അസഹിഷ്ണുതയുടെ രാഷ്ട്രീയം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന വിവക്ഷയിലേക്ക് ഇന്ത്യ വരുന്നത് ജനസംഖ്യ അടിസ്ഥാനത്തിലാണ്. ജനസംഖ്യയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചൈന ആ വിശേഷണത്തില്‍നിന്ന് അകലെയാണ്. ഒരു പ്രത്യയശാസ്ത്രത്തിന്‍െറ അധീനതയില്‍  ജനാധിപത്യം ഞെരുങ്ങി അമരുന്നതാണ് ചൈനയില്‍ കാണുന്നത്. വിദേശാധിപത്യത്തില്‍നിന്ന് ഇന്ത്യ സ്വതന്ത്രയായിട്ട് 69 വര്‍ഷം പിന്നിട്ടിരിക്കുന്നു. ജനാധിപത്യത്തിന്‍െറ ബാലാരിഷ്ടതകള്‍ രാജ്യം മറികടന്നതായി പ്രചരിപ്പിക്കുന്നതിനിടയിലും അസ്വസ്ഥജനകമായ ചില ഓര്‍മപ്പെടുത്തലുകള്‍ കോടതികളില്‍ നിന്നുണ്ടാകുന്നു. ജനാധിപത്യം പൂത്തുലഞ്ഞകാലത്തും സാധാരണക്കാരന്‍െറ അവസാന പ്രതീക്ഷയായി കോടതികളാണ് പലപ്പോഴും മാറുന്നത്. ഭാരിച്ച ചെലവും സമയനഷ്ടവും കാരണം സാധാരണ പൗരന് കോടതികള്‍പോലും വിദൂരതയിലാണ്. പണവും പ്രതാപവും അധികാരവുമുള്ളവര്‍ക്ക് കണക്കുതീര്‍ക്കലും. ആയിരം രൂപയും മുള്ളൂരും ഉണ്ടെങ്കില്‍ ആരെയും കൊല്ലാം രാമനാരായണ എന്ന ചൊല്ലിനെ അന്വര്‍ഥമാക്കുന്നതാണ് തമിഴ്നാട്ടിലെ അധികാരവ്യവസ്ഥ. ഭരണാധികാരികള്‍തന്നെ അന്തകരായി മാറുന്നു.

വികേന്ദ്രീകൃത ജനാധിപത്യത്തിനൊപ്പം സഞ്ചരിക്കാനാകാതെ തമിഴകം ആധുനിക ഏകാധിപത്യത്തിന്‍െറ കൈപ്പിടിയിലാണ്.  ജയലളിത സര്‍ക്കാറിനെ രാഷ്ട്രീയമായി വിമര്‍ശിച്ചതിന്‍െറ പേരില്‍  മാസം മുഴുവന്‍ സംസ്ഥാനമെങ്ങുമുള്ള കോടതികളില്‍ കയറിയിറങ്ങി നട്ടംതിരിഞ്ഞ നടനും ദേശീയ മൂര്‍പ്പോക്ക് ദ്രാവിഡ കഴകം അധ്യക്ഷനുമായ വിജയകാന്ത് നല്‍കിയ ഹരജിയില്‍ സുപ്രീംകോടതിയുടെ നിരീക്ഷണം ദ്രാവിഡ മണ്ണില്‍ വല്ല മാറ്റവും സൃഷ്ടിക്കുമോ എന്ന് കാലം തെളിയിക്കും. രാഷ്ട്രീയ എതിരാളികളെ കേസുകള്‍ കൊടുത്ത് നേരിടുന്ന ജയലളിതക്കെതിരെ ശക്തമായ താക്കീതാണ് കോടതിയില്‍നിന്നുണ്ടായത്. പൊതുരംഗത്തുള്ള വ്യക്തി എന്ന നിലയില്‍ വിമര്‍ശങ്ങളെ നേരിടണം. വ്യക്തിപരമായ വിമര്‍ശങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യരുത്. ജനാധിപത്യ സംവിധാനത്തിന് കളങ്കം ചാര്‍ത്തി അപകീര്‍ത്തികേസുകള്‍ ദുരുപയോഗം ചെയ്യരുത്. ഇത് ആരോഗ്യകരമായ ജനാധിപത്യമല്ളെന്നും ജഡ്ജിമാരായ സി. നാഗപ്പന്‍, ദീപക് മിശ്ര എന്നിവരുടെ ബെഞ്ചിന് നിലപാട് എടുക്കേണ്ടിവന്നു. ജയലളിതയുടെ പേരെടുത്ത് വിമര്‍ശിച്ച കോടതി  മാനനഷ്ടക്കേസുകള്‍ക്ക് സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്ന ഒരേയൊരു സംസ്ഥാനം തമിഴ്നാടാണെന്ന് കടത്തിപ്പറയുകയും ചെയ്തു.  സ്വാതന്ത്ര്യത്തോടുള്ള സംസാരങ്ങളെ ശീതീകരിച്ച പെട്ടിയിലാക്കാനാണ് സര്‍ക്കാറിന്‍െറ ശ്രമമെന്ന് രണ്ടു മാസം മുമ്പും കോടതിക്ക് വിമര്‍ശിക്കേണ്ടിവന്നിരുന്നു.

ഹൈകോടതിയും  ജയലളിതക്കെതിരെ

പരമോന്നത കോടതിയുടെ ഉത്തരവിന് പിന്നാലെ മദ്രാസ് ഹൈകോടതിയും സമാനനിലപാട് സ്വീകരിച്ചു. നക്കീരന്‍ മാസികക്കും എഡിറ്റര്‍ ആര്‍. ഗോപാലിനുമെതിരെ (നക്കീരന്‍ ഗോപാല്‍) സര്‍ക്കാര്‍ നല്‍കിയ 18 അപകീര്‍ത്തികേസുകളിന്മേലുള്ള തുടര്‍നടപടികള്‍ സ്റ്റേ ചെയ്യപ്പെട്ടു. സുപ്രീംകോടതി അഭിപ്രായം ഹൈകോടതിയില്‍  പ്രതിഫലിക്കുകയായിരുന്നു. ജയലളിതക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ വാര്‍ത്തകള്‍ നല്‍കിയതാണ് നക്കീരന്‍ ഗോപാലിന് മേല്‍ ആരോപിക്കപ്പെട്ട പതിനെട്ട് കേസുകള്‍ക്ക് പിന്നിലെ ചരിത്രം. ആത്മവിശ്വാസത്തിന്‍െറ ഉത്തുംഗ ശൃംഗത്തില്‍ വിരാചിക്കുമ്പോഴും വിമര്‍ശങ്ങളെ ഉള്‍ക്കൊള്ളുന്നതില്‍ ജയലളിത പരാജയപ്പെടുകയാണോ? എതിര്‍ ശബ്ദങ്ങളെ വായ്മൂടിക്കെട്ടുന്നതിലൂടെ ആത്മസന്തോഷം അനുഭവിക്കുകയാണോ? വിമര്‍ശങ്ങള്‍ക്ക് നേരിട്ട് മറുപടി പറയാന്‍  ജയലളിതക്ക് താല്‍പര്യമില്ല. മാധ്യമങ്ങളെ കാണാനും താല്‍പര്യമില്ല. അണ്ണാ ഡി.എം.കെയില്‍ പോലും ജനാധിപത്യമില്ല. പാര്‍ട്ടിയുടെ ജീവാത്മാവും പരമാത്മാവുമായ ജയലളിതക്ക് മുന്നില്‍ പാര്‍ട്ടി സാഷ്ടാംഗം കുമ്പിട്ട് നില്‍ക്കുകയാണ്.  തന്നെ വിമര്‍ശിക്കുന്നവരെ ചെന്നൈ മുതല്‍ കന്യാകുമാരി വരെ കോടതികളില്‍ കയറ്റിയിറക്കി നട്ടം തിരിപ്പിക്കും. ജല ദൗര്‍ലഭ്യം മുതല്‍ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ളെന്ന വിമര്‍ശങ്ങള്‍വരെ മാനനഷ്ടക്കേസുകള്‍ക്ക് കാരണമായിട്ടുണ്ടെന്ന യാഥാര്‍ഥ്യം പുറത്തുവരുമ്പോള്‍ തമിഴകത്തെ ജനാധിപത്യ സങ്കല്‍പം ഭയപ്പെടുത്തുന്നതാണ്.

അഞ്ചു വര്‍ഷത്തിനിടെ 213 മാനനഷ്ടക്കേസുകളാണ് ജയലളിത സര്‍ക്കാര്‍ വിവിധ കോടതികളില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കേസുകള്‍ മുഖ്യ എതിരാളികളായ ഡി.എം.കെക്കെതിരാണ്; 85 എണ്ണം.  വിജയകാന്തിനും ഡി.എം.ഡി.കെക്കുമെതിരെ 48 കേസുകളുണ്ട്. വിജയകാന്ത് പ്രതിയായി 28. മാധ്യമങ്ങള്‍ക്കെതിരെ 55 കേസുകള്‍. പട്ടാളി മക്കള്‍ കക്ഷിക്കെതിരെ ഒമ്പത്, കോണ്‍ഗ്രസിനെതിരെ ഏഴ്, ട്വിറ്റര്‍ വിമര്‍ശത്തിന്  ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമിക്ക് അഞ്ച്. വിജയകാന്തിന്‍െറ ഒരു അഭിമുഖം പ്രസിദ്ധീകരിച്ചതാണ് ദി ഹിന്ദു ദിനപത്രം നേരിടുന്ന ഒരു കേസ്. 2012ല്‍ നക്കീരന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ചില ഭാഗങ്ങള്‍ മൊഴിമാറ്റി പ്രസിദ്ധീകരിച്ചതിനും ഹിന്ദുവിനെതിരെ കേസുണ്ട്. ജയലളിത ബീഫ് കഴിക്കുമായിരുന്നെന്ന് പണ്ടൊരിക്കല്‍ എം.ജി.ആര്‍ നടത്തിയതായി പറയപ്പെടുന്ന പരാമര്‍ശം പ്രസിദ്ധീകരിച്ചതാണ് നക്കീരനെ ‘കുടുക്കി’യത്.  ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനാണ് റെഡിഫ് .കോം എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനെതിരായ പരാതി. കഴിഞ്ഞവര്‍ഷത്തെ ചെന്നൈ പ്രളയത്തോടുള്ള സര്‍ക്കാര്‍ സമീപനത്തെ വിമര്‍ശിച്ചതാണ് ഇക്കണോമിക് ടൈംസ് ചെയ്ത ‘കുറ്റം’. 2001- 2006 കാലത്ത് ജയലളിത സര്‍ക്കാര്‍  120 മാനനഷ്ടക്കേസുകളാണ് മാധ്യമങ്ങള്‍ക്കെതിരെ ഫയല്‍ ചെയ്തത്. നിയമസഭയെ അവഹേളിച്ചെന്ന് ആരോപിച്ച് ഹിന്ദുവിന്‍െറയും മുരശൊലിയുടെയും പത്രാധിപന്മാരെ അറസ്റ്റ് ചെയ്യാന്‍ 2002ല്‍ സ്പീക്കര്‍ ഉത്തരവിട്ടത് ദേശീയ ചര്‍ച്ചയായി  മാറിയിരുന്നു.

മാധ്യമസ്ഥാപനങ്ങള്‍ക്ക് സി.ഐ.എസ്.എഫിന്‍െറ സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ബന്ധപ്പെട്ടവര്‍ക്ക്  തീരുമാനത്തില്‍നിന്ന് പിന്മാറേണ്ടിവന്നു. കഴിഞ്ഞ ഡി.എം.കെ സര്‍ക്കാറും 40 മാനഹാനി കേസുകളാണ് നല്‍കിയത്. തനിക്കെതിരെ പാട്ടുപാടിയതിന്‍െറ പേരില്‍ നാടന്‍പാട്ട് കലാകാരനും ആക്ടിവിസ്റ്റുമായ കോവനെ രാജ്യദ്രോഹകുറ്റം ചുമത്തി  അര്‍ധരാത്രിയില്‍ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത് വന്‍ വിവാദമായിരുന്നു. സുരക്ഷാകാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കൂടങ്കുളം ആണവനിലയത്തിനെതിരെ സമരം നയിച്ച നാട്ടുകാരും സമരനായകന്‍ എസ്.പി. ഉദയകുമാറും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരാണ്. സര്‍ക്കാറിനെ വിമര്‍ശിച്ച് പ്രസ്താവനയിറക്കുന്നത് രാജ്യദ്രോഹമല്ളെന്നും അത്തരം വിമര്‍ശങ്ങള്‍ മാനനഷ്ടക്കേസിന്‍െറ പരിധിയില്‍വരില്ളെന്നും സുപ്രീംകോടതിക്ക് വീണ്ടും പറയേണ്ടിവന്നു. ജനാധിപത്യ സംവിധാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് കോടതി പരാമര്‍ശം വരുമ്പോള്‍ നിയമസഭാ സമ്മേളനത്തില്‍നിന്ന് പ്രതിപക്ഷം പുറത്താക്കപ്പെട്ടിരിക്കുകയായിരുന്നു. സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിച്ചതാണ് പ്രതിപക്ഷ നേതാവായ എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെ ഡി.എം.കെയിലെ 79 അംഗങ്ങളെ ഒരാഴ്ചത്തേക്ക് പുറത്തുനിര്‍ത്താന്‍ സ്പീക്കര്‍ പി. ധനപാല്‍  കണ്ട തൊടുന്യായം.  ഡി.എം.കെ അംഗങ്ങള്‍ നിയമസഭാ മുറ്റത്ത് സംഘടിപ്പിച്ച മോക് അസംബ്ളി റിപ്പോര്‍ട്ട് ചെയ്തതോടെ മാധ്യമങ്ങളും ജയലളിതയുടെ ജനാധിപത്യ സങ്കല്‍പത്തില്‍നിന്ന് പുറത്തായി.

ഏകാധിപത്യപ്രവണതകള്‍

ജനാധിപത്യത്തിന്‍െറ ശക്തി പല തവണ തിരിച്ചറിഞ്ഞ ജയലളിത അധികാരം ലഭിക്കുമ്പോള്‍ സൗകര്യപൂര്‍വം അത് മറക്കുകയാണ്. കാല്‍നൂറ്റാണ്ട് മുമ്പ് പ്രതിപക്ഷ നേതാവായി ജനാധിപത്യത്തിന്‍െറ ശ്രീകോവിലിലേക്ക് എത്തിയ ജയലളിതക്ക് ഭരണപക്ഷമായ ഡി.എം.കെയില്‍നിന്ന് നേരിടേണ്ടിവന്നത് ചരിത്രത്തില്‍ സമാനതകളില്ലാത്ത ദുരനുഭവമായിരുന്നു. വസ്ത്രങ്ങള്‍ വലിച്ചുകീറി അപമാനിക്കാന്‍ ശ്രമം നടന്നത്  തമിഴ്നാട് നിയമസഭയുടെ നാണക്കേടായി നിലനില്‍ക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ഈ ക്രൂരകൃത്യത്തിനെതിരെ തമിഴ് ജനത ജയലളിതക്ക് അനുകൂലമായി വിധിയെഴുതി. അവര്‍ മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ടു. വ്യക്തി പ്രഭാവത്തെക്കാള്‍ ഉപരി നിയമസഭയിലെ ഡി.എം.കെയുടെ ജനാധിപത്യ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരായ ദ്രാവിഡ മണ്ണിന്‍െറ വിധിയെഴുത്തായിരുന്നെന്ന് അന്ന് പൊതുവെ അംഗീകരിക്കപ്പെട്ടു. അതേസമയം അധികാരത്തിന്‍െറ രുചി അറിഞ്ഞ ജയലളിതയും ഏകാധിപത്യത്തിലേക്ക് മാറുകയായിരുന്നു. ഏകാധിപത്യ പ്രവണത  തമിഴ് രാഷ്ട്രീയത്തിന്‍െറ കൂടപ്പിറപ്പാണ്. മുന്നണി സംവിധാനത്തിലൂടെ തെരഞ്ഞെടുപ്പിനെ നേരിടുമ്പോഴും ഏകകക്ഷി ഭരണമാണ് സംസ്ഥാനത്തിന് പരിചയം.

വിമര്‍ശങ്ങളെ ഉള്‍ക്കൊണ്ടിരുന്ന പെരിയാറിന്‍െറയും അണ്ണാദുരൈയുടെയും പിന്‍ഗാമികള്‍ക്ക് സംഭവിച്ചിരിക്കുന്ന അപഭ്രംശത്തിന്‍െറ വ്യാപ്തി വര്‍ധിക്കുകയാണ്.  ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷവും സജീവമായിടത്താണ് ജനോപകാരപ്രദവും പക്ഷപാതരഹിതവുമായ ഭരണം നിലനില്‍ക്കുന്നത്. ഭരണപക്ഷത്തിന്‍െറ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നവരെ സര്‍ക്കാര്‍ അഭിഭാഷകരെ ഉപയോഗിച്ചാണ് കോടതികളില്‍ നേരിടുന്നത്. സിവില്‍, ക്രിമിനല്‍ മാനനഷ്ട വ്യവഹാരങ്ങളുള്ള ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കുറ്റം തെളിഞ്ഞാല്‍ രണ്ടു വര്‍ഷം വരെ തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാം. വ്യക്തിയുടെയും സ്ഥാപനത്തിന്‍െറയും അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടാനായി ഉള്‍പ്പെടുത്തിയതാണ് ഐ.പി.സി 499, 500 എന്നീ വകുപ്പുകള്‍. അതേസമയം ഈ വകുപ്പുകള്‍ തന്നെയാണ് സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളെ നിയന്ത്രിക്കാന്‍ ദുരുപയോഗിക്കപ്പെടുന്നത്.

ക്രിമിനല്‍ മാനനഷ്ടനിയമത്തിലെ പ്രസ്തുത വകുപ്പുകള്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്തിന്‍െറ തുടര്‍ച്ചയാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി എം.പി എന്നിവര്‍  നല്‍കിയ ഹരജികള്‍ തള്ളിക്കൊണ്ട്  ഭരണഘടനാ സാധുത സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ മേയ്മാസത്തിലെ പരമോന്നത നീതിപീഠത്തിന്‍െറ തീര്‍പ്പ് നേര്‍ വിപരീതമായിരുന്നെങ്കില്‍ തമിഴകത്തെ നേതാക്കള്‍ വിമര്‍ശങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ പഠിക്കുമെന്ന് ആശ്വസിക്കാമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.