കാൻസറിന്റെ സാമ്പത്തിക ശാസ്ത്രം

അടുത്ത ബന്ധത്തിലും പരിചയത്തിലുമുള്ള ആളുകൾക്ക് കാൻസർ സ്ഥിരീകരിച്ച വാർത്ത മുമ്പെന്നത്തേക്കാളേറെ ഇപ്പോൾ നമ്മൾ കേൾക്കുന്നുണ്ട്. ചികിത്സക്കായി പണം കണ്ടെത്താൻ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർഥനകൾ നിരന്തരം കാണുന്നുണ്ട്. കടുത്ത ശാരീരിക പീഡകൾക്കൊപ്പം സാമൂഹിക അസമത്വം സൃഷ്ടിക്കുന്ന, ആൾക്കാരെ പാപ്പരാക്കുന്ന ഒരു അസുഖം തന്നെയാണിത്. രോഗം കണ്ടുപിടിക്കുന്നതോടെ രോഗിയും ബന്ധുക്കളും കടന്നുപോകുന്ന മാനസിക സംഘർഷങ്ങളെ കൂടുതൽ ഗുരുതരമാക്കും സാമ്പത്തിക ബാധ്യതകൾ. കാൻസർ ചികിത്സ ചെലവ് ഭാരിച്ചതാണ്. പലപ്പോഴും കുടുംബനാഥനോ കുടുംബനാഥയോ ആവും. അവർ അസുഖബാധിതരായാൽ കുടുംബത്തിന്റെ വരുമാനലഭ്യത നിലക്കും. അല്ലെങ്കിൽ രോഗിയായ കുടുംബാംഗത്തിന് കൂട്ടിരിക്കേണ്ടിവരുന്നതിനാൽ ജോലിക്കുപോകാൻ കഴിയാത്ത സാഹചര്യമുണ്ടാവും. ഒരാൾ രോഗം ബാധിച്ചു മരിച്ചാൽ അത് കുടുംബത്തിന് മാത്രമല്ല, രാജ്യത്തിനുതന്നെ നഷ്ടമാണ്.

ചികിത്സക്ക് ചെലവേറുന്നതെന്തുകൊണ്ട്?

കാൻസർ ചികിത്സ ചെലവിനെ രണ്ടായിത്തിരിക്കണം-പ്രത്യക്ഷവും പരോക്ഷവും ആയവ. രോഗം കണ്ടുപിടിക്കുന്നതിനും (ഉദാ: ഡോക്ടർ കൺസൽട്ടേഷൻ, സ്കാനിങ് ബയോപ്സി) ചികിത്സ നടത്തുമ്പോഴും ഉണ്ടാകുന്ന ചെലവുകൾ (ഉദാ: കീമോതെറപ്പി, റേഡിയോതെറപ്പി, സർജറി). കുറെ ആളുകൾക്കെങ്കിലും ഇത്തരം ചെലവുകളുടെ ഒരുഭാഗം ഇൻഷുറൻസ്, ഗവൺമെന്റ് സ്കീം എന്നിവ വഴി നിറവേറ്റാനായെന്നുവരാം.

എന്നാൽ, നമ്മുടെ കണ്ണിൽപെടാത്ത പരോക്ഷ ചെലവുകൾ ശരിക്കും കീശ ചോർത്തിക്കളയും. പലപ്പോഴും ചികിത്സ തേടിപ്പോകേണ്ടത് താമസിക്കുന്ന ജില്ലയിൽ നിന്ന് ദൂരെയായിരിക്കും. ഓരോ തവണ യാത്ര ചെയ്യുമ്പോഴും ഉണ്ടാകുന്ന ചെലവ്, ചികിത്സക്കുവേണ്ടി അവിടെ തങ്ങേണ്ടിവരുന്നതിനും ഭക്ഷണത്തിനുമുള്ള ചെലവ്, രോഗിക്കും കൂടെനിൽക്കുന്നയാൾക്കും ജോലിക്ക് പോകാൻ കഴിയാതെ വരുന്നതുമൂലമുള്ള വരുമാന നഷ്ടം എന്നിവയെല്ലാം പരോക്ഷ ചെലവുകൾക്ക് ഉദാഹരണമാണ്.

വമ്പൻ കുതിച്ചുചാട്ടമാണ് ചികിത്സ രംഗത്ത് സംഭവിക്കുന്നത്. കണ്ടുപിടിക്കപ്പെട്ടാൽ മരണ വാറന്റായി കരുതപ്പെട്ടിരുന്ന രോഗം ഈ നൂറ്റാണ്ടിൽ ചുരുങ്ങിയപക്ഷം ഒരു ജീവിതശൈലി രോഗത്തിന്റെ ഗണത്തിലേക്ക് വന്നിട്ടുണ്ടെങ്കിൽ അതു പരീക്ഷണ നിരീക്ഷങ്ങളിലൂടെ ചികിത്സ രംഗത്തുണ്ടായ പുരോഗതിയുടെ ഫലമാണ്.

പരീക്ഷണ നിരീക്ഷണങ്ങൾ വഴി പുതിയ മരുന്നുകൾ അല്ലെങ്കിൽ പുതിയ ചികിത്സ രീതികൾ വികസിപ്പിക്കുക എന്നത് ചെലവേറിയ ​പ്രക്രിയയാണ്. പലപ്പോഴും ഇത്തരം പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നത് വികസിത രാജ്യങ്ങളിലെ വൻകിട ബഹുരാഷ്ട്ര കമ്പനികളാണ്. അവർ മരുന്നും ചികിത്സയും വികസിപ്പിക്കാൻ നിക്ഷേപിച്ച പണം രോഗികളിൽനിന്ന് ഈടാക്കുകയും ചെയ്യും.

മരുന്ന് വ്യവസായികാടിസ്ഥാനത്തിൽ ഉണ്ടാക്കാൻ വരുന്ന ചെലവും മാർക്കറ്റ് ചെയ്യാൻ ഓരോ രാജ്യത്തും വരുന്ന ചെലവുമെല്ലാം രോഗികളുടെ പിരടിയിൽ വരും. റേഡിയേഷൻ ചികിത്സക്ക് ചെലവേറുന്നത് മെഷീൻ സ്ഥാപിക്കാൻ ചെലവാകുന്ന പണം ഏറെ അധികമായതു കൊണ്ടാണ്. പുതിയ ഒരു ലിനീയർ അക്സലറേറ്ററിന് ഏകദേശം 10-15 കോടി രൂപ വിലവരും.

ചെലവ് കുറയുമോ?

ഇന്ത്യയിലെ സാധാരണക്കാർക്ക് താങ്ങാൻ കഴിയാവുന്നതിലുമപ്പുറമാണെങ്കിലും വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ കാൻസർ ചികിത്സ ചെലവ് കുറവാണ്. നമ്മുടെ രാജ്യത്ത് ഉൽപാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ജനറിക് മരുന്നുകളാണ് ചികിത്സ ചെലവ് കുറക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നത്. അവയുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ കൂടുതൽ കണിശത പുലർത്തുകയും അവശ്യ മരുന്നുകളുടെ വില നിയന്ത്രണം കർശനമാക്കുകയും ചെയ്താൽ ചികിത്സ ചെലവ് ഇനിയും കുറക്കാനാവും.

വികേന്ദ്രീകൃത ചികിത്സയുടെ പ്രാധാന്യം

പലപ്പോഴും രോഗികൾ ദൂരെ സ്ഥലങ്ങളിലാണ് ചികിത്സ തേടാറ്. അവരവരുടെ ജില്ലകളിലേക്ക് ചികിത്സ മാറ്റിയാൽ പരോക്ഷ ചെലവുകൾ വലിയ അളവിൽ കുറയും. ഗവൺമെന്റ് തലത്തിൽ ആർ.സി.സി, എം.സി.സി തുടങ്ങിയ സ്ഥാപനങ്ങൾ, ജില്ല ആശുപത്രി, താലൂക്ക് ആശുപത്രി, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലെല്ലാം വികേന്ദ്രീകൃത കാൻസർ ചികിത്സ നടപ്പാക്കാൻ ശ്രമം നടത്തുന്നുണ്ട്.

70 ശതമാനം കാൻസർ ചികിത്സ കേന്ദ്രങ്ങളും സ്വകാര്യ മേഖലയിലാണ്. ചികിത്സ വികേന്ദ്രീകരണത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തം നടപ്പാക്കിയാൽ രോഗികളുടെ പരോക്ഷ ചികിത്സ ചെലവുകൾ കുറക്കാനാകും. സർക്കാർ മുൻകൈയെടുത്ത് നടപ്പിൽ വരുത്തിയ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (KASP) കേരളത്തിൽ കാൻസർ ചികിത്സരംഗത്ത് വലിയ ആശ്വാസമേകുന്നുണ്ട് . എന്നാൽ, ഈ പദ്ധതിയുടെ ആനുകൂല്യം സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്ക് ലഭ്യമല്ല. അത് ചികിത്സ വികേന്ദ്രീകരണത്തിൽ വലിയ വിടവാണ് സൃഷ്ടിച്ചിട്ടുള്ളത്.

വ്യക്തിതലത്തിൽ  ചെയ്യാനാവുന്നത്

പ്രസിദ്ധീകരിക്കപ്പെട്ട പഠനങ്ങളിൽനിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് 30 ശതമാനം ആളുകൾ സ്വന്തം സമ്പാദ്യം ചെലവഴിച്ചാണ് ചികിത്സക്ക് പണം കണ്ടെത്തിയത്. 40 ശതമാനം പേർ കടം വാങ്ങി ചികിത്സ നടത്തി, 10 ശതമാനമാളുകൾ സ്വത്ത് വിറ്റാണ് ചികിത്സ ചെലവ് കണ്ടെത്തിയത്. സുമനസ്സുകളുടെ സഹായത്താൽ 10 ശതമാനം പേരും ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ പിൻബലത്തിൽ 10 ശതമാനം പേരും ചികിത്സ നടത്തി. ജനങ്ങളുടെ ആരോഗ്യം രാജ്യത്തിന്റെ ഉത്തരവാദിത്തമാണ് എന്ന് പറയുമെങ്കിലും വ്യക്തികൾ തന്നെയാണ് രോഗത്തി​ന്റെ പീഡയും ബാധ്യതയും അനുഭവിക്കേണ്ടിവരുന്നത്. ചൂഷണസാധ്യതയില്ലാത്ത, വിശ്വസ്തമായ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ എടുക്കുന്നത് ചികിത്സാ ബാധ്യതകളുടെ ഭാരത്തിൽനിന്ന് അൽപമെങ്കിലും ആശ്വാസം പകരുമെന്നുറപ്പാണ്. കാൻസർ സാധ്യത തടയാൻ കഴിയും വിധത്തിൽ ജീവിതശൈലിയിൽ മാറ്റം വരുത്തുകയാണ് മറ്റൊരു സുപ്രധാന മുൻകരുതൽ. രോഗം നേരത്തേ കണ്ടെത്താൻ ഉപകരിക്കുന്ന പരിശോധനകളും സഹായകമാവും.

(കൺസൽട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റാണ് ലേഖകൻ)
Tags:    
News Summary - economics of cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.