മുസ്‍ലിംകളും ഹിന്ദുക്കളും തമ്മിലോ ഈ യുദ്ധങ്ങൾ?

നമ്മുടെ അവരുടെ ആരുടെ ചരിത്രം - ഭാഗം 4

പ്രാദേശിക ഭരണകൂടത്തിലെ ഉദ്യോഗങ്ങളിൽ അറബികളെ നിയമിച്ചിരുന്നു. ഒമ്പതാം നൂറ്റാണ്ടിൽ രാഷ്ട്രകൂടർ ഡെക്കാൻ തീരത്തുള്ള സഞ്ജൻ പ്രദേശത്ത് ഒരു അറബ് ഗവർണറെയാണ് നിയോഗിച്ചത്; താജിക് എന്നാണ് അവർ അറബികളെ വിളിച്ചിരുന്നത്. രാജാവിന്റെ പ്രതിനിധിയായി ഒരു താജിക്-അറബ് ഓഫിസർ ബ്രാഹ്മണന് ഭൂമി അനുവദിച്ചതിന്റെ രേഖകൾ രാഷ്ട്രകൂട കാലത്തെ ലിഖിതങ്ങളിൽ കാണാനാവും. ആ ഭൂമിയിൽ നിന്നുള്ള വരുമാനം പ്രദേശത്തെ ക്ഷേത്രങ്ങൾക്കും പാർസി അൻജുമനും സംഭാവനയായി നൽകിപ്പോന്നു.

അക്കാലത്ത് നിരവധി പാർസി കച്ചവടക്കാരും ആ പ്രദേശത്ത് പാർപ്പുറപ്പിച്ചിരുന്നു. ഭരണകൂടത്തിലെ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും പ്രാദേശിക വരേണ്യരായ ഹിന്ദുക്കളായിരുന്നു. സുൽത്താന്മാരുടെ ഭരണകാലത്തും അവർതന്നെ ആ സ്ഥാനങ്ങളിൽ തുടർന്നു.പ്രാദേശിക വിഷയങ്ങളിൽ നല്ല സ്വാധീനവും അറിവുമുള്ള തദ്ദേശീയരെ ഉന്നത ഉദ്യോഗതലങ്ങളിൽ നിയമിക്കുന്ന ശീലത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്, മുസ്‍ലിം ഭരണാധികാരികൾ രജപുത്രരെ ഉന്നത ഉദ്യോഗങ്ങളിൽവെക്കാനും ഇതുതന്നെയാവാം കാരണം.

മുഗൾ-രജപുത്ര ബന്ധങ്ങൾ

മുഗൾ ഭരണത്തിന്റെ സമ്പദ് വ്യവസ്ഥ മന്ത്രി രാജാ തോഡർമൽ, ഹൽദിഘടി യുദ്ധത്തിലെ മുഗൾ സൈനിക കമാൻഡറായിരുന്ന ആംബറിലെ രാജാ മാൻസിങ് എന്നീ രജപുത്രരുടെ കൈകളിൽ സുഭദ്രമായിരുന്നു. ഹൽദിഘടി യുദ്ധത്തിൽ രാജാ മാൻസിങ് പരാജയപ്പെടുത്തിയത് മുഗളരുടെ എതിരാളിയായ മറ്റൊരു രജപുത്രനെയാണ്- മഹാറാണാ പ്രതാപിനെ. അഫ്ഗാനിൽ നിന്നുള്ള കൂലിപ്പട്ടാളക്കാരുടെ വൻ സാന്നിധ്യമുണ്ടായിരുന്ന മഹാറാണാ പ്രതാപിന്റെ സൈനിക കമാൻഡറാവട്ടെ ഹക്കീം ഖാൻ സൂരിയായിരുന്നു, ഷേർഷ സൂരിയുടെ പിന്തുടര്‍ച്ചക്കാരനാണ് ഹക്കീം ഖാൻ.

ഈ വിവരങ്ങളറിയുമ്പോൾ ആരും ചോദിച്ചുപോകും ആ യുദ്ധങ്ങൾ ശരിക്കും ഹിന്ദു-മുസ്‍ലിം ഏറ്റുമുട്ടലുകൾ തന്നെയായിരുന്നുവോ എന്ന്. അതീവ സങ്കീർണമായ ഈ രാഷ്ട്രീയ സംഘട്ടനങ്ങളിൽ ഇരു മതസ്വത്വങ്ങളിൽ നിന്നുമുള്ള ആളുകൾ ഇരുപക്ഷത്തും പങ്കാളികളായിരുന്നു.രജപുത്രവംശങ്ങളുടെ കൂറ് തങ്ങൾക്കിടയിലും സാമ്രാജ്യത്വ ശക്തിയിലുമായി വ്യത്യാസപ്പെട്ടു കിടന്നിരുന്നു. വ്യത്യസ്തമായ വിശ്വസ്തതയുണ്ടായിരുന്നു, അതിനാൽ അവർ എതിർവശത്ത് നിന്ന് പോരാടി, പൂർവിക രാജ്യങ്ങൾ വീണ്ടെടുക്കുക എന്നത് രണ്ട് അജണ്ടകളിലുമായിരുന്നു.

രജപുത്രവംശങ്ങൾക്ക് തങ്ങൾക്കിടയിലും സാമ്രാജ്യത്വ ശക്തികൾക്കിടയിലും കൂറുണ്ടായിരുന്നു, ആകയാൽ അവർ ഭിന്നപക്ഷങ്ങളിൽ നിന്ന് പൊരുതി. പഴയ രാജപദവികൾ വീണ്ടെടുക്കലായിരുന്നു ഇതിന് പിറകിലെ ലക്ഷ്യം.മുഗൾ രാജസദസ്സിലെ രാഷ്ട്രീയത്തിൽ ഹിന്ദു പ്രമാണിമാർ ഗണ്യമായി ഇടപെട്ടിരുന്നു. ബുന്ദേൽഖഡ് രാജവംശവും മുഗളരും തമ്മിൽ ദീർഘകാലം നീണ്ട ബന്ധം അതിനൊരുദാഹരണമാണ്.

ജഹാംഗീറുമായി ഗാഢബന്ധമുണ്ടായിരുന്ന ബുന്ദേല രാജാവ് ബീർ സിങ് അധികാരങ്ങളേറെയുള്ള മുഗൾ മാൻസാബ്മാരിൽ പ്രമുഖനായിരുന്നു. അക്ബറുടെ അടുത്ത സുഹൃത്തും മുഖ്യചരിത്രകാരനുമായിരുന്ന അബുൽ ഫസലിന്റെ കൊലപാതകത്തിൽ പോലും ബന്ധമുണ്ടായിരുന്ന തരത്തിൽ മുഗൾ രാഷ്ട്രീയത്തിൽ മുഴുകിയിരുന്നു അദ്ദേഹം.രാഷ്ട്രീയ അധികാരങ്ങളുടെ മറ്റൊരു അടയാളമായി നിലകൊണ്ടിരുന്നത് കൂറ്റൻ രാജകീയ സ്തൂപങ്ങളും സ്തംഭങ്ങളുമായിരുന്നു.

മൗര്യചക്രവർത്തി അശോകൻ തന്റെ ഭരണരീതികളും നയങ്ങളും വിശദമാക്കി സാമ്രാജ്യത്തിന്റെ ഹൃദയഭാഗത്ത് സ്തൂപങ്ങളുയർത്തി. വിവിധ വിഷയങ്ങളിൽ ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള മാർഗമായിരുന്നു അത്.തങ്ങൾ ഭരിക്കുന്ന രാജ്യത്തിന്റെ ഭൂതകാല പ്രതാപത്തിൽ പങ്കുചേരാൻ ആഗ്രഹിച്ച്, പിൽകാല ഭരണാധികാരികൾ ഈ സ്തൂപങ്ങളിൽ തങ്ങളുടെ സന്ദേശം ചേർക്കുകയോ സ്തൂപങ്ങളെ മറ്റെവിടെയെങ്കിലും മാറ്റിസ്ഥാപിക്കുകയോ ചെയ്തു.സ്തൂപങ്ങൾ സ്ഥാപിച്ചതാരെന്നോ, അതിൽ എഴുതിയിരിക്കുന്നതെന്തെന്നോ പോലുമറിയാതെയാണ് പല പിൽകാല ഭരണക്കാരും മുൻഗാമികളുടെ തിളങ്ങുന്ന പാരമ്പര്യങ്ങളെ ഇത്തരത്തിൽ കടമെടുത്തത്. മറ്റു ചിലർക്ക് തങ്ങളുടെ വിജയനേട്ടങ്ങളെ സ്ഥാപിച്ചെടുക്കാനുള്ള മാർഗമായിരുന്നു അത്.

ഈ സ്തൂപങ്ങൾ സ്ഥാനം മാറ്റി സ്ഥാപിച്ചതിന്റെ പൊരുളെന്തായിരുന്നു? സുൽത്താൻമാരുടെ വിജയാഘോഷമായിരുന്നുവോ അത്, അതല്ല പഴയ കാല ചരിത്രവുമായി ചേർത്ത് നിർത്തുന്ന കണ്ണികളായിരുന്നുവോ? സ്തൂപങ്ങൾ ഒന്നുമേ നശിപ്പിച്ചിരുന്നില്ല എന്ന് മാത്രമല്ല, ഏറെ പണിപ്പെട്ട് ഏറെ ദൂരം താണ്ടി തികഞ്ഞ അഭിമാനത്തോടെയും പ്രൗഢിയോടെയുമാണ് മാറ്റി സ്ഥാപിച്ചിരുന്നത്.അലഹബാദ് കോട്ടയുടെ മധ്യത്തിൽ മുഗളർ മാറ്റി സ്ഥാപിച്ച അശോക സ്തൂപങ്ങളിലൊന്നിൽ വിപുലമായ ഒരു ചരിത്ര പ്രസ്താവനയുടെ മുദ്രണം കാണാം.

എനിക്ക് ഏറെ പ്രിയപ്പെട്ട സ്തൂപങ്ങളിലൊന്നാണിത്. അശോക ശാസനകളും പ്രമുഖ ഗുപ്തരാജാവായിരുന്ന സമുദ്രഗുപ്തന്റെ സ്തുതികളുമാണ് അതിൽ ആലേഖനം ചെയ്തിരിക്കുന്നത്. ആദ്യം രേഖപ്പെടുത്തിയ ലിഖിതം വായിക്കാനാവാത്ത നിലയിൽ അശോകന്റെ ലിഖിതത്തിന്റെ ഏതാനും വരികളായി മുറിഞ്ഞിരിക്കുന്നു. ചില ചിത്രപ്പണികൾക്കടുത്തായി ഫിറോസ് ഷാ തുഗ്ലകിന്റെ ഏതാനും വരികൾ. മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ മനോഹരമായി കൊത്തിവെച്ച വംശാവലിയോടെ ഈ ലിഖിതങ്ങൾ അവസാനിക്കുന്നു.

മൂന്ന് സഹസ്രാബ്ദങ്ങളിലായി മൂന്ന് പ്രമുഖ ചക്രവർത്തിമാർ ഉപയോഗിച്ച, മൂന്ന് ഭാഷകളിലും ലിപികളിലുമായി രചിക്കപ്പെട്ട ഈ സ്തൂപം ഇന്ത്യയുടെ ഭൂതകാലത്തെ ഉൾക്കൊള്ളുന്ന, മഹത്തായ ഇന്ത്യൻ സംസ്കാരങ്ങളുടെ തുടർച്ചയെന്ന് ഊറ്റം കൊള്ളാവുന്ന സ്വത്താണ്.തന്റെ കാലത്തെ ബ്രാഹ്മണപണ്ഡിതർക്ക് പോലും ആ ലിഖിതങ്ങൾ വായിക്കാൻ കഴിയുന്നില്ലല്ലോ എന്നതായിരുന്നു ഫിറോസ് ഷായുടെ സങ്കടം.

ഏറെ പ്രയത്നിച്ചും ഒരുക്കങ്ങൾ നടത്തിയുമാണ് ഈ സ്തൂപങ്ങൾ അദ്ദേഹം പല സുപ്രധാന ഇടങ്ങളിലേക്ക് കൊണ്ടെത്തിച്ചത്. ഡൽഹി കോട്‍ലയിലെ കോട്ടയുടെ മേലെ അലങ്കാരകിരീടം കണക്കെ ഫിറോസ് ഷാ സ്ഥാപിച്ച സ്തൂപങ്ങളിലൊന്ന് ഇപ്പോഴും കാണാനാവും. തന്റെ മാതാവ് പഞ്ചാബിൽ നിന്നുള്ള ഭട്ടി രജപുത്രയായിരുന്നതിനാൽ ഭൂതകാലവുമായി ബന്ധം സ്ഥാപിക്കാൻ ഫിറോസ് ഷാ ഔത്സുക്യം കാണിച്ചിരുന്നുവെന്നാണോ നാം മനസ്സിലാക്കേണ്ടത്?

അതോ തന്നെ ഹഠാദാകർഷിച്ച ഒരു ഉൽകൃഷ്ട ചരിത്രവസ്തു പ്രദർശിപ്പിക്കുന്നതിലായിരുന്നോ താൽപര്യം? എന്തു തന്നെയായാലും കോട്‍ല സന്ദർശിക്കുന്ന സകല മതങ്ങളിൽ നിന്നുമുള്ള ആളുകളിൽ ചുരുക്കം ചിലർക്ക് മാത്രമെ അശോകനെയും ഫിറോസ് ഷായെയും കുറിച്ച് അറിവുള്ളൂ, അവർ അവിടെ കാംക്ഷിക്കുന്നത് മരണ ശേഷവും അദൃശ്യമായി വസിക്കുന്ന ആത്മാക്കളുടെ (ജിന്നുകളുടെ) ബർക്കത്ത്/ ആശിർവാദമാണ്.

സുൽത്താന്മാരും മുഗളരും ഈ സ്തംഭങ്ങൾ പിഴുതെറിഞ്ഞ് നശിപ്പിക്കുകയോ തൽസ്ഥാനത്ത് തങ്ങളുടേത് സ്ഥാപിക്കുകയോ ചെയ്തില്ല എന്നത് ശ്രദ്ധേയമാണ്; പകരം അവരത് മാറ്റി സ്ഥാപിച്ചു. ഇസ്‌ലാമിന് മുമ്പുള്ള കാലത്തെ അധികാര പ്രതീകങ്ങളായ തൂണുകൾ അവരിലും കൗതുകം ജനിപ്പിച്ചിരിക്കുമോ? അവയിൽ നിന്ന് അവർ നിയമസാധുതയുടെ ഘടകങ്ങൾ കണ്ടെത്തിയിട്ടുണ്ടാകുമോ? സുൽത്താൻ ഭരണത്തിന് മുമ്പുള്ള കാലവുമായി അവർ തങ്ങളുടെ ചരിത്രത്തെ ബന്ധിപ്പിക്കാൻ ശ്രമിച്ചതായിരിക്കുമോ? ഇതിനോടെല്ലാം ഹിന്ദു- മുസ്‍ലിം മതങ്ങളിലെ യാഥാസ്ഥിതിക വിഭാഗങ്ങൾ എപ്രകാരമാവും പ്രതികരിച്ചിട്ടുണ്ടാവുക? അത് നമുക്കറിഞ്ഞു കൂടാ.

ലവ് ജിഹാദല്ല, സാമൂഹിക ഇണക്കം

മുസ്‍ലിം ഭരണാധികാരികളും ഭരിക്കപ്പെട്ടവരും തമ്മിലെ ബന്ധം രാഷ്ട്രീയത്തിൽ മാത്രമൊതുങ്ങിയില്ല. സാമൂഹിക അടുപ്പം ശക്തിപ്പെടുത്താനുദ്ദേശിച്ച് വിവാഹ ബന്ധങ്ങളുമുണ്ടായി. രാഷ്ട്രീയ ബന്ധങ്ങളും സഖ്യങ്ങളും സുഗമമാക്കാനുള്ള ഒരു മാർഗമായാണ് ഇത് കണക്കാക്കപ്പെട്ടത്. ഉന്നത രജപുത്ര രാജകുടുംബങ്ങളിൽ നിന്ന് മുഗൾ രാജകുടുംബാംഗങ്ങൾ വിവാഹം കഴിച്ചു. ജാതി വ്യവസ്ഥക്ക് പുറത്തായിരുന്ന മുസ്‍ലിംകളെ ഉന്നതജാതി ഹിന്ദുക്കൾ മ്ലേച്ച വിഭാഗമായാണ് കണക്കാക്കിയിരുന്നത്.

രാജകുടുംബാംഗമാണെങ്കിലും ഒരു മ്ലേച്ചനെ വിവാഹം ചെയ്തു എന്നതിന്റെ പേരിൽ രജപുത്ര രാജകുടുംബങ്ങൾക്ക് മാനക്കേട് തോന്നിയിരുന്നോ? പ്രത്യക്ഷത്തിൽ ഇല്ല തന്നെ. എന്തായാലും അക്കാലത്ത് ലവ് ജിഹാദ് എന്നൊന്ന് ഇല്ലായിരുന്നു. ഓർമക്കുറിപ്പുകളിലോ ആത്മകഥകളിലോ നിർബന്ധിത വിവാഹങ്ങളെക്കുറിച്ച് സൂചനകളേതുമില്ല. ഇരു പക്ഷത്തു നിന്നുമുള്ള ഇണങ്ങിച്ചേരലുകൾ പ്രശംസിക്കപ്പെടുകയാണുണ്ടായത്.കൊട്ടാരചിത്രങ്ങളും രചനകളും നോക്കുമ്പോൾ ഹിന്ദു ഭാര്യമാർ കൊണ്ടു വന്ന സംസ്കാരത്തിന്റെ പല വശങ്ങളും വിശിഷ്യാ ഉത്സവാഘോഷങ്ങൾ അവർ സ്വാംശീകരിച്ചിരുന്നതായി കാണാം.

(തുടരും)

Tags:    
News Summary - Are these wars between Muslims and Hindus?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.