അ​​ങ്ക​​പ്പു​​റ​​പ്പാ​​ട്

ലോക്സഭ തെരഞ്ഞെടുപ്പിന് ഇനി 400 ദിവസം തികച്ചില്ല. അതിനിടയിൽ ഒമ്പതിടങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പും നടക്കാനുണ്ട്. അങ്കക്കലിയിലാണ് സർവ മതേതര പ്രസ്ഥാനങ്ങളും. ആരെയാണ് നേരിടേണ്ടതെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമില്ല. പ്രശ്നം ഒന്നു മാത്രം: ആര് നയിക്കും? ഈ ചോദ്യത്തിൽ തട്ടി പലവഴിക്ക് ചിതറിയിരിക്കുകയാണ് പ്രതിപക്ഷം. ഓരോ സംസ്ഥാനത്തിന്റെയും അധിപന്മാർ സ്വയം പ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാർഥിയായി മാറിക്കൊണ്ടിരിക്കുന്നു.

ഈ പോക്കുപോയാൽ, വരുന്ന തെരഞ്ഞെടുപ്പിൽ മോദിക്കെതിരെ ഡസൻ പ്രധാനമന്ത്രി സ്ഥാനാർഥികളെങ്കിലും കാണും. ഇക്കൂട്ടത്തിൽ ഒരു പടികൂടി മുന്നിലാണ് കെ.സി.ആർ,  എന്നു പറയേണ്ടിവരും. ആളിപ്പോൾ തെലങ്കാനയുടെ മുഖ്യമന്ത്രിയും തെലുഗുദേശത്തു മാത്രം വേരുകളുള്ള ഒരു പാർട്ടിയുടെ അധിപനുമാണെങ്കിലും നോട്ടം പ്രധാനമന്ത്രിക്കസേരയിലാണെന്ന് പണ്ടേ വ്യക്തമാക്കിയതാണ്.

ടി ലക്ഷ്യം മുൻനിർത്തിയുള്ള അങ്കപ്പുറപ്പാടിന്റെ പ്രഖ്യാപനം പോയവാരം അദ്ദേഹം വിജയകരമായി നിർവഹിച്ചു. മോദിയെ താഴെ ഇറക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന സമാനമനസ്കരെ കൂടെക്കൂട്ടി, അത്യുഗ്രനൊരു സമ്മേളനം നടത്തി മതേതരപക്ഷത്തിന് പ്രതീക്ഷ പകർന്നിരിക്കുകയാണ് കെ.സി.ആർ.

കൽവ കുണ്ഡല ചന്ദ്രശേഖര റാവു എന്നാണ് പൂർണ നാമധേയം. ചരിത്ര സമരത്തിനൊടുവിൽ കെ.സി.ആറിന് പതിച്ചുകിട്ടിയ തെലങ്കാന വിട്ട് കേന്ദ്രഭരണത്തിന്റെ അധ്യക്ഷസ്ഥാനത്തിരിക്കുക എന്നതാണ് ജീവിതലക്ഷ്യം. ആ കസേരയിൽ ഇരിക്കുന്ന ഉന്മാദി ആൾക്കൂട്ടത്തിന്റെ ആരാധ്യപുരുഷനെ അങ്ങനെ എളുപ്പത്തിൽ മറിച്ചിടാനാവില്ലെന്ന് കെ.സി.ആറിന് നന്നായി അറിയാം. സ്വന്തം പാർട്ടിയായ തെലുങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) പോലും അതിന് മതിയാവില്ലെന്ന ബോധ്യവുമുണ്ട്. അതിനാൽ, ആദ്യ പടിയായി പാർട്ടിയുടെ സംസ്ഥാന വിലാസം മാറ്റി.

ഇപ്പോൾ പാർട്ടിയുടെ പേര് ടി.ആർ.എസ് എന്നല്ല; ബി.ആർ.എസ് എന്നാണ് -ഭാരതീയ രാഷ്ട്ര സമിതി. ഈ ദേശീയ പാർട്ടിയുടെ ഭാഗമാകൂ എന്നാണ് അദ്ദേഹമിപ്പോൾ ഇതര പ്രാദേശിക മതേതര പാർട്ടികളോട് ആഹ്വാനം ചെയ്തത്. ക്ഷണം സ്വീകരിച്ച് ദേശത്തിന്റെ പലദിക്കിൽനിന്നും നേതാക്കളെത്തി. കേരളത്തിൽനിന്ന് പിണറായി സഖാവും പഞ്ചാബിൽനിന്ന് ഭഗവത് മാനും ഡൽഹിയിൽനിന്ന് കെജ്രിവാളും ഖമ്മത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംബന്ധിച്ച് ആശംസയർപ്പിച്ചു. കൂടെ അഖിലേഷ് യാദവ് എന്ന മുൻ മുഖ്യനും പാർലമെന്ററി ജനാധിപത്യത്തെ അടവുനയമായിക്കണ്ട ഡി.രാജയെപ്പോലുള്ളവരും സംബന്ധിച്ചു.

വേദിയിലെത്തിയവരെല്ലാം കെ.സി.ആറിനെ മുക്തകണ്ഠം പ്രശംസിച്ചു; തെലങ്കാന എന്ന സംസ്ഥാനത്തെ യാഥാർഥ്യമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനെ വാഴ്ത്തി. കെ.സി.ആറും വിട്ടില്ല. പ്രഖ്യാപനങ്ങളുടെ പെരുമഴയായിരുന്നു അവിടെ. തെലങ്കാനയിലെ സർവ ക്ഷേമപദ്ധതികളും ദേശീയതലത്തിൽ വ്യാപിപ്പിക്കുമെന്നാണ് അവിടെ നടത്തിയ ശപഥം. ഇതിനേക്കാൾ വലിയ പ്രഖ്യാപനങ്ങൾ നടത്തിയ ആളാണ് മോദി. അപ്പോൾ, പ്രഖ്യാപനങ്ങൾകൊണ്ട് കാവിപ്പടയെ തോൽപിക്കാനാവില്ല.

അൽപസ്വൽപം, പ്രകടനങ്ങളും വേണം. അതുകൊണ്ടാണ്, സമ്മേളനത്തിന് മുന്നേ തിടുക്കത്തിൽ അതിഥികളുമായി ഒരു ക്ഷേത്രസന്ദർശനം നടത്തിയത്. വർക്കലയിൽ ഗുരുവേദ പ്രാർഥന ചൊല്ലിയപ്പോൾ എഴുന്നേൽക്കാൻ മടിച്ച പിണറായി പോലും കെ.സി.ആറിനൊപ്പം ക്ഷേത്ര നടയിലെത്തി വണങ്ങി. ഇനി ഇതുപോലൊരു റാലി വിശാഖപട്ടണത്തും സംഘടിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പക്ഷേ, സമ്മേളനശേഷവും ചോദ്യങ്ങൾ ബാക്കിയാവുകയാണ്. പ്രതിപക്ഷ മുഖ്യമന്ത്രിമാരായ ദീദിയും സ്റ്റാലിനും ഗെഹ്ലോട്ടും സുകുവുമെല്ലാം എവിടെപ്പോയി? കർണാടക മുൻ മുഖ്യൻ കുമരണ്ണയെയും സമ്മേളനത്തിൽ കണ്ടില്ല. കൃത്യം അഞ്ചു വർഷം മുമ്പ് കുമരണ്ണ കന്നഡദേശത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഇപ്പറഞ്ഞ നേതാക്കളെല്ലാം അന്ന് വേദിയിലുണ്ടായിരുന്നു. ഒപ്പം, സോണിയയും. ഇവരെയെല്ലാം മാറ്റിനിർത്തിയൊരു മൂന്നാം മുന്നണി സാധ്യമോ എന്നാണ് പ്രതിയോഗികളുടെ ചോദ്യം.

സർക്കാർ ചെലവിലാണ് ഖമ്മത്ത് റാലി നടത്തിയതെന്ന് അവിടെയുള്ള ചില കോൺഗ്രസുകാരും പറഞ്ഞുനടക്കുന്നുണ്ട്. ഈ യുക്തിയൊന്നും കെ.സി.ആറിന് ബാധകമല്ലെന്ന് തോന്നുന്നു. കോൺഗ്രസിനെ മാറ്റിനിർത്തി ഒരു ബി.ജെ.പി വിരുദ്ധ മുന്നണി എന്നതാണ് അദ്ദേഹത്തിന്റെ സങ്കൽപം. കോൺഗ്രസിനോടും രാഹുലിനോടും മാനസിക ഐക്യമുള്ള സ്റ്റാലിൻ പോലും ആ മുന്നണിയിൽനിന്ന് പുറത്താണ്. കൃത്യമായ സ്റ്റാറ്റിസ്റ്റിക്സിന്റെ പുറത്താണ് ഈ മുന്നണി നീക്കം. സ്വന്തം നിലയിൽ മാജിക് നമ്പർ തികക്കാൻ കഴിയില്ലെന്ന് ഒരു വശത്ത് ബി.ജെ.പി നേതൃത്വം തന്നെ തുറന്നു സമ്മതിച്ചിരിക്കുകയാണ്.

മോദിവിരുദ്ധ വികാരം ഉയർത്തിക്കാട്ടി രാഹുലും സംഘവും പിടിക്കുന്ന സീറ്റുകളും പ്രധാനമന്ത്രിക്കസേരയോളം എത്തുമെന്നു തോന്നുന്നില്ല. അഥവാ, ഇരു ദേശീയ കക്ഷികൾക്കും പ്രാദേശിക കക്ഷികളുടെ പിന്തുണയില്ലാതെ മുന്നോട്ടുപോകാനാവില്ല. എങ്കിൽ പിന്നെ, ആദ്യ രണ്ടുപേരെ ഒഴിവാക്കി ഒരു ഫെഡറൽ മുന്നണി ആയാലെന്താ എന്നാണ് കെ.സി.ആർ ചോദിക്കുന്നത്. ആ ലോജിക്കിൽ തെറ്റില്ല; പക്ഷെ, സ്റ്റാലിനെപ്പോലുള്ളവർക്ക് കോൺഗ്രസില്ലാതെ പറ്റില്ല എന്നാണ്.

‘അബ് കി ബാർ കിസാൻ കി സർക്കാർ’ എന്നതാണ് മുന്നണിയുടെ മുദ്രാവാക്യം. ഈ മുദ്രവാക്യം ആദ്യം മുഴക്കുക ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലായിരിക്കും. അതുവിജയിച്ചാൽ, മോദിക്കെതിരായ പോരാട്ടത്തിന്റെ മതേതര മുഖം കെ.സി.ആർ തന്നെയാകും.പഴയ കോൺഗ്രസുകാരനാണ്. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരയുടെ പരാജയത്തിൽ മനംനൊന്ത് കണ്ണീർവാർത്ത അപൂർവം ഖദർധാരികളിലൊരാൾ. ’80കളുടെ ആദ്യ പകുതിയിൽ തെലുഗുദേശം പാർട്ടിയുടെ ഭാഗമായി.

1983ൽ തെരഞ്ഞെടുപ്പ് ഗോദയിലെ ആദ്യ അങ്കത്തിൽ തോൽവി. പിന്നീടങ്ങോട്ട് വിജയപരമ്പരകളും.1985 മുതൽ ’99 വരെ സിദ്ധിപ്പേട്ട് അസംബ്ലി മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ’87ൽ എൻ.ടി.ആറിന്റെയും ’96ൽ നായിഡുവിന്റെയും മന്ത്രിസഭകളിൽ അംഗം. ’99ൽ, നായിഡു കെ.സി.ആറിനെ ഡെപ്യൂട്ടി സ്പീക്കറായി തരം താഴ്ത്തിയതോടെ രാഷ്ട്രീയജീവിതം പുതിയ ദിശയിലായി.

രണ്ട് വർഷം പിടിച്ചുനിന്നശേഷം പാർട്ടി വിട്ടു; 2001ൽ, ടി.ആർ.എസ് ബാനറിൽ നിയമസഭയിലെത്തി. അന്നുമുതൽ കെ.സി.ആറിന്റെയും ടി.ആർ.എസിന്റെയും മുദ്രാവാക്യമായിരുന്നു ‘തെലങ്കാന’. പിന്നെ അതിനുള്ള പോരാട്ടമായി. പണ്ട്, പ്രത്യേക തെലങ്കാന സംസ്ഥാനത്തിനായി നെഹ്റു സർക്കാറിനോട് ഉണ്ണാവ്രതം നോറ്റ് സമാധിയായ പോറ്റി ശ്രീരാമുലുവിനെപ്പോലെ തോൽക്കാനുള്ള പോരാട്ടമല്ലായിരുന്നു അത്. രണ്ടാം യു.പി.എ സർക്കാറിന് ആ പോരാട്ടത്തിന് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു.

അങ്ങനെയാണ് തെലങ്കാന യാഥാർഥ്യമായത്. അന്നുതൊട്ട്, ആ ദേശത്തിന്റെ മുഖ്യമന്ത്രിയാണ്. ആദ്യ തെരഞ്ഞെടുപ്പിൽ 119ൽ 63 സീറ്റായിരുന്നുവെങ്കിൽ രണ്ടാം തെരഞ്ഞെടുപ്പിൽ അത് 88 ആയി. അതിനുശേഷം, കോൺഗ്രസിന്റെയും തെലുഗു ദേശം പാർട്ടിയുടെയും ചില അംഗങ്ങൾ കെ.സി.ആറിനൊപ്പം നിലയുറപ്പിക്കുകയും ചെയ്തു. ഈ ആത്മവിശ്വാസത്തിലാണ് കേന്ദ്രത്തിൽ കണ്ണുവെച്ചിരിക്കുന്നത്. അങ്കപ്പുറപ്പാടിൽ മുഖ്യ ആയുധം വാക്ചാതുരിയാണ്. ആ വാക്കിലും വാഗ്ദാനങ്ങളിലും ആരൊക്കെ വീഴുമെന്ന് കാത്തിരുന്നു കാണണം. തെലങ്കാന യാഥാർഥ്യമാക്കിയ കെ.സി.ആറിന് വിജയകരമായൊരു മൂന്നാം മുന്നണിയും അസാധ്യമല്ലെന്നാണ് പണ്ഡിറ്റുകളുടെ നിരീക്ഷണം.

Tags:    
News Summary - K. Chandrashekar Rao

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.