ഗള്‍ഫ് പ്രവാസികള്‍ക്ക് ഒന്നും ബാക്കിവെക്കാതെ

ബംഗളൂരു ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ ഈ മാസം ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് ഗള്‍ഫ് പ്രവാസികളെ ഒരിക്കല്‍ക്കൂടി നിരാശയുടെയും ഇച്ഛാഭംഗത്തിന്‍െറയും പടുകുഴിയിലാഴ്ത്തിയാണ് സമാപിച്ചത്. 2002ല്‍ അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരിക്കെയാണ് ഈ സംഗമത്തിന് തുടക്കം കുറിച്ചത്. പ്രവാസികളില്‍ പ്രതീക്ഷയുടെയും പ്രത്യാശയുടെയും പ്രഭ പരത്തി ആരംഭിച്ച പി.ബി.ഡി ഈ വര്‍ഷം നിരാശയുടെ കരിന്തിരി കത്തിച്ചാണ് അവസാനിച്ചത്. പ്രവാസി മന്ത്രാലയം അടച്ചുപൂട്ടി പിണ്ഡംവെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്ര വേളകളിലൊക്കെ പ്രവാസികളെ അഭിമുഖീകരിക്കുമ്പോള്‍ മോഹനവാഗ്ദാനങ്ങള്‍ നല്‍കാന്‍ മറക്കാറില്ല. ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ വളര്‍ച്ചക്ക് അത്യുദാരമായ സംഭാവനകള്‍ അര്‍പ്പിക്കുന്ന ഗള്‍ഫ് പ്രവാസികളുടെ പ്രശ്നങ്ങളാണ് യഥാര്‍ഥത്തില്‍ സങ്കീര്‍ണവും ഭയാനകവുമെന്ന് അറിയാത്ത ആളല്ല പ്രധാനമന്ത്രി. എന്നിട്ടും ഗള്‍ഫ് പ്രവാസികളെ കേള്‍ക്കുന്നതിലുപരി ശ്രദ്ധയോടെ കേള്‍ക്കുകയും പ്രശ്നപരിഹാരത്തിന് പ്രയത്നിക്കുകയും ചെയ്യുന്നത് ഗള്‍ഫിതര പ്രവാസികളുടെ വിശിഷ്യാ പടിഞ്ഞാറന്‍ നാടുകളിലെ പ്രവാസികളുടെ കാര്യത്തിലാണ്.

കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ ഗള്‍ഫ് പ്രവാസികളില്‍ മഹാഭൂരിപക്ഷം വരുന്ന മലയാളികളെ പ്രത്യേകം പരിഗണിച്ച് പ്രവാസികാര്യ മന്ത്രാലയത്തിന് മലയാളിയായ കാബിനറ്റ് മന്ത്രിയെ നിയമിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍, എന്‍.ഡി.എ സര്‍ക്കാര്‍ ആ വകുപ്പുതന്നെ നിര്‍ത്തലാക്കുകയും അടുത്തൂണ്‍ പറ്റിയ ഒരു പട്ടാളക്കാരനെ പ്രവാസികാര്യങ്ങള്‍ക്കായി ഉത്തരവാദപ്പെടുത്തുകയും ചെയ്തത് വലിയ നിരാശക്ക് ഹേതുവായിരുന്നു. ഗള്‍ഫ് പ്രവാസികളുടെ പ്രശ്നങ്ങളോട് ജീവകാരുണ്യപരമായ സമീപനം സ്വീകരിക്കാന്‍പോലും നാളിതുവരെ അദ്ദേഹത്തിനായിട്ടില്ല. ഗള്‍ഫില്‍ വന്നപ്പോഴൊന്നും ജയിലുകളില്‍ കഴിയുന്ന പ്രവാസികളുടെ വിടുതലിന് ശ്രമിക്കാനോ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനോ അദ്ദേഹം സന്മനസ്സ് കാണിച്ചില്ളെന്ന പരാതി പരക്കെയുണ്ട്.
ഇതിനിടെയാണ് പ്രവാസി ഭാരതീയ ദിവസ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

ചെലവ് ചുരുക്കലാണ് ലക്ഷ്യമെന്നാണ് അധികാരികളുടെ ഭാഷ്യം. വന്‍കിട ബിസിനസ് ഗ്രൂപ്പിന്‍െറ കൂട്ടായ്മയായ ‘ഫിക്കി’യുടെ സ്പോണ്‍സര്‍ഷിപ്പില്‍ പങ്കാളിത്തത്തിന് ഫീസ് ചുമത്തി നടത്തുന്ന സംഗമത്തിന്‍െറ ചെലവ്  കണക്കിലെ കളി മാത്രമാണെന്ന് വ്യക്തം. എങ്കിലും, രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സംഗമം പ്രവാസലോകത്തിന് ഫലദായകമാണെങ്കില്‍ സഹിക്കാമായിരുന്നു. അതും കേവലം ‘മോദീരവ’മായി മാറുമ്പോഴാണ് പ്രവാസികള്‍ പ്രതിഷേധിക്കേണ്ടിവരുന്നത്. ഇക്കുറി സംഗമം ‘മോദി, പരിവാര്‍ സംഗമ’മാക്കാനുള്ള ബോധപൂര്‍വമായ പ്ളാനിങ് നേരത്തേ നടന്നതായാണ് മനസ്സിലാകുന്നത്. മുന്‍കാലങ്ങളിലെ പി.ബി.ഡിയില്‍ മുഖ്യമന്ത്രിമാരുടെ സമ്മേളനവേളകളില്‍ ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലക്ക് മോദി എഴുന്നള്ളുമ്പോള്‍ ജയജയ പാടാന്‍ പടിഞ്ഞാറുനിന്നുള്ള കുങ്കുമപ്പട പ്രത്യേകം സജ്ജമായി വരാറുണ്ടായിരുന്നു. ഇക്കുറി പതിന്മടങ്ങ് ആവേശത്തോടെയാണ് അവര്‍ ‘നമോ നമോ’വിളിച്ചത്.
മുന്‍ സംഗമങ്ങളില്‍ ഗള്‍ഫ് വിഭാഗത്തിന് പ്രത്യേക വേദിയൊരുക്കാറുണ്ടായിരുന്നു. ഇക്കുറി  അതും വേണ്ടെന്നുവെച്ചു.

പകരം മുക്കാല്‍ മണിക്കൂര്‍ നേരം വിവിധ നാടുകളിലെ എമിഗ്രേഷന്‍ ക്ളിയറന്‍സ്  ചര്‍ച്ചചെയ്യാന്‍ ഉപയോഗപ്പെടുത്തിയതല്ലാതെ ഗള്‍ഫ് പ്രശ്നങ്ങളൊന്നും ചര്‍ച്ചചെയ്യപ്പെട്ടില്ല. പ്രവാസി സുരക്ഷയാണ് ഇത്തവണ മോദി ഉയര്‍ത്തിയ മോഹനവാഗ്ദാനം. വിദേശരാഷ്ട്രങ്ങളിലെ,  പ്രത്യേകിച്ചും ഗള്‍ഫ് നാടുകളിലെ ഇന്ത്യന്‍ പ്രവാസികളുടെ കൃത്യമായ വിവരങ്ങളൊന്നും ശേഖരിക്കാന്‍ നാളിതുവരെ വ്യവസ്ഥാപിത ശ്രമങ്ങളൊന്നും നടത്താത്ത വിദേശകാര്യാലയം ആരുടെ സുരക്ഷയാണ് ഏറ്റെടുത്തതെന്ന് പറയാനാവില്ല. പടിഞ്ഞാറന്‍നാടുകളില്‍ സുരക്ഷിതമായി നിക്ഷേപിച്ച് കാലക്ഷേപം  ചെയ്യുന്നവരുടെ സുരക്ഷക്ക് നമ്മുടെ സര്‍ക്കാര്‍ തലപുകക്കേണ്ട കാര്യമില്ല. മറിച്ച്, വിവിധ പ്രതിസന്ധികളുടെ നടുക്കയത്തില്‍പെട്ട് അലയുന്ന ഗള്‍ഫ് പ്രവാസികളുടെ സുരക്ഷയാണ് ലക്ഷ്യമാക്കുന്നതെങ്കില്‍ അതിന് കുറച്ചൊന്നും പണിയെടുത്താല്‍ മതിയാവുകയില്ല; തീര്‍ച്ച.

ഇക്കുറിയത്തെ അവാര്‍ഡ് ദാനത്തിലും മോദി സര്‍ക്കാര്‍ സംഘ് ബന്ധുക്കളെയാണ് പരിഗണിച്ചതെന്ന പരാതി പരക്കെയുണ്ട്. 2014 സെപ്റ്റംബറില്‍ നരേന്ദ്ര മോദി അമേരിക്കയില്‍ നടത്തിയ പര്യടനവേളയില്‍ ‘മാഡിസണ്‍ സ്ക്വയറി’ല്‍ നടത്തിയ ‘വന്‍പ്രകടന’ത്തിന് ചുക്കാന്‍പിടിച്ച ഡോ. ഭരത് ഹരിദാസ് ബരായ്, ഡോ. മഹേഷ് മത്തേ, തായ്ലന്‍ഡിലെ ബിസിനസുകാരന്‍ സുശീല്‍കുമാര്‍ സറാഫ്, മൊറീഷ്യസിലെ പ്രവീന്ദ്കുമാര്‍ ജൂഗ്നാഥ് എന്നിവരുടെ സംഘ് ബന്ധം പ്രത്യേകം പരാമര്‍ശ വിധേയമായിട്ടുണ്ട്. നേരത്തേ പി.ഐ.ഒ (ഇന്ത്യന്‍ വംശജന്‍) എന്ന സൂചനാനാമം മാറ്റി ഒ.സി.ഐ (വിദേശ ഇന്ത്യന്‍ പൗരന്‍) എന്നാക്കാന്‍ ഇക്കുറി മോദി പ്രവാസികളെ പ്രേരിപ്പിച്ചത് ഇന്ത്യന്‍ സാമ്പത്തികമേഖലയെ വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ നിക്ഷേപംകൊണ്ട് സമ്പന്നമാക്കാനും അവരുടെ നിക്ഷേപത്തിന് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുവരുത്താനുമാണ്. അതോടൊപ്പം ഗള്‍ഫ്മേഖലയിലും മറ്റുമുള്ള എന്‍.ആര്‍.ഐക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അവര്‍ക്ക് ലഭിക്കുകയും ചെയ്യും. ഈ മാറ്റവും ഏറ്റവുമേറെ പ്രയോജനം ചെയ്യുക പടിഞ്ഞാറന്‍ നാടുകളില്‍ പൗരത്വം നേടിയ ഇന്ത്യന്‍ ‘ദൊര’മാര്‍ക്ക് തന്നെയാണ്.
2006ല്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പി.ബി.ഡിയില്‍ പ്രഖ്യാപിച്ച പ്രവാസികള്‍ക്കായുള്ള സമ്പൂര്‍ണ യൂനിവേഴ്സിറ്റി ഇന്നും മറക്കുപിറകിലാക്കിയതിലും പ്രവാസികള്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ടിപ്പോള്‍. 130 വിദേശരാഷ്ട്രങ്ങളില്‍നിന്നായി ഇന്ത്യന്‍ വംശജരും എന്‍.ആര്‍.ഐക്കാരും വിദേശികളുമടങ്ങുന്ന 40,000 വിദ്യാര്‍ഥികള്‍ ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളിലും കോളജുകളിലും പഠിക്കുന്നുണ്ട്. അവര്‍ക്ക് ഇപ്പോഴുള്ള സ്ഥാപനങ്ങള്‍ അനുവദിക്കുന്നത് 15 ശതമാനം സീറ്റുകളാണ്. സ്വന്തം സര്‍വകലാശാല വരുന്നതോടെ 50 ശതമാനം പ്രവാസി മക്കള്‍ക്ക് സംവരണം ചെയ്യപ്പെടും. ഇതിനായി മണിപ്പാല്‍ ഉന്നതവിദ്യാഭ്യാസ സമിതി ബംഗളൂരുവില്‍ 200 ഏക്കര്‍ സ്ഥലം സ്വന്തമാക്കി അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയാണ്. എന്നാല്‍, ചില സാങ്കേതിക പ്രശ്നങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ ഈ അപേക്ഷ നിരസിച്ചതായാണ് അറിയുന്നത്.

പ്രവാസി മക്കള്‍ക്ക് ഫീസിളവ് ചോദിക്കുന്നില്ളെന്നിരിക്കെ 50 ശതമാനം സംവരണം ലഭിക്കുന്ന സംവിധാനത്തോടെ യൂനിവേഴ്സിറ്റി അനുവദിക്കണമെന്ന പ്രവാസലോകത്തിന്‍െറ ആവശ്യം ഇത്തവണയും പരിഗണിക്കപ്പെട്ടില്ല. ഇന്ന് പ്രവാസികള്‍ ഏറ്റവുമേറെ ആശങ്കാകുലരായിരിക്കുന്നത് തങ്ങളുടെ കൈയിലിരിക്കുന്ന അസാധു നോട്ടുകളെക്കുറിച്ചാണ്. ഫെറ നിയമപ്രകാരം, കൈയിലിരിക്കുന്ന നോട്ട് നാട്ടിലത്തെി  മാറ്റിയെടുക്കുക എല്ലാവര്‍ക്കും പ്രായോഗികമല്ല. ഗള്‍ഫ് നാടുകളിലും മറ്റ് വിദേശരാഷ്ട്രങ്ങളിലുമുള്ള എംബസികളും അവിടെ നിലവിലുള്ള ഇന്ത്യന്‍ ബാങ്കുകളും മുഖേന ഈ ‘കടലാസുകള്‍’ മാറിക്കിട്ടേണ്ടത് അവരുടെ അവകാശവും ആവശ്യവുമാണ്. ഈ പി.ബി.ഡിയിലും അതിനുള്ള മാര്‍ഗങ്ങളൊന്നും നിര്‍ദേശിക്കപ്പെട്ടിട്ടില്ളെന്നതാണ് ഖേദകരം.

വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള പൗരത്വപരമായ മൗലികാവകാശം നേടിയെടുക്കാനായെങ്കിലും തെരഞ്ഞെടുപ്പ് വേളയില്‍ നാട്ടിലെ ബൂത്തിലത്തെി വിരലില്‍ മഷിപുരട്ടിതന്നെ വോട്ട് രേഖപ്പെടുത്തണം എന്ന ഇന്നത്തെ അവസ്ഥ മാറ്റിയെടുക്കാന്‍ നിരന്തരമായി ശ്രമിച്ചിട്ടും ഫലം കണ്ടില്ളെന്ന പരാതിയും അതേപടി കിടക്കുന്നു. ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി സുരക്ഷിതമായും സൗകര്യപ്രദമായും പ്രവാസികള്‍ക്ക് അതതിടങ്ങളില്‍തന്നെ വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം എത്രയും വേഗം ലഭ്യമാക്കണമെന്ന അഭ്യര്‍ഥനയാണ് അവര്‍ക്കുള്ളത്. പി.ഐ.ഒ മാറ്റി ഒ.സി.ഐ ആയി പരിവര്‍ത്തിക്കപ്പെടുന്ന വിദേശ ‘ദൊര’മാരോടൊപ്പം പാവം ഗള്‍ഫ് പ്രവാസികള്‍ക്കും പൗരത്വാവകാശം തൊഴിലിടങ്ങളില്‍തന്നെ നിര്‍വഹിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അവരുള്ളത്.

ഗള്‍ഫ്പ്രവാസികളുടെ പരിദേവനത്തിന്‍െറ ചൂടും ചുണയും നശിപ്പിക്കും വിധം പി.ബി.ഡിയില്‍ ഗള്‍ഫ്സംഗമത്തിന് അയിത്തം കല്‍പിച്ച സര്‍ക്കാര്‍  ഗള്‍ഫുകാര്‍ ഇന്ന് അനുഭവിക്കുന്ന വിമാനക്കൊള്ളയുടെ വേദനയൂറുന്ന കഥകള്‍ കേള്‍ക്കേണ്ടെന്നുവെച്ചത് അല്‍പം കടന്നകൈയായി. ഇന്ത്യന്‍ സമ്പദ്ഘടനയെ ‘നോട്ട’ ബാധിച്ച ഈ വിപത്സന്ധിയിലും അതിനെ താങ്ങിനിര്‍ത്തുന്ന ഗള്‍ഫ് പ്രവാസികളുടെ വേദനയും വേപഥുവും ചെവിക്കൊള്ളുമെന്ന പ്രതീക്ഷയോടെയാണ് കൂത്തരങ്ങ് കഴിഞ്ഞിട്ടും തോറ്റംപാട്ട് നിര്‍ത്താതെ തുടരുന്നത്.

 

News Summary - gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT