ഏകാകി

''ചിലർ പുരോഹിതരുടെ സാമീപ്യം ആഗ്രഹിച്ചു; മറ്റു ചിലർ കവിതകളിൽ ആശ്വാസം കണ്ടെത്തി; ഞാനോ, സുഹൃത്തുക്കളുടെ അരികിലേക്ക് നടന്നു''. വെർജീനിയ വൂൾഫിനെ പോലെ ജീവിതത്തെയും കവിതയെയും ഇത്രമേൽ മനോഹരമായി ബന്ധിപ്പിച്ച മറ്റാരുണ്ടാകും! ജീവിതത്തെ കവിതകളിലൂടെ അന്വേഷിക്കാനും ജീവിതത്തെ കവിതകളിലേക്ക് വ്യാപിപ്പിക്കാനും വൂൾഫ് ആഹ്വാനം ചെയ്യുമ്പോൾ, ലൂയിസ് ഗ്ലക്ക് കവിതകളെ സ്വാനുഭവങ്ങളിലേക്ക് ചുരുക്കുകയായിരുന്നു. ആ 'ചുരുക്കലും' മറ്റൊരു സർഗാത്മക പ്രക്രിയയാണ്: ജീവിതത്തെയും ജീവിതാനുഭവങ്ങളെയും കവിതകൾകൊണ്ട് നേരിടുന്ന മഹത്തായ പ്ര​ക്രിയ. ആ പരീക്ഷണത്തിനാണ് റോയൽ സ്വീഡിഷ് അക്കാദമി ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്. അമേരിക്കയിൽനിന്ന്​ ബോബ് ഡിലന് ശേഷം വീണ്ടുമൊരു സാഹിത്യ നൊബേൽ കൂടി ലൂയിസ് ഗ്ലക്കിലൂടെ. 'തീക്ഷ്​​ണ ചാരുതയാർന്നതും പതർച്ചയില്ലാത്തതുമായ കാര്യാത്മക ശബ്​ദത്താൽ വ്യക്തിയുടെ അസ്​തിത്വത്തെ ഭൂഗോളത്തിൽ അടയാളപ്പെടുത്തിയ വനിത'യെന്നാണ് ഗ്ലക്കിനെ അക്കാദമി വിശേഷിപ്പിച്ചിരിക്കുന്നത് .

കുറച്ചു വർഷമായി സാഹിത്യ നൊബേലിനെ കുറിച്ച് നല്ല വർത്തമാനങ്ങൾ അധികം കേൾക്കാറില്ല. കഴിഞ്ഞ രണ്ടുവർഷവും വിവാദച്ചുഴിയിലായിരുന്നല്ലോ കാര്യങ്ങൾ. ഇക്കുറി ആ പേരുദോഷം തീർക്കാൻ സാഹിത്യലോകം ആഗ്രഹിച്ച ഒരു പേരുതന്നെയാകും അക്കാദമി പ്രഖ്യാപിക്കുക എന്നാണ് കരുതിയിരുന്നത്. കാലങ്ങളായി പറഞ്ഞുകേൾക്കുന്ന ചില പേരുകൾ ഇപ്രാവശ്യവും സാധ്യതാപട്ടികയിലുള്ളതായിരുന്നു. ഗൂഗി വാ തോങ്​കോ, മാർഗരറ്റ് അറ്റ്​വുഡ്, ഹറൂകി മുറകാമി, മിലൻ കുന്ദേര, കാർസെൻ തുടങ്ങിയവർക്കൊക്കെ വാതുവെപ്പുകാരും നിരൂപകരും സാധ്യത കൽപിച്ചു. പക്ഷേ, അവരെയെല്ലാം നിരാശപ്പെടുത്തിയാണ് ലൂയിസ് ഗ്ലക്കിനെ അക്കാദമി ജേത്രിയായി പ്രഖ്യാപിച്ചത്‌. അറ്റ്​ലാൻറിക്കി​െൻറയും പസഫിക്കി​െൻറയും ഇടയിൽ മാത്രമായി പരിമിതപ്പെട്ട ഖ്യാതിയുള്ള ഗ്ലക്കി​െൻറ പേരുകേട്ടപ്പോൾ നിരൂപകലോകം ഞെട്ടി. അവിടെയിപ്പോൾ പുരസ്കാര മാനദണ്ഡങ്ങളെ ചൊല്ലി കാര്യമായ ചർച്ച നടക്കുകയാണ്. അതെന്തായാലും, അഞ്ചു പതിറ്റാണ്ടു നീണ്ട സർഗജീവിതത്തിൽ ഗ്ലക്കിനിത് അഭിമാനനിമിഷമാണ്. അമേരിക്കയിൽനിന്ന് ലഭിക്കാവുന്ന ഏതാണ്ട് എല്ലാ സാഹിത്യ പുരസ്കാരങ്ങളും നേടിയ ഗ്ലക്കിന്​ കാലം കാത്തുവെച്ച സമ്മാനമാണിതെന്ന് അഭിപ്രായപ്പെട്ടവരും ചുരുക്കമല്ല.

'തെളിനീരുപോൽ സുവ്യക്തം, ഒപ്പം വിട്ടുവീഴ്​ചയില്ലാത്തതും' എന്നാണ് പുരസ്കാര പ്രഖ്യാപനവേളയിൽ ഗ്ലക്കി​െൻറ കവിതകളെ അക്കാദമി വിശേഷിപ്പിച്ചത്. ആറ്റിക്കുറുക്കിയ വരികളിൽ തീർത്ത ഭാവഗീതങ്ങളായിരുന്നു അത്. അതിൽ മിക്കതും വ്യക്ത്യാധിഷ്ഠിതവുമായിരുന്നു. തെളിച്ചമുള്ള ആ വരികളെഴുതാൻ അവർക്ക് വഴിയൊരുക്കിയത് ബാല്യകാല ജീവിതാനുഭവങ്ങൾതന്നെ. 'അനോറെക്സിയ നെർവോസ' എന്ന് കേട്ടിട്ടുണ്ടോ? ഒരു രോഗാവസ്ഥയാണിത്. ലളിതമായി പറഞ്ഞാൽ വിശപ്പില്ലായ്മ. വെറും വിശപ്പില്ലായ്മയല്ല, ശരീരത്തിന് ഭാരക്കൂടുതലാണെന്ന തെറ്റായ ധാരണയുടെ പുറത്തുണ്ടാകുന്ന മാനസികാവസ്ഥയാണിത്. പിന്നെയങ്ങോട്ട് എങ്ങനെയെങ്കിലും തടി കുറക്കണമെന്ന ചിന്തയാകും മനസ്സിൽ. ഭക്ഷണത്തെ അപ്രിയമാക്കി മാറ്റിനിർത്തുകയാണ് ആ വഴികളിലൊന്ന്. ശരീരത്തെയും മനസ്സിനെയും ഒരുപോലെ തളർത്തുന്ന പ്രത്യേകാവസ്ഥ. അനോറെക്സിയയുടെ പീഡയേറ്റ ഗ്ലക്കി​െൻറ ബാല്യം കഴിഞ്ഞുപോയി. ചികിത്സക്കായി ഏഴുവർഷം ചെലവഴിച്ചു. അക്കാലമത്രയും പഠനം മുടങ്ങി. തീർത്തും ഏകാന്തമായ കാലം. വല്ലപ്പോഴും വീണുകിട്ടുന്ന കവിത ക്യാമ്പുകളും ഗ്രീക്ക് മിത്തോളജി ക്ലാസുകളുമായിരുന്നു എന്തെങ്കിലും ആശ്വാസം പകർന്നത്. പക്ഷേ, ആ രണ്ട്​ ആശ്വാസതുരുത്തുകളും ഗ്ലക്കിന് വഴികാട്ടിയായി. ഇരുട്ടുമുറിയിലെ ഏകാകിയെ ഭൂഗോളത്തി​െൻറ നടുവിലേക്കുയർത്തിയത് അവയാണ്. വേദനയുടെയും വിരഹത്തി​െൻറയും ഒറ്റപ്പെടലി​െൻറയും പാഠങ്ങൾ കവിതകളായി പരാവർത്തനം ചെയ്യപ്പെട്ടത് ആ അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. 1968 ലെ ആദ്യ രചന 'ഫസ്​റ്റ്​ബോൺ' മുതൽ ഇങ്ങോട്ടുള്ള ഓരോ വരികളിലുമുണ്ട് വേദനയുടെ സർഗാത്മക വിചാരങ്ങൾ. എന്നുവെച്ച് ആ വരികൾക്ക് സാർവലൗകിക വീക്ഷണമുണ്ടെന്ന് കരുതരുത്. തനി അമേരിക്കൻ ഭാവുകത്വങ്ങ​െള വ്യക്ത്യാധിഷ്​ഠിതമായി അവതരിപ്പിക്കുക മാത്രമാണ് അവർ ചെയ്തത്. മുറകാമിയും മറ്റും ചെയ്തതുപോലെ സർഗാത്മക പരീക്ഷണങ്ങൾക്ക് ഒരുകാലത്തും മുതിർന്നിട്ടുമില്ല. അതിനാൽ, ഭൂഖണ്ഡത്തിന് പുറത്ത് ആ വരികൾ അധികം കേട്ടിട്ടുമില്ല. വെറുതെയല്ല നിരൂപകലോകം ഞെട്ടിയത്​.

എണ്ണം പറഞ്ഞ 12 സമാഹാരങ്ങൾ. അതു മതി ഗ്ലക്കി​െൻറ രചനാലോകത്തെ അറിയാൻ. ദ ട്രയംഫ് ഓഫ് അക്കിലസ്, ദി വൈൽഡ് ഐറിസ്, അവർനോ എന്നിവയൊക്കെയാണ് ഫേവറിറ്റുകൾ. കവിതക്കൊപ്പം അധ്യാപനത്തെയും സർഗാത്മകമാക്കി. രോഗം അലട്ടിയ കാലത്ത് കൊളംബിയ സർവകലാശാലയിൽ പോയിരുന്നു. പക്ഷേ, പഠനം പൂർത്തിയാക്കാനായില്ല. പിന്നെയും വർഷങ്ങളെടുത്തു ബിരുദം കിട്ടാൻ. ഇതിനിടെ വിവാഹിതയായെങ്കിലും ബന്ധം അധികം നീണ്ടില്ല. അതിനു ശേഷമാണ് ആദ്യരചന പുറത്തുവന്നത്. മൂന്നുവർഷം കഴിഞ്ഞ് ഗൊദാർദ് കോളജിൽ അധ്യാപികയായി. അവിടെ വെച്ചാണ് ജോൺ ഡ്രാമോൺ എന്ന എഴുത്തുകാരനെ പരിചയപ്പെടുന്നതും ഒരുമിച്ച് ജീവിക്കാൻ ആരംഭിക്കുന്നതും. ആ ബന്ധത്തിൽ ഒരു മകൻ: നൂഹ്! 1984 ൽ മസാചൂസറ്റ്സിലെ വില്യംസ് കോളജിൽ സീനിയർ ​െലക്ചററായി. പ്രധാന രചനകളൊക്കെ വന്നത് വില്യംസിലെ അധ്യാപന കാലത്ത്​; പുലിറ്റ്സർ അടക്കമുള്ള പുരസ്കാരങ്ങൾ. 2003-04 വർഷത്തിൽ അമേരിക്കയുടെ ഔദ്യോഗിക കവിയുമായി. ഈ 77ാം വയസ്സിലും മനസ്സിൽ കവിതയുണ്ട്. യേൽ സർവകലാശാലയിലെ ആൾക്കൂട്ടത്തിനിടയിലും സ്വയം ഏകാകിയാകും. പിന്നെ മനസ്സ്​ ബാല്യകാലത്തേക്ക് തിരിയും. അതോടെ, തെളിനീരിൽ കുതിർന്ന വാക്കുകളുടെ ഒഴുക്കാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.