കത്തിച്ചാലും കത്തും കത്തിച്ചില്ലെങ്കിലും കത്തും!


‘പൃഥ്വിയിലന്നു മനുഷ്യര്‍ നടന്ന പ-
ദങ്ങളിലിപ്പൊഴധോമുഖ വാമനര്‍’
-വൈലോപ്പിള്ളി


‘നിലവിളക്ക്’ പഴയ വാമനനെപ്പോലെ പൊതുയിടങ്ങളിലെങ്കിലും വൈവിധ്യങ്ങള്‍ക്ക് നിവര്‍ന്നുനില്‍ക്കാനുള്ള ‘ഇട’ങ്ങളെയാണ് ഇല്ലാതാക്കുന്നത്. ഇന്ത്യന്‍ ദേശീയതയുടെയും സംസ്കാരത്തിന്‍െറയും ന്യൂക്ളിയസായ ‘നാനാത്വ’ത്തിന്‍െറ ശിരസ്സിലാണത് ഒരിക്കല്‍കൂടി കാല്‍വെച്ചിരിക്കുന്നത്. വെറുമൊരു ഒൗപചാരിക ‘ചടങ്ങ്’ ഇവ്വിധമൊരു ‘ചങ്ങല’യായി മാറുമെന്ന് കരുതാന്‍ മുമ്പൊന്നും നമുക്ക് കഴിയുമായിരുന്നില്ല. വിളക്കുകൊളുത്തലടക്കമുള്ള വ്യത്യസ്ത ഉദ്ഘാടനചടങ്ങുകളില്‍ പങ്കുകൊള്ളാന്‍ അവസരം കിട്ടാറുള്ള ഒരു സാംസ്കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍, ‘എല്ലാ ഒൗപചാരികതകളും ഒലിച്ചുപോവുന്ന’ ഒരു കാലത്തെ കിനാവ് കണ്ടുകൊണ്ടാണ് ഇത്രയും നാള്‍ ഞാനുള്‍പ്പെടെയുള്ള നിരവധിപേര്‍ ആ ദൗത്യം നിര്‍വഹിച്ചു പോന്നത്. നാടമുറിക്കലിനും ചുമ്മാ ‘ഉദ്ഘാടനം ചെയ്യുന്നു’ എന്ന് പറയുന്നതിനും പ്രാവ് പറത്തുന്നതിനും ഉള്ളതിലധികം ഒരു മഹത്ത്വവും വിളക്കുകൊളുത്തലിനുള്ളതായി ഇതുവരെയും തോന്നിയിരുന്നില്ല. കൊളുത്തുന്നവര്‍ കൊളുത്തട്ടെ, കൊളുത്താതിരിക്കുന്നവര്‍ കൊളുത്താതിരിക്കട്ടെ എന്നൊരു നിലപാടാണ് ഇക്കാര്യത്തില്‍ ഇപ്പോഴും ‘ഞങ്ങള്‍’ പുലര്‍ത്തുന്നത്. മൂന്നു നാലുപേര്‍ പ്രയാസപ്പെട്ട് ഒരു വലിയ നിലവിളക്ക് വേദിയില്‍ കൊണ്ടുവെച്ചാല്‍ അത് കൊളുത്താതിരിക്കുന്നത് അധ്വാനത്തോടുള്ള അനാദരവാകുമെന്ന ഒരാലോചനകൂടി വിളക്കുകൊളുത്തുമ്പോള്‍ എനിക്കുണ്ടാവാറുണ്ട്. ചില സുഹൃത്തുക്കള്‍ ഞങ്ങളൊക്കെ കൊളുത്തുന്നതില്‍നിന്ന് വ്യത്യസ്തമായി ചെരിപ്പുകളൂരിവെച്ച് കൈകൂപ്പി ഒരു നിശ്ചിത അനുപാതത്തില്‍ കുനിഞ്ഞ് വിളക്കുകൊളുത്തുന്നത് പലവുരു കണ്ടിട്ടുണ്ട്. സ്വന്തം വിശ്വാസത്തോട് അവര്‍ കാണിക്കുന്ന ആദരവില്‍ ഞങ്ങള്‍ക്കാര്‍ക്കും ഒരസഹ്യതയും അനുഭവപ്പെട്ടിട്ടില്ല. ആയൊരു ജനാധിപത്യ കാഴ്ചപ്പാടില്‍വെച്ചാണ് വിളക്കുകൊളുത്താനും കൊളുത്താതിരിക്കാനും ഭക്തിപൂര്‍വം കൊളുത്താനും ഭക്തിയില്ലാതെ കൊളുത്താനുമുള്ള സ്വാതന്ത്ര്യം സര്‍വര്‍ക്കും സിദ്ധിക്കുന്നത്.
വിളക്കിനൊരു മതമില്ളെന്നും കൊളുത്തുമ്പോഴുള്ള മാനസികാവസ്ഥയിലാണ് മതമുണ്ടാവുന്നതെന്നും ചിലര്‍ കരുതുന്നു. മതമുണ്ടെങ്കില്‍തന്നെ അതൊന്ന് കൊളുത്തിപ്പോയാല്‍ സെക്കുലര്‍ ആകാശം ഇടിഞ്ഞുവീഴുമോ എന്ന് ചിലര്‍ രോഷാകുലരാവുന്നു. മനുഷ്യജീവിതം നേരിടുന്ന നിരവധി പ്രധാനപ്രശ്നങ്ങള്‍ നിലനില്‍ക്കെ ‘നിലവിളക്ക്’ പോലുള്ള വിവാദങ്ങളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കാവുന്നതാണെന്ന് ചിലര്‍ നിര്‍ദേശിക്കുന്നു. മുസ്ലിം വര്‍ഗീയതയാണ് വിളക്ക് വിവാദങ്ങളില്‍ എണ്ണയൊഴിക്കുന്നതെന്ന് ചിലര്‍ കണ്ടത്തെുന്നു.

തിരി കത്തിത്തീര്‍ന്നിട്ടും പുക പടരുകതന്നെയാണ്. നിലവിളക്ക് ഒരു സവര്‍ണ ചിഹ്നമാണെങ്കില്‍ അവര്‍ണര്‍ അത് പിടിച്ചെടുത്ത് സ്വന്തമാക്കുകയല്ളേ കൂടുതല്‍ ആശാസ്യം എന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ  രാധാകൃഷ്ണന്‍ എം.ജി ചോദിക്കുന്നു. ‘നിലവിളക്കിന്‍െറ കാര്യത്തില്‍ ഹിന്ദുക്കളാണ് പ്രശ്നമുണ്ടാക്കേണ്ടത്. മതമൂല്യമുള്ള വിളക്കിനെ മതേതരയിടങ്ങളില്‍ കത്തിക്കരുതെന്ന് അവര്‍ക്കും ആവശ്യപ്പെടാമല്ളോ’ എന്ന് സാംസ്കാരിക വിമര്‍ശകന്‍ വി.എച്ച്. ദിരാര്‍ വാദിക്കുന്നു. മതേതര ചിന്തകര്‍ ഇപ്രകാരം വാദിക്കുമ്പോള്‍ മറുഭാഗത്ത് ഇന്ത്യന്‍ ഫാഷിസത്തിന്‍െറ പ്രതിനിധികള്‍ ആക്രോശിക്കുന്നത്  വിളക്കുകൊളുത്താതിരുന്നാല്‍ ഭാരതീയ സംസ്കാരമാകെ തകര്‍ന്നുപോകും എന്നാണ്. മെഴുകുതിരി കത്തിച്ചും കേക്കുമുറിച്ചും ജന്മദിനാഘോഷങ്ങള്‍ പാടില്ളെന്ന് പ്രഖ്യാപിച്ച ദിനാനാഥ്ബത്രയുടെ സങ്കുചിത ആശയങ്ങളാണ് വിളക്ക് ‘വിവാദ’വഴിയിലൂടെ അവര്‍ കേരളത്തിലേക്ക് ‘തുറന്നുകടത്തുന്നത്! സ്വന്തം ജന്മദിനംപോലും എവ്വിധം ആഘോഷിക്കണമെന്ന് തീരുമാനിക്കാനുള്ള വ്യക്തികളുടെ അവകാശംപോലും അംഗീകരിക്കാത്തവരാണ് വിളക്കിന്‍െറ ചെലവില്‍ ‘സംസ്കാര’ത്തെക്കുറിച്ച് സംസാരിക്കുന്നതെന്നുള്ളത് ഒന്നാംതരം തമാശയാണ്.

മതേതരചിന്തകര്‍ വിളക്കനുകൂലസമീപനങ്ങള്‍ വികസിപ്പിക്കുന്നത് മതസൗഹാര്‍ദം ശക്തമാക്കുകയെന്ന ഉന്നതലക്ഷ്യംവെച്ചാണ്. വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയിലെ സമാനതകള്‍ കണ്ടത്തെി അതിനെ പരമാവധി വികസിപ്പിക്കാനും വ്യത്യസ്തതകളെ വിരോധങ്ങളാക്കി തീര്‍ക്കാനുള്ള സങ്കുചിതസമീപനങ്ങളെ പ്രതിരോധിക്കാനുമുള്ള ഒരു നല്ല മാര്‍ഗമായാണവര്‍ അതിനെ കാണുന്നത്. അങ്ങനെയിരിക്കെ എന്തിനാണ് നവോത്ഥാന നായകനായ വാഗ്ഭടാനന്ദനും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍െറ സമുന്നത നേതാവായ ഇ.എം.എസും പ്രശസ്ത സ്ത്രീപക്ഷ സാമൂഹിക പ്രവര്‍ത്തകയായ കെ. അജിതയും ഇന്ത്യയുടെ അഭിമാനമായ അഭിനയപ്രതിഭ നന്ദിതാദാസും ജനനേതാവായ ജി. സുധാകരനും നിരവധി സാമൂഹികപ്രവര്‍ത്തകരും നിലവിളക്ക് കൊളുത്തുന്നതിനെ പ്രശ്നവത്കരിക്കുന്നത്?

സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് അനിവാര്യമോ ?
അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതൊരു മതപ്രശ്നമല്ല എന്നുള്ളതാണ്.  അഭിനയപ്രതിഭ മമ്മൂട്ടി മുതല്‍ പുരാവസ്തു പഠനവിദഗ്ധനായ കെ.കെ. മുഹമ്മദ്, രാഷ്ട്രീയ സാംസ്കാരികരംഗത്ത് ശ്രദ്ധേയനായ എം.കെ.  മുനീര്‍, സംഗീതപ്രതിഭ യേശുദാസ് തുടങ്ങിയവര്‍ മതവിശ്വാസികളായിരിക്കെ വിളക്കുകൊളുത്തുന്നവരാണ്. ദീപാരാധനയുടെ ഭാഗമാണ് വിളക്കുകൊളുത്തല്‍ എന്ന് കരുതുന്നതിനാല്‍ മതവിശ്വാസികള്‍ക്കിടയില്‍ വിളക്കുകൊളുത്താത്തവരുമുണ്ട്. മതത്തിലെ വ്യത്യസ്ത പ്രവണതകളുടെ ഭാഗമെന്നോ മതത്തിലെതന്നെ നാനാത്വമെന്നോ ഇതിനെ മനസ്സിലാക്കാവുന്നതാണ്. അതുപോലെ ധാരാളം മതരഹിതര്‍ വിളക്ക് കൊളുത്താത്തവരായുണ്ട്. അവര്‍ക്കിടയിലും ഞങ്ങളെപ്പോലെ കൊളുത്തുന്നവരുമുണ്ട്! സത്യത്തില്‍ പ്രശ്നം വിളക്കുകൊളുത്തണോ വേണ്ടയോ എന്നതല്ല, മറിച്ച്, സര്‍ക്കാര്‍ പരിപാടികളില്‍ അനിവാര്യമായും വിളക്ക് കൊളുത്തണോ വേണ്ടയോ എന്നുള്ളതാണ്.  2016 ആഗസ്റ്റ് 28ന് ‘നമുക്ക് ജാതിയില്ല’ വിളംബരത്തിന്‍െറ വാര്‍ഷികവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ആലപ്പുഴയില്‍ നടത്തിയ പ്രഭാഷണത്തിലെ ‘നിലവിളക്ക്’ പരാമര്‍ശം, നിലവിളക്ക് കൊളുത്താനുള്ള ഒരാളുടെയും അവകാശത്തെ ചോദ്യം ചെയ്യുന്നതായിരുന്നില്ല. ‘ഭരണഘടനക്ക് ജാതിയില്ല, മതമില്ല. ഗവണ്‍മെന്‍റ് പരിപാടിയില്‍ ഒരു മതത്തിന്‍െറയും ഒരു പാട്ടും പാടിക്കൂട, നിലവിളക്ക് കൊളുത്തരുത് എന്ന് പറഞ്ഞിട്ടുള്ളത് ശരിയാണ് . എല്ലാ സ്കൂളുകളിലും കോളജുകളിലും മോണിങ് അസംബ്ളിയില്‍ പറയേണ്ടതാണ്, നമുക്ക് ജാതിയില്ളെന്ന്. നമ്മുടെ ദൈവത്തിന്‍െറയും ദേവിമാരുടെയും ഒന്നും സ്തോത്രം ചൊല്ലിയിട്ട് യാതൊരു കാര്യവുമില്ല. ഇതൊക്കെ പഴഞ്ചനും ഫ്യൂഡലിസ്റ്റുമായിട്ടുള്ളതാണ്. ഇതൊക്കെ ചെയ്യുന്നത് ഒരു ബ്രാഹ്മണ മേധാവിത്വം തന്നെയാണ്. പറയുന്നത് ഒരു ബ്രാഹ്മണന്‍ അല്ളെങ്കിലും സാംസ്കാരം ബ്രാഹ്മണ മേധാവിത്വത്തിന്‍േറതാണ്’ (ജി. സുധാകരന്‍).

ഇന്ത്യന്‍ ഭരണഘടനയെയും മതനിരപേക്ഷമൂല്യങ്ങളെയും മുന്‍നിര്‍ത്തി ജി. സുധാകരന്‍ നടത്തിയ ‘സംവാദാത്മകമായ’ ശരിയായ ഒരഭിപ്രായപ്രകടനത്തെയാണ് ബി.ജെ.പി അധ്യക്ഷന്‍ സാംസ്കാരിക ഫാഷിസമെന്ന് വിളിച്ചത്. കേരള സര്‍ക്കാര്‍ ഹിന്ദുവിരുദ്ധമാവുന്നതിന്‍െറ തെളിവാണിതെന്നും അദ്ദേഹം തീര്‍പ്പുകല്‍പിച്ചു. വിളക്കിനോടുള്ള സ്നേഹമല്ല, സര്‍ക്കാര്‍ സവര്‍ണവത്കരിക്കപ്പെടുന്നതിനെതിരെയുള്ള ജി. സുധാകരന്‍െറ പ്രതികരണമാണ് സത്യത്തില്‍ അവര്‍ക്ക് അസഹ്യമായത്. അതാണ് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ സമൂഹത്തില്‍ സംവാദവിധേയമാവേണ്ടത്. അതിനുപകരം ഇവിടെ ഒരു നിലവിളക്ക് കൊളുത്താന്‍പോലും പാടില്ളേ എന്ന് ചോദിച്ച്, വൈദ്യുതി വിളക്കിന്‍െറ വെളിച്ചത്തില്‍ ചാനലിലിരുന്ന് വിവാദം കൊഴുപ്പിക്കുകയല്ല വേണ്ടത്!
വൈദ്യുതിവിളക്ക് വരുന്നതിനുമുമ്പ്, ജാതിമതവിശ്വാസഭേദമന്യേ എല്ലാ വീടുകളിലും വിളക്കുണ്ടായിരുന്നു. എന്നാല്‍, പൊതുവില്‍ ‘സവര്‍ണവത്കരിക്കപ്പെട്ട ഭക്തി’യുള്ള ഹിന്ദുവീടുകളില്‍ മറ്റ് വിളക്കിനൊന്നുമില്ലാത്ത ഒരു പ്രത്യേകസ്ഥാനം മുമ്പുമുതലേ നിലവിളക്കിന് കിട്ടിപ്പോരുന്നുണ്ട്. ‘എന്‍െറ ചെറുപ്പത്തില്‍ ആടിമാസം (കര്‍ക്കടകം) അമ്മ രാമായണം വായിക്കുമായിരുന്നു. അമ്മ കുളിച്ച് ഈറന്‍ മുടിയില്‍ ഒറ്റപ്പൂവ് ചൂടി കൈയില്‍ നിലവിളക്കുമായി ഹാളിലേക്ക് വരുമ്പോള്‍ സ്ത്രീകള്‍ എഴുന്നേറ്റുനിന്ന് വിദുഷിയെ വന്ദിക്കും. നിലവിളക്കുവെച്ച്, മുന്നില്‍ പൂജാവസ്തുക്കള്‍ നിരത്തി, പട്ടുപായ വിരിച്ചിരുന്ന് അധ്യാത്മരാമായണം വായിക്കും’ (ഉറവിടങ്ങള്‍ -ജയമോഹന്‍). ‘ഉച്ചക്ക് നിലവിളക്കിന്‍െറ മുന്നില്‍വെച്ച് ഓണസദ്യയുണ്ണും’ (ആചാരനുഷ്ഠാനകോശം -പി.സി. കര്‍ത്ത). സന്ധ്യാസമയത്ത് ആചാരപൂര്‍വം വിളക്കുകൊളുത്തി കാണാറുള്ളത് ഭക്തിയുള്ള ഹിന്ദുവീടുകളിലാണ്. മറ്റ് മതവിശ്വാസികളിലാര്‍ക്കെങ്കിലും ഇതില്‍ താല്‍പര്യമുണ്ടെങ്കില്‍ അവര്‍ക്കും ഇതൊക്കെ സ്വീകരിക്കാവുന്നതാണ്. ഇതേക്കുറിച്ചൊന്നും ഇവിടെ ഒരു ചര്‍ച്ചയും നടന്നിട്ടേയില്ല.

 

സവര്‍ണാനുഷ്ഠാനങ്ങള്‍
തിലകം, നിലവിളക്ക്, നാളികേരം എന്നിവക്കൊന്നും മതവും ജാതിയുമില്ളെന്നത് സത്യമാണ്. എന്നിട്ടും എന്തിനാണ് തുമ്പയിലെ പരീക്ഷണശാലമുതല്‍ മറ്റ് നിരവധി പൊതുവേദികളില്‍ തറക്കല്ലിടല്‍ ഉദ്ഘാടന സന്ദര്‍ഭങ്ങളില്‍വരെ സവര്‍ണ അനുഷ്ഠാനങ്ങള്‍ മാത്രം നിര്‍ബന്ധമായിരിക്കുന്നത്? രാഹുകാലംനോക്കാതെ, തേങ്ങയുടക്കാതെ, മന്ത്രോച്ചാരണങ്ങള്‍ കൂടാതെ ഇന്ത്യന്‍ റോക്കറ്റ് ആകാശത്തേക്കുയരുകയില്ളെന്നോ! ഇത്തരം ചടങ്ങുകളോട്  ഒരുവിധ പ്രതിപത്തിയുമില്ലാത്ത പണ്ഡിറ്റ് നെഹ്റുപോലും ബ്രാഹ്മണ പുരോഹിതന്മാര്‍ക്കുമുമ്പില്‍ മണിക്കൂറുകളോളം സവര്‍ണാനുഷ്ഠാനങ്ങള്‍ക്കുവേണ്ടി ചമ്രംപടിഞ്ഞ് ഇരുന്നുകൊടുക്കേണ്ടിവന്നുവെന്നും അതിനുശേഷമാണ് പ്രധാനമന്ത്രിപദവി ഏറ്റെടുത്തതെന്നും അറിയുമ്പോഴാണ് ഇത്തരം വരേണ്യ ചടങ്ങുകള്‍ക്ക് ഒരദൃശ്യ ദേശീയപദവി ഉണ്ടെന്ന് നടുക്കത്തോടെ തിരിച്ചറിയാന്‍ നാം നിര്‍ബന്ധിതരാവുന്നത്. നിലവിളക്ക്, ആ അദൃശ്യ ദേശീയചിഹ്നശൃംഖലയില്‍ ഒന്നാണ്.  അത് മനസ്സിലാക്കുമ്പോഴാണ്, സര്‍ക്കാര്‍ പരിപാടികളില്‍ അത് വേണോ എന്ന ചോദ്യം സ്ഫോടനാത്മകമാവുന്നത്. ‘ശരി’ എന്നു പറഞ്ഞ് സൗമ്യമായി അതെടുത്തുമാറ്റി പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ! എന്നിട്ടും!
നിരുപദ്രവകരമായ ഒരനുഷ്ഠാനം സ്വയം ‘ദേശീയതയായി’ വേഷംകെട്ടുമ്പോള്‍ ഉണ്ടാകുന്ന ‘പ്രശ്നങ്ങളെയാണ്’ നിലവിളക്ക് സംവാദം അഭിസംബോധനചെയ്യുന്നത്. അതുകൊണ്ടാണ് രക്തസാക്ഷിമണ്ഡപത്തിന് വിഗ്രഹാരാധനയുമായി ബന്ധമുണ്ടെങ്കിലും രക്തസാക്ഷി അനുസ്മരണത്തിന് അതാവാമെന്നും എന്നാല്‍, സര്‍ക്കാര്‍ പരിപാടികളില്‍ ആ യുക്തി അസ്വീകാര്യമാണെന്നും ഇ.എം.എസ് വ്യക്തമാക്കിയത്.

‘സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ കല്ലിടല്‍, ഉദ്ഘാടനം മുതലായവ സംഘടിപ്പിക്കുമ്പോള്‍ മതസ്വഭാവമുള്ള മതപരിപാടിയും ഉണ്ടായിക്കൂട. ഉദ്ഘാടന ചടങ്ങിന്‍െറ ഭാഗമായി വിളക്ക് കത്തിക്കുക എന്ന നടപടിയില്‍ താന്‍ പങ്കുകൊള്ളുകയില്ളെന്ന പരസ്യ നിലപാടെടുത്ത ലീഗുമന്ത്രി കുഞ്ഞാലിക്കുട്ടിയുടെ സമീപനം ഇനി മറ്റു മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അംഗീകരിക്കേണ്ടിവരും’ (ഇ.എം.എസിന്‍െറ ഡയറി). ഇന്ന് ജി. സുധാകരന്‍ പറഞ്ഞത് ഇരുപത്തിമൂന്ന് വര്‍ഷം മുമ്പ്, 1993 ഒക്ടോബര്‍ 10ന് ദേശാഭിമാനി വാരികയിലെ സ്വന്തം പംക്തിയില്‍ ഇ.എം.എസ് എഴുതിയതാണ്. എന്നാല്‍, ഏകദേശം അതേ കാലത്തുതന്നെയാണ്, ചിന്തയിലെ ചോദ്യോത്തര പംക്തിയിലേക്ക്, ‘പുഷ്പാര്‍ച്ചന വിഗ്രഹാരാധനയുടെ രൂപമല്ളേ, ഇനിയെങ്കിലും ഇത് തുടരണമോ’ എന്ന കെ. രാമകൃഷ്ണന്‍ എരവിമംഗലത്തിന്‍െറ ചോദ്യത്തിന് ഉത്തരമായി, ഇതില്‍നിന്ന് വ്യത്യസ്തമായ മറ്റൊരഭിപ്രായം ഇ.എം.എസ് പറഞ്ഞത്!
‘ഹിന്ദുമതവിശ്വാസികള്‍ വെച്ചുപുലര്‍ത്തുന്ന വിഗ്രഹാരാധന സ്വന്തം ജീവിതചര്യയുടെ ഭാഗമാക്കിയ വലിയൊരു ജനവിഭാഗമുണ്ട്. അവര്‍കൂടി പങ്കെടുത്തുകൊണ്ടുള്ള രക്തസാക്ഷി അനുസ്മരണങ്ങള്‍ നടത്തുന്നത് തൊഴിലാളിവര്‍ഗ വിപ്ളവപ്രസ്ഥാനത്തിന്‍െറ വളര്‍ച്ചക്ക് സഹായകമാണ്. വിശ്വാസികളും അവിശ്വാസികളും ചേര്‍ന്ന് നടത്തുന്ന സമരത്തില്‍ മരിച്ചുവീഴുന്ന രക്തസാക്ഷികളെ അനുസ്മരിക്കുന്നതില്‍ അവിശ്വാസികള്‍ക്ക് മാത്രം പങ്കുള്ള ചടങ്ങ് സംഘടിപ്പിക്കുന്നത് ശരിയാണോ എന്ന് ചോദ്യകര്‍ത്താവ് സ്വയം പരിശോധിക്കണം’ (05-11-1993).

മരിച്ചവര്‍ക്ക് പുണ്യം കിട്ടാന്‍വേണ്ടിയല്ല മറിച്ച് ജീവിച്ചിരിക്കുന്നവര്‍ക്ക് ഊര്‍ജം കിട്ടാന്‍ വേണ്ടിയാണ് രക്തസാക്ഷി അനുസ്മരണങ്ങള്‍ നിര്‍വഹിക്കുന്നത്. എന്നിട്ടും അതിന്‍െറ ‘രൂപത്തിന്’ ഹിന്ദു ആചാരവുമായുള്ള അടുപ്പം മറച്ചുവെക്കാന്‍ ഇ.എം.എസ് ശ്രമിച്ചില്ല. അതിന് സെക്കുലര്‍ മുദ്ര ചാര്‍ത്തിയില്ല. അതേസമയം ‘നിലവിളക്കിന്‍െറ കാര്യം വന്നപ്പോള്‍’ അതിന്‍െറ ‘മതപരത’ ചൂണ്ടിക്കാട്ടുക മാത്രമല്ല, സര്‍ക്കാര്‍ ചടങ്ങില്‍ ഇത്തരം ‘മതചിഹ്നങ്ങള്‍’ക്ക് ഒരു സ്ഥാനവുമില്ളെന്ന് അദ്ദേഹം തീര്‍ത്തുപറയുകയും ചെയ്തു. 23 വര്‍ഷത്തിനുശേഷവും ജനാധിപത്യവാദികളില്‍ പലര്‍ക്കും സംശയം തീരുന്നില്ല. രാഷ്ട്രീയബോധത്തെക്കാള്‍ എത്രയോ ശക്തമാണ് സാമാന്യബോധം എന്നത്രെ അത്  തെളിയിക്കുന്നത്. തത്ത്വചിന്തകരല്ലാത്തവരുടെ തത്ത്വചിന്തയാണ് ‘സാമാന്യബോധ’മെന്നും; അത് ഭരണവര്‍ഗതത്ത്വചിന്തയുടെ നാട്ടാചാരരൂപമാണെന്നും ഗ്രാംഷി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.