മരണം രുചിച്ച അവര്‍ എന്നെങ്കിലും തിരിച്ചത്തെുമോ?

ലോകമാധ്യമങ്ങള്‍ ആ പതിനാലുകാരിയെ ‘ജെ.എസ്’ എന്നാണ് വിളിച്ചത്. വര്‍ഷങ്ങളായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ‘ജെ.എസ്’. മരണം തന്നെ കീഴ്പ്പെടുത്തുമെന്ന് ഉറപ്പായിട്ടും തോറ്റുകൊടുക്കാന്‍ ആ പെണ്‍കുട്ടി ഒരുക്കമായിരുന്നില്ല. മരണത്തെ തോല്‍പിക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ എന്നറിയാനായി ഇന്‍റര്‍നെറ്റില്‍ അന്വേഷണം പതിവാക്കിയ അവള്‍ ഒരുനാള്‍ ആ ‘വിദ്യ’ കണ്ടത്തെുകതന്നെ ചെയ്തു. ശാസ്ത്രലോകം ‘ക്രയോണിക്സ്’ എന്നാണ് ആ വിദ്യയെ വിളിക്കുന്നത്. മരണശേഷം, മൃതദേഹം കൊടുംതണുപ്പില്‍ സൂക്ഷിക്കുകയും പിന്നീട് അനുകൂല സാഹചര്യത്തില്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന തീര്‍ത്തും സിദ്ധാന്തത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന സാങ്കേതിക വിദ്യയാണിത്. കാര്യങ്ങള്‍ കുറച്ചൊക്കെ മനസ്സിലാക്കിയ ജെ.എസ് ഉടന്‍ ലണ്ടനിലെ ഒരു ജഡ്ജിക്ക് തന്നെ മരണശേഷം ക്രയോണിക്സിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതി. കഴിഞ്ഞ നവംബര്‍ ആദ്യവാരത്തിലായിരുന്നു അത്. ആ കത്ത് ഇങ്ങനെ അവസാനിക്കുന്നു: ‘മരണം ആസന്നമാണെന്ന് എനിക്കറിയാം. വര്‍ഷം കഴിഞ്ഞിട്ടാണെങ്കിലും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ എനിക്ക്  ഒരവസരം തരൂ. ഇതാണെന്‍െറ ആഗ്രഹം’.

ഈ കത്ത് ജഡ്ജി പീറ്റര്‍ ജാക്സണ്‍ പുറത്തുവിട്ടതോടെയാണ് ‘ജെ.എസ്’ വാര്‍ത്താതാരമായത്. ക്രയോണിക്സിനെക്കുറിച്ചും അതിന്‍െറ നൈതികതയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ശാസ്ത്ര മാസികകളിലും വൈദ്യശാസ്ത്രലോകത്തും നിറഞ്ഞു. അതിനിടെ, പിതാവിന്‍െറ എതിര്‍പ്പുണ്ടായിട്ടും ജെ.എസിന് ക്രയോണിക്സിന് വിധേയയാകാന്‍ കോടതി അനുമതിനല്‍കി. നവംബര്‍ 18ന് ജെ.എസ് മരണത്തിന് കീഴടങ്ങി. ഉടന്‍, ലണ്ടനില്‍നിന്ന് മിഷിഗണിലെ ക്രയോണിക്സ് ഗവേഷണ സ്ഥാപനമായ ആല്‍കോര്‍ ലൈഫ് എക്സ്റ്റന്‍ഷന്‍ ഫൗണ്ടേഷനിലേക്ക് അവരുടെ മൃതദേഹം കൊണ്ടുപോയി. അവിടെ, മൈനസ് 196 ഡിഗ്രി സെല്‍ഷ്യസ് തണുപ്പില്‍, കാലങ്ങള്‍ക്കുശേഷമുള്ള ഒരു ഉയിര്‍ത്തെഴുന്നേല്‍പിനായി കാത്തിരിക്കുകയാണ് ജെ.എസ്.

1960കളില്‍ മിഷിഗണിലെ പ്രഫസറായിരുന്ന റോബര്‍ട്ട് എറ്റിന്‍ഗര്‍ രൂപം നല്‍കിയ ക്രയോണിക്സ് സിദ്ധാന്തം ജനപ്രിയ ശാസ്ത്രലോകത്തേക്ക് കടന്നുവന്നത് ജെ.എസിലൂടെയാണെന്ന് പറയാം. അത്രമാത്രം ഈ സംഭവം ചര്‍ച്ചയായി. ‘ദി പ്രോസ്പെക്ട്സ് ഓഫ് ഇമ്മോര്‍ട്ടാലിറ്റി’ എന്ന ഗ്രന്ഥത്തിലൂടെയാണ് അദ്ദേഹം ഈ ആശയം അവതരിപ്പിച്ചത്. മരണമെന്നത് കേവലമൊരു ഏകദിശ പ്രക്രിയ അല്ളെന്നും മരണത്തില്‍നിന്ന് തിരിച്ചുനടത്തം സാധ്യമാക്കാനായേക്കുമെന്നും ഈ ഗ്രന്ഥം സമര്‍ഥിക്കുന്നു. മനുഷ്യന്‍െറ ഓര്‍മ, വ്യക്തിത്വം എന്നിവ സൂക്ഷിക്കപ്പെട്ടിരിക്കുന്നത് തലച്ചോറിലാണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ തലച്ചോറിന്‍െറ പ്രവര്‍ത്തനം നിലച്ചശേഷവും അവ വീണ്ടെടുക്കാന്‍ കഴിയും. പ്രവര്‍ത്തനം നിലച്ച തലച്ചോറിനെ ക്രയോപ്രിസര്‍വേഷനിലൂടെ (ഈ പ്രക്രിയ അങ്ങനെ അറിയപ്പെടുന്നു) തിരിച്ചുകൊണ്ടുവരാനാകും. ഈ രീതി ശരീരത്തിന് മൊത്തത്തില്‍തന്നെ ബാധകമാണെന്നും ഭാവിയില്‍ പ്രവര്‍ത്തനം നിലച്ച ശരീരത്തെ ജീവിതത്തിലേക്ക് കൊണ്ടുവരാനാകുമെന്നും എറ്റിന്‍ഗര്‍ വാദിച്ചു. 2011ല്‍ എറ്റിന്‍ഗര്‍ അന്തരിച്ചു. അദ്ദേഹവും ഭാവിയില്‍ ഒരു തിരിച്ചുവരവ് കാത്ത് മിഷിഗണിലെ ശീതീകരണിയില്‍ കഴിയുകയാണ്. എറ്റിന്‍ഗറുടെ രണ്ട് ഭാര്യമാരും മാതാവും പിന്നീട് ക്രയോണിക്സിന് വിധേയരായി വിശ്രമിക്കുന്നു. ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ 250 ക്രയോണിക്സ് ‘രോഗി’കളുണ്ട് (മരണശേഷം മാത്രമാണ് ഒരാള്‍ ക്രയോണിക്സ് രോഗിയാകുന്നത്). ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള 1500ലധികം പേര്‍ ഇതിനകം തങ്ങള്‍ മരണംശേഷം ക്രയോണിക്സിന് വിധേയരാകാന്‍ സന്നദ്ധത അറിയിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് കത്തയച്ചിട്ടുണ്ട്.

റഷ്യയാണ് ക്രയോണിക്സ് ഗവേഷണം നടക്കുന്ന മറ്റൊരു രാജ്യം. ഇവിടെയും 50ഓളം മൃതശരീരങ്ങള്‍ പുതിയ ജീവിതത്തിനായി കാത്തുകിടപ്പുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അന്നും ഇന്നും ഈ വാദത്തിന് പൂര്‍ണമായ സ്വീകാര്യത ലഭിച്ചിട്ടില്ല. കാരണം, ഈ ആശയം ഇപ്പോഴും പരീക്ഷണ ഘട്ടത്തില്‍ മാത്രമാണുള്ളത്. ഒരു മൃതശരീരത്തെ പൂര്‍ണമായും തിരിച്ചുകൊണ്ടുവരാന്‍ ഈ ആശയം പര്യാപ്തമല്ളെന്ന് വാദിക്കുന്ന പല ഗവേഷകരുമുണ്ട്. അതുകൊണ്ടുതന്നെ, മുഖ്യധാര വൈദ്യശാസ്ത്രത്തിന്‍െറ ഭാഗമായി ക്രയോണിക്സ് കണക്കാക്കപ്പെടാറില്ല. എന്നാല്‍, ക്രയോണിക്സിന്‍െറതന്നെ ഭാഗമെന്ന് വിശേഷിപ്പിക്കാവുന്ന പല മുന്നേറ്റങ്ങളും ഇക്കാലത്തിനിടയില്‍ സംഭവിച്ചിട്ടുമുണ്ട്. ഐ.വി.എഫ് സാങ്കേതിക വിദ്യയില്‍ (കൃത്രിമ ബീജ സങ്കലനം) ഭ്രൂണങ്ങളും ബീജവുമെല്ലാം സൂക്ഷിക്കുന്നത് ഒരര്‍ഥത്തില്‍ ഈ രീതിയില്‍തന്നെയാണ്. ശീതീകരിച്ച് സൂക്ഷിക്കുകയും ആവശ്യമായ സന്ദര്‍ഭത്തില്‍ വീണ്ടെടുക്കുകയും തന്നെയാണ് ഇവിടെയും ചെയ്യുന്നത്. ഈ രീതിയില്‍ അവയവങ്ങള്‍ വരെ വീണ്ടെടുക്കാന്‍ കഴിയും. ക്രയോണിക്സില്‍ വിര്‍ട്രിഫിക്കേഷന്‍ എന്ന ഒരു രീതിയുണ്ട്. കോശങ്ങള്‍ക്കിടയില്‍ ഐസ് പാളികള്‍ രൂപപ്പെടാതെയുള്ള ശീതീകരണമാണിത്. ഐസ് പാളികള്‍ രൂപപ്പെടുമ്പോള്‍ കോശങ്ങള്‍ക്ക് നാശം സംഭവിക്കാം. ഇതൊഴിവാക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ത്താണ് വിര്‍ട്രിഫിക്കേഷന്‍ നടത്തുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ മൃതശരീരത്തിലെ ഒരൊറ്റ കോശം പോലും നശിക്കില്ല. മിഷിഗണില്‍ ഈ രീതിയിലാണ് ക്രയോണിക്സ് നടത്തുന്നത്. കഴിഞ്ഞവര്‍ഷം ആദ്യത്തില്‍, ഏതാനും ഗവേഷകര്‍ ഒരു മുയലിന്‍െറ തലച്ചോര്‍ ഈ രീതിയില്‍ ക്രയോണിക്സിന് വിധേയമാക്കി. മാസങ്ങള്‍ക്കുശേഷം അതിനെ പഴയ രീതിയിലേക്ക് കൊണ്ടുവരുന്നതിലും അവര്‍ വിജയിച്ചു. ഈ രീതി മനുഷ്യരില്‍ പരീക്ഷിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍, വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ ഇത് എങ്ങനെ ഉപയോഗപ്പെടുത്താനാകുമെന്നാണ് പരീക്ഷിക്കുന്നത്. ചുരുക്കത്തില്‍, പൂര്‍ണാര്‍ഥത്തിലല്ളെങ്കിലും ക്രയോണിക്സ് പരീക്ഷണങ്ങള്‍ അവയവതലത്തില്‍ വരെ വിജയം കൈവരിച്ചിരിക്കുന്നുവെന്ന് വ്യക്തം.

മനുഷ്യ മസ്തിഷ്കത്തിലെ ഓര്‍മ, വ്യക്തിത്വം എന്നിവ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഭാഗങ്ങള്‍ ക്രയോണിക്സിലൂടെ കേടുകൂടാതെ സംരക്ഷിക്കാവുന്ന സാങ്കേതിക വിദ്യ അത്ര വിദൂരമല്ളെന്നാണ് ഈ പരീക്ഷണ വിജയങ്ങളൊക്കെ നല്‍കുന്ന സന്ദേശം. ഒരര്‍ഥത്തില്‍ മരണത്തെതന്നെ ഇതിലൂടെ തോല്‍പിക്കാനാകുമോ എന്ന പരീക്ഷണം.   എങ്കിലും, ‘ജെ.എസ്’ അടക്കമുള്ള ക്രയോണിക്സ് രോഗികള്‍ ഇനിയും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കാലങ്ങള്‍ കാത്തിരിക്കേണ്ടി വരും. കാരണം, ക്രയോണിക്സിന് സാങ്കേതികമായ കടമ്പകള്‍ മാത്രമല്ല അതിജയിക്കാനുള്ളത്; നൈതികമായ ഒട്ടേറെ ചോദ്യങ്ങളും ഈ ആശയം തുടക്കം മുതലേ അഭിമുഖീകരിക്കുന്നുണ്ട്. അതുകൂടി നേരിടുമ്പോള്‍ മനുഷ്യരുടെ അനശ്വരതയിലേക്കുള്ള പ്രയാണം  ആരംഭിക്കുമെന്നാണ് ചില ഗവേഷകര്‍ പങ്കുവെക്കുന്ന പ്രതീക്ഷ.

 

Tags:    
News Summary - cryogenic freezing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.