രാഷ്ട്രീയക്കാരുടെ വിശ്വാസ്യത

രാഷ്ട്രീയമടക്കം എല്ലാ രംഗങ്ങളിലും ആദര്‍ശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമൊക്കെ വലിയ  ച്യുതി നേരിടുന്ന വര്‍ത്തമാനകാലത്ത് ഇവയൊക്കെ അല്‍പമെങ്കിലും ബാക്കിനില്‍ക്കുന്നെന്ന് ഒരു വലിയ വിഭാഗം വിശ്വസിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികളിലാണ്. തീര്‍ച്ചയായും  ആദര്‍ശസുരഭിലവും ത്യാഗോജ്വലവുമായ പൂര്‍വകാലചരിത്രവും അക്കാലത്തെ സമുന്നതരായ നേതാക്കളുമാണ് ഇതിനു  മുഖ്യകാരണം. മറ്റേതൊരു പാര്‍ട്ടിയേക്കാളും ആത്മാര്‍ഥതയും നിസ്വാര്‍ഥതയും വെച്ചുപുലര്‍ത്തുന്ന ഒരുപാട് നേതാക്കളും പ്രവര്‍ത്തകരും ഇപ്പോഴും ഇവയിലുണ്ടെന്നതും സത്യമാണ്.  അതേസമയം,  ആ തിളങ്ങുന്ന കാലം അതിവേഗം ഈ പാര്‍ട്ടികളിലും അവസാനിക്കുകയാണെന്നും അവയുടെ പല ഉന്നത നേതാക്കളെപോലും പുതിയകാല ജീര്‍ണതകള്‍ അതിവേഗം കാര്‍ന്നുതിന്നുന്നുവെന്നതും നിസ്സംശയം.

ഈ പശ്ചാത്തലത്തിലാണ് ഇ.പി. ജയരാജന്‍െറ രാജിയുടെ  ചരിത്രപരമായ പ്രാധാന്യം.  എല്ലാ പാര്‍ട്ടികളും ഒരുപോലെ മോശമെന്ന് ചിന്തിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചകാലമാണിത്.  ജനങ്ങളില്‍ ഇത്തരം ചിന്ത വളരുന്നത് ജനാധിപത്യത്തിനുതന്നെ അപായമായതിനു ലോകചരിത്രത്തില്‍ ഉദാഹരണം ധാരാളം.  സ്വേച്ഛാധിപത്യത്തിനു വഴിതുറക്കുന്ന ചിന്തയാണത്.  അഡോള്‍ഫ് ഹിറ്റ്ലര്‍ മുതലുള്ള സ്വേച്ഛാധിപതികളുടെ  ആരോഹണത്തിനു വഴിതുറന്നത്  ജനാധിപത്യം ജീര്‍ണിക്കുമ്പോള്‍ ജനങ്ങള്‍ക്ക് അതില്‍ വിശ്വാസം നശിക്കുന്നതോടെയാണല്ളോ. ഹിറ്റ്ലറെയും നിരാശരായ ജനത വോട്ട് ചെയ്ത് അധികാരത്തില്‍ കയറ്റിയതാണെന്നോര്‍ക്കണം. അഴിമതിക്കാരായ രാഷ്ട്രീയ കക്ഷികളല്ല  സൈന്യം ആണ് നമ്മെ ഭരിക്കേണ്ടതെന്ന് ഇടത്തരക്കാര്‍ വ്യാപകമായി ആഗ്രഹിക്കുന്നതും  ഇതേ അപകടകരമായ ചിന്തകൊണ്ടാണ്.  അതുകൊണ്ടുതന്നെ, ജനാധിപത്യത്തിന്‍െറ നിലനില്‍പിനു രാഷ്ട്രീയപാര്‍ട്ടികള്‍ സ്വന്തം വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാകുന്നു. ജയരാജനെ രാജിവെക്കാന്‍ വഴി ഒരുക്കുന്നതിലൂടെ സി.പി.എമ്മും മുഖ്യമന്ത്രിയും നിര്‍വഹിച്ചത് ജനാധിപത്യത്തിന് സഹായകമാണെന്ന് സംശയമില്ല.  എന്ത് തെറ്റുചെയ്യാനും ഉളുപ്പില്ളെന്ന് പ്രഖ്യാപിച്ചിരുന്ന  കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിനെ ചവിട്ടി പുറത്താക്കി തങ്ങളെ അധികാരത്തിലേറ്റിയ ജനങ്ങളോട് തങ്ങള്‍ വ്യത്യസ്തരാണെന്ന് തെളിയിക്കേണ്ടത്  കേരളത്തിന്‍െറ ജനാധിപത്യ രാഷ്ട്രീയവ്യവസ്ഥയുടെ വിശ്വാസ്യത മുഴുവന്‍ സംരക്ഷിക്കേണ്ടതിനു ആവശ്യമാണ്.  

കേരളത്തിലെ രാഷ്ട്രീയവ്യവസ്ഥക്ക് മാത്രമല്ല, എല്‍.ഡി.എഫിനെയും സി.പി. എമ്മിനെയും സംബന്ധിച്ച് ജയരാജന്‍െറ രാജിയിലൂടെ സ്വന്തം വിശ്വാസ്യത നിലനിര്‍ത്തേണ്ടതിന്‍െറ ആവശ്യം അടിയന്തരമാണ്.  യു.ഡി.എഫിന്‍െറ തെറ്റുകള്‍ക്കെതിരെ ലഭിച്ച ജനവിധി മാത്രമാണ് ഇക്കുറി എല്‍.ഡി.എഫിനെ അധികാരത്തില്‍ കൊണ്ടുവന്നത്.  യു.ഡി.എഫിനെതിരെയുള്ള നിഷേധ വോട്ട്.   ഭരണത്തിലേറി ആറുമാസം പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ നഗ്നമായ സ്വജനപക്ഷപാതം ഈ സര്‍ക്കാറിലെ പ്രമുഖനായ മന്ത്രി ചെയ്യുമ്പോള്‍ ഉടനടി തിരുത്ത് വന്നിരുന്നില്ളെങ്കില്‍ അത്  ജനവിധിയെ തന്നെ പുച്ഛിക്കുന്നതിനു  തുല്യമാകുമായിരുന്നു.  വാസ്തവത്തില്‍, കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തെ വമ്പന്‍ ഭൂമി തട്ടിപ്പുകള്‍ മുതല്‍ പെണ്‍ കേസുകള്‍ വരെയുള്ളവയുമായി താരതമ്യം ചെയ്താല്‍ ജയരാജന്‍െറ തെറ്റ് നിസ്സാരമാകാം.  ഭീമാകാരമായ തെറ്റുകള്‍ വന്നിട്ടും കസേരയില്‍ കെട്ടിപ്പിടിച്ചിരിക്കുകയും എത്ര അപമാനിച്ചാലും രാജിയില്ളെന്ന് പ്രഖ്യാപിക്കുകയും ചെയ്ത മന്ത്രിമാരെ കണ്ട കേരളത്തില്‍ ഈ തെറ്റിന്‍െറ പേരില്‍ ജയരാജന്‍ രാജിവെക്കേണ്ടിയിരുന്നോ എന്നും ചോദിക്കാം. പക്ഷേ, അഴിമതിക്കെതിരെ ഉയര്‍ന്ന ജനവികാരത്തിന്‍െറ  പേരില്‍ മാത്രം അധികാരത്തില്‍ വന്ന എല്‍.ഡി.എഫിന് അതൊന്നും  പറയാന്‍  ധാര്‍മിക അവകാശമില്ല.  അവരെ മാറ്റി നിങ്ങളെ കൊണ്ടുവന്നത് എല്ലാം ശരിയാക്കാനല്ളേ എന്ന ജനങ്ങളുടെ ചോദ്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ വേറെ വഴിയൊന്നുമില്ല.  
 മാത്രമല്ല, നിലവിലെ  മുഖ്യധാരാ രാഷ്ട്രീയത്തിന്‍െറ ജീര്‍ണതകള്‍ ചൂണ്ടിക്കാട്ടി അധികാരത്തിലേറാന്‍ ചില  പുതുശക്തികള്‍ വെമ്പുമ്പോള്‍ സ്വന്തം വിശ്വാസ്യത കൂടുതല്‍ അപായപ്പെടുത്തുന്നതിന്‍െറ അപകടം സ്വയം മനസ്സിലാക്കാവുന്നതേയുള്ളൂ.

കേരളത്തിന്‍െറ പൊതുരാഷ്ട്രീയധാരയുടെ വിശ്വാസ്യതപോലെതന്നെ പ്രധാനമാണ് സ്വന്തം വിശ്വാസ്യത സംരക്ഷിക്കാന്‍ സി.പി.എമ്മിന്‍െറ ബാധ്യത.  കോണ്‍ഗ്രസുകാരുടെ ജീര്‍ണതയോടുള്ളതിനേക്കാള്‍ ജനങ്ങള്‍ക്ക് അസഹിഷ്ണുത ഇടതുപക്ഷത്തിനോടാകും.  കോണ്‍ഗ്രസ് വളരെ മുമ്പുതന്നെ ജീര്‍ണിച്ചപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി താരതമ്യേന എങ്കിലും ഭേദപ്പെട്ടുനിന്നതു മൂലമാണിത്.  പക്ഷേ, കമ്യൂണിസ്റ്റുകള്‍ ‘ബൂര്‍ഷ്വാ ജീര്‍ണതകള്‍’ എന്ന് വിളിക്കുന്ന  അധികാരമോഹവും അഴിമതിയും സ്വജനപക്ഷപാതവും മറ്റും ഇടതുപക്ഷത്തിലും വളരുകയാണെന്ന ആക്ഷേപം അടിസ്ഥാനരഹിതമല്ല.  വമ്പിച്ച ജനപിന്തുണയോടെ മൂന്നു ദശാബ്ദത്തിലേറെ അധികാരത്തില്‍ ഇരുന്ന ഇടതുപക്ഷം ബംഗാളില്‍ ഒരൊറ്റ അട്ടിമറിയിലൂടെ തരിപ്പണമായത് ഇതേ ജീര്‍ണതകളുടെ ഫലമായിരുന്നുവെന്ന് സംശയമില്ല.  അധികാരത്തില്‍ ഇത്രയും ദീര്‍ഘകാലം തുടരുന്ന ഏതൊരു കക്ഷിക്കും ഈ ജീര്‍ണതകള്‍ സ്വാഭാവികമാണെന്ന വാദം ശരിയാണെങ്കിലും അത് വാദത്തിന് മാത്രമേ ഉപകരിക്കൂ. അഞ്ച് വര്‍ഷം വീതം കൂടുമ്പോള്‍ അധികാരികളെ മാറ്റുന്ന കേരള പാരമ്പര്യംമൂലം കസേരയിലിരുന്ന് അധികം നാറാന്‍ ഇവിടെ ആര്‍ക്കും സാവകാശവുമില്ല.

ബംഗാളിലെ അത്രക്കില്ളെങ്കിലും കേരളത്തിലും സി.പി.എമ്മില്‍ അനഭിലഷണീയമായ പ്രവണതകള്‍ വളരുന്നെന്ന്  പാര്‍ട്ടി  കണ്ടത്തെിയിട്ട് കുറച്ചായി. 1996ല്‍ പാര്‍ട്ടി ഈ രണ്ട് സംസ്ഥാനങ്ങളിലും ‘ശുദ്ധീകരണ പ്രക്രിയ’ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പാര്‍ലമെന്‍ററി വ്യാമോഹം എന്നതായിരുന്നു അന്നത്തെ പ്രധാന സ്വയം വിമര്‍ശം.  പക്ഷേ, ഒരു ദശാബ്ദം കഴിഞ്ഞിട്ടും ശുദ്ധീകരണപ്രക്രിയ ഒരിഞ്ച് പോലും മുന്നോട്ടുപോയില്ല. കാര്യങ്ങള്‍ കൈവിട്ടു പോകുന്നെന്ന് മനസ്സിലായപ്പോള്‍ 2008ല്‍ കോയമ്പത്തൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് ശുദ്ധീകരണരേഖ പുതുക്കി തയാറാക്കി. അപ്പോഴേക്കും പാര്‍ട്ടി സ്വയം വിമര്‍ശത്തിലൂടെ  കണ്ടത്തെിയ കുറ്റങ്ങള്‍ കൂടുതല്‍ ഗുരുതരമായി തീര്‍ന്നിരുന്നു. കടുത്ത വിഭാഗീയത,  അധികാരമോഹം, അഴിമതി, സ്വജനപക്ഷപാതം, നേതാക്കന്മാരുടെ ജീവിതശൈലി, ധാര്‍ഷ്ട്യം, മാഫിയബന്ധം ഒക്കെ അവയില്‍ ഉള്‍പ്പെട്ടു.

 ശുദ്ധീകരണ പ്രക്രിയ

1996ല്‍ പ്രഖ്യാപിച്ചിട്ടും നടപ്പാക്കാതിരുന്ന ശുദ്ധീകരണം ഇനി വൈകിക്കാനാവില്ളെന്ന് സി.പി.എം നേതൃത്വം മനസ്സിലാക്കിയത് 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്ക് ശേഷമാണ്. സിംഗൂരിന്‍െറയും നന്ദിഗ്രാമിന്‍െറയും ഒക്കെ പശ്ചാത്തലത്തില്‍ നടന്ന ആ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഇടതുമുന്നണിയുടെ ദീര്‍ഘകാല കുത്തക അവസാനിച്ചു. തൃണമൂല്‍ കോണ്‍ഗ്രസും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ചേര്‍ന്ന സഖ്യം  അന്ന് ആകെ ഉള്ള 42 സിറ്റില്‍ 26 ഉം നേടിയപ്പോള്‍ ഇടതുമുന്നണിക്ക് കിട്ടിയത് 15. കേരളത്തിലാകട്ടെ യു.ഡി.എഫിന് 16 സീറ്റ്, എല്‍.ഡി എഫിന് വെറും നാല്.  കേരളത്തില്‍ ഇത് വലിയ പുതുമ  ആയിരുന്നില്ല. എന്നാല്‍, ബംഗാളില്‍  1977നു ശേഷം ആദ്യമായിരുന്നു ഇടതുമുന്നണിയുടെ പരാജയം. അതോടെ,  രണ്ടു വര്‍ഷം കഴിഞ്ഞുണ്ടാകുന്ന  നിയമസഭാതെരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കുമോ എന്ന് ഇടതുപക്ഷം ശരിയായിതന്നെ ഭയന്നു.  ഉടനടി സംഘടനയെ ബാധിച്ച കുഴപ്പങ്ങള്‍ പരിഹരിക്കണമെന്ന് കേന്ദ്ര നേതൃത്വം തീരുമാനിച്ചു. ശുദ്ധീകരണ പരിപാടി ഉടന്‍ ആരംഭിക്കാന്‍ തീരുമാനമായി. പക്ഷേ, അത് പ്രഖ്യാപിച്ച 2009 ഒക്ടോബറില്‍തന്നെ  ബംഗാളില്‍ ഇത് വിവാദമായി.  ശുദ്ധീകരണം ഏറ്റവും അത്യാവശ്യം  മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, പാര്‍ട്ടി സെക്രട്ടറി ബിമന്‍ ബോസ് മുതലായവരൊക്കെ അടങ്ങിയ നേതൃനിരയില്‍ ആണെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഭൂപരിഷ്കരണ വകുപ്പ് മന്ത്രിയായ സി.പി.എമ്മിന്‍െറ റസാക്ക് മൊല്ല കലാപക്കൊടി ഉയര്‍ത്തി. അത് ചെന്നത്തെിയത് പാര്‍ട്ടിയില്‍നിന്ന് മൊല്ലയുടെ പുറത്താകലിലാണ്.  

ഇതോടെ ശുദ്ധീകരണപ്രക്രിയയൊക്കെ വീണ്ടും പരണത്ത് വെച്ചു.  2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് ബംഗാളില്‍ ചരിത്രം കുറിച്ചു.  34 വര്‍ഷമായി അപ്രതിഹതമായ മേധാവിത്വം പുലര്‍ത്തിയ ഇടതുപക്ഷം തകര്‍ന്നു തരിപ്പണമായി. ആകെയുള്ള 294 സീറ്റില്‍ 227 എണ്ണം തൂത്തുവാരി  തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യം വിജയക്കൊടി പാറിച്ചു. ഇടതുപക്ഷത്തിന് വെറും 62 സീറ്റ്.  അന്ന് പക്ഷേ, ഭരണവിരുദ്ധവികാരം രൂക്ഷമാണെന്ന് തോന്നിച്ച കേരളത്തിലും എല്‍.ഡി.എഫ് തോറ്റെങ്കിലും പരാജയം നേരിയത് മാത്രമായി. സീറ്റ് വ്യത്യാസം ആറ് മാത്രം. അതിന്‍െറ പിന്നില്‍ വി.എസ്. അച്യുതാനന്ദന്‍െറ  ധാര്‍മിക രാഷ്ട്രീയ പ്രതിച്ഛായ തന്നെയായിരുന്നു.  

ഈ ഫലത്തിന്‍െറ മുഖ്യ സന്ദേശം ധാര്‍മികതക്കും സദാചാരത്തിനും ജനത നല്‍കുന്ന പ്രാധാന്യം തന്നെയായിരുന്നു. ഉദാരീകരണ സാമ്പത്തിക പരിഷ്കാരങ്ങള്‍ അരങ്ങേറിയ ഇക്കഴിഞ്ഞ 25 വര്‍ഷം ഇന്ത്യന്‍ രാഷ്ട്രീയവ്യവസ്ഥ ധാര്‍മികമായി ഏറ്റവും അധികം ജീര്‍ണിച്ച കാലമായിരുന്നു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ഭീമമായ അഴിമതികള്‍ മാത്രമല്ല, പരസ്യമായിതന്നെ രാഷ്ട്രീയ വര്‍ഗവും അഴിമതിക്കാരായ വ്യവസായലോബിയും ചേര്‍ന്ന ചങ്ങാത്ത മുതലാളിത്തം ഏറ്റവും ശക്തമായതും ഇക്കാലത്താണ്.  കോമണ്‍വെല്‍ത്ത് കളികള്‍,   ആദര്‍ശ് കുംഭകോണം, സ്പെക്ട്രം, കല്‍ക്കരിപ്പാടം തുടങ്ങിയ വമ്പന്‍ കേസുകളില്‍ കോണ്‍ഗ്രസ്, എന്‍.സി.പി, ഡി.എം.കെ, ബി.എസ്.പി, സമാജ്വാദി പാര്‍ട്ടി എന്നിവയെല്ലാം  കുടുങ്ങി. അതേസമയം, യു.പി.എ ഒന്നാം സര്‍ക്കാറിനു പുറത്തുനിന്ന് നിര്‍ണായക പിന്തുണ നല്‍കുന്ന കക്ഷിയായിട്ടും സി.പി.എമ്മിന് മേല്‍ ചളി വീണില്ല.  ഇന്ത്യന്‍ രാഷ്ട്രീയം ഏറ്റവുമധികം ചളിക്കുണ്ടില്‍ പോയ ആ കാലത്ത് ഇടതുപക്ഷം താരതമ്യേന ഭേദപ്പെട്ടു നിന്നെന്ന് ചുരുക്കം.  യു.പി.എ ഒന്നാം സര്‍ക്കാറിന്‍െറ ഹ്രസ്വകാലാവധിയില്‍ മാത്രമേ കേന്ദ്രഭരണത്തില്‍ പങ്കാളിയാകാന്‍ അവര്‍ക്ക് അവസരം കിട്ടിയിരുന്നുള്ളൂ എന്നതും സത്യം.

പക്ഷേ, അധികാരം കൈവിട്ടുപോയ 2011 വരെയുള്ള കാലം രാഷ്ട്രീയമായും ധാര്‍മികമായും  ബംഗാളില്‍ ഇടതുപക്ഷം പലതരം ജീര്‍ണതകളില്‍ മുഴുകിയെന്നതില്‍ സംശയമില്ല.  വലിയ കുംഭകോണങ്ങള്‍ ഇല്ളെങ്കിലും  ദീര്‍ഘകാലഭരണം ഉപയോഗിച്ച് വ്യാപകമായ അധികാര ദല്ലാള്‍ സമ്പ്രദായം നടപ്പാക്കിയ ഇടതുപക്ഷം ഈ കാലത്ത് സാധാരണ ജനതയുമായുള്ള ബന്ധം നഷ്ടപ്പെടുത്തിയെന്ന് നിരീക്ഷകര്‍ പറയുന്നുണ്ട്. കേരളത്തിലും ഈ കാലത്തുതന്നെയാണ് പലതരത്തിലുള്ള അധോലോകം വളര്‍ന്നത്.  ഹവാല-വാടകക്കൊലയാളി-ബ്ളേഡ്-മതതീവ്രവാദ-മദ്യ-മണല്‍-റിസോര്‍ട്ട് മാഫിയ,  സ്ത്രീവിരുദ്ധ അതിക്രമ -ലൈംഗിക വ്യാപാര -ബ്ളൂഫിലിം സംഘങ്ങള്‍, സദാചാര പൊലീസ്, മയക്കുമരുന്ന് കടത്ത് എന്നിങ്ങനെ കേരളം ഇതുവരെ പരിചയപ്പെടാത്ത തരം വലിയ ക്രിമിനല്‍ ലോകം തുറന്നു.
ഈ ഇരുണ്ട ലോകവുമായി പലതരത്തില്‍ രാഷ്ട്രീയരംഗം ബന്ധപ്പെട്ടു. മറ്റ് കക്ഷികളോളം ഇല്ളെങ്കിലും ഇടതുപക്ഷത്തിനും ഇതില്‍നിന്ന്  ഒഴിഞ്ഞുനില്‍ക്കാനായില്ല. ഇതാണ് ഇക്കാലത്ത് ഇടതുപക്ഷത്തിന്‍െറ ധാര്‍മിക പ്രതിച്ഛായ നേരിട്ട വെല്ലുവിളിക്ക് മുഖ്യകാരണം. മുമ്പുള്ള നേതാക്കള്‍ക്കൊന്നും ഇല്ലാത്തവിധം വി.എസിന് രക്ഷകന്‍െറ പ്രതിച്ഛായ ലഭിക്കാനും കാരണം മറ്റൊന്നല്ല.

ആരോപണ പരമ്പര

സി.പി.എമ്മില്‍ പ്രത്യേകിച്ച് കണ്ണൂര്‍ നേതാക്കള്‍ ആണ് സമീപകാലത്ത് ഏറ്റവുമധികം ആരോപണം നേരിട്ടവര്‍ എന്നതും ശ്രദ്ധേയം.  അക്രമരാഷ്ട്രീയ കാര്യത്തില്‍ എന്നും കണ്ണൂര്‍ സി.പി.എം വാദിയുടെയോ പ്രതിയുടെയോ പക്ഷത്ത് ഉണ്ടായിരുന്നെങ്കിലും മറ്റു ആരോപണങ്ങള്‍ ഒന്നും അധികം  നേരിട്ടിട്ടില്ല. പക്ഷേ, നേതാക്കളുടെ ധാര്‍ഷ്ട്യം,  കാര്‍ക്കശ്യം എന്നീ ആരോപണങ്ങള്‍    കേരളത്തിലേറ്റവും ജനപ്രിയരാഷ്ട്രീയനായകനായിരുന്ന എ.കെ. ജിയുടെ നാട്ടിലെ പിന്മുറക്കാരാണ് നേരിട്ടതെന്നത് കൗതുകകരം. കൂടുതല്‍ മോശമായ വിവാദങ്ങള്‍ കണ്ണൂര്‍ പാര്‍ട്ടി കഴിഞ്ഞ ഭരണകാലത്ത് ആസൂത്രണം ചെയ്ത ബിസിനസ്  സംരംഭങ്ങളെക്കുറിച്ചായിരുന്നു. വിനോദസഞ്ചാരപദ്ധതികള്‍, ആഡംബര ഹോട്ടലുകള്‍, വാട്ടര്‍ തീം പാര്‍ക്ക്,  കണ്ടല്‍ പാര്‍ക്ക് എന്നിവയൊക്കെയായിരുന്നു വിവാദ പദ്ധതികള്‍.  സി.പി.എം നേരിട്ട ഏറ്റവും വലിയ അഴിമതി ആരോപണമായിരുന്ന ലാവലിന്‍ ഇടപാടിലും പ്രതിക്കൂട്ടിലായത് കണ്ണൂര്‍ സഖാക്കള്‍ ആയിരുന്നല്ളോ. ജയരാജനെ തന്നെ പ്രതിക്കൂട്ടിലാക്കിയ മറ്റു പല വിവാദ ഇടപാടുകളും ഇക്കാലത്ത് സി.പി.എമ്മിനെ ധാര്‍മികമായി പിടിച്ചുകുലുക്കി. 

വീട് നിര്‍മാണവും അദ്ദേഹം മാനേജരായ ദേശാഭിമാനിക്കുവേണ്ടി ലോട്ടറി രാജാവ് സാന്‍ഡിയാഗോ മാര്‍ട്ടിന്‍, ലിസ് ഗ്രൂപ്, വിവാദവ്യവസായി രാധാകൃഷ്ണന്‍ എന്നിവരില്‍നിന്ന് പണം സ്വീകരിച്ചതും നായനാര്‍ ഫുട്ബാള്‍ ടൂര്‍ണമെന്‍റ് വിജയ് മല്യയുടെ കിങ് ഫിഷര്‍ സ്പോണ്‍സര്‍ ചെയ്തതുമൊക്കെ  ഉദാഹരണങ്ങള്‍.  കമ്യൂണിസ്റ്റുകള്‍ എക്കാലവും കട്ടന്‍ കാപ്പിയും പരിപ്പുവടയുമായി ജീവിക്കണോ എന്ന കുപ്രസിദ്ധ വാചകം കൂടി ജയരാജനില്‍നിന്ന് വന്നതോടെ സി.പി.എമ്മിന്‍െറ ജീര്‍ണതയുടെ പ്രതീകമായി അദ്ദേഹം ചിത്രീകരിക്കപ്പെട്ടതില്‍  അദ്ഭുതമില്ല. തുടര്‍ന്നുവന്ന ചാണ്ടി സര്‍ക്കാര്‍ അഴിമതിയുടെയും ഉളുപ്പില്ലായ്മയുടെയും പുതിയ റെക്കോഡ് സൃഷ്ടിച്ചതുകൊണ്ട് സി.പി.എം ചെയ്തികളൊക്കെ ജനങ്ങളുടെ ഓര്‍മയില്‍നിന്ന് മറഞ്ഞു. പക്ഷേ, ചാണ്ടിയുടെ തെറ്റുകള്‍ക്കെതിരെയുള്ള ജനവിധിയുടെ ഫലമായി അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് ആകട്ടെ ആദ്യത്തെ ചില നല്ല ചെയ്തികള്‍ക്ക് ശേഷം ആദ്യമായി സ്വജനപക്ഷപാതമായ ബന്ധുനിയമനങ്ങളിലൂടെ   വലിയ കുഴപ്പത്തില്‍ പെടുകയായിരുന്നു.

വരാന്‍ പോകുന്ന മറ്റു തെറ്റുകളുടെ തുടക്കമായി ഇത് മാറുമെന്ന് ന്യായമായും സംശയം ഉയര്‍ന്നു.  കണ്ണൂര്‍ നേതാക്കളുടെ സഹജസ്വഭാവമനുസരിച്ച് ഈ ചെയ്തികള്‍ക്കെതിരെ ആരൊക്കെ എന്ത് പറഞ്ഞാലും അവര്‍ പിന്തിരിയില്ളെന്നും കരുതപ്പെട്ടു.  ജയരാജന്‍െറ പ്രാപ്തിയും പ്രാധാന്യവും മുഖ്യമന്ത്രിയുമായുള്ള അടുപ്പവും  ഒക്കെ കാരണം അദ്ദേഹത്തിനെതിരെ ആരും ഒന്നും പറയില്ളെന്നും ആയിരുന്നു ധാരണ. പക്ഷേ, മുഖ്യമന്ത്രി അതൊക്കെ തിരുത്തിക്കുറിച്ചു. പാര്‍ട്ടിക്ക് ബംഗാളില്‍ സംഭവിച്ചതുപോലെ കേരളത്തില്‍ പാടില്ളെന്ന ശരിയായ ബോധ്യം കൊണ്ടാകണം ഇതെന്ന് കരുതാം. പ്രതീക്ഷക്ക് വകയുണ്ടെന്നും കരുതാം.

 

Tags:    
News Summary - kerala politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.