവം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു. ഇതുസംബന്ധിച്ച്​ പിതാവിൽനിന്ന്​ കേട്ട വിവരങ്ങൾ മുസ്​ലിയാരുടെ മകൾ മൈമൂന പറയുന്നതിങ്ങനെ.

''തിരൂരങ്ങാടി പള്ളി കത്തിച്ചിട്ടില്ല എന്നെഴുതിയ പോസ്​റ്റർ പരസ്യം ചെയ്യലായിരുന്നു വാപ്പയുടെ പ്രധാന ജോലി. ഇതിനായി പല നാടുകൾ സഞ്ചരിച്ചു. പകൽ പുറത്തിറങ്ങിയാൽ പട്ടാളം പിടികൂടും. അതിനാൽ രാത്രി മാത്രമായിരുന്നു സഞ്ചാരം. പകൽ നേരങ്ങളിൽ കാടുകളിൽ ഒളിച്ചുപാർക്കും. 1921 ൽ പുളിക്കലിൽനിന്ന്​ വാപ്പയുടെ സുഹൃത്തുക്കളായ കുറേ മൗലവിമാരെ പട്ടാളം പിടികൂടിയിരുന്നു. വലിയമണ്ണിൽകാരാണ്​ വാപ്പയെ കുറിച്ച വിവരം പട്ടാളത്തിന്​ കൈമാറിയത്​. സ്​റ്റേഷനിൽ ചെല്ലാൻ ആവശ്യപ്പെട്ടപ്പോൾ വാപ്പ അത്​ അനുസരിച്ചു. അവിടെനിന്ന്​ അറസ്​റ്റ്​ ചെയ്​ത്​ ​െബല്ലാരിയിൽ കൊണ്ടുപോയി. 14 വർഷം തടവായിരുന്നു വാപ്പക്ക്​ വിധിച്ച ശിക്ഷ. എന്നാൽ, നാല്​ വർഷമായപ്പോൾ ശിക്ഷ ഇളവ്​ ചെയ്​തു. മടങ്ങി നാട്ടിലെത്തിയ വാപ്പ നേരെ ചെന്നത്​ ഉമ്മ മറിയുമ്മയുടെ തറവാടായ വണ്ടൂർ കരുമാരത്തൊടിക വീട്ടിലായിരുന്നു. കരുമാരത്തൊടിക ബീരാ​െൻറ മകളായിരുന്നു ഉമ്മ. അവർ അന്ന്​ അവിടത്തെ ധനാഢ്യകുടുംബമാണ്​. ഉമ്മയുടെ വീട്ടുകാർ വാപ്പയോട്​ അവിടെതന്നെ താമസിക്കാൻ പറ​ഞ്ഞെങ്കിലും എ​െൻറ ജ്യേഷ്​ഠ​െൻറ യത്തീംമക്കൾ നാട്ടിലുണ്ട്​, അവരെ സംരക്ഷിക്കണം, പോയേ പറ്റൂ എന്നായിരുന്നു വാപ്പയുടെ നിലപാട്​. അങ്ങനെ പെരിമ്പലത്തെത്തിയ ഉപ്പ, ഉപ്പയുടെ ഒരു എളാപ്പയുടെ വീട്ടിൽ താമസമാക്കി. ഇൗ എളാപ്പ ഹജ്ജിന്​ പോയപ്പോൾ മരിച്ചതാണ്​. മക്കളൊന്നുമുണ്ടായിരുന്നില്ല എന്നാണ്​ തോന്നുന്നത്​. പോത്തുവെട്ടിയിൽ ശഹീദായ ജ്യേഷ്​ഠൻമാരുടെ മക്കൾ ഉപ്പയുടെ തണലിലാണ്​ ഇൗ വീട്ടിൽ വളർന്നത്​. വള്ളിക്കാപ്പറ്റയിൽ 23 വർഷം ഖാദിയായി മതിയായാണ്​​ വാപ്പ പോന്നത്​. പിന്നെ ഇവിടെ ഖാദിയായി. പിന്നീട്​ പല അഭിപ്രായ വ്യത്യാസങ്ങളും പള്ളിയെ ചൊല്ലി ഉണ്ടായി. പള്ളി പൂട്ടുന്ന അവസ്​ഥ വന്നപ്പോൾ വാപ്പ പറഞ്ഞു, ''അല്ലാ​ഹുവിെൻറ പള്ളിയാണ്​, പൂട്ടാൻ പറ്റില്ല, ഞാൻ ഖാദി സ്​ഥാനം ഒഴിയുകയാണ്​.'' അങ്ങനെ വാപ്പ സ്​ഥാനം ഒഴിഞ്ഞു. എ​െൻറ കല്യാണമൊക്കെ കഴിഞ്ഞ്​ മക്കളൊക്കെ ഉണ്ടായി കുറേ കഴിഞ്ഞാണ്​ ഉപ്പ മരിച്ചത്​. '' 80 കാരിയായ മൈമൂന പറഞ്ഞുനിർത്തി. ഉപ്പക്ക്​ സ്വാതന്ത്ര്യ സമര പെൻഷൻ ഒന്നും കിട്ടിയിരുന്നില്ലെന്നും മൈമൂന പറയുന്നു. മഞ്ചേരിയിലാണ്​ അവർ താമസം. ഭർത്താവ്​ പരേതനായ പി.എം. കുഞ്ഞിമാൻ.

ബെല്ലാരി ജയിലിൽ കിടന്ന പിലാത്തോട്ടത്തിൽ പോക്കർ മുസ്​ലിയാരുടെ മക്കളായ മൈമൂനയും നഫീസയും

മൈമൂനയെ കൂടാതെ നാല്​ മക്കൾ പോക്കർ മുസ്​ലിയാർക്കുണ്ടായിരുന്നു. മൂത്തയാൾ അബ്​ദുല്ല, കസ്​റ്റംസിൽ ജോലി ചെയ്​ത വ്യക്​തിയായിരുന്നു. പിന്നെയുള്ളയാൾ അബ്​ദുറഹ്​മാൻ പട്ടാളത്തിലായിരുന്നു. അബ്​ദുല്ലയും അബ്​ദുറഹ്​മാനും മരിച്ചു. പരേതയായ ഫാത്തിമയാണ് മറ്റൊരു മകൾ.  ഇളയ മകൾ സഫിയ തൃപ്പനച്ചിയിൽ താമസിക്കുന്നു.

പോക്കർ മുസ്​ലിയാരെ കുറിച്ച്​ വാപ്പ കുഞ്ഞിമൊയ്​തീൻകുട്ടിയിൽനിന്ന്​ കേട്ട വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്​ മോയിൻഹാജി. '' വാപ്പയും പോക്കർ മുസ്​ലിയാരും ബെല്ലാരി ജയിലിൽ ഒരുമിച്ചായിരുന്നു. ജയിലിൽ മതപഠന ക്ലാസ്​ എടുക്കാനും ഖുത്തുബ നടത്താനുമെല്ലാം പോക്കർ മുസ്​ലിയാർക്ക്​ അവസരം ലഭിച്ചിരുന്നതായി വാപ്പ പറഞ്ഞുതന്നിരുന്നു.''

2. കൂരിമണ്ണിൽ പാറപ്പുറത്ത്​ കുഞ്ഞിമൊയ്​തീൻകുട്ടി

തുടക്കത്തിൽ സൂചിപ്പിച്ച ​നെന്മിനി സമരനായകൻ വലിയ ചേക്കുഹാജിയുടെ കുടുംബത്തിലാണ്​ കുഞ്ഞിമൊയ്​തീൻകുട്ടി യുടെ ജനനം. പൊറ്റമ്മൽ ആനപ്പാറ റോഡിൽ ആയിരുന്നു വീട്​. 1921 ൽ വിപ്ലവത്തിൽ പ​െങ്കടുത്തു എന്ന കുറ്റം ചുമത്തി പട്ടാളം അറസ്​റ്റ്​ ചെയ്​തു. '' വാപ്പ സമരത്തിലൊന്നും നേരിട്ട്​ പ​െങ്കടുത്തതായി അറിവില്ല. സാധു പ്രകൃതക്കാരനായിരുന്നു. കൃഷിയും മറ്റുമായി ഒതുങ്ങിക്കൂടുന്ന സ്വഭാവക്കാരനായിരുന്നു. ആരോ ഒറ്റിയതാണ്​ വാപ്പയെ. അങ്ങനെയാണ്​ അറസ്​റ്റ്​ ചെയ്യാനുള്ളവരുടെ ലിസ്​റ്റിൽ പെടുന്നത്​. ഒമ്പത്​ കൊല്ലമാണ്​ ബെല്ലാരി ജയിലിൽ കിടന്നത്​.''

ബെല്ലാരി ജയിലിൽ കിടന്ന കുഞ്ഞിമൊയ്​തീൻ കുട്ടിയുടെ മകൻ കൂരിമണ്ണിൽ പാറപ്പുറത്ത്​ മോയിൻ ഹാജി

മകൻ മോയിൻ ഹാജി പറഞ്ഞു. സിയാലി മരക്കാരകത്ത്​ സാധു കുഞ്ഞായിഷ ആയിരുന്നു കുഞ്ഞിമൊയ്​തീൻകുട്ടിയുടെ ഭാര്യ. ദമ്പതികൾക്ക്​ മോയിൻ ഹാജിയെ കൂടാതെ നാല്​ മക്കളുണ്ട്​. മുഹമ്മദ്​, കോയ ഹാജി, പാത്തുമ്മ, ഖദീജ. ഇവരിൽ മോയിൻ ഹാജി മാത്രമാണ്​ ജീവിച്ചിരിക്കുന്നത്​. 1963 ഒക്​ടോബറിലാണ്​ കുഞ്ഞിമൊയ്​തീൻകുട്ടി മരിക്കുന്നത്​. ത​െൻറ ഒരു മകന്​ വാപ്പയുടെ പേര്​ തന്നെയാണ്​ മോയിൻഹാജി നൽകിയത്​^കുഞ്ഞിമൊയ്​തീൻകുട്ടി (ബാപ്പു മാസ്​റ്റർ). ​ജയിലിൽ കിടന്നതി​െൻറ രേഖ ലഭ്യമല്ലാത്തതിനാൽ കുഞ്ഞിമൊയ്​തീൻകുട്ടിക്ക്​ സംസ്​ഥാന പെൻഷൻ മാത്രമാണ്​ ലഭിച്ചത്​.

3. വെള്ളേങ്ങൽ അവറാൻകുട്ടി

പെരിമ്പലം പൊറ്റമ്മൽ സ്വദേശിയായിരുന്ന വെള്ളേങ്ങൽ അവറാൻകുട്ടിയെ 1921 ൽ ബ്രിട്ടീഷ്​ പട്ടാളം അറസ്​റ്റ്​ ചെയ്​ത്​ ബെല്ലാരിയിലേക്ക്​ അയച്ചു. 14 വർഷമാണ്​ ജയിലിൽ കിടന്നത്​. ''വായപ്പാറപ്പാടി 22 ലേക്ക്​ ചെല്ലാനാണ് വാപ്പയോട്​​ പൊലീസ്​ പറഞ്ഞത്​. അവിടെ ചെന്നപ്പോൾ അറസ്​റ്റ്​ ചെയ്​തു. 14 കൊല്ലം ബെല്ലാരി ജയിലിൽ കിടന്നു. 1954 ലാണ്​ ഉപ്പ മരിക്കുന്നത്​. പിന്നീട്​ ഏറെ വർഷങ്ങൾ കഴിഞ്ഞാണ്​ ഉമ്മാക്ക്​ പെൻഷൻ ലഭിക്കുന്നത്​.

1981ൽ ഞാനും അയൽവാസിയായ വട്ടക്കണ്ടത്തിൽ മുഹമ്മദ്​ ഹാജിയും ഇളയോടത്ത്​ ഹംസയും കൂരിമണ്ണിൽ പാറപ്പുറത്ത്​ കുഞ്ഞഹമ്മദും കൂടി ബെല്ലാരിയിൽ പോയി. ജയിൽ സൂപ്രണ്ടിനെ കണ്ടു വാപ്പ ജയിലിൽ കിടന്നതി​െൻറ സർട്ടിഫിക്കറ്റ്​ വാങ്ങലായിരുന്നു ലക്ഷ്യം. പെൻഷൻ കിട്ടാൻ ഇതാവശ്യമായിരുന്നു. മുഹമ്മദ്​ ഹാജിയുടെയും ഹംസയുടെയും വാപ്പമാർ ബെല്ലാരിയിൽ കിടന്നിരുന്നു. കുഞ്ഞഹമ്മദ്​ അദ്ദേഹത്തി​െൻറ അമ്മായിയുടെ ഭർത്താവ്​ ജയിലിൽ കിടന്നതി​െൻറ രേഖകിട്ടാനാണ്​ പോന്നത്​. രേഖ അവിടെനിന്ന്​ ലഭിച്ചു. ''

ബെല്ലാരി ജയിലിൽ കിടന്ന വെള്ളേങ്ങൽ അവറാൻ കുട്ടിയുടെ മകൻ അബ്​ദുല്ല

അവറാൻകുട്ടിയുടെ ജീവിച്ചിരിപ്പുള്ള ഏക സന്തതി വെള്ളേങ്ങൽ അബ്​ദുല്ല പറഞ്ഞു. പെരിമ്പലം പൊറ്റമ്മലാണ്​ അബ്​ദുല്ല താമസിക്കുന്നത്​. വെങ്ങാലൂർ സ്വദേശിനി പാത്തുമ്മ ആയിരുന്നു അവറാൻകുട്ടിയുടെ ഭാര്യ. ദമ്പതിമാർക്ക്​ അബ്​ദുല്ലയെ കൂടാതെ കദിയുമ്മ, കുഞ്ഞിമുഹമ്മദ്​​ എന്നീ മക്കളുമുണ്ടായിരുന്നു.

4. വട്ടക്കണ്ടത്തിൽ കുഞ്ഞാലൻ

പൊറ്റമ്മൽ സ്വദേശി തന്നെയായിരുന്നു വട്ടക്കണ്ടത്തിൽ കുഞ്ഞാലനും. 1921 മായി ബന്ധപ്പെട്ട്​ തന്നെയാണ്​ ഇദ്ദേഹത്തെയും ബെല്ലാരിയിൽ അടക്കുന്നത്​. '' ഏഴ്​ കൊല്ലം ജയിലിൽ കിടന്നതി​െൻറ രേഖയാണ്​ ബെല്ലാരിയിൽ ചെന്നപ്പോൾ കിട്ടിയത്​. എന്നാൽ, 13 കൊല്ലം വാപ്പ ബെല്ലാരിയിൽ കിടന്നതായി ഉപ്പ പറഞ്ഞ്​ ഒാർമയുണ്ട്​. ഉമ്മാക്ക്​ സംസ്​ഥാന പെൻഷൻ കിട്ടിയിരുന്നു, കേന്ദ്ര പെൻഷൻ ശരിയാകും മു​േമ്പ അവർ മരിച്ചു'' മകൻ വട്ടക്കണ്ടത്തിൽ മുഹമ്മദ്​ഹാജി പറയുന്നു.

ബെല്ലാരി ജയിലിൽ കിടന്ന വട്ടക്കണ്ടത്തിൽ കുഞ്ഞാല​െൻറ മകൻ മുഹമ്മദ്​ ഹാജി

മച്ചിങ്ങൽ ഉമ്മാത്ത ആയിരുന്നു കുഞ്ഞാല​െൻറ ഭാര്യ. കുഞ്ഞലവി, പാത്തുമ്മു, റുഖിയ എന്നിവരാണ്​ മറ്റു മക്കൾ. ഇതിൽ കുഞ്ഞലവിയും പാത്തുമ്മുവും മരിച്ചു.

5. ഇളയോടത്ത്​ ബീരാൻ

പെരിമ്പലം താമസിച്ചിരുന്ന ഇളയോടത്ത്​ ബീരാൻ ബ്രിട്ടീഷ്​ പട്ടാളത്തിൽ ശിപായി ആയിരുന്നു. ബീരാൻ കാക്കയെ കുറിച്ച്​ മകൻ ഹംസ ഒാർക്കുന്നതിങ്ങനെ.

''കാബൂൾ അടക്കമുള്ള പ്രദേശങ്ങളിൽ പട്ടാളത്തി​െൻറ കൂടെ വാപ്പ സഞ്ചരിച്ചിട്ടുണ്ട്​. 1921 അവസാനത്തിലാണ്​ വാപ്പ പട്ടാളത്തിൽനിന്ന്​ മടങ്ങിപ്പോരുന്നത്​. സമരം ശക്​തി പ്രാപിച്ച ഘട്ടമായിരുന്നു അത്​. ആയിടക്കാണ്​ വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദാജിയുടെ പട്ടാളത്തിൽ ഉണ്ടായിരുന്ന കണ്ണ​ച്ചെത്ത്​ കോയണ്ണി വാപ്പയെ കാണാൻ വരുന്നത്​. ഏത്​ നിമിഷവും ബ്രിട്ടീഷ്​ പട്ടാളം പിടിക്കുമെന്നും എവിടേക്കെങ്കിലും നാടുവിട്ടുപോകാൻ അഞ്ച്​ രൂപ തന്ന്​ സഹായിക്കണമെന്നുമായിരുന്നു അയാളുടെ അഭ്യർഥന. വാപ്പയുടെ കൈയിൽ കൂടുതൽ കാശൊന്നും ഉണ്ടായിരുന്നില്ല. എന്നാലും അത്യാവശ്യത്തിനല്ലേ എന്ന്​ കരുതി അഞ്ചുറുപ്പിക കൊടുത്തു. പട്ടാളത്തിൽനിന്ന്​ പെൻഷനായി മണിയോർഡർ ആയി കിട്ടിയ പണം ആയിരുന്നു അത്​. പോകുന്ന വഴിക്ക്​ എവിടെ നിന്നോ കോയണ്ണിയെ പട്ടാളം പിടിച്ചു. അവർ നേരെ അയാളെം കൂട്ടി വന്നത്​ വാപ്പാ​െൻറ അടുത്തേക്ക്​. ഒപ്പം വലിയമണ്ണിൽകാരനായ ഒരു മേസ്​രിയുമുണ്ടായിരുന്നു. അകത്ത്​ കയറിയ ഉദ്യോഗസ്​ഥനോട്​ വാപ്പ ത​െൻറ നിരപരാധിത്വം ബോധിപ്പിച്ചു. അയാൾക്ക്​ കാര്യങ്ങൾ മനസ്സിലാവുകയും ചെയ്​തു.

ബെല്ലാരി ജയിലിൽ കിടന്ന ഇളയോടത്ത്​ ബീരാ​െൻറ മകൻ ഹംസ

എന്നാൽ, ഇൗ വലിയമണ്ണിക്കാരൻ മേസിരി അങ്ങനെ വിടാൻ പറ്റില്ലെന്ന്​ വാശിപിടിച്ചു. അങ്ങനെയാണ്​ വാപ്പയെ അറസ്​റ്റ്​ ചെയ്​ത്​ കൊണ്ടുപോകുന്നത്​. മൂന്ന്​ വർഷം വാപ്പ ബെല്ലാരി ജയിലിൽ കിടന്നു. സ്വാതന്ത്ര്യം ലഭിച്ച്​ കുറേകാലം കഴിഞ്ഞാണ്​ വാപ്പാക്ക്​ പെൻഷൻ കിട്ടിയത്​. വാപ്പയുടെ കാലശേഷം എളേമ പാത്തുമ്മക്കും അത്​ കിട്ടി. ജയിൽ മോചിതനായി വന്ന ശേഷം പച്ചകറിയും വെറ്റിലയും മറ്റും കൃഷി ചെയ്​ത്​ ഉപജീവനം നടത്തി ബാപ്പ''-ഹംസ ഒാർത്തെടുത്തു.

ബീരാൻ കാക്കയുടെ ആദ്യ ഭാര്യ പാലേംപടിയൻ ഇമ്മാത്തുട്ടി ആയിരുന്നു. ഇതിൽ നാല്​ മക്കൾ. പാത്തുമ്മ, മുഹമ്മദ്​, നഫീസ, ഹംസ. ഇതിൽ ഹംസ മാത്രമാണ്​ ജീവിച്ചിരിപ്പുള്ളത്​. പെരിമ്പലം തൻവീറുൽ ഇസ്​ലാം മദ്​റസയുടെ അഭിമുഖമായാണ്​ ഹംസാക്കയുടെ വീട്​. 1960 ൽ മഞ്ചേരി സ്​കൂളിൽനിന്ന്​ എസ്​.എസ്​.എൽ.സി വരെ പഠിച്ച വ്യക്​തിയാണ്​ ഹംസ. ആ കാലത്ത്​ വലിയ വിദ്യാഭ്യാസമാണ്​ അത്​.

6. തെക്കേടത്ത്​ ചൂണ്ടാമ്പാലി മൊയ്​തീൻ

പെരിമ്പലം വെറ്റിലപ്പാറ ചൂണ്ടാമ്പാലിയിലായിരുന്നു തെക്കേടത്ത്​ മൊയ്​തീ​െൻറ തറവാട്ട​ു വീട്​. ചെറു പ്രായത്തിലാണ്​, 1921 ൽ ബെല്ലാരിയിലേക്ക്​ പട്ടാളം കൊണ്ടുപോകുന്നത്​. എത്ര കൊല്ലം ജയിലിൽ മൊയ്​തീൻ കിടന്നു എന്നത്​ സംബന്ധിച്ച്​ മക്കൾക്ക്​ വ്യക്​തതയില്ല. പെരിമ്പലം പുളിക്കൽ കുന്നിൽ താമസിക്കുന്ന 85 കാരനായ മൂത്തമകൻ അസൈനാർ വാപ്പയെ കുറിച്ച്​ ഒാർക്കാൻ ശ്രമിച്ചു.

ബെല്ലാരി ജയിലിൽ കിടന്ന തെക്കേടത്ത്​ ചൂണ്ടാമ്പാലി മൊയ്​തീ​െൻറ മകൻ അസൈനാർ

''കുറേ കാലം ജയിലിൽ കിടന്നതായി വാപ്പ പറഞ്ഞിട്ടുണ്ട്​. സമരത്തിൽ പ​െങ്കടുത്തിരുന്നോ എന്നൊന്നും അറിയില്ല. അന്ന്​ സമരത്തിൽ പ​െങ്കടുക്കുകയൊന്നും വേണ്ട അറസ്​റ്റ്​ ചെയ്യാൻ. അവർക്ക്​ തോന്നിയവരെ അവർ പിടിച്ചുകൊണ്ടുപോകും. 1949 ലാണ്​ വാപ്പ മരിക്കുന്നത്​. ഉമ്മ തിത്തുട്ടിക്ക്​ സ്വാതന്ത്ര്യ സമര പെൻഷൻ കിട്ടിയിരുന്നു.'' അഹമ്മദ്​, കുഞ്ഞബ്​ദുല്ല, അലവി, ആയിഷ, അബൂബക്കർ, മൊയ്​തീൻ എന്നിവരാണ്​ മറ്റുമക്കൾ. അസൈനാരും അലവിയും മാത്രമാണ്​ ഇപ്പോൾ ജീവിച്ചിരിക്കുന്നത്​.

7. കൂരിമണ്ണിൽ വടക്കേ മേലേമണ്ണിൽ കുഞ്ഞാലി

പെരിമ്പലം പൊറ്റമ്മലിൽ താമസിച്ചിരുന്ന കൂരിമണ്ണിൽ മേലേമണ്ണിൽ കുഞ്ഞാലിയെ കുറിച്ച്​ പരിമിതമായ വിവരങ്ങൾ മാത്രമാണ്​ ലഭ്യമായത്​. ഇദ്ദേഹവും ബെല്ലാരി ജയിലിൽ കിടന്നിരിക്കാനാണ്​ സാധ്യത. പരേതനായ കെ.വി.എം. യൂസുഫി​െൻറ മാതാവ്​ പാത്തുമ്മക്ക്​ (പാത്തുമ്മ അമ്മായി എന്നാണ്​ ഇവരെ വിളിച്ചിരുന്നത്​) സ്വാതന്ത്ര്യ സമര പെൻഷൻ ലഭിച്ചിരുന്നു എന്ന വിവരത്തി​െൻറ അടിസ്​ഥാനത്തിലാണ്​ അന്വേഷണം നടത്തിയത്​. ആനക്കയം ജി.യു.പി സ്​കൂളിൽനിന്ന്​ പ്രധാനാധ്യാപകനായി വിരമിച്ച പെരിമ്പലം എണങ്ങാംപറമ്പ്​ സ്വദേശി ടി. മൊയ്​തു മാസ്​റ്ററാണ്​ അദ്ദേഹത്തി​െൻറ പേര്​ കുഞ്ഞാലി എന്നാണെന്ന്​ സ്​ഥിരീകരിച്ചത്​. കുഞ്ഞാലി കാക്കയെ താൻ കണ്ടിട്ടുണ്ടെന്നും മൊയ്​തു മാസ്​റ്റർ പറയുന്നു. ഏത്​ സമരത്തിലാണ്​ കുഞ്ഞാലി കാക്ക പ​​െങ്കടുത്തത്​, എത്രകാലം ജയിലിൽ കിടന്നു എന്നത്​ സംബന്ധിച്ച്​ വിവരങ്ങൾ ലഭ്യമാകാനുണ്ട്​. കുഞ്ഞാലി കാക്കയുടെ രണ്ടാം തലമുറ (മകൻ യൂസ​ുഫി​െൻറ മക്കൾ) പെരിമ്പലം പൊറ്റമ്മലിൽ ഉണ്ട്​.

പിന്നെയും 12 പോരാളികൾ

ചക്കാലക്കുന്നൻ കുടുംബത്തിലെ മൂന്നു രക്​തസാക്ഷികളുടെയും വിവരങ്ങൾ ചക്കാലക്കുന്നൻ കുടുംബ കൂട്ടായ്​മ ഭാരവാഹിയായ ആനക്കയം സ്വദേശി അബു മാസ്​റ്റർ കൈമാറുകയുണ്ടായി.

ചക്കാലക്കുന്നൻ കുഞ്ഞു മോയു ഹാജിയും ചക്കാലക്കുന്നൻ സൈതാലിയും പോക്കർ ഹാജിയുമാണ്​ പൂക്കോട്ടൂർ യുദ്ധത്തിൽ രക്​തസാക്ഷികളായത്​. ആനക്കയം പെരിമ്പലം റോഡിൽ പമ്പ്​ ഹൗസിന്​ സമീപം താമസിക്കുന്ന തവറേങ്ങൽ ചക്കാലക്കുന്നൻ കുഞ്ഞഹമ്മദ്​ ഹാജി കുഞ്ഞു മോയു ഹാജിയുടെ തലമുറയിൽ പെട്ടതാണ്​. അദ്ദേഹത്തി​െൻറ പിതാവ്​ മോയുണ്ണി, മോയുണ്ണിയുടെ പിതാവ്​ കുഞ്ഞഹമ്മദ്​, കുഞ്ഞഹമ്മദി​െൻറ പിതാവാണ്​ കുഞ്ഞു മോയു ഹാജി. 

ശഹീദ്​ പോക്കർ ഹാജിയുടെ മകൻ അഹമ്മദ്​ ഹാജി, അഹമ്മദ്​ ഹാജിയുടെ മകൻ സി.കെ. അബ്​ദുല്ല ഹാജി ആനക്കയം മലപ്പുറം റോഡിൽ താമസിക്കുന്നു. ഇവരുടെ കുടുംബ കണ്ണികൾ പെരുന്താറ്റിരി ഭാഗത്തുണ്ട്​.

ശഹീദ്​ ചക്കാലക്കുന്നൻ സൈതാലിയുടെ മകൻ അബൂബക്കർ ഇൗരാമുടുക്കിൽ ആണ്​ താമസിച്ചിരുന്നത്​. ഇദ്ദേഹത്തി​െൻറ മരണ ശേഷം കുടുംബം വയനാട്​ തേറ്റമലയിലേക്ക്​ കുടിയേറി. ഇതിൽ ഹംസ, ഫാത്തിമ, ഉമർ, സൈനുദ്ദീൻ മുസ്​ലിയാർ എന്നീ മക്കൾ ജീവിച്ചിരിപ്പുണ്ട്​.

കേന്ദ്ര സർക്കാർ പുറത്തിറക്കിയ 'ഡിക്​ഷനറി ഒാഫ്​ മാർടേഴ്​സ്​ ^ഇന്ത്യാസ്​ ഫ്രീഡം സ്​​ട്രഗ്​ൾ 1857^1947' എന്ന സമാഹാരത്തിൽ കമ്മദുമൊല്ലക്ക്​ പുറമെ 12 പെരിമ്പലത്തുകാരെ കുറിച്ച്​ കൂടി പറയുന്നുണ്ട്​. എല്ലാവരും 1921 ആഗസ്​റ്റ്​ 26 ​െൻറ യുദ്ധത്തിൽ രക്​തസാക്ഷികളായി എന്നാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​.

ഏറാന്തൊടി അബ്​ദുറഹ്​മാൻകുട്ടി, ഏറാന്തൊടി മോയിൻകുട്ടി, ചക്കാലക്കുന്നൻ കുഞ്ഞുമോയി ഹാജി, ചക്കാലക്ക​ുന്നൻ പോക്കർ ഹാജി, ചക്കാലക്കുന്നൻ സൈതാലി, പാലേംപുലാക്കൽ കുഞ്ഞലവി, പാലേംപുലാക്കൽ കുട്ട്യാലി മൊല്ല, പാലേംപുലാക്കൽ മൊയ്​തു, പാലേംപുലാക്കൽ സൈതുട്ടി, പാറാത്തൊടി മൊയ്​തീൻകുട്ടി, തടായി മൊയ്​തു, വാളപ്പറമ്പിൽ മൊയ്​തീൻ മൊല്ല എന്നീ പെരിമ്പലത്തുകാരെ കുറിച്ചാണ്​ പ്രസ്​തുത പുസ്​തകത്തിലുള്ളത്​. ഇതിൽ പല വീട്ടുപേരുകളും ഇന്ന്​ പെരിമ്പലത്തില്ല. എന്നാൽ, ചക്കാലക്കുന്നൻമാർ ആനക്കയത്തും ഏറാന്തൊടിക്കാർ ഇൗരാമുടുക്കിലും പാറാത്തൊടിക്കാർ പാണായി​യിലുമുണ്ട്​. പാലേംപുലാക്കൽ, വാളപ്പറമ്പിൽ തുടങ്ങിയ വീട്ടുപേരുകളും ആനക്കയം പരിസരത്തുണ്ട്​. തടായി മൊയ്​തു എന്നത്​ തട്ടായി മൊയ്​തു എന്നാകാനും സാധ്യതയുണ്ട്​. ഏറാ​​ന്തൊടി തന്നെയും 'Aranthodi' എന്നാണ്​ രേഖപ്പെടുത്തിയിട്ടുള്ളത്​. ഏതായാലും​ ഇൗ രക്​തസാക്ഷികളും പെരിമ്പലത്തോ തൊട്ടടുത്ത ഭാഗങ്ങളിലോ താമസിച്ചിരുന്നവരായിരുന്നു എന്ന്​ അനുമാനിക്കാം.

ഇതിൽ കമ്മദുമൊല്ലയുടെ പിൻതലമുറയെ കുറിച്ച്​ മാത്രമാണ്​ കൃത്യമായ വിവരങ്ങൾ ലഭ്യമായത്​. കേന്ദ്ര സർക്കാർ രേഖയിൽ (Perambalam) എന്നാണ്​ സ്​ഥലനാമം കൊടുത്തിരിക്കുന്നത്​. നിലവിൽ Perimbalam എന്നാണ്​ ഉപയോഗിച്ചുവരുന്നത്​. എന്നാലും കമ്മദ്​ മൊല്ലയുടെ പേരും വിലാസവും സ്​ഥലവും ശരിയായതിനാൽ ​പെരമ്പലം എന്നത്​ മറ്റൊരു സ്​ഥലമാകാൻ വഴിയില്ല. മാത്രമല്ല, ഇൗ 12 പേരുടെയും വീട്ടുപേരുകൾ പെരിമ്പലത്തില്ലെങ്കിലും തൊട്ടടുത്ത ഭാഗങ്ങളിലുണ്ട്​ താനും. കൂടുതൽ അന്വേഷണം ഇൗ വിഷയത്തിൽ നടക്കേണ്ടതുമുണ്ട്​. ലഭ്യമായ വിവരങ്ങൾ അതതുകുടുംബങ്ങൾക്ക്​ ലേഖകൻ കൈമാറിയെങ്കിലും കൃത്യം പിൻതലമുറയെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. വൈകാതെ അത്​ പുറത്തുവരുമെന്ന്​ പ്രതീക്ഷിക്കാം.

വീരുകാട്ടിയ ഏറാന്തൊടിക്കാർ

പൂക്കോട്ടൂർ യുദ്ധത്തിൽ രക്​തസാക്ഷികളായ ഏറാന്തൊടി അബ്​ദുറഹ്​മാൻകുട്ടി, ഏറാന്തൊടി മോയിൻകുട്ടി എന്നിവരെ കുറിച്ച്​ ഉമ്മ പറഞ്ഞുകേട്ടിട്ടുണ്ടെന്ന്​ ആനക്കയം സ്വദേശി, 80 കാരനായ തോരപ്പ മൊയ്​തീൻ ഹാജി പറയുന്നു. എ​െൻറ അമ്മോൻമാരായിരുന്നു മോയിൻ കാക്കയും കുഞ്ഞയമാക്കയും. ഏറാന്തൊടിക്കാരുടെ കൂടെ 1921 ൽ പൂക്കോട്ടൂർ യുദ്ധത്തിന്​ പോകാൻ ഇവർ തുനിഞ്ഞിറങ്ങി. ഇവരുടെ ബാപ്പ പള്ളിയിൽ വെള്ളം കോരൽ പണി ചെയ്യുന്ന ആളായിരുന്നു. മക്കളായിരുന്നു അദ്ദേഹത്തെ സഹായിച്ചിരുന്നത്​. ഇവർ യുദ്ധത്തിന്​ പോകാൻ തുനിഞ്ഞതോടെ സമരനേതാക്കളോട്​, എനിക്ക്​ വെള്ളംകോരാൻ സഹായത്തിന്​ മക്കളെ വേണം, അവരെ കൊണ്ടുപോകാരുത്​ എന്ന്​ പറഞ്ഞു. അങ്ങനെ അവർ പോയില്ല. ഏറാന്തൊടിക്കാരായ കുറേ പേർ യുദ്ധത്തിന്​ പോയി. ചിലർ ശഹീദായി.

അന്ന്​ ഇൗ ഭാഗത്തെ നല്ല ഉശിരുള്ള കുടുംബമായിരുന്നു ഏറാന്തൊടിക്കാർ. മറ്റൊന്ന്​ വലിയമണ്ണിൽ കാരാണ്​. അവരെ എല്ലാർക്കും പേടിയായിരുന്നു. എന്നാൽ, ഏറാന്തൊടിക്കാർ അവരെ വകവെച്ചിരുന്നില്ല. ആനക്കയം ജുമുഅത്ത്​ പള്ളി തുടങ്ങാൻ കാരണം തന്നെ എറാന്തൊടിക്കാരുടെ വീറും വാശിയുമാണ്​. ഉമ്മ പറഞ്ഞുകേട്ട ചരിത്രമാണ്​. കാരാ​െട്ട മാമ്മ എന്നൊരു സ്​ത്രീയാണ്​ ഇൗ പള്ളിക്ക്​ സ്​ഥലം നൽകിയത്​. അവരുടെ മകൻ പുള്ളിയിലങ്ങാടി പള്ളിയിൽ ജുമുഅക്ക്​ പോയപ്പോൾ ആരോ ഹൗദിൽ തള്ളിയിട്ടു. ജുമുഅ കൂടാതെ മടങ്ങിയെത്തിയ മകനെ കണ്ട്​ ഉമ്മ പറഞ്ഞു. ''അടുത്ത ആഴ്​ച മുതൽ അവിടെ ജുമുഅക്ക്​ പോകരുത്​. എ​െൻറ സ്​ഥലത്ത്​ പന്തൽ കെട്ടിയിട്ടാണേലും പള്ളിയുണ്ടാക്കണം, ജുമുഅ തുടങ്ങണം'' എന്ന്​. അങ്ങനെ അവരുടെ മാണ്ട്യക്കത്തൊടി പള്ളിക്ക്​ വിട്ടുനിൽകി. എന്നാൽ, വലിയമണ്ണിൽകാരെ പേടിച്ച്​ ആരും പള്ളിയുമായി സഹകരിക്കില്ല എന്ന ആശങ്കയുണ്ടായി. ''എ​െൻറ കുടുംബക്കാർ ഏറാന്തൊടിക്കാർ സഹായിക്കും'' എന്നായിരുന്നു ആ ഉമ്മയുടെ മറുപടി. അത്​ സംഭവിക്കുകയും ചെയ്​തു.'' തോരപ്പ മൊയ്​തീൻ ഹാജി പറഞ്ഞുനിർത്തി.



അവലംബം
  1. റഹ്​മാൻ കിടങ്ങയം, ദേശചരിത്രവും വർത്തമാനവും^ ആനക്കയം ഗ്രാമപഞ്ചായത്ത്​, പേജ്​ 177

2. എ.കെ. കോടൂർ^ ആ​​േഗ്ലാ^മാപ്പിള യുദ്ധം, മഹ്​ബൂബ്​ ബുക്​സ്​, പേജ്​ 58
3. Dictionary of Martyrs, India's freedom struggle  (1857-1947), Ministry of culture, Govenment of india,and Indian council of  Historical Research, vol. 5, page-87
4. കാരാടൻ മുഹമ്മദ്​ പൂക്കോട്ടൂർ, ഖിലാഫത്ത്​ പ്രസ്​ഥാനവും പൂക്കോട്ടൂരും^ മലബാർ കലാപം 1921 സ്​മരണകളും പഠനങ്ങളും, പേജ്​ -185
5. അബ്​ദു ചെറുവാടി, അഗതികൾ, അനാഥകൾ, വിധവകൾ, വിജനഗ്രാമങ്ങൾ^ വാഗൺ ട്രാജഡി സ്​മരണിക, പേജ്​ 112)
6. അതേപുസ്​തകം
7. Dictionary of Martyrs, India's freedom struggle  (1857-1947), Ministry of culture, Govenment of india,and Indian council of  Historical Research, vol. 5, page-31

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.