പവർ ഗെയിം

രാജ്ഭവൻ കേവലമൊരു രാഷ്ട്രീയ വിശ്രമമന്ദിരമാണെന്ന് വിമർശിക്കുന്നവർ കേരളത്തിലേക്കു വരൂ, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ദൈനംദിന പ്രവർത്തനങ്ങൾ കണ്ടുമനസ്സിലാക്കൂ. ഖാൻ സാഹിബ് ആള് പണ്ടേ വ്യത്യസ്തനാണ്. വിശ്രമജീവിതം നയിക്കാൻ ആള് തയാറല്ല. അതിനാൽ, രാജ്ഭവനിലെ ഒഴിവുസമയങ്ങളിൽ രാഷ്ട്രീയ യജമാന്മാർക്കായി ഓവർടൈം പണിയെടുക്കുകയാണ്. അതിന്റെ ചില ഒച്ചപ്പാടുകളാണിപ്പോൾ തലസ്ഥാനത്തുനിന്ന് കേൾക്കുന്നത്.

ആ ഒച്ചപ്പാടുകളെ ഭരണപ്രതിസന്ധിയെന്നുവരെ വിശേഷിപ്പിച്ചവരുണ്ട്. സംസ്ഥാനത്തിന്റെ ഭരണഘടനാതലവൻ മാത്രമല്ല, ഈ ദേശത്തെ സർവകലാശാലകളുടെ ചാൻസലർകൂടിയാണ് ഗവർണർ. കലാശാലകളിൽ നടക്കുന്ന നിയമനങ്ങളിലെല്ലാം അന്തിമ തീരുമാനമെടുക്കാൻ ഉത്തരവാദപ്പെട്ടയാൾ. എന്നാൽ, അതത് സർക്കാറുകൾ തീരുമാനിക്കുന്ന പേരുകൾക്കു താഴെ ചാൻസലർ ഒപ്പുവെച്ച് അംഗീകാരം നൽകലാണ് ഇവിടത്തെ ആചാരം.

ആരിഫ് ഖാന് മുന്നേ മോദി ഇവിടേക്ക് കെട്ടിയിറക്കിയ സദാശിവംപോലും ആചാരലംഘനം നടത്തിയിട്ടില്ല. പക്ഷേ, ആരിഫ് ഖാൻ വന്നപ്പോൾ ചരിത്രമാകെ വഴിമാറി. പിണറായി സർക്കാറും പാർട്ടിയും നടത്തുന്ന സർവ നിയമനങ്ങൾക്കും ടിയാൻ ഇടങ്കോലിടുകയാണ്. സംഗതി വലിയ തലവേദനയായപ്പോൾ, അറ്റകൈ പ്രയോഗത്തിനുതന്നെ പിണറായി തയാറെടുത്തു. ഗവർണറുടെ ചാൻസലർ പദവിയങ്ങ് എടുത്തുകളയുക; മറ്റൊരു പേരിൽ ആ പദവി മുഖ്യമന്ത്രിക്കു നൽകുക -ഇതായിരുന്നു പദ്ധതി.

വഴിയിൽ ചില നീക്കങ്ങളൊക്കെ നടത്തുന്നതിനിടെയാണ്, രാജ്ഭവനിൽ ചില ഓർഡിനൻസുകൾ വന്നത്. നോക്കുമ്പോൾ 11 എണ്ണമുണ്ട്. ഓരോ ഓർഡിനൻസിന്റെയും വിശദാംശങ്ങൾ അതത് മന്ത്രിമാർ നേരിട്ടുവന്ന് വിശദീകരിച്ചാൽ ഒപ്പിടാമെന്ന് ഗവർണർ; പറ്റില്ലെന്ന് സർക്കാറും. അതോടെ, ലോകായുക്ത നിയമഭേദഗതിയടക്കമുള്ള ഓർഡിനൻസുകളത്രയും ചവറ്റുകുട്ടയിലായി.

ഇനി അതെല്ലാം നിയമമാക്കണമെങ്കിൽ പ്രത്യേകം നിയമസഭ ചേർന്ന് പാസാക്കിയെടുക്കണം. ആ സമയം, പ്രതിപക്ഷത്തിന്റെ അപസ്വരങ്ങളത്രയും സഹിക്കുകയും വേണം. എന്തുചെയ്യാൻ, ഇതല്ലാതെ മറ്റു മാർഗമില്ല. ഈയാഴ്ച സഭ ചേരാൻ പോവുകയാണ്. ഓർഡിനൻസ് വിവാദത്തോടെ ആ വഴക്ക് അവസാനിച്ചുവെന്നാണ് കരുതിയത്. ചാൻസലർ പദവി സർക്കാർ വെട്ടിയപ്പോൾ ഗവർണർ തിരിച്ചൊരു 'പണി'കൊടുത്തു. അത്രയേയുള്ളൂ. പക്ഷേ, അതുകൊണ്ടൊന്നും ഖാൻ സാഹിബിന്റെ അരിശമടങ്ങിയിട്ടില്ലെന്ന് പിന്നീടാണ് മനസ്സിലായത്.

മുഖ്യന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസറായി നിയമനം നൽകിയത് ചട്ട വിരുദ്ധമായാണ് എന്നൊരു ആക്ഷേപം സിൻഡിക്കേറ്റ് മാധ്യമങ്ങളും പ്രതിപക്ഷവും നേരത്തേതന്നെ ഉന്നയിക്കുന്നുണ്ട്. അതിൽ പിടിച്ച് 'സ്വമേധയാ' കേസെടുത്തിരിക്കുകയാണ് അദ്ദേഹം. തൽക്കാലം പ്രിയ വർഗീസ് കണ്ണൂർ സർവകലാശാലയിൽ വരേണ്ട എന്നാണ് ചാൻസലറുടെ തീട്ടൂരം.

പിണറായിയുടെ ഓർഡിനൻസ് പോലെ പ്രിയയുടെ നിയമനവും റദ്ദാക്കിയിരിക്കുന്നു! പ്രിയക്കും സർക്കാറിനും ചാൻസലർക്കുമെല്ലാം ഇനി നിയമപോരാട്ടത്തിന്റെ നാളുകളാണ്. രാജ്ഭവനിൽ കാലെടുത്തുകുത്തിയ നാൾ മുതൽ തുടങ്ങിയ പോരാട്ടമാണിത്. ഗവർണറുടെ പ്രോട്ടോകോളെല്ലാം വിട്ട് ചിലപ്പോൾ പാർട്ടിലൈനിൽവരെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത സന്ദർഭങ്ങളേറെയാണ്. രണ്ടര വർഷം മുമ്പ്, മോദിക്കും കൂട്ടർക്കുമെതിരായ നയപ്രഖ്യാപനത്തിലെ വാചകങ്ങൾ താൻ നിയമസഭയിൽ വായിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷേ, സഭയിലെത്തിയപ്പോൾ പ്രഖ്യാപനം മറന്നു.

ഒറ്റ നിൽപിൽ എല്ലാം വായിച്ച് സർവാംഗങ്ങളുടെയും കൈയടി നേടി. പൗരത്വഭേദഗതി നിയമത്തിനെതിരെ സർക്കാർ ഐകകണ്ഠ്യേന സഭയിൽ പ്രമേയം പാസാക്കിയപ്പോഴും ആള് പ്രശ്നമുണ്ടാക്കി. നിയമത്തിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ പോയപ്പോഴും അത് തടയാൻ ശ്രമിച്ചു. സർക്കാറിന്‍റെ യഥാർഥ തലവനായ തന്‍റെ അനുമതിയില്ലാതെ കേന്ദ്ര നിയമത്തിനെതിരെ കോടതിയിൽ പോകാൻ കഴിയില്ലെന്നായിരുന്നു ഖാൻ വാദിച്ചത്.

ആ വാദം ഉണ്ടയില്ലാ വെടിയാണെന്ന് പി. സദാശിവമടക്കമുള്ളവർ തുറന്നടിച്ചതോടെ ആ അധ്യായം അവിടെ അവസാനിച്ചു. അതിനുശേഷമാണ്, 'ചാൻസലർ' വിവാദങ്ങളുടെ തുടക്കം. സർവകലാശാലകളിൽ വി.സിമാരെ നിയമിക്കുന്നത് സർക്കാറും പാർട്ടിയുമൊക്കെയാണെന്ന് അറിയാത്ത ആളൊന്നുമല്ല ആരിഫ് മുഹമ്മദ്. അതുകൊണ്ടാണ്, തുടക്കത്തിൽ ചെറിയ വിട്ടുവീഴ്ചക്കെല്ലാം അദ്ദേഹം തയാറായത്. കണ്ണൂരിൽ മന്ത്രിയും പാർട്ടിയും ചൂണ്ടിക്കാണിച്ച പേരിനുനേരെ ഒപ്പുവെക്കുമ്പോൾ ഒരക്ഷരം എതിര് പറഞ്ഞിട്ടില്ല.

പിന്നീട്, കാലിക്കറ്റിലും കേരളയിലും വി.സി നിയമനത്തിൽ സർക്കാർപക്ഷം നിന്നു. എന്നിട്ടും പിണറായി തന്നോട് നന്ദികേട് കാണിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പരിഭവം. ഈ ഉപകാരസ്മരണയിൽ, രാഷ്ട്രപതിക്ക് ഒരു ഡി.ലിറ്റ് കേരള സർവകലാശാല നൽകുമെന്നായിരുന്നു ആരിഫ് ഖാൻ പ്രതീക്ഷിച്ചത്. അക്കാര്യം പലതവണ ആവശ്യപ്പെട്ടതുമായിരുന്നു. എന്നിട്ടും പരിഗണിച്ചില്ല.

എന്നല്ല, ഡി.ലിറ്റ് കൊടുക്കില്ലെന്ന് വി.സി തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കണ്ണൂർ വി.സി നിയമനത്തിൽ തനിക്ക് സർക്കാറിന്റെ സമ്മർദമുണ്ടായി എന്ന് അദ്ദേഹം തുറന്നടിച്ചത് ആ പശ്ചാത്തലത്തിലാണ്. അത് വലിയ പ്രകമ്പനമുണ്ടാക്കി. സ്വജനപക്ഷപാതിത്വം കാണിച്ച മന്ത്രി ബിന്ദുവിനെതിരെ ചെന്നിത്തല ലോകായുക്തയിൽ പോയി. 'പ്രതിപക്ഷ സംസ്ഥാന'ങ്ങളെ ഒതുക്കാൻ മോദി സർക്കാറിന് സവിശേഷമായ പല പരിപാടികളുമുണ്ട്. അതിലൊന്നാണ് രാജ്ഭവനുകൾ കേന്ദ്രീകരിച്ചുള്ള സമാന്തര ഭരണം. ഇന്ത്യയിൽ ആ 'ഭരണം' ഫലപ്രദമായി നടത്തുന്നയാളാണ് ആരിഫ് മുഹമ്മദ് ഖാൻ. നോക്കണേ, ചരിത്രത്തിന്റെ ചില വികൃതികൾ.

ചരിത്രം ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും ആവർത്തിക്കുമെന്നാണല്ലോ ആചാര്യന്റെ പ്രവചനം. ആരിഫ് ഖാന്റെ കാര്യം വെച്ചുനോക്കുമ്പോൾ കേരളത്തിൽ അത് ആദ്യം പ്രഹസനമായും പിന്നെ ദുരന്തമായിട്ടുമാണ് അവതരിച്ചിരിക്കുന്നത്. അദ്ദേഹത്തെ ആദ്യമായി കേരളത്തിൽ അവതരിപ്പിച്ചത് സാക്ഷാൽ ഇ.എം.എസ് ആണ്. ശരീഅത്ത് വിവാദ കാലത്ത് ഏക സിവിൽ കോഡ് വാദവുമായി കേരളം ചുറ്റിയ ഇ.എം.എസിനും സംഘത്തിനും കൂട്ട് ആരിഫ് മുഹമ്മദ് ആയിരുന്നു.

വിഷയത്തിൽ വലിയ പിടിപാടില്ലാതിരുന്ന പാർട്ടി നേതാക്കളെ അന്ന് ഖാൻ സാഹിബ് കാര്യമായി സഹായിച്ചു. മൂന്നു പതിറ്റാണ്ടിനിപ്പുറം പാർട്ടി ആ നയമൊക്കെ തിരുത്തി; ഏക സിവിൽ കോഡ് ഹിന്ദുത്വയിലേക്കുള്ള കുറുക്കുവഴിയാണെന്നൊക്കെ നേതാക്കൾ തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷേ, ആരിഫ് മുഹമ്മദ് ഖാൻ ഇപ്പോഴും അവിടെത്തന്നെയാണ്.

അതുകൊണ്ടാണ് മോദിജി നേരെ ഇങ്ങോട്ട് കെട്ടിയിറക്കിയിരിക്കുന്നത്. അതിപ്പോൾ തലവേദനയായിരിക്കുന്നത് ഇ.എം.എസിന്റെ പിൻഗാമികൾക്കും. അതെന്തായാലും, സർക്കാറും വിട്ടുകൊടുക്കാൻ തയാറല്ല. രാജ്ഭവനെതിരായ പോരാട്ടം മോദിക്കെതിരായ സമരമാണെന്നാണ് പാർട്ടിലൈൻ. പ്രായം 70 കഴിഞ്ഞു. അഞ്ചു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയിൽ ഒട്ടേറെ പാർട്ടികളുടെ ഭാഗമായി.

എല്ലാം രാഷ്ട്രീയ ഭാഗ്യാന്വേഷണങ്ങളായിരുന്നു. ചരൺ സിങ്ങിന്റെ ക്രാന്തിദളിലൂടെ തുടങ്ങി കോൺഗ്രസിലെത്തി. രാജീവ് മന്ത്രിസഭയിൽ സഹമന്ത്രിസ്ഥാനം വരെ കിട്ടി. ശരീഅത്ത് കാലത്ത് പാർട്ടി വിട്ട് ജനതാദളിലെത്തി. പിന്നെ, ബി.എസ്.പിയിൽ. അതുകഴിഞ്ഞാണ് ബി.ജെ.പിയിലേക്കു കൂടുമാറിയത്.

2004ൽ, ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടതോടെ 14 വർഷത്തെ രാഷ്ട്രീയ വനവാസം. അതുകഴിഞ്ഞാണ്, മോദി കേരളത്തിലേക്ക് പറഞ്ഞയച്ചത്. ഇക്കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പുകാലത്ത് എൻ.ഡി.എ സ്ഥാനാർഥിയാകുമെന്നൊക്കെ ശ്രുതിയുണ്ടായിരുന്നു. ഒന്നും സംഭവിച്ചില്ല. തൽക്കാലം പിണറായിയോടും കൂട്ടരോടും കൊമ്പുകോർക്കാനാണ് നിയോഗം.

Tags:    
News Summary - arif muhammed khan the power game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.