ഇൻസ്റ്റന്റ് ധനനഷ്ടം, മാനഹാനി...

സ്റ്റേഷനിലെത്തിയ യുവതി പരാതി പറയാൻ ബുദ്ധിമുട്ടുകയാണ്. വനിത പൊലീസുകാർ ധൈര്യം പകർന്നതോടെ അവർ മനസ്സ് തുറന്നു. തന്‍റെ ഫോട്ടോ അശ്ലീല ഫോട്ടോയോടൊപ്പം മോർഫ് ചെയ്ത് വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുന്നെന്നായിരുന്നു പരാതി. പരാതിക്കാരി വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.

അവരുടെ മൊബൈൽ ഫോൺ പൊലീസ് വിശദമായി പരിശോധിച്ചപ്പോൾ യുവതി ജോലിചെയ്യുന്ന സ്ഥാപനത്തിൽ, ഏതോ ഒരു വിശേഷ ചടങ്ങിനോടനുബന്ധിച്ച് സഹപ്രവർത്തകർക്കൊപ്പം എടുത്ത ഫോട്ടോയാണ് വാട്സ്ആപ്പിൽ പ്രൊഫൈൽ ഫോട്ടോയായി ഉപയോഗിച്ചിരുന്നത്.

ഓഫിസിലെ വിശേഷദിനത്തോടനുബന്ധിച്ച് എടുത്ത ഫോട്ടോ ആയതിനാൽ വിവിധ ഗ്രൂപ്പുകളിലും ഫോട്ടോകൾ ഷെയർ ചെയ്തിരുന്നു. ഒരു സഹപ്രവർത്തകനും ചിത്രത്തിൽ ഉണ്ടായിരുന്നു. സംശയം തോന്നിയതിനാൽ ഫോട്ടോയിൽ കാണപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി. അയാളുടെ മൊബൈൽ ഫോണും പരിശോധിച്ചു.

കൂടെ ജോലി ചെയ്യുന്നവരുമായി നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ് അയാൾ. മാത്രവുമല്ല, ഇത്തരത്തിൽ, ഒരു ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കത്തക്കതായ ഒരു കാരണവും തനിക്കില്ലെന്നും അയാൾ വ്യക്തമാക്കി. ഇരുവരുടെയും മൊബൈൽ ഫോണുകൾ വീണ്ടും വിശദമായി പരിശോധിച്ചപ്പോൾ യുവാവിന്‍റെ മൊബൈൽ ഫോണിൽ ഒരു ഇൻസ്റ്റന്‍റ് ലോൺ ആപ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത് പൊലീസിന്‍റെ ശ്രദ്ധയിൽപെട്ടു.

പണത്തിന് അത്യാവശ്യം വന്നപ്പോൾ അയാൾ ലോൺ ആപ് വഴി രണ്ടുപ്രാവശ്യമായി 10,000 രൂപ ലോണെടുത്തു. പലിശസഹിതം ഇരട്ടിയോളം തുക തിരിച്ചടച്ചു. എന്നാൽ, ലോൺ ആപ് കമ്പനിക്കാരാകട്ടെ, പണം ലഭിച്ചില്ലെന്നും വീണ്ടും വീണ്ടും തുക അടക്കണമെന്നുമുള്ള ആവശ്യവുമായി പിന്നാലെ കൂടി. ആവശ്യം ഭീഷണിയുടെ സ്വരത്തിലേക്ക് മാറി.

യുവാവ് കണക്കും രേഖകളും സഹിതം സമർഥിച്ചിട്ടും ലോൺ ആപ്പുകാർ വേറെ വേറെ മൊബൈൽ നമ്പറുകളിൽനിന്ന് വിളിച്ച് ഭീഷണിപ്പെടുത്തൽ തുടർന്നു. യുവാവിന്‍റെ ഫോണിലേക്ക് ലോൺ ആപ് കമ്പനിക്കാർ അയച്ച മോർഫ് ചെയ്ത ചിത്രങ്ങൾ ഉൾപ്പെടെയുള്ള ഭീഷണി സന്ദേശങ്ങൾ പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടു.

അപ്പോഴാണ് മോർഫ് ചെയ്ത ചിത്രത്തിനുപിന്നിലെ കേന്ദ്രത്തെക്കുറിച്ച് പൊലീസിന് കൃത്യമായ ധാരണ കിട്ടിയത്; ലോൺആപ് കമ്പനിക്കാർതന്നെ. സമൂഹമധ്യത്തിൽ നാണംകെടുത്തലും ജപ്തി നടപടികളും ഭീഷണിയുമെല്ലാമായിരുന്നു പണം തിരികെ വാങ്ങാനുള്ള വായ്പക്കാരുടെ പതിവ് ശൈലിയെങ്കിൽ ഓൺലൈൻകാലത്ത് ഇതിനും പുതിയ രീതികൾ കൈവന്നുകഴിഞ്ഞു. അതുപക്ഷേ അൽപം കടന്ന കൈയാണെന്ന് മാത്രം.

ഫേസ്ബുക്കിലും മറ്റും ആകർഷകമായ സഹായം എന്ന നിലയിലാണ് ഇത്തരം ആപ്പുകളുടെ പരസ്യവും ലിങ്കുമെത്തുന്നത്. മറ്റ് രേഖകളുടെയോ ആധാരത്തിന്റെയോ ഓഫിസ് കയറിയിറങ്ങലിന്‍റെയോ ആവശ്യമില്ലാതെ അക്കൗണ്ടിലേക്ക് ലോൺ എത്തും എന്നതിനാൽ ആവശ്യക്കാർ അധികം ആലോചിക്കാതെ ലിങ്കിൽ കൊത്തും.

പക്ഷേ ആപ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ വ്യക്തി എന്ന നിലയിൽ അന്തസ്സിന്‍റെ ആധാരമാണ് ഇത്തരം ലോൺ ആപ്പുകാർ സ്വന്തമാക്കുന്നത്. കല്യാണ ഫോട്ടോയും കുഞ്ഞിന്‍റെ നൂലുകെട്ടും ഓണാഘാഷവും ഓഫിസിലെ ഔദ്യോഗിക നിമിഷങ്ങളുമടക്കം നമ്മുടെ ഫോണിലെ ഫോൺ ഗാലറിയിലെ സകലതും അവരുടെ കൈവെള്ളയിൽ.

ലോണിന് മുടക്കംവന്നാൽ ഈ മുഖങ്ങളിൽ നഗ്നശരീരങ്ങൾ വെട്ടിച്ചേർത്ത് ഫോൺ കോൺടാക്ടിലെ നമ്പറുകളിലേക്ക് തലങ്ങും വിലങ്ങുമയക്കും. പിന്നെ ഈ ഫോട്ടോ ഉപയോഗിച്ചുള്ള ബ്ലാക്ക് മെയിലിങ്ങാണ്. പറഞ്ഞ തുക അടച്ചാൽപോലും വീണ്ടും ആവശ്യപ്പെടുന്ന തനി നാടൻ ഗുണ്ടാരീതിയുടെ ഡിജിറ്റൽ വേർഷൻ. ഇത് ഒറ്റപ്പെട്ട സംഭവമല്ല. നിരവധി പരാതികളാണ് സംസ്ഥാന വ്യാപകമായി ഉയരുന്നത്.

ലോൺ ആപ് ഇൻസ്റ്റാൾ ചെയ്തശേഷം വായ്പ എടുക്കുകയൊന്നും വേണ്ട, ഇവരുടെ കെണിയിൽപെടാൻ. വായ്പക്ക് അർഹരാണോ, എത്ര വായ്പ തനിക്ക് കിട്ടും എന്നറിയാനുള്ള 'എലിജിബിലിറ്റി ചെക്ക്' എന്ന ഓപ്ഷൻ ആപ്പിലുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽപോലും പ്രശ്നമാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഈ കമ്പനികൾ അധികവും പ്രവർത്തിക്കുന്നത്. ബംഗളൂരുവിൽ സമാനരീതിയിൽ തട്ടിപ്പ് നടത്തിയ നൂറിലേറെ ആപ്പുകളെ പൊലീസ് പൂട്ടിച്ചിരുന്നു. കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം നടക്കുന്നുണ്ട്.

പ്രതികളെ പിടികൂടുക എന്നതിനൊപ്പം ഇത്തരം ആപ്പുകളെ എന്നെന്നേക്കുമായി പൂട്ടിക്കുക എന്നതാണ് പ്രധാനം. മാനനഷ്ടം ഭയന്ന് പലരും പരാതികൾ നൽകാത്തത് ഇത്തരം തട്ടിപ്പുകാർക്ക് സഹായകമാവുകയാണ്.

പണ്ട് ആട്, തേക്ക്, മാഞ്ചിയം എന്നിവയുടെ പേരിലായിരുന്നു തട്ടിപ്പെങ്കിൽ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദങ്ങൾ സ്ഥാപിച്ചും മോഹന വാഗ്ദാനങ്ങൾ നൽകിയും പണത്തോടുള്ള മനുഷ്യന്‍റെ അത്യാഗ്രഹം മുതലാക്കിയുമുള്ള തട്ടിപ്പുകളാണ് പൊടിപൊടിക്കുന്നത്.

സാധാരണക്കാരെ ഏറെ സ്വാധീനിക്കാനാകുന്ന സിനിമതാരങ്ങളെ ഉൾപ്പെടെ അണിനിരത്തി റമ്മി കളിക്കൂ സമ്മാനം നേടൂ തുടങ്ങിയ പരസ്യങ്ങൾ, വീട്ടിലിരുന്നും ലക്ഷങ്ങൾ സമ്പാദിക്കാം തുടങ്ങിയ മോഹന വാഗ്ദാനങ്ങൾ നൽകി തട്ടിപ്പുകാർ മലയാളി ഉൾപ്പെടെയുള്ളവരുടെ അത്യാഗ്രഹം മുതലാക്കുമ്പോൾ മുന്നറിയിപ്പ് നൽകുകയല്ലാതെ മറ്റൊന്നും ചെയ്യാനാകാതെ നിസ്സഹായരാകുകയാണ് പൊലീസും.

 വായ്‌പ തട്ടിപ്പുകാരുടെ രീതി ഇങ്ങനെ

ലോൺ ആപ് മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന സമയംതന്നെ ഫോണിൽനിന്ന് നമ്മുടെ കോൺടാക്ട്സ്, ഗാലറി എന്നിവ ലോൺ ആപ് കമ്പനിക്കാർ കൈക്കലാക്കുന്നു.

ലോൺ ലഭിക്കുന്നതിന് വ്യക്തിയുടെ ഫോട്ടോ, ആധാർകാർഡ്, പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ ആവശ്യപ്പെടും.

ഇവ നൽകിയാൽ മാത്രമേ ലോൺ എടുക്കുന്നയാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കപ്പെടുകയുള്ളൂ.

ലോൺ തുകയിൽനിന്ന് വലിയൊരു തുക കിഴിച്ചതിനുശേഷം ബാക്കി തുകയായിരിക്കും നൽകുക.

കൃത്യമായി ലോൺ തിരിച്ചടച്ചാലും അത് ലോൺ ആപ്പിൽ വരവുവെക്കില്ല.

ലോൺ തുക മുടങ്ങി എന്നപേരിൽ അവർ വീണ്ടും പണവും പലിശയും ആവശ്യപ്പെടും.

വഴങ്ങിയില്ലെങ്കിൽ വ്യക്തിഹത്യയിലേക്ക് നീങ്ങും.

ലോൺ വാങ്ങിയയാളുടെ കോൺടാക്ട് ലിസ്റ്റ് ഉപയോഗിച്ച് അതിലെ സ്ത്രീകളുടെ പ്രൊഫൈൽ ചിത്രങ്ങൾ മോർഫ് ചെയ്യും.

ലോൺ വാങ്ങിയയാളോ ലോൺ നൽകിയ സ്ഥാപനമോ അല്ലാതെ കോൺടാക്ട് ലിസ്റ്റിലുള്ള മറ്റൊരു വ്യക്തിയുടെ ചിത്രമായിരിക്കും മോർഫ് ചെയ്യുക

അതിനുശേഷം മോർഫ് ചെയ്ത ചിത്രം ലോൺ എടുത്തയാൾക്കും കോൺടാക്ട് ലിസ്റ്റിലുള്ള ആളുകൾക്കും അയച്ചുകൊടുക്കും.

ലോൺ തിരിച്ചടച്ചില്ലെങ്കിൽ ഇത് വ്യാപകമായി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും

ഉപഭോക്താവ് ലോൺ തുക തിരിച്ചടക്കാതാവുന്നതോടെ മോർഫ് ചെയ്ത ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടാകാം.

Tags:    
News Summary - Instant monetary loss defamation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.