വിദ്വേഷമാണ് യു.പിയിൽ വിധി നിർണയിച്ചത്

ഞാൻ പ്രതീക്ഷിച്ച അതേപടിയുള്ള തെരഞ്ഞെടുപ്പു ഫലമാണ് ഉത്തർപ്രദേശിൽനിന്ന് പുറത്തുവന്നിരിക്കുന്നത്. രണ്ടു വിഭാഗം വോട്ടർമാരാണ് ഇവിടെയുണ്ടായിരുന്നത്. മുസ്‍ലിംകളും അവരോട് വിദ്വേഷം പുലർത്തുന്നവരും. ഗ്രാമ-നഗര ഭേദമന്യേ യു.പിയിലെ ഹിന്ദു ജനവാസ മേഖലകളിലുള്ള റിക്ഷക്കാർ, പഴം-പച്ചക്കറി വിൽപനക്കാർ, മരപ്പണിക്കാർ തുടങ്ങിയ സാധാരണ മനുഷ്യരുമായി നടത്തിയ സംഭാഷണങ്ങളിൽനിന്നുതന്നെ അത് സുവ്യക്തമായിരുന്നു. അലഞ്ഞുതിരിയുന്ന കാലികൾ ഉൾപ്പെടെ കാര്യങ്ങൾ തെരഞ്ഞെടുപ്പ് വിഷയങ്ങളാകുമെന്നു പറഞ്ഞ് നമ്മുടെ വാർത്തലേഖകർ നമ്മെ വഴിതെറ്റിക്കുകയായിരുന്നു, സത്യം പറഞ്ഞാൽ വോട്ടർമാർ ചില റിപ്പോർട്ടർമാരെ തെറ്റിദ്ധരിപ്പിച്ചതാണ്. അല്ലെങ്കിൽ തന്നെ വോട്ടർമാരിപ്പോൾ പത്രക്കാരെക്കാൾ മിടുക്കരും കൗശലക്കാരുമാണ്.

ഭരണപക്ഷം നടത്തിയ പ്രചാരണത്തിലും ഇത് കൂടുതൽ വ്യക്തമായിരുന്നു. ഓരോ പ്രസംഗത്തിലും ക്രമസമാധാനപാലനത്തെക്കുറിച്ചും ഗുണ്ടാസംഘങ്ങൾക്കെതിരായ നടപടികളെക്കുറിച്ചും പറയുമ്പോഴുള്ള ദ്വയാർഥ പ്രയോഗത്തിൽ ഇതുസംബന്ധിച്ച കൃത്യമായ സൂചനയുണ്ടായിരുന്നു. മുസ്‍ലിംകൾ എന്ന പദം പൂർണമായി പറയാതിരിക്കാൻ സൂക്ഷിച്ചു. എന്നാൽ, എന്താണ് ഉദ്ദേശിക്കുന്നതെന്ന് കേൾവിക്കാരിലേക്ക് കൃത്യമായി പറഞ്ഞെത്തിക്കാനും അവർ ശ്രദ്ധിച്ചു. ഭരണകക്ഷിയുടെ റേഡിയോ പ്രചാരണം അവന്മാരെ (ആരെയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം) ശരിപ്പെടുത്തുന്നവരെ തെരഞ്ഞെടുക്കും എന്നതായിരുന്നു. എന്നാൽ, ചിലയിടങ്ങളിലെ പ്രസംഗങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ഇത് മറച്ചുപിടിച്ചു, രാംപുർ പോലുള്ള മുസ്‍ലിം ഭൂരിപക്ഷ മേഖലകളിൽ.

നമ്മുടെ സാമൂഹിക ശാസ്ത്ര ഗവേഷണ പരിശീലനം ഏറെക്കാലമായി വർഗ വിശകലനങ്ങളിൽ ചുറ്റിത്തിരിയുകയാണ്. അങ്ങനെ നേടിയ പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ പഠനവും ഗവേഷണവും നിരീക്ഷണവുമെല്ലാം നടത്തുമ്പോൾ, പൊടുന്നനെ പ്രഖ്യാപിച്ച ഹൃദയശൂന്യമായ നോട്ടുനിരോധനത്തിന്റെ ഫലമായുണ്ടായ സാമ്പത്തിക തകർച്ച, പണപ്പെരുപ്പം, പരിഹാരമില്ലാത്ത തൊഴിലില്ലായ്മ, ആരോഗ്യ പരിരക്ഷ മേഖലയിലെ കൈയൊഴിയൽ, മഹാമാരിവേളയിൽ മരിച്ചവർക്കുപോലും മാന്യത നിഷേധിക്കപ്പെട്ടത്, ആലോചനരഹിതവും അഴിമതിയിൽ മുങ്ങിയതുമായ പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റുതുലക്കൽ എന്നിവയെപ്പറ്റിയെല്ലാം സാധാരണക്കാരും ചെറുകിട കച്ചവടക്കാരും അസംഘടിത മേഖലയിലെ തൊഴിലാളികളും വിദ്യാസമ്പന്നരായ തൊഴിൽരഹിതരുമെല്ലാം നടത്തുന്ന രോഷപ്രകടനം കണ്ട് ജനം ഭരണകൂടത്തോട് കണക്കുചോദിക്കാൻ തക്കംപാർത്തിരിക്കുകയാണെന്ന് ധരിച്ചു (തെറ്റിദ്ധരിച്ചു) പോവാനിടയുണ്ട്. എന്നാൽ, സത്യം അതല്ലായിരുന്നു.


ഈ പറഞ്ഞ വിഭാഗം ആളുകളുമായി ഞാൻ നടത്തിയ സംഭാഷണങ്ങളിൽ അവർക്കൊന്നും തന്നെ ഭരണകൂടത്തെക്കുറിച്ച് സാധാരണയിൽ കവിഞ്ഞ ആവലാതികളില്ലെന്ന് സംശയലേശമന്യേ വ്യക്തമായിരുന്നു. ഹിന്ദുത്വയിലുള്ള അഗാധ വിശ്വാസത്തിൽ അവർ ഉറച്ചുനിന്നു, ഹിന്ദുത്വയെ എതിർക്കുന്ന സകല ശക്തികളെയും അവിശ്വസിക്കുകയും ചെയ്തു. സൗജന്യ ഭക്ഷ്യധാന്യ പദ്ധതിയുടെ ഗുണഭോക്താക്കൾ അല്ലായിരുന്നെങ്കിൽപോലും ഇതിനെതിരെ പാവപ്പെട്ടവർക്ക് ഒരു പരാതിയും ഉണ്ടാകുമായിരുന്നില്ല. മറ്റെന്തിനെക്കാളും മുമ്പ്, അവർക്കാവശ്യം ഹിന്ദുത്വ മേൽക്കോയ്മയും അവർക്ക് കീഴ്പ്പെട്ട മുസ്‍ലിംകളുമായിരുന്നു. തീർച്ചയായും പ്രബലരായ ചില പിന്നാക്ക സമുദായങ്ങൾ തങ്ങളെ ബി.ജെ.പിക്കു മുന്നിൽ നിർത്തുന്നത് അവരുടെ ആവശ്യത്തിനുവേണ്ടി മാത്രമാണ്. അതും തെരഞ്ഞെടുപ്പിൽ പൊരുതുന്നതിനു മാത്രം, അല്ലാതെ സമഗ്രമായ ദൈനംദിന രാഷ്ട്രീയ ചെറുത്തുനിൽപിനു വേണ്ടിയല്ല. തെരഞ്ഞെടുപ്പ് കാലം കഴിയുന്നതോടെ അത്തരം രാഷ്ട്രീയ കൂട്ടായ്മകളും നേതാക്കളും എങ്ങോ അപ്രത്യക്ഷമാകുന്നു.

ലിബറൽ-സെക്കുലർ അനുപാതത്തിലും വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഹിന്ദുത്വയുമായി പൊരുത്തപ്പെടാൻ കാരണങ്ങൾ കണ്ടെത്തുന്ന ഒരു വിഭാഗം മുസ്‍ലിം ഉന്നതർക്കിടയിലുമുണ്ട്. ചില വൈസ് ചാൻസലർമാരും ആ പദം കാംക്ഷിക്കുന്ന ചില മുസ്‍ലിം പ്രഫസർമാരുമൊക്കെ ഇംഗ്ലീഷ് പത്രങ്ങളിലെഴുതുന്ന കോളങ്ങളിലൂടെ അതിനനുസൃതമായ വാദങ്ങൾ മുന്നോട്ടുവെക്കുന്നു. നല്ലനിലയിലുള്ള, ഉന്നത വിദ്യാഭ്യാസമുള്ള എൻ.ആർ.ഐ മുസ്‍ലിംകളുടെ കൂട്ടങ്ങൾ (ഇന്ത്യൻ പൗരത്വം നിലനിർത്തുകയോ ഒഴിവാക്കുകയോ ചെയ്തവർ) അത്തരം വീക്ഷണങ്ങൾ അവതരിപ്പിക്കുന്ന അവസരവാദികളും തൻകാര്യം നോക്കികളുമായ വ്യക്തികളെ ബഹുമാനവും അഭിനന്ദനങ്ങളും ക്ഷണങ്ങളും നൽകി ആദരിക്കുന്നു. വ്യക്തിപരമായ നേട്ടങ്ങൾക്കും ആവശ്യങ്ങൾക്കുമായി നിരവധി മുസ്‍ലിം ഉന്നതർ മുസ്‍ലിം രാഷ്ട്രീയ മഞ്ച് നേതാവ് ഇന്ദ്രേഷ് കുമാറിന് ചുറ്റും വലം വെക്കുന്ന കാഴ്ച ഇന്നിപ്പോൾ ഒരു രഹസ്യമേ അല്ലാതായിരിക്കുന്നു.

മുസ്‍ലിംകളിലെ അത്തരം വിഭാഗങ്ങളിലെ ചിലർ, ദുർബലരായ വലതുപക്ഷക്കാർ ഉൾപ്പെടെ, ഭൂരിപക്ഷ വാദത്തെ ചെറുക്കുന്ന 'ന്യൂനപക്ഷവാദികൾ' ആയാണ് നടിക്കുക. അവർക്കാവട്ടെ, അതിവേഗം ചുക്കിച്ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷക്കാരിൽനിന്നും ലിബറലുകളിൽനിന്നും അക്കാദമിഷ്യന്മാരിൽനിന്നും മാധ്യമങ്ങളിൽനിന്നും പ്രോത്സാഹനവും പ്രചോദനവും ലഭിക്കുന്നു. ഈ വിഭാഗം സാധാരണ മുസ്‍ലിമിനെയും സഹലിബറലുകളെയും തള്ളിക്കളയുകയും കണ്ടില്ലെന്നു നടിക്കുകയുമാണ് ചെയ്യുക. ലജ്ജയില്ലാത്ത മുസ്‍ലിം വിദ്വേഷമാണ് അടിസ്ഥാന യാഥാർഥ്യങ്ങളെ കണ്ടില്ലെന്നു നടിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് മാത്രം ബി.ജെ.പിക്കെതിരെ പോരാടാൻ തുടങ്ങിയ പ്രാദേശിക രാഷ്ട്രീയ ശക്തികൾ തെരഞ്ഞെടുപ്പിനുശേഷം കുറ്റം മുഴുക്കെ വോട്ടുയന്ത്രത്തിന്റെ തലയിലിടുകയാണ്. ഒരു സ്വേച്ഛാധിപത്യ ഭരണകാലത്ത്, സ്ഥാപനങ്ങളുടെ വിശ്വസനീയത തകർന്നടിയുകയും കള്ളത്തരങ്ങൾ നിറയുകയും ചെയ്യുന്ന വേളയിൽ വോട്ടുയന്ത്രത്തിൽ കൃത്രിമം കാണിക്കാനുള്ള സാധ്യതകൾ തീർത്തും തള്ളിക്കളയാനൊന്നുമാവില്ല. പക്ഷേ, ബി.ജെ.പിയുടെ വിജയത്തിലേക്ക് നയിച്ച ഘടകം അതല്ല. മതഭൂരിപക്ഷ വാദക്കാർക്കുള്ള പിന്തുണ പ്രകടമായിരുന്നു. 'മുസ്‍ലിം ഭരണാധികാരികളുടെ' കീഴിൽ നൂറ്റാണ്ടുകളോളം ഹിന്ദുക്കൾ നേരിടേണ്ടിവന്ന ദുരിതം മാത്രമായിരുന്നു ഒട്ടനവധി നിയോജക മണ്ഡലങ്ങളിൽ ചർച്ച ചെയ്യപ്പെട്ട ഒരേയൊരു നീറുന്ന വിഷയം.


അയോധ്യയും കാശിയും മഥുരയും പടിഞ്ഞാറൻ യു.പിയിലെ മുസ്‍ലിം ഭൂപ്രഭുക്കളും വിഭജനത്തിലെ നാടകീയ വ്യക്തിത്വങ്ങളായിരുന്ന ചൗധരി ഖാലിക്കുസ്സമാൻ, ലിയാഖത്ത് അലിഖാൻ തുടങ്ങിയ പേരുകളുമെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർന്നുവന്നത് അതുകൊണ്ടാണ്. ആ പ്രചാരണം ഏശിയതോടെ 'ചരിത്രപരമായി ദുരിതപ്പെട്ട ഹിന്ദുവിന്' ബി.ജെ.പി സാമ്പത്തിക പ്രതിസന്ധിയോ തൊഴിലില്ലായ്മയോ പരിഹരിച്ചു തരണമെന്ന് ഒരു നിർബന്ധവുമില്ലെന്ന് വരുന്നു. പകരം ചരിത്രപരമായ തെറ്റുകൾക്കു പ്രതികാരമാണ് അവർ കാംക്ഷിക്കുന്നത്. അലഹബാദിന് പ്രയാഗ് രാജ് എന്ന് പുനർനാമകരണം ചെയ്യുമ്പോഴും പടുകൂറ്റൻ രാമക്ഷേത്രമുയരുമ്പോഴും അവർ സാംസ്കാരിക സംതൃപ്തി നേടുന്നു. ഒപ്പം മുസ്‍ലിം അപരവത്കരണവും അദൃശ്യവത്കരണവും പീഡനവുമെല്ലാം കൂടിയാവുമ്പോൾ അവരുടെ തെരഞ്ഞെടുപ്പ് സാധൂകരിക്കപ്പെടുന്നു.

2001ൽ പുറത്തിറങ്ങിയ നന്ദിനി ഗൂപ്തുവിന്റെ 'ദ പൊളിറ്റിക്സ് ഓഫ് ദ അർബൻ പുവർ ഇൻ ഏർലി ട്വന്റീത്ത് സെഞ്ച്വറി ഇന്ത്യ' എന്ന പുസ്തകം യു.പിയിലെ നഗരങ്ങളിലെ സാമൂഹിക-സാമ്പത്തിക പരിവർത്തനങ്ങൾ ഗവേഷണവിധേയമാക്കിയിരുന്നു. കീഴാള സമൂഹങ്ങളെ മേലാളർ തങ്ങളുടെ താൽപര്യങ്ങൾക്കായി അപരവിശ്വാസികൾക്കെതിരെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് പുസ്തകം കൃത്യമായി പറഞ്ഞുവെക്കുന്നുണ്ട്.

ചാരു ഗുപ്തയുടെ Sexuality, Obscenity, Community: Women, Muslims and the Hindu Public in Colonial India മറ്റൊരു സവിശേഷ പഠനമാണ്. വ്യാജപ്രചാരണങ്ങളുടെയും അപരവത്കരണത്തിന്റെയും രീതിശാസ്ത്രം അത് വിശദമാക്കുന്നു. മുസ്‍ലിംകളെ ഘർ വാപസി ചെയ്ത് ഹിന്ദുമതത്തിലേക്ക് കൊണ്ടുവരുന്നതിനെപ്പറ്റിയും കാമാതുരനായ മുസ്‍ലിം പുരുഷൻ ഹിന്ദുസ്ത്രീയുടെ പവിത്രത കളങ്കപ്പെടുത്തുന്നതിനെക്കുറിച്ചും മറ്റുമുള്ള പ്രചാരണങ്ങൾ ധ്രുവീകരണത്തെ ത്വരിതപ്പെടുത്തിയിട്ടുണ്ട്. സാക്ഷരത കുറവുള്ള ഇടങ്ങളിൽപോലും പ്രാദേശിക ഭാഷയിലുള്ള ആനുകാലികങ്ങളും ലഘുലേഖകളും ചെറുനോട്ടീസുകളും വഴി അവ പ്രചരിച്ചു. മുസ്‍ലിം വിഭജനവാദികളെ പിന്തുണച്ച് കൊളോണിയൽ ഭരണകൂടവും ഇതിൽ പങ്കുവഹിച്ചിരുന്നുവെന്ന് വെങ്കട് ധ്രുപാലിയയുടെ 'ക്രിയേറ്റിങ് ന്യൂ മദീന' (2015) പുസ്തകം ചൂണ്ടിക്കാട്ടുന്നു.

യു.പിയിലെ കോൺഗ്രസ് അതികായരായിരുന്ന പി.ഡി. ടാണ്ടനും ജി.ബി. പന്തും സമ്പൂർണാനന്ദുമെല്ലാം വലിയ ഭൂരിപക്ഷ മതവാദികളും ബഹുസ്വരതയിൽ താൽപര്യമില്ലാത്തവരുമായിരുന്നുവെന്ന് ചരിത്രകാരൻ വില്യം ഗൂൾഡ് 'ഹിന്ദു നാഷനലിസം ആൻഡ് ദ ലാംഗ്വേജ് ഓഫ് പൊളിറ്റിക്സ്' എന്ന ഗ്രന്ഥത്തിൽ സമർഥിക്കുന്നു. നെഹ്റു ഇക്കാര്യത്തിൽ അതിദുഃഖിതനുമായിരുന്നു. നെഹ്റു നേരിട്ട നിസ്സഹായാവസ്ഥ അദ്ദേഹത്തെക്കുറിച്ച് പിയുഷ് ബാബേൽ അടുത്തകാലത്ത് ഹിന്ദിയിൽ പുറത്തിറക്കിയ പുസ്തകം വരച്ചുകാട്ടുന്നുണ്ട്. അന്നത്തെ ഫൈസാബാദ് ജില്ല മജിസ്ട്രേറ്റ് ആയിരുന്ന കെ.കെ. നായർ ഡി.ഐ.ജിയെയും ചീഫ് സെക്രട്ടറിയെയും മാത്രമല്ല, പ്രധാനമന്ത്രിയെപ്പോലും ധിക്കരിച്ചു. ഇതെല്ലാം ചെയ്യാനായത് അദ്ദേഹത്തിന് അക്കാലത്ത് കോൺഗ്രസിലെ ചില നേതാക്കളിൽനിന്ന് ലഭിച്ച പിന്തുണയാലായിരുന്നുവെന്നത് ഇപ്പോൾ സകലർക്കും അറിയുന്ന കാര്യമാണ്.

യു.പിയിൽ അത്തരം ചിന്തകളും ചെയ്തികളും ഇപ്പോൾ കൂടുതൽ പ്രബലമാണ്. ഗുജറാത്ത് മാത്രം സ്വന്തമാക്കിയാൽ പോരാ, യു.പി കൂടി കൈയടക്കി വേണം ഹിന്ദു ഹൃദയഭൂമി സാധ്യമാക്കാനെന്ന് ചിന്തിക്കുന്നവർ ഏറിവരുകയാണ്. സമ്പന്നമായ ഗുജറാത്തും ജനസമ്പുഷ്ടമായ യു.പിയും ചേരുമ്പോൾ ലഭിക്കുന്ന ഹിന്ദു സാംസ്കാരിക സംതൃപ്തി ഉയർത്തിക്കാട്ടിയാണ് ഹിന്ദുത്വർ പ്രലോഭിപ്പിക്കുന്നതും സാമാന്യജനം അവരുടെ അജണ്ട ഏറ്റെടുക്കുന്നതും.

ബി.ജെ.പിയല്ലാതെ മറ്റൊരു പാർട്ടിക്കും അതൊന്നും നടപ്പാക്കിക്കൊടുക്കാനാവില്ല. ഇത്തരം പ്രവൃത്തികളെയും പ്രചാരണങ്ങളെയും എതിർക്കുന്ന ഹിന്ദുക്കൾ മതവിദ്വേഷികളായി മുദ്രകുത്തപ്പെടുന്നു. തലമുറകളായി ഞങ്ങളുടെ കുടുംബസുഹൃത്തായ, ഈയിടെ ഹിന്ദുത്വപക്ഷം ചേർന്ന ഒരു അമ്മാവൻ പറഞ്ഞത് ഹിന്ദുക്കൾ ആയതുകൊണ്ട് മാത്രം അത്തരം മതവിദ്വേഷികളെ ദേശദ്രോഹികളെന്ന് വിളിക്കാറില്ല എന്നാണ്.

വിഭജനത്തിനും അടിയന്തരാവസ്ഥക്കും സാക്ഷ്യംവഹിച്ച വിശ്രുത ചരിത്രകാരൻ പ്രഫ. ഇർഫാൻ ഹബീബിനോട് അഞ്ചുകൊല്ലം മുമ്പ് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു- വിദ്യാസമ്പന്നരും സജീവ സമൂഹമാധ്യമ ഉപയോക്താക്കളുമായ പുതുതലമുറയിലെ മുസ്‍ലിം ചെറുപ്പത്തിന് മാറ്റങ്ങളുണ്ടാക്കാനാവില്ലേ എന്ന്.

കലർപ്പില്ലാത്ത ഒരു മാർക്സിസ്റ്റ് ആയ പ്രഫ. ഇർഫാൻ ഹബീബ് സ്വത്വവാദത്തിലൂന്നി സംസാരിക്കുക അപൂർവമാണ്, എന്നിരിക്കിലും അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ''ഇല്ല അവർക്കാവില്ല, അവർ അവരുടെ വിധിക്കു മുന്നിൽ കുമ്പിടുക മാത്രമേ നിവൃത്തിയുള്ളൂ. നമ്മളിന്നൊരു മതേതര രാജ്യമല്ല.''

നമ്മുടെ അയൽരാജ്യം നിലവിൽവന്നത് മതത്തെ ആധാരമാക്കിയാണ്. 1977-1988 ഘട്ടത്തിൽ അത് കൂടുതൽ കൂടുതൽ മതമേലാളത്തത്തിന്റെ മുഷ്ടിക്കുള്ളിലായി. ഇന്ത്യയും ഇപ്പോൾ ആ കോലത്തിലേക്ക് ആവുകയാണ്. ഒരുപക്ഷേ, ദേശീയ പ്രസ്ഥാനത്തിന്റെ ശേഷിപ്പുകളും മതഭീകരവാദികൾ നടത്തിയ ഗാന്ധിഹത്യയും നെഹ്റുവിന്റെ സാന്നിധ്യവുമെല്ലാമായിരിക്കാം രാജ്യം ഇവ്വിധമാവുന്നത് ഇത്രയെങ്കിലും വൈകിച്ചത്.

തുടരത്തുടരെയുള്ള വംശഹത്യകൾ, അതിക്രമക്കൊലകൾ, വിദ്വേഷത്തിലൂന്നിയ വിചാരധാരകൾ ശക്തിയും അധികാരവും നേടുന്നത്, മുസ്‍ലിം ചെറുപ്പക്കാരെ കള്ളക്കേസിലും കഠോര നിയമങ്ങളിലും കുടുക്കി പതിറ്റാണ്ടുകളോളം കാരാഗൃഹങ്ങളിൽ അടച്ചിടുന്നത് ഇതൊക്കെ പതിവായി മാറുന്ന അവസ്ഥ. ഓരോ അവസരത്തിലും ഇതെല്ലാം മറന്നും പൊറുത്തും മുന്നോട്ടുപോകാനാണ് ഇരകളോട് ആവശ്യപ്പെടുന്നത്. ഇരകളുടെ കൂട്ടമായ ഓർമകൾക്ക് ഇതൊന്നും അത്രപെട്ടെന്നങ്ങ് മറക്കാൻ കഴിയുകയില്ല എന്നിരിക്കെ ഇത്തരം വേദനകളിലൂടെയോ വൈഷമ്യങ്ങളിലൂടെയോ കടന്നുപോകേണ്ടി വരാത്ത ആളുകൾ അതും ഒരു കുറ്റമായി കാണുന്നു. മറവിയോടുള്ള അവരുടെ വിസമ്മതത്തെ അനുസരണക്കേടും അച്ചടക്കലംഘനവുമായി മുദ്രകുത്തുന്നു. ഇതിനെയൊക്കെ എങ്ങനെ മറികടന്ന് ജീവിക്കും എന്നത് ഇരകൾക്ക് വല്ലാത്ത ഒരു കടമ്പ തന്നെയാണ്.

എന്റെ നിഗമനങ്ങളും പ്രവചനങ്ങളുമെല്ലാം വരുംവർഷങ്ങളിൽ തെറ്റായിത്തീരണേ എന്നൊരു പ്രാർഥനമാത്രമാണ് ഇപ്പോഴുള്ളത്. ഇന്ത്യക്ക് അതിന്റെ ബഹുസ്വര സാംസ്കാരിക നാഗരികത വീണ്ടെടുക്കാൻ കഴിയുമെന്നും എല്ലാ ഇന്ത്യക്കാർക്കും അവകാശപ്പെട്ട രാജ്യമായി നിലനിൽക്കുമെന്നും പ്രത്യാശിക്കാനേ ഇപ്പോൾ സാധിക്കൂ.

(അലീഗഢ് മുസ്‍ലിം സർവകലാശാലയിൽ ചരിത്രാധ്യാപകനായ ലേഖകൻ ഉത്തരേന്ത്യൻ രാഷ്ട്രീയം സംബന്ധിച്ച നിരവധി ലേഖനങ്ങളുടെയും മുസ്‍ലിം പൊളിറ്റിക്സ് ഇൻ ബിഹാർ: ചേഞ്ചിങ് കോൺടൂർ എന്ന ശ്രദ്ധേയ ഗ്രന്ഥത്തിന്റെയും രചയിതാവാണ്)

Tags:    
News Summary - Hate decided mandate in uttar pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.