ദ ജനറൽ

ഭൂഗോളത്തിലെ ഏറ്റവും നീളമേറിയ നൈൽ നദിക്ക് അതേപേരിൽ രണ്ട് പോഷക നദികളുണ്ട് -നീല നൈലും വെള്ള നൈലും. വെള്ള താൻസനിയയിൽനിന്നും നീല ഇത്യോപ്യയിൽനിന്നും ഉത്ഭവിച്ച് ഖർത്തൂമിൽ സംഗമിക്കുന്നതോടെയാണ് യഥാർഥ നൈൽ പിറക്കുന്നത്. അതുകൊണ്ടുതന്നെ, ഭൂമിശാസ്ത്രപരമായിത്തന്നെ ഖർത്തൂമിന് വലിയ സവിശേഷതയുണ്ട്; അന്നാട്ടിലെ പ്രാക്തന വിഭാഗമായ ഡിങ്ക ജനതയുടെ ഭാഷയിൽ ആ വാക്കിന് അർഥം കൽപിച്ചിരിക്കുന്നതുപോലും ‘നദികളുടെ സംഗമ ബിന്ദു’ എന്നാണ്. ജ്യോഗ്രഫിയിൽ ഇങ്ങനെയൊക്കെയാണെങ്കിലും, സുഡാൻ തലസ്ഥാനം കൂടിയായ ആ ദേശം വർത്തമാനകാല രാഷ്ട്രീയത്തിൽ സംഘർഷങ്ങളുടെ സംഗമബിന്ദുവായി പരിണമിച്ചിരിക്കുന്നു. രണ്ടാഴ്ചയായി നടന്നുകൊണ്ടിരിക്കുന്ന കൂട്ടപ്പൊരിച്ചിലിൽ 600 പേർക്കെങ്കിലും ജീവൻ നഷ്ടമായി എന്നാണ് കണക്ക്. സംഗതി ആഭ്യന്തര സംഘർഷമാണ്. ഇങ്ങനെ പറയുമ്പോൾ, ഒരുവശത്ത് ഏകാധിപത്യ ഭരണകൂടവും അല്ലെങ്കിൽ സൈന്യവും മറുവശത്ത് നിരായുധരായ ജനാധിപത്യവാദികളുമൊക്കെയാണെന്ന് തെറ്റിധരിക്കേണ്ട. ഒരേ രാജ്യത്തുതന്നെയുള്ള രണ്ട് സൈനിക ശക്തികൾ തമ്മിലുള്ള അധികാര പോരാട്ടമാണിത്. വെടിയൊച്ചകളുടെ ഒരുവശത്ത് നിലയുറപ്പിച്ചിരിക്കുന്നത് നിലവിലെ സൈന്യാധിപനും ഭരണാധികാരിയുമൊക്കെയായ ജനറൽ ബുർഹാനാണ്; മറുവശത്ത്, പിൽക്കാലത്ത് സൈനിക പദവി ലഭിച്ച സേനയുടെ തലവൻ ജനറൽ മുഹമ്മദ് ഹംദാനും.

ബുർഹാന്റെ ശക്തികേന്ദ്രമായ ഖർത്തൂമിലേക്ക് ഹംദാനും സംഘവും ഇരച്ചുകയറിയതോടെ വഷളായ പ്രശ്നമിപ്പോൾ റഷ്യ-യുക്രെയ്ൻ യുദ്ധം പോലെത്തന്നെ അന്താരാഷ്ട്ര പ്രതിസന്ധിയായി മാറിയിരിക്കുന്നു. ആഫ്രിക്കയിലെ ഒരു ‘പ്രാകൃത’ സംഘർഷത്തെ യൂറോപ്പിലെ ‘വിശുദ്ധ’ യുദ്ധവുമായൊക്കെ താരതമ്യം ചെയ്യാമോ എന്ന് ചിന്തിക്കുന്നവർ കളി ചില്ലറയല്ലെന്ന് മനസ്സിലാക്കണം. ‘ആഫ്രിക്കയുടെ കൊമ്പി’ലാണ് ഇപ്പോൾ കളി കാര്യമായിരിക്കുന്നതെന്ന് മനസ്സിലാക്കണം. യുക്രെയ്ൻ-റഷ്യ വിഷയം പോലെത്തന്നെ പല കാര്യങ്ങളിലും മുഴുവൻ ലോകത്തെയും ബാധിക്കുന്ന അടിയാണ് സുഡാനിൽ നടന്നുകൊണ്ടിരിക്കുന്നത്. നൈലിന്റെ മാത്രമല്ല, മൂന്ന് ഭൂഖണ്ഡങ്ങളുടെ സംഗമസ്ഥാനം കൂടിയാണ് സുഡാൻ; സൂയസ് കനാൽ അടക്കമുള്ള തന്ത്രപ്രധാന വാണിജ്യ പാതകൾ തഴുകിയൊഴുകുന്ന ദേശം; എണ്ണ ഖനനത്തിന്റെയും സ്വർണ നിക്ഷേപത്തിന്റെയും പുതിയ സ്രോതസ്സുകളുടെ കവാടം. രാഷ്ട്രീയമായും സാമ്പത്തികമായും ഒരുപാട് കഴുകൻകണ്ണുകൾ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഈ മേഖലയിലാണിപ്പോൾ, വർഷങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന അന്തഃസംഘർഷങ്ങൾ മറനീക്കി പുറത്തുവന്നിരിക്കുന്നത്. അപ്പോൾപിന്നെ, അമേരിക്ക മുതൽ ഐക്യരാഷ്ട്രസഭ വരെയുള്ളവർക്ക് ഇതിൽ താൽപര്യം കാണാതിരിക്കുമോ? അതെന്തായാലും, ഒരു കരാറിനും അവസാനിപ്പിക്കാനാവാത്തവിധം അവിടെനിന്നും വെടിയൊച്ചകൾ തുടർന്നുകൊണ്ടിരിക്കുന്നു.

സ്വതന്ത്ര സുഡാൻ രൂപംകൊണ്ടിട്ട് വർഷം 67 കഴിഞ്ഞു. ഇതിനിടയിൽ അവിടെയുണ്ടായ രാഷ്ട്രീയ, വംശീയ സംഘർഷങ്ങൾക്ക് കൈയും കണക്കുമില്ല. അത്തരം സംഘർഷങ്ങൾക്ക് പാശ്ചാത്യശക്തികൾ തുടർച്ചയായി എണ്ണയൊഴിച്ചപ്പോഴാണല്ലോ 2011ൽ സുഡാൻ രണ്ടായി മുറിഞ്ഞത് -സുഡാനും ദക്ഷിണ സുഡാനും. ഈ സംഘർഷങ്ങളിലേക്ക് ജനിച്ചുവീണ തലമുറയുടെ പ്രതിനിധിയാണ് ബുർഹാൻ. ഖർത്തൂമിലെ ഖൻദാത്തോ എന്ന കുഗ്രാമത്തിലെ ഒരു സൂഫി കുടുംബത്തിലായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം, തൊട്ടടുത്ത പട്ടണമായ ഷിൻദിയിലേക്ക് മാറി. അവിടെനിന്ന് ബിരുദം നേടി, 20ാം വയസ്സിൽ സൈന്യത്തിൽ ചേർന്നു. രണ്ടാം സിവിൽ യുദ്ധം തുടങ്ങിയ കാലമായിരുന്നു അത്. 1983ൽ തുടങ്ങിയ യുദ്ധം 2005ലാണ് അവസാനിച്ചത്. ആ യുദ്ധവും തുടർന്നുണ്ടായ ഹിതപരിശോധനയും ചർച്ചയുമൊക്കെയാണല്ലോ ദക്ഷിണ സുഡാന്റെ പിറവിയിൽ കലാശിച്ചത്. ദാർഫൂറിലെ വിമതർക്കെതിരെ പ്രസിഡന്റ് ഉമർ അൽ ബാശിർ പടനയിക്കാൻ ആഹ്വാനം ചെയ്തപ്പോൾ സംഘത്തെ നയിച്ചത് ബുർഹാനായിരുന്നു. അതോടെ, പ്രസിഡന്റിന്റെ വിശ്വസ്തനായി ബുർഹാൻ. ദാർഫുർ റെജിമെന്റ് കമാൻഡറായി സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. അതിനുശേഷം, ബുർഹാനെ ഈജിപ്തിലേക്കും ജോർഡനിലേക്കുമെല്ലാം അയച്ച് ബാശിർ സൈനിക പരിശീലനം നൽകുകയും ചെയ്തു. 2018ൽ, ബുർഹാൻ സൈനിക കമാൻഡറായി. അപ്പോഴേക്കും, സുഡാൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. 30 വർഷം നീണ്ട ബാശിറിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ പ്രത്യക്ഷ ജനരോഷം ഉയർന്നുതുടങ്ങിയ സമയത്തുതന്നെയാണ് ബുർഹാൻ സൈനിക മേധാവിയാകുന്നത്. മാറ്റത്തിന്റെ ആ കാറ്റ് മനസ്സിലാക്കിയതോടെ, ബുർഹാൻ പതിയെ മറുകണ്ടം ചാടിയെന്നുപറയാം. 2019ൽ, ബാശിർ പുറത്താക്കപ്പെടുമ്പോൾ ‘ഇടക്കാല സർക്കാറി’ന്റെ തലപ്പത്ത് ബുർഹാൻ വരുന്നത് അങ്ങനെയാണ്. സൈനിക ഭരണത്തിനും ജനാധിപത്യ സർക്കാറിനും ഇടയിലുള്ള ഒരു താൽക്കാലിക സംവിധാനം മാത്രമായിരുന്നു അത്. മൂന്നുവർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്താനൊക്കെയായിരുന്നു പരിപാടി. എന്തൊക്കെപ്പറഞ്ഞാലും, ബാശിറിനെപ്പോലെത്തന്നെ അടിസ്ഥാനപരമായി ബുർഹാനും ഒരു പട്ടാളക്കാരനാണല്ലോ. അപ്പോൾപിന്നെ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് സൈനിക അട്ടിമറിയുണ്ടായതിൽ അത്ഭുതമില്ല. 2021 ഒക്ടോബറിൽ അതാണ് സംഭവിച്ചത്.

2019ൽ, ബാശിറിനെ പുറത്താക്കാനും പിന്നീട് സൈനിക അട്ടിമറിയിലൂടെ ഭരണം പിടിക്കാനും സഹായിച്ച മുഹമ്മദ് ഹംദാൻ ദഗലോ ആണിപ്പോൾ ബുർഹാന്റെ എതിരാളി. ബാശിർ വളർത്തിയെടുത്തതാണ് ഹംദാനെയും. ദാർഫുറിലെ വിമത പ്രശ്നം ഒതുക്കാൻ സൈന്യത്തെ മാത്രമല്ല ബാശിർ ഉപയോഗപ്പെടുത്തിയിരുന്നത്. അവിടത്തെ പ്രാദേശിക മിലിഷ്യ ഗ്രൂപ്പുകളുടെ സഹായവും ബാശിറിന് ലഭിച്ചിരുന്നു. ആ ഗ്രൂപ്പിന്റെ തലവനായിരുന്നു ഹംദാൻ. റാപിഡ് സപ്പോർട്ട് ഫോഴ്സ് (ആർ.എസ്.എഫ്) എന്ന് പേരിട്ട സംഘവും ഔദ്യോഗിക സൈന്യവും ചേർന്ന് മൂന്നുലക്ഷം പേരെയെങ്കിലും 20 വർഷത്തിനുള്ളിൽ കൊന്നൊടുക്കിയെന്നാണ് കണക്ക്. ഇതിൽ വലിയൊരു പങ്കും ഹംദാന്റെ സംഘത്തിന്റെ വകയാണ്. ഇതിന്റെ പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഒരുപാട് കേസുകളുമുണ്ട്. എന്നുവെച്ച്, നിർണായക ഘട്ടത്തിൽ ഒരു സൈന്യത്തെപ്പോലെ സേവനമനുഷ്ഠിച്ച ഹംദാനെയും സംഘത്തെയും തള്ളിപ്പറയാനാകുമോ? അതുകൊണ്ടുതന്നെ, ബാശിർ ആർ.എസ്.എഫിനെ 2013ൽ ഔദ്യോഗിക അർധ സൈനിക വിഭാഗമായി പ്രഖ്യാപിച്ചു; നാലുവർഷം കഴിഞ്ഞപ്പോൾ സ്വതന്ത്ര പദവിയും നൽകി. പക്ഷേ, ബാശിർ ഒരു കുരുക്കിലകപ്പെട്ടപ്പോൾ രണ്ട് ശിഷ്യരും കൂറുമാറി. മൂന്നുവർഷങ്ങൾക്കിപ്പുറം, ആ ശിഷ്യന്മാർ തമ്മിലാണിപ്പോൾ പരസ്പരം പോരടിച്ചുകൊണ്ടിരിക്കുന്നത്.

അബുൽ ഫത്താഹ് അൽ ബുർഹാൻ എന്നാണ് പൂർണ നാമധേയം. പ്രായമിപ്പോൾ 62 കഴിഞ്ഞു. 2019ൽ, ‘അധികാര’മേൽക്കുമ്പോൾ അങ്ങനെയൊരു പേര് അധികമാർക്കും അറിയില്ലായിരുന്നു, സൈനികരംഗത്തുള്ളവർക്കല്ലാതെ. അതുവരെയും ബാശിറിന്റെ റഡാറിനുള്ളിൽ കഴിഞ്ഞിരുന്നയാൾ പെട്ടെന്നൊരുനാൾ ഭരണത്തലപ്പത്തെത്തുന്നു. ജനറൽ അവാദ് ഇബ്നു ഔഫിനെയാണ് ഇടക്കാല സർക്കാർ നേതാവായി ഏവരും പ്രതീക്ഷിച്ചിരുന്നത്. ബാശിർ പുറത്താക്കപ്പെടുമ്പോൾ, അദ്ദേഹമായിരുന്നു മിലിറ്ററി കൗൺസിൽ ചെയർമാൻ. പക്ഷേ, ബാശിറിനുപിന്നാലെ ഔഫും ആ പദവി രാജിവെച്ചതോടെയാണ് അതുവരെയും അണിയറയിലൊതുങ്ങിയ ബുർഹാൻ പുറത്തുവന്നത്. അതെങ്ങനെ സംഭവിച്ചുവെന്നത് ഇന്നും പ്രഹേളികയായി നിലനിൽക്കുന്നു. കൃത്യവും സുതാര്യവുമായ തെരഞ്ഞെടുപ്പിന് വഴിയൊരുക്കി രാജ്യത്തെ ജനാധിപത്യത്തിലേക്ക് വഴിനടത്തുമെന്നൊക്കെയായിരുന്നു ആദ്യ ദിനങ്ങളിലെ പ്രഖ്യാപനം. അബ്ദുല്ല ഹംദൂക്കിന്റെ നേതൃത്വത്തിൽ സിവിലിയൻ സർക്കാറിനെ നിയമിച്ചപ്പോൾ ശുഭപ്രതീക്ഷയുടെ ചില സൂചനകളുമുണ്ടായി. പിന്നീട് അതൊക്കെ മാറി. ഹംദൂക്കിനെ അട്ടിമറിച്ച് സമ്പൂർണ പട്ടാള ഭരണം വന്നതോടെ, അൽസീസി മോഡൽ ഈജിപ്തുപോലെയായി സുഡാനും. ഇതിനിടയിൽ, ജനകീയ പ്രക്ഷോഭമൊക്കെ ഉടലെടുത്തെങ്കിലും നൂറിലധികം പേരെ ഒരാഴ്ചകൊണ്ട് കശാപ്പുചെയ്ത് അതൊക്കെ മുളയിലേ നുള്ളി. അതൊക്കെ കഴിഞ്ഞാണിപ്പോൾ, അർധസൈന്യത്തിന്റെ പാളയത്തിൽ പട.

Tags:    
News Summary - Madhyamam article on sudan war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.