ഇ.എം.എസ്സിന്‍റെ ഖിലാഫത്തവലോകനം

മലബാർ സമരത്തിന്‍റെ ഇരുപത്തിയഞ്ചാം വാർഷികത്തിലാണല്ലോ മാപ്പിളവീര്യത്തെ അഭിവാദ്യം ചെയ്തു കൊണ്ടുള്ള കമ്മ്യൂണ ിക്കേ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രസിദ്ധീകരിച്ചത്. പാർട്ടി നിർദേശപ്രകാരം ഇ. എം. എസ്. നമ്പൂതിരിപ്പാടാണ് ആ ലഘുലേഖ അന്ന് തയാറാക്കിയത്. അത് പ്രസിദ്ധീകരിച്ചതിന്‍റെ പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പത്രമായ ദേശാഭിമാനി അന്ന് ബ ്രിട്ടീഷ് ഭരണാധികാരികൾ നിരോധിക്കുകയും ചെയ്തു. ആ ലഘുലേഖയുടെ ചരിത്ര പശ്ചാത്തലം വിശദീകരിക്കുന്ന ഒരദ്ധ്യായം കമ ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ എന്ന ഗ്രന്ഥത്തിലുണ്ട്. 1984 ലാണ് ഈ പുസ്തകം പുറത്തുവരുന്നത്. പഴയ ലഘുലേഖയെ വ്യാഖ്യ ാനിക്കുകയാണ് ഇ.എം. എസ്. ഇവിടെ.

യഥാർത്ഥത്തിൽ ഈ ലേഖനമാണ് ഇ.എം. എസ് നമ്പൂതിരിപ്പാടിന്‍റെ ഖിലാഫത്ത് അവലോകനമായി ക ണക്കാക്കേണ്ടത്.''ആഹ്വാനവും താക്കീതും'' എന്ന തലക്കെട്ടിൽ തന്നെയാണ് അവലോകനവും:

"ആയിരത്തിതൊള്ളായിരത്തി ഇരുപത് തൊന്ന് ആഗസ്ത് മാസം മലബാറിന്‍റെ ചരിത്രത്തിൽ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. ആ മാസത്തിലാണ് ''മാപ്പിളലഹള'' എന്ന് പിന്ന ീട് വിളിക്കപ്പെട്ട കലാപം പൊട്ടിപ്പുറപ്പെട്ടത്. അതിന്‍റെ ഓർമ പുതുക്കിക്കൊണ്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാ ർട്ടി 1946 ആഗസ്തിൽ ഒരു പ്രസ്താവന തയായാറാക്കി ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചു. ആ പ്രസ്താവനയുടെ തലവാചകമാണ് ആഹ്വാന വും താക്കീതും.

1921 നെക്കുറിച്ച് പല വിലയിരുത്തലുകളും മുമ്പ് നടന്നിട്ടുണ്ട്. അതിനെ വെറുമൊരു 'മാപ്പിളലഹള'യായി ചിത്രീകരിക്കാനാണ് ബ്രിട്ടീഷ് ഭരണാധികാരികൾ ശ്രമിച്ചത്. അതിനോട് കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം യോജിച്ചു. എന്നാ ൽ കോൺഗ്രസുകാരിൽത്തന്നെ മറ്റൊരുവിഭാഗമടക്കം കുടിയാൻ പ്രസ്ഥാനത്തിന്‍റെ നേതാക്കൾ ജന്മിമർദ്ദനവും കലാപവും തമ്മി ൽ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചു. ജന്മി-കുടിയാൻ ബന്ധത്തിൽ മാറ്റങ്ങൾ വരുത്താനുള്ള ന്യായവാദത്തിൽ മലബാർ ലഹളയെ ക്കുറിച്ചുള്ള തങ്ങളുടെ വിലയിരുത്തൽ കൂടി അവർ ഉപയോഗിച്ചു.

കേരളത്തിന് വെളിയിലുള്ള ഇടതുപക്ഷ ചിന്താഗതിക്കാരി ൽ ഒരു വിഭാഗമാകട്ടെ, മലബാർ കലാപത്തെ വെറുമൊരു കാർഷിക കലാപമായി ചിത്രീകരിക്കാൻ ശ്രമിച്ചു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊള്ളുന്നതിനു മുമ്പ് ഇവിടെ വന്നു നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് അവകാശപ്പെട്ടുകൊണ്ട് സൗമേന്ദ്രനാഥ ടാഗോർ എന്ന ബംഗാളി ഇടതുപക്ഷക്കാരൻ 'മലബാറിലെ കാർഷിക കലാപം' എന്ന തലവാചകത്തിൽ ഒരു ലഘുലേഖ തന്നെ എഴുതി പ്രസിദ്ധീകരിച്ചു.
ഈ വിവിധ ചിന്താഗതികളിൽ ഓരോന്നിലും സത്യത്തിന്‍റെ അംശം ഉണ്ടെങ്കിലും, അതൊന്നും മുഴുക്കെ സത്യമല്ല എന്ന അഭിപ്രായമാണ് കമ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടതിന് ശേഷം അത് പ്രകടിപ്പിച്ചത്.

മലബാർ കലാപത്തിന്‍റെ ആരംഭം ബ്രിട്ടീഷ് സാമ്രാജ്യാധിപത്യത്തിനും മലബാർ പ്രദേശത്തെ ജന്മികൾക്കുമെതിരായി കൃഷിക്കാരിൽ പൊതുവിലും മുസ്ലിം കൃഷിക്കാരിൽ വിശേഷിച്ചുമുള്ള അസംതൃപ്തിയും പ്രതിഷേധവുമായിരുന്നു, ഇവയ്ക്ക് രൂപം നൽകുന്നതിൽ മഹാത്മാഗാന്ധി, അലിസഹോദരന്മാർ എന്നിവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട കോൺഗ്രസ് കമ്മിറ്റികളും ഖിലാഫത്ത് കമ്മിറ്റികളും സഹായിച്ചു. ഈ പ്രസ്ഥാനം രൂപംകൊള്ളുന്നതിനു മുമ്പുതന്നെ രൂപം കൊണ്ടിരുന്ന കുടിയാൻ പ്രസ്ഥാനവും അതിനെ സഹായിച്ചു. ഇതാണ് പാർട്ടിയുടെ വിലയിരുത്തലിൽ ഒരു പ്രധാന വശം.

അതേ അവസരത്തിൽ, മലബാർ കലാപത്തിന് മറ്റൊരു വശമുണ്ടെന്ന് പാർട്ടി ചൂണ്ടിക്കാണിച്ചു. സ്വാതന്ത്ര്യസമരത്തിന്റെയും കുടിയാൻ പ്രക്ഷോഭത്തിന്റെയും അടിസ്ഥാനത്തിൽ ഉയർന്നുവന്ന പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന മുസ്ലിം ജനസാമാന്യത്തിൽ ഇസ്ലാമിക സാഹോദര്യത്തിന്റെ വികാരങ്ങളും ഉൾപ്പെട്ടിരുന്നു. അതിനെ മതനിരപേക്ഷ ദേശീയതക്ക് കീഴ്പ്പെടുത്താൻ കോൺഗ്രസ് - ഖിലാഫത്ത് നേതൃത്വത്തിന് കഴിഞ്ഞില്ല. അതുകൊണ്ട്, മതനിരപേക്ഷതയുടെ അടിസ്ഥാനത്തിൽ തുടങ്ങിയ കോൺഗ്രസ് - ഖിലാഫത്ത് പ്രസ്ഥാനം മലബാർ ദേശത്ത് മാപ്പിളലഹള ആയിമാറി. ഇതും മുകളിൽ പറഞ്ഞതുമായ രണ്ടു കാര്യങ്ങളും ചേർത്താലേ മലബാർ കലാപത്തിന്റെ ശാസ്ത്രീയ വിശകലനം ആവുകയുള്ളു. ഈ സത്യം സൂചിപ്പിക്കുന്നതിനു വേണ്ടിയാണ് പാർട്ടി പ്രസിദ്ധീകരിച്ച ലഘുലേഖയിൽ ''ആഹ്വാനം'' ''താക്കീത് '' എന്ന രണ്ടു പദങ്ങൾ പ്രയോഗിച്ചത് ''. - ഇത്രയുമാണ് 1946 ലെ കമ്മ്യൂണിക്കേക്ക് 1984 ൽ നൽകുന്ന വിശദീകരണത്തിന്റെ ആദ്യഭാഗം.

1921 ലെ കലാപത്തെ വിലയിരുത്തുമ്പോൾ 1946ൽ ഇന്ത്യയിൽ പൊതുവേയും മലബാറിൽ വിശേഷിച്ചും ഉണ്ടായിരുന്ന സാഹചര്യത്തെയാണ് പിന്നീട് വിശദീകരിക്കുന്നത്. അതിങ്ങനെയാണ്:

'' 1920 - കളുടേതിന് തുല്യമായ സ്ഥിതികൾ ഇന്ത്യയിലാകെ വളർന്നുകൊണ്ടിരിക്കുകയാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു. അന്നെന്ന പോലെ ഇന്നും ബ്രിട്ടീഷ് സാമ്രാജ്യാധിപത്യം, അതിന്‍റെ സഖ്യശക്തികളായ ഫ്യൂഡൽ പ്രഭുക്കളും മറ്റു നാട്ടുപ്രമാണികളും എന്നിവർക്കെതിരെ ജനങ്ങളാകെ അണിനിരക്കുകയാണ്. അതേ അവസരത്തിൽ 1921 ലേതെന്നപോലെ ഇന്നത്തേയും വിപ്ലവമുന്നേറ്റത്തെ സമുദായ സ്പർദ്ധ, അതിൽനിന്നുളവാകുന്ന കലാപങ്ങൾ എന്നിവയുടെ മാർഗത്തിലേക്ക് തിരിച്ചുവിടാനുള്ള തീവ്രശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.ഈ സത്യം കാണാതെ വിപ്ലവ മുന്നേറ്റം മാത്രം ഏകപക്ഷീയമായി കണ്ടാൽ 192l ൽ നടന്നതുപോലെ വിപ്ലവ മുന്നേറ്റത്തെ വർഗ്ഗീയ ലഹളയാക്കി മാറ്റാൻ എതിരാളികൾക്ക് കഴിയും.

ഈ രണ്ട് ശക്തികളിൽ ആദ്യത്തേതിനെ വളർത്തിയെടുക്കണമെന്നതാണ് പാർട്ടി ഇപ്പോൾ നൽകുന്ന'' ആഹ്വാനം''. രണ്ടാമത്തേതിനെതിരായ ഫലപ്രദമായ സമരം നടത്തിയില്ലെങ്കിൽ ആദ്യത്തെ ശക്തി തകരുമെന്ന താക്കീതും 1921ലെ അനുഭവത്തെ ആസ്പദമാക്കി പാർട്ടി ജനങ്ങൾക്ക് നൽകുന്നു.'' - ഇത്രയും കൂടിയായാൽ ഖിലാഫത്തിനെക്കുറിച്ചുള്ള ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ അവലോകനം പൂർത്തിയായി.

പിന്നെയുള്ളത് കാലങ്ങളുടെ പ്രസക്തിയാണ്. 1946 ന്റെ പ്രസക്തിയും 1984 ന്റെ പ്രസക്തിയും. 1946ൽ ഇന്ത്യൻ രാഷ്ടീയത്തെക്കുറിച്ച് പൊതുവിലും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെക്കുറിച്ച് വിശേഷിച്ചും പലപല പ്രത്യേകതകളുണ്ടായിരുന്നു. 1946 തെരഞ്ഞെടുപ്പുവർഷമായിരുന്നു. കോൺഗ്രസും ലീഗും തമ്മിലാണ് മുഖ്യ മത്സരം നടന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയാകട്ടെ തെരഞ്ഞെടുപ്പുമാർഗം വിട്ട് ജനങ്ങളെ സംഘടിപ്പിച്ച് സായുധസമരം നടത്താനുള്ള ത്വരയിലാണ്.

അത് ഇ.എം.എസ്സ് തന്നെ വിവരിക്കുന്നുണ്ട്: ''തൊഴിലാളിരംഗത്ത് പുതിയൊരു സമരവേലിയേറ്റം രൂപംകൊണ്ട് വരികയായിരുന്നു. കേന്ദ്രത്തിൽത്തന്നെ ബ്രിട്ടീഷ് ഭരണാധികാരികൾക്ക് തികച്ചും വിധേയമല്ലാത്ത ഒരു ഇടക്കാല ഗവർമെണ്ട് രൂപം കൊണ്ടതും അധികം കഴിയുന്നതിനു മുമ്പ് ഭരണസംവിധാനമാകെ മാറുമെന്നുറപ്പായതും തൊഴിലാളികളുടെ ആത്മവിശ്വാസത്തിന് ആക്കംകൂട്ടി. കേരളം കൂടി ഉൾക്കൊള്ളുന്ന തെക്കേ ഇന്ത്യയിലെ റെയിൽ ഗതാഗതമാകെ സ്തംഭിക്കത്തക്ക വിധത്തിലുള്ള ഒരു പണിമുടക്ക് കുറേദിവസങ്ങളോളം നീണ്ടുനിന്നു. അതേ വരെ സമരരംഗത്തിറങ്ങിയിട്ടില്ലാത്ത പല വിഭാഗം തൊഴിലാളികളും റെയിൽവേ - കമ്പിത്തപാൽ തൊഴിലാളികളുടെ കാലടികളെ പിന്തുടർന്നു.

തൊഴിലാളി വർഗത്തെപ്പോലെ വ്യാപകമായിട്ടല്ലെങ്കിലും ഇടതുപക്ഷ പാർട്ടികൾക്ക് സാമാന്യശക്തിയുള്ള പ്രദേശങ്ങളില്ലൊം കർഷകരും സമരരംഗത്തിറങ്ങിയിരുന്നു.ഇത് ഏറ്റവും ഉയർന്ന രൂപത്തിലായത് ബംഗാൾ, ആന്ധ്ര, കേരളം എന്നീ മൂന്നു സംസ്ഥാനങ്ങളിലാണ്. ഇന്നത്തെ ബംഗ്ലാദേശ്കൂടി ഉൾപ്പെടുന്ന ബംഗാളിൽ വ്യാപകമായിത്തീർന്ന തേഭാഗാ സമരം കിഴക്കൻ ബംഗാളിലും പടിഞ്ഞാറൻ ബംഗാളിലുമുള്ള മുസ്ലിങ്ങൾ, മേൽജാതി ഹിന്ദുക്കൾ, ഹരിജനങ്ങടക്കമുള്ള അവശ ജാതിക്കാർ, ആദിവാസികൾ എന്നിവരെയെല്ലാം ഏകോപിപ്പിച്ചു. അഖിലേന്ത്യാ കിസാൻ സഭയുടെ സമ്മേളനം കിഴക്കൻ ബംഗാളിലുള്ള നേത്രകോണയിൽ ചേർന്നപ്പോൾ സമ്മേളിച്ച ഹിന്ദു - മുസ്ലിം - ആദിവാസി ജനവിഭാഗങ്ങളെ കണ്ടിട്ടുള്ളവർക്കാർക്കും ബംഗാളിൽ ഹിന്ദു - മുസ്ലിം പ്രശ്നമുണ്ടെന്ന് ഊഹിക്കാൻ പോലും കഴിയുമായിരുന്നില്ല.

ഹൈദരാബാദ് സ്റ്റേറ്റ് കോൺഗ്രസുമായി സഹകരിച്ചു പ്രവർത്തിക്കുന്ന സംഘടനയാണ് അവിടത്തെ ആന്ധ്രമഹാസഭ. അതിന്റെ ഔദ്യോഗിക നേതാക്കളിൽ പലരും കമ്മ്യൂണിസ്റ്റുകാരായി തീരുകയും ആന്ധ്രാജനതയുടെ ദേശീയാവശ്യത്തെ കർഷക പ്രസ്ഥാനവുമായി ഇണക്കുകയും ചെയ്തു. അങ്ങനെയാണ് പിന്നീട് ചരിത്രപ്രസിദ്ധമായിത്തീർന്ന തെലങ്കാന സമരത്തിന് തുടക്കം കുറിക്കുന്ന സംഭവങ്ങൾ 1946ൽ നടന്നത്

കേരളത്തിൽ തന്നെ സംഘടിത പ്രസ്ഥാനം വളർന്നു കഴിഞ്ഞിരുന്നില്ലാത്ത തിരുവിതാംകൂർ പ്രദേശത്താണ് തെലങ്കാന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അഖിലേന്ത്യാ പ്രാധാന്യം നേടിയ ഒരു സമരം - പുന്നപ്ര വയലാർ - നടന്നത്. അതിലെ ഏറ്റവും സജീവ ശക്തി നാട്ടിൻ പുറങ്ങളിലെ പട്ടിണിപ്പാവങ്ങളായിരുന്നു താനും.'' -ഇതാണ് 1946 ന്റെ പ്രത്യേകത എന്ന് ഇ.എം.എസ് വിവരിക്കുന്നു. ഈ സാഹചര്യത്തിലായിരുന്നു അതിനും കാൽനൂറ്റാണ്ടു മുമ്പ് ആയുധമെടുത്ത് പോരാടിയ മാപ്പിളമാരുടെ വീര്യത്തെ പാർട്ടി അഭിവാദ്യം ചെയ്തത് എന്ന് കാണാം. സായുധ സമരമായിരുന്നു 1946 ൽ പ്രസക്തം !

1984 ലാണ് ഈ വലിയ ഗ്രന്ഥത്തിന്റെ ഒന്നാം വോള്യം പുറത്തുവരുന്നത്. അക്കാലത്തെ രാഷ്ട്രീയമെന്നാൽ ഇപ്പോഴുള്ള മുന്നണി രാഷ്ട്രീയം തന്നെയാണല്ലോ. "കമ്യൂണിസ്റ്റ് വിരോധത്തിന്റേതായ രാഷ്ട്രീയ സമരതന്ത്രം പ്രയോഗിക്കുന്ന കേന്ദ്ര ഭരണകക്ഷിക്ക് ആർ.എസ്.പി, എൻ.ഡി.പി, (NDP) മുസ്ലിംലീഗ്, ആർ.എസ്.എസ്. മുതലായ അന്യോന്യം കടിപിടി കൂടുന്ന വിവിധ ജാതിഗ്രൂപ്പുകൾ, മതസംഘടനകൾ എന്നിവയെ തങ്ങളുടെ നേതൃത്വത്തിലുള്ള 'വിശാല' ജനാധിപത്യമുന്നണിയിൽ ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു. കമ്മ്യൂണിസത്തെ കുഴിച്ചുമൂടാനുള്ള അവരുടെ ഭഗീരഥപ്രയത്നത്തിന്റെ ഭാഗമാണിത്. കഴിഞ്ഞ 24 വർഷമായി, 1960 ലെ തെരഞ്ഞെടുപ്പു മുതൽ അവർ ഇത് തുടരുകയാണ് '' - എന്നാണ് ഗ്രന്ഥത്തിന്റെ ആമുഖത്തിൽ 1984 ന്റെ പ്രത്യേകതയായി ഇ.എം.എസ്. പറയുന്നത്.

1946 മുതൽ 1984 വരെയുള്ള നീണ്ട കാലഘട്ടത്തിലെ നിരന്തര രാഷ്ട്രീയ പ്രക്രിയകൾക്കിടയിൽ ആദ്യത്തെ നിലപാടിൽ നിന്ന് ഇ.എം.എസ് നമ്പൂതിരിപ്പാട് മാറിയെന്ന് ഇ.മൊയ്തു മൗലവിയെപ്പോലുള്ള ചിലരെങ്കിലും ധരിച്ചിട്ടുണ്ട്. തന്റെ 'ചരിത്രചിന്തകൾ' എന്ന പുസ്തകത്തിൽ ആഹ്വാനവും താക്കീതും എന്ന ലഘുലേഖയെ മൊയ്തു മൗലവി പരാമർശിക്കുന്നുണ്ട്. കൂടെ, ''വിഭാഗീയ രാഷ്ട്രീയ താൽപര്യാർത്ഥം നമ്പൂതിരിപ്പാട് ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നുവെന്നത് ഇവിടെ പ്രസക്തമല്ല''- എന്നൊരു പ്രസ്താവന മൗലവി നടത്തിയിട്ടുണ്ട്.

എന്നാൽ വ്യാഖ്യാനത്തിലെ വ്യത്യാസങ്ങളല്ലാതെ പാർട്ടിവിജ്ഞാപനത്തിലെ അടിസ്ഥാന നിലപാടിൽ മറ്റം വരുത്തിയതായി കാണുന്നില്ല.

....................................................... ...................

കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ - എന്ന ഗ്രന്ഥത്തെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം എന്നാണ് പ്രസാധകർ വിശേഷിപ്പിക്കുന്നത്. തന്റെ ആത്മകഥയുടെ തുടർച്ചയായിട്ടാണ് ഇ.എം.എസ്. ഇത് മുന്നോട്ടുവെച്ചത്.

1984 ൽ ആദ്യവോള്യം പുറത്തുവന്നു. മൂന്ന് വോള്യമുണ്ടായിരുന്നു. മൂന്നും ചേർത്ത് ഒറ്റ പുസ്തകമായിട്ടാണ് ഇപ്പോൾ കിട്ടുന്നത്. ചിന്ത പബ്ലിഷേഴ്സ് പ്രസാധനം. ദേശാഭിമാനി ബുക്ക് ഹൗസ് വിതരണം.1184 പേജ്. 675 രൂപ വില.

Tags:    
News Summary - EMS and Khilafat Movement PT Naser Column-Literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.