കുഞ്ഞുമാണിയുടെ കുപ്പായം

ഇംഗ്ലീഷിൽ ‘സെലക്ടിവ് ലീക്കിങ്’ എന്നു പറയും. ഇഷ്​ടപ്പെട്ട വരേണ്യ മാധ്യമ പ്രവർത്തകരെ മാത്രം സ്വകാര്യമായി വിളിച്ച് പാർട്ടിയുടെ രഹസ്യവും തന്ത്രവുമെന്ന മട്ടിൽ ആഗ്രഹവും സമീപനവും വിളമ്പുന്ന പരിപാടിയാണത്. അത്തരത്തിലൊന്നാണ് വെള്ളിയാഴ്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മുഖേന കോൺഗ്രസ് പുറത്തേക്കു വിട്ടത്. അതനുസരിച്ച് കോൺഗ്രസിന് ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരേയൊരു ലക്ഷ്യം മാത്രം. പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് നരേന്ദ്ര മോദിയെ പുറത്താക്കണം. അതിന് രണ്ടാണ് തന്ത്രം. കഴിയുന്നത്ര വിട്ടുവീഴ്ച ചെയ്ത് പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കും. പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടാതെ തെരഞ്ഞെടുപ്പിനു ശേഷമുള്ള സീറ്റുനില അനുസരിച്ച് നേതാവിനെ തീരുമാനിക്കാമെന്നു വെക്കും. ഇതിൽ തന്ത്രത്തേക്കാൾ നിവൃത്തികേടാണ് തെളിയുന്നതെന്നു മാത്രം.

അത് കോൺഗ്രസി​​െൻറ മാത്രമല്ല, സകലമാന പ്രതിപക്ഷത്തി​​െൻറയും ബഹുസ്വരത ആഗ്രഹിക്കുന്ന ഇന്ത്യൻ ജനതയുടെയും നിവൃത്തികേടാണ്. ചിതറിയ പ്രതിപക്ഷം. വിള്ളലുകൾ പ്രത്യക്ഷമായിട്ടും മോദി -അമിത് ​ഷാമാരുടെ തന്ത്രങ്ങളിൽ ജയിച്ചുനിൽക്കുന്ന ബി.ജെ.പി വിഭാഗീയ വർഗീയ അജണ്ടകളിലൂടെ വീണ്ടും അധികാരം പിടിക്കാൻ പുതിയ കരുനീക്കങ്ങൾ നടത്തുേമ്പാൾ ചിതറിനിൽക്കുന്ന പ്രതിപക്ഷത്തിന് പരസ്പരം വിട്ടുവീഴ്ച ചെയ്യാതെ പറ്റില്ല. ഏറ്റവും കൂടുതൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നത്, മെലിഞ്ഞൊട്ടി നിൽക്കുന്ന ഏറ്റവും വലിയ പാർട്ടിക്കുതന്നെ. ഒാരോ സംസ്ഥാനത്തും അതതിടത്തെ പ്രബലരായ പാർട്ടി വിടർത്തുന്ന കുടക്കു കീഴിലേക്ക് കയറി നനയാതെ നിൽക്കുക മാത്രമാണ് ബി.ജെ.പി വിരുദ്ധ പോരാട്ടത്തിൽ എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും ധർമം. പഴയ പ്രാമാണ്യത്തി​​െൻറ നേര്യതും ഒാലക്കുടയുമായി മുറുക്കിച്ചുവപ്പിച്ചു മതിമറന്നു നിന്നാൽ കോൺഗ്രസിന് ഒടുവിൽ ഉടുമുണ്ടുതന്നെ നഷ്​ടപ്പെട്ടു എന്നു വരും. പോരാത്തതിന് എ.െഎ.സി.സിയിൽ കടുത്ത സാമ്പത്തിക ദാരിദ്ര്യവുമാണ്. പട്ടിണി മരണം നടക്കുന്നില്ലെന്നു മാത്രം.

എല്ലാറ്റിനുമിടയിൽ കോൺഗ്രസ് നേതൃത്വം മഷിയിട്ടു നോക്കുേമ്പാൾ തെളിയുന്ന തെരഞ്ഞെടുപ്പുചിത്രം ഇതാണ്: യു.പിയിൽ കോൺഗ്രസ് ഒപ്പം കൂടിയാലും ഇല്ലെങ്കിലും മായാവതിയുടെ ബി.എസ്.പിയും അഖിലേഷി​​െൻറ സമാജ്​വാദി പാർട്ടിയും സഖ്യമുണ്ടാക്കി ബി.ജെ.പിയെ നേരിടും. 80 ലോക്സഭ സീറ്റുള്ള യു.പിയിൽ അവർക്കൊപ്പം നിന്നാൽ 10 സീറ്റ് കിട്ടിയെന്നു വരും. നെഹ്​റുകുടുംബത്തിന് സംവരണം ചെയ്ത രണ്ടു മണ്ഡലമടക്കം മിക്കതിലും ജയിക്കാം. സഖ്യമില്ലെങ്കിൽ കെട്ടിവെച്ച കാശു കിട്ടിയില്ലെന്നു വരും. അതുകൊണ്ട് പ്രാക്ടിക്കൽ ആയേ പറ്റൂ. ബിഹാറിലേക്കു ചെല്ലുേമ്പാൾ ആർ.ജെ.ഡിയുടെ കുടക്കീഴിൽ നനയാതെ നിൽക്കാം. മഹാരാഷ്​​്ട്രയിൽ ഒന്നിച്ചുനിൽക്കേണ്ടത് കോൺഗ്രസി​​െൻറയും എൻ.സി.പിയുടെയും ആവശ്യമാണ്. കർണാടകയിൽ തന്ത്രം ഫലിച്ചതു വഴിയുള്ള സഖ്യം നിലനിൽക്കുന്നുണ്ട്. പ്രതിപക്ഷ നിരയിൽ മേൽക്കൈ അവകാശപ്പെടാൻ കഴിയാത്ത ഇത്തരം സംസ്ഥാനങ്ങളിൽ, സഖ്യകക്ഷിയുടെ പിടിവാശികൾക്ക് കോൺഗ്രസ് വഴങ്ങിനിൽക്കും. ബി.ജെ.പിക്ക് കിട്ടാവുന്ന സീറ്റ് പരമാവധി കുറക്കുന്ന അടവുനയം എന്നാണ് പാർട്ടിക്കാർ അതിനെ വ്യാഖ്യാനിക്കുക.

ഇൗ സംസ്ഥാനങ്ങളുടെ സ്ഥിതിയല്ല ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്​ തുടങ്ങിയ സംസ്ഥാനങ്ങളിൽ. കോൺഗ്രസും ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന സംസ്ഥാനങ്ങളാണ് അവ. അന്നേരം പ്രതിപക്ഷ നിരയിലെ വല്യേട്ടൻ കോൺഗ്രസാകും. കോൺഗ്രസി​​െൻറ സീറ്റെണ്ണം പരമാവധി കൂട്ടാൻ പാകത്തിൽ ചെറു പ്രതിപക്ഷ കക്ഷികൾ കോൺഗ്രസിനോട് വിട്ടുവീഴ്ച ചെയ്യുമെന്നാണ് പ്രതീക്ഷ. എൽ.ഡി.എഫും യു.ഡി.എഫും േപാരടിക്കുന്ന കേരളത്തിൽ ഇതൊന്നും വിഷയമല്ല. പശ്ചിമ ബംഗാളിലാക​െട്ട, സ്ഥിതി മാറി. അങ്ങോട്ടും ഇങ്ങോട്ടും കടക്കാവുന്നവിധം സി.പി.എമ്മും കോൺഗ്രസും ചേർന്ന് ഇട്ടുവെച്ച പാലം കോൺഗ്രസുകാർ വലിച്ചെടുത്ത സ്ഥിതിയാണ്. 

അത്​ തൃണമൂലി​​െൻറ തുരുത്തിലേക്ക് ഇട്ടുകൊടുത്ത്, അവർ രണ്ടുകൂട്ടരും അങ്ങോട്ടുമിങ്ങോട്ടും നടക്കുമെന്ന സ്ഥിതി സി.പി.എമ്മിനെ വെട്ടിലാക്കിയിട്ടുണ്ട്. അഥവാ, കോൺഗ്രസ് ബംഗാളിൽ മമതയുടെ കുടക്കീഴിൽ നിൽക്കും. ബി.ജെ.പി വിരുദ്ധ പോരാട്ടത്തിലെ കോൺഗ്രസി​​െൻറ പ്രതിപക്ഷ െഎക്യഗാഥക്ക് പഞ്ചാബിലും ഡൽഹിയിലും മറ്റൊരു ഇൗണവും താളവുമാണ്. അവിടങ്ങളിൽ ആം ആദ്മി പാർട്ടിയുമായി സഖ്യം വേണമോ എന്ന കാര്യം അതതു സംസ്ഥാന ഘടകങ്ങൾ തീരുമാനിക്കുമത്രേ. എന്നുവെച്ചാൽ സഖ്യം നടപ്പില്ല. പ്രതിപക്ഷ െഎക്യദാഹത്തിനിടയിൽ രണ്ടിടത്തും കോൺഗ്രസും ആം ആദ്മി പാർട്ടിയും മോരും മുതിരയും പോലെ വേർതിരിഞ്ഞു കിടക്കും. ആന്ധ്രയെക്കുറിച്ച് ചോദിക്കരുത്.

ഇങ്ങനെ തരാതരം പോലെ പ്രാദേശിക തലത്തിൽ മുന്നോട്ടുനീങ്ങി വോെട്ടടുപ്പ് എന്ന കടമ്പയും കടന്നു കഴിയുേമ്പാഴാണ് യഥാർഥ തെരഞ്ഞെടുപ്പ്. കോൺഗ്രസ് ആഗ്രഹിക്കുന്നതുപോലെ ആകെയുള്ള 545ൽ 200നു മുകളിൽ സീറ്റ് സ്വന്തംനിലക്ക് പിടിക്കാൻ സാധിച്ചാൽ പിന്നെ കോൺഗ്രസിനെ പിടിച്ചാൽ കിട്ടില്ല. രാഹുൽ  ഗാന്ധിതന്നെ സ്വാഭാവിക പ്രധാനമന്ത്രി. മമതയും മായാവതിയുമൊക്കെ പ്രതാപികളായി മാറുകയും കോൺഗ്രസിന്​ സീറ്റെണ്ണം കുറയുകയും ചെയ്താൽ സി.പി.എമ്മിനെപ്പോലെ അവരുടെ ഫെഡറൽ മുന്നണിക്ക് പുറംപിന്തുണ നൽകുക മാത്രമാണ് മാർഗം. ബി.ജെ.പിയുടെ സീറ്റുനില 230ൽ താഴെപ്പോയാൽ നരേന്ദ്ര മോദിയല്ല, മറ്റൊരു പ്രധാനമന്ത്രിക്കു വേണ്ടി സഖ്യകക്ഷികൾ സമ്മർദം മുറുക്കുന്ന നിലയും പ്രശ്നവശാൽ കോൺഗ്രസ് കാണുന്നുണ്ട്.

േമൽപറഞ്ഞ ഖണ്ഡികയിലാണ് കേരള കോൺഗ്രസും കുഞ്ഞുമാണിയും മനക്കോട്ട കെട്ടുന്നത്. പ്രധാനമന്ത്രി ആരുമാക​െട്ട, ജോസ് കെ. മാണിയെ കേന്ദ്രമന്ത്രിയുടെ സ്യൂട്ട് ഇട്ടുകാണാൻ കരിങ്ങോഴക്കൽ കുടുംബക്കാർക്കു മാത്രമല്ല ആഗ്രഹം. സകലമാന പാലാക്കാർക്കും മലയോര കർഷകർക്കും സർവോപരി ൈക്രസ്തവ സഭക്കുമുണ്ട്. കെ. കരുണാകരൻ പണ്ട് കൈ കത്രിച്ചു കളഞ്ഞ കേന്ദ്രമന്ത്രിക്കോട്ട് നെഞ്ചിൽ തിരുമ്മി പലപ്പോഴും പെട്ടിയിൽനിന്ന് എടുത്തുനോക്കുന്ന കെ.എം. മാണിയുടെ മോഹസാഫല്യം അതൊന്നു വേറെ. അതെല്ലാറ്റിനും വേണ്ടിയാണ്, കണക്കുകൂട്ടലുകൾ ഒരുനിലക്കും പിഴക്കാതിരിക്കാൻ വേണ്ടി കൂടിയാണ് േജാസ് കെ. മാണി എന്ന ലോക്സഭാംഗത്തെ കോൺഗ്രസുകാരുടെ ചെലവിൽ പൊടുന്നനെ ജോസ് കെ. മാണി എന്ന രാജ്യസഭാംഗമാക്കി മാറ്റിയത്. കോട്ടയത്തിന് ഒരു വർഷം എം.പി ഇല്ലാതെപോയെങ്കിലെന്ത്, ഏതു സാഹചര്യവും നേരിടാൻ പാകത്തിൽ ആറു വർഷ കാലാവധിയുള്ള രാജ്യസഭാംഗമാണ് ഇന്ന് േജാസ് കെ. മാണി. സാഹചര്യങ്ങളും സാധ്യതകളും ഇനി പറയാം: ഒന്നുകിൽ രാഹുൽ ഗാന്ധിയുടെ മന്ത്രിസഭയിൽ, അല്ലെങ്കിൽ മമതയോ മായാവതിേയാ മറ്റാരെങ്കിലുമോ നയിക്കുന്ന മന്ത്രിസഭയിൽ, ഒരു നിവൃത്തിയുമില്ലെങ്കിൽ മുമ്പ് പി.സി. തോമസ് എന്ന പോലെ എൻ.ഡി.എ മന്ത്രിസഭയിൽ ജോസ് കെ. മാണിക്ക് ഒരു മന്ത്രിക്കസേര ഇടാൻ പഴുതുണ്ടായിരിക്കും.

തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ ഡൽഹി യാത്രയിലെ സന്ദർശക ലിസ്​റ്റിൽ ജോസ് കെ. മാണി പ്രത്യേക ക്ഷണിതാവായി മാറിയത്് അതി​​െൻറ ഭാഗമാണ്. പാർലമ​​െൻറിൽ ത​​​െൻറ പുതിയ അംഗമായ ഡറിക് ഒബ്രിയൻ, മമതയുടെ അടുത്തേക്ക് ജോസ് കെ. മാണിയെ കൂട്ടിക്കൊണ്ടു പോയി. സൗഹൃദ സന്ദർശനമെന്ന ലേബലിൽ, പറഞ്ഞുറപ്പിച്ച കൂടിക്കാഴ്ച നടന്നു. ദേശീയ രാഷ്​​്ട്രീയം മുതൽ വോട്ടുയന്ത്രത്തിലെ ക്രമക്കേടുവരെയുള്ള കാര്യങ്ങൾ സംസാരിച്ച് പരസ്പരം മമത കാട്ടി; സഖ്യസാധ്യതയുടെ പാലം ഇട്ടുവെച്ചു. ‘ആദ്യം വേണ്ടത് മോദിയെ പുറത്താക്കൽ, പ്രധാനമന്ത്രി ആരെന്ന കാര്യം പിന്നെ’ എന്ന് കോൺഗ്രസിനെപ്പോലെത്തന്നെ പറയുന്ന മമതക്കു വേണ്ടത് രാഹുലിനെയും മായാവതിയേയുമൊക്കെ കടത്തിവെട്ടി പ്രതിപക്ഷ രാഷ്്ട്രീയത്തി​​െൻറ മുൻനിരയിൽ എത്തുകയാണ്. അവസരോചിതം പ്രധാനമന്ത്രി സ്ഥാനാർഥിയാവുകയാണ്. അതല്ലെങ്കിൽ കിങ് മേക്കറാവുകയാണ്. സി.പി.എമ്മിന് ദേശീയ രാഷ്്ട്രീയത്തിൽ കളിക്കാൻ ഇടം കൊടുക്കാതിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ കുത്തക നിലനിർത്തുകയാണ്. പാർലമ​​െൻറ് സമ്മേളനത്തിനിടയിൽ ഡൽഹി രാഷ്്ട്രീയത്തിലേക്ക് പറന്നിറങ്ങിയ മമത അതിനുള്ള പലവിധ ശ്രമങ്ങൾ നടത്തിയാണ് മടങ്ങിയത്. 

കോൺഗ്രസിനും മറ്റു പ്രതിപക്ഷ പാർട്ടികൾക്കുമിടയിൽ ‘ആദ്യം മോദി, ബാക്കി പിന്നെ’ എന്ന ഫോർമുല ഉറപ്പിച്ച ശേഷമായിരുന്നു തിരിച്ചുപോക്ക്. കോൺഗ്രസ് നേതൃത്വവും ആ ലൈൻ വ്യക്തമാക്കിയത് അതിനു ശേഷമാണ്. മമതയും മായാവതിയും മുന്നോട്ടുവെക്കുന്ന രാഷ്്ട്രീയ ലൈനിനൊത്ത് മുന്നോട്ടു നീങ്ങുക മാത്രമാണ് കോൺഗ്രസിനു മുന്നിലുള്ള മാർഗമെന്നത് വേറെ കാര്യം. കോൺഗ്രസിനൊപ്പം നിൽക്കുന്ന സഖ്യകക്ഷികൾ ബദൽ പദ്ധതികൂടി തയാറാക്കിയാണ് ലോക്സഭ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്നത്. മമത ^ജോസ് കെ. മാണി കൂടിക്കാഴ്ച നൽകുന്ന സന്ദേശം മറ്റൊന്നല്ല. കോൺഗ്രസിന് അധികാരം കിട്ടിയില്ലെങ്കിൽ കേരള കോൺഗ്രസിനു മാത്രമല്ല, മുസ്​ലിം ലീഗിനും ആർ.എസ്.പിക്കുമൊക്കെ ഫെഡറൽ മുന്നണി വഴി മന്ത്രിസഭയിൽ എത്താൻ പഴുതുണ്ട്. ബി.എസ്.പിക്കും എസ്.പിക്കും ഡി.എം.കെക്കുമൊക്കെ സാധ്യതകളുണ്ട്. ഏറിയാൽ 35 സീറ്റ്​ പിടിച്ചേക്കാവുന്ന മമത ബാനർജിക്കോ, അത്രതന്നെ സീറ്റ് കിട്ടാനിടയില്ലാത്ത മായാവതിക്കോ ഭാവി പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന കാഴ്ചപ്പാട് പരത്താൻ കഴിയുേമ്പാൾ 150^200 സീറ്റ്​ മോഹിക്കുേമ്പാൾ പോലും രാഹുൽ ഗാന്ധിയുടെ പേര് ഉറക്കെ മുന്നോട്ടുവെക്കാൻ കഴിയുന്നില്ലെന്നതാണ് കോൺഗ്രസി​​െൻറ ദുഃസ്ഥിതി. അത് പ്രതിപക്ഷ െഎക്യത്തിനു വേണ്ടിയുള്ള വിട്ടുവീഴ്ചകൊണ്ടു മാത്രമല്ല. 

മൂന്നു ദിവസംകൊണ്ട് മമത ബാനർജി നൽകിയ ഒാളവും ശൗര്യവും പ്രതിപക്ഷ രാഷ്്ട്രീയത്തിന് അതേ അളവിൽ പകർന്നുനൽകാൻ ഡൽഹിയിലുള്ള രാഹുൽ ഗാന്ധിക്ക് കഴിയുന്നുണ്ടോ? രാഹുൽ ഗാന്ധിയുടെ അന്തർമുഖത്വം കോൺഗ്രസിനെ ചൂഴ്ന്നുനിൽക്കുന്നു. ബി.ജെ.പിയും പ്രാേദശിക കക്ഷികളും തെരഞ്ഞെടുപ്പി​​െൻറ പ്രവർത്തനങ്ങൾ ഉഷാറാക്കുേമ്പാൾ എന്തിനധികം, ഒരു കെ.പി.സി.സി പ്രസിഡൻറിനു വേണ്ടി ഇരുട്ടിൽ തപ്പുകയാണ് ഹൈകമാൻഡ്. എവിടെ മത്സരിക്കണം, ആരു മത്സരിക്കുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പരസ്പരം ചോദിക്കുേമ്പാൾ, മന്ത്രിക്കുപ്പായത്തിന് ഇസ്തിരിയിടുകയാണ് ഒപ്പമുള്ള ചെറുകക്ഷിക്കാർ.

Tags:    
News Summary - Jose K Mani - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.