കൗമാരകാലത്തെ അടിയന്തരാവസ്ഥ

കേരളം പരീക്ഷാ ചൂടില്‍ അമര്‍ന്നിരിക്കുകയാണ്​. എസ്.എസ്​.എല്‍.സി, പ്ലസ്ടു മോഡല്‍ പരീക്ഷകള്‍ കഴിഞ്ഞു പൊതുപരീക്ഷക ്ക് തയാറെടുക്കുകയാണ് വിദ്യാര്‍ഥികള്‍. നഗര,ഗ്രാമ വ്യത്യാസമില്ലാതെ പൊതുപരീക്ഷയുടെ പൊരിവെയിലില്‍ തിളച്ചു മറിയ ുന്ന കാഴ്ച. കുട്ടികളുടെ ‘ഭാവി തീരുമാനിക്കുന്ന’ അഗ്​നി പരീക്ഷ എന്ന നിലയില്‍ ആശങ്കാകുലരായ രക്ഷിതാക്കളില്‍ പലരു ം ജോലി ലീവ് എടുത്താണ് കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. എസ്.എസ്.എല്‍.സി ജയം ഒരു വിഷയമല്ലാതായതോടെ, മുഴു വന്‍ വിഷയങ്ങളിലും ‘എ പ്ലസ്’ ആണ് രക്ഷിതാക്കളുടെ ലക്ഷ്യം. ഉപരിപഠനത്തിന്​ ഇഷ്​ടമുള്ള കോഴ്സും സ്ഥാപനവും ലഭിക്കണമ െങ്കില്‍ എ പ്ലസ് അനിവാര്യമാണെന്നത് മാത്രമല്ല, കുടുംബത്തി​​െൻറ അഭിമാനപ്രശ്നവും കൂടിയാണ് എ പ്ലസ്. കുടുംബത്തിലെ മറ്റു കുട്ടികള്‍ക്കും അയല്‍ക്കാര്‍ക്കും മുന്‍പരീക്ഷകളില്‍ എത്ര എ പ്ലസ് കിട്ടിയോ അത്രയും ത​​െൻറ കുട്ടിക്ക് കിട്ടിയില്ലെങ്കില്‍ മാനഹാനിയായി കരുതുന്ന രക്ഷിതാക്കളാണ് മഹാഭൂരിപക്ഷവും.

രക്ഷിതാക്കള്‍ക്ക് മാത്രമല്ല, സ്കൂളുകള്‍ക്കും വിജയശതമാനവും എ പ്ലസും അഭിമാന പ്രശ്നമാണ്. മികച്ച സ്കൂള്‍ ഏതെന്നു നിര്‍ണയിക്കുന്നതിനുള്ള ഏറ്റവും പ്രധാന മാനദണ്ഡം ആ സ്കൂള്‍ പൊതുപരീക്ഷകളില്‍ കാഴ്ചവെക്കുന്ന നിലവാരമാണ്. അതുകൊണ്ട് നൂറു ശതമാനം വിജയവും മുന്‍വര്‍ഷങ്ങളേക്കാള്‍ എ പ്ലസും ഉറപ്പാക്കാന്‍ എല്ലാ വിദ്യാലയങ്ങളും ബഹുമുഖ പരിപാടികള്‍ തയാറാക്കി പോരാടുകയാണ്. സ്കൂളുകള്‍ പോലെ തന്നെ സ്വകാര്യ ട്യൂഷന്‍ സ​െൻററുകളും. പൊതുപരീക്ഷകളില്‍ സ്ഥാപനത്തില്‍നിന്ന് മികച്ച വിജയം നേടിയവരുടെ കണക്ക് പറഞ്ഞു വേണം അടുത്ത വർഷം കുട്ടികളെ ആകര്‍ഷിക്കാന്‍. ഇതിനെല്ലാം പുറമെയാണ് ഭരിക്കുന്ന സര്‍ക്കാറുകള്‍. വിദ്യാഭ്യാസ മന്ത്രി വാർത്തസമ്മേളനം നടത്തിയാണ് ഒരു ‘യുദ്ധ വിജയം’ പ്രഖ്യാപിക്കുന്ന ആവേശത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കുന്നത്. അതതുകാലത്തെ ഭരണനേട്ടങ്ങളില്‍ ഒന്നായി എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയശതമാനത്തെ കണക്കാക്കുന്ന പ്രതീതി നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട്, മുന്‍സര്‍ക്കാര്‍ കാലത്തെ അപേക്ഷിച്ച് വിജയശതമാനം കുറഞ്ഞാല്‍ അത് ഭരിക്കുന്ന സര്‍ക്കാറി​​െൻറ പ്രതിച്ഛായക്ക് മങ്ങലേൽപിമെന്ന ഭയം സര്‍ക്കാറുകള്‍ക്കുമുണ്ട്. എസ്.എസ്​.എല്‍.സി പരീക്ഷക്ക്​ സര്‍ക്കാറും സമൂഹവും കൽപിക്കുന്ന അനാവശ്യമായ പ്രാധാന്യം കൗമാരത്തി​​െൻറ ഏറ്റവും മനോഹരമായ കാലം നമ്മുടെ തലമുറക്ക് നഷ്​ടപ്പെടുത്തിക്കളയുന്നു എന്ന ഗൗരവതരമായ വശം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു.

നേരം പുലരും മുന്നേ കുട്ടികള്‍ സ്വകാര്യ ട്യൂഷന് പുറപ്പെടുന്നു. അതുകഴിഞ്ഞ് സ്കൂള്‍. സ്കൂളുകളില്‍ തന്നെ പ്രത്യേക ഈവനിങ്​​ ക്ലാസ്. തദ്ദേശസ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും പി.ടി.എ യുമെല്ലാം മുന്‍കൈ എടുത്താണ് ചെറുഭക്ഷണങ്ങള്‍ ഏര്‍പ്പെടുത്തി സായാഹ്ന ക്ലാസുകള്‍ നടത്താറുള്ളത്. തുടര്‍ന്ന് സ്കൂളിലോ അയല്‍പക്ക പഠന കേന്ദ്രങ്ങളിലോ നിശാക്ലാസുകള്‍. അവധി ദിനങ്ങള്‍ ഈ കുട്ടികള്‍ക്ക് സ്വപ്നം മാത്രമാണ്. പരീക്ഷ അടുക്കുന്നതോടെ കുട്ടികളുടെ മേല്‍ സമ്മര്‍ദം മുറുകുകയായി. പ്രാദേശിക തലത്തില്‍ രാപ്പകലില്ലാതെ പരീക്ഷ കോച്ചിങ്. കുട്ടികള്‍ക്ക് ഉണ്ണാനോ ഉറങ്ങാനോ വിനോദിക്കാനോ കളിക്കാനോ സമയമില്ല. പൊതുവില്‍ എസ്.എസ്.എല്‍.സി ക്ലാസുകളിലെ കുട്ടികളെ ജെ.ആര്‍.സി, സ്​കൗട്ട്സ്, എന്‍.എസ്.എസ്, പൊലീസ് കാഡറ്റ് തുടങ്ങിയ പഠനേതര പ്രവര്‍ത്തനങ്ങളിലൊന്നും പങ്കു ചേരാന്‍ പ്രോത്സാഹിപ്പിക്കാറില്ല. കല,സാഹിത്യ മത്സരങ്ങളിലോ വിനോദ യാത്രകളില്‍ പോലുമോ ഈ കുട്ടികളെ പങ്കെടുപ്പിക്കാത്ത രക്ഷിതാക്കളാണ് അധികവും. ഫലത്തില്‍ അതിഭീകര പീഡനകാലമായി എസ്.എസ്.എല്‍.സി കുട്ടികളെ വേട്ടയാടുകയാണ്. ഈ സമ്മര്‍ദങ്ങൾ കൗമാരക്കാരുടെ സര്‍ഗാത്മകമായ ചോദനകളെയെല്ലാം നിലംപരിശാക്കിയെങ്കില്‍ അതിശയിക്കാനില്ല. ജീവിതത്തി​​െൻറ വര്‍ണശബളമായ ഒരു കാലം തരിശാക്കിക്കളയുന്നത് പുനഃപരിശോധന അര്‍ഹിക്കുന്ന കാര്യമാണ്.

ഇനി വലിയ യുദ്ധസന്നാഹങ്ങളോടെ നടത്തുന്ന ഈ പരീക്ഷകളില്‍ കുട്ടികള്‍ എന്ത് നേടുന്നു എന്നാലോചിച്ചാല്‍ നിരാശയാകും ഫലം. പഠനപ്രവര്‍ത്തനങ്ങള്‍ പരീക്ഷയില്‍ മാത്രം കേന്ദ്രീകരിക്കുന്ന നിലവിലെ അവസ്ഥയില്‍ വിദ്യാഭ്യാസത്തി​​െൻറ അടിസ്ഥാന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും പഠനത്തിലൂടെ നേടേണ്ട മിനിമം ശേഷികള്‍ കൈവരിക്കുന്നതിലും കുട്ടികള്‍ ദയനീയമായി പരാജയപ്പെടുന്നു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറിനടുത്ത ശതമാനം വിജയമാണ് അടുത്ത കുറച്ചുവര്‍ഷങ്ങളായി നമ്മുടെ സംസ്ഥാനം നേടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ഗുണനിലവാരം ദയനീയമായി കുറയുന്നു എന്നാണ്​ സമീപകാല പഠനങ്ങള്‍ ഓരോന്നും ചൂണ്ടിക്കാട്ടുന്നത്. സര്‍വശിക്ഷാ അഭിയാ​​െൻറ സഹകരണത്തോടെ എന്‍.സി.ഇ. ആര്‍. ടി നടത്തിയ 2014ലെ നാഷനല്‍ അച്ചീവ്‌മ​െൻറ്​ സര്‍വേ ഫലം കേരളത്തിലെ വിദ്യാഭ്യാസത്തി​​െൻറ നിലവാരത്തകര്‍ച്ചയുടെ ആഴം വെളിവാക്കിയിട്ടുണ്ട്. സെക്കൻഡറി പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന കുട്ടികളില്‍ വലിയ ഒരു വിഭാഗത്തിന് മാതൃഭാഷ പോലും തെറ്റില്ലാതെ എഴുതാനും വായിക്കാനും അറിയില്ലെന്ന സത്യം നമ്മുടെ പരീക്ഷാ ജ്വരത്തില്‍ മുങ്ങിപ്പോകുന്നു. പ്രായോഗിക ജീവിതതിനാവശ്യമായ ഗണിതംപോലും മഹാഭൂരിപക്ഷത്തിനും ആര്‍ജിക്കാന്‍ സാധിക്കുന്നില്ലെന്ന് വിവിധ സര്‍വേകള്‍ തെളിയിച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സി പരീക്ഷയെ പ്രഹസനമാക്കി മാറ്റുന്നതാണ് നിലവിലെ വ്യവസ്ഥകള്‍ പലതും. 2006ല്‍ നടപ്പാക്കിയ പരിഷ്കരണം എസ്.എസ്.എല്‍.സി ജയിക്കാന്‍ മിനിമം 210 മാര്‍ക്ക് എന്നതില്‍ നിന്ന് 180 ആക്കി കുറച്ചു. പാഠ്യപദ്ധതി പരിഷ്‌കരണത്തി​​െൻറ ഭാഗമായി വന്ന നിരന്തര മൂല്യനിര്‍ണയം (സി.ഇ) അനുസരിച്ച് ക്ലാസ് അധ്യാപകനു തന്നെ 130 മാര്‍ക്ക് വരെ നല്‍കാം. ഈ മാര്‍ക്കുദാനത്തിനു പ്രത്യേക മാനദണ്ഡങ്ങള്‍ ഒന്നുമില്ലെന്നതാണ് ആശ്ചര്യകരം! മുന്‍ വര്‍ഷങ്ങളില്‍ നടന്ന പരീക്ഷകളില്‍ തോറ്റവര്‍ക്ക് പോലും സി.ഇ മാര്‍ക്കില്‍ കുറവ് ഉണ്ടായിരുന്നില്ല എന്നതില്‍ നിന്ന് അതിലെ തമാശ മനസ്സിലാക്കാം. വിജയശതമാനം പെരുക്കി പൊങ്ങച്ചം കാട്ടാന്‍ ഈ സംവിധാനം ഉപകരിക്കുന്നുണ്ടെങ്കിലും എസ്.എസ്.എല്‍.സി യുടെ മൂല്യശോഷണത്തി​​െൻറ ഒരു കാരണം അതാണെന്ന് സമ്മതിക്കേണ്ടി വരുന്നു.

വിദ്യാഭ്യാസ പ്രക്രിയയിലൂടെ പത്തുവര്‍ഷം കടന്നുപോകുന്ന ഒരു വിദ്യാര്‍ഥി, വിദ്യാഭ്യാസത്തി​​െൻറ അടിസ്ഥാനലക്ഷ്യങ്ങളില്‍ പെട്ട മാനസികവും കായികവുമായ വളര്‍ച്ചയും ഭാഷാപരവും വൈജ്ഞാനികവുമായ മിനിമം ശേഷികളും വ്യക്തിത്വവികാസവും വളരെ പരിമിതമായ അനുപാതത്തില്‍ മാത്രമേ നേടുന്നുള്ളൂ എന്ന് എല്ലാവരും അംഗീകരിക്കുന്നു. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിൽ പോലും രേഖപ്പെടുത്തുന്നത് ‘ഉന്നത പഠനത്തിനു യോഗ്യത നേടി’ എന്നാണു. തോല്‍ക്കുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ആകട്ടെ, ‘അണ്‍ഫിറ്റ് ഫോര്‍ ഹയര്‍ സ്​റ്റഡീസ്’ എന്നും. അതിനർഥം സെക്കൻഡറി വിദ്യാഭ്യാസംകൊണ്ട് ഈ കുട്ടിക്കുണ്ടായ നേട്ടം ഉപരിപഠനത്തിനുള്ള അര്‍ഹത ആണെന്നാണല്ലോ. വിദ്യാഭ്യാസ ദര്‍ശനങ്ങളുടെ കാഴ്ചപ്പാടില്‍നിന്ന് ചിന്തിച്ചാല്‍ വല്ലാത്ത ഒരു പരിമിതിയും പരാജയവുമല്ലേ അത്? പത്താം തരത്തില്‍ പഠനം അവസാനിപ്പിക്കേണ്ടി വരുന്ന, തൊഴില്‍ തുറകളിലേക്ക് തിരിയുന്നവരെ സംബന്ധിച്ചു കനത്ത നഷ്​ടമല്ലേ ഇവിടെ സംഭവിക്കുന്നത്?

നിലവിലുള്ള പ്രവണത അനുസരിച്ച് ഉപരിപഠനം എന്നതി​​െൻറ വിവക്ഷ തന്നെ സയന്‍സ് വിഷയങ്ങള്‍ പഠിച്ച് മെഡിക്കല്‍/എൻജിനീയറിങ്​ കടമ്പ കടക്കുക എന്നായിട്ടുണ്ട് എന്നത് മറ്റൊരു വിഷയം. ഈ പ്രവണത നിലനില്‍ക്കുന്നതുകൊണ്ട് സെക്കൻഡറി പഠനത്തില്‍ എൻട്രൻസ്​ പരീക്ഷയാണ് പൊതുവായ ഉന്നം. അതുവഴി മാനവിക വിഷയങ്ങളും ഭാഷയുമെല്ലാം രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുന്നു. എന്നാല്‍, ഐ.ഐ.ടി അടക്കമുള്ള അഖിലേന്ത്യാ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പ്രവേശനപരീക്ഷകളില്‍ കേരള സിലബസില്‍ പഠിച്ചു ജയിക്കുന്ന വിദ്യാര്‍ഥികള്‍ ലജ്ജാകരമായ പതനത്തില്‍ എത്തിനില്‍ക്കുന്നത് ഇവിടെ ചേര്‍ത്തുവെക്കേണ്ടതുണ്ട്. കൊട്ടിഘോഷിക്കുന്ന ഈ എസ്.എസ്.എല്‍.സി മാമാങ്കത്തി​​െൻറ നിലവാരത്തകര്‍ച്ചക്ക് തന്നെയാണ് ഈ അനുഭവങ്ങള്‍ അടിവര ചാര്‍ത്തുന്നത്.

എസ്.എസ്.എല്‍.സി പരീക്ഷയാണ് ആയുസ്സി​​െൻറ വിധി നിര്‍ണയിക്കുന്നത്, ജീവിതത്തി​​െൻറ ഗതി തീരുമാനിക്കുന്നത് എന്നൊക്കെയുള്ള ക്ലീഷേ വര്‍ത്തമാനങ്ങള്‍ കുട്ടികളോട് പറയാതിരിക്കാന്‍ എങ്കിലും നമുക്ക് കഴിയണം. ജീവിതത്തില്‍ അത്യുന്നതമായ നേട്ടങ്ങള്‍ കൈവരിച്ച മഹാപ്രതിഭകള്‍ പരീക്ഷകളില്‍ എ പ്ലസ് നേടിയവര്‍ അല്ലെന്നറിയുന്നത് അവര്‍ക്ക് വലിയ ആശ്വാസവും ഭാവിയെ കുറിച്ച പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കിയേക്കും. പൊതുപരീക്ഷകള്‍ കൗമാര പ്രായക്കാരായ കുട്ടികളുടെമേല്‍ ഒരടിയന്തരാവസ്ഥ കാലമായി മാറുന്ന ഭീതികരമായ സാഹചര്യം ഇല്ലാതാക്കാന്‍ സര്‍ക്കാറും സമൂഹവും വിദ്യാഭ്യാസ വിചക്ഷണരുമെല്ലാം കൂട്ടായി ചിന്തിക്കേണ്ടതുണ്ട്. പാവം ചിത്രശലഭങ്ങളുടെ ചിറക് അരിയാതെയിരിക്കുക!

Tags:    
News Summary - Emergency in Teenage - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.